Saturday, October 22, 2011

സമരപ്പന്തലില്‍ നിന്ന്... അഭിമാനം ആകാശം മുട്ടുമ്പോള്‍

ഉപവാസസമരത്തിന്റെ പതിനൊന്നാമത്തെ മണിക്കൂറിലാണ് ഞാനിതെഴുതുന്നത്. കോഴിക്കോട്ട് മാനാഞ്ചിറയുടെ വടക്കു-പടിഞ്ഞാറെ ഓരത്ത് നീട്ടിക്കെട്ടിയ സമരപ്പന്തലില്‍ ഞങ്ങള്‍ 400 ഓളം പേരുണ്ട്. രാവിലെ കൃത്യം പത്തു മണിക്ക് ഉപവാസം ആരംഭിച്ചവര്‍ ആണ് എല്ലാവരും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രവും ലക്ഷ്യവും അറിയാവുന്നവര്‍. പ്രസ്ഥാനം കടന്നുവന്ന വഴികളില്‍ വീണ ചോരയുടെയും കണ്ണീരിന്റെയും വിയര്‍പ്പിന്റെയും അര്‍ത്ഥം അവര്‍ക്കറിയാം. അതുകൊണ്ട് 24 മണിക്കൂര്‍ ഉപവാസം എന്നു പറഞ്ഞാല്‍ വലിയ ത്യാഗമല്ലെന്നും സഹനമല്ലെന്നും അവര്‍ക്കറിയാം. ഈ സമരപ്പന്തലില്‍ സ്ത്രീകളും പുരുഷന്മാരുമുണ്ട്. ചെറുപ്പക്കാരും മധ്യവയസ്‌ക്കരും പ്രായമായവരുമുണ്ട്. ഒരു പ്രക്ഷോഭരംഗത്ത് ഉയര്‍ത്തിപ്പിടിക്കേണ്ട സമര ബോധവും അച്ചടക്ക ദീക്ഷയും ഇവിടെ നിറഞ്ഞുനില്‍ക്കുന്നു.

വിപുലമായ പങ്കാളിത്തത്തോടെ 24 മണിക്കൂര്‍ ഉപവാസത്തിനൊരുങ്ങുമ്പോള്‍ ഉന്നയിക്കപ്പെട്ട സന്ദേഹങ്ങള്‍ ഓര്‍മയിലേക്കു വരുന്നു. 'പുതിയ കാലമല്ലേ, ആരെങ്കിലുമൊരാള്‍ അടുത്തുള്ള ചായക്കടയിലേക്കു പോയാലോ' എന്നു പോലും ചോദിച്ചവരുണ്ട്. ആ സന്ദേഹങ്ങളെയെല്ലാം മാറ്റി വയ്ക്കുക. രാജ്യത്തിന്റെ മനഃസാക്ഷിക്കു മുമ്പില്‍ നെഞ്ച് നിവര്‍ത്തി നില്‍ക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് അവകാശമുണ്ട്. സമരത്തിന്റെ അര്‍ത്ഥമുള്‍ക്കൊള്ളാന്‍ ചുവന്ന കൊടിയുടെ അഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ ഇന്നും കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ക്കറിയാം. മുമ്പേ നടന്നു പോയവര്‍ പകര്‍ന്നു കൊടുത്ത പാഠം അവര്‍ നെഞ്ചില്‍ കൊത്തിവച്ചിട്ടുണ്ട്.

ഇവിടെ ഈ സമരപ്പന്തലില്‍ തളര്‍ച്ചയോ ക്ഷീണമോ ആരേയും കീഴ്‌പ്പെടുത്തുന്നില്ല. ജനങ്ങള്‍ തങ്ങളോട് പ്രകടിപ്പിക്കുന്ന അനുഭവത്തിന്റെയും സ്‌നേഹവായ്പിന്റെയും തരംഗദൈര്‍ഘ്യത്തില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊള്ളുന്നവരാണ് എല്ലാവരും. ഈ പന്തലിന് തൊട്ട് മുമ്പില്‍ ബസ് സ്റ്റോപ്പുകളുടെ നീണ്ട നിരയാണ്. നഗരത്തിന്റെ വടക്കു ഭാഗത്തേക്ക് പോകുന്ന സിറ്റി ബസ്സുകള്‍ക്കായി നൂറു കണക്കിന് പേര്‍ അവിടെ എപ്പോഴുമുണ്ട്. അവരില്‍ ചിലര്‍ റോഡ് മുറിച്ച് കടന്ന് ഇപ്പുറത്തേക്കു വരുന്നു, കൈപിടിച്ച് സ്‌നേഹം അറിയിക്കുന്നു. മറ്റു ചിലര്‍ രണ്ട് മൂന്ന് ബസ്സുകള്‍ കടന്നു പോയാലും ഇവിടത്തെ പ്രസംഗങ്ങള്‍ക്കായി കാതോര്‍ത്തുനില്‍ക്കുന്നു.

സമര വളണ്ടിയര്‍മാര്‍ക്കുള്ള രക്തഹാരമണിഞ്ഞു ഇവിടെ ഉപവാസമനുഷ്ഠിക്കുന്ന ഒട്ടേറെ പേരെപ്പറ്റി പറയാന്‍ തോന്നുണ്ട്. സ്ഥലപരിമിതിയോര്‍ത്തു ഞാന്‍ നിയന്ത്രിക്കട്ടെ. എങ്കിലും രണ്ടുപേരെപ്പറ്റി പറയാതിരിക്കനാവില്ല. കൃഷ്‌ണേട്ടനും പൊക്കേട്ടനും. ആദ്യത്തെയാള്‍ക്ക് 88 വയസ്സ്. രണ്ടാമന് 86. രണ്ടുപേരോടും പാര്‍ട്ടി ഘടകങ്ങള്‍ ആകുന്നത്ര പറഞ്ഞതാണ്. സമരം കണ്ടു മടങ്ങാം; ഉപവാസത്തിനിരിക്കേണ്ടെന്ന്. ഏത് ചെറുപ്പക്കാരനേയും വെല്ലുന്ന ഉശിരോടെ അവര്‍ പറഞ്ഞു. ''ഈ സമരത്തില്‍ പങ്കെടുത്തിട്ടു മരിച്ചുപോയാല്‍ അതഭിമാനമാണ്''. ശരിക്കും അത് അവരുടെ മനസ്സാണ്. അവര്‍ തീയില്‍ കുരുത്തവരാണ്. കൃഷ്‌ണേട്ടന്‍ വടകരയില്‍ അറിയപ്പെടുന്നത് 'ദേശാഭിമാനി കൃഷ്‌ണേട്ടന്‍' എന്നാണ്. പ്രസ്ഥാനം വേട്ടയാടപ്പെട്ട ദിനങ്ങളില്‍ അദ്ദേഹം ദേശാഭിമാനിയുടെ പ്രചാരകനായിരുന്നു. പൊക്കേട്ടന്‍ ആയഞ്ചേരിയില്‍ പാര്‍ട്ടിയുടെ നാവും നട്ടെല്ലുമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും നടത്താന്‍ അവിടെ താനുണ്ടാകണമെന്നത് പൊക്കേട്ടന്റെ നിര്‍ബ്ബന്ധമാണ്. ഈ സമരപ്പന്തലില്‍ അവര്‍ക്കടുത്ത് ഇരിക്കുമ്പോള്‍ ആര്‍ക്കാണ് ക്ഷീണവും തളര്‍ച്ചയുമുണ്ടാവുക? സുരേഷും റീനയും മകനെ അടുത്ത വീട്ടില്‍ ഏല്‍പ്പിച്ചുപോന്ന അച്ഛനും അമ്മയുമാണ്. ഇവിടെ അവരെ യാതൊന്നും അലട്ടുന്നില്ല. മകനോട് ഫോണില്‍ അവര്‍ പറഞ്ഞത് സമരപ്പന്തലിലെ വിശേഷങ്ങളാണ്. സമരകഥകള്‍ കേട്ടു നമ്മുടെ മക്കള്‍ വളര്‍ന്നുവരട്ടെ . അവര്‍ ഒരിക്കലും വഴിതെറ്റുകയില്ല.

രാത്രി വൈകീട്ടും അഭിവാദ്യപ്രകടനങ്ങള്‍ തീരുന്നില്ല. ചെറും വലുതുമായ ജാഥകളായി അവര്‍ വരുന്നു. നഗരത്തിലെ വിവിധ തൊഴിലാളി സംഘടനകള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, യുവാക്കള്‍! അവരുടെയെല്ലാം മുഖത്ത് വിരിയുന്നത് പുതിയ പ്രതീക്ഷയുടെയും വിശ്വാസത്തിന്റെയും പൂക്കളാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആഹ്വാനം ചെയ്ത ഈ മഹത്തായ പ്രക്ഷോഭം ഇന്ത്യയെമ്പാടും വിരിയിക്കുന്നത് പുത്തന്‍ ആത്മവിശ്വാസത്തിന്റെയും കരുത്തിന്റെയും പുതുപൂക്കളാണ്. ഈ സമരത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം അതായിരിക്കും അനുഭവം.
കേരളത്തിലെ പൊതുജീവിതം ശ്രദ്ധിക്കുന്ന ഒട്ടേറെപേര്‍ ഇവിടെ വന്നുപോയി. അഭിവാദ്യ പ്രസംഗങ്ങള്‍ക്കെല്ലാം പതിവില്‍ കവിഞ്ഞ ആഴമുണ്ടെന്നു തോന്നിപ്പോയി; അവരെ കേട്ടപ്പോള്‍. ഡോ. എ അച്യുതന്‍, കെ പി രാമനുണ്ണി, ഡോ. കെ കെ എന്‍ കുറുപ്പ്, മണിയൂര്‍ ഇ ബാലന്‍, ഡോ. വള്ളിക്കാവ് മോഹന്‍ ദാസ്, പ്രൊഫ. ടി ശോഭീന്ദ്രന്‍, മ്യൂസിക് ഡയറക്ടര്‍ ദേവദാസ്, നാടക പ്രവര്‍ത്തകന്‍ രമേശ് കാവില്‍ പട്ടിക നീളുകയാണ്. ഇനിയും വരാനുള്ളവര്‍ സമരം സമാപിക്കുമ്പോള്‍ ഇവിടെയുണ്ടാകുമെന്നാണ് ബാലനും, ശശാങ്കനും, ഗവാസും ഒരുപോലെ പറയുന്നത്. സത്യമായും ഇതൊരനുഭവമാണ്. ചൊങ്കൊടിച്ചോട്ടില്‍ നില്‍ക്കുന്നവര്‍ക്ക് അവകാശപ്പെട്ട അഭിമാനത്തിന്റെ അനുഭവം.

*
ബിനോയ് വിശ്വം ജനയുഗം 22 ഒക്ടോബര്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഉപവാസസമരത്തിന്റെ പതിനൊന്നാമത്തെ മണിക്കൂറിലാണ് ഞാനിതെഴുതുന്നത്. കോഴിക്കോട്ട് മാനാഞ്ചിറയുടെ വടക്കു-പടിഞ്ഞാറെ ഓരത്ത് നീട്ടിക്കെട്ടിയ സമരപ്പന്തലില്‍ ഞങ്ങള്‍ 400 ഓളം പേരുണ്ട്. രാവിലെ കൃത്യം പത്തു മണിക്ക് ഉപവാസം ആരംഭിച്ചവര്‍ ആണ് എല്ലാവരും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രവും ലക്ഷ്യവും അറിയാവുന്നവര്‍. പ്രസ്ഥാനം കടന്നുവന്ന വഴികളില്‍ വീണ ചോരയുടെയും കണ്ണീരിന്റെയും വിയര്‍പ്പിന്റെയും അര്‍ത്ഥം അവര്‍ക്കറിയാം. അതുകൊണ്ട് 24 മണിക്കൂര്‍ ഉപവാസം എന്നു പറഞ്ഞാല്‍ വലിയ ത്യാഗമല്ലെന്നും സഹനമല്ലെന്നും അവര്‍ക്കറിയാം. ഈ സമരപ്പന്തലില്‍ സ്ത്രീകളും പുരുഷന്മാരുമുണ്ട്. ചെറുപ്പക്കാരും മധ്യവയസ്‌ക്കരും പ്രായമായവരുമുണ്ട്. ഒരു പ്രക്ഷോഭരംഗത്ത് ഉയര്‍ത്തിപ്പിടിക്കേണ്ട സമര ബോധവും അച്ചടക്ക ദീക്ഷയും ഇവിടെ നിറഞ്ഞുനില്‍ക്കുന്നു.