Tuesday, June 28, 2011

നയം മറന്ന നയപ്രഖ്യാപനം

കബളിപ്പിക്കല്‍ നിറഞ്ഞ ഒരു നയപ്രഖ്യാപനം കേരളത്തിന്റെ ചരിത്രത്തില്‍ അത്യപൂര്‍വമാണ്. വിശിഷ്യ അധികാരത്തിലെത്തിയ ഒരു സര്‍ക്കാര്‍ അത്തരമൊരു പ്രകടനം നടത്തുമെന്ന് സാമാന്യേന ജനങ്ങള്‍ ചിന്തിക്കുകയും ഇല്ല. നേര്‍ത്ത ഭൂരിപക്ഷത്തോടെ അധികാരം സ്വന്തമാക്കിയ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നയപ്രഖ്യാപനം അത്തരത്തിലൊന്നായിപോയതില്‍ ജനങ്ങള്‍ക്ക് അതിശയവും ദുഃഖവും ഉണ്ടാവുന്നത് സ്വാഭാവികമാണ്.

രണ്ടായിരത്തി ആറ് മുതല്‍ രണ്ടായിരത്തി പതിനൊന്ന്‌വരെ നിലവിലുണ്ടായിരുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികള്‍ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുക എന്ന കടമ മാത്രമാണ് ഐക്യ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ ക്ഷേമ പരിപാടികളെ സംബന്ധിച്ച് ഒരക്ഷരവും ഉരിയാടാതിരിക്കുവാന്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു ഡി എഫ് സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തില്‍ ശ്രദ്ധ പുലര്‍ത്തുകയും ചെയ്തു.

സാധാരണ ഗതിയില്‍ അധികാരമാറ്റത്തിലൂടെ ഭരണം ഏറ്റെടുക്കുന്ന ഏതൊരു മുന്നണിക്കും അതിന്റേതായ നയവും സമീപനവും മൂന്നോട്ട് വയ്ക്കാന്‍ ഉണ്ടാവും. പ്രത്യേകിച്ചും തിരഞ്ഞെടുപ്പില്‍ ജനങ്ങളോട് വോട്ട് അഭ്യര്‍ഥിക്കുന്നത് ജനങ്ങള്‍ക്ക് മുന്നില്‍ തങ്ങള്‍ അവതരിപ്പിക്കുന്ന പ്രകടന പത്രികയിലൂടെയായിരിക്കും. യു ഡി എഫിനും ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒരു പ്രകടനപത്രിക ജനങ്ങള്‍ക്ക് മുന്നില്‍ വയ്ക്കാന്‍ ഉണ്ടായിരുന്നു. എന്നാല്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പുതുതായി അധികാരമേറ്റ യു ഡി എഫ് സര്‍ക്കാരിന്റെ ലക്ഷ്യത്തില്‍ അവര്‍ അവതരിപ്പിച്ച പ്രകടന പത്രികയുടെ ലാഞ്ചനപോലും കാണാനില്ലായിരുന്നു. എല്‍ ഡി എഫ് തുടങ്ങിവയ്ക്കുകയും പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുകയും ചെയ്ത പദ്ധതികളെ സംബന്ധിച്ച് വാചാലമാകാനാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആദ്യനയ പ്രഖ്യാപനത്തിലൂടെ യജ്ഞിച്ചത്.

വിഴിഞ്ഞം തുറമുഖം, കണ്ണൂര്‍ വിമാനത്താവളം, മെട്രോ റയില്‍ എന്നിവ ഉള്‍പ്പെടെ എല്‍ ഡി എഫ് സര്‍ക്കാര്‍ തുടങ്ങിവച്ചതും പൂര്‍ത്തീകരണത്തിനായി ശ്രമിച്ചതുമായ പദ്ധതികളെ സംബന്ധിച്ചാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തില്‍ ഊന്നല്‍ നല്‍കിയത്. ഈ കുറ്റബോധം കൊണ്ടാവാം, എല്‍ ഡി എഫ് സര്‍ക്കാരിനെ അപഹസിക്കാനും നയപ്രഖ്യാപനത്തെയും അത് നിയമസഭയില്‍ അവതരിപ്പിച്ച ഗവര്‍ണറെയും ഉപയോഗപ്പെടുത്തി. നിയമസഭയില്‍ എല്‍ ഡി എഫ് സര്‍ക്കാരിന്റെ നയങ്ങളെ പ്രകീര്‍ത്തിച്ച് പ്രസംഗിച്ച അതേ ഗവര്‍ണറെ തന്നെ എല്‍ ഡി എഫ് സര്‍ക്കാരിനെതിരായ പ്രസംഗം എഴുതി വായിപ്പിക്കുവാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിര്‍ബന്ധിതമാക്കി. ഏതാനും മാസങ്ങള്‍ക്കുമുമ്പ് ഇടതു സര്‍ക്കാരിന്റെ നയങ്ങളെ നിയമസഭയില്‍ പ്രശംസിക്കുകയും ആ സര്‍ക്കാരിന്റെ നയങ്ങളെയും ലക്ഷ്യത്തേയും അവതരിപ്പിക്കുകയും ചെയ്ത ഗവര്‍ണറെക്കൊണ്ട് അതിന് വിരുദ്ധമായ പ്രസ്താവന നടത്താന്‍ നിര്‍ബന്ധിതമാക്കിയ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഗവര്‍ണര്‍ പദവിയെ അപമാനിക്കുകയായിരുന്നു. നയപ്രഖ്യാപനമെന്ന സഭ ചട്ടങ്ങളിലെ സുപ്രധാനമായ സന്ദര്‍ഭത്തെ അവഹേളിക്കുകയുമാണ് ചെയ്തത്.

തിരഞ്ഞെടുപ്പില്‍ വോട്ട് പിടിക്കാന്‍ തങ്ങള്‍ അവതരിപ്പിച്ച പ്രകടന പത്രികയിലെ സുപ്രധാന വാഗ്ദാനങ്ങളൊക്കെ തങ്ങളുടെ സര്‍ക്കാരിന്റെ നയത്തില്‍ ഉള്‍പ്പെടുത്താത്ത ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ എല്‍ ഡി എഫ് സര്‍ക്കാരിന്റെ പദ്ധതികളില്‍ അവകാശം സ്ഥാപിക്കുവാനാണ് നയപ്രഖ്യാപനത്തിലും യജ്ഞിച്ചത്. പ്രകടനപരതയുടെ ഓളപ്പരപ്പില്‍ മുങ്ങി നിവരുവാന്‍ നയപ്രഖ്യാപനത്തിലൂടെ ശ്രമിച്ച യു ഡി എഫ് സര്‍ക്കാര്‍, അവര്‍ക്ക് മുന്നില്‍ നിലനില്‍ക്കുന്ന മൗലികമായ പ്രശ്‌നങ്ങള്‍ക്ക് മുന്നില്‍ കണ്ണടച്ച് പിടിക്കുകയായിരുന്നു.

ഉന്നത പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയില്‍ ഈ സര്‍ക്കാരിന്റെ പിന്തുണയോടെ സൃഷ്ടിക്കപ്പെട്ട കടുത്ത പ്രതിസന്ധികളെ നയപ്രഖ്യാപനത്തില്‍ അഭിമുഖീകരിച്ചില്ലായെന്നത് തന്നെ നയപ്രഖ്യാപന പ്രസംഗത്തിലെ വ്യര്‍ഥത വെളിവാക്കുന്നുണ്ട്. ജനവിരുദ്ധമായ സാമ്പത്തിക നയം പിന്‍പറ്റുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് ഓശാന പാടുകയാണ് തങ്ങളും ചെയ്യുകയെന്ന് ഭംഗ്യന്തരേണയാണെങ്കിലും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ട്.

കാര്‍ഷിക-പൊതുമേഖല-പൊതുവിതരണ മേഖലകളില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ ആര്‍ജിച്ച നേട്ടങ്ങള്‍ കേരളീയ പൊതുസമൂഹം പരക്കെ സ്വാഗതം ചെയ്തിരുന്നു. ഗുണകരമായ ആ നയസമീപനം പിന്തുടരുവാനുള്ള ഒരു സമീപനവും യു ഡി എഫ് നയപ്രഖ്യാപനത്തില്‍ കാണാനില്ല. പൊതുവിതരണ മേഖല ശക്തിപ്പെടുത്തുന്നതിനോ, പൊതുമേഖലാ വ്യവസായങ്ങളുടെ അഭിവൃദ്ധിക്കോ ആവശ്യമായ നയസമീപനം ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പക്കലില്ലെന്ന് വ്യക്തമാക്കുന്നതാണ് അവരുടെ നയപ്രഖ്യാപനം.

സര്‍ക്കാരുകള്‍ മാറിമാറി വരാം, പക്ഷേ നാടിനും ജനതയ്ക്കും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണം സമ്മാനിക്കുന്ന നയങ്ങളും നടപടികളും പിന്തുടരുകയാണ് പ്രതിജ്ഞാബദ്ധതയുള്ള കക്ഷികളും മുന്നണികളും സ്വീകരിക്കുന്ന സമീപനം. മുന്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന, അടിസ്ഥാന രഹിതമായ ആക്ഷേപങ്ങള്‍ ഉള്‍ക്കൊള്ളുന്ന നയപ്രഖ്യാപനത്തിലൂടെ മേനിനടിക്കാന്‍ ശ്രമിക്കുന്നത് വിലകുറഞ്ഞ വിദ്യയാണ്. ഇത്തരം വിലകുറഞ്ഞ വിദ്യകളല്ല കേരളം ഇന്നാവശ്യപ്പെടുന്നത്. സാമൂഹ്യ ജീവിത രംഗത്തും ക്ഷേമ പ്രവര്‍ത്തനങ്ങളിലും അഭൂതപൂര്‍വമായ മുന്നേറ്റമാണ് എല്‍ ഡി എഫ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ സാധ്യമായത്. ആ മുന്നേറ്റം തുടരുകയാണ് കാലഘട്ടത്തിന്റെ ആവശ്യം. ഈ ആവശ്യത്തോട് നിക്ഷിപ്ത രാഷ്ട്രീയ താല്‍പര്യത്തോടെ പുറം തിരിഞ്ഞ് നില്‍ക്കുകയാണ് എന്ന് വ്യക്തമാക്കുന്നതാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം.

*
മുഖപ്രസംഗം 28 ജൂണ്‍ 2011, ജനയുഗം

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കബളിപ്പിക്കല്‍ നിറഞ്ഞ ഒരു നയപ്രഖ്യാപനം കേരളത്തിന്റെ ചരിത്രത്തില്‍ അത്യപൂര്‍വമാണ്. വിശിഷ്യ അധികാരത്തിലെത്തിയ ഒരു സര്‍ക്കാര്‍ അത്തരമൊരു പ്രകടനം നടത്തുമെന്ന് സാമാന്യേന ജനങ്ങള്‍ ചിന്തിക്കുകയും ഇല്ല. നേര്‍ത്ത ഭൂരിപക്ഷത്തോടെ അധികാരം സ്വന്തമാക്കിയ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നയപ്രഖ്യാപനം അത്തരത്തിലൊന്നായിപോയതില്‍ ജനങ്ങള്‍ക്ക് അതിശയവും ദുഃഖവും ഉണ്ടാവുന്നത് സ്വാഭാവികമാണ്.