Wednesday, February 22, 2012

ചിന്തകളില്‍ ചുവപ്പുപടര്‍ത്തിയ കാരാഗൃഹം

കേരളത്തിലെ പ്രധാന ചരിത്രസ്മാരകങ്ങളിലൊന്നാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ . ചരിത്രത്തിലെ അരുണാഭയാര്‍ന്ന കാലത്തിന് സാക്ഷിയായ ഈ കാരാഗൃഹത്തിന് പറയാനേറെയുണ്ട്. ചോരയും കണ്ണീരും നനഞ്ഞ കഥകള്‍ . വിപ്ലവകാരികളുടെ ജീവന്‍ തല്ലിക്കൊഴിച്ച ഭരണകൂട ഭീകരതയുടെ ഇരുണ്ട നാളുകള്‍.

കണ്ണൂര്‍ -തളിപ്പറമ്പ് ദേശീയപാതയിലൂടെ കടന്നുപോകുന്നവരെല്ലാം ജയിലിന്റെ മുന്നിലെത്തുമ്പോള്‍ ആദ്യം ശ്രദ്ധിക്കുന്നത് കവാടത്തിലെ ഗാന്ധി പ്രതിമ. ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ഗാന്ധിപ്രതിമയെന്നു പേരുകേട്ട ഇത് 1961ലാണ് സ്ഥാപിച്ചത്. കള്ളനോട്ടുകേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിഞ്ഞ ഒരു പ്രതിഭാശാലിയാണ് ശില്‍പ്പി. മട്ടാഞ്ചേരിക്കാരനായ ഫ്രാന്‍സിസ് സേവ്യര്‍ . ഏതാനും ആഴ്ചകൊണ്ടാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. 1961മെയ് ഏഴിന് ആഭ്യന്തരമന്ത്രി പി ടി ചാക്കോ അനാഛാദനം ചെയ്തു. തന്റെ കലാശില്‍പ്പം അംഗീകാരം നേടിയ അതേദിവസം ഫ്രാന്‍സിസ് സേവ്യര്‍ മരിച്ചു. പ്രതിമ അനാഛാദനചടങ്ങിന് സാക്ഷിയായ ഫ്രാന്‍സിസ് സേവ്യറിന് സന്തോഷാധിക്യത്താല്‍ ഹൃദയം പൊട്ടിപ്പോവുകയായിരുന്നിരിക്കണം. ജയില്‍വളപ്പില്‍ മറ്റൊരു സ്മാരകശില കൂടിയുണ്ട്. ഏഴു പതിറ്റാണ്ടപ്പുറം നാടിനുവേണ്ടി കഴുമരമേറിയ നാലു വിപ്ലവകാരികളുടെ സ്മാരകം.

1943 മാര്‍ച്ച് 29നാണ് കയ്യൂരിന്റെ വീരപുത്രന്മാര്‍ ഇങ്ക്വിലാബ് മുഴക്കി കഴുമരത്തിലേക്ക് ചുവടുവച്ചത്. ജയിലിനകത്തും പുറത്തും ആ രാത്രി ആരുമുറങ്ങിയില്ല. ആരാച്ചാരുടെ കൈകള്‍ വിറച്ചു. കൊലക്കയര്‍ മുറുകുമ്പോഴും വിപ്ലവകാരികളുടെ ശബ്ദം പതറിയില്ല. നാടുമുഴുവന്‍ ശ്വാസമടക്കിപ്പിടിച്ച ആ നിമിഷങ്ങളില്‍ തടവറയെ പ്രകമ്പനം കൊള്ളിച്ച് നാലു ചെറുപ്പക്കാരുടെ മുദ്രാവാക്യം! മഠത്തില്‍ അപ്പു, കോയിത്താറ്റില്‍ ചിരുകണ്ടന്‍ , പൊടോര കുഞ്ഞമ്പുനായര്‍ , പള്ളിക്കാല്‍ അബൂബക്കര്‍ .

കഴുവിലേറ്റുന്നതിന് ഏതാനും ദിവസംമുമ്പ് പി സി ജോഷിയും പി സുന്ദരയ്യയും പി കൃഷ്ണപിള്ളയും ജയിലിലെത്തി അവരെ കണ്ടു. നേതാക്കള്‍ കരച്ചിലടക്കാന്‍ പാടുപെടുമ്പോള്‍ ആശ്വസിപ്പിക്കുകയായിരുന്നു കയ്യൂരിന്റെ ധീരന്മാര്‍ .

1869ലാണ് കണ്ണൂര്‍ പള്ളിക്കുന്നില്‍ സെന്‍ട്രല്‍ ജയില്‍ നിലവില്‍വന്നത്. തലശേരിയിലും കണ്ണൂരിലുമുണ്ടായിരുന്ന പ്രാദേശിക ജയിലുകള്‍ക്കുപകരം ബ്രിട്ടീഷുകാര്‍ മലബാര്‍ ജില്ലയിലെ തടവുകാരെ പാര്‍പ്പിക്കാന്‍ കൂടുതല്‍ സൗകര്യമുള്ളത് പണിയുകയായിരുന്നു.

ഖിലാഫത്ത് പ്രസ്ഥാനമാരംഭിച്ചതോടെയാണ് ജയിലില്‍ തിരക്കേറിയത്. മലബാര്‍കലാപത്തില്‍ പങ്കെടുത്ത നൂറുകണക്കിന് ആളുകളെ ഇവിടെ തള്ളിക്കയറ്റി ഒന്നിച്ച് പൂട്ടിയിടുകയായിരുന്നു. നിരവധിയാളുകളെ വിചാരണകൂടാതെ തൂക്കിലേറ്റി. ജയില്‍വളപ്പില്‍ ബ്രിട്ടീഷ് പൊലീസ് തല്ലിയും വെടിവച്ചും കൊന്നവര്‍ ഏറെ.

അക്കാലത്ത് ജയിലില്‍ നടന്ന കൂട്ടക്കൊലയെക്കുറിച്ചുള്ള ചില രേഖകള്‍ തലശേരി ആര്‍ഡിഒ ഓഫീസില്‍നിന്ന് കണ്ടെത്തുകയുണ്ടായി. 1920കളില്‍ ജയിലില്‍ നടന്ന കൊടും ക്രൂരതകള്‍ അവയില്‍ വിവരിക്കുന്നുണ്ട്.

സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ സമുന്നത നേതാവ് മൊയാരത്ത് ശങ്കരന്‍ കോണ്‍ഗ്രസ് ഭരണകാലത്ത് സെന്‍ട്രല്‍ ജയിലിന്റെ ഏതോ മുറിയില്‍ മര്‍ദനമേറ്റ് മരിച്ചു. മലയാളത്തില്‍ ആദ്യമായി കോണ്‍ഗ്രസ് ചരിത്രമെഴുതിയ ആ മഹാനെ കോണ്‍ഗ്രസുകാരും ഗുണ്ടകളും പൊലീസും ചേര്‍ന്ന് ജീവച്ഛവമാക്കിയാണ് ജയിലിലിട്ടത്. അവിടെയും ക്രൂരമര്‍ദനം. ചികിത്സകിട്ടാതെ പിടഞ്ഞുമരിച്ച മൊയാരത്തിന് ജയില്‍വളപ്പില്‍ ഏതോ കോണില്‍ അന്ത്യനിദ്ര.

കര്‍ഷക-കമ്യൂണിസ്റ്റ് നേതാക്കളായിരുന്ന മയ്യിലെ രൈരുനമ്പ്യാരെയും കുട്ട്യപ്പയെയും ജയിലില്‍നിന്ന് കോണ്‍ഗ്രസുകാരും എംഎസ്പിക്കാരും കള്ളജാമ്യത്തിലിറക്കി കൊണ്ടുപോയാണ് പാടിക്കുന്നിന്റെ നെറുകയില്‍ വെടിവച്ചു കൊന്നത്. പെരുവങ്ങൂരില്‍നിന്ന് പിടിക്കപ്പെട്ട ഗോപാലനെയും വെടിവച്ചുകൊന്നു. അടിയന്തരാവസ്ഥക്കാലത്ത് മിസ തടവുകാരനായ ട്രേഡ്യൂണിയന്‍ നേതാവ് എന്‍ അബ്ദുള്ള ചികിത്സ കിട്ടാതെ മരിച്ചതുമിവിടെ.

തടവിലിടാനാകാത്ത വിപ്ലവചിന്തകളുടെ ഗര്‍ഭഗൃഹമാണ് കണ്ണൂര്‍ ജയില്‍ . മുപ്പതുകളില്‍ തുടങ്ങിയ നിയമലംഘന സമരത്തിലൂടെയാണ് മലബാറില്‍ ദേശീയപ്രസ്ഥാനം ശക്തിപ്പെട്ടത്. നേതാക്കളിലേറെപേരെയും തടവിലിട്ടതിവിടെ. കൃഷ്ണപിള്ള, ഇ എം എസ്, എ കെ ജി, കെ പി ആര്‍ , കെ പി ഗോപാലന്‍ , കേരളീയന്‍ തുടങ്ങിയവര്‍ . പില്‍ക്കാലത്ത് അലയടിച്ച ഇടതുപക്ഷ-പുരോഗമന പ്രസ്ഥാനങ്ങളുടെ ആവിര്‍ഭാവത്തിന് പ്രചോദനമായ ചിന്തകള്‍ക്കും ചര്‍ച്ചക്കും തുടക്കമിട്ടത് ജയിലിലാണ്. നിയമലംഘനപ്രസ്ഥാനം പിന്‍വലിക്കാനുള്ള ഗാന്ധിജിയുടെ തീരുമാനം ജയിലില്‍ വലിയ നിരാശയുണ്ടാക്കി. ബംഗാളിലെ വിപ്ലവനേതാക്കളായ രവീന്ദ്രമോഹന്‍ സെന്‍ഗുപ്ത, ടി എന്‍ ചക്രവര്‍ത്തി, രമേഷ്ചന്ദ്ര ആചാര്യ തുടങ്ങി അനേകം നേതാക്കള്‍ അന്ന് ജയിലിലുണ്ടായി. ഇടതുപക്ഷ വിപ്ലവകാരികളായ ഇവരുടെ സമ്പര്‍ക്കം കേരളത്തിലെ സഖാക്കളില്‍ പുതിയ ചലനങ്ങള്‍ക്ക് വഴിമരുന്നിട്ടു. അനുശീലന്‍ സമിതിയുടെ പ്രവര്‍ത്തകരായിരുന്നു സെന്‍ഗുപ്തയും മറ്റും. ഇവരുടെ സ്വാധീനത്തിന്റെ ഫലമായി കേരളീയനും എ വി കുഞ്ഞമ്പുവും മഞ്ചുനാഥറാവുവുമൊക്കെ അനുശീലന്‍ സമിതി ഘടകം രൂപീകരിക്കുകയുണ്ടായി.

കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടി രൂപീകരിച്ചതിന്റെയും കമ്യൂണിസ്റ്റ് ആശയം പ്രചരിച്ചതിന്റെയുമെല്ലാം തുടക്കം ജയിലിലെ ചര്‍ച്ചകളും സംവാദങ്ങളുമാണ്. മീററ്റ് ഗൂഢാലോചനക്കേസില്‍ പ്രതികളായ കമ്യൂണിസ്റ്റ് വിപ്ലവകാരികള്‍ കമല്‍നാഥ് തിവാരിയും ജയ്ദേവ്കപൂരും കണ്ണൂരിലെത്തി. അനുശീലന്‍ -മീററ്റ് വിപ്ലവകാരികളും മലബാറിലെ നേതാക്കളും ചേര്‍ന്നപ്പോള്‍ ജയില്‍ ഇടതുപക്ഷ കമ്യൂണിസ്റ്റ് ചിന്തകരുടെ സമ്മേളനകേന്ദ്രമായി. എമില്‍ ബേണ്‍സിന്റെ "എന്താണ് കമ്യൂണിസം?" എന്ന പുസ്തകം കൃഷ്ണപിള്ളയ്ക്കും ഇ എം എസിനും പരിചയപ്പെടുത്തിയത് ഉത്തരേന്ത്യന്‍ കമ്യൂണിസ്റ്റുകാരാണ്.

1940 സെപ്തംബര്‍ 15ന്റെ മോറാഴ സംഭവത്തെ തുടര്‍ന്ന് കെ പി ആര്‍ വധശിക്ഷ കാത്തുകിടന്നതും കണ്ണൂര്‍ ജയിലില്‍ . ജനകീയപ്രക്ഷോഭത്തെയും ഗാന്ധിജിയുടെ ഇടപെടലിനെയുമൊക്ക തുടര്‍ന്ന് തൂക്കുമരത്തില്‍നിന്നിറങ്ങിവന്ന അദ്ദേഹം ആവേശമായി. ആറോണ്‍മില്‍ സമരത്തെ തുടര്‍ന്ന് ഇ കെ നായനാര്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ ശിക്ഷിച്ച് തടവിലാക്കിയതും കണ്ണൂര്‍ ജയിലിലാണ്. സ്വാതന്ത്ര്യാനന്തരവും നിരവധി പോരാളികളെ കണ്ണൂര്‍ ജയിലിലടച്ചിട്ടുണ്ട്. 1960കളില്‍ ചൈനാചാരന്മാരെന്ന് മുദ്രകുത്തിയും 75ല്‍ അടിയന്തരാവസ്ഥയിലും പിന്നീട് മിച്ചഭൂമി സമരത്തില്‍ പങ്കെടുത്തതിന്റെ പേരിലും വലതുപക്ഷ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പൊരുതിയതിന്റെ പേരിലും കമ്യൂണിസ്റ്റുകാരെ തടവിലിട്ടു.

*
നാരായണന്‍ കാവുമ്പായി ദേശാഭിമാനി 23 ഫെബ്രുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...