Tuesday, August 16, 2011

അഴിമതിയുടെ സാംസ്കാരിക സ്വത്വം

അടുത്തയിടെ ഉണ്ടായ അവിശ്വസനീയമായ അഴിമതി സംഭവങ്ങള്‍ ഇന്ത്യയ്ക്ക് അന്താരാഷ്ട്ര സമൂഹത്തില്‍ അഴിമതിരാഷ്ട്രം എന്ന ബഹുമതി നേടിക്കൊടുത്തിരിക്കുന്നു. അഴിമതി ഒരു പുതുമയൊന്നുമല്ല, ഇന്ത്യയിലും വിദേശങ്ങളിലും. അഴിമതിയെക്കുറിച്ച് ഗവേഷണം നടത്തിയ സയ്യദ് അലാത്താസ് എന്ന സാമൂഹ്യശാസ്ത്രജ്ഞന്‍ മൂന്നാം ലോക രാഷ്ട്രങ്ങളിലെ സ്വാതന്ത്ര്യാനന്തര മുതലാളിത്ത വികസന പ്രക്രിയയുമായി ഇതിനെ ബന്ധപ്പെടുത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളില്‍ വളര്‍ന്നുവന്ന ബൂര്‍ഷ്വാ സംസ്കാരവും ജീവിതരീതിയുമാണ് അഴിമതിയുടെ അടിസ്ഥാനപരമായ കാരണങ്ങളെന്നാണ് പല പണ്ഡിതന്മാരും ചൂണ്ടിക്കാട്ടിയിട്ടുള്ളത്. രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥ വൃന്ദവും തമ്മിലുള്ള സഹകരണവും സഹായവും അഴിമതിയ്ക്ക് വഴിയൊരുക്കുകയും കോഴ വാങ്ങിയവരെ സംരക്ഷിക്കുകയും ചെയ്യുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ കോഴ സര്‍വ്വ സാധാരണമാണെങ്കില്‍ കൂടി അതിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ട രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥന്മാരും വിരളമാണ്. അതുകൊണ്ട് കോഴയും അഴിമതിയും ഭരണസംസ്കാരത്തിന്റെ ഭാഗമായി മാറി. പടിപടിയായി വളര്‍ന്നുവന്ന ആ സംസ്കാരം ഇന്ന് സമൂഹത്തെയാകെ ഗ്രസിച്ചുകഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് കോഴയും അഴിമതിയും അനഭിലഷണീയമായ വ്യതിയാനങ്ങളല്ലെന്നും ഭരണവ്യവസ്ഥയുടെ സ്വാഭാവികമായ രീതി മാത്രമാണെന്നുമുള്ള ഒരു പൊതുബോധം സമൂഹത്തില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.

ഭരണകര്‍ത്താക്കള്‍ ന്യായീകരിക്കുകയും ജനങ്ങള്‍ ചോദ്യം ചെയ്യാതിരിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ ദുരന്തമാണ് അഴിമതി. അഴിമതിക്ക് പല രൂപങ്ങളുമുണ്ട്. പരമ്പരാഗത ഭരണസംവിധാനത്തില്‍ പ്രാദേശിക ഉദ്യോഗസ്ഥന്മാര്‍ സ്വീകരിച്ചിരുന്ന മാമൂലുകള്‍ മുതല്‍ ഇന്ന് വസൂലാക്കുന്ന വമ്പിച്ച കോഴ വരെ. പൊതുവില്‍ ഭരണസംവിധാനത്തെ അവിഹിതമായി ഉപയോഗിച്ച് കയ്യാളുന്ന എല്ലാ ആനുകൂല്യങ്ങളേയും അഴിമതിയെന്ന് വിശേഷിപ്പിക്കാവുന്നതാണ്. ഓരോ കാലഘട്ടത്തിലും അഴിമതിയുടെ സ്വഭാവവും തോതും മാറുന്നു. ഫ്യൂഡല്‍ - കൊളോണിയല്‍ കാലഘട്ടങ്ങളിലുണ്ടായിരുന്ന അഴിമതിയില്‍നിന്ന് തികച്ചും വ്യത്യസ്തമാണ് ആഗോളീകരണ സന്ദര്‍ഭത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന അഴിമതി. അന്ന് അഴിമതി അസാധാരണ സംഭവമായിരുന്നെങ്കില്‍ ഇന്ന് സര്‍വ്വസാധാരണമായ സാമൂഹ്യ സംസ്കാരമായി മാറി കഴിഞ്ഞിരിക്കുന്നു. ഭരണവര്‍ഗത്തിന്റെ സാംസ്കാരിക സ്വത്വമായി അഴിമതി വികസിച്ചിരിക്കുന്നു. ഈ മാറ്റത്തിന് പ്രധാന കാരണം മദ്ധ്യവര്‍ഗത്തിന്റെ സുഖലോലുപതയും സാമൂഹ്യസമീപനവുമാണ്.

അഴിമതി ഒരു സാമൂഹ്യ പ്രതിഭാസമായതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്ന ചാലകശക്തി മദ്ധ്യവര്‍ഗത്തിന്റെ ആദര്‍ശരാഹിത്യമാണ്. തങ്ങളുടെ സുഖസൗകര്യങ്ങള്‍ക്കുവേണ്ടി അവര്‍ അവിഹിതമായ സാമ്പത്തിക മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നു. തല്‍ഫലമായി മിക്കവാറും എല്ലാ സ്ഥാപനങ്ങളിലും കാര്യസാധ്യത്തിനു കോഴ നല്‍കണമെന്ന സ്ഥിതി വന്നിരിക്കുകയാണ്, ചെറിയ ചെറിയ കാര്യങ്ങള്‍ക്കുപോലും. നീണ്ട ക്യൂവില്‍ നില്‍ക്കുന്നതിനേക്കാള്‍ അഭികാമ്യം കോഴ കൊടുക്കുകയാണെന്ന് അഷീസ് നന്ദിയെപ്പോലുള്ള ബുദ്ധിജീവികള്‍പോലും പറയുന്നു. അതുകൊണ്ടു എത്ര തന്നെ സത്യസന്ധനായാലും അഴിമതിക്ക് അടിമപ്പെടാതെ ജീവിക്കാന്‍ വയ്യെന്ന അവസ്ഥയിലെത്തിയിരിക്കുകയാണ് സമൂഹം. കോഴ കൊടുക്കുന്നതും കോഴ വാങ്ങുന്നതും അഴിമതിയാണ്. അതുകൊണ്ട് അഴിമതിക്കാരല്ലാത്തവര്‍ സമൂഹത്തില്‍ ഇല്ലാതായിരിക്കുന്നു.

അഴിമതിക്ക് മറ്റൊരു തലമുണ്ട്. അടുത്തകാലത്ത്, ഉദാരവല്‍ക്കരണത്തിനുശേഷം, ഉരുത്തിരിഞ്ഞുവന്ന അഴിമതിയുടെ സ്വഭാവം. ആഗോളവല്‍ക്കരണം അഴിമതിയുടെ സാധ്യതകളെ പല മടങ്ങ് വര്‍ദ്ധിപ്പിച്ചിരിക്കുന്നു. സ്വകാര്യമൂലധനത്തിന് ഉല്‍പാദനമേഖലയിലും വാണിജ്യമേഖലയിലും സ്വാതന്ത്ര്യം നല്‍കിയതോടുകൂടി ലാഭേച്ഛുക്കളായ വ്യക്തികളുടെയും സാമ്പത്തിക സ്ഥാപനങ്ങളുടെയും ഒരു കടന്നാക്രമണം തന്നെ സംഭവിച്ചിരിക്കുന്നു. അതേസമയത്തുതന്നെ അവയുടെ പ്രവര്‍ത്തനത്തില്‍ ഔദ്യോഗിക നിയന്ത്രണം നിലനിര്‍ത്തുകയും ചെയ്യുന്നു. അതായത് നയപരമായ മാറ്റങ്ങള്‍ സംഭവിച്ചുവെങ്കിലും പ്രായോഗികതലത്തില്‍ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും കടിഞ്ഞാണ്‍ നിലനില്‍ക്കുന്നു എന്നര്‍ത്ഥം. ഈ വിരോധാഭാസമാണ് വന്‍തോതിലുള്ള അഴിമതിക്ക് വഴിവെച്ചത്. വമ്പിച്ച അവിഹിത സമ്പാദ്യമുണ്ടാക്കാനുള്ള ഇടം ഇതിലൂടെ രാഷ്ട്രീയ നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ലഭിച്ചിരിക്കുന്നു. ബിജെപിയുടെ ഭരണകാലത്ത് പൊതുസ്ഥാപനങ്ങള്‍ വിറ്റഴിച്ച അരുണ്‍ഷൂരിയും, ഡിഎംകെ മന്ത്രിയായ രാജയും, കോണ്‍ഗ്രസ് നേതാവായ കല്‍മാഡിയും അഴിമതി മാഫിയയുടെ പ്രതിനിധികള്‍ മാത്രമാണ്.

അഴിമതിയിലൂടെ സമാഹരിച്ചെടുത്ത അവിഹിത ധനം ഒരു വളരെ ചെറിയ ജനവിഭാഗത്തിന്റെ വരുതിയിലാണ് എത്തിച്ചേരുന്നത്. സ്വിറ്റ്സര്‍ലണ്ടിലെ ബാങ്കുകളിലും ദല്‍ഹിയിലെയും മുംബൈയിലെയും വ്യാപാര വിപണികളിലും ഈ ധനം നിക്ഷേപിക്കപ്പെടുന്നു. ഇതില്‍ അധികാംശവും ഷൂരിയേയും, രാജയെയും, കല്‍മാഡിയേയും പോലുള്ളവര്‍ അവിഹിതമായി സമാഹരിച്ച കള്ളപ്പണമാണ്. രാഷ്ട്രീയ നേതാക്കളില്‍ പലര്‍ക്കും ഇതില്‍ ഓഹരിയുണ്ടാകാമെന്നതുകൊണ്ട് അതു കണ്ടുകെട്ടാനുള്ള നടപടികളൊന്നും കൈക്കൊണ്ടു എന്നു വരികയില്ല. അഴിമതി ഒരു സാമ്പത്തിക പ്രശ്നം മാത്രമല്ല. സാംസ്കാരികവും, രാഷ്ട്രീയവും, ധാര്‍മികവുമായ പ്രശ്നം കൂടിയാണ്. കള്ളപ്പണം ഒരു പുതിയ സാംസ്കാരിക മേഖലയ്ക്ക് രൂപംകൊടുത്തുകൊണ്ടിരിക്കുന്നു, ബോളിവുഡ് മുതല്‍ വിദേശ വസ്തുക്കള്‍ വരെ.

അഴിമതികൊണ്ടു സമ്പന്നരായവര്‍ കമ്പോളവും കലയുമടങ്ങുന്ന സാംസ്കാരിക ജീവിതത്തില്‍ ഇടപെടുകയും ചെയ്യുന്നു. തല്‍ഫലമായി ഈ ജീവിതവുമായി ബന്ധമില്ലാത്ത ഒരു സാംസ്കാരിക ജീവിതം ആദര്‍ശവല്‍ക്കരിക്കപ്പെടുകയാണ്. അത്തരം ആദര്‍ശവല്‍ക്കരണത്തിന്റെ രക്തസാക്ഷികളായ ഒരു യുവതലമുറയെ എല്ലാ നഗരങ്ങളിലും ഇന്ന് കാണാന്‍ കഴിയും. അന്യദേശങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്ത ആഢംബര വസ്തുക്കളും, വിദേശ രാജ്യങ്ങളുടെ സാംസ്കാരിക ജീവിതം സ്വായത്തമാക്കാനുള്ള അമിതമോഹവും ഈ തലമുറയെ അസാന്മാര്‍ഗികമായ ജീവിതത്തിലേയ്ക്ക് ആകര്‍ഷിക്കുന്നു. സമൂഹത്തില്‍ ഇന്ന് കാണുന്ന മൂല്യച്യുതിയുടെ ഒരു പ്രധാനപ്പെട്ട കാരണം കള്ളപ്പണമാണെന്നു കാണാം. അവിഹിതമായി സമ്പാദിച്ച സ്വത്ത് അധാര്‍മികമായി ഉപയോഗിക്കാന്‍ മടി കാണുകയില്ല. അതുകൊണ്ട് അഴിമതി സമൂഹത്തില്‍ നടക്കുന്ന ക്രയവിക്രയങ്ങളുടെ സ്വഭാവത്തെ തന്നെ മാറ്റിമറിച്ചിരിക്കുന്നു.

ഈ സന്ദര്‍ഭത്തില്‍ അഴിമതിയുടെ നിര്‍വ്വചനം പുനര്‍വ്യാഖ്യാനം ചെയ്യപ്പെടേണ്ടതാണ്. ഉദ്യോഗസ്ഥന്മാര്‍ കൈപ്പറ്റുന്ന കോഴ മാത്രമാണോ അഴിമതി? ഇന്ത്യയെപ്പോലെ എണ്‍പതുശതമാനം പൗരന്മാര്‍ ഇരുപതു രൂപ കൊണ്ട് നിത്യവൃത്തി കഴിക്കുന്ന ഒരു രാജ്യത്ത് ഒരു ദിവസം കേസ് വാദിക്കാന്‍ 50 ലക്ഷം രൂപ വാങ്ങിക്കുന്നത് അഴിമതിയല്ലേ? അതേപോലെ തന്നെ അമ്പതുശതമാനം ജനങ്ങള്‍ കുടിലുകളില്‍ താമസിക്കുന്ന സമൂഹത്തില്‍ 14 നിലയുള്ള കെട്ടിടത്തില്‍ രണ്ടുപേര്‍ ജീവിക്കുന്നത് അഴിമതിയല്ലേ? അഴിമതിയാണ് ഇന്ത്യന്‍ സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്ന് വാദിക്കുന്ന അന്ന ഹസാരെയും ശാന്തിഭൂഷണുമൊക്കെ ഈ യാഥാര്‍ത്ഥ്യം എന്തുകൊണ്ടു കാണാതെ പോകുന്നു?

ആദര്‍ശരഹിതമായ രാഷ്ട്രീയത്തില്‍നിന്ന് അഴിമതി ഉടലെടുക്കുകയും, അഴിമതിയില്‍നിന്ന് ആദര്‍ശരഹിത രാഷ്ട്രീയം ഉരുത്തിരിയുകയും ചെയ്യുന്നു. അഴിമതികൊണ്ട് ആര്‍ജിച്ച പണംകൊണ്ടാണ് പലരും രാഷ്ട്രീയ അധികാരം കയ്യാളുന്നത്. രാഷ്ട്രീയ സ്വാധീനമല്ല, അധികാരം തന്നെ. അഴിമതിക്കാര്‍ മന്ത്രിക്കസേരകളില്‍ വിരാജിക്കുന്നത് വിരളമല്ല. ഇന്ത്യയിലെ ജനാധിപത്യം അതുകൊണ്ട് ജനങ്ങളുടെ ഭരണമല്ലാതെ പണാധിപത്യഭരണമായി മാറിക്കൊണ്ടിരിക്കുകയാണ്. നോട്ടുകള്‍ക്ക് പകരം വോട്ട് എന്ന മുദ്രാവാക്യം രാഷ്ട്രീയ സിദ്ധാന്തമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഈ മാറ്റം ആരംഭിക്കുന്നത് ഇന്ദിരാഗാന്ധിയുടെ ഭരണകാലം മുതലാണ്. അധികാരത്തിനുവേണ്ടി ആദര്‍ശത്തെ ബലി കഴിക്കുന്നതില്‍ തെറ്റില്ലെന്ന് വരുത്തിവെച്ചത് അവരായിരുന്നു. അതിനുശേഷമാണ് ഒന്നിനു പിറകെ മറ്റൊന്നായി അഴിമതി കാണ്ഡങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചുരുളഴിഞ്ഞത്.

സത്യസന്ധനായി പൊതുവെ സ്വീകരിക്കപ്പെടുന്ന മന്‍മോഹന്‍ സിങ്ങിന്റെ ഭരണകാലത്ത് അഴിമതി പരമകോടിയിലെത്തുകയും ചെയ്തു. ഇന്ന് അഴിമതി ഒളിഞ്ഞും തെളിഞ്ഞും നടക്കുന്നു. എല്ലാ മേഖലകളിലും, ഗ്രാമപഞ്ചായത്തു മുതല്‍ കേന്ദ്ര മന്ത്രിസഭ വരെ. പക്ഷേ, ഗ്രാമപഞ്ചായത്തിലെ ഉദ്യോഗസ്ഥന്‍ ശിക്ഷിക്കപ്പെടുമ്പോള്‍ കേന്ദ്ര മന്ത്രിമാര്‍ അധികാരത്തില്‍ തുടരുന്നു. എ രാജ ഈ പൊതുസ്വഭാവത്തിന് ഒരപവാദമാണ്. അദ്ദേഹത്തിന് മുമ്പ് എത്രയെത്ര രാഷ്ട്രീയ നേതാക്കള്‍ക്ക് അഴിമതി ആരോപണങ്ങള്‍ ഏശാതെ പോയിട്ടുണ്ട്! എത്രയെത്ര ജനപ്രതിനിധികള്‍ അഞ്ചുകൊല്ലങ്ങള്‍കൊണ്ട് കോടീശ്വരന്മാരായിട്ടുണ്ട്! എത്രയെത്ര ഉന്നത ഉദ്യോഗസ്ഥന്മാര്‍ നോട്ടുകെട്ടുകള്‍ കിടപ്പറകളില്‍ ഒളിച്ചു സൂക്ഷിച്ചിട്ടുണ്ട്! അവരില്‍ ബുദ്ധിമാന്മാരായവര്‍ സ്വിസ് ബാങ്കിന്റെ താക്കോല്‍ കൈവശമാക്കിയിട്ടുണ്ട്! അവരുടെയൊന്നും പണത്തിന്റെ സ്രോതസ്സ് മാസശമ്പളമല്ലെന്ന് സുവിദിതമാണ്.

ഈ സ്ഥിതിവിശേഷത്തോട് ഭരണകൂടത്തിന്റെയും പൊതുസമൂഹത്തിന്റെയും പ്രതികരണം തികച്ചും അവസരവാദപരമാണ്. ഈ ചെയ്തികളെ കഴിയുന്നത്ര മൂടിവെയ്ക്കാനാണ് ഭരണകൂടം ശ്രമിച്ചിട്ടുള്ളത് - മുണ്ഡ്രകാണ്ഡം മുതല്‍ രാജകാണ്ഡം വരെ. അവയൊക്കെ ദുഷിച്ച് നാറാന്‍ തുടങ്ങുമ്പോള്‍ മാത്രമാണ് ഭരണകൂടം രംഗത്തുവരുന്നത്. അല്ലറ ചില്ലറ നടപടികളെടുത്ത് അവരെയൊക്കെ രക്ഷിക്കുകയും ചെയ്യുന്നു. സംസ്ഥാന മന്ത്രിസഭകളിലെ അഴിമതിക്കാരെ കേന്ദ്ര മന്ത്രിസഭയിലേയ്ക്ക് സ്ഥലംമാറ്റുക. കേന്ദ്ര മന്ത്രിസഭയിലെ അഴിമതിക്കാരെ ഗവര്‍ണര്‍മാരായി നിയമിക്കുക. ഇതാണ് ശിക്ഷാ നടപടി.
പൗരസമൂഹത്തിലെ ഉന്നതന്മാര്‍ പലരും അഴിമതിക്കാരുടെ വക്കാലത്ത് പിടിച്ചവരാണ്. മദ്ധ്യവര്‍ഗം അഴിമതിയുടെ അടിത്തറയുമാണ്. അതുകൊണ്ട് ഈ രണ്ട് വിഭാഗങ്ങളില്‍നിന്നും കഴിഞ്ഞ അമ്പതിലേറെ കൊല്ലങ്ങളായി പറയത്തക്ക എതിര്‍പ്പൊന്നുമുണ്ടായില്ല. വളരെ അലസതയോടെയാണ് സമൂഹം അഴിമതിയെ നേരിട്ടത്.

രാഷ്ട്രീയ - സാമൂഹ്യ സ്വാധീനമുള്ള പൗരസമൂഹ പ്രതിനിധികളുടെയും മദ്ധ്യവര്‍ഗത്തിന്റെയും ജീവിതത്തെ അത് ബാധിച്ചില്ല എന്നതായിരിക്കാം കാരണം. അല്ലെങ്കില്‍ കൊച്ചു കൊച്ച് അഴിമതികളെ മറികടക്കാനുള്ള സ്വാധീനം അവര്‍ക്കുണ്ടായിരുന്നു എന്നതാകാം. പക്ഷേ, കഴിഞ്ഞ ഒന്നു രണ്ടു ദശകങ്ങളില്‍ അഴിമതിയുടെ തോത് അവര്‍ണ്ണനീയമായി, അസഹനീയമായി വളര്‍ന്നിരിക്കുന്നു. ഇങ്കര്‍സോളിന്റെ തത്വശാസ്ത്രത്തില്‍ വിശ്വസിക്കുന്ന ഒരു അതിസമ്പന്നവര്‍ഗം നിലവില്‍ വന്നിരിക്കുന്നു. അവര്‍ എന്തും വിലയ്ക്കു വാങ്ങാന്‍ സന്നദ്ധരാണ്. അവരുടെ ആക്രമണോത്സുകമായ മുന്നേറ്റത്തിനുമുന്നില്‍ പൗരസമൂഹവും മധ്യവര്‍ഗവും പുറംതള്ളപ്പെട്ടുകൊണ്ടിരിക്കുകയാണ്. പൗരസമൂഹ പ്രതിനിധികളും മദ്ധ്യവര്‍ഗ കാഴ്ചക്കാരും അഴിമതിയ്ക്കെതിരായി രംഗപ്രവേശം ചെയ്തിട്ടുള്ളത് ഈ സന്ദര്‍ഭത്തിലാണ്. അവര്‍ നിര്‍ദ്ദേശിക്കുന്ന പ്രതിവിധിയാണ് ലോക്പാല്‍ ബില്‍ എന്ന പുതിയ അഴിമതി ശിക്ഷാനിയമം.

ലോക്പാല്‍ ബില്ലിന്റെ ലക്ഷ്യം നിലവിലുള്ള മറ്റു നിയമങ്ങളെപ്പോലെ അഴിമതിക്കാരെ ശിക്ഷിക്കുകയാണ്. അഴിമതി തടയുകയല്ല. അഴിമതി തടയാനുള്ള സംവിധാനമാണ് യഥാര്‍ത്ഥത്തില്‍ ഉണ്ടാകേണ്ടത്. അതിന് തികച്ചും വ്യത്യസ്തമായ ഭരണരീതിയാണ് ആവശ്യം. സുതാര്യമായ ഒരു ഭരണസമ്പ്രദായമുണ്ടെങ്കില്‍ കോഴ കൊടുക്കേണ്ട സാഹചര്യമുണ്ടാകുകയില്ല. ഇന്ന് ഭരണ തീരുമാനങ്ങള്‍ ഗോപ്യമാണ്. അതുകൊണ്ട് സ്വാധീനമുള്ള ഇടത്തട്ടുകാര്‍ ഭരണത്തിനും ജനങ്ങള്‍ക്കുമിടയില്‍നിന്നുകൊണ്ട് അഴിമതി നടത്തുന്നു. കൊളോണിയല്‍ കാലഘട്ടത്ത് ആരംഭിച്ച ഈ പ്രക്രിയ ഇന്നും അതേപോലെ നിലനില്‍ക്കുന്നു.

2 ജിയെയും കോമണ്‍വെല്‍ത്ത് ഗെയിമിനെയും കുറിച്ചുള്ള തീരുമാനങ്ങളെടുക്കുന്നത് അപ്പപ്പോള്‍ പൊതുസമൂഹത്തിന്റെ മുന്നിലായിരുന്നുവെങ്കില്‍ , രാജയും കല്‍മാഡിയും എന്നേ നിരായുധരായേനെ. വിവരാവകാശനിയമം അഴിമതിയെ കാര്യമായി ബാധിക്കുകയില്ലെന്നു കണ്ടുകഴിഞ്ഞു. കാരണം അഴിമതി സംഭവിച്ചതിനുശേഷമാണ് വിവരാവകാശനിയമം പ്രാവര്‍ത്തികമാകുന്നത്. ആഗോളവല്‍ക്കരണത്തിനുശേഷമാണ് അഴിമതി വര്‍ദ്ധിച്ചത് എന്നത് യാദൃച്ഛികമല്ല. നവഉദാരരീതി ഉന്നത മധ്യവര്‍ഗത്തിന്റെ ഉപഭോഗ സാദ്ധ്യതകളില്‍ ആകര്‍ഷകമായ മാറ്റങ്ങള്‍ വരുത്തുകയും, ധനാര്‍ജ്ജനത്തിന് പുതിയ കവാടങ്ങള്‍ തുറന്നിടുകയും ചെയ്തു. ദ്രുതഗതിയില്‍ ധനം സമാഹരിക്കാന്‍ അഴിമതിയാണ് ഏറ്റവും എളുപ്പമുള്ള വഴി. പൊതുസമ്പത്തിനെ ഭരണസ്വാധീനം ഉപയോഗിച്ച് സ്വകാര്യമാക്കുകയാണ് അതിന്റെ രീതി. ഈ രീതി ഉപയോഗിക്കുന്നതില്‍ ജാതി മത വ്യത്യാസമില്ല. മുതലാളിത്തത്തിന്റെ താല്‍പര്യമായ ലാഭക്കൊതിയാണ് അഴിമതിയുടെ സംസ്കാരം. ആ സാംസ്കാരിക സ്വത്വത്തെ മറികടക്കാതെ അഴിമതിക്ക് പ്രതിവിധിയുണ്ടാകുകയില്ല. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയാതെയുള്ള പ്രക്ഷോഭങ്ങള്‍ നിരര്‍ത്ഥകമാണ്. അഴിമതിക്കെതിരായി ശബ്ദമുയര്‍ത്തുന്ന പൗരസമൂഹ വക്താക്കളുടെ അജണ്ടയുടെ ദൗര്‍ബല്യവും അതുതന്നെ.


*****


പ്രൊഫ. കെ എന്‍ പണിക്കര്‍, കടപ്പാട് :ചിന്ത വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഈ സന്ദര്‍ഭത്തില്‍ അഴിമതിയുടെ നിര്‍വ്വചനം പുനര്‍വ്യാഖ്യാനം ചെയ്യപ്പെടേണ്ടതാണ്. ഉദ്യോഗസ്ഥന്മാര്‍ കൈപ്പറ്റുന്ന കോഴ മാത്രമാണോ അഴിമതി? ഇന്ത്യയെപ്പോലെ എണ്‍പതുശതമാനം പൗരന്മാര്‍ ഇരുപതു രൂപ കൊണ്ട് നിത്യവൃത്തി കഴിക്കുന്ന ഒരു രാജ്യത്ത് ഒരു ദിവസം കേസ് വാദിക്കാന്‍ 50 ലക്ഷം രൂപ വാങ്ങിക്കുന്നത് അഴിമതിയല്ലേ? അതേപോലെ തന്നെ അമ്പതുശതമാനം ജനങ്ങള്‍ കുടിലുകളില്‍ താമസിക്കുന്ന സമൂഹത്തില്‍ 14 നിലയുള്ള കെട്ടിടത്തില്‍ രണ്ടുപേര്‍ ജീവിക്കുന്നത് അഴിമതിയല്ലേ? അഴിമതിയാണ് ഇന്ത്യന്‍ സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്ന് വാദിക്കുന്ന അന്ന ഹസാരെയും ശാന്തിഭൂഷണുമൊക്കെ ഈ യാഥാര്‍ത്ഥ്യം എന്തുകൊണ്ടു കാണാതെ പോകുന്നു?