Tuesday, March 15, 2011

ത്രീമൈല്‍ ഐലണ്ട്, ചെര്‍ണോബില്‍, ഫുകുഷിമ...

ഏറ്റവും ദുഃഖകരവും ഉത്കണ്ഠാജനകവുമായ വാര്‍ത്തകളാണ് ജപ്പാനില്‍ നിന്നു വന്നുകൊണ്ടിരിക്കുന്നത്. സമീപകാല ചരിത്രത്തിലെ ഏറ്റവും ശക്തിയേറിയ ഭൂകമ്പം, വിനാശകാരിയായ മറ്റൊരു സുനാമി, ഇതിനൊക്കെ പുറമേ ചെര്‍ണോബിലിനെ കവച്ചുവച്ചേയ്‌ക്കാനിടയുള്ള ഒരു ആണവ ദുരന്തത്തിന്റെ കരിനിഴലും. ജീവിത സൗഭാഗ്യങ്ങള്‍ പ്രകൃതി കനിഞ്ഞുനല്‍കിയ ഭൂവിഭാഗങ്ങളിലുള്ളവര്‍ പ്രായേണ മടിയന്‍മാരും, നിരന്തരം പ്രകൃതിയുടെ വെല്ലുവിളികളെ നേരിട്ടു ജീവിക്കുന്നവര്‍ കഠിനാധ്വാനികളുമായി വളര്‍ന്നു പരിണമിക്കുന്നു എന്നു ചിലര്‍ പറയാറുണ്ട്. മിതശീതോഷ്‌ണ കാലാവസ്ഥയും കൃത്യമായ രണ്ടു മഴക്കാലങ്ങളും അനുഭവിക്കുന്ന കാര്യമായ പ്രകൃതിദുരന്തങ്ങളും യുദ്ധങ്ങളും സംഘര്‍ഷാവസ്ഥയുമൊന്നുമില്ലാതെ സുഖജീവിതം ശീലിച്ചുപോയ നമുക്കുവേണ്ടിയുള്ള ഒരു മുന്‍കൂര്‍ ജാമ്യമാകാം അത്.

പക്ഷേ അതിന്റെ മറുപുറം ജപ്പാന്‍കാരെ സംബന്ധിച്ചിടത്തോളം തികച്ചും അര്‍ഥവത്താണ്. അച്ചടക്കവും കൃത്യനിഷ്‌ഠയും ചുമതലാബോധവും സാമൂഹിക പ്രതിബദ്ധതയും അവരുടെ രക്തത്തിലോടുന്നു. അതോടൊപ്പം തീവ്രവാദത്തിന്റെ തലത്തിലേക്കുയരുന്ന ദേശസ്‌നേഹവും വംശാഭിമാനവുമാണ് അവരെ രണ്ടാം ലോകമഹായുദ്ധത്തിലേയ്‌ക്കു നയിച്ചത്. പക്ഷേ ലോകയുദ്ധത്തിനുശേഷം തങ്ങളുടെ സ്വഭാവസവിശേഷതകളെ സാമ്പത്തിക-സാങ്കേതിക വികസനത്തിനു വേണ്ടിയാണവര്‍ തിരിച്ചുവിട്ടത്. പാശ്ചാത്യരാജ്യങ്ങളെ അവരുടെ കളിയില്‍ തന്നെ തോല്‍പ്പിച്ചുകൊണ്ടാണവര്‍ ലോകയുദ്ധത്തിലെ പരാജയത്തിനു പകരം വീട്ടിയത്. അതിന്റെ ഭാഗം തന്നെയായിരുന്നു അവരുടെ ആണവ പരിപാടിയും.

അണുബോംബിന്റെ ദുരന്തം ഏറ്റുവാങ്ങിയ ഒരേയൊരു രാജ്യമായ ജപ്പാന്‍ ഊര്‍ജവികസനത്തിനായി ആണവനിലയങ്ങള്‍ തിഞ്ഞെടുത്തത് ഒട്ടൊരു നാടകീയമായ തീരുമാനം ആയിരുന്നു. അണുബോംബിന്റെ ദുരന്തം പോലും തങ്ങളെ തളര്‍ത്തില്ലാ എന്നും ആണവ വൈദ്യുതിരംഗത്തും തങ്ങള്‍ പാശ്ചാത്യശക്തികളെ കവച്ചുവയ്‌ക്കും എന്നുമായിരുന്നു അതിലെ സന്ദേശം. ആ ആവേശത്തിന്റെ സമ്മോഹത്തില്‍ അവര്‍ക്ക് സ്‌മൃതിവിഭ്രമം സംഭവിച്ചുവോ? ഫുകുഷിമ നല്‍കുന്ന അപകടസൂചന അതാണ്.

ഭൂകമ്പവും സുനാമിയും തീര്‍ച്ചയായും ഓര്‍ക്കാപ്പുറത്ത് പ്രകൃതി നല്‍കുന്ന തിരിച്ചടികളാണ്. പക്ഷേ ജപ്പാനെ സംബന്ധിച്ചിടത്തോളം രണ്ടും ഒട്ടും അപ്രതീക്ഷിതങ്ങളല്ല. ചെറുതും വലുതുമായി നൂറു കണക്കിനു ഭൂകമ്പങ്ങളാണ് ഓരോ വര്‍ഷവും ജപ്പാനെ പിടിച്ചുകുലുക്കുന്നത്. അവയില്‍ ചിലവയെങ്കിലും സുനാമികള്‍ക്കും കാരണമാകാറുണ്ട്. അതുകൊണ്ടു തന്നെ ആ രാജ്യത്തെ ആവാസവ്യവസ്ഥയും കെട്ടിടനിര്‍മാണരീതികളും ജീവിതശൈലിയും ജനങ്ങളുടെ ബോധതലം തന്നെയും അതിനനുരൂപമായിട്ടാണ് വളര്‍ന്നുപരിണമിച്ചിട്ടുള്ളത്. ആധുനിക നിര്‍മിതികളെല്ലാം തന്നെ അംബരചുംബികളുള്‍പ്പെടെ ഏതൊരു ഭൂകമ്പത്തെയും ചെറുക്കാന്‍ ശേഷിയുള്ളവയാണ്. എന്നിട്ടും റിക്ടര്‍ സ്‌കെയിലില്‍ 9.0 എന്ന തോതിലെത്തിയ അസാധാരണമായ ഈ ഭൂകമ്പം അഭൂതപൂര്‍വമായ നാശനഷ്ടങ്ങള്‍ വരുത്തി. മറ്റേതെങ്കിലും രാജ്യത്തായിരുന്നെങ്കില്‍ ഉണ്ടാകുമായിരുന്ന ജീവനാശത്തിന്റെ എത്രയോ ചെറിയൊരംശം മാത്രമാണിത് എന്നത് ജപ്പാന്‍കാരുടെ മുന്‍കരുതലുകള്‍ക്കുള്ള പ്രതിഫലമാണ്. അത്രയേ സമാധാനിക്കാനാവൂ.

പക്ഷേ ജപ്പാന്‍കാരുടെ കണക്കൂകൂട്ടലുകളെ ആകെ തെറ്റിച്ചത് അവരുടെ ആണവനിലയത്തിലെ ആഘാതമാണ്. ഭൂകമ്പം ഉണ്ടായപ്പോഴുടന്‍ തന്നെ മുന്‍കരുതലെന്ന നിലയില്‍ ആണവ നിലയങ്ങള്‍ ആട്ടോമാറ്റിക് ആയി ഷട്ട് ഡൗണ്‍ ചെയ്യപ്പെട്ടു. അതായത് ആണവ റിയാക്‌ടറുകളിലെ ശൃംഖലപ്രക്രിയകള്‍ മുറിഞ്ഞു. സാധാരണ ഒരു വൈദ്യുതി നിലയത്തെ സംബന്ധിച്ചിടത്തോളം അതോടെ അപകടസാധ്യത ഇല്ലാതാകുന്നു. ജലവൈദ്യുത നിലയത്തിലേയ്‌ക്കുള്ള നീരൊഴുക്കു നിര്‍ത്തുന്നതുപോലെ; കല്‍ക്കരി/എണ്ണ/വാതക താപനിലയത്തിലെ ഇന്ധന സപ്ലൈ നിലയ്‌ക്കുന്നതുപോലെ.

പക്ഷേ ആണവനിലയത്തിന്റെ ഒരു പ്രത്യേകത മഴ നിന്നാലും മരം പെയ്യുമെന്നതുപോലെ ശൃംഖലാപ്രക്രിയ മുറിച്ച് ആണവ റിയാക്‌ടര്‍ പ്രവര്‍ത്തനരഹിതമാക്കിയാലും അതിന്റെ കാമ്പില്‍ നിന്ന് ആണവവികിരണവും തജ്ജന്യമായ താപവും പിന്നെയും വമ്പിച്ചതോതില്‍ വമിച്ചുകൊണ്ടിരിക്കും എന്നതാണ്. നേരത്തെ കുമിഞ്ഞുകൂടി കഴിഞ്ഞിരിക്കുന്ന വിഖണ്ഡന ശകലങ്ങളില്‍ നിന്ന് വമിച്ചുകൊണ്ടിരിക്കുന്ന വികിരണങ്ങളാണവ. ആ താപം ആവാഹിച്ച് പുറത്തേയ്‌ക്കൊഴുക്കാനുള്ള ശീതീകരണ സംവിധാനം തുടര്‍ന്നും പ്രവര്‍ത്തിച്ചുകൊണ്ടേയിരുന്നില്ലെങ്കില്‍ ആ ചൂട് കുമിഞ്ഞുകൂടി കാമ്പ് ഉരുകുന്ന അവസ്ഥ വരെയെത്താം. ആണവ വിദഗ്ധര്‍ ഏറ്റവും ഭയപ്പെടുന്ന ഈ അവസ്ഥയാണ് കാമ്പ് ഉരുകല്‍ അഥവാ ''മെല്‍റ്റ് ഡൗണ്‍''. ഇതിനാണ് പരമാവധി സംഭവിക്കാവുന്ന അപകടം (maximum credible accident) എന്നു പറയുന്നത്.

ഇത്രത്തോളം ആയാല്‍ പിന്നെ പിടിച്ചാല്‍ കിട്ടില്ല. എന്തെന്നാല്‍ കാമ്പ് ഉരുകി തീക്കട്ടയായ ഈ സാധനത്തില്‍ ചൂട് വരുന്നത് ഉള്ളില്‍ നിന്നാണ്. അതു തണുപ്പിക്കാന്‍ ഒരു വഴിയുമില്ല. ഈ കനല്‍കട്ടയെ താങ്ങുന്നതിനെയെല്ലാം അത് ഉരുക്കിക്കളയും. റിയാക്‌ടറിന്റെ അടിത്തട്ടും ഫൗണ്ടേഷനും അത് സ്റ്റീലായാലും കോണ്‍ക്രീറ്റായാലും ഇത് ഉരുക്കും. അതിനും കീഴോട്ടു താഴും. മണ്ണിലെത്തിയാല്‍ അതിനെയും ഉരുക്കും. അങ്ങനെയങ്ങനെ താഴോട്ട്, താഴോട്ട്... അതിനെയാണ് കുറെ നാള്‍ മുമ്പ് ഇറങ്ങിയ ഒരു ഹോളിവുഡ് സിനിമ ''ചൈന സിന്‍ഡ്രോം'' എന്നു വിളിച്ചത്. അമേരിക്കയില്‍ ഉണ്ടായ ഒരു ആണവ റിയാക്‌ടര്‍ അപകടത്തിലെ ഉരുകിയ കാമ്പ് ഭൂഗര്‍ഭത്തിലൂടെ താഴ്ന്ന് താഴ്ന്ന് ഭൂമിയുടെ മറുഭാഗത്ത് ചൈനയിലെത്താം എന്നതായിരുന്നു അതിശയോക്തിപരമായ ആ സൂചന. (അതിന്റെ മറുപുറം, ചൈനയിലോ ജപ്പാനിലോ ഉണ്ടാകുന്ന ആണവാപകടത്തിലെ ഉരുകിത്താഴുന്ന കാമ്പ് അമേരിക്കയില്‍ പൊങ്ങാം എന്നുമാവാം!)

ജപ്പാന്റെ കിഴക്കേതീരത്ത് ടോക്യോ നഗരത്തില്‍ നിന്നു 240 കിലോമീറ്റര്‍ വടക്ക് സ്ഥിതി ചെയ്യുന്ന ഫുകുഷിമയില്‍ ടോക്യോ ഇലക്‌ട്രിക് കമ്പനി പ്രവര്‍ത്തിപ്പിക്കുന്ന ആറ് ആണവ റിയാക്‌ടറുകള്‍ അടങ്ങിയ ആണവ നിലയമാണുള്ളത്. ഭൂകമ്പത്തിന്റെ ഫലമായി അതിന്റെ ശീതീകരണ സംവിധാനങ്ങളെല്ലാം തകര്‍ന്നു. തത്ഫലമായി ഓട്ടോമാറ്റിക് ഷട്ട്ഡൗണ്‍ ആയ റിയാക്‌ടറുകളിലെപോലും താപനില ക്രമാതീതമായി ഉയര്‍ന്നു. ഇന്ധന ദണ്ഡുകളുടെ താപനില ഉയരുമ്പോള്‍ അവയെ പൊതിയുന്ന സിര്‍ക്കോണിയം അലോയിയും വെളളവും തമ്മില്‍ പ്രതിപ്രവര്‍ത്തിച്ച് ഹൈഡ്രജന്‍ ഉണ്ടാകും. ഹൈഡ്രജനും നീരാവിയും ചേര്‍ന്ന് ഉന്നത മര്‍ദ്ദം സൃഷ്‌ടിക്കുന്ന ഈ അവസ്ഥ സ്‌ഫോടനാത്മകമാണ്.

ഫുകുഷിമയിലെ ഒന്നാം യൂണിറ്റ് ആദ്യംതന്നെ സ്‌ഫോടനത്തില്‍ തകര്‍ന്നു. കാമ്പിനകത്ത് ഭാഗികമായ ഉരുകല്‍ ഉണ്ടായിട്ടുണ്ട് എന്നാണ് സംശയിക്കപ്പെടുന്നത്. മൂന്നാം യൂണിറ്റിലും സമാനമായ സ്ഥിതിവിശേഷം ഉണ്ടായി. മൂന്നാം ദിവസം ആ യൂണിറ്റിലും സ്‌ഫോടനം ഉണ്ടായി. ബാഹ്യമായ ശീതീകരണത്തിനുളള ശ്രമങ്ങള്‍ വിജയിക്കുന്നില്ല എന്നാണ് ഇതു കാണിക്കുന്നത്. രണ്ടു റിയാക്‌ടറുകളിലും ഭാഗികമായ 'കാമ്പ് ഉരുക്കം' ഉണ്ടായിട്ടുണ്ടാകാം. അതിന്റെ ഗൗരവം ഇനിയും അറിയില്ല. കാമ്പുകള്‍ പൊട്ടിത്തെറിച്ചിട്ടില്ല എന്നാണ് അധികൃതര്‍ പറയുന്നത്. എങ്കിലും വികിരണ ചോര്‍ച്ച ഉണ്ടായി എന്നത് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. സ്ഥിതിഗതികള്‍ ഇനിയും നിയന്ത്രണാധീനമായി കഴിഞ്ഞിട്ടില്ലാത്തതിനാല്‍ ഇത് എത്രത്തോളം പോകാം എന്നു പറയാനായിട്ടില്ല.

ജപ്പാന്റെ സവിശേഷമായ ഭൂമിശാസ്‌ത്രവും ഭൂകമ്പ സാധ്യതയും സുനാമിയും എല്ലാം കാരണങ്ങളാണെങ്കിലും ആണവ നിലയങ്ങളുടെ അന്തര്‍ഹിതമായ അപകട സാധ്യതയാണ് ഈ ദുരന്തവും നമ്മെ ഓര്‍മിപ്പിക്കുന്നത്. അമേരിക്കയിലെ ത്രീമൈല്‍ ഐലണ്ടിലാണ് ആദ്യത്തെ വന്‍കിട അപകടം ഉണ്ടായത്. 1979 ല്‍ അവിടെ കാമ്പുരുകല്‍ പൊട്ടിത്തെറി ആരുടേയോ ഭാഗ്യം കൊണ്ടു മാത്രമാണ് ഒഴിവായത്. കേമത്തം കൊണ്ടല്ല എന്നാണ് അതേപ്പറ്റി അന്വേഷിച്ച കോണ്‍ഗ്രഷണല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടത്. രണ്ടാമത്തെ വന്‍കിട അപകടം സോവിയറ്റു യൂണിയനിലെ ചെര്‍ണോബിലില്‍, കൃത്യം 25 വര്‍ഷങ്ങള്‍ക്കു മുമ്പ്. അന്ന് അവിടെ നിന്നും ഒഴിപ്പിക്കപ്പെട്ട ഒരു ലക്ഷത്തിലധികം അഭയാര്‍ഥികള്‍ക്ക് ഇപ്പോഴും തിരിച്ചുപോകാന്‍ കഴിഞ്ഞിട്ടില്ല. ലക്ഷക്കണക്കിനു ഹെക്ടര്‍ കൃഷി ഭൂമി ഇന്നും ചാവുഭൂമിയായി കിടക്കുകയാണ്.

ത്രീമൈല്‍ ഐലണ്ടിലെയും ചെര്‍ണോബിലിലെയും ഫുകുഷിമയിലെയും അപകടങ്ങള്‍ വ്യത്യസ്‌തമായിരുന്നു. കാരണങ്ങള്‍ പലവിധം, അതങ്ങനെയാണ്. ആണവ റിയാക്‌ടറുകള്‍ക്ക് ആന്തരികമായ അപകടാവസ്ഥ ഉണ്ടെങ്കില്‍ അതിനു തീകൊടുക്കുന്ന തീപ്പൊരി പലതാകാം. മാനുഷിക വീഴ്‌ച, യന്ത്രത്തകരാറ്, അട്ടിമറി, ഭീകരപ്രവര്‍ത്തനം, യുദ്ധക്കെടുതി, പ്രകൃതി ദുരന്തം അങ്ങനെ പല കാരണങ്ങള്‍ മൂലവും ആകാം. ഇത് ഏത് യന്ത്രവ്യൂഹത്തെ സംബന്ധിച്ചും ശരിയാണ്. റോഡപകടം, തീവണ്ടി അപകടം, വിമാന അപകടം... പക്ഷേ ആണവ ദുരന്തത്തിന്റെ തനതു ഭീകരത അതിന്റെ ആഘാതം താങ്ങാനാവാത്തവിധം കനത്തതാണെന്നതത്രേ. സോവിയറ്റു യൂണിയനെപ്പോലെ മഹത്തായ ഒരു രാഷ്ട്രത്തെപ്പോലും അതു മുട്ടുകുത്തിച്ചു. ജപ്പാനിലുണ്ടാകാന്‍ പോകുന്ന ആഘാതം കാണാന്‍ പോകുന്നതേയുള്ളൂ. രണ്ടു ലക്ഷത്തിലധികം പേരെ ഇതിനകം തന്നെ അപകട മേഖലയില്‍ നിന്നുമാറ്റിപാര്‍പ്പിച്ചു കഴിഞ്ഞു.

ഇതില്‍ നിന്ന് ഇന്ത്യ പഠിക്കേണ്ട പാഠം എന്താണ്? അപകടം മറ്റു രാജ്യങ്ങളില്‍ ഉണ്ടായേക്കാം, പക്ഷേ ഇന്ത്യയില്‍ ഉണ്ടാവില്ല; എന്ന നിലപാട് ശാസ്‌ത്രീയമാണോ? അപകടം ഉണ്ടായാല്‍ കമ്പനിയും റിയാക്‌ടര്‍ വിറ്റവരും ഇന്‍ഷ്വറന്‍സുകാരും നല്‍കേണ്ട നഷ്‌ടപരിഹാരം പരിമിതപ്പെടുത്തിക്കൊണ്ട് ഇന്ത്യാ സര്‍ക്കാര്‍ നിയമം പാസാക്കിയതിന്റെ ഗുട്ടന്‍സ് ഇവിടെയാണ്. അപകടം ഉണ്ടാവില്ല എന്നൊന്നും ഉറപ്പു പറയാനാവില്ല. പക്ഷേ അപകടം ഉണ്ടായാലും നമുക്ക് റിയാക്‌ടര്‍ വില്‍ക്കുന്ന വിദേശ കമ്പനിക്കും അത് ഇന്‍ഷ്വര്‍ ചെയ്യുന്ന കമ്പനിക്കും നഷ്‌ടം വരരുത്! നമ്മുടെ സര്‍ക്കാരിന്റെ കൂറ് ജനങ്ങളോടാണോ വിദേശ യജമാനന്‍മാരോടാണോ എന്നതിന്റെ സൂചനയാണീ നിയമം എന്ന് അന്നേതന്നേ പലരും ചൂണ്ടിക്കാണിച്ചിരുന്നു. ഇന്ന് അത് ഒരു സാങ്കല്‍പിക പ്രശ്‌നം എന്നതില്‍ നിന്ന് നമ്മെ തുറിച്ചുനോക്കുന്ന യാഥാര്‍ഥ്യം ആയിക്കൊണ്ടിരിക്കയാണ്.

ആണവ റിയാക്‌ടറുകളുടെ അപകട സാധ്യത മാത്രമല്ല പ്രശ്‌നം; അവയുടെ ആയുസെത്തുമ്പോള്‍ സംസ്‌കരിക്കാനോ അതില്‍ നിന്നുണ്ടാകുന്ന വികിരണ മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യാനോ ഉള്ള തൃപ്‌തികരമായ ഒരു പോംവഴിയും ഇന്നും കണ്ടെത്തിയിട്ടില്ല. അതെല്ലാം ഭാവി തലമുറകള്‍ക്കു വിടുകയാണു നാം. ഊര്‍ജമെല്ലാം നമുക്കും അതിന്റെ തലവേദനയെല്ലാം നമ്മുടെ കുട്ടികള്‍ക്കും!

മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ ദേശീയ ഊര്‍ജ സുരക്ഷയുടെ പ്രതീകമായിട്ടാണ് ആണവകരാറിനെയും തുടര്‍ന്ന് വന്‍തോതിലുളള ആണവ റിയാക്‌ടര്‍ ഇറക്കുമതിയെയും അവതരിപ്പിച്ചിട്ടുള്ളത്. ഇത് സാങ്കേതികമായും സാമ്പത്തികമായും പ്രായോഗികമായും തലതിരിഞ്ഞ തീരുമാനമാണ് എന്നു പറഞ്ഞപ്പോള്‍ ബോധ്യമാകാതിരുന്ന ജനങ്ങളുടെ കണ്ണു തുറപ്പിക്കാന്‍ ഈ പുതിയ ദുരന്തം നല്‍കുന്ന മുന്നറിയിപ്പെങ്കിലും സഹായകമായെങ്കില്‍!


*****



ആര്‍ വി ജി മേനോന്‍, കടപ്പാട് : ജനയുഗം

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഇതില്‍ നിന്ന് ഇന്ത്യ പഠിക്കേണ്ട പാഠം എന്താണ്? അപകടം മറ്റു രാജ്യങ്ങളില്‍ ഉണ്ടായേക്കാം, പക്ഷേ ഇന്ത്യയില്‍ ഉണ്ടാവില്ല; എന്ന നിലപാട് ശാസ്‌ത്രീയമാണോ? അപകടം ഉണ്ടായാല്‍ കമ്പനിയും റിയാക്‌ടര്‍ വിറ്റവരും ഇന്‍ഷ്വറന്‍സുകാരും നല്‍കേണ്ട നഷ്‌ടപരിഹാരം പരിമിതപ്പെടുത്തിക്കൊണ്ട് ഇന്ത്യാ സര്‍ക്കാര്‍ നിയമം പാസാക്കിയതിന്റെ ഗുട്ടന്‍സ് ഇവിടെയാണ്. അപകടം ഉണ്ടാവില്ല എന്നൊന്നും ഉറപ്പു പറയാനാവില്ല. പക്ഷേ അപകടം ഉണ്ടായാലും നമുക്ക് റിയാക്‌ടര്‍ വില്‍ക്കുന്ന വിദേശ കമ്പനിക്കും അത് ഇന്‍ഷ്വര്‍ ചെയ്യുന്ന കമ്പനിക്കും നഷ്‌ടം വരരുത്! നമ്മുടെ സര്‍ക്കാരിന്റെ കൂറ് ജനങ്ങളോടാണോ വിദേശ യജമാനന്‍മാരോടാണോ എന്നതിന്റെ സൂചനയാണീ നിയമം എന്ന് അന്നേതന്നേ പലരും ചൂണ്ടിക്കാണിച്ചിരുന്നു. ഇന്ന് അത് ഒരു സാങ്കല്‍പിക പ്രശ്‌നം എന്നതില്‍ നിന്ന് നമ്മെ തുറിച്ചുനോക്കുന്ന യാഥാര്‍ഥ്യം ആയിക്കൊണ്ടിരിക്കയാണ്.

ആണവ റിയാക്‌ടറുകളുടെ അപകട സാധ്യത മാത്രമല്ല പ്രശ്‌നം; അവയുടെ ആയുസെത്തുമ്പോള്‍ സംസ്‌കരിക്കാനോ അതില്‍ നിന്നുണ്ടാകുന്ന വികിരണ മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യാനോ ഉള്ള തൃപ്‌തികരമായ ഒരു പോംവഴിയും ഇന്നും കണ്ടെത്തിയിട്ടില്ല. അതെല്ലാം ഭാവി തലമുറകള്‍ക്കു വിടുകയാണു നാം. ഊര്‍ജമെല്ലാം നമുക്കും അതിന്റെ തലവേദനയെല്ലാം നമ്മുടെ കുട്ടികള്‍ക്കും!

മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ ദേശീയ ഊര്‍ജ സുരക്ഷയുടെ പ്രതീകമായിട്ടാണ് ആണവകരാറിനെയും തുടര്‍ന്ന് വന്‍തോതിലുളള ആണവ റിയാക്‌ടര്‍ ഇറക്കുമതിയെയും അവതരിപ്പിച്ചിട്ടുള്ളത്. ഇത് സാങ്കേതികമായും സാമ്പത്തികമായും പ്രായോഗികമായും തലതിരിഞ്ഞ തീരുമാനമാണ് എന്നു പറഞ്ഞപ്പോള്‍ ബോധ്യമാകാതിരുന്ന ജനങ്ങളുടെ കണ്ണു തുറപ്പിക്കാന്‍ ഈ പുതിയ ദുരന്തം നല്‍കുന്ന മുന്നറിയിപ്പെങ്കിലും സഹായകമായെങ്കില്‍!