Wednesday, March 16, 2011

അന്തര്‍ജനവും പുലയിയും

അന്തര്‍ജനം അകത്തമ്മയായിരുന്നു. പുറത്തിറങ്ങാന്‍ അനുവാദമില്ലാത്ത തമ്പുരാട്ടി. പുഷ്പിണിയായാല്‍ അച്ഛനും ഭര്‍ത്താവുമല്ലാതെ മറ്റൊരു പുരുഷനേയും കാണാന്‍ വയ്യാത്ത പാവം അന്തര്‍ജനം. അന്തര്‍ജനത്തിന്റെ ജീവിതമെന്തായിരുന്നു, എങ്ങനെയായിരുന്നുവെന്ന് വിശദമായി കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് എഴുതി വച്ചിട്ടുണ്ട്. ഇന്നത്തെ അന്തര്‍ജനങ്ങള്‍ക്കും അപരിചിതമായ ആ ജീവിതമെന്തെന്ന് കാണുക.

'നമ്പൂതിരി സ്‌ത്രീകള്‍ ശരിയായ പാതിവ്രത്യം അനുഷ്ഠിച്ചുവരുന്നവരാണ്. പെൺകുട്ടികള്‍ ഋതുവായ ശേഷം മറ്റൊരു പുരുഷനെ ദര്‍ശിക്കുകയില്ല. തന്റെ ചാര്‍ച്ചക്കാരോ ബന്ധുക്കളോ അല്ലാതെ മറ്റേതെങ്കിലും ഒരു പുരുഷനുമായി എന്തെങ്കിലും സംസാരിക്കണമെങ്കില്‍ അവരുടെ മധ്യത്തില്‍ ഒരു പെണ്ണിനേയോ ഏതെങ്കിലും ഒരു ചാര്‍ച്ചക്കാരനേയോ സാക്ഷിയായി നിര്‍ത്തി അവര്‍ മുഖേനയല്ലാതെ പാടില്ല. വിവാഹം കഴിച്ചാല്‍ ആ പുരുഷന്‍തന്നെ പിന്നെ മദ്യപാനിയോ മഹാരോഗിയോ വിടനോ, ഭ്രാന്തനോ മറ്റേതെങ്കിലും ദോഷവാനോ ആയിത്തീര്‍ന്നാലും അതെല്ലാം സഹിക്കുകയല്ലാതെ പകരം മറ്റൊരാളെ സ്വീകരിക്കുന്ന പ്രശ്‌നമേയില്ല. വിവാഹം കഴിഞ്ഞ അന്നുതന്നെ ആ വരന്‍ മരിച്ചാലും ആജീവനാന്തം വൈധവ്യദുഃഖം അനുഭവിക്കുകയല്ലാതെ പുനര്‍വിവാഹത്തിന്റെ കഥപോലുമില്ല..... വൈദികമായിട്ടാണെങ്കിലും ഇത്രയൊന്നും പോരാ. ഭര്‍ത്താവ് മരിച്ചാല്‍ പത്തുദിവസം ഉപ്പുകൂട്ടാതെ ഒരു നേരം മാത്രം ഭക്ഷിച്ച് വെറും നിലത്ത് കിടന്നുകൊണ്ട് പുല ആചരിക്കുക, പതിനൊന്നാം ദിവസം പിണ്ഡംവയ്‌ക്കുക, നിത്യവും ശ്രാദ്ധമൂട്ടി ഒരു കൊല്ലം ദീക്ഷിക്കുക, പിന്നെ കൊല്ലംതോറും ശ്രാദ്ധമൂട്ടുക, ഏകാദശി, ശിവരാത്രി, അഷ്‌ടമിരോഹിണി, മുപ്പെട്ട ശനിയാഴ്‌ച മുതലായ അനേകം വ്രതദിവസങ്ങളിലും വൃശ്ചികമാസം മുഴുവനും ഒരിക്കലുള്ള വ്രതമനുഷ്ഠിക്കുക മുതലായി പറഞ്ഞാല്‍ ഒടുങ്ങാത്തത്ര പട്ടിണിയും വ്രതങ്ങളുമായി ജീവിതം നയിക്കണം. പണ്ടങ്ങള്‍ അണിയരുത്, സുഗന്ധപ്പൂക്കള്‍ ചൂടരുത്, കരയുള്ള വസ്‌ത്രങ്ങള്‍ ധരിക്കരുത്....'

(എളങ്കുളത്തിന്റെ നമ്പൂതിരി ശകാരം)

കൂട്ടിലടയ്‌ക്കപ്പെട്ട മൂക വിഷാദ ജീവികളായിരുന്നു അന്തര്‍ജനങ്ങള്‍ എന്ന് ഈ വിവരണം കാട്ടിത്തരുന്നുണ്ടല്ലോ. ജീവിതാശകള്‍പോലും അനുഭവിക്കപ്പെടാത്തവര്‍. ഈ വിശ്വാസങ്ങള്‍ക്ക് ഇളക്കം വന്നത് 1930കളിലാണ്. 1930ല്‍ എടക്കുന്നിയില്‍ വച്ച് കൂടിയ യോഗക്ഷേമസഭയുടെ വാര്‍ഷികയോഗം നിലവിലുള്ള വിശ്വാസത്തിന്മേല്‍ ആദ്യത്തെ ഇടിവാള്‍ വീഴുന്നതിന് സാക്ഷ്യംവഹിച്ചു. മിസിസ് മനഴി ഘോഷബഹിഷ്‌കരിച്ച് പുറത്തുവന്നതാണത്. അടുത്ത വാര്‍ഷികത്തിനുമുമ്പ് പാര്‍വതി നെന്മിനിമംഗലവും ആര്യാപള്ളവും ഘോഷ ബഹിഷ്‌കരിച്ചു. '1108ല്‍ കാറല്‍മണ്ണയില്‍വച്ചു കൂടിയ യോഗക്ഷേമ സഭയുടെ രജതജൂബിലി ഘോഷ ബഹിഷ്‌കരണത്തിന്റെ ഒരു പ്രദര്‍ശനോത്സവമായിരുന്നു. ഉയര്‍ന്ന ആഢ്യ കുടുംബങ്ങളെന്ന് കരുതപ്പെട്ടുവരുന്ന ഇല്ലങ്ങളിലെ അന്തര്‍ജനങ്ങള്‍കൂടി അന്ന് മറ നീക്കി പുറത്തുവന്നു'

(ഒഎംസി നാരായണന്‍ നമ്പൂതിരിപ്പാട്)

പിന്നെയുണ്ടായത് വെടിക്കെട്ടായിരുന്നു. 1935ല്‍ എംആര്‍ബിയുടെ വിധവാവിവാഹമായിരുന്നു ആ വെടിക്കെട്ട്. അത് അടച്ചിരുന്ന വാതിലുകള്‍ തുറപ്പിച്ചു; ശുദ്ധവായു ഉള്ളിലേക്ക് കടന്നു.

അന്തര്‍ജനത്തിന്റെ അന്തഃപുരത്തുനിന്നും പുറത്തേക്ക് കടന്നാലോ. ശുദ്ധവായു. വിശാലമായ ലോകം. ജീവനുള്ള മനുഷ്യര്‍, ജീവിക്കുന്ന മനുഷ്യര്‍. അന്തഃപുരത്തിലേയും പുറം ലോകത്തിലേയും ജീവിതങ്ങള്‍ക്ക് എന്തൊരു വലിയ അന്തരം!

ചെറുപ്പകാലത്തെ ചില കാഴ്‌ചകള്‍ ഇന്നും മനസ്സിലുണ്ട്. എറണാകുളം ജില്ലയിലെ കാലടിയിലാണ് ഞാന്‍ ചെറുപ്പകാലം കഴിച്ചത്. അന്ന് കണ്ട കാഴ്‌ചകളാണ്. പകല്‍ മുഴുവന്‍ പണിയെടുത്ത് സന്ധ്യയോടെ അവര്‍ ജങ്ഷനിലേക്ക് വരും. ഒരു പുലയനും പുലയിയും. ദമ്പതികള്‍. അവരിരുവരും ഒന്നിച്ച് കള്ളുഷാപ്പില്‍ കയറും. കുടിക്കും. ഇരുവരും പുറത്തുവന്ന് മുറുക്കാന്‍ കടയില്‍നിന്ന് ഒന്നുമുറുക്കും. പിന്നീട് വീട്ടാവശ്യത്തിനുള്ള സാധനങ്ങള്‍ വാങ്ങി തിരിച്ചുപോവും. ചിലപ്പോള്‍ അവര്‍ തമ്മില്‍ കശപിശ ഉണ്ടാകും. തെറിപറച്ചിലുണ്ടാവും. പിറ്റേദിവസം പതിവ് സമയത്ത് അവരെത്തും. അന്ന് പണിക്കാരികളായ പല പുലയികളും കള്ളുകുടിക്കുമായിരുന്നു. അവര്‍ ഷാപ്പില്‍ കയറില്ല. പുറത്തുനിന്ന് കള്ളുവാങ്ങി 'മോന്തി' ചിറിയും തുടച്ച് കാശും കൊടുത്തുപോകും. ഇത് കാലടിയില്‍ മാത്രമല്ല നടന്നിരുന്നത്. സംഘടന ഉണ്ടായതിനുശേഷം ആ സംഘടനകള്‍ നടത്തിയ സമരങ്ങളിലൂടെയാണ് അത്തരം പല ഏര്‍പ്പാടുകളും അവസാനിപ്പിച്ചത്.

ആദ്യമായി സംഘടനയുണ്ടാക്കുന്നത് 1905ല്‍ സാധുജനപരിപാലന സംഘം ആണ്. അയ്യങ്കാളിയുടെ നേതൃത്വത്തിലായിരുന്നു സംഘടന സ്ഥാപിച്ചത്. കല്ലുമാല ഉപേക്ഷിക്കുന്നതിനും മാറുമറയ്‌ക്കുന്ന വസ്‌ത്രം ധരിക്കാനും പുലയികള്‍ക്കായത് സാധുജനപരിപാലന സംഘത്തിന്റെ സംഘടിത പ്രവര്‍ത്തനങ്ങളിലൂടെ കൊച്ചിയില്‍ സംഘടനയുണ്ടായത് 1912ല്‍ മാത്രമാണ്. അതിന് ആദ്യം ഓര്‍ക്കേണ്ടത് കെ പി കറപ്പന്‍ മാസ്റ്ററെ. പി സി ചാഞ്ചന്‍, കെ പി വള്ളോന്‍ മുതലായവര്‍ ആദ്യ നേതാക്കള്‍. പക്ഷേ പ്രവര്‍ത്തനം ഉഷാറായത് അധിക വിദ്യാഭ്യാസം ലഭിച്ച കുറെ ചെറുപ്പക്കാര്‍ രംഗത്ത് വന്നതോടെ. പി കെ ചാത്തന്‍ മാസ്റ്റര്‍, എം കെ കൃഷ്ണന്‍, ടി എ പരമന്‍, ഡോ. ചിറയത്ത്, ടികെ സി വടുതല, കെ കെ മാധവന്‍ തുടങ്ങി ഒരു നിരതന്നെയുണ്ടതില്‍.

അവരുടെ പ്രവര്‍ത്തനത്തിന്റെ ചരിത്രമിതാണ്, 'പുലയരുടെ ആത്മാഭിമാനവും സാംസ്കാരിക നിലവാരവും ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഈ കാലത്ത് നടന്നത്. മദ്യപാനം ഒരു മഹാവ്യാധിപോലെ അവരെ ബാധിച്ചിരുന്നു. പുരുഷന്മാരോടൊപ്പം സ്‌ത്രീകളും കള്ളുഷാപ്പില്‍ പോയി കള്ളുകുടിക്കുക പതിവായിരുന്നു. ഇത് പുലയരെ സാമ്പത്തികമായി ഞെരുക്കുകമാത്രമല്ല സാംസ്‌കാരികമായി അധഃപതിപ്പിക്കുകയും ചെയ്‌തു. പരസ്യമായി എന്ത് ആഭാസങ്ങള്‍ വിളിച്ചുപറയാനും നിര്‍ലജ്ജമായി പെരുമാറാനും അവര്‍ മടിച്ചിരുന്നില്ല. ഇതിനെതിരായി പുലയമഹാസഭ ശക്തിപൂര്‍വം പ്രവര്‍ത്തിച്ചു. ചില സ്ഥലങ്ങളില്‍ പിക്കറ്റിങ് പോലും സംഘടിപ്പിച്ചു. എറണാകുളം പ്രദേശത്ത് ടികെസി വടുതലയുടെ നേതൃത്വത്തിലും എടവനക്കാട് പ്രദേശത്ത് എം കെ കൃഷ്ണന്റെ നേതൃത്വത്തിലും മറ്റും നടന്ന സംരംഭങ്ങള്‍ പുലയരുടെ ജീവിതരീതിയില്‍ത്തന്നെ ചില മാറ്റങ്ങള്‍ വരുത്തിത്തീര്‍ത്തു.

(കേരള ചരിത്രം ഒന്നാം വാള്യം കേരള ഹിസ്റ്ററി അസോസിയേഷന്‍)

പുലയിയും അന്തര്‍ജനവും പെണ്ണുങ്ങള്‍തന്നെ. പക്ഷേ അവരുടെ ജീവിതവും ചിന്തയും ഭിന്നമാണ്.


*****


ആണ്ടലാട്ട്, കടപ്പാട് : ദേശാഭിമാനി, സ്‌ത്രീ സപ്ലിമെന്റ്

1 comment:

വര്‍ക്കേഴ്സ് ഫോറം said...

'നമ്പൂതിരി സ്‌ത്രീകള്‍ ശരിയായ പാതിവ്രത്യം അനുഷ്ഠിച്ചുവരുന്നവരാണ്. പെണ്‍കുട്ടികള്‍ ഋതുവായ ശേഷം മറ്റൊരു പുരുഷനെ ദര്‍ശിക്കുകയില്ല. തന്റെ ചാര്‍ച്ചക്കാരോ ബന്ധുക്കളോ അല്ലാതെ മറ്റേതെങ്കിലും ഒരു പുരുഷനുമായി എന്തെങ്കിലും സംസാരിക്കണമെങ്കില്‍ അവരുടെ മധ്യത്തില്‍ ഒരു പെണ്ണിനേയോ ഏതെങ്കിലും ഒരു ചാര്‍ച്ചക്കാരനേയോ സാക്ഷിയായി നിര്‍ത്തി അവര്‍ മുഖേനയല്ലാതെ പാടില്ല. വിവാഹം കഴിച്ചാല്‍ ആ പുരുഷന്‍തന്നെ പിന്നെ മദ്യപാനിയോ മഹാരോഗിയോ വിടനോ, ഭ്രാന്തനോ മറ്റേതെങ്കിലും ദോഷവാനോ ആയിത്തീര്‍ന്നാലും അതെല്ലാം സഹിക്കുകയല്ലാതെ പകരം മറ്റൊരാളെ സ്വീകരിക്കുന്ന പ്രശ്‌നമേയില്ല. വിവാഹം കഴിഞ്ഞ അന്നുതന്നെ ആ വരന്‍ മരിച്ചാലും ആജീവനാന്തം വൈധവ്യദുഃഖം അനുഭവിക്കുകയല്ലാതെ പുനര്‍വിവാഹത്തിന്റെ കഥപോലുമില്ല..... വൈദികമായിട്ടാണെങ്കിലും ഇത്രയൊന്നും പോരാ. ഭര്‍ത്താവ് മരിച്ചാല്‍ പത്തുദിവസം ഉപ്പുകൂട്ടാതെ ഒരു നേരം മാത്രം ഭക്ഷിച്ച് വെറും നിലത്ത് കിടന്നുകൊണ്ട് പുല ആചരിക്കുക, പതിനൊന്നാം ദിവസം പിണ്ഡംവയ്‌ക്കുക, നിത്യവും ശ്രാദ്ധമൂട്ടി ഒരു കൊല്ലം ദീക്ഷിക്കുക, പിന്നെ കൊല്ലംതോറും ശ്രാദ്ധമൂട്ടുക, ഏകാദശി, ശിവരാത്രി, അഷ്‌ടമിരോഹിണി, മുപ്പെട്ട ശനിയാഴ്‌ച മുതലായ അനേകം വ്രതദിവസങ്ങളിലും വൃശ്ചികമാസം മുഴുവനും ഒരിക്കലുള്ള വ്രതമനുഷ്ഠിക്കുക മുതലായി പറഞ്ഞാല്‍ ഒടുങ്ങാത്തത്ര പട്ടിണിയും വ്രതങ്ങളുമായി ജീവിതം നയിക്കണം. പണ്ടങ്ങള്‍ അണിയരുത്, സുഗന്ധപ്പൂക്കള്‍ ചൂടരുത്, കരയുള്ള വസ്‌ത്രങ്ങള്‍ ധരിക്കരുത്....'

(എളങ്കുളത്തിന്റെ നമ്പൂതിരി ശകാരം)