Wednesday, May 18, 2011

ഇസ്രായേലിന്റെ ക്രൂരത

ഇസ്രായേലിന്റെ ക്രൂരത

ഇസ്രായേല്‍ രാഷ്ട്രം സ്ഥാപിതമായതിന്റെ 63-ാം വാര്‍ഷികം നിരായുധരായ പതിനഞ്ചു പലസ്തീന്‍കാരെ കൊലചെയ്തുകൊണ്ടാണ് ഇസ്രായേല്‍ പട്ടാളം ആഘോഷിച്ചത്. ഇസ്രായേലിന്റെ ഗാസ, ലബനോണ്‍, സിറിയ അതിര്‍ത്തികളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയ പലസ്തീന്‍കാരെയാണ് പട്ടാളം അരുംകൊല ചെയ്തത്. നൂറുകണക്കിനു പലസ്തീന്‍കാര്‍ക്ക് പട്ടാളം നടത്തിയ വെടിവെപ്പില്‍ പരിക്കേല്‍ക്കുകയും ചെയ്തു. ഇസ്രായേല്‍ രാഷ്ട്രം സ്ഥാപിതമായ നാള്‍ മുതല്‍ പസ്തീന്‍കാര്‍ക്ക് എതിരെ തുടരുന്ന കൊടും ക്രൂരതകളുടെ ഏറ്റവും ഒടുവിലത്തെ അധ്യായമാണ് മെയ് 15 ന് നടന്ന കൊലകള്‍.

പലസ്തീന്‍കാര്‍ക്കു നേരെ നടന്ന അക്രമത്തെ പല രാജ്യങ്ങളും ജനാധിപത്യ സംഘടനകളും അപലപിച്ചെങ്കിലും ലോകത്ത് മനുഷ്യാവകാശ സംരക്ഷണത്തിന്റെ കുത്തക സ്വയം അവകാശപ്പെടുന്ന അമേരിക്കയും പ്രസിഡന്റ് ബരാക് ഒബാമയും അത് കണ്ടതായിപോലും നടിച്ചില്ല. ഇസ്രായേലിന്റെ ആക്രമണം ന്യായമാണെന്നാണ് അമേരിക്കയുടെ പക്ഷം. ലിബിയയില്‍ ഗദ്ദാഫിയുടെ പട്ടാളം മനുഷ്യാവകാശ ലംഘനം നടത്തുകയും സാധാരണ പൗരന്മാരെ വെടിവെയ്ക്കുകയും ചെയ്യുന്നത് തടയാന്‍ ലിബിയയ്ക്കു നേരെ വ്യോമാക്രമണത്തിനു നേതൃത്വം നല്‍കുന്ന രാഷ്ട്രമാണ് അമേരിക്ക. അമേരിക്കയും നാറ്റോയും നടത്തിവരുന്ന വ്യോമാക്രമണത്തില്‍ നൂറു കണക്കിനു ലിബിയക്കാര്‍ കൊല്ലപ്പെട്ടു. ഈ ആക്രമണത്തിനു പകരം വീട്ടാന്‍ ഗദ്ദാഫി സേന വിമതരുടെ നിയന്ത്രണത്തിലുള്ള കേന്ദ്രങ്ങളില്‍ സൈനിക നടപടികള്‍ ശക്തിപ്പെടുത്തുന്നു. അമേരിക്കയുടെയും സഖ്യശക്തികളുടെയും അതേപോലെ ഗദ്ദാഫി സേനയുടെയും ആക്രമണങ്ങള്‍ക്കിരയാവുന്നത് ലിബിയയിലെ സാധാരണക്കാരാണ്. വെടിനിര്‍ത്തല്‍ ഏര്‍പ്പെടുത്താനും കൂടിയാലോചനകളിലൂടെ പ്രശ്‌നം പരിഹരിക്കാനുമുള്ള ഗദ്ദാഫിയുടെ നിര്‍ദേശം അമേരിക്കയും നാറ്റോയും തള്ളുകയും ചെയ്തു. മനുഷ്യാവകാശവും സാധാരണ പൗരന്മാരുടെ ജീവനും സംരക്ഷിക്കുകയല്ല, അമേരിക്കയുടെ ലക്ഷ്യമെന്ന് ലിബിയയുടെ അനുഭവം തെളിയിക്കുന്നു.

ഇസ്രായേല്‍ രാഷ്ട്രം സ്ഥാപിതമായതു മുതല്‍ പലസ്തീന്‍കാര്‍ക്കും അറബ് രാജ്യങ്ങള്‍ക്കും നേരെ നടത്തുന്ന അക്രമങ്ങള്‍ക്ക് സഹായവും പിന്തുണയും നല്‍കുന്നത് അമേരിക്കയാണ്. ഏഴ് ലക്ഷത്തിലധികം പലസ്തീന്‍കാരെ ജനിച്ച നാട്ടില്‍ നിന്നും ബലപ്രയോഗത്തിലൂടെ ആട്ടിപായിച്ചുകൊണ്ടാണ് ഇസ്രായേല്‍ രാഷ്ട്രം 1948 ല്‍ ജന്മം കൊണ്ടത്. പലസ്തീന്‍കാരുടെ വീടും ഭൂമിയുമെല്ലാം ഇസ്രായേലില്‍ തട്ടിയെടുത്തു. മാതൃഭൂമിയില്‍ തിരിച്ചുവരാനുള്ള അവകാശം അവര്‍ക്ക് നിഷേധിച്ചു. ലബനോണ്‍, സിറിയ, ജോര്‍ദ്ദാന്‍ തുടങ്ങിയ അയല്‍ അറബ് രാജ്യങ്ങളിലും ഇസ്രായേല്‍ ബലപ്രയോഗത്തിലൂടെ പിടിച്ചെടുത്ത പ്രദേശങ്ങളിലുമായി നരകതുല്യമായ ജീവിതം നയിക്കുകയാണ് ലക്ഷക്കണക്കിനു പലസ്തീന്‍കാര്‍. അവരുടെ മനുഷ്യാവകാശങ്ങള്‍ നഗ്നമായി ലംഘിക്കപ്പെടുന്നത് കാണാന്‍ അമേരിക്കയും പാശ്ചാത്യരാജ്യങ്ങളും തയ്യാറല്ല. ഗാസയില്‍ പലസ്തീന്‍കാര്‍ക്ക് എതിരെ നിഷ്ഠൂര ആക്രമണങ്ങള്‍ തുടരാന്‍ ഇസ്രായേലിനു കരുത്തുപകരുന്നത് അമേരിക്കയുടെ നിര്‍ലോഭമായ സഹായമാണ്. ഇസ്രായേലിന്റെ ആക്രമണങ്ങള്‍ അപലപിക്കാന്‍പോലും അമേരിക്ക തയ്യാറല്ല. ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ ഇസ്രായേലിന്റെ ആക്രമണങ്ങള്‍ക്ക് എതിരെ വരുന്ന പ്രമേയങ്ങളെല്ലാം വീറ്റോ ചെയ്ത് ആക്രമണങ്ങളെ ന്യായീകരിക്കാന്‍ അമേരിക്ക സദാസന്നദ്ധമാകുന്നു. ഇസ്രായേല്‍ വെട്ടിപ്പിടിച്ച പ്രദേശങ്ങളില്‍ പുതിയ ജൂത കുടിയേറ്റ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന്നെതിരായ നീക്കങ്ങള്‍ക്ക് തടയിടുന്നതും അമേരിക്കയാണ്.

പലസ്തീന്‍കാര്‍ക്കും മറ്റ് അറബ് ജനതകള്‍ക്കുമെതിരെ ഇസ്രായേലിനെ ആക്രമണ സജ്ജമാക്കി നിര്‍ത്തുന്നത് അമേരിക്കയാണ്. നൂറിലധികം ആണവായുധങ്ങളുള്ള ശക്തിയായി തീരാന്‍ ഇസ്രായേലിനു കഴിഞ്ഞത് അമേരിക്കയുടെ സഹായം കൊണ്ടാണെന്നത് ഒരു രഹസ്യമല്ല. സൈനിക കരുത്തിന്റെ ബലത്തില്‍ ഇസ്രായേല്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും സര്‍വ സഹായങ്ങളും ചെയ്യുന്ന അമേരിക്കയുടെ മനുഷ്യാവകാശ പ്രേമം വെറും കാപട്യമാണ്. ഇസ്രായേല്‍ സ്ഥാപിതമായതിന്റെ വാര്‍ഷിക ദിനത്തില്‍ നടത്തിയ അക്രമങ്ങളെയും കൊലപാതകങ്ങളെയും അപലപിക്കാന്‍പോലും അമേരിക്ക തയ്യാറാകാതിരുന്നത് അമേരിക്കന്‍ ഭരണാധികാരികളുടെ തനിനിറം തുറന്നു കാട്ടുന്നു.

*****

ജനയുഗം മുഖപ്രസംഗം 180511

1 comment:

വര്‍ക്കേഴ്സ് ഫോറം said...