Friday, December 9, 2011

കേരളത്തില്‍ അല്‍മദോവര്‍ ജനിച്ചത് ചലച്ചിത്രമേളയിലാണ്

കേരളത്തിലെ അന്താരാഷ്ട്ര ചലച്ചിത്രമേള പതിനാറാം വര്‍ഷത്തിലെത്തി നില്‍ക്കുന്നു. എന്താണ് ഈ പതിനാറു മേളകളും മലയാളികള്‍ക്ക് നല്‍കിയതെന്ന് പരിശോധിക്കാവുന്ന സമയം കൂടിയാണ് ഇത്. വരാനിരിക്കുന്ന എട്ടു ദിവസങ്ങളില്‍ ഇവിടെ പാച്ചുവും കോവാലനുമുണ്ടാകില്ല പകരം പെഡ്രോയും അല്‍മദോയും മാത്രം. മേളയുടെ ദിനങ്ങളില്‍ മാത്രം കണ്ടുമുട്ടുന്നവര്‍ പോലും ഇനിയുള്ള ദിവസങ്ങളില്‍ പരസ്പരം വിളിക്കുന്ന പേരായി കഴിഞ്ഞു ഇത്. കാരണം ഈ നാളുകളില്‍ മലയാളി ശീലിക്കുന്നത് കേരളത്തിന്റെ ചുറ്റുപാടുകളെയല്ല. ഏതോ ഒരു ലാറ്റിനമേരിക്കന്‍ ഗ്രാമത്തില്‍ അല്ലെങ്കില്‍ സ്‌പെയിനിലെ ഒരു ഫ്‌ളാറ്റില്‍ നിന്ന് കേള്‍ക്കുന്ന കഥകള്‍ അവനെയും അവിടെക്കൊണ്ടെത്തിച്ചിരിക്കുന്നു.

2006ല്‍ നടന്ന ചലച്ചിത്രമേളയില്‍ ഇവിടെ പ്രദര്‍ശിപ്പിച്ച വോള്‍വര്‍ എന്ന സ്പാനിഷ് സിനിമയ്ക്കായിരുന്നു ഏറ്റവുമധികം കാഴ്ചക്കാരുണ്ടായിരുന്നത്. ബന്ധങ്ങളുടെ സങ്കീര്‍ണതയെ വിശദീകരിക്കുന്ന സിനിമ എന്ന വിലയിരുത്തലായിരുന്നു അതിന് ലഭിച്ചത്. പെഡ്രോ അല്‍മദോവര്‍ എന്ന സംവിധായകന്റെ ഒരു വശം മാത്രമാണ് തങ്ങള്‍ കണ്ടതെന്ന് അടുത്ത വര്‍ഷമാണ് കേരളത്തിലെ ചലച്ചിത്രപ്രേമികള്‍ക്ക് മനസിലായത്. അല്‍മദോവറിന്റെ റെട്രോസ്‌പെക്ടീവ് അവതരിപ്പിച്ച 2007ലെ ചലച്ചിത്രമേളയില്‍ അദ്ദേഹത്തിന്റെ 13 ചിത്രങ്ങളായിരുന്നു ഉണ്ടായിരുന്നത്. അതോടെയാണ് പെഡ്രോയെന്നും അല്‍മദോയെന്നുമുള്ള പരസ്പര വിളികള്‍ ചലച്ചത്രമേളയുടെ എട്ടുദിവസങ്ങളില്‍ ചിലരെങ്കിലും ശീലമാക്കിയത്.
2009ലെ മേളയില്‍ പ്രദര്‍ശിപ്പിച്ച ലാര്‍സ് വോന്‍ ട്രയര്‍ സംവിധാനം ചെയ്ത ആന്റിക്രൈസ്റ്റ് എന്ന സിനിമ ചലച്ചിത്രമേളയില്‍ മാത്രമല്ല കേരളത്തിലെമ്പാടും ഇപ്പോഴും ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുകയാണ്. ലൈംഗികതയുടെ ഉന്മാദഭാവം മലയാളികള്‍ക്ക് വ്യക്തമാകാന്‍ അതിന് മുമ്പൊരു സാധ്യതയുണ്ടായിട്ടുണ്ടോ എന്ന് അവ്യക്തമാണ്. എന്നാല്‍ അകിര കുറസോവയുടെ റാഷമോണ്‍ ചര്‍ച്ച ചെയ്തതും ഇതേ ഉന്മത്തതയെക്കുറിച്ചു തന്നെയല്ലേ?

റാഷമോണില്‍ ബലാത്സംഗം ചെയ്യപ്പെടുന്ന സ്ത്രീയില്‍ ലൈംഗികതയുടെ മൂര്‍ത്തതയിലുണ്ടാകുന്ന വ്യത്യാസം, അതിന്റെ മറ്റൊരു വശമല്ലേ ആന്റിക്രൈസ്റ്റിലെയും സാഹചര്യം. രതിമൂര്‍ച്ഛയില്‍ താന്‍ ബലാത്സംഗം ചെയ്യപ്പെടുകയാണെന്നും തന്റെ ഭര്‍ത്താവിനെ തൊട്ടു മുന്നില്‍ കെട്ടിയിട്ടിരിക്കുകയാണെന്നും റാഷമോണിലെ നായിക മറക്കുന്നുവെങ്കില്‍ തന്റെ കുഞ്ഞ് ജനാലയില്‍ നിന്ന് പുറത്തേക്ക് ചാടാന്‍ തയ്യാറാകുന്നതിനെ ഒരമ്മ നിസഹായയായി നോക്കി നില്‍ക്കുകയാണ് ആന്റിക്രൈസ്റ്റില്‍. ലൈംഗികതയുടെ അങ്ങേയറ്റത്ത് ഒരു നിസംഗതയും നിസഹായതയുമാണ് ബാക്കിയാകുന്നത് എന്ന് ഈ സിനിമകള്‍ സൂചിപ്പിച്ചിട്ടുണ്ടോയെന്നാണ് സംശയം. ഇത്രയൊക്കെ പറഞ്ഞു വന്നത് സാധാരണക്കാരായ മലയാളികള്‍ ഈ മലയാളികള്‍ ഈ രണ്ടു സിനിമകളെയും പരിചയപ്പെട്ടതും കേരളത്തിലെ ചലച്ചിത്രമേളയിലാണ്. കേരളത്തില്‍ അല്‍മദോവര്‍ ജനിച്ചത് ഐ എഫ് എഫ് കെയിലൂടെയാണെങ്കില്‍ കിം കി ഡൂക്ക് നമുക്കോരുത്തര്‍ക്കും അയല്‍ക്കാരനായി തീരുകയായിരുന്നു. സ്പ്രിംഗ് സമ്മര്‍ ഫാള്‍ ആന്‍ഡ് സ്പ്രിംഗിനും ടൈമിനും എല്ലാം ഏറ്റവും പ്രിയപ്പെട്ട മലയാള സിനിമകള്‍ക്കും മുകളിലാണ് ഇന്ന് ഇവിടുത്തെ ചലച്ചിത്രപ്രേമികള്‍ നല്‍കിയിരിക്കുന്ന സ്ഥാനം.

ഈ വര്‍ഷം നമ്മെ കാത്തിരിക്കുന്നത് മുല്ലപ്പൂ വിപ്ലവവും കാല്‍പ്പന്തുകളിയിലെ സൗന്ദര്യങ്ങളും തുര്‍ക്കിയിലെ ഗ്രാമങ്ങളുമാണ്. സോക്കറിന്റെ നാടകീയത നിറഞ്ഞ ഏഴുചിത്രങ്ങളാണ് കിക്കിംഗ് ആന്‍ഡ് സ്‌ക്രീനിംഗ് എന്ന ഈ പാക്കേജിലുള്ളത്. കൊളംബിയന്‍ മാഫിയ വെടിവെച്ചുകൊന്ന ഫുട്‌ബോള്‍ താരം ആന്ദ്രെ എസ്‌കോബാറിന്റെ കഥപറയുന്ന ചിത്രമായ 'ടു എസ്‌കോബാര്‍സ്' ഉള്‍പ്പെടെയുണ്ട് ഇക്കൂട്ടത്തില്‍. അതിപ്രശസ്ത ഫുട്‌ബോള്‍ ചിത്രമായ 'ടു ഹാഫ് ടൈം ഇന്‍ ഹെല്‍' കാണികള്‍ക്ക് മുന്നില്‍ വീണ്ടുമെത്തും.

ഉദ്ഘാടന ചിത്രമായ അണ്ടര്‍ ദി ഹോത്രോണ്‍ ട്രീ യംഗ്‌സ് നദിയുടെ പശ്ചാത്തലത്തില്‍ രാഷ്ട്രീയവും ഒപ്പം പ്രണയവും ചര്‍ച്ച ചെയ്യുന്നു.

യുദ്ധാനന്തര ജര്‍മനിയിലെ സാമൂഹിക, രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ആവിഷ്‌കരിക്കുന്ന പഴയ ഈസ്റ്റ് ജര്‍മനിയില്‍ നിന്നുള്ള എട്ട് ചിത്രങ്ങള്‍ ഇക്കുറി ചലച്ചിത്രമേളയില്‍ പ്രദര്‍ശനത്തിനെത്തും. മതിലുകള്‍ സൃഷ്ടിക്കുന്ന അകലവും വേര്‍പാടും ഒരു ജനതയില്‍ ഉണ്ടാക്കുന്ന മുറിവുകളും ആകുലതകളും പ്രതീക്ഷകളുമാണ് ഈ ഡെഫാ ചിത്രങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്.

മത്സരവിഭാഗത്തിലെ പതിനൊന്നു ചിത്രങ്ങളില്‍ നവാഗതരുടെ മൂന്നു ചിത്രങ്ങളും മാറ്റുരയ്ക്കാനുണ്ട്. പ്രവചനങ്ങളും സ്വപ്‌നങ്ങളും സൃഷ്ടിക്കുന്ന ഭ്രമാത്മക ലോകത്തിലൂടെ ആട്ടിടയന്റെ കഥപറയുന്ന സ്പാനിഷ് ചിത്രമാണ് ‘എ സ്‌റ്റോണ്‍ ത്രോ എവേ'. കൊല്‍ക്കത്ത നഗരത്തിന്റെ പശ്ചാത്തലത്തിലുള്ള ‘അറ്റ് ദ എന്‍ഡ് ഓഫ് ഇറ്റ് ഓള്‍', തന്റെ പാരമ്പര്യത്തില്‍ അഭിമാനിക്കുകയും ഭൂതകാലത്തില്‍ ആനന്ദം കൊള്ളുകയും ചെയ്യുന്ന യുവാവിന്റെ കഥ പറയുന്നു. മകളുടെ പഠനാവശ്യങ്ങള്‍ക്കായി രക്തം ക്രയവിക്രയം ചെയ്യുകയും തുടര്‍ന്ന് എച്ച് ഐ വി ബാധിതരായി തീരുകയും ചെയ്യുന്ന ചൈനീസ് ദമ്പതിമാരുടെ ഉള്‍ത്തുടിപ്പുകളുടെ ചലച്ചിത്ര ആവിഷ്‌കാരമാണ് ‘ദ ബ്ലാക്ക് ‘ബ്ലഡ്'. തുര്‍ക്കിയില്‍ നിന്നുള്ള മത്സര ചിത്രമായ ‘ബോഡി' ഒരു രതിനായികയുടെ ജീവിതത്തിലെ കയറ്റിറക്കങ്ങള്‍ ചിത്രീകരിക്കുന്നു. ഹിന്ദി ചിത്രമായ ‘ഡല്‍ഹി ഇന്‍ എ ഡേ' സമകാലീന ഡല്‍ഹിയുടെ പശ്ചാത്തലത്തില്‍ ഒരു വരേണ്യവര്‍ഗ കുടുംബത്തിന്റെ അന്തരീക്ഷം വിഷയമാക്കുന്നു. ഇറാനിയന്‍ ചിത്രമായ ‘ഫ്‌ളെമിംഗോ നമ്പര്‍ 13' പ്രണയത്തിന്റെയും ഫ്‌ളെമിംഗോ വേട്ടയുടെയും കഥയാണു പറയുന്നത്. പരമ്പരാഗത സംഗീതത്തെ അറിയാനും തന്റെ ഭൂതകാലവുമായി ഒരു കൂടിക്കാഴ്ച നടത്താനും തുര്‍ക്കിയിലെ ഗ്രാമങ്ങളിലൂടെ ഒരു സംഗീത വിദ്യാര്‍ഥി നടത്തിയ യാത്രയാണ് ‘ഫ്യൂച്ചര്‍ ലാസ്റ്റ് ഫോര്‍ എവര്‍' എന്ന ചിത്രം. ദാരിദ്ര്യവും രോഗങ്ങളും ദുരിതപൂര്‍ണ്ണമാക്കി തീര്‍ത്ത കെനിയന്‍ ചേരികളിലെ മനുഷ്യജീവിതങ്ങളുടെ ചിത്രമാണ് ‘ഡോറ്റോ സാ എലിബിഡി'.

‘അര്‍ജന്റീനയില്‍ നിന്നുള്ള മത്സരചിത്രമായ ‘ദ ക്യാറ്റ് വാനിഷസ്' മനോനില തെറ്റിയ ഭര്‍ത്താവിനെ ശുശ്രൂഷിക്കുന്ന സ്ത്രീയുടെ ആധിയും സംശയങ്ങളും ആവിഷ്‌ക്കരിക്കുന്നു. രണ്ടു കളിക്കൂട്ടുകാരുടെ നിഷ്‌കളങ്ക സൗഹൃദങ്ങളും സ്വപ്‌നങ്ങളും അതിനിടയിലെ വൈകാരിക മുഹൂര്‍ത്തങ്ങളുമാണ് ‘ദ കളേഴ്‌സ് ഓഫ് ദ മൗണ്ടെയ്ന്‍' എന്ന ചിത്രം. ചിലിയന്‍ ചിത്രമായ ‘ദ പെയിന്റിംഗ് ലെസന്‍' നിരന്തര പ്രോത്സാഹനത്തിലൂടെ നിറക്കൂട്ടുകളുടെ ചായക്കൂട്ടുകളുടെ ലോകത്ത് വിജയിക്കുന്ന യുവാവിന്റെ കഥ പറയുന്നു.

അഫ്ഗാനിലെ മരങ്ങളുടെ യുദ്ധഭീതിയും ഒപ്പിയം തോട്ടങ്ങളുടെ പച്ചപ്പും ചിലിയിലെ മുളകുപാടങ്ങളുടെ ഏകാന്തതയും പാരിസിലെ ഗോതമ്പു വയലുകളും വീണ്ടും മലയാളികള്‍ക്ക് തിരിച്ചു കിട്ടുകയാണ്.

എഴുപതുകളിലും എണ്‍പതുകളിലും കേരളത്തില്‍ ആരംഭിച്ച സിനിമാ സംസ്‌കാരത്തിന്റെ ബാക്കിയാണ് ഇത്. ഇന്ന് ഏത് ലോക സിനിമയെക്കുറിച്ച് സംസാരിച്ചാലും കേരളത്തിലെ ചെറുപ്പക്കാര്‍ക്ക് അതൊന്നും അന്യമല്ലാതായിരിക്കുന്നു. ചലച്ചിത്രമേളയ്ക്ക് ഇതിലുള്ള പങ്ക് അവിസ്മരിക്കാനാകില്ല. കാഴ്ചയുടെ രാപ്പകലുകള്‍ തുടങ്ങുകയായി. ശേഷം വെള്ളിത്തിരയില്‍........

*
അരുണ്‍ ടി വിജയന്‍ ജനയുഗം 09 ഡിസംബര്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കേരളത്തിലെ അന്താരാഷ്ട്ര ചലച്ചിത്രമേള പതിനാറാം വര്‍ഷത്തിലെത്തി നില്‍ക്കുന്നു. എന്താണ് ഈ പതിനാറു മേളകളും മലയാളികള്‍ക്ക് നല്‍കിയതെന്ന് പരിശോധിക്കാവുന്ന സമയം കൂടിയാണ് ഇത്. വരാനിരിക്കുന്ന എട്ടു ദിവസങ്ങളില്‍ ഇവിടെ പാച്ചുവും കോവാലനുമുണ്ടാകില്ല പകരം പെഡ്രോയും അല്‍മദോയും മാത്രം. മേളയുടെ ദിനങ്ങളില്‍ മാത്രം കണ്ടുമുട്ടുന്നവര്‍ പോലും ഇനിയുള്ള ദിവസങ്ങളില്‍ പരസ്പരം വിളിക്കുന്ന പേരായി കഴിഞ്ഞു ഇത്. കാരണം ഈ നാളുകളില്‍ മലയാളി ശീലിക്കുന്നത് കേരളത്തിന്റെ ചുറ്റുപാടുകളെയല്ല. ഏതോ ഒരു ലാറ്റിനമേരിക്കന്‍ ഗ്രാമത്തില്‍ അല്ലെങ്കില്‍ സ്‌പെയിനിലെ ഒരു ഫ്‌ളാറ്റില്‍ നിന്ന് കേള്‍ക്കുന്ന കഥകള്‍ അവനെയും അവിടെക്കൊണ്ടെത്തിച്ചിരിക്കുന്നു.