Thursday, April 14, 2011

വിലക്കയറ്റം തലവിധിയോ?

2011ലെ ഓസ്കര്‍ അവാര്‍ഡിന് ഇന്ത്യയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏക ചിത്രമാണ് 'പീപ്ളി ലിവ്' (Peepli live). കര്‍ഷക ആത്മഹത്യ മുഖ്യപ്രമേയമാക്കി അമീര്‍ഖാന്‍ നിര്‍മിച്ച് അനുഷ റിസ്വി സംവിധാനംചെയ്ത ഈ ഹിന്ദി ചിത്രത്തില്‍ അതിമനോഹരമായ ഒരു ഗാനമുണ്ട്. വിലയക്കറ്റംകൊണ്ട് പൊറുതിമുട്ടുന്ന വീട്ടമ്മ കൂട്ടുകാരിയുമായി ജീവിതവ്യഥകള്‍ പങ്കുവയ്ക്കുകയാണ്. അവള്‍ പറയുന്നു 'സുഹൃത്തെ, നിനക്കറിയാമല്ലോ എന്റെ ഭര്‍ത്താവിന് നല്ല ജോലിയുണ്ട്- ഉയര്‍ന്ന വേതനമുണ്ട്... എന്നാല്‍ എന്തു കാര്യം? വിലക്കയറ്റം എന്ന ദുര്‍മന്ത്രവാദിനി എല്ലാം തിന്നൊടുക്കുന്നു. ഓരോ മാസവും പെട്രോള്‍ വില ഉയരുന്നു. ഡീസല്‍ ഉരുളുന്നു... പഞ്ചസാര കയ്ക്കുന്നു.. നെന്മണി പാറുന്നു... കയ്യെത്താദൂരത്തേക്ക്. വിലക്കയറ്റം... വിലക്കയറ്റം ആ ദുര്‍മന്ത്രവാദിനി എല്ലാ തകരാറിലാക്കുന്നു...!'' ഇത് വെറും സിനിമാപ്പാട്ടല്ല. ഇത്തിരി വട്ടത്തില്‍ തളച്ചിടപ്പെട്ട ഒരു യുവതിയുടെ ആത്മഗതവുമല്ല. പണപ്പെരുപ്പവും വിലക്കയറ്റവും സൃഷ്ടിച്ച മരണക്കയത്തില്‍ വീണ് ശ്വാസംമുട്ടി കരയുന്ന ഒരു ജനതയുടെ ആത്മരോഷമാണ്.

ഒറ്റവര്‍ഷത്തെ ഇടവേളയില്‍ രണ്ടും മൂന്നും ഇരട്ടിയായാണ് ഉല്‍പ്പന്നവില വര്‍ധിച്ചത്. ഉള്ളിയുടെയും തക്കാളിയുടെയും സവാളയുടെയും കാര്യത്തില്‍ പലതവണ റെക്കോഡുകള്‍ തിരുത്തപ്പെട്ടു. ജനസംഖ്യയില്‍ മൂന്നില്‍രണ്ട് ഭാഗത്തിന്റെയും പ്രതിദിന വരുമാനം ഇരുപതുരൂപയില്‍ കുറവുള്ള നാട്ടിലാണ് വില ആകാശംമുട്ടെ ഉയരുന്നത്. വീട്ടമ്മമാര്‍ എങ്ങനെ പ്രതിഷേധിക്കാതിരിക്കും?

ജനുവരി ആദ്യം ഇറക്കുമതി ഉദാരമാക്കിയപ്പോള്‍ ഉള്ളിവിലയില്‍ അല്‍പ്പം കുറവുണ്ടായി. ഉടന്‍ വന്നു യുപിഎ വക്താവിന്റെ പ്രതികരണം... 'വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ യുപിഎ സര്‍ക്കാര്‍ വിജയിച്ചിരിക്കുന്നു?' പെട്രോള്‍ വില ഉയര്‍ന്നതും സിമന്റിന്റെ വില വര്‍ധിച്ചതും വക്താവ് പരിഗണിച്ചേയില്ല. ഒരാഴ്ച കഴിഞ്ഞപ്പോള്‍ ചിത്രം പാടെ മാറി. പഴയ സൂചികകള്‍ പുതുവസ്ത്രം ധരിച്ച് ഊറിച്ചിരിച്ചു. ജനം അടക്കം പറഞ്ഞു. 'വില കുറഞ്ഞിട്ടില്ല'. അപ്പോള്‍ പ്രധാനമന്ത്രി രംഗത്തുവന്നു, പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു: 'വിലക്കയറ്റം നിയന്ത്രിക്കാന്‍ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. കാരണം അത് വളര്‍ച്ചയെ ബാധിക്കും'. ചാക്കിലെ പൂച്ച വെളിയില്‍ ചാടി! ജനം അന്തിച്ചുനിന്നു. അവര്‍ സ്വയം ചോദിച്ചു: 'വിലക്കയറ്റത്തേക്കാള്‍ പ്രധാനമാണോ വളര്‍ച്ച?' ഉത്തരം പറഞ്ഞത് പ്ളാനിങ് കമീഷന്‍ വൈസ് ചെയര്‍മാന്‍ മൊണ്ടെക് സിങ് അലുവാലിയ. 'വളര്‍ച്ചയ്ക്ക് ജനം നല്‍കേണ്ട വിലയാണ് വിലക്കയറ്റം'. ആരുടെ വളര്‍ച്ച എന്നാരും ചോദിച്ചില്ല. കാരണം അതെല്ലാവര്‍ക്കും വ്യക്തമായിരുന്നുവല്ലോ. എങ്കിലും ഉത്തരം കിട്ടാത്ത ഒരു ചോദ്യം മാത്രം എല്ലാവരുടെയും നാവിന്‍തുമ്പില്‍ ഉടക്കിക്കിടക്കുന്നു. 'ഇന്ത്യയിലെ ധനാഢ്യന്മാരുടെയും കോര്‍പറേറ്റ് മാഫിയയുടെയും ബൂര്‍ഷ്വാ ജന്മി ഭൂപ്രഭുത്വത്തിന്റെയും വളര്‍ച്ചയ്ക്ക് ഉടുതുണിക്ക്, മറുതുണിയില്ലാത്ത ഇന്ത്യയിലെ പാവപ്പെട്ട ജനം എന്തിന് പിഴ മൂളണം?'

സര്‍ക്കാരിന്റെ പിടിപ്പുകേടിനേക്കാള്‍ ജനങ്ങളുടെ കൊള്ളരുതായ്മയാണ് വിലക്കയറ്റത്തിനു കാരണം എന്ന് വരുത്തിത്തീര്‍ക്കാന്‍ യുപിഎയെ പിന്തുണയ്ക്കുന്ന ഒരുകൂട്ടം കുത്തകമാധ്യമങ്ങള്‍ പാടുപെടുകയാണ്. അവരുടെ കാഴ്ചപ്പാടില്‍ സമൂഹത്തില്‍ വളര്‍ന്നുവരുന്ന സുഖതൃഷ്ണയും അത്യാര്‍ത്തിയും ഉപഭോഗപരതയുമാണ് നാടിനെ വിലക്കയറ്റത്തിലേക്ക് തള്ളിയിട്ടത്. തൊഴിലുറപ്പു പദ്ധതിയിലൂടെ കൂടുതല്‍ വരുമാനം നേടിയ തൊഴിലാളികളും ഇടത്തരക്കാരും ഭക്ഷ്യവസ്തുക്കള്‍ അമിതമായി തിന്നുകൂട്ടിയതാണ് വിലക്കയറ്റം രൂക്ഷമാക്കിയത് എന്നൊരു പരിപ്രേക്ഷ്യമാണ് അവര്‍ മുന്നോട്ടുവയ്ക്കുന്നത്. ഇത് ആടിനെ പട്ടിയാക്കുന്ന വാദഗതിയാണ്. വിലക്കയറ്റത്തിന് ചൂട്ടുപിടിക്കുന്നവര്‍ കോര്‍പറേറ്റുകളും കരിഞ്ചന്തക്കാരും, ഭൂസ്വാമിമാരുമടങ്ങുന്ന വന്‍കിട ലോബിയാണെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? ഇതിനുപകരം സമൂഹത്തിലെ നിസ്വനെയും ദളിതനെയും പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ശ്രമം അപലപനീയമാണ്.

ഏതാനും വര്‍ഷങ്ങളായി വിലക്കയറ്റ നിയന്ത്രണത്തെ സംബന്ധിച്ച് കേന്ദ്രതലത്തില്‍ നടത്തിയ പ്രവചനങ്ങള്‍ക്കും പ്രഖ്യാപനങ്ങള്‍ക്കും കൈയും കണക്കുമില്ല. എന്നാല്‍, വഞ്ചി ഇപ്പോഴും തിരുനക്കരതന്നെ. 2010 ഫെബ്രുവരിയില്‍ മുഖ്യമന്ത്രിമാരുടെ ദ്വിദിന കോൺഫറന്‍സ് ഉദ്ഘാടനംചെയ്ത് പ്രധാനമന്ത്രി പറഞ്ഞത് വിലക്കയറ്റത്തിന്റെയും പണപ്പെരുപ്പത്തിന്റെയും ഏറ്റവും മോശമായ നാളുകള്‍ രാഷ്ട്രം പിന്നിട്ടുകഴിഞ്ഞുവെന്നാണ്. കൃത്യം ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ അതേ പ്രധാനമന്ത്രി 2011ലെ ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്ത് പറഞ്ഞത് രാജ്യത്ത് വിലക്കയറ്റം കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നുവെന്നാണ്. 2010 നവംബറില്‍ മൊത്ത വിലസൂചിക അല്‍പ്പം താണപ്പോള്‍ യുപിഎ സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവ് കൌശിക് ബസു പറഞ്ഞത് വിലക്കയറ്റം നിയന്ത്രിക്കാനുള്ള യുപിഎ സര്‍ക്കാരിന്റെ നടപടികള്‍ ലക്ഷ്യം കണ്ടു എന്നാണ്. എന്ത് നടപടികള്‍ എന്ന് അദ്ദേഹം വ്യക്തമാക്കിയില്ല എന്നത് മറ്റൊരു കാര്യം.

എന്നാല്‍, എന്താണ് സംഭവിച്ചത്? 2010 ഡിസംബറില്‍ മൊത്ത വിലസൂചിക അനുസരിച്ചുള്ള വിലക്കയറ്റം 9.54 ശതമാനമായും ഭക്ഷ്യവസ്തു വിലക്കയറ്റം 17.05 ശതമാനമായും ഉയര്‍ന്നു. വിലക്കയറ്റത്തിന്റെ തീക്കാറ്റില്‍ ജനം എരിപൊരി കൊള്ളുമ്പോഴായിരുന്നു അടുത്ത പ്രഖ്യാപനം വന്നത്. ഇത്തവണ പ്ളാനിങ് കമീഷന്‍ വൈസ് ചെയര്‍മാന്‍ മൊണ്ടെക് സിങ് അലുവാലിയയാണ് കവടിനിരത്തിയത്. 'ഭക്ഷ്യവസ്തു വിലക്കയറ്റം ഫെബ്രുവരിയോടെ പരിസമാപ്തിയിലെത്തും. എന്നാല്‍, എന്താണ് യഥാര്‍ഥത്തില്‍ സംഭവിക്കാന്‍പോകുന്നത്? വിലക്കയറ്റം ഇനിയും രൂക്ഷമാകും. സഹനത്തിന്റെ എല്ലാ സീമകളും ലംഘിച്ച് വിലക്കയറ്റം ദരിദ്രജീവിതങ്ങളെ തകിടംമറിക്കും. പ്രത്യേകിച്ച് അറബ് രാജ്യങ്ങളില്‍ നിലവിലുള്ള സംഘര്‍ഷം ഇന്ധനവിലയില്‍ കുതിപ്പുണ്ടാക്കും. വരുംനാളുകളില്‍ വിലകള്‍ ഇനിയും ഉയരാനാണ് സാധ്യത. വിലക്കയറ്റത്തിന്റെ പൂരം വരാനിരിക്കുന്നതേയുള്ളൂ.

വിലക്കയറ്റത്തിന്റെ പൊള്ളുന്ന ചൂട് ജനങ്ങളില്‍നിന്നും മറച്ചുപിടിച്ച് അവരെ കബളിപ്പിച്ച് കൂടെനിര്‍ത്താനുള്ള അടവുതന്ത്രങ്ങളാണ് ഇന്ത്യ ഭരിച്ച ബൂര്‍ഷ്വാ മുതലാളിത്ത സര്‍ക്കാരുകള്‍ എക്കാലവും പ്രയോഗിച്ചിട്ടുള്ളത്. മന്‍മോഹന്‍സിങ് സര്‍ക്കാരും ഇതില്‍നിന്ന് വ്യത്യസ്തമല്ല. ഇന്ത്യയില്‍ മൊത്ത വിലസൂചികയെ അടിസ്ഥാനമാക്കിയാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വിലക്കയറ്റം കണക്കാക്കുന്നത്. ഇതിന്റെ യുക്തിപരത പരക്കെ ചോദ്യംചെയ്യപ്പെട്ടിട്ടുണ്ട്. 435 ചരക്കുകളുടെ മൊത്തവിലയില്‍ വരുന്ന വ്യത്യാസങ്ങളാണ് സൂചിക കണക്കിലെടുക്കുന്നത്. എന്നാല്‍, യഥാര്‍ഥത്തില്‍ ഉപയോക്താവിനെ ബാധിക്കുന്നത് ചില്ലറവിലയില്‍ വരുന്ന വ്യത്യാസമാണ്. മാത്രമല്ല മൊത്ത വിലസൂചികയുടെ വ്യുല്‍പ്പാദനത്തില്‍ ഭക്ഷ്യവസ്തുക്കളുടെ സംഭാവന വെറും 14 ശതമാനം മാത്രമാണ്. എന്നാല്‍, ഇന്ത്യയിലെ ഒരു സാധാരണ കുടുംബം വരുമാനത്തിന്റെ പകുതിയിലധികം ചെലവിടുന്നത് ഭക്ഷ്യവസ്തുക്കളുടെ ഉപഭോഗത്തിനാണ്.

മൊത്ത വിലസൂചികയുടെ മറ്റൊരു ദോഷം രാജ്യത്തിന്റെ മൊത്തവരുമാനത്തില്‍ 55 ശതമാനത്തോളം സംഭാവനചെയ്യുന്ന സേവനമേഖലയെ അത് പാടെ ഒഴിവാക്കുന്നു എന്ന വസ്തുതയാണ്. കുട്ടികളുടെ വിദ്യാഭ്യാസച്ചെലവും ആശുപത്രിച്ചെലവും കണക്കിലെടുക്കാതെ തയ്യാറാക്കുന്ന ആയ-വ്യയ കണക്കുകള്‍ക്ക് ആധുനികസമൂഹത്തില്‍ എന്താണ് പ്രസക്തി? മൊത്ത വിലസൂചിക വിലക്കയറ്റത്തിന്റെ ശിഥിലമായ ചിത്രമാണ്, വെറും കൊട്ടക്കണക്കാണ്, നമുക്ക് നല്‍കുന്നത്. സാധാരണക്കാരന്റെ ജീവിതത്തില്‍ വിലക്കയറ്റം സൃഷ്ടിക്കുന്ന ആഘാതത്തിന്റെ ആഴം അളന്നെടുക്കുന്നതിന് അതുപകരിക്കുന്നില്ല. വൈകിയാണെങ്കിലും ഇന്ത്യാ ഗവൺമെന്റ് ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞു എന്നതിന്റെ തെളിവാണ് 2011 ഫെബ്രുവരി 18ന് കേന്ദ്ര സ്റാറ്റിസ്റിക്സ് വകുപ്പ് പുറത്തിറക്കിയ പുതിയ ഉപഭോക്തൃ വിലസൂചിക. അശാസ്ത്രീയവും കാലഹരണപ്പെട്ടതുമായ സാമ്പത്തികമാപന സമ്പ്രദായത്തിനെതിരെ പാര്‍ലമെന്റില്‍ ഇടതുപക്ഷം ഉയര്‍ത്തിയ ശക്തമായ പ്രതിഷേധത്തിന്റെ പരിണതഫലമാണിത്.

പുതിയ ബജറ്റില്‍ വിലക്കയറ്റം നിയന്ത്രിക്കാനുതകുന്ന നിരവധി കര്‍മപരിപാടികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് യുപിഎ നേതാക്കള്‍ പ്രചരിപ്പിക്കുന്നത്. ഇത് ആടിനെ പട്ടിയാക്കുന്ന വാദഗതിയാണ്. സാമ്പത്തിക ഉദാരവല്‍ക്കരണത്തിന്റെ പരിപ്രേക്ഷ്യത്തില്‍നിന്നുകൊണ്ട് തയ്യാറാക്കിയ ബജറ്റ് ഇന്ത്യയിലെ സ്വകാര്യ കോര്‍പറേറ്റുകളെ മാത്രമല്ല, വിദേശ കോര്‍പറേറ്റുകളെയും പിന്തുണയ്ക്കുന്നു. പ്രത്യക്ഷ വിദേശ മൂലധനം സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ കുത്തകഭീമന്മാര്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ സര്‍വാധിപത്യമൊരുക്കുകയാണ് പുതിയ ബജറ്റിലൂടെ യുപിഎ സര്‍ക്കാര്‍ ചെയ്യുന്നത്. പെട്രോളിന്റെ കാര്യത്തിലെന്നപോലെ ഡീസലിന്റെ കാര്യത്തിലും വിലനിര്‍ണയാവകാശം എണ്ണക്കമ്പനികള്‍ക്ക് നല്‍കാന്‍ മന്ത്രിസഭാതലത്തില്‍ താമസിയാതെ തീരുമാനമെടുത്തേക്കും. അതുപോലെ വളം, ഊര്‍ജം, ഭക്ഷ്യവസ്തുക്കള്‍ എന്നിവയ്ക്ക് നല്‍കുന്ന സബ്സിഡി ഇനത്തില്‍ 20,000 കോടി രൂപയുടെ വെട്ടിക്കുറവുവരുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് അവതരിപ്പിച്ച ബജറ്റായതിനാല്‍ പ്രത്യക്ഷ നികുതി ഒഴിവാക്കിയല്ലെങ്കിലും പരോക്ഷനികുതി ഈടാക്കാന്‍ ബജറ്റില്‍ നിര്‍ദേശമുണ്ട്.

ഇന്ത്യന്‍ കാര്‍ഷികമേഖലയും ചെറുകിട വ്യാപാരമേഖലയും കോര്‍പറേറ്റുകള്‍ക്ക് നിര്‍ബാധം തുറന്നുകൊടുക്കാനാണ് യുപിഎ സര്‍ക്കാര്‍ നീക്കം നടത്തുന്നത്. ഇന്ത്യന്‍ ചെറുകിട ഭക്ഷ്യോല്‍പന്ന വ്യാപാരമേഖലയുടെ 60 ശതമാനത്തോളം സ്വദേശി കുത്തകകള്‍ കൈയടക്കിക്കഴിഞ്ഞു. പല ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലും കുത്തകകളുടെ ചൌച്ചലുകള്‍ ആരംഭിച്ചുകഴിഞ്ഞു. വിളവെടുപ്പിന് ആഴ്ചകള്‍ക്കും മാസങ്ങള്‍ക്കും മുമ്പുതന്നെ സ്വകാര്യ ഏജന്‍സികള്‍ കര്‍ഷകനെ സമീപിക്കും. മുന്‍കൂര്‍ കരാറെഴുതി ഉല്‍പ്പന്നം വിലയ്ക്കുവാങ്ങുന്നു. വിത്തിറക്കുമ്പോള്‍തന്നെ ലേലം ഉറപ്പിക്കുന്ന ഏജന്‍സികളുമുണ്ട്. കരാറിന്റെ കാലാവധി പൂര്‍ത്തിയാകുന്നതിനുമുമ്പുതന്നെ ഉല്‍പ്പന്നത്തിന്റെ വിലനിലവാരവും കമ്പോളത്തിന്റെ സവിശേഷതയും കണക്കിലെടുത്ത് കരാറിന്റെ ഉടമസ്ഥാവകാശം മറ്റൊരാള്‍ക്കോ ഏജന്‍സിക്കോ കൈമാറ്റംചെയ്യാനും കരാറില്‍ വ്യവസ്ഥയുണ്ടാകും. ഓരോ കൈമാറ്റവും ഉല്‍പ്പന്നവില വര്‍ധിപ്പിക്കുന്നു.

യുപിഎ സര്‍ക്കാരിന്റെ സുഖസമൃദ്ധിയില്‍ ഇന്ത്യയില്‍ അവധിവ്യാപാരവും ഊഹക്കച്ചവടവും തഴച്ചുവളരുകയാണ്. കൃഷിക്കാരന്റെ പിറകെ ഊഹക്കച്ചവടക്കാര്‍ ഓടിനടക്കുന്നത് ഇന്ത്യന്‍ ഗ്രാമങ്ങളിലെ പതിവു ദൃശ്യമാണ്. വിലക്കയറ്റത്തിനു കാരണം ഊഹക്കച്ചവടമാണെന്ന് ലോകബാങ്ക് റിപ്പോര്‍ട്ടുതന്നെ അടിവരയിട്ടുപറയുന്നു. എന്നാല്‍, അതിനെതിരെ ചൂണ്ടുവിരല്‍ ഉയര്‍ത്താന്‍പോലും ബജറ്റില്‍ നിര്‍ദേശമില്ല. വിലക്കയറ്റത്തിന്റെ പ്രയോജനം കൈയാളുന്നത് കൃഷിക്കാരല്ല. വ്യാപാരികളും ഇടത്തട്ടുകാരുമാണ്. ഔട്ട്ലുക്ക് വാരിക പ്രസിദ്ധീകരിച്ച ഒരു സര്‍വേ പഠനത്തില്‍ കൃഷിക്കാരന്‍ കിലോവിന് അഞ്ചുരൂപയ്ക്ക് വില്‍ക്കുന്ന ഒരു കിലോ തക്കാളി മൊത്തവ്യാപാരി ഏഴുമുതല്‍ പത്തുരൂപയ്ക്കു ചില്ലറവ്യാപാരിക്കും അയാൾ 20 മുതൽ 25 രൂപയ്‌ക്ക് ഉപഭോക്താവിനും വിൽക്കുന്നതായി നിരീക്ഷിക്കുകയുണ്ടായി. ഇത്തരം പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാനോ യുക്തിഭദ്രവും കാര്യക്ഷമവുമായ ഒരു വിലനിയന്ത്രണ സംവിധാനം ചിട്ടപ്പെടുത്താനോ ഒരു വിധ നിർദ്ദേശവും ബജറ്റ് മുന്നോട്ട് വയ്‌ക്കുന്നില്ല.

വിമർശനങ്ങളുടെ മുനയൊടിക്കാൻ കാലാവസ്ഥയെ കൂട്ടുപിടിക്കാനും ചില കേന്ദ്രങ്ങൾ ശ്രമിക്കുകയുണ്ടായി. മഹാരാഷ്‌ട്രയിലും ഗുജറാത്തിലും കാലം തെറ്റി പെയ്ത മഴയാണ് ഉള്ളിയുടെയും തക്കാളിയുടെയും വിലവർദ്ധനയ്‌ക്ക് കാരണം എന്നവർ വ്യാപകമായി പ്രചരണം നടത്തി. എന്നാൽ എന്താണ് വാസ്‌തവം? കാലാവസ്‌ഥയെ സംബന്ധിച്ച് ഒരു പ്രത്യേകതയും അവകാശപ്പെടാനില്ലാത്ത വർഷമാണ് 2010. ഇത്തരക്കാർ വിലക്കയറ്റം ജനങ്ങളുടെ തലവിധിയാണ് എന്നൊരു സിദ്ധാന്തം നാളെ മുന്നോട്ട് വച്ചാലും അത്ഭുതപ്പെടാനില്ല. ഒരു കാര്യം സുവ്യക്തമാണ്. വിലക്കയറ്റം നിയന്ത്രിക്കുന്നത് യാദൃച്ഛിക ഘടകങ്ങളല്ല. ഭരണകൂടത്തിന്റെ ശക്തമായ ഇടപെടലില്ലാതെ വിലക്കയറ്റം പിടിച്ചു നിറുത്തുക അസാദ്ധ്യമാണ്. പൂഴ്‌ത്തിവയ്‌പുകാരെയും കരിഞ്ചന്തക്കാരെയും അടുത്ത വിളക്കുകാലിൽ കെട്ടിത്തൂക്കുമെന്ന് പറഞ്ഞ ജവഹർലാൽ നെഹ്രുവിന്റെ കോൺ‌ഗ്രസ് തന്നെയാണ് ഇപ്പോഴും ഇന്ത്യ ഭരിക്കുന്നത്. എന്നിട്ടും കഴിഞ്ഞ രണ്ടു ദശാബ്ദക്കാലയളവിൽ ഏതെങ്കിലും പൂഴ്‌തിവയ്‌പ്പുകാരനെയോ കരിഞ്ചന്തക്കാരനേയോ നിയമത്തിനു മുന്നിലെത്തിക്കാൻ സർക്കാരിനു കഴിഞ്ഞിട്ടുണ്ടോ? വിലക്കയറ്റ നിയന്ത്രണം വെറും വാചാടോപമല്ല.അതിന് ഇച്ഛാശക്തിയുള്ള ഒരു ഭരണകൂടം വേണം.

*****

ഡോ.പി.വി.പ്രഭാകരൻ, കടപ്പാട്:ദേശാഭിമാനി 14042011

1 comment:

വര്‍ക്കേഴ്സ് ഫോറം said...