Monday, July 25, 2011

മണി കൌള്‍ - സൌന്ദര്യത്തിന്റെ വേറിട്ട വഴികള്‍

ആശയവിനിമയമാണ് കലയിലെ ഏറ്റവും പ്രധാനപ്പെട്ട സംഗതിയെന്ന് വിശ്വസിക്കുന്ന ചലച്ചിത്രകാരനായിരുന്നില്ല മണികൌള്‍. കലാപ്രവര്‍ത്തനത്തില്‍ അര്‍പ്പണബോധമാണ് സുപ്രധാനം എന്നാണദ്ദേഹം വിശ്വസിച്ചത്. അര്‍പ്പണത്തിലൂടെയും പുനരര്‍പ്പണത്തിലൂടെയും നിങ്ങള്‍ പുതിയ സങ്കല്‍പനങ്ങളിലേക്ക് ചെന്നെത്തുന്നു. അര്‍ത്ഥങ്ങളും ഉദ്ദേശങ്ങളുമില്ലാത്ത സിനിമകളെടുത്ത ഒരാളായി മണികൌള്‍ ആക്ഷേപിക്കപ്പെട്ടിരുന്നു. അതോടൊപ്പം, ഏറ്റവും ബുദ്ധിമാനായ ചലച്ചിത്രകാരനാണദ്ദേഹം എന്നും വിലയിരുത്തപ്പെട്ടു. പൂനെ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റിറ്റ്യൂട്ടില്‍ നിന്ന് സംവിധാനത്തില്‍ ബിരുദം നേടിയ മണികൌള്‍ ചലച്ചിത്രവ്യവസായത്തോടും ഫിലിംസ് ഡിവിഷനോടും സഹകരിച്ചുകൊണ്ട് കുറച്ചു കാലം പ്രവര്‍ത്തിച്ചെങ്കിലും ആ രണ്ട് അനുഭവങ്ങളും ഹൃദയഭേദകമായിരുന്നതിനാല്‍ ഒറ്റക്കുള്ള വഴിയിലൂടെ പില്‍ക്കാലത്തെ കലാജീവിതം നടന്നു തീര്‍ത്തു. ഋത്വിക് ഘട്ടക്കിന് പ്രിയപ്പെട്ട മൂന്നു വിദ്യാര്‍ത്ഥികളിലൊരാളായിരുന്നു മണികൌള്‍. കുമാര്‍ ഷഹാനിയും ജോണ്‍ ഏബ്രഹാമും ആയിരുന്നു മറ്റു രണ്ടു പേര്‍. ചിത്രകലയിലും ശാസ്ത്രീയ സംഗീതത്തിലും അഗാധമായ പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹം തന്റെ ചലച്ചിത്രസപര്യയില്‍ ഈ അറിവിനെ ഗാഢമായി ഉപയോഗപ്പെടുത്തി. ദൃശ്യാവിഷ്ക്കാരത്തിലും ശബ്ദ സമന്വയത്തിലും നൂതനമായ രീതികള്‍ കണ്ടെത്തിയ അദ്ദേഹം സിനിമയുടെ സമഗ്രമായ താളത്തെക്കുറിച്ചായിരുന്നു ഉത്ക്കണ്ഠപ്പെട്ടത്. പരിവര്‍ത്തനത്തിനുവേണ്ടിയാണ് താന്‍ നിലക്കൊള്ളുന്നതെന്ന് അദ്ദേഹം പറയുമായിരുന്നു. ചലച്ചിത്രകാരന് ഒന്നുകില്‍, സിനിമയോട് തീരാത്ത പ്രതിബദ്ധതയുണ്ടായിരിക്കണം; അല്ലെങ്കില്‍, സാമൂഹ്യപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാനുള്ള അടങ്ങാത്ത തോന്നലുണ്ടായിരിക്കണം എന്ന് അദ്ദേഹം കരുതിപ്പോന്നു. കൂട്ടായ ശ്രമങ്ങള്‍ക്കല്ലാതെ ഒറ്റക്കൊരാള്‍ക്ക് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ബുദ്ധിമുട്ടാണെന്ന് തിരിച്ചറിഞ്ഞിരുന്നുവെങ്കിലും തന്റെ കാഴ്ചപ്പാടുകളില്‍ വിട്ടുവീഴ്ച ചെയ്യാനദ്ദേഹം ഒരുക്കമായിരുന്നില്ല. മുതല്‍ മുടക്കെങ്കിലും തിരിച്ചു പിടിക്കുന്ന തരത്തിലായിരിക്കണം സിനിമയെടുക്കേണ്ടത് എന്നുള്ള, പരീക്ഷണത്തിനു മുതിരാന്‍ തയ്യാറുള്ളവരായിരിക്കെ തന്നെ ചില ചലച്ചിത്രകാര•ാര്‍ വെച്ചു പുലര്‍ത്തിപ്പോന്ന വിശ്വാസത്തോട് അദ്ദേഹത്തിന് യോജിപ്പില്ലായിരുന്നു. കച്ചവടത്തെ ഉള്‍വഹിച്ചുകൊണ്ട് സൌന്ദര്യത്തെ ആവിഷ്ക്കരിക്കാനും ഉപാസിക്കാനും സാധ്യമല്ല എന്നതദ്ദേഹത്തിനുറപ്പായിരുന്നു. വിതരണം, പ്രദര്‍ശനസൌകര്യം തുടങ്ങിയ ഘടകങ്ങള്‍ ആദ്യമേ ചര്‍ച്ചക്കെടുക്കുന്നത് നിങ്ങളെടുക്കാന്‍ പോകുന്ന സിനിമയുടെ മികവിനെ ബാധിക്കുമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

ആദര്‍ശബോധത്തിലുള്ള ജീര്‍ണതയാണ് തന്റെ സംഘര്‍ഷങ്ങളെന്ന് മണികൌള്‍ പറയുന്നു. നമ്മുടെ സമൂഹത്തിലെ സ്ത്രീ അവസ്ഥ ഈ ജീര്‍ണതയുടെ ലക്ഷണമാണ്. തന്റെ സിനിമകളില്‍, സ്ത്രീ അനുഭവിക്കുന്ന സാമൂഹ്യ ചൂഷണത്തെ അദ്ദേഹം പ്രാഥമികമായി തന്നെ പരിചരിക്കുന്നുണ്ട്. പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുന്നവരും; പരമ്പരാഗതമായ വളര്‍ത്തല്‍ രീതികളും പുതിയ കാലത്തിന്റെ ഭൌതികാസക്തികളും തമ്മിലുള്ള വൈരുദ്ധ്യത്തില്‍ പെട്ട് സ്വയം കീറിമുറിയുന്നവരുമാണ് മണികൌളിന്റെ സിനിമകളിലെ സ്ത്രീ കഥാപാത്രങ്ങള്‍. തന്റെ സിനിമകളെപ്പോഴും സ്ത്രീ വിമോചനാശയത്തിന്റെ കാര്യത്തില്‍ ഒരു പടി മുന്നിലായിരിക്കണമെന്നദ്ദേഹം നിശ്ചയിച്ചിരുന്നു. വിവാഹിതയായ സ്ത്രീ ഭൂതവുമായി പ്രണയത്തിലാവുന്ന അദ്ദേഹത്തിന്റെ പ്രസിദ്ധമായ ദുവിധ സ്ത്രീ വിമോചനത്തെ പ്രതീകവത്ക്കരിക്കുന്ന സുപ്രധാന ഇന്ത്യന്‍ സിനിമയെന്ന നിലയില്‍ യൂറോപ്പിലും മറ്റും വ്യാപകമായി സ്വീകരിക്കപ്പെട്ടു. ഇന്ത്യന്‍ ആസ്വാദകരുടെ മികച്ച കാലങ്ങള്‍ ഒരു പക്ഷെ അദ്ദേഹത്തിന്റെ മരണത്തിനു ശേഷം മാത്രമേ തുടങ്ങാനിടയുള്ളൂ എന്നതിനാല്‍ ഇന്ത്യയില്‍ ദുവിധയടക്കമുള്ള സിനിമകള്‍ക്ക് ലഭിച്ച പ്രദര്‍ശനസൌകര്യങ്ങള്‍ വളരെ കുറവായിരുന്നു. ഐ എഫ് എഫ് കെയുടെ ആര്‍ടിസ്റിക് ഡയരക്ടര്‍ ബീനാ പോളിനോട് പറഞ്ഞതു പോലെ, ഞാന്‍ പെട്ടെന്ന് പ്രസിദ്ധനായതുപോലെ തോന്നുന്നു; കാരണം എന്റെ സിനിമകള്‍ കണ്ടവരധികമില്ല എന്ന നിരീക്ഷണത്തിലെ വിരുദ്ധോക്തിയില്‍ പ്രകടിപ്പിക്കപ്പെട്ടതു പോലെ ഇന്ത്യന്‍ ഭാവുകത്വത്തിന്റെ പ്രതിസന്ധികളിലൊന്ന് മണികൌളിന്റെ സിനിമകള്‍ നാം വേണ്ട വിധം സ്വീകരിച്ചില്ല എന്നതു കൂടിയാണ്. കാഴ്ചപ്പാടുകള്‍ മുഴുവനായി മാറ്റാന്‍ സാധിക്കാത്തതുകൊണ്ട് ദുവിധയിലെ നായിക അന്ത്യത്തോടടുക്കുമ്പോള്‍ യാഥാസ്ഥിതിക സദാചാരത്തോട് രാജിയാവുന്നു.

മുഗള്‍, ആംഗ്ളോ സാക്സണ്‍, അമേരിക്കന്‍ സംസ്ക്കാരങ്ങള്‍ കൂടിക്കലരുകയും ജീര്‍ണമാവുകയും ചെയ്യുന്ന ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തെ വികാരരഹിതമായി കൈകാര്യം ചെയ്യുകയായിരുന്നു മണികൌള്‍. വികാരങ്ങളും ചിന്തകളും പ്രേക്ഷകരുടെ മനസ്സില്‍ കുത്തിനിറക്കാനുപയോഗിക്കുന്നതിനു പകരം, സമഗ്രത കൈവരിക്കാനുള്ള ഒരുപകരണമായും സര്‍ഗാത്മകവും ക്രിയാത്മകവുമായ മനോഭാവത്തിലേക്കവരെ നയിക്കാനുള്ള വഴികാട്ടികളുമായി അവതരിപ്പിക്കുകയാണ് വേണ്ടതെന്നദ്ദേഹം വിശ്വസിച്ചു. തെളിയിക്കപ്പെട്ടതിനാല്‍ നിരന്തരം ആവര്‍ത്തിക്കപ്പെടുന്ന പ്രതികരണങ്ങളാല്‍ ജടിലമായ ചലച്ചിത്രാഖ്യാനങ്ങളോട് അദ്ദേഹം സ്ഥിരമായ അകലം സൂക്ഷിച്ചു. സാധ്യതകളെയാണ് അല്ലാതെ, പരിമിതികളെയല്ല അദ്ദേഹം പുറത്തെടുത്തത്. സമയവും ഇമേജും ദൂരങ്ങളുമാണ് ഇതിനായി അദ്ദേഹം ഉപയോഗിച്ചത്. എവിടെയാണ് താങ്കളുടെ സിനിമകളുടെ പ്രേക്ഷകരുടെ സ്ഥാനം എന്ന ചോദ്യത്തിന് മണികൌള്‍ നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു. ഞാനെന്റെ പ്രേക്ഷകനെ ആദ്യമേ നിശ്ചയിച്ചുകൊണ്ടും തുടര്‍ന്ന് അവര്‍ക്ക് നല്‍കേണ്ടതായ സന്ദേശത്തെക്കുറിച്ച് ആലോചിച്ചു കൊണ്ടും സിനിമകള്‍ രൂപപ്പെടുത്താന്‍ തുടങ്ങിയാല്‍, പിന്നെ എന്റെ സിനിമയും ഒരു പക്കാ പരസ്യ സിനിമയുമായി ഒരു വ്യത്യാസവുമുണ്ടാകില്ല. കലാ ചരിത്രത്തിലെ തന്നെ ഏറ്റവും മികവുറ്റ രണ്ടു ചിത്രകാര•ാരായ വാന്‍ഗോഗിനെയും പോള്‍ ക്ളീയേയും ഉദാഹരിച്ചുകൊണ്ട്, നല്ല കലയുടെ മാനദണ്ഡത്തില്‍ ആശയവിനിമയത്തിന് ഒരു സ്ഥാനവുമില്ലെന്ന് മണികൌള്‍ വാദിച്ച് തെളിയിച്ചു. അവരുടെ ജീവിത കാലത്തൊരിക്കല്‍ പോലും അവര്‍ വേണ്ട വിധത്തില്‍ കമ്യൂണിക്കേറ്റ് ചെയ്യപ്പെടുകയുണ്ടായില്ല. ഒരു കലാസൃഷ്ടിയുടെ മൌലികമായ മേ• ഏതെങ്കിലും കാലത്ത് നിര്‍ണയിക്കപ്പെടുക തന്നെ ചെയ്യുമെന്ന് മണികൌള്‍ ഉറച്ചു വിശ്വസിച്ചു. ഞാന്‍ തുടര്‍ച്ചയായി മാസ്റര്‍ പീസുകളാണുണ്ടാക്കിക്കൊണ്ടിരിക്കുന്നതെന്നൊന്നും അവകാശപ്പെടാന്‍ തയ്യാറായില്ലെങ്കിലും ആശയവിനിമയം ചെയ്തില്ലെങ്കില്‍ ഒരു സിനിമ മോശമാണെന്ന് ആക്ഷേപിക്കപ്പെടുന്നത് യുക്തിരഹിതവും അനീതികരവുമാണെന്ന് മണികൌള്‍ വിശദീകരിച്ചു.

1969ലെടുത്ത ഉസ്ക്കിറോട്ടിയാണ് അദ്ദേഹത്തിന്റെ ആദ്യത്തെ സിനിമ. മോഹന്‍ രാകേഷിന്റെ ഹിന്ദിയിലെഴുതിയ കഥയെ ആസ്പദമാക്കിയെടുത്ത ഈ സിനിമ ഛായാഗ്രഹണം ചെയ്തത് പൂനെ എഫ്ടിഐഐയില്‍ സഹപാഠിയായിരുന്ന കെ കെ മഹാജനായിരുന്നു. കറുപ്പിന്റെയും വെളുപ്പിന്റെയും സൌന്ദര്യം മാത്രമായിരുന്നില്ല ഉസ്ക്കിറോട്ടി; ലെന്‍സിങിന്റെയും വെളിച്ച ബോധത്തിന്റെയും ഉദാത്തമായ അടിസ്ഥാനമാണ് ഈ ചിത്രത്തെ കാലാതീതമാക്കുന്നത്. വളരെ വ്യക്തിഗതമെന്നു തോന്നിപ്പിക്കുന്ന വ്യതിരിക്തമായ ശൈലി ഉസ്ക്കിറോട്ടിയില്‍ തന്നെ മണികൌള്‍ രൂപപ്പെടുത്തുന്നുണ്ട്. അതേ സമയം, യാഥാര്‍ത്ഥ്യത്തിന്റെ വഴികളില്‍ നിന്ന് അദ്ദേഹം മാറി നടക്കുന്നതായി ആരോപിക്കപ്പെടാന്‍ സാധ്യമല്ലാത്ത തരത്തില്‍ ചിത്രം അകൃത്രിമവും സത്യസന്ധവുമായിരുന്നു. ഒരു ട്രക്ക് ഡ്രൈവറുടെയും ഭാര്യയുടെയും കഥയാണ് പറയുന്നതെന്ന തോന്നലുണ്ടാക്കാത്ത അത്രയും നീണ്ടിഴയുന്ന ആഖ്യാനമാണ് ചിത്രത്തിന്റേത്. ഫിലിം ഫിനാന്‍സ് കോര്‍പ്പറേഷന്റെ സഹായത്തോടെ നിര്‍മ്മിച്ച സിനിമകളുടെ ഒരു മേളയില്‍ ആദ്യമായി 1972ല്‍ ഉസ്ക്കിറോട്ടി ദില്ലിയിലെ റീഗല്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ ഭൂരിഭാഗം കാണികള്‍ക്കും അരോചകമായി അനുഭവപ്പെട്ടു. ഭക്ഷണവുമായി ഭര്‍ത്താവിനെയും കാത്ത് മരച്ചുവട്ടില്‍ കാത്തു നില്‍ക്കുന്ന സുന്ദരിയായ ഭാര്യയെ ചിത്രീകരിക്കുന്നത് അതുവരെ ആരും പരീക്ഷിച്ചിട്ടില്ലാത്ത ലെന്‍സിംഗിലൂടെയായിരുന്നു. അത് മനസ്സില്‍ നിന്നുള്ള കാഴ്ച എന്ന ഇമേജറിയെ ഭാവന ചെയ്യുകയായിരുന്നു. സ്വാഭാവികമായിരിക്കട്ടെ, കൃത്രിമമായിരിക്കട്ടെ ഏറ്റവും അനുയോജ്യമായ വെളിച്ചം ഇമേജിലേക്ക് പതിപ്പിക്കാനുള്ള മണികൌളിന്റെ ശ്രദ്ധ എടുത്തു പറയേണ്ടതാണ്. ലെന്‍സിംഗും വെളിച്ചക്രമീകരണവും ശബ്ദനിയന്ത്രണവും മറന്നുകൊണ്ടുള്ള അഭിനേതാക്കളുടെ അതിഭാവുകത്വപരമായ അഭിനയത്തെ അദ്ദേഹം അനുവദിച്ചിരുന്നില്ല. മിസ് എന്‍ സീനിന്റെ അവിഭാജ്യ ഭാഗം മാത്രമാണ് നടീനട•ാര്‍ എന്നതാണദ്ദേഹത്തിന്റെ നിലപാട്. പരമ്പരാഗത ഹിന്ദി സിനിമയുടെ അനുഭവങ്ങളാല്‍ 'വഷളാക്ക'പ്പെട്ട താരങ്ങളോട് ഒരു തരത്തിലും പൊരുത്തപ്പെടാന്‍ അതുകൊണ്ടുതന്നെ മണികൌളിന് സാധ്യമല്ലായിരുന്നു.

ദൃശ്യ ശൈലിയാണോ ആഖ്യാനത്തിലെ കരവിരുതാണോ മണികൌളിനെ നിര്‍ണയിക്കുന്നതെന്ന് പറയാന്‍ സാധ്യമല്ലാത്ത വിധത്തില്‍ വ്യത്യസ്തനും അപരിചിതനുമായി അദ്ദേഹം വിലയിരുത്തപ്പെട്ടു. മോഹന്‍ രാകേഷിന്റെ തന്നെ കഥയെ ആസ്പദമാക്കി അദ്ദേഹം സംവിധാനം ചെയ്ത ആഷാഡ് കാ ഏക് ദിന്‍, ഉസ്ക്കിറോട്ടി പോലെ തന്നെ വാണിജ്യ വിതരണ ശൃംഖലയിലൂടെ പ്രദര്‍ശിപ്പിക്കപ്പെടുകയുണ്ടായില്ല. മൂന്നാമത്തെ ചിത്രമായ ദുവിധ വര്‍ണത്തിലായിരുന്നു ചിത്രീകരിച്ചത്. രാജസ്ഥാനി നാടോടി കലാകാരനും സാഹിത്യകാരനുമായ വിജയ് ദാന്‍ ദത്തയുടെ കഥയായിരുന്നു ആസ്പദം. ബോളെക്സ് ക്യാമറയാണ് ഉപയോഗിക്കുന്നതെന്നതിനാലും അമേച്വറായ നിര്‍മാണരീതികളാണ് അവലംബിക്കുന്നതെന്നതിനാലും കെ കെ മഹാജന്‍ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കാന്‍ വിസമ്മതിച്ചു. ഇനിയൊരിക്കലും മഹാജനുമായി സഹകരിക്കില്ലെന്ന് മണികൌളും ആ ഘട്ടത്തില്‍ തീരുമാനിച്ചു. ഒരു പഴയ പാന്‍വാല(മുറുക്കാന്‍ കടക്കാരന്‍)യില്‍ നിന്നു പോലും എനിക്കൊരു ക്യാമറാമാനെ രൂപപ്പെടുത്താന്‍ കഴിയും എന്നു പറയാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് അഹന്ത കൊണ്ടല്ല, ഈ നിരാസം കൊണ്ടാണെന്ന് പില്‍ക്കാലത്ത് എല്ലാവര്‍ക്കും ബോധ്യപ്പെട്ടു. സ്റില്‍ ഫോട്ടോഗ്രാഫറായിരുന്ന നവ്റോസ് കോണ്‍ട്രാക്റ്ററാണ് ദുവിധയുടെ ഛായ നിര്‍വഹിച്ചത്. സിനിമയില്‍ സംവിധായകന്‍ തന്നെ പരമോന്നതന്‍ എന്ന് എല്ലാക്കാലത്തേക്കുമായി തെളിയിക്കാന്‍ ഈ ചിത്രത്തിന്റെ വിജയകരമായ നിര്‍മാണത്തിലൂടെ മണികൌളിന് സാധ്യമായി. പണമില്ലാതിരുന്നതിനാല്‍ ജനറേറ്റര്‍ ഉപയോഗിക്കാനാകാതെ ഗ്രാമീണ രാജസ്ഥാനിലെ താഴ്ന്ന വോള്‍ട്ടേജില്‍ നിന്ന് തനിക്ക് വേണ്ട വെളിച്ചത്തെ രൂപപ്പെടുത്താന്‍ അദ്ദേഹം ശ്രദ്ധിക്കുകയായിരുന്നു. ശബ്ദ ലേഖന സംവിധാനം വേണ്ട തോതില്‍ ലഭ്യമല്ലാതിരുന്നതു മൂലം സംഭാഷണങ്ങളും പശ്ചാത്തല ശബ്ദങ്ങളും തീരെ കുറച്ചിരിക്കുകയാണ് ദുവിധയില്‍. ചിത്രം ഒരു നിശ്ശബ്ദ സിനിമയാണോ എന്ന് പലപ്പോഴും സംശയിക്കപ്പെടുന്ന തരത്തിലായിരുന്നു കാണികള്‍ക്ക് (കേള്‍വിക്കാര്‍ക്കും) അനുഭവപ്പെട്ടത്. ചിത്രത്തിന്റെ വൈശിഷ്ട്യം ബോദ്ധ്യപ്പെട്ട എല്‍ വി പ്രസാദ് അദ്ദേഹത്തിന്റെ ലാബില്‍ നിന്ന് അനല്‍പമായ സഹായമാണ് ചിത്രം പൂര്‍ത്തിയാക്കാന്‍ ചെയ്തുകൊടുത്തത്. തന്റെ സിനിമ എന്തായിരിക്കണം, തന്റെ സമീപനം എന്തായിരിക്കണം എന്ന കാര്യത്തില്‍ ധാര്‍ഷ്ട്യം പോലെ മറ്റുള്ളവര്‍ക്ക് തോന്നാവുന്ന തരത്തില്‍ നിലപാടെടുക്കാനുള്ള ധൈര്യം തന്റെ ഗുരുവായ ഘട്ടക്കില്‍ നിന്നാണ് തനിക്ക് ലഭിച്ചതെന്ന് മണികൌള്‍ പറയാറുണ്ടായിരുന്നു.

നിരവധി ഡോക്കുമെന്ററികളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. മണികൌളിന് രാഷ്ട്രീയ ബോധമില്ലെന്നാരോപിച്ചവര്‍, ഫിലിംസ് ഡിവിഷനു വേണ്ടി അദ്ദേഹം സംവിധാനം ചെയ്ത ആഗമനം(അറൈവല്‍) കാണേണ്ടതുണ്ട്. ബോംബെയിലെത്തുന്ന അന്യസംസ്ഥാനക്കാരും നിസ്സഹായരുമായ തൊഴിലാളികളെ ചാക്കുകളിലെത്തുന്ന ഉരുളക്കിഴങ്ങിനോടാണ് കൌള്‍ ഉപമിക്കുന്നത്. മതിമനസ്, അസമാധാനത്താല്‍ വേട്ടയാടപ്പെടുന്നതിനു മുമ്പ് ജമ്മു&കാശ്മീര്‍ സര്‍ക്കാരിനു വേണ്ടി പൂര്‍ത്തീകരിച്ച ബിഫോര്‍ മൈ ഐസ് തുടങ്ങിയവ വ്യതിരിക്തമായ ശൈലി കൊണ്ട് സവിശേഷമായിരുന്നു. കാശിയിലെ ശാസ്ത്രീയ സംഗീതജ്ഞയായ സിദ്ധേശ്വരീ ദേവിയെക്കുറിച്ചെടുത്ത സിദ്ധേശ്വരിയും ശ്രദ്ധേയമായ ഡോക്കുമെന്ററിയായിരുന്നു. സിനിമയെടുക്കാന്‍ കഴിയാതെ പോയ ഇടവേളകളില്‍, സ്വദേശത്തും വിദേശത്തും സിനിമ പഠിപ്പിച്ചും ശാസ്ത്രീയ സംഗീതം അഭ്യസിച്ചും ജീവിക്കുകയായിരുന്നു മണികൌള്‍ ചെയ്തത്.


*****


ജി പി രാമചന്ദ്രന്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ആശയവിനിമയമാണ് കലയിലെ ഏറ്റവും പ്രധാനപ്പെട്ട സംഗതിയെന്ന് വിശ്വസിക്കുന്ന ചലച്ചിത്രകാരനായിരുന്നില്ല മണികൌള്‍. കലാപ്രവര്‍ത്തനത്തില്‍ അര്‍പ്പണബോധമാണ് സുപ്രധാനം എന്നാണദ്ദേഹം വിശ്വസിച്ചത്. അര്‍പ്പണത്തിലൂടെയും പുനരര്‍പ്പണത്തിലൂടെയും നിങ്ങള്‍ പുതിയ സങ്കല്‍പനങ്ങളിലേക്ക് ചെന്നെത്തുന്നു. അര്‍ത്ഥങ്ങളും ഉദ്ദേശങ്ങളുമില്ലാത്ത സിനിമകളെടുത്ത ഒരാളായി മണികൌള്‍ ആക്ഷേപിക്കപ്പെട്ടിരുന്നു. അതോടൊപ്പം, ഏറ്റവും ബുദ്ധിമാനായ ചലച്ചിത്രകാരനാണദ്ദേഹം എന്നും വിലയിരുത്തപ്പെട്ടു. പൂനെ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റിറ്റ്യൂട്ടില്‍ നിന്ന് സംവിധാനത്തില്‍ ബിരുദം നേടിയ മണികൌള്‍ ചലച്ചിത്രവ്യവസായത്തോടും ഫിലിംസ് ഡിവിഷനോടും സഹകരിച്ചുകൊണ്ട് കുറച്ചു കാലം പ്രവര്‍ത്തിച്ചെങ്കിലും ആ രണ്ട് അനുഭവങ്ങളും ഹൃദയഭേദകമായിരുന്നതിനാല്‍ ഒറ്റക്കുള്ള വഴിയിലൂടെ പില്‍ക്കാലത്തെ കലാജീവിതം നടന്നു തീര്‍ത്തു. ഋത്വിക് ഘട്ടക്കിന് പ്രിയപ്പെട്ട മൂന്നു വിദ്യാര്‍ത്ഥികളിലൊരാളായിരുന്നു മണികൌള്‍. കുമാര്‍ ഷഹാനിയും ജോണ്‍ ഏബ്രഹാമും ആയിരുന്നു മറ്റു രണ്ടു പേര്‍.