Tuesday, May 17, 2011

കണ്ണൂരിന്റെ വിധിയെഴുത്ത്

രണ്ട് സീറ്റിന്റെ വ്യത്യാസത്തിലാണ് യുഡിഎഫ് ഭരണത്തിലേറിയത്. വോട്ടെണ്ണലിന്റെ അവസാന നിമിഷംവരെ ആരു ഭരിക്കുമെന്ന് പ്രവചിക്കുന്നത് എളുപ്പമല്ലായിരുന്നു. മാധ്യമങ്ങള്‍ ഒന്നടങ്കം പറഞ്ഞത്, ഫോട്ടോഫിനിഷില്‍ യുഡിഎഫ് നേടി എന്നാണ്. മൂന്നു മണ്ഡലത്തില്‍ക്കൂടി ജയിച്ചിരുന്നെങ്കില്‍ എല്‍ഡിഎഫ് ഭരണത്തില്‍ തുടരുമായിരുന്നു. ഇടതുപക്ഷ ജനാധിപത്യമുന്നണിക്കും അതിനെ സ്നേഹിക്കുന്ന ജനങ്ങള്‍ക്കാകെയും നിരാശയുണ്ടാക്കുന്ന അനുഭവമാണിത്. 13-ാംനിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തോറ്റെന്നോ യുഡിഎഫ് ജയിച്ചെന്നോ കടുത്ത ഇടതുപക്ഷവിരുദ്ധ സ്വഭാവമുള്ള മാധ്യമങ്ങള്‍പോലും പറഞ്ഞിട്ടില്ല. എന്നാല്‍ , എല്‍ഡിഎഫിന് ഭരണമില്ലാതായ അവസ്ഥയെ സിപിഐ എമ്മിനെതിരെയുള്ള കുപ്രചാരണത്തിന് ആയുധമാക്കാന്‍ ചിലര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ എല്‍ഡിഎഫിന് തിരിച്ചടിയുണ്ടായി എന്നാണ് അവര്‍ നടത്തുന്ന പ്രചാരണങ്ങളിലൊന്ന്. ചില മേഖലകളിലെങ്കിലും, വിശേഷിച്ച് വിദേശങ്ങളില്‍ ജോലിചെയ്യുന്ന ഇടതുപക്ഷ സഹയാത്രികരിലും അനുഭാവികളിലും സന്ദേഹമുണ്ടാക്കാന്‍ ഈ പ്രചാരകര്‍ക്ക് സാധിച്ചിരിക്കുന്നു. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലുണ്ടായ പിന്നോട്ടടി പരിഹരിച്ച് കേരളത്തിലൊട്ടാകെ ഇടതുപക്ഷം നേടിയ മുന്നേറ്റം കണ്ണൂരിലുണ്ടായില്ലേ എന്ന സംശയം കണക്കുകള്‍ നിരത്തി ദൂരീകരിക്കുന്നതിലൂടെയേ അത്തരക്കാരുടെ വായടപ്പിക്കാനാകൂ.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 6,36,733 വോട്ടാണ് എല്‍ഡിഎഫിന് ലഭിച്ചത്. ഇപ്പോള്‍ അത് 7,13,624 ആയി വര്‍ധിച്ചു. അതാണോ തിരിച്ചടി? യുഡിഎഫ് വോട്ട് 6,22,229ല്‍നിന്ന് 5,72,946 ആയി ഇടിയുകയാണുണ്ടായത്. എല്‍ഡിഎഫിന് 76,891 വോട്ടിന്റെ വര്‍ധനയുണ്ടായപ്പോള്‍ , യുഡിഎഫിന് 49,283 വോട്ട് കുറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 47.62 ശതമാനം വോട്ട് കിട്ടി. ഇപ്പോഴത് 51 ശതമാനമായി വര്‍ധിച്ചു. യുഡിഎഫിന്റെ വോട്ടാകട്ടെ 46.54 ശതമാനത്തില്‍നിന്ന് 41.50 ആയി കുറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ എല്‍ഡിഎഫിന് 14,504 വോട്ടിന്റെ മേല്‍ക്കൈയാണുണ്ടായത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം 1,40,678 ആയി വര്‍ധിച്ചു. കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തില്‍ 43,226 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാര്‍ഥി ജയിച്ചത്. ഈ തെരഞ്ഞെടുപ്പില്‍ 51,402 വോട്ടിന്റെ മുന്‍തൂക്കം എല്‍ഡിഎഫിനാണ്. ഇത്രയും വലിയ മുന്നേറ്റമുണ്ടാക്കിയിട്ടും ജില്ലയില്‍ എല്‍ഡിഎഫിന് തിരിച്ചടിയേറ്റെന്ന് പ്രചരിപ്പിക്കുന്നവരെക്കുറിച്ച് എന്തു പറയാന്‍ . കണ്ണൂരിലെ ആറു മണ്ഡലത്തില്‍നിന്ന് എല്‍ഡിഎഫ് പ്രതിനിധികളും അഞ്ചിടത്തുനിന്ന് യുഡിഎഫ് പ്രതിനിധികളുമാണ് ഇക്കുറി നിയമസഭയിലെത്തുന്നത്. ജയിച്ച ആറിടത്തും വന്‍ ഭൂരിപക്ഷമാണ് എല്‍ഡിഎഫിന്. ജില്ലയിലാകെ 1,62,114 വോട്ടിന്റെ ലീഡ്്. യുഡിഎഫ് ജയിച്ച അഞ്ചു മണ്ഡലത്തിലെ അവരുടെ ആകെ ഭൂരിപക്ഷം 25,436 വോട്ടുമാത്രം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മേല്‍ക്കൈ നേടിയ പയ്യന്നൂര്‍ , കല്യാശേരി, തളിപ്പറമ്പ്, ധര്‍മടം, തലശേരി, മട്ടന്നൂര്‍ എന്നീ മണ്ഡലങ്ങളില്‍ ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടും ഭൂരിപക്ഷവും (പട്ടിക കാണുക)}കുത്തനെ വര്‍ധിച്ചു. യുഡിഎഫിന്റെ വോട്ട് ഗണ്യമായി കുറഞ്ഞു. യുഡിഎഫ് വിജയിച്ച കൂത്തുപറമ്പ്, പേരാവൂര്‍ , അഴീക്കോട്, കണ്ണൂര്‍ , ഇരിക്കൂര്‍ മണ്ഡലങ്ങളിലാകട്ടെ അവരുടെ വോട്ടും ഭൂരിപക്ഷവും വന്‍തോതിലാണ് കുറഞ്ഞത്്. 2010ലെ തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ വോട്ടുനില പരിശോധിച്ചാല്‍ കേരളത്തില്‍ പൊതുവില്‍ യുഡിഎഫിന് നേട്ടമെന്ന പൊതുപ്രവണതയില്‍നിന്ന് കണ്ണൂര്‍ വിട്ടുനിന്നതായി കാണാന്‍ കഴിയും. ആകെയുള്ള 81 പഞ്ചായത്തുകളില്‍ 53ലും എല്‍ഡിഎഫ് ഭരണം നിര്‍ത്താനായി. തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടിങ് നില (ജില്ലാപഞ്ചായത്ത് ഡിവിഷനുകളും മുനിസിപ്പാലിറ്റികളും ചേര്‍ത്ത്) അടിസ്ഥാനമാക്കി പരിശോധിച്ചാല്‍ എല്‍ഡിഎഫ് നില ഗണ്യമായി മെച്ചപ്പെടുത്തി.

വോട്ടിങ് നില സൂക്ഷ്മമായി പിരിശോധിക്കുമ്പോള്‍ ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കേരളത്തില്‍ പൊതുവില്‍ എല്‍ഡിഎഫ് നടത്തിയ മുന്നേറ്റം കണ്ണൂര്‍ ജില്ലയില്‍ ഏറെ തിളക്കത്തോടെതന്നെ പ്രകടമാണെന്നു കാണാം. എന്നാല്‍ , പുനര്‍വിഭജിച്ച അഞ്ചു മണ്ഡലത്തില്‍ യുഡിഎഫിന് മേല്‍ക്കൈയുണ്ടെന്നത് യാഥാര്‍ഥ്യമാണ്. ഇതിനെ മറികടക്കുന്നതിനുള്ള ക്ഷമാപൂര്‍വമായ പ്രവര്‍ത്തനങ്ങളില്‍ എല്‍ഡിഎഫ് മുഴുകും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പത്തില്‍ എട്ടും നേടിയ എല്‍ഡിഎഫിന് ഇത്തവണ രണ്ടു മണ്ഡലംകൂടി നഷ്ടപ്പെടാനിടയാക്കിയത് മണ്ഡല പുനഃക്രമീകരണംമൂലമാണെന്നത് നിസ്സംശയം പറയാം. ഒരു മണ്ഡലം വര്‍ധിച്ച പുനര്‍നിര്‍ണയപ്രക്രിയ യുഡിഎഫിന് ഏറെ സഹായമായി. റിട്ട. ജസ്റ്റിസ് കുല്‍ദീപ് സിങ്ങിന്റെ നേതൃത്വത്തിലുള്ള ഡീലിമിറ്റേഷന്‍ കമീഷനില്‍ സിപിഐ എം ഉള്‍പ്പെടെയുള്ള രാഷ്ട്രീയപാര്‍ടികളുടെ പ്രതിനിധികള്‍ അസോസിയറ്റ് അംഗങ്ങളായിരുന്നു. അഖിലേന്ത്യാ തലത്തിലുള്ള ഈ കമീഷന്‍ നിയമിതമായത് 2003ല്‍ ബിജെപി ഭരണകാലത്താണ്. പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത് 2005ലും. കണ്ണൂര്‍ ജില്ലയിലെ മണ്ഡലങ്ങള്‍ സംബന്ധിച്ച് സിപിഐ എം കമീഷനുമുമ്പാകെ വച്ച നിര്‍ദേശം പരിഗണിച്ചിട്ടില്ല. ഇരിക്കൂറില്‍നിന്ന് ചെങ്ങളായി പഞ്ചായത്ത് ഒഴിവാക്കി പടിയൂര്‍ - കല്യാട് ഉള്‍പ്പെടുത്തണമെന്ന് സിപിഐ എം നിര്‍ദേശിച്ചിരുന്നു. മട്ടന്നൂരില്‍നിന്ന് ചിറ്റാരിപ്പറമ്പ്, തില്ലങ്കേരി, മാങ്ങാട്ടിടം പഞ്ചായത്തുകള്‍ ഒഴിവാക്കി പേരാവൂരില്‍ (അന്ന് ആറളം) ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. ജനതാദള്‍ എല്‍ഡിഎഫിനൊപ്പം ഉണ്ടായിരുന്ന ഘട്ടത്തിലാണ് മണ്ഡലപുനഃക്രമീകരണം സംബന്ധിച്ച കരടിന്മേല്‍ സിപിഐ എം നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത്. അയ്യംകുന്ന്, പായം പഞ്ചായത്തുകള്‍ മട്ടന്നൂരില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. ശാസ്ത്രീയമായ മണ്ഡലഘടന അടിസ്ഥാനമാക്കി സിപിഐ എം ഉന്നയിച്ച ഈ ആവശ്യങ്ങള്‍ അംഗീകരിച്ചില്ല. ഇതിന്റെ പിന്നില്‍ കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വത്തിന്റെതന്നെ ഇടപെടലുണ്ടായിരുന്നു. സിപിഐ എമ്മിന് ഭൂരിപക്ഷമുള്ള പഞ്ചായത്തുകള്‍ കൂട്ടിച്ചേര്‍ത്ത് മണ്ഡലങ്ങളാക്കുകയും യുഡിഎഫ് അനുകൂലമാക്കി മറ്റു മണ്ഡലങ്ങളെ മറ്റുകയും ചെയ്തുകൊണ്ടുള്ള തീരുമാനമാണ് ഡല്‍ഹിയില്‍നിന്ന് ഉണ്ടായത്. ഇരിക്കൂര്‍ മണ്ഡലം യുഡിഎഫിന് അതീവസുരക്ഷിതമാക്കാനുള്ള വെപ്രാളത്തില്‍ ഭൂമിശാസ്ത്രവും ജനസംഖ്യാ കണക്കുമൊന്നും നോക്കാതെ വെട്ടിമുറിക്കലുകളുണ്ടായി. ആറു മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷത്തിലെ വന്‍വര്‍ധനയില്‍നിന്ന് ഇക്കാര്യം വ്യക്തമാകും. മണ്ഡല പുനഃക്രമീകരണത്തിലൂടെ അഞ്ചിടത്ത് വിജയം നേടാനായെങ്കിലും യുഡിഎഫിന്റെ രാഷ്ട്രീയ അടിത്തറ കൂടുതല്‍ ദുര്‍ബലമാകുന്ന ചിത്രംതന്നെയാണ് കണ്ണൂരില്‍ ദൃശ്യമാകുന്നത്. കേരളത്തിലെ എല്‍ഡിഎഫ് രാഷ്ട്രീയമുന്നേറ്റത്തിന്റെ പൊതുപ്രവണതയ്ക്കൊപ്പമോ മുന്നിലോ ആണ് കണ്ണൂരിന്റെ സ്ഥാനമെന്നും കാണാന്‍ വിഷമമില്ല.

എന്നാല്‍ , ഈ തെരഞ്ഞെടുപ്പുഫലം ചില പോരായ്മകള്‍ പാര്‍ടിയെ ബോധ്യപ്പെടുത്തുന്നുണ്ട്. അവ പരിഹരിച്ച് മുന്നേറുന്നതിനുള്ള പരിശ്രമം നടത്തുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പുനല്‍കാനുള്ള അവസരംകൂടിയാണിത്. ചുരുക്കിപ്പറഞ്ഞാല്‍ , കണ്ണൂരില്‍ എല്‍ഡിഎഫ് വലിയ മുന്നേറ്റമുണ്ടാക്കി എന്നുമാത്രമല്ല, പോള്‍ചെയ്ത വോട്ടിന്റെ പകുതിയിലധികം നേടുകയും ചെയ്തിട്ടുണ്ട്. മണ്ഡലപുനര്‍നിര്‍ണയത്തിന്റെ ഭാഗമായി ആ ശക്തി സീറ്റുകളില്‍ പ്രതിഫലിച്ചില്ല. വന്‍ ഭൂരിപക്ഷമുള്ള ആറു മണ്ഡലത്തില്‍ ഇനിയും കരുത്ത് വര്‍ധിപ്പിക്കാന്‍ പരിശ്രമിക്കുന്നതിനൊപ്പം ജില്ലയിലെ പൊതുവായ ജനപിന്തുണ എല്ലാ മണ്ഡലത്തിലും ഭൂരിപക്ഷം ലഭിക്കുന്നതലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ഇടപെടലാണ് ഇടതുപക്ഷത്തില്‍നിന്ന് വരുംനാളുകളില്‍ ഉണ്ടാവുക. കണ്ണൂരിന്റെ ചുവപ്പുകോട്ട ഭദ്രമാണ്.

*
പി ജയരാജന്‍ ദേശാഭിമാനി 16 മേയ് 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...