Saturday, October 8, 2011

ജനകീയ പ്രസ്ഥാനം മാറ്റത്തിന്റെ പടഹധ്വനി

വിപുലവും വീറുറ്റതുമായ ജനകീയ മുന്നേറ്റങ്ങളെത്തുടര്‍ന്നാണ് കഴിഞ്ഞ നൂറ്റാണ്ടില്‍ ഞങ്ങളുടെ രാജ്യത്ത് പുരോഗമനപരമായ മാറ്റങ്ങളുടെ രണ്ട് പ്രധാന കാലഘട്ടങ്ങളുണ്ടായത്. സാമ്പത്തിക തകര്‍ച്ചയുടെ വര്‍ഷങ്ങളില്‍ ശക്തമായൊരു ജനകീയ പ്രസ്ഥാനമുണ്ടായി. അതിന്റെ മുന്നണിയില്‍ തൊഴിലാളി വര്‍ഗവും അവരുടെ സംഘടിത ശക്തിയും (ട്രേഡ് യൂണിയനുകള്‍) ഉണ്ടായിരുന്നു. സാമൂഹ്യ പുരോഗതിയുടെ ഒരു ചാലകശക്തിയായി അവര്‍ മാറി. പുരോഗമനപരമായ ഒട്ടേറെ നിയമനിര്‍മാണങ്ങളുടെ നട്ടെല്ലായി അത് മാറി - സാമൂഹ്യ സുരക്ഷിതത്വം, തൊഴിലില്ലായ്മ, ഇന്‍ഷ്വറന്‍സ്, ക്ഷേമപ്രവര്‍ത്തനങ്ങള്‍, യൂണിയനുകളായി സംഘടിക്കാനുള്ള അവകാശം തുടങ്ങിയവ.

മൂന്നുദശകങ്ങള്‍ക്കുശേഷം മാര്‍ട്ടിന്‍ ലൂഥര്‍കിംഗ് നയിച്ച പ്രസ്ഥാനം കറുത്തവരോടുള്ള വിവേചനത്തെ ഇല്ലാതാക്കുകയും പൗരാവകാശ നിയമങ്ങള്‍ ഉറപ്പാക്കുകയും ചെയ്തു. അതിന്റെ ചുവടുപിടിച്ച് ആവേശകരമായ ഒട്ടേറെ ജനകീയ പോരാട്ടങ്ങളുണ്ടായി.ഇരുപ്രസ്ഥാനങ്ങളും - 1930 കളിലും 1960 കളിലുമുണ്ടായവ -വ്യത്യസ്തവും ജനകീയവും വീറുറ്റതും സ്വയമേവയുണ്ടായതും അതേസമയം തന്നെ സംഘടിതമായവയുമായിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനത്തെയും ജനകീയ പ്രവര്‍ത്തനത്തെയും ആ രണ്ട് പ്രസ്ഥാനങ്ങളും കൂട്ടിയിണക്കി. അതത് കാലഘട്ടത്തിനനുസരിച്ച് മാറ്റങ്ങള്‍ വരുത്തി തീര്‍ക്കുന്നതില്‍ ഇരുപ്രസ്ഥാനങ്ങളും നിര്‍ണായകമായിമാറി.

മറ്റ് വാക്കുകളില്‍ പറഞ്ഞാല്‍, അന്ന് അവ സംഭവിച്ചില്ലായിരുന്നുവെങ്കില്‍ പുരോഗമനപരമായ മാറ്റങ്ങള്‍, പരിമിതമായ തോതിലാണെങ്കില്‍പോലും സംഭവിക്കുകയില്ലായിരുന്നു.

ഇപ്പോഴത്തെ സാഹചര്യങ്ങളിലേയ്ക്ക് നോക്കുക. പ്രസിഡന്റും റിപ്പബ്ലിക്കന്‍ കക്ഷിയും തമ്മില്‍ കടത്തിന്റെ കാര്യത്തില്‍ സമീപകാലത്ത് ഒരു ഒത്തുതീര്‍പ്പുണ്ടായി. അതിനെതുടര്‍ന്ന് ഭരണത്തിനെതിരെ പുരോഗമന ചിന്താഗതിക്കാരും ഇടതുപക്ഷവും ശബ്ദമുയര്‍ത്തി. വളരെയേറെ നഷ്ടപ്പെടുന്നതും തിരിച്ച് വളരെക്കുറിച്ച് മാത്രം ലഭിക്കുന്നതും ആയ ഒന്നായി പലര്‍ക്കും അതനുഭവപ്പെട്ടു.

ഇന്നത്തെ പോരാട്ടത്തില്‍ അമേരിക്കന്‍ ജനത വേണ്ടരീതിയില്‍ അണിനിരന്നിട്ടില്ലായെന്നാണ് എനിക്ക് തോന്നുന്നത്. എന്നാല്‍ ഭൂരിപക്ഷം അമേരിക്കക്കാരും കാഴ്ചക്കാരായി മാറിയിരിക്കുന്നുവെന്നോ രാഷ്ട്രതലസ്ഥാനത്ത് എന്തു സംഭവിക്കുന്നുവെന്നറിയാന്‍ വീടിനുള്ളില്‍ കാത്തിരിക്കുന്നുവെന്നോ ഇതിനര്‍ഥമില്ല.

ഈ പോരാട്ടത്തിനുമാത്രമായി അങ്ങനെ പ്രത്യേകിച്ച് ഒരു പ്രശ്‌നമുണ്ടാകാന്‍ കാര്യമെന്താണ്? ഒബാമയുടെ തിരഞ്ഞെടുപ്പുമായി അതിനുബന്ധമുണ്ട്.

2008 ലെ തിരഞ്ഞെടുപ്പ് ക്യാമ്പയിനില്‍ പ്രകടമായിരുന്ന തലത്തിലേയ്ക്ക് ജനകീയ പ്രവര്‍ത്തനം പലകാരണങ്ങളാലും ഉയര്‍ന്നിട്ടില്ല. അന്ന് ജനകീയ പ്രവര്‍ത്തനം അടിത്തട്ടുവരെ വ്യാപിക്കുകയും വിശാല സ്വഭാവം കൈവരിക്കുകയും ഐക്യരൂപം ഉണ്ടാക്കുകയും സുസ്ഥിരമായ ഭാവം കൈവരിക്കുകയും ചെയ്തിരുന്നു. അന്ന് ദശലക്ഷക്കണക്കിനാള്‍ക്കാരാണ് അതില്‍ പങ്കുചേര്‍ന്നത്. അവര്‍ വോട്ട് ചെയ്യാന്‍ പോയ ജനലക്ഷങ്ങളുടെ ചിന്താഗതിയെ സ്വാധീനിച്ചു.
എന്നാല്‍ തിരഞ്ഞെടുപ്പിനുശേഷമുള്ള കാലഘട്ടത്തില്‍ അതുണ്ടായില്ല. അതുകാരണം ഒബാമയുടെ തിരഞ്ഞെടുപ്പിലൂടെയുണ്ടായ പുരോഗമനപരമായ മാറ്റത്തിന്റെ ശക്തി ക്ഷയിച്ചുപോയി.

മുതലാളിത്ത വ്യവസ്ഥിതിയില്‍ ശക്തമായ ബഹുജന സമ്മര്‍ദം കൂടാതെ സാമൂഹ്യ പുരോഗതി സാധ്യമല്ല. പുരോഗമനപരവും വിപ്ലവകരവുമായ മാറ്റങ്ങളെ ചെറുക്കുന്ന തരത്തിലാണ് മുതലാളിത്തത്തിന്റെ ഘടന. എന്നാല്‍ അധികാര ദണ്ഡുകള്‍ വലതുപക്ഷക്കാരുടെ നിയന്ത്രണത്തിലായിരിക്കുന്നതിനാല്‍ ചില സാഹചര്യങ്ങളില്‍ അത് വളരെ കര്‍ക്കശ സ്വഭാവം കൈക്കൊള്ളുകയും ചെയ്തു. അതാണിപ്പോള്‍ സംഭവിക്കുന്നത്.

ജനലക്ഷങ്ങളെ അണിനിരത്തുന്ന ശക്തമായൊരു ബഹുജന പ്രസ്ഥാനവും പുരോഗമന സ്വഭാവത്തോടുകൂടിയുള്ള ഒരു പരിപാടിയും ഇല്ലാത്തിടത്തോളം കാലം രാഷ്ട്രീയരംഗം വലതുപക്ഷം നിയന്ത്രിക്കുകയാവും ചെയ്യുക. നിയമനിര്‍മാണരംഗത്ത് വല്ലപ്പോഴും മാത്രമുണ്ടാകുന്ന വളരെ ചെറിയ ചില നേട്ടങ്ങളില്‍ കാര്യങ്ങള്‍ ഒതുങ്ങിപോകും. ഇപ്പോഴത്തെ സ്ഥിതി അതാണ്.
ഇപ്പോഴത്തെ രാഷ്ട്രീയ ആവശ്യകത വ്യക്തമാണ്. പുരോഗമനപരമായ മാറ്റത്തിനുവേണ്ടി അളവിലും ഗുണത്തിലും ജനകീയ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുക. അത് സംഭവിക്കുമോ ഇല്ലയോയെന്നത് ജനങ്ങളെയാണ് ആശ്രയിച്ചിരിക്കുന്നത്. സാധാരണജനങ്ങള്‍ എന്തുചെയ്യുന്നുവെന്നതാണ് പ്രശ്‌നം. 1930 കളിലും 1960 കളിലും സംഭവിച്ച പുരോഗമനപരവും ജനാധിപത്യപരവുമായ മുന്നേറ്റത്തിന്റെ ഒഴിച്ചുകൂടാനാകാത്ത ഘടകം അമേരിക്കന്‍ ജനതയുടെ പ്രവര്‍ത്തനങ്ങളായിരുന്നു. ഇപ്പോഴത്തെ ഭീതിജനകമായ സാമ്പത്തിക പ്രതിസന്ധിയെ തരണം ചെയ്യുന്നതിന് ജനലക്ഷങ്ങളുടെ മുന്‍കൈ പ്രവര്‍ത്തനം അനിവാര്യമായിരിക്കുന്നു.

2008 ല്‍ അനുഭവപ്പെട്ട വന്‍ സാമ്പത്തികമാന്ദ്യം 1930 കളില്‍ ഉണ്ടായ വന്‍ സാമ്പത്തിക തകര്‍ച്ചയെ അനുസ്മരിപ്പിക്കുന്നതായിരുന്നു. അമേരിക്കന്‍ (ലോകത്തിന്റെയും) മുതലാളിത്തത്തിന്റെ സാമ്പത്തിക പ്രതിസന്ധി അതിന്റെ നാലാം വര്‍ഷത്തിലേയ്ക്ക് കടക്കുകയാണ്.

പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്ന ആഗോളസമ്പദ്ഘടനയില്‍, സാമ്പത്തികവും ധനപരവുമായിട്ടുള്ള പ്രത്യാഘാതങ്ങള്‍ ആദ്യം യൂറോപ്പിലും പിന്നീട് അമേരിക്കയിലും അതിനുശേഷം ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും അനുഭവപ്പെടും.
സാമ്പത്തിക വിദഗ്ധനും ന്യൂയോര്‍ക്ക് ടൈംസ് പത്രത്തിലെ പംക്തിയെഴുത്തുകാരനുമായ പോള്‍ ക്രൂഗ്മാന്‍ പറയുന്നത് സര്‍വനാശമായിരിക്കും അതെന്നാണ്.

അതെ, നിരാശാജനകമാണ് കാര്യങ്ങള്‍. ഈ അപകട ഭീഷണിയെ നേരിടുന്നതിന്, ധനമേഖലയില്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുകയും ലളിതവല്‍ക്കരിക്കുകയും ചെയ്യുക, കടാശ്വാസം നല്‍കുക തുടങ്ങിയ വിവേകപൂര്‍ണമായ നടപടികളാണ് അത്‌ലാന്റിക്കിന്റെ ഇരുഭാഗങ്ങളിലുമുള്ള രാഷ്ട്രങ്ങള്‍ സ്വീകരിക്കേണ്ടത്. ലളിതമായി പറഞ്ഞാല്‍, ഗവണ്‍മെന്റുകളും അന്താരാഷ്ട്ര നാണയനിധി, യൂറോപ്യന്‍ യൂണിയന്‍ എന്നിങ്ങനെയുള്ള അന്താരാഷ്ട്ര സ്ഥാപനങ്ങളും സമ്പദ്ഘടനയുടെ സിരകളിലേയ്ക്ക് കൂടുതല്‍ പണമൊഴുക്കണം. പലിശനിരക്കുകള്‍ കുറയ്ക്കണം, വായ്പകള്‍ സുഗമമായി ലഭ്യമാക്കണം. കടത്തില്‍ മുങ്ങിയ ഗവണ്‍മെന്റുകളുടെ കടങ്ങള്‍, ചിലവ് ചുരുക്കല്‍ നിബന്ധനകള്‍ ഒന്നുംകൂടാതെ എഴുതി തള്ളണം.
എന്നാല്‍ അവര്‍ ചെയ്യുന്നത് അതല്ല. ചിലവ് ചുരുക്കല്‍ എന്നതായിരിക്കുന്നു ഔദ്യോഗികനയം. അതിന്റെ ഭാരം മുഴുവന്‍ പേറേണ്ടിവരുന്നത് തൊഴിലാളി വര്‍ഗവും സാധാരണക്കാരുമാണ്.

ഇന്ന് പ്രകാശത്തിന്റെ ഒരു തിരിനാളം കാണുന്നത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത് സംബന്ധിച്ച് അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തില്‍ പ്രസിഡന്റ് ഒബാമ ചെയ്ത പ്രസംഗത്തിലാണ്. റിപ്പബ്ലിക്കന്മാര്‍ അതിനെ സര്‍വശക്തിയുമുപയോഗിച്ചെതിര്‍ക്കുമെന്നതില്‍ സംശയമില്ല. ചില ഡെമോക്രാറ്റുകളും അവര്‍ക്കൊപ്പം ചേര്‍ന്നേക്കും.
ജനലക്ഷങ്ങള്‍ ആവശ്യപ്പെടുന്നത് പ്രസിഡന്റ് ഒബാമ നിര്‍ദേശിച്ചിട്ടുള്ള തൊഴില്‍ നിയമം പാസാക്കുകയെന്നതാണ്. ഡെമോക്രാറ്റുകളെയെല്ലാം അതിന് അനുകൂലമായി അണിനിരത്തണം. മിതവാദികളായ റിപ്പബ്ലിക്കന്മാരെക്കൂടി അവരുടെ പാര്‍ട്ടിയില്‍ നിന്നും അടര്‍ത്തിയെടുക്കണം.

അസാധ്യമെന്നുതോന്നുന്നുണ്ടോ? വിശ്വസിച്ചാലും ഇല്ലെങ്കിലും അത്ഭുതകരമായ കാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ട്. 1960 കളില്‍ പൗരാവകാശ പ്രസ്ഥാനത്തെ വെള്ളക്കാര്‍ക്ക് മേധാവിത്വമുണ്ടായിരുന്ന ദക്ഷിണ അമേരിക്കയിലെ ഡെമോക്രാറ്റുകളായ കോണ്‍ഗ്രസ് അംഗങ്ങള്‍ പിന്തുണയ്ക്കുമെന്ന് ആരെങ്കിലും കരുതിയിരുന്നോ? അങ്ങനെ സംഭവിക്കില്ലായെന്നു തന്നെയാണ് പലരും പറഞ്ഞത്. എന്നാല്‍ അത് സംഭവിച്ചു. ശക്തമായ പൗരാവകാശ പ്രസ്ഥാനം തന്നെയായിരുന്നു അതിനുകാരണം.
ഇന്ന് ജനലക്ഷങ്ങള്‍ തെരുവിലിറങ്ങിയിരിക്കുന്നു. തൊഴിലില്ലാത്തവരുടെയും സമ്പദ്ഘടനയുടെയും രക്ഷയ്ക്കായി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ബില്‍ പാസാക്കിയെടുക്കാന്‍ അമേരിക്കന്‍ കോണ്‍ഗ്രസിനുമേല്‍ സമ്മര്‍ദം ചെലുത്തുന്നതിന് അവര്‍ക്കു കഴിയും.

*****

സാം വെബ്, സി പി യൂ എസ് എ ചെയർ, കടപ്പാട് : ജനയുഗം

1 comment:

വര്‍ക്കേഴ്സ് ഫോറം said...