Tuesday, May 10, 2011

ഉന്നതവിദ്യാഭ്യാസരംഗത്തെ ശ്രദ്ധേയമായ പരിഷ്കാരം

മഹാത്മാഗാന്ധി സര്‍വകലാശാല ഈ അധ്യയനവര്‍ഷം മുതല്‍ ബിരുദതലത്തില്‍ ഏകജാലക പ്രവേശനം നടത്തുകയാണ്. ഇതിനെതിരെ ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലും, അനുകൂലിച്ച് എസ്എന്‍ഡിപി, എംഇഎസ് എന്നീ സംഘടനകളും രംഗത്തെത്തിയതോടെ ഇത് സംബന്ധമായി നിരവധി സംവാദങ്ങളും ഉയര്‍ന്നുവരുന്നുണ്ട്. മുന്നോക്കവിഭാഗങ്ങള്‍ നടത്തുന്ന എയ്ഡഡ് കോളേജുകളിലെ 70 ശതമാനം സീറ്റുകളിലേക്കും, ലത്തീന്‍ കത്തോലിക്കരുള്‍പ്പെടെ പിന്നോക്ക വിഭാഗങ്ങള്‍ നടത്തുന്ന എയ്ഡഡ് കോളേജുകളിലെ 60 ശതമാനം സീറ്റുകളിലേക്കും ഏകജാലക സമ്പ്രദായം വഴി പ്രവേശനം നടത്താന്‍ വ്യവസ്ഥചെയ്യപ്പെട്ടിരിക്കയാണ്. ആദ്യവിഭാഗത്തില്‍ നിയമപരമായി അര്‍ഹതപ്പെട്ട 20 ശതമാനം മാനേജ്മെന്റ് സീറ്റുകളിലേക്കും 10 ശതമാനം കമ്യൂണിറ്റി സീറ്റുകളിലേക്കും, പിന്നോക്ക മാനേജ്മെന്റുകള്‍ക്ക് അവകാശപ്പെട്ട 20 ശതമാനം മാനേജ്മെന്റ്, 20 ശതമാനം കമ്യൂണിറ്റി സീറ്റുകളിലേക്കും പ്രവേശനം നടത്താനുള്ള കോളേജ് മാനേജ്മെന്റുകളുടെ അവകാശം നിലനിര്‍ത്തിയിട്ടുണ്ട്. ഗവ. കോളേജുകളില്‍ സംവരണവിഭാഗങ്ങള്‍ ഉള്‍പ്പെടെ 100 ശതമാനവും സ്വാശ്രയ കോളേജുകളില്‍ 50 ശതമാനം സീറ്റുകളിലേക്കും ഏകജാലകം വഴിയാണ് പ്രവേശനം നടത്തുന്നത്. എയ്ഡഡ് കോളേജുകളിലെ 70 ശതമാനം സീറ്റില്‍ പട്ടികജാതി വിഭാഗത്തിന് 15 ശതമാനവും പട്ടികവര്‍ഗ വിഭാഗത്തിന് 5 ശതമാനവും സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. 50 ശതമാനം സീറ്റുകളില്‍ പൂര്‍ണമായും മെറിറ്റിന്റെ അടിസ്ഥാനത്തില്‍തന്നെ പ്രവേശനം നല്‍കുന്നതാണ്്. 124 ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളാണ് ഇപ്പോള്‍ സര്‍വകലാശാലയ്ക്ക് കീഴിലുള്ളത്. ഒറ്റ അപേക്ഷയിലൂടെ 100 കോളേജില്‍വരെ പ്രവേശനത്തിന് അപേക്ഷിക്കാന്‍ വിദ്യാര്‍ഥിക്ക് അവസരം ലഭിക്കുന്നു.

കഴിഞ്ഞവര്‍ഷം ബിരുദാനന്തര ബിരുദതലത്തില്‍ എംജി സര്‍വകലാശാല എല്‍ബിഎസിന്റെ സഹകരണത്തോടെ ഏകജാലക പ്രവേശനം നടപ്പാക്കിയിരുന്നു. ബിരുദതലത്തില്‍ സര്‍വകലാശാല നേരിട്ടാണ് പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കുന്നത്. ബിരുദ പ്രവേശനത്തിന് ആകെയുളള 30,514 സീറ്റില്‍ 22,615 സീറ്റിലാണ് ഏകജാലക രീതിയില്‍ പ്രവേശനം നടത്തുന്നത്. ഈ പരിഷ്കാരം സംബന്ധിച്ച് അക്കാദമിക് കൗണ്‍സില്‍ , സിന്‍ഡിക്കറ്റ്, സെനറ്റ് തുടങ്ങി സര്‍വകലാശാലയുടെ ഭരണസമിതികളില്‍ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം ആവശ്യമായ നിയമനിര്‍മാണങ്ങള്‍ നടത്തിയിട്ടുണ്ട്. മാനേജ്മെന്റ്, പ്രിന്‍സിപ്പല്‍മാര്‍ , അധ്യാപകര്‍ , അനധ്യാപകര്‍ , വിദ്യാര്‍ഥികള്‍ തുടങ്ങി വിവിധ വിഭാഗങ്ങളുമായി വിശദമായ ചര്‍ച്ചകള്‍ ഇതിനകം നടത്തിക്കഴിഞ്ഞു. മാര്‍ച്ച് 26ന് നടന്ന സെനറ്റ് യോഗത്തില്‍ ഈ ലേഖകന്‍ ഏകജാലക പ്രവേശനടപടികള്‍ ആരംഭിക്കുന്നത് സംബന്ധമായി കൊണ്ടുവന്ന അടിയന്തര പ്രമേയം സഭ ഐകകണ്ഠ്യേന അംഗീകരിക്കുകയുണ്ടായി. സെനറ്റിലെ കോളേജ് മാനേജ്മെന്റുകളുടെ പ്രതിനിധികളായ രണ്ടു പേരും പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യുകയും ഏകജാലക സമ്പ്രദായം അടിയന്തരമായി നടപ്പാക്കമെന്ന് ആവശ്യപ്പെടുകയുംചെയ്തു.

പൊതുജന നന്മ ലക്ഷ്യമാക്കി ഉന്നതവിദ്യാഭ്യാസ രംഗത്ത് നടപ്പാക്കുന്ന പരിഷ്കാരങ്ങളെ ന്യൂനപക്ഷ ധ്വംസനമെന്ന ലേബലില്‍ എതിര്‍ത്തു പരാജയപ്പെടുത്താനുളള ശ്രമങ്ങള്‍ ഈ അടുത്തകാലത്ത് വര്‍ധിച്ചുവരുന്നതായാണ് കാണുന്നത്. എംജി സര്‍വകലാശാല ബിരുദാനന്തര ബിരുദതലത്തില്‍ ഏര്‍പ്പെടുത്തിയ കേന്ദ്രീകൃത പ്രവേശനത്തെയും ബിരുദതലത്തില്‍ ഏര്‍പ്പെടുത്തിയ ചോയ്സ് ബെയ്സ്ഡ് ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സമ്പ്രദായത്തെയും (സിബിസിഎസ്) പരാജയപ്പെടുത്താന്‍ ചിലര്‍ കിണഞ്ഞു പരിശ്രമിക്കുകയും സുപ്രീംകോടതിയില്‍വരെ കേസുകള്‍ എത്തിക്കുകയും ചെയ്തുവെന്നതില്‍നിന്ന് ഇവരുടെ ഉദ്ദേശലക്ഷ്യങ്ങള്‍ മനസിലാക്കാവുന്നതാണ്. ഉന്നത മാര്‍ക്ക് ലഭിച്ചിട്ടും ബിരുദ പ്രവേശനം നിഷേധിക്കപ്പെട്ടതിന്റെ പേരില്‍ നിരവധി പരാതികള്‍ കഴിഞ്ഞ കാലങ്ങളില്‍ സര്‍വകലാശാലയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇത്തരം പരാതികളില്‍ ചിലതെങ്കിലും കാര്യഗൗരവമുള്ളതാണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിനും അവയുടെ നടത്തിപ്പിനും ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം ഉറപ്പാക്കുന്ന ഭഭരണഘടനയുടെ 30 (1) അനുച്ഛേദത്തിന്റെ മറവില്‍ സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിയും ഗുണമേന്മയും ലക്ഷ്യമാക്കി കൊണ്ടുവരുന്ന നിയമങ്ങളും ചട്ടങ്ങളും അനുസരിക്കില്ലെന്ന നിലപാടാണ് ചില മാനേജ്മെന്റുകള്‍ അനുവര്‍ത്തിക്കുന്നത്.

വിദ്യാഭ്യാസ മികവും മെറിറ്റും ഉറപ്പാക്കാനാവശ്യമായ റഗുലേഷനുകള്‍ കൊണ്ടുവരുന്നതിന് സര്‍വകലാശാലകള്‍ക്കും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കും അവകാശവും അധികാരവുമുണ്ടെന്ന് നിരവധി കേസുകളില്‍ സുപ്രീംകോടതി വിധി പ്രസ്താവം നടത്തിയിട്ടുണ്ട്. ഭരണഘടന വിഭാവനംചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭഭരണചുമതലയ്ക്കുള്ള അവകാശം ദുര്‍ഭരണത്തിനുളളതല്ലെന്ന സുപ്രീംകോടതി നിരീക്ഷണം തിരിച്ചറിയേണ്ടതാണ്. ദേശീയ താല്‍പ്പര്യം, പൊതുജനനന്മ, ദേശീയോദ്ഗ്രഥനം എന്നിവ ലക്ഷ്യമാക്കി കൈക്കൊളളുന്ന നിയമങ്ങളും ചട്ടങ്ങളും ഭൂരിപക്ഷ/ന്യൂനപക്ഷ ഭേദമില്ലാതെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാധകമാണെന്നും, ഈ ലക്ഷ്യത്തോടെ കൊണ്ടുവരുന്ന നിയമങ്ങളെ അതിജീവിക്കാന്‍ 30-ാം വകുപ്പ് ആര്‍ക്കും അവകാശം നല്‍കുന്നില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചിട്ടുണ്ട്. പ്രവേശനത്തിന് ഏകജാലക സംവിധാനം നടപ്പാക്കുന്നതിലൂടെ മെറിറ്റിന് അംഗീകാരം നല്‍കുന്നതിനും, പട്ടികജാതി/ പട്ടികവര്‍ഗ സംവരണം ഉറപ്പാക്കുന്നതിനും, പ്രവേശനത്തിലെ ചൂഷണം അവസാനിപ്പിക്കുന്നതിനും കഴിയുമെന്ന് വ്യക്തമാണ്. ഇവ ഉറപ്പാക്കാന്‍ ധാര്‍മികമായും ഭരണഘടനാപരമായും സര്‍വകലാശാലയ്ക്ക് ബാധ്യതയുണ്ട്. ഭരണഘടനയുടെ 12-ാം അനുച്ഛേദമനുസരിച്ച് സര്‍വകലാശാല സ്റ്റേറ്റിന്റെ നിര്‍വചനത്തില്‍ വരുന്ന സ്ഥാപനമാണ്. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍ക്ക് ഇടക്കാലത്ത് നഷ്ടപ്പെട്ട ഗുണമേന്മ തിരികെ കൊണ്ടുവരുന്നതിനും സമര്‍ഥരായ വിദ്യാര്‍ഥികളെയും അധ്യാപകരെയും ആകര്‍ഷിക്കുന്നതിനുമുള്ള ബോധപൂര്‍വമായ പരിശ്രമങ്ങള്‍ ആവശ്യമാണ്.

അക്കാദമിക് നിലവാരം മെച്ചപ്പെടുത്തിക്കൊണ്ട് മികവിന്റെ കേന്ദ്രങ്ങളാക്കി അവയെ മാറ്റേണ്ടതാണ്. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ രൂപീകരണം, സിബിസിഎസ് പരിഷ്കാരം, പ്രവേശന ഏകജാലകം, സ്കോളര്‍ ഇന്‍ റെസിഡന്റ്സ് പ്രോഗ്രാം, ഐസര്‍ , ഐഐഎസ്ടി, കേന്ദ്ര സര്‍വകലാശാല തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിച്ചത്, സ്കോളര്‍ഷിപ് ഫണ്ട്, സുവര്‍ണ ജൂബിലി സ്കോളര്‍ഷിപ് പദ്ധതി തുടങ്ങിയ നടപടികളും ഇക്കാര്യത്തിലുള്ള ലക്ഷ്യപൂര്‍ണമായ ചുവടുവയ്പുകളാണ്. പ്രവേശനം മുതല്‍ പരീക്ഷാ ഫലപ്രഖ്യാപനംവരെയുള്ള കാര്യങ്ങള്‍ സമയബന്ധിതമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ പുതിയ പരിഷ്കാരങ്ങള്‍ക്ക് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇക്കാര്യങ്ങളില്‍ ഉയര്‍ന്നുവരുന്ന ആരോഗ്യകരമായ ചര്‍ച്ചകളും സംവാദങ്ങളും ഈ മേഖലയെ സമ്പുഷ്ടമാക്കുന്നതാണ്.

******

കെ ഷറഫുദീന്‍

(എംജി സര്‍വകലാശാല സെനറ്റ് അംഗവും സ്കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ടിലെ റിസര്‍ച്ച് സ്കോളറുമാണ് ലേഖകന്‍)

1 comment:

വര്‍ക്കേഴ്സ് ഫോറം said...