Monday, February 13, 2012

പുരോഹിതന്റെ നിശ്ചലദേഹം പാഠപുസ്തകമാക്കുമ്പോള്‍

ചരിത്രത്തിലാദ്യമായി ഒരു ക്രൈസ്തവ പുരോഹിതന്റെ മൃതശരീരം വൈദ്യശാസ്ത്ര വിദ്യാര്‍ഥികള്‍ക്കു പാഠപുസ്തകമായിരിക്കുന്നു. അവര്‍ അത് എങ്ങനെയായിരിക്കും പഠനവിധേയമാക്കുക? ഒരു വൈദികന്റെ മൃതശരീരം എന്ന നിലയിലായിരിക്കുമോ? ഒരിക്കലുമല്ല. മനുഷ്യശരീരമെന്ന യാഥാര്‍ഥ്യബോധത്തോടെയാണ് വൈദ്യശാസ്ത്ര വിദ്യാര്‍ഥികള്‍ ആ ശരീരത്തെയും സമീപിക്കുക. സ്‌നേഹനിധിയും വിപ്ലവകാരിയുമായിരുന്ന ഫാ അലോഷ്യസ് ഡി ഫെര്‍ണാണ്ടസിന്റെ നിശ്ചലശരീരമാണ് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ആലപ്പുഴ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്കായി നല്‍കിയത്. അഷ്ടമുടിക്കായലിന്റെ തീരത്തുള്ള കുമ്പളം എന്ന സ്ഥലത്താണ് അലോഷ്യസ് ഫെര്‍ണാണ്ടസ് ജനിച്ചത്.

കേരളത്തിലും അമേരിക്കയിലുമായി ഔപചാരിക വിദ്യാഭ്യാസവും ക്രൈസ്തവ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കിയ അദ്ദേഹം ആയിരത്തിത്തൊള്ളായിരത്തെഴുപതില്‍ ക്രിസ്തുമതത്തില്‍ കത്തോലിക്കാസഭയിലെ പുരോഹിതനായി പ്രവര്‍ത്തനം ആരംഭിച്ചു.

ഒരു കത്തോലിക്കാ പുരോഹിതന്‍ എപ്പോഴും ളോഹ ഇടേണ്ടതുണ്ടോ? സഭാവസ്ത്രം ഏതു പുരോഹിതനെയും ഇടവകയിലെ പാവങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തുന്നു എന്നു തിരിച്ചറിഞ്ഞ അദ്ദേഹം ളോഹ ഇടാതെ തന്നെ ജനങ്ങളെ സമീപിച്ചു. സഭയെ അവഹേളിക്കുന്നു എന്ന കാരണത്താല്‍ പരാതി എത്തിയത് കൊല്ലം ബിഷപ്പിന്റെ അടുത്തുതന്നെ. അദ്ദേഹത്തെ ബോധവല്‍ക്കരിക്കാന്‍ കാനോന്‍ നിയമങ്ങളുദ്ധരിച്ചുകൊണ്ടാണ് ബിഷപ്പ് ജെറോം പ്രത്യക്ഷപ്പെട്ടത്. അലോഷ്യസ് ഫെര്‍ണാണ്ടസ് വാദിച്ചത് പാവങ്ങളായ ദലിത് ക്രൈസ്തവര്‍ ളോഹയിട്ട പുരോഹിതനെ ബഹുമാനത്തിന്റെ അകല്‍ച്ചയിലേ കാണുകയുള്ളു എന്നാണ്. അച്ചനിരിക്കാന്‍ വലിയവന്റെ വീട്ടില്‍ നിന്നും കസേര കൊണ്ടുവരും. ധനികന്റെ വീട്ടില്‍ നിന്നും പാലോ കരിക്കിന്‍ വെള്ളമോ എത്തിക്കും. ഇത് കൂടുതല്‍ അകലാനേ ഉപകരിക്കൂ.

പാവങ്ങളോടുള്ള ഈ ഇഴുകിച്ചേരല്‍ മനോഭാവം ജീവിതത്തിലുടനീളം അദ്ദേഹം പുലര്‍ത്തി. വിദ്യാഭ്യാസ കച്ചവടത്തെ സംരക്ഷിക്കാന്‍ കൊമ്പുകുലുക്കുന്ന പുരോഹിതന്മാരുടെ ചാനല്‍ ദൃശ്യങ്ങളുമായി ചേര്‍ത്തുവയ്ക്കുമ്പോള്‍ ഫാ അലോഷ്യസ് ഡി ഫെര്‍ണാണ്ടസിന്റെ മുഖത്തിന് ഉദയനക്ഷത്രത്തിന്റെ ഉജ്ജ്വലശോഭ.

പൗരോഹിത്യത്തിന്റെ പഠനമുറികളിലോ ഇടനാഴികളിലോ ഇല്ലാത്ത കാര്യമാണ് സാമൂഹ്യപ്രശ്‌നങ്ങള്‍ക്കു വേണ്ടിയുള്ള നിരാഹാര സത്യാഗ്രഹം. ഫാ അലോഷ്യസ് ഫെര്‍ണാണ്ടസ് മത്സ്യത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ പങ്കുചേരുകയും അവരുടെ ദുരിതജീവിതത്തിനു പരിഹാരം കെണ്ടത്താന്‍ വേണ്ടി സെക്രട്ടറിയേറ്റിനു മുന്നില്‍ നിരാഹാരമിരിക്കുകയും ചെയ്തു. നിരോധനം ലംഘിച്ച് പ്രകടനം നടത്തിയതിന് അദ്ദേഹം അറസ്റ്റു ചെയ്യപ്പെട്ടു.

ട്രോളിംഗ് നിരോധനം ആവശ്യപ്പെട്ടു ഫാ അലോഷ്യസ് ഫെര്‍ണാണ്ടസ് നേതൃത്വം നല്‍കിയ സമരം മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യം ഭക്ഷിക്കുന്നവര്‍ക്കും വേണ്ടിമാത്രം ഉള്ളതായിരുന്നില്ല. മുട്ടയിടാനുള്ള മീനിന്റെ അവകാശസംരക്ഷണവും ആ സമരത്തിന്റെ അന്തര്‍ധാരയായിരുന്നു.

ഓറ മാസികയുടെ പത്രാധിപരായി പ്രവര്‍ത്തിച്ച ഫാ അലോഷ്യസ് ഫെര്‍ണാണ്ടസ് ശ്രദ്ധിക്കപ്പെടാതെ പോയ വ്യക്തിത്വങ്ങളെയും മഹത്തായ പുന്നപ്ര വയലാര്‍ സമരത്തിലെ ധീരയോദ്ധാക്കളെയും അടയാളപ്പെടുത്തി. അന്ധ ക്രൈസ്തവതയില്‍ നിന്നും വിമോചന ദൈവികതയിലേയ്ക്കും അവിടെ നിന്നും ജാതിമത ദൈവ സാത്താന്‍ രഹിതമായ പ്രകാശിത മനുഷ്യസമൂഹത്തിലേയ്ക്കുമായിരുന്നു അലോഷ്യസ് ഫെര്‍ണാണ്ടസിന്റെ യാത്ര.

ആലപ്പുഴയിലെ ജനജാഗൃതി എന്ന സ്ഥാപനം ഒരു എത്തിസ്റ്റ് സെന്ററാക്കി ഉയര്‍ത്തണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ഈ ആഗ്രഹത്തിന്റെ പൂര്‍ത്തീകരണത്തിനായി വിജയവാഡയിലെ പ്രശസ്തമായ എത്തിസ്റ്റ് സെന്റര്‍ സന്ദര്‍ശിക്കുകയും ചെയ്തു. വിപ്ലവകരമായ അന്വേഷണങ്ങളും ചര്‍ച്ചകളുമാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആലപ്പുഴയിലെ ജനജാഗൃതിയില്‍ നടന്നിട്ടുള്ളത്.

ഒരിക്കല്‍ ജനജാഗൃതിയിലെത്തിയത് കത്തിക്കാളുന്ന വിശപ്പോടെയാണ്. ഉച്ചഭക്ഷണമെല്ലാം കഴിഞ്ഞിരിക്കുന്നു. അദ്ദേഹവും കൂട്ടുകാരി കൊച്ചുമോളും ചേര്‍ന്ന് കപ്പ പിഴുതു പുഴുങ്ങി കാന്താരിമുളകും ഉടച്ചു തന്നു. കട്ടന്‍ കാപ്പിയും സ്‌നേഹവുമായി അലോഷ്യസ് ഫെര്‍ണാണ്ടസും കൊച്ചുമോളും അടുത്തിരുന്നു.

വിരുദ്ധ അഭിപ്രായങ്ങളെ ശാന്തമായും സമചിത്തതയോടെയും ശ്രദ്ധിക്കാനുള്ള ചിന്താദാര്‍ഢ്യം അദ്ദേഹത്തിനുണ്ടായിരുന്നു. ഭീരുക്കളായ നമ്മള്‍ക്ക് ആ ധീരജീവിതത്തെ വിസ്മയത്തോടു കൂടിമാത്രമേ നിരീക്ഷിക്കാന്‍ കഴിയൂ.

*
കുരീപ്പുഴ ശ്രീകുമാര്‍ ജനയുഗം 12 ഫെബ്രുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ചരിത്രത്തിലാദ്യമായി ഒരു ക്രൈസ്തവ പുരോഹിതന്റെ മൃതശരീരം വൈദ്യശാസ്ത്ര വിദ്യാര്‍ഥികള്‍ക്കു പാഠപുസ്തകമായിരിക്കുന്നു. അവര്‍ അത് എങ്ങനെയായിരിക്കും പഠനവിധേയമാക്കുക? ഒരു വൈദികന്റെ മൃതശരീരം എന്ന നിലയിലായിരിക്കുമോ? ഒരിക്കലുമല്ല. മനുഷ്യശരീരമെന്ന യാഥാര്‍ഥ്യബോധത്തോടെയാണ് വൈദ്യശാസ്ത്ര വിദ്യാര്‍ഥികള്‍ ആ ശരീരത്തെയും സമീപിക്കുക. സ്‌നേഹനിധിയും വിപ്ലവകാരിയുമായിരുന്ന ഫാ അലോഷ്യസ് ഡി ഫെര്‍ണാണ്ടസിന്റെ നിശ്ചലശരീരമാണ് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ആലപ്പുഴ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്കായി നല്‍കിയത്. അഷ്ടമുടിക്കായലിന്റെ തീരത്തുള്ള കുമ്പളം എന്ന സ്ഥലത്താണ് അലോഷ്യസ് ഫെര്‍ണാണ്ടസ് ജനിച്ചത്.