Wednesday, July 20, 2011

വര്‍ഗീയ ഭ്രാന്തിന്റെ പ്രച്ഛന്നവേഷങ്ങള്‍

വിഡ്ഢിത്തം പറയുന്നതിലെ വ്യാകരണം നോക്കേണ്ട ആവശ്യമില്ലെന്ന് ഒരു ചൊല്ലുണ്ട്. അതുപോലെയാണ് കര്‍ണാടകത്തില്‍ യദ്യൂരപ്പാ സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങളിലെ മതനിരപേക്ഷതയുടെ കാര്യവും. അതിന്റെ ഓരോ തീരുമാനത്തിലും അതിലെ കുത്തിനും കോമയ്ക്കുപോലും വര്‍ഗീയതയുടെ ചുവയാണ്.

കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അതെടുത്ത രണ്ട് വിവാദ തീരുമാനങ്ങളിലേയ്ക്ക് വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുവാനാണ് ഇത്രയും എഴുതിയത്-ഇതില്‍ ആദ്യത്തെത് കഴിഞ്ഞ വര്‍ഷത്തിനൊടുവില്‍ നിയമസഭയില്‍ സര്‍ക്കാര്‍ അവതരിപ്പിച്ചൊരു ബില്ലാണ് Karnataka Prevention of Slaughter and Preservation of Cattle Bill 2010. എല്ലാ വിഭാഗത്തിലുംപെടുന്ന കന്നുകാലികളെ-പശു, എരുമ, കാള, പോത്ത് തുടങ്ങിയവ-വധിക്കുന്നത് നിരോധിക്കുക എന്നതാണ് ബില്ലിന്റെ ലക്ഷ്യം. കന്നുകാലികളെ കൊണ്ടുപോകുന്നതും ബീഫ് കൈവശം വയ്ക്കുന്നതുപോലും ശിഷാര്‍ഹമാക്കുവാനാണ് നീക്കം. ഈ വിധത്തില്‍പ്പെടുന്ന 'കുറ്റകൃത്യങ്ങള്‍' ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ ഏഴു വര്‍ഷംവരെ തടവോ, അന്‍പതിനായിരം രൂപവരെ പിഴയോ ആണ്. ഗോവധം നിരോധിക്കുന്ന മറ്റൊരു നിയമം ഇപ്പോള്‍ത്തന്നെ നിലവിലുണ്ടെന്ന കാര്യം ഓര്‍ക്കുക. ഇതനുസരിച്ച് പന്ത്രണ്ട് വയസുകഴിഞ്ഞ പശുക്കളെ മാത്രമേ കശാപ്പിനായി വില്‍ക്കാനാവൂ.

രണ്ടാമത്തെ വിവാദപരമായ തീരുമാനം ഏതാണ്ട് ഒരാഴ്ചയ്ക്കു മുമ്പ് സംസ്ഥാന വിദ്യാഭ്യാസവകുപ്പ് ഇറക്കിയ സര്‍ക്കുലറാണ്. കര്‍ണാടകത്തിലെ മുഴുവന്‍ സ്‌കൂളുകളിലും ഗീതാപഠനം നിര്‍ബന്ധ വിഷയമാക്കുവാനാണ് അത് പദ്ധതി ഇടുന്നത്.

രണ്ട് പ്രശ്‌നങ്ങളാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. ഒന്ന്, നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളും അവര്‍ നയിക്കുന്ന സര്‍ക്കാരുകളും നമ്മെ എങ്ങോട്ടേയ്ക്ക് കൊണ്ടുപോകുന്നു എന്നത്. രണ്ട്, ഈ വിധം വര്‍ഗീയതയുടെ ചൂടും ചൂരുമുള്ള നീക്കങ്ങളെ രണ്ടു കയ്യുംനീട്ടി സ്വീകരിക്കുംവിധം നമ്മുടെ പൊതുസമൂഹം അധഃപതിച്ചിരിക്കുന്നു എന്നതും. ഏതാനും വോട്ടുകള്‍ക്കുവേണ്ടി എന്തും ചെയ്യുമെന്ന അവസ്ഥയിലേയ്ക്ക് നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍-വിശേഷിച്ച് ബി ജെ പിയും കോണ്‍ഗ്രസും-കൂപ്പുകുത്തിയിരിക്കുന്നു എന്നാണ് ഇത് നമ്മെ ബോധ്യപ്പെടുത്തുന്നത്. 2003 ല്‍ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ മഹാത്മാഗാന്ധിയുടെ ചിത്രത്തിനരികെ, അദ്ദേഹത്തിന്റെ വധത്തില്‍ പ്രതിചേര്‍ക്കപ്പെട്ട വീര്‍സവര്‍ക്കറുടെ ചിത്രം അനാച്ഛാദനം ചെയ്യുന്നതിന് സാക്ഷ്യംവഹിച്ച നാടാണ് നമ്മുടേത്. മറ്റൊരു രാജ്യത്തും ഇത്തരത്തില്‍ ഒന്ന് നടക്കുമെന്ന് തോന്നുന്നില്ല. നക്‌സലൈറ്റ് ആക്രമണങ്ങളെക്കുറിച്ച് നാഴികയ്ക്കു നാല്‍പതുവട്ടം പറയുകയും അതില്‍ വേപഥുപൂണ്ട് കഴിയുകയും ചെയ്യുന്ന നമ്മുടെ ഭരണാധിപന്‍മാര്‍ പക്ഷേ ഇതിനേക്കാള്‍ വലിയ അതിക്രമങ്ങളും കൊലപാതകങ്ങളും ചെയ്യുന്ന വര്‍ഗീയ പ്രതിലോമ ശക്തികളുടെ നൃശംസകൃത്യങ്ങളെക്കുറിച്ച് ഈ ഒരളവില്‍ വിഷമിക്കുന്നില്ലെന്ന കാര്യവും ഇതിനോട് ചേര്‍ത്ത് വായിച്ചാല്‍ കാര്യങ്ങളുടെ കിടപ്പ് ഒന്നുകൂടി മനസിലാവും. ജനങ്ങളുമായി ബന്ധം നഷ്ടപ്പെടുകയും സമൂഹത്തെ മഥിക്കുന്ന പ്രശ്‌നങ്ങളില്‍ ക്രിയാത്മകമായി ഒന്നും ചെയ്യുവാന്‍ കഴിയാത്തതുമായ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഈവിധം വര്‍ഗീയതയെ താലോലിക്കുകയോ ഇത്തരം കാര്യങ്ങളില്‍ മൗനംദീക്ഷിക്കുകയോ ചെയ്യുന്നതില്‍ അദ്ഭുതത്തിന് അവകാശമില്ല.

എന്നാല്‍ ഇതൊന്നും നമ്മുടെ പൊതുസമൂഹത്തെ വേവലാതിപ്പെടുത്തുന്നില്ലെന്നത് മുകളില്‍ പറഞ്ഞതിനെക്കാള്‍ ഗൗരവമായി കാണേണ്ടൊരു വസ്തുതയാണ്. രാഷ്ട്രപിതാവിന്റെയും വീര്‍സവര്‍ക്കറുടെയും ചിത്രങ്ങള്‍ ഒരേ ചുവരില്‍ തൂക്കിയിട്ടിരിക്കുന്നത് കാണുമ്പോഴോ, തെരുവിലൂടെ ഒരു കിലോ ഇറച്ചിയും കയ്യില്‍പിടിച്ച് ഒരു പൗരന്-അയാള്‍ മുസ്ലീമോ ഹിന്ദുവോ ക്രസ്ത്യാനിയോ ആരുമായിക്കൊള്ളട്ടെ-സഞ്ചരിക്കാനാവില്ലെന്ന് അറിയുമ്പോഴോ, മതപഠനം സ്‌കൂളുകളില്‍ നിര്‍ബന്ധമാക്കുന്നത് കാണുമ്പോഴോ നാം എന്തുകൊണ്ട് ക്ഷോഭിക്കുന്നില്ല? അറുപത്തിനാല് വര്‍ഷത്തെ സ്വാതന്ത്ര്യം, സ്വയം രക്ഷിക്കുവാന്‍ മിനക്കെടാത്ത ദൈവങ്ങള്‍ക്കുവേണ്ടി, തലതല്ലിക്കീറാനാണോ നമ്മെ പ്രാപ്തരാക്കിയത്?

പൗരോഹിത്യവര്‍ഗത്തിനുവേണ്ടി വിടുപണി ചെയ്യുന്നവരായി ഇന്ത്യാക്കാര്‍ മാറിക്കൊണ്ടിരിക്കുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. മതത്തിന്റെ അകക്കാമ്പിനേക്കാള്‍ നമുക്ക് പഥ്യം അതിന്റെ പുറംമേനിയാണ്. ഇന്ത്യയിലെ സമ്പന്നവിഭാഗം (ജനസംഖ്യയുടെ കേവലം ഒരു ശതമാനം വരുന്നവര്‍) ഒരു വര്‍ഷം ദൈവങ്ങള്‍ക്കുവേണ്ടി ചെലവഴിക്കുന്ന തുകയുടെ വലിപ്പം നമ്മെ അന്താളിപ്പിക്കുന്നതാണ്-50,000 കോടി രൂപ. അന്‍പതിനായിരം കോടിക്ക് പതിനൊന്ന് പൂജ്യങ്ങള്‍ ഉണ്ടെന്ന് ഓര്‍ക്കുക. ഗ്രാമീണ തൊഴില്‍ ഉറപ്പുപദ്ധതിക്ക് നമ്മുടെ സര്‍ക്കാര്‍ (ഭാരതസര്‍ക്കാര്‍) ചെലവഴിക്കുന്നതിനെക്കാള്‍ എത്രയോ വലിയ തുകയാണിത്. ഏതെങ്കിലും പൊതുവായ കാര്യത്തിന് പത്തു രൂപ ചോദിച്ചാല്‍ മുഖം തിരിക്കുന്നവരാണ് ഇവരില്‍ മഹാഭൂരിപക്ഷവും എന്നുകൂടി അറിയുക.

അടുത്തകാലത്ത് സണ്‍ഡേ ഇന്ത്യന്‍ എന്ന ആഴ്ചപ്പതിപ്പും ഡി-വോട്ടറും സംയുക്തമായി നടത്തിയ അഭിപ്രായ സര്‍വേയിലെ കണ്ടെത്തലുകള്‍ ഓര്‍മവരുന്നു. മതപരമായ കാര്യങ്ങളെക്കുറിച്ചായിരുന്നു സര്‍വെ. ഇതനുസരിച്ച് 95 ശതമാനം പേര്‍ ദിവസവും പ്രാര്‍ഥിക്കുന്നവരാണ്. ഇവരില്‍ 60 ശതമാനം പ്രാര്‍ഥിക്കുന്നതാവട്ടെ മനസ്സമാധാനത്തിനുവേണ്ടിയും. 27.4 ശതമാനം പേര്‍ മിറക്കിളുകളില്‍ വിശ്വസിക്കുന്നവരാണെന്നതും ശ്രദ്ധേയമാണ്. കൂട്ടത്തില്‍ ഇഷ്ടദൈവത്തെക്കുറിച്ചും ചില ചോദ്യങ്ങള്‍ ഉണ്ടായിരുന്നു. വളരെ രസകരമായ കണ്ടെത്തലുകളാണ് സര്‍വേ പുറത്തുവിട്ടത്. ഇന്ത്യാക്കാരുടെ ഇഷ്ടദൈവം ശിവനാണ്-19.4 ശതമാനം വോട്ട്. ദുര്‍ഗയും ഹനുമാനും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. യേശുക്രിസ്തുവിനെ ഇഷ്ടപ്പെടുന്നവര്‍ 2.6 ശതമാനം. മുസ്ലീംങ്ങളാരും സര്‍വേയില്‍ ഉള്‍പ്പെട്ടിരുന്നില്ലെന്നത് ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്.
സര്‍വേഫലം പ്രസിദ്ധീകരിച്ച സണ്‍ഡേ ഇന്ത്യന്റെ പതിപ്പ് ചൂടപ്പംപോലെ വിറ്റഴിഞ്ഞു എന്നാണ് കേള്‍ക്കുന്നത്. സമൂഹത്തെ മഥിക്കുന്ന അനേകം പ്രശ്‌നങ്ങള്‍ അവശേഷിക്കുമ്പോള്‍ ദൈവങ്ങളെക്കുറിച്ച് സര്‍വേ നടത്താന്‍ തുനിയുന്ന മാധ്യമങ്ങള്‍, അത് അച്ചടിച്ചുവന്ന മാത്രയില്‍ തന്നെ ആര്‍ത്തിയോടെ വാങ്ങിവായിക്കുവാന്‍ ഒരുമ്പെടുന്ന സമൂഹം. മതം നമ്മെ സംബന്ധിച്ചിടത്തോളം ഒരുതരം ഭ്രാന്തായി മാറിയിരിക്കുന്നു. നമ്മുടെ ഈ ഭ്രാന്താണ് വര്‍ഗീയശക്തികളുമായി സന്ധി ചെയ്യുവാനും അവരുടെ ഇച്ഛയ്‌ക്കൊത്ത് നിയമങ്ങള്‍ പാസാക്കുവാനും രാഷ്ട്രീയ പാര്‍ട്ടികളെ പ്രേരിപ്പിക്കുന്നത്. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കര്‍ണാടകത്തിലും മറ്റു പല സംസ്ഥാനങ്ങളിലും നാം കണ്ടുകൊണ്ടിരിക്കുന്നത്.

ഗോവധം നിരോധിച്ചതുകൊണ്ടോ ഗീതാപഠനം നിര്‍ബന്ധമാക്കിയതുകൊണ്ടോ വളരുന്നതാണോ ഹൈന്ദവമതം എന്ന് ഓരോ ഹിന്ദുവും സ്വയം ചോദിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വ്യത്യസ്തരീതിയില്‍ ഈ ചോദ്യം മുസ്ലീംങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഇതര മതവിഭാഗക്കാര്‍ക്കും ബാധകമാണ്. മതത്തിന്റെ വളര്‍ച്ചയ്ക്ക് ആവശ്യം സഹിഷ്ണുതയും ആത്മീയതയുടെ നിറവുമാണ്. നിര്‍ഭാഗ്യവശാല്‍ ഇവ രണ്ടുമാണ് നമുക്ക് ഇല്ലാതായിരിക്കുന്നതും.

*
ഡോ. ജെ പ്രഭാഷ് ജനയുഗം 20 ജൂലൈ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

വിഡ്ഢിത്തം പറയുന്നതിലെ വ്യാകരണം നോക്കേണ്ട ആവശ്യമില്ലെന്ന് ഒരു ചൊല്ലുണ്ട്. അതുപോലെയാണ് കര്‍ണാടകത്തില്‍ യദ്യൂരപ്പാ സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങളിലെ മതനിരപേക്ഷതയുടെ കാര്യവും. അതിന്റെ ഓരോ തീരുമാനത്തിലും അതിലെ കുത്തിനും കോമയ്ക്കുപോലും വര്‍ഗീയതയുടെ ചുവയാണ്.