Sunday, July 31, 2011

വിദ്യാഭ്യാസാവകാശവും കോടതിയും

കേരളത്തിലെ വിദ്യാഭ്യാസരംഗം ഇന്ന് മുഖ്യമായി നേരിടുന്നത് അണ്‍എയ്ഡഡ്/സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്കും സര്‍ക്കാര്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്കും ഉയര്‍ത്തുന്ന ഭീഷണിയാണ്. സമ്പന്ന വിഭാഗങ്ങളാണ് ഇവ നടത്തുന്നത്. അതിനാല്‍ സര്‍ക്കാരും കോടതികളും അവയുടെ താല്‍പര്യസംരക്ഷണത്തിനു ഓടിയെത്തുന്ന കാഴ്ചയാണ് പൊതുവില്‍ കാണപ്പെടുന്നത്. കേരളത്തിന് ഇപ്പോള്‍ ആവശ്യത്തിനു സ്കൂളുകളുണ്ട്. ചില വനപ്രദേശങ്ങളിലോ അതുപോലുള്ള ഓണം കേറാ മൂലകളിലോ ആണ് കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം നിര്‍ദ്ദേശിക്കുന്ന ദൂരപരിധിക്കുള്ളില്‍ സ്കൂളുകള്‍ ഇല്ലാത്തത്. ജനനനിരക്ക് കുറഞ്ഞുവരുന്നതുമൂലം മറ്റ് പ്രദേശങ്ങളിലെ സര്‍ക്കാര്‍ - എയ്ഡഡ് സ്കൂളുകളില്‍ ഓരോ വര്‍ഷവും ഡിവിഷനുകള്‍ കുറയുന്നു. അതുമൂലം ആയിരക്കണക്കിനു അധ്യാപകര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നു. ഈ പ്രവണതയെ രൂക്ഷമാക്കുകയാണ് സര്‍ക്കാര്‍ പുതിയ സ്കൂളുകള്‍ അനുവദിക്കുന്നതുമൂലം സംഭവിക്കുക. അതിനാല്‍ മുകളില്‍ പറഞ്ഞ ചുരുക്കം ചില സ്ഥലങ്ങളില്‍ ഒഴികെ കേരളത്തില്‍ പുതിയ സ്കൂളുകള്‍ അനുവദിക്കാതിരിക്കണം. ഇതിനു മുഖ്യവെല്ലുവിളിയായി ഉയര്‍ന്നുവന്നിരിക്കുന്നത് കേന്ദ്ര സര്‍ക്കാരും സുപ്രീം കോടതിയും പിന്തുടരുന്ന നവലിബറല്‍ നയങ്ങളാണ്. പുതിയ സ്കൂള്‍ ആരംഭിക്കുന്നതിനു ആര് അപേക്ഷിച്ചാലും അനുമതി നല്‍കണമെന്നതാണ് ടി എം എ പൈ കേസില്‍ സുപ്രീംകോടതി നല്‍കിയ വിധി.

തൊഴില്‍ ചെയ്യാന്‍ ഏതൊരാള്‍ക്കുമുള്ള മൗലികാവകാശം വാഗ്ദാനം ചെയ്യുന്ന ഭരണഘടനയിലെ 19 (1) (ജി) അനുച്ഛേദത്തിന് 11 അംഗ ഭരണഘടനാ ബെഞ്ച് നല്‍കിയ വ്യാഖ്യാനം അനുസരിച്ച് ഏതൊരാള്‍ക്കും വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കാനും നടത്താനുമുള്ള അവകാശമുണ്ട്. സുപ്രീംകോടതിയുടെ ഈ വ്യാഖ്യാനം അനുസരിച്ച് ന്യൂനപക്ഷങ്ങള്‍ക്ക് തനതായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാനും നടത്താനും അവകാശം നല്‍കുന്ന ഭരണഘടനയിലെ 30 (1) അനുച്ഛേദം അനാവശ്യമാണ്. ഏതൊരാള്‍ക്കും വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കാനും നടത്താനും അവകാശമുണ്ടെങ്കില്‍ അത് ന്യൂനപക്ഷങ്ങള്‍ക്കും ബാധകമാണല്ലോ. ഭരണഘടനയില്‍ ഈ അനുച്ഛേദം ചേര്‍ത്തിട്ടുള്ളത് 19 (1) (ജി) അനുച്ഛേദത്തിന് സുപ്രീംകോടതിയുടെ 11 അംഗ ബെഞ്ച് നല്‍കിയ അര്‍ഥം ഭരണഘടനാ നിര്‍മാതാക്കള്‍ ഉദ്ദേശിക്കാത്തതിനാലാണ്. ഈ വ്യാഖ്യാനം വിവിധ സംസ്ഥാന നിയമസഭകളും പാര്‍ലമന്റെും പാസാക്കിയ വിദ്യാഭ്യാസ നിയമങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കുന്നതു സംബന്ധിച്ച് നിര്‍ദ്ദേശിച്ചിട്ടുള്ള വ്യവസ്ഥകളെ അപ്രസക്തമാക്കുന്നു.

കേരള വിദ്യാഭ്യാസ നിയമ പ്രകാരം വിദ്യാഭ്യാസ വകുപ്പ് നടത്തിയ സര്‍വെ ഫലം അനുസരിച്ചേ പുതിയ വിദ്യാഭ്യാസ സ്ഥാപനം അനുവദിക്കാവൂ. പുതിയ സ്ഥാപനം എവിടെ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നു എന്ന് സര്‍ക്കാര്‍ പരസ്യപ്പെടുത്തി അതിനു താല്‍പര്യമുള്ളവരില്‍നിന്ന് അപേക്ഷ ക്ഷണിക്കണം. അപേക്ഷകരില്‍നിന്ന് ഏറ്റവും യോഗ്യരായവരെ തിരഞ്ഞെടുക്കണം. സുപ്രീംകോടതി വിധിയനുസരിച്ച് ഈ ഏര്‍പ്പാടൊന്നും വേണ്ട. വിദ്യാഭ്യാസ സ്ഥാപനം നടത്താന്‍ ഉദ്ദേശിക്കുന്നവര്‍ നിര്‍ദിഷ്ട മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെങ്കില്‍ സര്‍ക്കാര്‍ അവരെ ചുമ്മാ അതിനു അനുവദിച്ചാല്‍ മതി. തല്‍ഫലമായി നിലവിലുള്ള സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളിലെ ഡിവിഷനുകള്‍ വിദ്യാര്‍ഥികളില്ലാതെ അടച്ചുപൂട്ടേണ്ടി വന്നാലും, അവസാനം ആ സ്കൂളുകള്‍ തന്നെ പൂട്ടേണ്ടി വന്നാലും, സുപ്രീംകോടതിക്ക് പ്രശ്നമില്ല.

വിദ്യാഭ്യാസ സ്ഥാപനം നടത്താനുള്ള മൗലികാവകാശം പരിരക്ഷിക്കപ്പെട്ടാല്‍ മതി. അതുമൂലം ഒരു പ്രദേശത്തെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ സ്കൂള്‍ വിദ്യാഭ്യാസത്തിനുള്ള അവകാശം നഷ്ടപ്പെട്ടാലും കോടതി കുലുങ്ങില്ല.സ്കൂള്‍ മാനേജരുടെ മൗലികാവകാശം സംരക്ഷിക്കപ്പെടുമല്ലോ. ഭരണഘടന വാഗ്ദാനം ചെയ്യുന്ന വിദ്യാഭ്യാസാവകാശം - ഭൂരിപക്ഷത്തിനായാലും ന്യൂനപക്ഷത്തിനായാലും - ആര്‍ക്കാണ് എന്ന ചോദ്യം ഇവിടെ ഉയര്‍ന്നുവരുന്നു. 6-14 വയസ്സുകാരായ ഇന്ത്യയിലെ കുട്ടികള്‍ക്കു മുഴുവന്‍ സൗജന്യ വിദ്യാഭ്യാസത്തിനുള്ള അവകാശമുണ്ട്. അനുച്ഛേദം 30 (1) വാഗ്ദാനം ചെയ്യുന്ന ന്യൂനപക്ഷാവകാശം ഏതെങ്കിലും വ്യക്തിക്ക് വിദ്യാലയം ആരംഭിച്ച് നടത്താനുള്ളതല്ല. മത - ഭാഷാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഉള്ളതാണ്. ഭരണഘടന വാഗ്ദാനം ചെയ്യുന്ന സൗജന്യ, സാര്‍വത്രിക പ്രൈമറി വിദ്യാഭ്യാസ അവകാശം സുപ്രീംകോടതി മാനിക്കുന്നുവെങ്കില്‍ , ആ മേഖലയില്‍ അണ്‍ എയ്ഡഡ് സ്കൂള്‍ ആരംഭിക്കുന്നതിനു ആരെയും അനുവദിക്കുകയില്ലായിരുന്നു. ജനസാമാന്യത്തിന്റെ വിദ്യാഭ്യാസ അവകാശസംരക്ഷണത്തേക്കാള്‍ അവര്‍ക്ക് പഥ്യം സ്കൂള്‍ ആരംഭിച്ചു നടത്താനുള്ള സമ്പന്ന വ്യക്തികളുടെ അവകാശ സംരക്ഷണമായതിനാലാണ് വിധി ഇത്തരത്തിലായത് എന്നുവേണം മനസ്സിലാക്കാന്‍ . സ്വാശ്രയ പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും വിദ്യാര്‍ഥികള്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭിക്കുന്നു എന്നു ഉറപ്പുവരുത്തുന്നതില്‍ കോടതികള്‍ക്കോ സര്‍ക്കാരുകള്‍ക്കോ താല്‍പര്യമില്ല. ഉണ്ടായിരുന്നെങ്കില്‍ , സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചുകള്‍ നല്‍കിയ വിധികളിലെ വ്യവസ്ഥകള്‍ പാലിക്കണമെന്ന് അതിന്റെ മറ്റ് ബെഞ്ചുകളോ ഹൈക്കോടതികളോ നിഷ്കര്‍ഷിക്കുമായിരുന്നു. അതിനുപകരം സ്വാശ്രയ മാനേജ്മന്റെുകളുടെ ഏത് സ്വാര്‍ഥ താല്‍പര്യവും സംരക്ഷിച്ചു കൊടുക്കുന്ന പതനത്തിലേക്ക് സര്‍ക്കാരുകളും കോടതികളും എത്തിച്ചേര്‍ന്നിരിക്കുന്നു. സ്വാശ്രയ സ്വകാര്യ കോളേജുകള്‍ ലക്ഷങ്ങളോ ദശലക്ഷങ്ങളോ തലവരി (കാപ്പിറ്റേഷന്‍ ഫീ) ആയി വാങ്ങുന്നതായി പല ചാനലുകളും തെളിവുസഹിതം വെളിപ്പെടുത്തുന്നു. എന്നിട്ടും അവയുടെ മേല്‍ നടപടി കൈക്കൊള്ളാന്‍ സര്‍ക്കാരും കോടതിയും മടിക്കുന്നു. തല്‍ഫലമായി വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ, സാമൂഹ്യനീതി, ഈ മേഖലയിലെ നിയമവാഴ്ച എന്നിവയെല്ലാം ലംഘിക്കപ്പെടുന്നു.

നവലിബറല്‍ നയങ്ങള്‍ക്ക് ഈ അധികാരസ്ഥാനങ്ങള്‍ വഴിപ്പെടുന്നതുകൊണ്ടാണ് ഇതെല്ലാം സംഭവിക്കുന്നത്. ഈ പോക്ക് തടഞ്ഞില്ലെങ്കില്‍ രാജ്യത്ത് ജനസാമാന്യത്തിന്റെ ഭാവി, അവരുടെ കുട്ടികളുടെ വിദ്യാഭ്യാസം, ജനാധിപത്യ സ്ഥാപനങ്ങള്‍ എന്നിവയെല്ലാം അപകടത്തിലാകും. അതിനാല്‍ ജനസാമാന്യത്തിന്റെ വിദ്യാഭ്യാസാവകാശം സംരക്ഷിക്കുന്നതിനു വിപുലമായ ബഹുജന പ്രസ്ഥാനം ആരംഭിക്കുകയും ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. വിദ്യാഭ്യാസത്തിന്റെ ഇപ്പോഴത്തെ പോക്കു കണ്ട് നിരാശപ്പെട്ടിരിക്കുന്നവരും മൗനം പൂണ്ടിരിക്കുന്നവരും താനറിയാതെ ഈ പോക്കിനെ അനുകൂലിക്കുന്നവരും ആയ വലിയൊരു വിഭാഗം ജനങ്ങളെ ലക്ഷ്യബോധവും കര്‍മോന്മുഖതയും ഉള്ളവരാക്കി മാറ്റാനും വിദ്യാഭ്യാസത്തിന്റെ ഇപ്പോഴത്തെ വഴി പിഴച്ച പോക്കിനെ തടയാനും ഇത് മാത്രമാണ് മാര്‍ഗ്ഗം.

*
സി പി നാരായണന്‍ ചിന്ത 29 ജൂലൈ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...