Friday, March 4, 2011

ശാസ്‌ത്രവും സംസ്‌കാര ചരിത്രവും

സംസ്‌കാരചരിത്രത്തെ കലയുടെയും തത്വചിന്തയുടെയും ആശയാവലികളുടെയും ചരിത്രമായല്ലാതെ, സാങ്കേതികവിദ്യയുടെയും ശാസ്‌ത്രത്തിന്റെയും ചരിത്രമായി മനസിലാക്കാന്‍ മലയാള വായനാസമൂഹം വളരെയൊന്നും തയ്യാറായിട്ടില്ല. അതുകൊണ്ടുതന്നെ സംസ്‌കാരചരിത്രങ്ങളുടെ അനുബന്ധങ്ങളോ അടിക്കുറിപ്പുകളോ ആയി ശാസ്‌ത്രവികാസത്തിന്റെയും സാങ്കേതികവിദ്യാവിപ്ളവങ്ങളുടെയും ചരിത്രം പരാമര്‍ശിക്കപ്പെടുന്നതിനപ്പുറം സംസ്‌കാരചരിത്രത്തിന്റെ പ്രഥമപരിഗണനാവിഷയമായി അവ അവതരിപ്പിക്കപ്പെടാറുമില്ല. അങ്ങനെ വന്നാലാകട്ടെ, അത് ശാസ്‌ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയുംമാത്രം ചരിത്രമായി ചുരുങ്ങിപ്പോകുകയും ചെയ്യും. അത്തരം ശാസ്‌ത്ര-സാങ്കേതികവിദ്യാചരിത്രങ്ങളില്‍ കലയും ആശയാവലികളും മനുഷ്യാനുഭവങ്ങളുടെ ഇതരലോകങ്ങളും അപ്രസക്തമായ സ്വകാര്യകാര്യങ്ങളാണ്. ഇങ്ങനെ ആധുനികതയുടെ ദ്വന്ദ്വവാദസമീപനം ജന്മം നല്‍കിയ സംസ്‌കാരം/ശാസ്‌ത്ര-സാങ്കേതികവിദ്യ എന്ന വിഭജനത്തെ ആവര്‍ത്തിച്ചുറപ്പിച്ചുകൊണ്ടാണ് മലയാളത്തില്‍ ശാസ്‌ത്രചരിത്രവും സാംസ്‌കാരികചരിത്രവും ഏറിയപങ്കും എഴുതപ്പെട്ടത്. 'സംസ്‌കാരം സമഗ്രജീവിതരീതിയാണ് ' എന്ന റെയ്‌മണ്ട് വില്യംസിന്റെ ആശയമൊക്കെ പലപാട് ഉദ്ധരിക്കപ്പെടാറുണ്ടെങ്കിലും അത് പ്രയോഗപഥത്തിലെത്തിയതിന് കാര്യമായ തെളിവൊന്നും നമുക്കില്ല.

കേരള ഭാഷാഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'വൈജ്ഞാനിക വിപ്ളവം: ഒരു സാംസ്‌കാരികചരിത്രം' എന്ന പി ജിയുടെ ബൃഹദ്ഗ്രന്ഥത്തിന്റെ മൌലികപ്രാധാന്യം അത് വിജ്ഞാനചരിത്രത്തെ സാമൂഹ്യരാഷ്‌ട്രീയബന്ധങ്ങളുടെയും സമൂഹപരിണാമത്തെ നിര്‍ണയിച്ച സാങ്കേതികവിദ്യാപരിവര്‍ത്തനങ്ങളുടെയും മതം അടക്കമുള്ള ഇതരസാമൂഹ്യസ്ഥാപനങ്ങളുടെയും ചരിത്രത്തോട് ചേര്‍ത്തുവച്ച് വിശകലനംചെയ്യാന്‍ ശ്രമിക്കുന്നുവെന്നതാണ്. ഒറ്റയൊറ്റയായ അറിവുമേഖലകളായി ചിതറിക്കിടക്കുന്ന ഒട്ടനവധി ലോകങ്ങളെ വിപുലമായ ഒരു ബന്ധവ്യവസ്ഥയില്‍ ഉള്‍പ്പെടുത്തിനിര്‍ത്തി വിശകലനംചെയ്യാനാണ് പി ജി മുതിരുന്നത്. അങ്ങനെ, പതിനാലാം ശതകത്തോടെ യൂറോപ്പില്‍ തുടക്കം കുറിക്കപ്പെട്ടതായി പരിഗണിക്കപ്പെടുന്ന നവോത്ഥാനത്തിന്റെയും പിന്നാലെ അരങ്ങേറിയ വൈജ്ഞാനികവിപ്ളവത്തിന്റെയും ചരിത്രം നാനാവിധത്തിലുള്ള ജീവിതവ്യവഹാരങ്ങളുടെ ആകത്തുകയായി ഈ കൃതിയില്‍ അവതരിപ്പിക്കപ്പെടുന്നു. പി ജി തന്നെ പറയുന്നതുപോലെ ജെ ഡി ബര്‍ണലിന്റെയും വില്‍ഡ്യൂറന്റിന്റേതുമടക്കം നിരവധി പൂര്‍വമാതൃകകള്‍ ഇംഗ്ളീഷിലും മറ്റും ഉണ്ടെങ്കിലും മലയാളത്തെ സംബന്ധിച്ചിടത്തോളം ഇത് ഒട്ടൊക്കെ പുതിയതാണ്. എന്നുമാത്രമല്ല ആറേഴുപതിറ്റാണ്ടുകാലത്തെ വായനയിലൂടെ താന്‍ നേടിയ വിവരങ്ങള്‍ സന്ദര്‍ഭോചിതമായി വിളക്കിച്ചേര്‍ത്തുക്കൊണ്ട് പി ജി നടത്തുന്ന ചരിത്രാഖ്യാനം ഈ പുസ്‌തകത്തിന്റെ വായനയെ എത്രയോ പ്രയോജനപ്രദവും രസനീയവുമാക്കിത്തീര്‍ക്കുകയും ചെയ്യുന്നു.

മലയാളം ഒരു ഭാഷയെന്നനിലയില്‍ ഇന്ന് നേരിടുന്ന വലിയൊരു പരാധീനതയെ മറികടക്കാനുള്ള ധീരമായ ശ്രമമെന്നനിലയിലും ഈ ഗ്രന്ഥം ഭാഷാഭിമാനികളായ എല്ലാ മലയാളികളുടെയും ആദരവ് അര്‍ഹിക്കുന്നുണ്ട്. മലയാളത്തെ വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങളില്‍ പരമപ്രാധാന്യമര്‍ഹിക്കുന്ന ഒരുകാര്യം അതിനെ ഒരു വിജ്ഞാനഭാഷയായി വളര്‍ത്തിക്കൊണ്ടുവരിക എന്നതാണ്. എല്ലാത്തരം വിജ്ഞാനവും നിലനില്‍ക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഭാഷയായി മലയാളം മാറണം. ഭാഷാകൌടല്യവും യുക്തിഭാഷയും മറ്റും ഉടലെടുത്ത ഒരു ഭാഷയില്‍ ഇന്ന് വിജ്ഞാനം എത്രയോ പരിമിതമാണ്. തത്വചിന്തയുടെയും സാമൂഹ്യശാസ്‌ത്രവിജ്ഞാനത്തിന്റെയും നിയമത്തിന്റെയും ശാസ്‌ത്രചിന്തയുടെയുമെല്ലാം സൂക്ഷ്‌മലോകങ്ങള്‍ മലയാളത്തിന് കൂടുതല്‍ കൂടുതല്‍ അപരിചിതമാകുകയാണ്. (തലശേരി രേഖകള്‍ തെളിവുതരുന്നതുപോലെ, അത്യന്തം കാര്യക്ഷമമായ ഭരണനിര്‍വഹണത്തിന്റെ ഉപാധിയായി മലയാളം പ്രവര്‍ത്തിച്ചതിന്റെ ചരിത്രം ഭാഷയിലുണ്ടെങ്കിലും പില്‍ക്കാലത്ത് മലയാളം ഭരണനിര്‍വഹണത്തിന്റെ മേഖലയ്‌ക്കും പുറത്തായി). ഈ പരാധീനതയെ മറികടക്കാനുള്ള ഏറ്റവും വലിയ ശ്രമം നടക്കേണ്ടത് മലയാളത്തെ ഒരു വിജ്ഞാനഭാഷയെന്നനിലയില്‍ വികസിപ്പിച്ചെടുക്കുന്നതിനുള്ള സംരംഭങ്ങള്‍ വഴിയാണ്. സാഹിത്യകേന്ദ്രീകൃതമായി മാത്രം നിലനില്‍ക്കുന്നതിലൂടെയല്ല, മറിച്ച്, മനുഷ്യജീവിതത്തിന്റെ സമസ്‌തവിതാനങ്ങളെയും അതിന്റെ സൂക്ഷ്‌മസ്ഥൂല സന്ദര്‍ഭങ്ങളെയും അഭിസംബോധനചെയ്യാന്‍ കെല്‍പ്പും കാമ്പുമുള്ളതായി മലയാളത്തെ പണിതെടുക്കുന്നതിലൂടെയാണ്, മലയാളത്തിന്റെ അതിജീവനം അര്‍ഥപൂര്‍ണമായി സാക്ഷാല്‍ക്കരിക്കാന്‍ നമുക്ക് കഴിയുക. ഈ ദിശയിലുള്ള നിര്‍ണായകമായ ചുവടുവയ്പായും പി ജിയുടെ ഗ്രന്ഥം പരിഗണിക്കപ്പെടണം. ഒന്നാം വൈജ്ഞാനികവിപ്ളവത്തിന്റെയും അതിന് പശ്ചാത്തലമൊരുക്കിയ ചരിത്ര പ്രക്രിയകളുടെയും ഇത്രയും സമഗ്രവും ബഹുതലസ്പര്‍ശിയുമായ വിവരണം മലയാളത്തില്‍ ഇതുവരേയ്‌ക്കും ഉണ്ടായിട്ടില്ല. ഇന്നത്തെ സ്ഥിതി മുന്‍നിര്‍ത്തി പറഞ്ഞാല്‍ ഇനിയങ്ങോട്ട് ഉടനെയൊന്നും ഇത്തരമൊന്ന് ഉണ്ടാകാനിടയുമില്ല. ആ നിലയില്‍ നമ്മുടെ ഭാഷയുടെ ചരിത്രത്തിലും ഈ ഗ്രന്ഥം അനന്യമായ സ്ഥാനം കൈയാളിയിരിക്കുന്നു.

ആറ് ഭാഗങ്ങളില്‍ നാല്‍പ്പത്തിരണ്ട് അധ്യായങ്ങളായാണ് പി ജി തന്റെ രചനാസംരംഭങ്ങളില്‍ ഏറ്റവും മികവുറ്റതായി (magnum opus) പരിഗണിക്കുന്ന ഈ കൃതി സംവിധാനംചെയ്തിരിക്കുന്നത്. ഒന്നാം വൈജ്ഞാനികവിപ്ളവത്തിന്റെയും അതിന്റെ പശ്ചാത്തലത്തിന്റെയും വിവരണവും വിശകലനവും എന്നതിനോടൊപ്പം ശാസ്‌ത്രം, ശാസ്‌ത്രവും സംസ്‌കാരസ്വരൂപവും തമ്മിലുള്ള വിനിമയങ്ങള്‍, ശാസ്‌ത്രീയതയുടെ പരാധീനതകള്‍, ശാസ്‌ത്രവിമര്‍ശനം, അതിന്റെ മറപറ്റി ഉയര്‍ന്നുവന്ന കപടശാസ്‌ത്രങ്ങള്‍, കാള്‍പോപ്പര്‍, തോമസ് കൂണ്‍, പോള്‍ഫെയറാബാന്റ് തുടങ്ങിയ ശാസ്‌ത്രചിന്തകരുടെ വീക്ഷണഗതികള്‍ എന്നിങ്ങനെ ഒട്ടനവധി പ്രമേയങ്ങളിലേക്ക് പരന്നുപടരുന്ന ആഖ്യാനക്രമമാണ് പി ജി ഈ ഗ്രന്ഥത്തില്‍ സ്വീകരിച്ചിട്ടുള്ളത്. ഇതുവഴി ആധുനിക ശാസ്‌ത്രത്തിന്റെ ചരിത്രത്തോടൊപ്പം, ശാസ്‌ത്രവിജ്ഞാനത്തെയും ഇതരജ്ഞാനരൂപങ്ങളുമായി അതിനുള്ള ബന്ധത്തെയുംകുറിച്ചുണ്ടായ വിമര്‍ശവിചാരങ്ങളുടെ ചരിത്രമായും ഈ ഗ്രന്ഥം മാറിത്തീര്‍ന്നിട്ടുണ്ട്.

പ്രാരംഭം എന്ന ശീര്‍ഷകത്തിലുള്ള ഒന്നാംഭാഗത്തിലെ ആറ് അധ്യായങ്ങളില്‍ ഈ ഗ്രന്ഥത്തില്‍ താന്‍ പിന്‍പറ്റുന്ന സൈദ്ധാന്തിക സമീക്ഷയുടെയും അതിലുള്‍പ്പെട്ട പരികല്‍പ്പനകളുടെയും വിശകലനത്തിനാണ് പി ജി തുനിയുന്നത്. സംസ്‌കാരം, വിജ്ഞാനം തുടങ്ങിയ നാം അതിപരിചിതമെന്ന് കരുതിപ്പോരുന്ന പദങ്ങളുടെ പിന്നാമ്പുറങ്ങളിലേക്ക് കടന്നുചെല്ലാനും പ്രകൃതിശാസ്‌ത്രവും ധര്‍മശാസ്‌ത്രവും തമ്മിലുള്ള ബന്ധവും അകലവും വിശദമായി പ്രതിപാദിക്കാനും ശാസ്‌ത്രവികാസത്തില്‍ ഭാവനാത്മകതയ്‌ക്കുള്ള പങ്ക് വ്യക്തമാക്കാനും പി ജി ഇവിടെ ശ്രമിച്ചിരിക്കുന്നു. രണ്ടാംഭാഗത്തിലെ നാല് അധ്യായങ്ങള്‍ യൂറോകേന്ദ്രവാദത്തിന്റെ വിശകലനവും വിമര്‍ശവുമാണ്. നവോത്ഥാനം, വൈജ്ഞാനികവിപ്ളവം തുടങ്ങിയ പരികല്‍പ്പനകളും അവയെ മുന്‍നിര്‍ത്തി പടുത്തുയര്‍ത്തപ്പെട്ട വിജ്ഞാനചരിത്രവും അടിസ്ഥാനപരമായി യൂറോ കേന്ദ്രവാദത്തിന്റെ സാംസ്‌കാരിക-വൈജ്ഞാനിക ന്യായവാദമാണെന്ന സമകാലികവിമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ ഈ അധ്യായങ്ങളിലെ ചര്‍ച്ചകള്‍ക്ക് വലിയ പ്രാധാന്യമാണുള്ളത്. മാര്‍ട്ടിന്‍ ബെര്‍ണലും ജോസഫ് നിഥാമും സമീര്‍ അമിനും മുതല്‍ ജെ എം ബ്ളൌട്ടും ജോണ്‍ ഗോബ്‌സണും മലയാളിയായ ജോര്‍ജ് ഗീവര്‍ഗീസ് ജോസഫുംവരെയുള്ളവര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന യൂറോകേന്ദ്രവാദത്തിനെതിരായ വിമര്‍ശാലോചനകളെയും ആശയരൂപങ്ങളെയും സമര്‍ഥമായി സംഗ്രഹിക്കുകയാണ് രണ്ടാംഭാഗത്തിലെ നാല് അധ്യായങ്ങളിലൂടെ പി ജി ചെയ്യുന്നത്. പിന്നാലെ വരുന്ന അഞ്ചുഭാഗങ്ങളില്‍ ചര്‍ച്ചചെയ്യപ്പെടുന്ന ആശയപ്രപഞ്ചത്തിന്റെ വിമര്‍ശംകൂടിയായി പലപ്പോഴും ഈ ഭാഗങ്ങള്‍ മാറിത്തീരുന്നുണ്ട് എന്നത് വിജ്ഞാനചരിത്രത്തിന്റെതന്നെ വൈരുധ്യാത്മകമാനത്തെ സ്വയമറിയാതെതന്നെ, പുറത്തുകൊണ്ടുവരുന്നു.

മൂന്നും നാലും ഭാഗങ്ങളില്‍ ആധുനിക ശാസ്‌ത്രവിപ്ളവത്തിന്റെ പൂര്‍വരംഗം എന്നു വിശേഷിപ്പിക്കാവുന്ന യൂറോപ്യന്‍ നവോത്ഥാനത്തിന്റെയും മതനവീകരണത്തിന്റെയും ചരിത്രമാണ് ചര്‍ച്ചചെയ്യപ്പെടുന്നത്. മൂന്നാംഭാഗത്തിലെ അഞ്ച് അധ്യായത്തില്‍ പടിഞ്ഞാറന്‍ നവോത്ഥാനചരിത്രത്തിലെ കുലീനഘട്ടത്തെയും ജനകീയഘട്ടത്തെയും വേര്‍തിരിച്ച് വിലയിരുത്തിക്കൊണ്ട്, നവോത്ഥാന പ്രക്രിയയുടെ ഉള്ളടരുകളിലെ വൈരുധ്യങ്ങളിലേക്ക് പി ജി വഴിതുറന്നിടുന്നുണ്ട്. അതോടൊപ്പം മാക്യവെല്ലിയും തോമസ് മൂറും ഇറാസ്‌മയും മുതല്‍ ഡാവിഞ്ചിയും റാഫേലും മൈക്കലാഞ്ചലോയും ഡ്യൂറ്റും ഉള്‍പ്പെടെയുള്ള നവോത്ഥാനപ്രതിഭകളുടെ ജീവിതചരിത്രവും ഈ അധ്യായങ്ങളില്‍ അനാവരണംചെയ്യപ്പെടുന്നു. മതനവീകരണം എന്ന ശീര്‍ഷകത്തിന് കീഴിലുള്ള നാലാംഭാഗത്തിലെ എട്ട് അധ്യായങ്ങള്‍ കത്തോലിക്കാസഭയുടെ ചരിത്രത്തിലെ വന്‍പിളര്‍പ്പിലേക്ക് വഴിതുറന്നിട്ട ചരിത്രപ്രക്രിയകളുടെയും അതുളവാക്കിയ വമ്പന്‍ പരിവര്‍ത്തനങ്ങളുടെയും ഈ മഹാസംഭവത്തില്‍ നായകരും പ്രതിനായകരുമായി പങ്കുചേര്‍ന്നവരെയുംകുറിച്ചുള്ള വിശദമായ ചര്‍ച്ചയാണ്. സാധാരണയായി സഭാചരിത്രത്തിന്റെമാത്രം ഭാഗമായി പരിഗണിക്കാറുള്ള നിരവധി പ്രമേയങ്ങളുടെ പിന്നാമ്പുറത്തെ സാമൂഹ്യവും രാഷ്‌ടീയവുമായ അടിയൊഴുക്കുകള്‍ അനാവരണം ചെയ്തുകൊണ്ടാണ് ഈ ചര്‍ച്ചകള്‍ മുന്നേറുന്നത്. ലൂഥറെയും കാല്‍വിനെയും ലൊയോളയെയും മറ്റുംപോലെ ഇത്തരം ചര്‍ച്ചകളിലൂടെ സാമാന്യവായനക്കാര്‍ക്ക് പരിചിതരായവര്‍ മാത്രമല്ല സാവറനോളയെയും ജോണ്‍ഹുഡിനെയും സ്വിംഗ്ളിയെയുംപോലെ പൊതുചര്‍ച്ചകളില്‍ ഏറെയൊന്നും പ്രസിദ്ധിനേടാതെപോയവരെയും, അവരുടെ വിജ്ഞാനത്തെയും സഹനത്തെയും എല്ലാം പി ജി വിശദാംശങ്ങള്‍വരെ ഇതള്‍വിടര്‍ത്തി പ്രതിപാദിച്ചിരിക്കുന്നു. സഭാചരിത്രത്തില്‍ നിഷ്‌ണാതരായവര്‍ക്കുപോലും ശ്രദ്ധാപൂര്‍വം വായിച്ചുപഠിക്കാന്‍വേണ്ട വക ഈ അധ്യായങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

അവസാനത്തെ മൂന്നുഭാഗങ്ങളില്‍ യഥാക്രമം കോപ്പര്‍നിക്കസ്, ഗലീലിയോ, ന്യൂട്ടണ്‍ എന്നിവരിലൂടെ വെളിപ്പെട്ടുവന്ന വിജ്ഞാനവിപ്ളവത്തെ, പൂര്‍വസൂരികളോടും പൂര്‍വസന്ദര്‍ഭങ്ങളോടും ബന്ധപ്പെടുത്തി പരിശോധിക്കുകയാണ് പി ജി ചെയ്യുന്നത്. ഒരു മഹാമനീഷിയുടെ പേരില്‍ അറിയപ്പെടാനിടവന്നാലും വിജ്ഞാനവികാസം ഒറ്റയാന്‍ പ്രതിഭകളുടെ ദിവ്യവൈഭവങ്ങളിലൂടെ ഉരുത്തിരിയുന്നതല്ലെന്ന അടിസ്ഥാനകാഴ്ചപ്പാടാണ് പി ജി ഇവിടെയും ഉയര്‍ത്തിപ്പിടിക്കുന്നത്. അതുകൊണ്ട് കോപ്പര്‍നിക്കന്‍ യുഗം എന്നുവിശേഷിപ്പിക്കപ്പെടുമ്പോഴും വെസാലിയൂസിനെയും പാരാ സെസല്‍സിനെയുംപോലുള്ള ജീവശാസ്‌ത്രപ്രതിഭകളും, ടൈക്കോബ്രാഹെയും കെപ്ളറും കാമ്പനെല്ലയും ഉള്‍പ്പെടെയുള്ള ജ്യോതിശാസ്‌ത്രജ്ഞരും ആ യുഗസന്ധിയുടെ നിര്‍മിതിയില്‍ പങ്കുചേരുന്നതെങ്ങനെയെന്ന വിശദമായ പരിശോധന ഇവിടെയുണ്ട്. അതുപോലെ ഗലീലിയന്‍ കുതിച്ചുചാട്ടത്തിന്റെ മുന്നിലും പിന്നിലും അണിനിരന്ന വിജ്ഞാനവിപ്ളവങ്ങളുടെയും വൈജ്ഞാനിക വിച്ഛേദങ്ങളുടെയും സ്വാധീനവും ആറാംഭാഗത്തിലെ എട്ട് അധ്യായങ്ങളില്‍ വിശദമായി പരിശോധിക്കപ്പെടുന്നുണ്ട്. കാര്‍ട്ടിഷ്യന്‍ ദ്വന്ദ്വവാദവും ബെക്കോണിയന്‍ രീതിപദ്ധതിയും ആധുനികശാസ്‌ത്രദര്‍ശനത്തിന്റെ അന്തര്‍ധാരകളായി നിലകൊള്ളുന്നതും, സ്പിനോസയും തോമസ് ഹോബ്‌സും ഉള്‍പ്പെടെയുള്ളവരുടെ ചിന്താജീവിതത്തിന്റെ സാമൂഹികമാനവും മുതല്‍ കര്‍ഷകകലാപങ്ങളും രാഷ്‌ട്രീയവിമോചന വിപ്ളവങ്ങളുംവരെ ഈ പ്രക്രിയയില്‍ ഇഴചേര്‍ന്നുകിടക്കുന്നതിന്റെ വിവരണംവരെ ഈ അധ്യായങ്ങളിലുണ്ട്. അവസാനഭാഗത്തെ അഞ്ച് അധ്യായങ്ങള്‍ ഒന്നാം വൈജ്ഞാനികവിപ്ളവത്തിന്റെ പരിസമാപ്തി മുഹൂര്‍ത്തമായി പരിഗണിക്കാവുന്ന ന്യൂട്ടോണിയന്‍ പ്രപഞ്ചകല്‍പ്പനയുടെ അവതരണവും അതിലേക്ക് വഴിതുറന്നിട്ട വിവിധ ധാരകളുടെ വിശകലനവുമാണ്. ശാസ്‌ത്രത്തിന്റെ സത്യാത്മകതയെക്കുറിച്ച് ആധുനികാനന്തരചിന്തയുടെ സന്ദര്‍ഭത്തില്‍ ഉയര്‍ന്നുവന്ന ചോദ്യങ്ങളോട് തനിക്കുള്ള പ്രതികരണം അവസാന അധ്യായത്തില്‍ രേഖപ്പെടുത്തിക്കൊണ്ടാണ്, ആധുനികശാസ്‌ത്രത്തിന്റെ സാംസ്‌കാരികചരിത്രമെന്ന് വിശേഷിപ്പിക്കാവുന്ന ഈ ബൃഹദ്ഗ്രന്ഥം പി ജി ഉപസംഹരിക്കുന്നത്.

ഇങ്ങനെ വിപുലവും (ക്രൌണ്‍ സൈസില്‍ അറുനൂറിലധികം പുറങ്ങളുള്ള ഈ ഗ്രന്ഥം മലയാളത്തെ സംബന്ധിച്ചിടത്തോളം വലിയ പുസ്‌തകംതന്നെയാണ്; ഇംഗ്ളീഷില്‍ ഇത് ഒരു അസാധാരണ കാര്യമല്ലെങ്കിലും) സമഗ്രവും സര്‍വതലസ്പര്‍ശിയുമായ നിലയില്‍ വൈജ്ഞാനിക വിപ്ളവത്തിന്റെ ചരിത്രം രേഖപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍തന്നെ, ഈ ഗ്രന്ഥം ചില ചോദ്യങ്ങളിലേക്ക് നമ്മെ നയിക്കുന്നുണ്ട്. അതിലൊന്ന് പ്രമേയപരവും മറ്റൊന്ന് രീതിശാസ്‌ത്രപരവുമാണ്. നവോത്ഥാനം, വൈജ്ഞാനികവിപ്ളവം തുടങ്ങിയ പരികല്‍പ്പനകളെ മുന്‍നിര്‍ത്തിക്കൊണ്ടുള്ള വിജ്ഞാനചരിത്ര വിമര്‍ശം, അടിസ്ഥാനപരമായ വിജ്ഞാനചരിത്രത്തെ യൂറോ കേന്ദ്രിതമായി പടുത്തുയര്‍ത്തുന്നതിലേക്കാണ് ചെന്നുചേരുന്നത് എന്ന വിമര്‍ശം ഇപ്പോള്‍ പ്രബലമാണ്. പി ജി തന്നെ ഈ വിമര്‍ശത്തിന്റെ വിശദാംശങ്ങള്‍ പരിശോധിക്കുന്നുണ്ട്. എന്നാല്‍, അതിനുശേഷവും ഈ ഗ്രന്ഥം മേല്‍പ്പറഞ്ഞ ധാരണകളെത്തന്നെയല്ലേ പിന്തുടരുന്നത് എന്ന ചോദ്യം സംഗതമാണ്. യൂറോ കേന്ദ്രവാദത്തിന്റെ വിമര്‍ശവും നവോത്ഥാന-വൈജ്ഞാനികവിപ്ളവ ചരിത്രവും തമ്മില്‍ ഏതളവുവരെ ഒത്തുപോകും എന്ന ചോദ്യമാണിവിടെ ഉയരുന്നത്. അറിവ് നിസംഗമായ ജ്ഞാനരൂപമായി നിലകൊള്ളുകയല്ല സജീവമായ പ്രത്യയശാസ്‌ത്രസാമഗ്രിയായി പ്രവര്‍ത്തിക്കുകയാണെന്ന് വരുമ്പോള്‍, ഈ ഗ്രന്ഥത്തിന്റെ അടിസ്ഥാനസമീക്ഷ ചില പുനരാലോചനകളിലേക്ക് നമ്മെ നയിക്കുകതന്നെ ചെയ്യും. അറിവധികാരം എന്നത് അറിവ് കൈയാളുന്നവര്‍ക്ക് കൈവരുന്ന ആധികാരികതയ്‌ക്കപ്പുറം അറിവുരൂപങ്ങളില്‍തന്നെ നിലീനമായ ആധികാരികവും ആധിപത്യവാസനകളുമാണ്. വിജ്ഞാനം അതില്‍ത്തന്നെ അധികാരബദ്ധമാണെന്നുവരുമ്പോള്‍, വൈജ്ഞാനികചരിത്ര വിചാരങ്ങള്‍ക്ക് അതിനെ അഭിസംബോധന ചെയ്യാതിരിക്കാനാവില്ലല്ലോ.

രണ്ടാമതൊരു പ്രശ്നമുള്ളത് പിജിയുടെ ചര്‍ച്ചയും വിശകലനവും, ചിലയിടങ്ങളിലെങ്കിലും, ഏറിയ അളവില്‍ വ്യക്തികേന്ദ്രിതമായിത്തീരുന്നുവെന്നതാണ്. ആമുഖത്തില്‍ പി ജി തന്നെ സൂചിപ്പിക്കുന്നതുപോലെ, ഓരോ അധ്യായത്തെയും സ്വതന്ത്രവായനയ്‌ക്ക് ഉപയുക്തമായവിധം ആസൂത്രണം ചെയ്തതിന്റെകൂടി ഫലമാകാം ഇത്. കോപ്പര്‍നിക്കന്‍ യുഗം എന്ന അഞ്ചാംഭാഗത്തിലെ അധ്യായങ്ങളില്‍ ഉടനീളവും മറ്റുചില ഭാഗങ്ങളില്‍ ചുരുങ്ങിയ അളവിലും ഈ പ്രശ്നം കടന്നുവരുന്നുണ്ട്. മലയാളഭാഷയിലെ ഏറ്റവും മികച്ച ധൈഷണിക ജീവചരിത്രകാരനായ പി ജിയുടെ, ആ വഴിയിലൂടെയുള്ള സഞ്ചാരങ്ങള്‍ അദ്ദേഹത്തിന്റെ ചരിത്രവിചാരങ്ങളെ ചിലപ്പോഴൊക്കെ കീഴ്പ്പെടുത്തുന്നതിന്റെ തെളിവുകള്‍ ഈ ഗ്രന്ഥത്തിലുണ്ട്. വലിയൊരു പ്രശ്നമായി പരിഗണിക്കേണ്ടതല്ലെങ്കിലും രീതിശാസ്‌ത്രപരമായി അത് ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുമുണ്ട്.

ഇത്തരം സൂക്ഷ്‌മപ്രശ്നങ്ങള്‍, പക്ഷേ, ഈ കൃതിയുടെ മൌലികപ്രാധാന്യത്തെ ഏതെങ്കിലും നിലയില്‍ ലഘൂകരിക്കുന്നില്ല എന്ന കാര്യം എടുത്തുപറയുകതന്നെ വേണം. സംസ്‌കാരചരിത്രം എന്ന ആശയത്തിനും ശാസ്‌ത്രചരിത്രം എന്ന ജനുസ്സിനും മലയാളഭാഷയിലുണ്ടായ മികച്ച ആവിഷ്കാരമാതൃകയായി ഇനിയങ്ങോട്ട് ഈ ബൃഹദ്ഗ്രന്ഥം പരിഗണിക്കപ്പെടുകതന്നെ ചെയ്യും. വിജ്ഞാനതൃഷ്ണയും ഇച്ഛാശക്തിയും ശാരീരികമായ പരാധീനതകളെയും മറ്റുള്ള നാനാതരം വൈഷമ്യങ്ങളെയും മറികടന്ന്, ബൌദ്ധികതയുടെ കൊടിപ്പടം ഉയര്‍ത്തിക്കെട്ടുന്നതിന്റെ ഈ ചിത്രം കേരളീയരുടെതന്നെ സൌഭാഗ്യങ്ങളിലൊന്നാണ്. അതിനിയും ഏറെക്കാലം ഉയര്‍ന്നുപാറണമെന്നല്ലാതെ മറ്റെന്താണ് നാം ആഗ്രഹിക്കുക.

പിന്‍കുറിപ്പ്: അച്ചടിപ്പിഴവുകളും വാക്യഘടനയിലെ തകരാറുകളും ചിത്രങ്ങളുടെ തെരഞ്ഞെടുപ്പിലും അവയുടെ വിതരണത്തിലുമുള്ള പിഴവുകളുമെല്ലാം വായനയെ അലോസരപ്പെടുത്തുംവിധം മുഴച്ചുനില്‍ക്കുന്നുണ്ട്. മലയാളത്തിലെ ഏറ്റവും വലിയ മനീഷികളിലൊരാളോടുള്ള അനാദരവായാണ് എഡിറ്റിങ്ങിലെ അനവധാനത അനുഭവപ്പെട്ടത്. നിശ്ചയമായും അത് ഒഴിവാക്കേണ്ടതായിരുന്നു.

*****


സുനില്‍ പി ഇളയിടം, ദേശാഭിമാനി വാരാന്തപ്പതിപ്പ്

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കേരള ഭാഷാഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'വൈജ്ഞാനിക വിപ്ളവം: ഒരു സാംസ്‌കാരികചരിത്രം' എന്ന പി ജിയുടെ ബൃഹദ്ഗ്രന്ഥത്തിന്റെ മൌലികപ്രാധാന്യം അത് വിജ്ഞാനചരിത്രത്തെ സാമൂഹ്യരാഷ്‌ട്രീയബന്ധങ്ങളുടെയും സമൂഹപരിണാമത്തെ നിര്‍ണയിച്ച സാങ്കേതികവിദ്യാപരിവര്‍ത്തനങ്ങളുടെയും മതം അടക്കമുള്ള ഇതരസാമൂഹ്യസ്ഥാപനങ്ങളുടെയും ചരിത്രത്തോട് ചേര്‍ത്തുവച്ച് വിശകലനംചെയ്യാന്‍ ശ്രമിക്കുന്നുവെന്നതാണ്. ഒറ്റയൊറ്റയായ അറിവുമേഖലകളായി ചിതറിക്കിടക്കുന്ന ഒട്ടനവധി ലോകങ്ങളെ വിപുലമായ ഒരു ബന്ധവ്യവസ്ഥയില്‍ ഉള്‍പ്പെടുത്തിനിര്‍ത്തി വിശകലനംചെയ്യാനാണ് പി ജി മുതിരുന്നത്. അങ്ങനെ, പതിനാലാം ശതകത്തോടെ യൂറോപ്പില്‍ തുടക്കം കുറിക്കപ്പെട്ടതായി പരിഗണിക്കപ്പെടുന്ന നവോത്ഥാനത്തിന്റെയും പിന്നാലെ അരങ്ങേറിയ വൈജ്ഞാനികവിപ്ളവത്തിന്റെയും ചരിത്രം നാനാവിധത്തിലുള്ള ജീവിതവ്യവഹാരങ്ങളുടെ ആകത്തുകയായി ഈ കൃതിയില്‍ അവതരിപ്പിക്കപ്പെടുന്നു. പി ജി തന്നെ പറയുന്നതുപോലെ ജെ ഡി ബര്‍ണലിന്റെയും വില്‍ഡ്യൂറന്റിന്റേതുമടക്കം നിരവധി പൂര്‍വമാതൃകകള്‍ ഇംഗ്ളീഷിലും മറ്റും ഉണ്ടെങ്കിലും മലയാളത്തെ സംബന്ധിച്ചിടത്തോളം ഇത് ഒട്ടൊക്കെ പുതിയതാണ്. എന്നുമാത്രമല്ല ആറേഴുപതിറ്റാണ്ടുകാലത്തെ വായനയിലൂടെ താന്‍ നേടിയ വിവരങ്ങള്‍ സന്ദര്‍ഭോചിതമായി വിളക്കിച്ചേര്‍ത്തുക്കൊണ്ട് പി ജി നടത്തുന്ന ചരിത്രാഖ്യാനം ഈ പുസ്‌തകത്തിന്റെ വായനയെ എത്രയോ പ്രയോജനപ്രദവും രസനീയവുമാക്കിത്തീര്‍ക്കുകയും ചെയ്യുന്നു.