Friday, February 17, 2012

കുഞ്ഞുങ്ങളുടെ ജീവിതം പന്താടരുത്

സംസ്ഥാന ശിശുക്ഷേമസമിതിയുടെ പ്രവര്‍ത്തനം താറുമാറായിട്ട് ദിവസങ്ങളായി. അഞ്ചുവയസ്സില്‍ താഴെയുള്ള 57 കുഞ്ഞുങ്ങളുടെ ജീവിതം വച്ചുള്ള ചൂതാട്ടമാണിത്. കുഞ്ഞുങ്ങളെ മാത്രമല്ല ഈ പ്രതിസന്ധി ബാധിച്ചത്, അവരെ പരിപാലിക്കുന്ന ആയമാര്‍ , നേഴ്സുമാര്‍ എന്നിവരെല്ലാം വിഷമത്തിലാണ്. ജീവനക്കാര്‍ക്ക് ശമ്പളം കൊടുത്തിട്ടില്ല. നിത്യച്ചെലവിന്റെ കാര്യത്തിലും പ്രശ്നം നേരിടുകയാണ്. കുട്ടികള്‍ നാടിന്റെ സമ്പത്തും നാളെയുടെ വാഗ്ദാനവുമാണ്. അവര്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ ചെയ്തുകൊടുക്കുക ജനാധിപത്യ സര്‍ക്കാരിന്റെ കടമയാണ്.

കേരളത്തിലെ ശിശുക്ഷേമസമിതി ഇന്ന് കാണുന്ന രൂപം കൈവരിച്ചത് 2000ലാണ്. ജില്ലകളില്‍ നിന്ന് ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സമിതികള്‍ക്ക് ശിശുക്ഷേമകേന്ദ്രത്തിന്റെ പ്രവര്‍ത്തനം കൈകാര്യംചെയ്യാനുള്ള സംവിധാനവും കൈവന്നു. കേന്ദ്രസര്‍ക്കാരിന്റെ ശിശുക്ഷേമ വികസനവകുപ്പിന്റെയും രാജീവ്ഗാന്ധി ഗാര്‍ഹികപദ്ധതിയുടെയും ധനസഹായവും ശിശുക്ഷേമ സമിതിക്ക് ലഭിക്കുന്നു.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരുകോടി രൂപ സാമ്പത്തികസഹായം നല്‍കി ഈ സംവിധാനത്തെ പരിപോഷിപ്പിച്ചു. അനാഥരായ കുട്ടികളെ സംരക്ഷിക്കുന്ന "അമ്മത്തൊട്ടില്‍" സംവിധാനം എല്ലാ ജില്ലാകേന്ദ്രങ്ങളിലും സ്ഥാപിച്ചു. 60 ക്രഷെകളുടെ സ്ഥാനത്ത് 260 ക്രഷെകള്‍ സ്ഥാപിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കഴിഞ്ഞു. കുഞ്ഞുങ്ങള്‍ക്ക് പ്രതിശീര്‍ഷ ചെലവിന് നല്‍കുന്ന തുകയില്‍ വര്‍ധന വരുത്തി. നാലുനില കെട്ടിടം പണിയുകയും മ്യൂസിയം സ്ഥാപിക്കുകയും ചെയ്തതും ഇക്കാലത്താണ്. ശിശുക്ഷേമ സൗഹൃദ ക്യാമ്പുകളും പ്രകൃതി പഠനയാത്രകളും സംഘടിപ്പിച്ചു. ഇങ്ങനെ ഇന്ത്യയ്ക്കുതന്നെ മാതൃകയായ പ്രവര്‍ത്തനം നടത്തുന്ന ശിശുക്ഷേമസമിതിയെ രാഷ്ട്രീയ പകപോക്കലിന് ഇരയാക്കുന്നത് പ്രതിഷേധാര്‍ഹമാണ്.

വഴിപാടുപോലെ പേരിനുമാത്രം നടന്നിരുന്ന ശിശുക്ഷേമസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയതമായ ലക്ഷ്യവും പ്രായോഗികസമീപനവും നല്‍കി പ്രതിബദ്ധതയോടെ മുന്നോട്ടുനയിച്ച പ്രവര്‍ത്തകരെ അറസ്റ്റ്കൊണ്ടും ഭീഷണികൊണ്ടും അഴിമതി ആരോപണങ്ങള്‍കൊണ്ടും തകര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇന്നത്തെ ഭരണസമിതിയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് അഖിലേന്ത്യാ ശിശുക്ഷേമസമിതി പ്രസിഡന്റും ഡല്‍ഹിയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും തിരുവനന്തപുരത്തെത്തി വിശദമായ അന്വേഷണം നടത്തി. എന്നാല്‍ , അഴിമതി സംബന്ധിച്ച് ഒന്നും കണ്ടുപിടിക്കാനായില്ല. മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ഭരണസമിതി എന്ന സര്‍ട്ടിഫിക്കറ്റ് നല്‍കിയ അഖിലേന്ത്യാ ശിശുക്ഷേമസമിതി പ്രസിഡന്റ് ഗീത സിദ്ധാര്‍ഥ അനുമോദിക്കുകയും ചെയ്തു. എന്നാല്‍ , ഇതൊന്നും കണക്കിലെടുക്കാതെയാണ് ശിശുക്ഷേമ സമിതിയെ പിരിച്ചുവിട്ടത്. പിരിച്ചുവിടലിനെതിരെ ഹൈക്കോടതിയില്‍നിന്ന് സ്റ്റേ വാങ്ങിയിട്ടുപോലും ഓഫീസില്‍ കയറാനോ പ്രവര്‍ത്തിക്കാനോ ഉള്ള അനുമതി നല്‍കിയില്ല. ഇതിനിടെയാണ് സമിതി ഓഫീസില്‍ ചുമതലയേറ്റെടുക്കാന്‍ ചെന്ന സെക്രട്ടറി പി കൃഷ്ണനെയും അധ്യാപകസംഘടനാ നേതാവ് പി വി കെ കടമ്പേരിയെയും അറസ്റ്റ് ചെയ്തത്.

സംസ്ഥാന ശിശുക്ഷേമസമിതി ഒരു സ്വതന്ത്രസ്ഥാപനമാണ്. ആജീവനാന്ത അംഗത്വമുള്ളവരുടെ ഇടയില്‍നിന്ന് ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ടവരാണ് ഭരണനിര്‍വഹണം നടത്തുന്നത്. എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നാല് വകുപ്പ് തലവന്മാരും ജില്ലാ സെക്രട്ടറിമാരും സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളും ഉള്‍ക്കൊള്ളുന്നു. കമ്മിറ്റിയുടെ ഭരണനിര്‍വഹണം തീരുമാനിക്കാനുള്ള അധികാരം സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് മാത്രമാണ്. ഈ നിയമാവലികളെ കാറ്റില്‍ പറത്തിയാണ് യുഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഇത് എതിര്‍ക്കപ്പെടേണ്ടതാണ്.

*
പയ്യന്നൂര്‍ കുഞ്ഞിരാമന്‍ ദേശാഭിമാനി

No comments: