Tuesday, June 14, 2011

സ. കുഞ്ഞച്ചന്‍ സ്മരണ

കര്‍ഷകത്തൊഴിലാളി സംഘടനയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയും സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവുമായിരുന്ന സഖാവ് പി കെ കുഞ്ഞച്ചന്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് 20 വര്‍ഷം തികയുന്നു. പാവപ്പെട്ട കര്‍ഷകത്തൊഴിലാളി കുടുംബത്തിലാണ് കുഞ്ഞച്ചന്‍ ജനിച്ചത്. ദാരിദ്ര്യത്തോട് നിരന്തരം ഏറ്റുമുട്ടിക്കൊണ്ടായിരുന്നു പൊതുപ്രവര്‍ത്തനം. ക്രൂരമര്‍ദനത്തെത്തുടര്‍ന്ന് മൃതപ്രായനായി മോര്‍ച്ചറിയില്‍വരെയെത്തിയ അനുഭവംവരെ സഖാവിന് നേരിടേണ്ടിവന്നിട്ടുണ്ട്. ഏത് പ്രതിസന്ധിയിലും അടിപതറാത്ത കുഞ്ഞച്ചന്റെ മനോധൈര്യം സഖാക്കള്‍ക്കാകെ ആവേശം പകരുന്നതായിരുന്നു.

തിരുവിതാകൂര്‍ ട്രാന്‍സ്പോര്‍ട്ട് തൊഴിലാളി പ്രവര്‍ത്തകനായാണ് ട്രേഡ് യൂണിയന്‍ രംഗത്ത് കടന്നുവരുന്നത്. ഐതിഹാസികമായ ട്രാന്‍സ്പോര്‍ട്ട് പണിമുടക്കില്‍ പങ്കെടുത്തതിന്റെ ഫലമായി ക്രൂരമര്‍ദനത്തിന് ഇരയായി. പാര്‍ലമെന്ററി പ്രവര്‍ത്തനത്തിലും ശ്രദ്ധേയമായ ഇടപെടല്‍ നടത്തി. രാജ്യസഭാംഗമായിരുന്നപ്പോള്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിലും ചര്‍ച്ചയില്‍ ഇടപെടുന്നതിലും അതീവ താല്‍പ്പര്യമാണ് കുഞ്ഞച്ചന്‍ പ്രകടിപ്പിച്ചത്. കര്‍ഷകത്തൊഴിലാളിക്കുനേരെ രാജ്യത്ത് എവിടെ ആക്രമണമുണ്ടായാലും കുഞ്ഞച്ചന്‍ അത് സഭയില്‍ ഉന്നയിച്ചു. ബിഹാറില്‍ കര്‍ഷകത്തൊഴിലാളികളെ ചുട്ടുകൊന്ന സംഭവം രാജ്യസഭയില്‍ വികാരനിര്‍ഭരമായി അവതരിപ്പിച്ച് ആ പ്രശ്നത്തില്‍ രാജ്യവ്യാപകമായ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവന്നതില്‍ സഖാവിന് വലിയ പങ്കുണ്ടായിരുന്നു. കുട്ടനാട്ടില്‍ ജന്മി ഗുണ്ടകളുടെ കിരാതവാഴ്ചക്കെതിരെ കര്‍ഷകത്തൊഴിലാളികളെ അണിനിരത്തുന്നതില്‍ പ്രധാനപങ്ക് വഹിച്ചു. വിമോചനസമരകാലത്ത് കുട്ടനാട്ടിലെ ജന്മിമാര്‍ ക്യഷിചെയ്യാന്‍ തയ്യാറാകാതിരുന്നതിനെതിരെ കര്‍ഷകത്തൊഴിലാളികളുടെ പ്രക്ഷോഭത്തിന് നേത്യപരമായ പങ്കുവഹിച്ചു. കര്‍ഷകത്തൊഴിലാളി യൂണിയന്‍ അഖിലേന്ത്യാതലത്തില്‍ രൂപീകരിക്കപ്പെടുന്നത് 1981ലാണ്. അന്നുമുതല്‍ ജീവിതാന്ത്യംവരെ കുഞ്ഞച്ചനായിരുന്നു അതിന്റെ ജനറല്‍ സെക്രട്ടറി.

1957നുശേഷം കേരളത്തില്‍ ഭഭൂപരിഷ്കരണ നിയമനിര്‍മാണത്തിനും മണ്ണില്‍ അധ്വാനിക്കുന്നവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമായുള്ള പ്രവര്‍ത്തനങ്ങളില്‍ നിസ്തുലമായ പങ്കുവഹിച്ചു. കേരളത്തിലെ കര്‍ഷകത്തൊഴിലാളികളുടെ സംഘടിത ശബ്ദത്തിനു പിന്നില്‍ സഖാവിന്റെ ത്യാഗനിര്‍ഭരമായ പ്രയത്നമുണ്ട്. കര്‍ഷകത്തൊഴിലാളികള്‍ ദൈനംദിന ജീവിതത്തില്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ മനസിലാക്കാനും അവ പരിഹരിക്കാനുമുള്ള പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാനും അതീവ ശ്രദ്ധാലുവായിരുന്നു. സ. കുഞ്ഞച്ചന്റെ പ്രധാന പ്രവര്‍ത്തന മേഖലയായ കാര്‍ഷിക മേഖലയില്‍ സുപ്രധാനമായ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. ആഗോളവല്‍ക്കരണ നയങ്ങള്‍ കാര്‍ഷിക മേഖലയില്‍ ശക്തമായി നടപ്പാക്കുക എന്ന നയമാണ് രണ്ടാം യുപിഎ സര്‍ക്കാരിന്റേത്. ഇത് കാര്‍ഷികമേഖലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. സബ്സിഡി പിന്‍വലിക്കുക എന്ന നയം നടപ്പാക്കുന്ന കേന്ദ്രസര്‍ക്കാരിന് കോര്‍പറേറ്റുകള്‍ക്ക് വന്‍ നികുതിയിളവ് നല്‍കുന്നതിന് ഒരു പിശുക്കുമില്ലതാനും. ഇത്തരം നയങ്ങളുടെ ഫലമായി രാജ്യത്ത് വമ്പിച്ച വിലക്കയറ്റം സൃഷ്ടിക്കപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. പെട്രോളിന്റെ അടിക്കടിയുള്ള വില വര്‍ധന ഈ സ്ഥിതിവിശേഷത്തെ കൂടുതല്‍ രൂക്ഷമാക്കുന്നു. വിലക്കയറ്റത്തിന്റെ യഥാര്‍ഥ കാരണങ്ങള്‍ കണ്ടെത്തി അത് പരിഹരിക്കുന്നതിനു പകരം കൂടുതല്‍ ഗുരുതരമാക്കുന്ന നയസമീപനമാണ് കേന്ദ്രസര്‍ക്കാരിന്റേത്. ഇതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് വിലക്കയറ്റം തടയാനെന്ന പേരില്‍ ബഹുരാഷ്ട്ര കുത്തകകള്‍ക്ക് രാജ്യത്തിന്റെ ചെറുകിട വ്യാപാരമേഖല വിട്ടുകൊടുക്കാനുള്ള തീരുമാനം. ഇതുമായി ബന്ധപ്പെട്ട ആലോചനകള്‍ ഉയര്‍ന്ന ഘട്ടത്തില്‍തന്നെ ഇതിന്റെ ആപത്ത് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. ഇത്തരത്തില്‍ കോര്‍പറേറ്റുകള്‍ കടന്നുവന്ന ഇടങ്ങളിലെല്ലാം ചെറുകിട വ്യാപാരമേഖല തകരുക മാത്രമല്ല, വിലക്കയറ്റം കൂടുതല്‍ രൂക്ഷമാവുകയാണുണ്ടായത്.

കമ്പോളത്തില്‍ കോര്‍പറേറ്റുകള്‍ പിടിമുറുക്കുന്നതോടെ കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ ബഹുരാഷ്ട്ര കുത്തകകള്‍ പറയുന്ന വിലയ്ക്ക് നല്‍കേണ്ടിവരുന്ന അവസ്ഥയുണ്ടാകും. അത് കര്‍ഷകരുടെ ജീവിതം കൂടുതല്‍ ദുസ്സഹമാക്കി മാറ്റുകയും കാര്‍ഷികമേഖലയെ തകര്‍ക്കുകയുംചെയ്യും. പാവപ്പെട്ടവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ ഇല്ലാതാക്കുക എന്നതാണ് ആഗോളവല്‍ക്കരണ നയത്തിന്റെ സവിശേഷത. ഈ നയം തീവ്രമായി നടപ്പാക്കാനുള്ള പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്. അതിന്റെ ഭാഗമായാണ് പുതിയ ബിപിഎല്‍ പട്ടിക തയ്യാറാക്കുമെന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം. ഇതോടെ ദിവസം 20 രൂപ പോലും വരുമാനമില്ലാത്തവര്‍ ബിപിഎല്‍ പട്ടികയില്‍നിന്ന്് പുറത്താകും. ഇന്ന് ആനുകൂല്യങ്ങള്‍ ലഭിക്കുന്ന കേരളത്തിലെ 20 ലക്ഷത്തോളം കുടുംബങ്ങളെ ഇത് ബാധിക്കും. സ്പെക്ട്രം അഴിമതിപോലുള്ള നിരവധി വന്‍കുംഭകോണങ്ങള്‍ക്കാണ് രാജ്യം ഇപ്പോള്‍ സാക്ഷ്യംവഹിക്കുന്നത്. ഇടതുപക്ഷം ശക്തമായ നിലപാട് സ്വീകരിച്ചതിന്റെ ഫലമായാണ് അഴിമതി നടത്തിയ ചിലരെയെങ്കിലും നിയമത്തിന് മുന്നിലെത്തിക്കാനായത്. എന്നാല്‍ , ഇതുകൊണ്ടൊന്നും പാഠം പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറല്ല. ഇസ്രയേലില്‍നിന്ന് പൈലറ്റില്ലാ വിമാനങ്ങള്‍ വാങ്ങി കേന്ദ്രസര്‍ക്കാര്‍ 450 കോടി രൂപ തുലച്ചതായി സിഎജി കണ്ടെത്തിയിട്ടുണ്ട്. ഒരുകാലത്ത് ഇന്ത്യ ഒരു തരത്തിലുള്ള നയതന്ത്ര ബന്ധവും പുലര്‍ത്താതിരുന്ന രാജ്യമായിരുന്നു ഇസ്രയേല്‍ . അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ താല്‍പ്പര്യത്തിന് കീഴടങ്ങിക്കൊണ്ടാണ് ഇസ്രയേലുമായി നയതന്ത്രബന്ധംപോലും രൂപപ്പെട്ടത്. അറബ് ജനതയെ കൊന്നൊടുക്കുന്ന ഇസ്രയേലില്‍നിന്ന് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ വാങ്ങുന്ന രാജ്യമാണ് ഇന്ന് ഇന്ത്യ. കേന്ദ്രസര്‍ക്കാരിന്റെ ആഗോളവല്‍ക്കരണ നയസമീപനങ്ങള്‍ പിന്തുടരുകയാണ് കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിന്റെ നയമെന്ന് പ്രകടനപത്രികയില്‍തന്നെ വ്യക്തമാണ്.

കര്‍ഷകതാല്‍പ്പര്യത്തെ ഹനിക്കുന്ന കരാര്‍കൃഷി പോലുള്ള സമ്പ്രദായങ്ങള്‍ നടപ്പാക്കാനാണ് നീക്കം. ഈ സമീപനത്തിന്റെ തുടര്‍ച്ച മറ്റെല്ലാ മേഖലയിലും നടപ്പാക്കാന്‍ പോകുന്നതിന്റെ അനുഭവങ്ങളാണ് ഒരു മാസംപോലും പ്രായമാകാത്ത യുഡിഎഫ് ഭരണം നല്‍കുന്നത്. ലോകശ്രദ്ധ നേടിയ കേരളത്തിലെ രണ്ട് മേഖലയാണ് വിദ്യാഭ്യാസവും ആരോഗ്യവും. ഈ രണ്ട് മേഖലയിലുണ്ടാക്കിയ നേട്ടങ്ങള്‍ തകര്‍ക്കാനുള്ള നടപടികള്‍ യുഡിഎഫ് സര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞു. അതിന്റെ ഭഭാഗമായാണ് അറുനൂറോളം അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് എന്‍ഒസി നല്‍കാനുള്ള തീരുമാനം. ഇത് പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കും. കോര്‍പറേറ്റ് കമ്പനികള്‍ നമ്മുടെ പൊതുവിദ്യാഭ്യാസ മേഖലയില്‍ കടന്നുവരാന്‍ പദ്ധതിയിട്ടിരിക്കുന്നതിന്റെ വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്. ഇതിനായി ഏക്കര്‍ കണക്കിന് ഭൂമി സംസ്ഥാനത്ത് വാങ്ങിക്കൂട്ടിയത് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതെല്ലാം വ്യക്തമാക്കുന്നത് പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നതിനും പാവപ്പെട്ടവര്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതിനുമുള്ള ബോധപൂര്‍വമായ പദ്ധതികളാണ് അണിയറയില്‍ ഒരുങ്ങുന്നത് എന്നാണ്. മുന്‍ യുഡിഎഫ് സര്‍ക്കാര്‍ ഒരു നിയന്ത്രണവുമില്ലാതെ സ്വകാര്യ സ്വാശ്രയ കോളേജുകള്‍ക്ക് എന്‍ഒസി നല്‍കാനെടുത്ത തീരുമാനമാണ് കേരളത്തിന്റെ സ്വാശ്രയ മേഖലയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്. ഈ പ്രതിസന്ധി മറികടക്കുന്നതിനും മെറിറ്റും സാമൂഹ്യനീതിയും നിലനിര്‍ത്തുന്നതിനുമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചത്. ഇതിനെ മതങ്ങള്‍ക്കെതിരായുള്ള നിലപാടാണെന്ന് വ്യാഖ്യാനിച്ച് അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ജനങ്ങളെ തിരിച്ചുവിടാനാണ് സ്ഥാപിതതാല്‍പ്പര്യക്കാര്‍ ശ്രമിച്ചത്. എന്നാല്‍ , ഇത്തരം കുത്സിത നീക്കങ്ങളെ അതിജീവിച്ചുകൊണ്ട് 50:50 ശതമാനം എന്ന നില വലിയ വിഭാഗം സ്ഥാപനങ്ങളില്‍ നടപ്പാക്കുന്നതിന് എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞു. ചില സ്ഥാപിതതാല്‍പ്പര്യക്കാര്‍ മാത്രമാണ് സഹകരിക്കാതിരുന്നത്. ഇവര്‍ക്ക് ഒളിഞ്ഞും തെളിഞ്ഞും യുഡിഎഫ് പിന്തുണയുണ്ടായിരുന്നു.

മെറിറ്റും സാമൂഹ്യനീതിയും സംരക്ഷിക്കുന്നതിനും പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പഠനാവകാശം ഉറപ്പുവരുത്തുന്നതിനും ശക്തമായ ബഹുജന ഇടപെടല്‍ ആവശ്യമാണെന്ന് വര്‍ത്തമാനകാല സംഭവങ്ങള്‍ വ്യക്തമാക്കുന്നു. എംബിബിഎസിന്റെ ഒരു സീറ്റ് പോലും മെറിറ്റില്‍ നല്‍കാതിരിക്കുന്നതിന് ഒത്താശ ചെയ്തവരാണ് 85 ശതമാനം സീറ്റുകള്‍ മെറിറ്റില്‍ നല്‍കുന്ന പരിയാരം മെഡിക്കല്‍ കോളേജിനെതിരെ രംഗത്തിറങ്ങിയിരിക്കുന്നത്. ഇത്തരക്കാരുടെ താല്‍പ്പര്യങ്ങളെ നാം തിരിച്ചറിയണം. കേരളത്തിന്റെ ആരോഗ്യമേഖല ശക്തിപ്പെടുത്താന്‍ ഉതകുന്ന തരത്തിലാണ് മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് നിര്‍ത്തലാക്കിയത്. പഠന-ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും പാവപ്പെട്ടവര്‍ക്ക് മികച്ച ചികിത്സ ലഭിക്കുന്നതിനുമായിരുന്നു ഈ നടപടി. എന്നാല്‍ , അതിനെയും അട്ടിമറിക്കാനാണ് യുഡിഎഫ് സര്‍ക്കാരിന്റെ ശ്രമം.

അടിസ്ഥാന ജനവിഭാഗത്തിന്റെ താല്‍പ്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുവച്ച നയങ്ങള്‍ പാവപ്പെട്ടവര്‍ക്ക് ഏറെ ആശ്വാസകരമായിരുന്നു. ഇത് ഇല്ലാതാക്കുന്നതിനുള്ള ചുവടുവയ്പുകളാണ് യുഡിഎഫിന്റേതെന്ന് ചുരുങ്ങിയ ദിനങ്ങള്‍ക്കുള്ളില്‍ത്തന്നെ വ്യക്തമായിരിക്കുന്നു. ഇത് മറച്ചുവയ്ക്കാനാണ് കര്‍മപരിപാടികള്‍ പോലുള്ള പൊടിക്കൈകളുമായി മുഖ്യമന്ത്രി രംഗത്തിറങ്ങിയിരിക്കുന്നത്. പാവപ്പെട്ടവന്റെ ജീവിതത്തെ ദുരിതത്തിലേക്ക് നയിക്കുന്ന യുഡിഎഫിന്റെ നയത്തിനെതിരെ അവരെ പിന്തുണച്ചവര്‍ക്കുപോലും രംഗത്തിറങ്ങേണ്ട സ്ഥിതിയാണ്. ഇത്തരം ജനദ്രോഹ നയങ്ങള്‍ക്കെതിരായി നാടിനെ സ്നേഹിക്കുന്നവര്‍ രംഗത്തിറങ്ങണം. അത്തരം പ്രവര്‍ത്തനങ്ങളില്‍ അവശര്‍ക്കും ദുര്‍ബല ജനവിഭാഗങ്ങള്‍ക്കും ഒപ്പം എന്നും നിലകൊണ്ട സ. പി കെ കുഞ്ഞച്ചന്റെ ഓര്‍മകള്‍ കരുത്തുപകരും.

*
പിണറായി വിജയന്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കര്‍ഷകത്തൊഴിലാളി സംഘടനയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയും സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവുമായിരുന്ന സഖാവ് പി കെ കുഞ്ഞച്ചന്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് 20 വര്‍ഷം തികയുന്നു. പാവപ്പെട്ട കര്‍ഷകത്തൊഴിലാളി കുടുംബത്തിലാണ് കുഞ്ഞച്ചന്‍ ജനിച്ചത്. ദാരിദ്ര്യത്തോട് നിരന്തരം ഏറ്റുമുട്ടിക്കൊണ്ടായിരുന്നു പൊതുപ്രവര്‍ത്തനം. ക്രൂരമര്‍ദനത്തെത്തുടര്‍ന്ന് മൃതപ്രായനായി മോര്‍ച്ചറിയില്‍വരെയെത്തിയ അനുഭവംവരെ സഖാവിന് നേരിടേണ്ടിവന്നിട്ടുണ്ട്. ഏത് പ്രതിസന്ധിയിലും അടിപതറാത്ത കുഞ്ഞച്ചന്റെ മനോധൈര്യം സഖാക്കള്‍ക്കാകെ ആവേശം പകരുന്നതായിരുന്നു.