Wednesday, March 9, 2011

പൊള്ളാത്ത വിപണി കേരളത്തില്‍ മാത്രം

വിലക്കയറ്റം രാജ്യമാകെ വിപണികളെ പൊള്ളിക്കുമ്പോള്‍ കേരളം ഒരു പച്ചത്തുരുത്താകുകയാണ്. ഉല്‍പ്പാദകസംസ്ഥാനങ്ങളിലേതിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് നിത്യോപയോഗസാധനങ്ങള്‍ കേരളത്തില്‍ ലഭ്യമാണ്. പതിമൂന്നിനം സാധനത്തിന് നാലേമുക്കാല്‍ വര്‍ഷമായി മാവേലിസ്റോറുകളില്‍ നയാപൈസ വര്‍ധിച്ചിട്ടില്ല. ഈ 13 ഇനങ്ങളും ഇത്രയും കുറഞ്ഞ വിലയ്ക്ക് രാജ്യത്ത് മറ്റൊരിടത്തും ലഭിക്കുകയുമില്ല. ഭക്ഷ്യ-സിവില്‍ സപ്ളൈസ് വകുപ്പും സഹകരണവകുപ്പും കൃഷിവകുപ്പും തദ്ദേശവകുപ്പും ചേര്‍ന്നുള്ള കൂട്ടായ ശ്രമമാണ് വിലക്കയറ്റത്തിന്റെ പൊള്ളലില്‍നിന്ന് കേരളത്തിന് തണലേകുന്നത്.

875 മാവേലിസ്റോറടക്കം 3025 വിപണനകേന്ദ്രവുമായി സപ്ളൈകോ ഒരുക്കുന്നത് സമാനതകളില്ലാത്ത പൊതുവിതരണസംവിധാനമാണ്. രാജ്യത്തിന് മുഴുവന്‍ ഇത് മാതൃകയാണെന്ന് കേന്ദ്രസര്‍ക്കാരും സമ്മതിക്കുന്നു.

മാവേലി- ശബരി സ്റോറിനും ലാഭം മാര്‍ക്കറ്റിനും പുറമെ പതിനാലായിരത്തോളം റേഷന്‍കടയും പ്രയോജനപ്പെടുത്തിയാണ് കേരളം പൊതുവിതരണസമ്പ്രദായം ശക്തിപ്പെടുത്തിയത്. മലയോരം, ആദിവാസിമേഖല എന്നിവിടങ്ങളില്‍ മൊബൈല്‍ മാവേലിസ്റോറുമെത്തി. പട്ടണത്തില്‍ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനം ആഴ്ചയില്‍ ഏഴു ദിവസമാക്കിയതും ആശ്വാസമായി. പൊതുവിപണിയിലെ വിലക്കയറ്റത്തിന്റെ തോത് കുറയ്ക്കാനും ഈ ഇടപെടല്‍ സഹായിച്ചു.

എല്‍ഡിഎഫ് സര്‍ക്കാരുകള്‍ ഭരിക്കുമ്പോള്‍മാത്രമാണ് ഈ മുന്നേറ്റം. 1980ല്‍ നായനാര്‍സര്‍ക്കാരിന്റെ കാലത്ത് ഇ ചന്ദ്രശേഖരന്‍നായര്‍ ഭക്ഷ്യമന്ത്രിയായിരിക്കെയാണ് മാവേലിസ്റോറിന്റെ തുടക്കം. പിന്നീട് യുഡിഎഫ് ഭരിച്ചപ്പോഴൊക്കെ സപ്ളൈകോയിലേക്ക് ആളെത്താതെയായി. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് കമ്പോള ഇടപെടലിന് പ്രതിവര്‍ഷം മുടക്കിയത് 10 കോടി രൂപമാത്രം. അതേസമയം. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പുസാമ്പത്തികവര്‍ഷംമാത്രം മുടക്കുന്നത് 125 കോടി.

സപ്ളൈകോ വിപണനകേന്ദ്രങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണവും തരവും വര്‍ധിക്കുകയും ചെയ്തു. നിര്‍ധന ജനങ്ങളുടെമാത്രം ആശ്രയമാണ് സപ്ളൈകോ എന്ന ധാരണയും മാറി. വിവിധ വരുമാനക്കാര്‍ ക്യൂവിലെ പതിവുകാഴ്ചയായി. സംസ്ഥാനത്തെ ഒന്നേകാല്‍ക്കോടി ജനങ്ങളാണ് ഇന്ന് സപ്ളൈകോയെ ആശ്രയിക്കുന്നത്. സപ്ളൈകോയുടെ വിറ്റുവരവ് 750 കോടിയില്‍നിന്ന് 2284 കോടിയിലേക്ക് ഉയര്‍ന്നു. മാവേലിസ്റോറുകള്‍, മൊബൈല്‍ മാവേലിസ്റോറുകള്‍, മാവേലി സൂപ്പര്‍മാര്‍ക്കറ്റ്, പീപ്പിള്‍സ് ബസാര്‍, ലാഭം മാര്‍ക്കറ്റ് തുടങ്ങിയവയിലൂടെ നിത്യോപയോഗസാധനങ്ങള്‍ തുടര്‍ച്ചയായി വിതരണം ചെയ്യുന്നതുകൊണ്ട് ദേശീയ, ബഹുരാഷ്ട്ര കുത്തകകള്‍ക്ക് നമ്മുടെ റീട്ടെയില്‍ മേഖല ഇനിയും കിട്ടാക്കനിയാണ്.

അരിവിഹിതം വെട്ടിക്കുറച്ച് കേരളത്തിലെ പൊതുവിതരണം തകര്‍ക്കാനുള്ള കേന്ദ്രനീക്കത്തിന് ശക്തമായ മറുപടിയെന്നോണമാണ് കുറഞ്ഞ വിലയ്ക്ക് ജനങ്ങള്‍ക്ക് അരി നല്‍കിയത്. രണ്ടു രൂപയ്ക്ക് അരി നല്‍കുന്ന പദ്ധതി 40 ലക്ഷം കുടുംബത്തിന് ഇതിനകം നടപ്പാക്കിക്കഴിഞ്ഞു. എല്ലാ എപിഎല്‍ കുടുംബത്തിലേക്കും വ്യാപിപ്പിച്ച് പൊതുവിപണിയിലെ ഇടപെടല്‍ ശക്തമാക്കാനുള്ള തീരുമാനം തെരഞ്ഞെടുപ്പ് കമീഷന്റെ വിലക്കോടെ താല്‍ക്കാലം നടപ്പായിട്ടില്ലെന്നുമാത്രം. ഭക്ഷ്യസുരക്ഷാ ബില്ലിന്റെ മറവില്‍ കേന്ദ്രസര്‍കാര്‍ നഗരങ്ങളിലെ പകുതി കുടുംബങ്ങളെയും ഗ്രാമങ്ങളിലെ 10 ശതമാനം കുടുംബങ്ങളെയും പൊതുവിതരണശൃംഖലയില്‍നിന്ന് പുറത്താക്കുന്നതിനിടെയാണ് എല്ലാ കുടുംബത്തിനും ആശ്വാസമെത്തിക്കാനുള്ള സംസ്ഥാന നടപടി.

സപ്ളൈകോയുടെ ജാഗ്രതയ്ക്കൊപ്പം സഹകരണവകുപ്പിന്റെ ശ്രമംകൂടി ചേര്‍ന്നപ്പോഴാണ് വിലക്കയറ്റത്തിന്റെ രൂക്ഷത കേരളത്തെ വിട്ടൊഴിഞ്ഞത്. ഓണം, വിഷു, ഈസ്റര്‍, റമദാന്‍ തുടങ്ങിയ വിശേഷാവസരങ്ങളില്‍ കണ്‍സ്യൂമര്‍ഫെഡ് തുറക്കുന്ന വിലക്കയറ്റവിരുദ്ധ വിപണികള്‍ പൊതുമാര്‍ക്കറ്റിനേക്കാള്‍ 80 ശതമാനംവരെ വിലകുറച്ചാണ് സാധനങ്ങള്‍ നല്‍കുന്നത്. സഹകരണസംഘങ്ങള്‍ നടത്തുന്ന നീതിസ്റോറുകളും നീതി മെഡിക്കല്‍സ്റോറുകളും കണ്‍സ്യൂമര്‍ഫെഡിന്റെ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളും സാധാരണകുടുംബങ്ങള്‍ക്ക് ആശ്വാസമായി.
(ആര്‍ സാംബന്‍)

സജീവമായ വിപണിയിടപെടല്‍

ഭക്ഷ്യ പൊതുവിതരണവകുപ്പിന്റെ പ്രവര്‍ത്തനം തികച്ചും തൃപ്തികരമാണെന്ന് പൊതുവില്‍ വിലയിരുത്താമെന്ന് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും കാലിക്കറ്റ് സര്‍വകലാശാല മുന്‍ വിസിയുമായ ടി എന്‍ ജയചന്ദ്രന്‍ പറയുന്നു. ഇങ്ങനെയൊരു വകുപ്പിന്റെ സാന്നിധ്യം അനുഭവപ്പെടാത്തരീതിയില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പൊതുവിപണിയില്‍ സജീവമായി ഇടപെടാന്‍ കഴിഞ്ഞത് പ്രധാന നേട്ടമാണ്. ഉത്സവകാലങ്ങളില്‍ വന്‍തോതില്‍ ഭക്ഷ്യവസ്തുക്കള്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഭക്ഷ്യവസ്തുക്കള്‍ ഉല്‍പ്പാദിപ്പിക്കുന്ന പ്രദേശങ്ങളിലെ വിലയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് അവ നല്‍കാന്‍ കഴിഞ്ഞു. ഇത്തരം നടപടി സ്വീകരിക്കാന്‍ അനുകൂലമായ ഒരു സാഹചര്യവും കേരളത്തിലുണ്ട്. ഭക്ഷ്യവസ്തുക്കളുടെ അഭാവമില്ലാത്തതാണ് പ്രധാന ഘടകം. റേഷന്‍കടയിലൂടെ വിതരണം ചെയ്തില്ലെങ്കിലും അരി ലഭ്യമാകുന്ന സ്ഥിതിയുണ്ട്. പൊതുവിപണി സജീവമായതും സുഗമമായി പ്രവര്‍ത്തിക്കാന്‍ അനുകൂലസാഹചര്യം ഒരുക്കി- അദ്ദേഹം പറഞ്ഞു.

അന്നം മുടക്കികളോട് എതിരിട്ട്

കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ തവണ കേന്ദ്രവുമായി ഏറ്റുമുട്ടേണ്ടിവന്നത് അരിവിഹിതം വെട്ടിക്കുറച്ച നടപടിക്കെതിരെയായിരുന്നു. റേഷന്‍ കാര്‍ഡുടമകളെ ബിപിഎല്ലും എപിഎല്ലുമായി വിഭജിച്ച് റേഷന്‍ സമ്പ്രദായത്തിന്റെ സമഗ്രസ്വഭാവം തകര്‍ക്കാനായിരുന്നു കേന്ദ്രത്തിന് ഉത്സാഹം. പൊതുവിതരണ സമ്പ്രദായം തകര്‍ക്കുക എന്നതായിരുന്നു കേന്ദ്രസമീപനം.

ആദ്യഘട്ടത്തില്‍ എപിഎല്‍ വിഭാഗങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ പടിപടിയായി നിഷേധിച്ചു. തുടര്‍ന്ന് പരിധി കുറച്ച് വലിയ വിഭാഗത്തിന് ബിപിഎല്‍ ആനുകൂല്യങ്ങള്‍ നിഷേധിച്ചു. ഗോഡൌണുകളില്‍ കെട്ടിക്കിടന്ന് നശിക്കുന്ന ഭക്ഷ്യധാന്യം പാവങ്ങള്‍ക്ക് വിതരണംചെയ്യണമെന്ന സുപ്രീം കോടതി നിര്‍ദേശം പോലും കേന്ദ്രം ചെവിക്കൊണ്ടില്ല.
അരിവിഹിതത്തില്‍ 86 ശതമാനം വെട്ടിക്കുറവാണ് കേന്ദ്രം വരുത്തിയത്. കേന്ദ്രം തരുന്ന അരി കിലോയ്ക്ക് 6.90 രൂപ വരെ സബ്സിഡി നല്‍കി സംസ്ഥാന സര്‍ക്കാര്‍ രണ്ടു രൂപയ്ക്ക് ജനങ്ങള്‍ക്ക് നല്‍കുമ്പോള്‍ റേഷനരിയുടെ വില കിലോയ്ക്ക് ആറു രൂപവരെ കൂട്ടുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. കേന്ദ്രപൂളിലേക്ക് അരി നല്‍കിയില്ല എന്ന കാരണം പറഞ്ഞാണ് ആദ്യം കേരളത്തിന്റെ റേഷന്‍വിഹിതം തടഞ്ഞുവച്ചത്. മിച്ച സംസ്ഥാനമായ ആന്ധ്രപോലും കേന്ദ്രപൂളിലേക്ക് കൃത്യമായി അരി നല്‍കാതിരിക്കെയാണ് 80 ശതമാനം കമ്മിയായ കേരളം അരി നല്‍കുന്നില്ല എന്നാരോപിച്ച് അരിവിഹിതം തടഞ്ഞത്. സംസ്ഥാനത്ത് കടുത്ത അരിക്ഷാമം നേരിട്ട സന്ദര്‍ഭങ്ങളില്‍ ബംഗാളില്‍നിന്നും മറ്റും അരി ഇറക്കി സബ്സിഡിയോടെ വിതരണംചെയ്താണ് സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്ക് തുണയായത്.

പുതിയ ഭക്ഷ്യനയത്തിന് രൂപം നല്‍കാനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് സബ്സിഡി പണമായി നല്‍കിയാല്‍ മതിയെന്നതാണ് ഈ നയത്തിന്റെ പ്രത്യേകത. ആദ്യപടിയായി മണ്ണെണ്ണയ്ക്കും പാചകവാതകത്തിനും രാസവളത്തിനുമുള്ള സബ്സിഡി പണമായി നല്‍കുമെന്ന് കേന്ദ്രബജറ്റ് പ്രഖ്യാപിച്ചു. കേന്ദ്രത്തിന്റെ കണക്കില്‍ കേരളത്തിലെ ജനസംഖ്യയില്‍ 20 ശതമാനത്തില്‍ താഴെമാത്രമാണ് ബിപിഎല്‍. ഈ നില വന്നാല്‍ സംസ്ഥാനത്തെ ജനങ്ങളില്‍ 80 ശതമാനത്തിലധികം പേരും പൊതുവിതരണ സമ്പ്രദായത്തില്‍നിന്ന് പുറത്താകും.

ഉണ്ണാം, മനമറിഞ്ഞ്

നാല്‍പ്പതു ലക്ഷം കുടുംബത്തിനു രണ്ടു രൂപയ്ക്ക് അരി നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള ഫോറം കഴിഞ്ഞ ദിവസമാണ് കണ്ണൂര്‍ ബര്‍ണശേരിയിലെ കുറ്റിക്കാട്ട് ഷൈലാസിനും ഭാര്യ ഗ്രേസിക്കും കിട്ടിയത്. പട്ടിണിയും പരിവട്ടവും നിറഞ്ഞ നാളുകളില്‍ നിന്ന് മോചനമാകുന്നുവെന്ന യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടാനാകാതെ ഗ്രേസി അല്‍പ്പനേരം കരഞ്ഞു.

'ഞങ്ങളുടെ കണ്ണീരുകണ്ടായിരിക്കണം സര്‍ക്കാര്‍ ഈ പ്രഖ്യാപനം നടത്തിയത്. അങ്ങേരുടെ വാര്‍ധക്യപെന്‍ഷന്‍ കൊണ്ടാണ് പട്ടിണിയില്ലാതെ കഴിയുന്നത്'- ഗ്രേസി പറയുന്നു. പക്ഷേ, യുഡിഎഫ് പരാതിയില്‍ തെരഞ്ഞെടുപ്പു കമീഷന്‍ ഈ പദ്ധതി തടഞ്ഞത് ഗ്രേസിയുടേതുപോലെ ലക്ഷക്കണക്കിനു കുടുംബങ്ങള്‍ക്കാണ് ഇരുട്ടടിയായത്.

പ്രമേഹവും രക്തസമ്മര്‍ദവും മൂര്‍ഛിച്ച് ശരീരത്തിന്റെ ചലനശേഷി ഭാഗികമായി നഷ്ടപ്പെട്ട ഗ്രേസി വികലാംഗ പെന്‍ഷന് അപേക്ഷ നല്‍കി കാത്തിരിക്കയാണ്. ആശാരിപ്പണിക്കാരനായിരുന്ന ഭര്‍ത്താവ് ഷൈലാസിന് 82 വയസ്സായി. രണ്ടു പെണ്‍മക്കളെ കെട്ടിച്ചുവിട്ടു.

കേരളത്തിലെ ഏക കണ്ടോണ്‍മെന്റായ കണ്ണൂരിലെ നാനൂറോളം കുടുംബത്തിലൊന്നാണ് ഗ്രേസിയുടേത്. കേരളത്തില്‍ ബിപിഎല്‍കാര്‍ക്ക് രണ്ടു രൂപയ്ക്ക് അരി നല്‍കുമ്പോഴും ഇതൊന്നും കേന്ദ്രപ്രതിരോധ വകുപ്പിന്റെ കീഴിലെ കണ്ടോണ്‍മെന്റുകാര്‍ക്ക് ലഭ്യമായിരുന്നില്ല. മാവേലി സ്റോറുകളിലൂടെയും ഉത്സവകാല ചന്തകളിലൂടെയും ത്രിവേണി മാര്‍ക്കറ്റുകളിലൂടെയും ന്യായവിലയ്ക്ക് സാധനങ്ങള്‍ ലഭിക്കാനുള്ള സൌകര്യംപോലും ഉണ്ടായിരുന്നില്ല.

സംസ്ഥാന സര്‍ക്കാരും കണ്ടോണ്‍മെന്റ് ബോര്‍ഡില്‍ ചരിത്രത്തിലാദ്യമായി അധികാരത്തിലേറിയ എല്‍ഡിഎഫ് ഭരണസമിതിയും ഇടപെട്ടതോടെയാണ് ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഇവിടേക്കെത്തിയത്.

കണ്ടോണ്‍മെന്റുകാരിയായ ടെസ്സി സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിതരണ സംവിധാനത്തിന് നൂറില്‍ നൂറുമാര്‍ക്കും നല്‍കുകയാണ്. 'പൊതുവിതരണ സംവിധാനത്തിന്റെ പ്രയോജനം വീട്ടില്‍ ഓരോദിവസവും ഞങ്ങളെപ്പോലുള്ളവര്‍ അറിയുന്നു'-ടെസ്സി പറയുന്നു.

കണ്ണൂര്‍ നഗരത്തിനടുത്ത് പത്തുവര്‍ഷം മുമ്പ് അടച്ചുപൂട്ടിയ വിക്ടറി മില്ലിലെ തൊഴിലാളിയായിരുന്ന തൈക്കണ്ടി ബെന്നറ്റ് എണ്‍പതാമത്തെ വയസ്സിലും സെക്യൂരിറ്റി ജീവനക്കാരനാണ്. ഭാര്യ ലളിതാബായിയെ രാത്രി വീട്ടില്‍ തനിച്ചാക്കിയാണ് ജോലിക്ക് പോയിരുന്നത്. 'ഈ പണി എത്രകാലം കൊണ്ടുപോകാനാകുമെന്ന് ആധി പൂണ്ടിരിക്കുകയായിരുന്നു ഞാന്‍. രണ്ടു രൂപയ്ക്ക് അരി കിട്ടി തുടങ്ങിയാല്‍ പേടിയില്‍ പാതിതീര്‍ന്നു.'- ബെന്നറ്റിന്റെ വാക്കുകളില്‍ നാല്‍പ്പതുലക്ഷം കുടുംബത്തിന്റെ പ്രതീക്ഷ നിറയുന്നു.

*
കടപ്പാട്: ദേശാഭിമാനി ദിനപത്രം 09 മാര്‍ച്ച് 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

വിലക്കയറ്റം രാജ്യമാകെ വിപണികളെ പൊള്ളിക്കുമ്പോള്‍ കേരളം ഒരു പച്ചത്തുരുത്താകുകയാണ്. ഉല്‍പ്പാദകസംസ്ഥാനങ്ങളിലേതിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് നിത്യോപയോഗസാധനങ്ങള്‍ കേരളത്തില്‍ ലഭ്യമാണ്. പതിമൂന്നിനം സാധനത്തിന് നാലേമുക്കാല്‍ വര്‍ഷമായി മാവേലിസ്റോറുകളില്‍ നയാപൈസ വര്‍ധിച്ചിട്ടില്ല. ഈ 13 ഇനങ്ങളും ഇത്രയും കുറഞ്ഞ വിലയ്ക്ക് രാജ്യത്ത് മറ്റൊരിടത്തും ലഭിക്കുകയുമില്ല. ഭക്ഷ്യ-സിവില്‍ സപ്ളൈസ് വകുപ്പും സഹകരണവകുപ്പും കൃഷിവകുപ്പും തദ്ദേശവകുപ്പും ചേര്‍ന്നുള്ള കൂട്ടായ ശ്രമമാണ് വിലക്കയറ്റത്തിന്റെ പൊള്ളലില്‍നിന്ന് കേരളത്തിന് തണലേകുന്നത്.