Tuesday, April 24, 2012

കര്‍ഷകരുടെ സഹനസമരം

കേരളത്തിലെ കര്‍ഷകര്‍ സഹനസമരത്തിലാണ്. കേരള കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ അഞ്ചുദിവസം തുടര്‍ച്ചയായുള്ള കര്‍ഷകസമരം ആരംഭിച്ചിരിക്കുന്നു. ജീവിക്കാനുള്ള അവകാശം സംരക്ഷിക്കാന്‍ സമരത്തിന്റേതല്ലാത്ത മറ്റു വഴികളൊന്നും അവര്‍ക്കു മുന്നിലില്ല. ഇനിയൊരു കര്‍ഷകന്‍ കടംകയറി ആത്മഹത്യയില്‍ അഭയം തേടാതിരിക്കാനും ത്യാഗനിര്‍ഭരമായ പോരാട്ടത്തിലൂടെ യാഥാര്‍ഥ്യമായ ഭൂപരിഷ്കരണ നിയമം അട്ടിമറിക്കപ്പെടാതിരിക്കാനും കൃഷിചെയ്ത് ജീവിക്കാനുള്ള സാഹചര്യമൊരുക്കാനുമുള്ള സമരമാണത്. സാമ്പത്തിക ഉദാരവല്‍ക്കരണ നയങ്ങള്‍ കര്‍ഷക ആത്മഹത്യയുടെ എണ്ണം അടിക്കടി ഉയര്‍ത്തുന്നു. ജനസംഖ്യയുടെ 60 ശതമാനത്തോളം കാര്‍ഷിക മേഖലയെ ആശ്രയിക്കുന്നവരാണ്. അവരുടെ ജീവിതത്തകര്‍ച്ച രാജ്യത്തിന്റെതന്നെ തകര്‍ച്ചയാണ്. 1995നും 2012നും ഇടയില്‍ രണ്ടുലക്ഷത്തിഎഴുപതിനായിരത്തോളം കൃഷിക്കാരാണ് ഇന്ത്യയില്‍ ആത്മഹത്യചെയ്തത്.

ആഗോളവല്‍ക്കരണ പരിഷ്കാരങ്ങളില്‍ കയറ്റുമതിക്കാണ് മുന്‍ഗണന. കോര്‍പറേറ്റുകള്‍ നിയന്ത്രിക്കുന്ന പാട്ടകൃഷി വളര്‍ന്നു പടരുന്നു. ഇതിലൂടെ കാര്‍ഷിക സമ്പദ്ഘടന തകിടംമറിഞ്ഞു. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിച്ചുങ്കം ഇല്ലാതാക്കല്‍, സബ്സിഡി വെട്ടിക്കുറയ്ക്കല്‍, കാര്‍ഷിക കമ്പോളത്തിലെ സര്‍ക്കാര്‍ നിയന്ത്രണം എടുത്തുകളയല്‍, ഉല്‍പ്പന്നങ്ങളുടെ വന്‍തോതിലുള്ള വിലത്തകര്‍ച്ച, ഉല്‍പ്പാദനച്ചെലവിലെ വന്‍ വര്‍ധന ഇവയെല്ലാം കാര്‍ഷിക മേഖലയുടെ താളം തെറ്റിച്ചു. രാസവളങ്ങളുടെ നേരിട്ടുള്ള സബ്സിഡി എടുത്തുകളഞ്ഞത് ഉല്‍പ്പാദനക്ഷമതയെ ബാധിച്ചു. നാണ്യവിളകളുടെ വിലയ്ക്ക് സ്ഥിരതയില്ലാതായി. കോര്‍പറേറ്റ് താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന സ്വതന്ത്ര വ്യാപാരക്കരാറുകള്‍ തുടരെ വരുന്നു. ബഹുരാഷ്ട്ര ഭീമന്മാരാണ് കാര്‍ഷിക ഉല്‍പ്പന്നവില നിശ്ചയിക്കുന്നത്- അതുമൂലം വില ഇടിഞ്ഞുകൊണ്ടേയിരിക്കുന്നു. കര്‍ഷകര്‍ക്കായി കേന്ദ്രം പ്രഖ്യാപിച്ച പാക്കേജുകളൊന്നും ലക്ഷ്യംകണ്ടില്ല. ദേശീയ കാര്‍ഷിക കമീഷന്റെ ശുപാര്‍ശകള്‍ അവഗണിക്കപ്പെട്ടു. കേന്ദ്രം പ്രഖ്യാപിച്ച തറവില മിക്കവാറും വിളകളുടെ കൃഷിച്ചെലവിലെ വര്‍ധനയ്ക്കനുസൃതമല്ല. സംഭരണ നടപടികള്‍ പരിമിതമാണ്. ഉയരുന്ന നിക്ഷേപച്ചെലവും ആനുപാതികമല്ലാത്ത വിലയും കൃഷി ലാഭകരമല്ലാത്തതാക്കി. കടംമൂലമുള്ള ആത്മഹത്യയിലേക്കും സ്ഥലം വിറ്റഴിക്കുന്നതിലേക്കുമാണ് കര്‍ഷകര്‍ നീങ്ങുന്നത്. ഈ പ്രതിസന്ധി പരിഹരിക്കാതെ കോണ്‍ഗ്രസ്- ബിജെപി സര്‍ക്കാരുകള്‍ കര്‍ഷകദ്രോഹ സമീപനത്തില്‍ ഊന്നിയപ്പോള്‍ ബദല്‍ നയങ്ങള്‍ ഉയര്‍ത്തി കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കാന്‍ ഇടതുപക്ഷ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറായ അനുഭവം നമുക്കു മുന്നിലുണ്ട്.

സമഗ്ര കാര്‍ഷിക പരിഷ്കരണത്തിലൂന്നി കൃഷിക്കാരന് ഭൂമിയില്‍ കൈവശാവകാശം നല്‍കിയും ലക്ഷക്കണക്കിന് ഭൂരഹിതര്‍ക്ക് ഭൂമി വിതരണംചെയ്തും പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൃഷിക്കാര്‍ക്ക് അനുകൂലമായ നയസമീപനം കൈക്കൊണ്ടും കേരളത്തിലും ബംഗാളിലും ത്രിപുരയിലും ഇടതുപക്ഷ സര്‍ക്കാരുകള്‍ നടപ്പാക്കിയ ബദല്‍നയങ്ങള്‍ അതതിടങ്ങളിലെ കാര്‍ഷിക സമ്പദ്ഘടനയില്‍ വന്‍ പുരോഗതിയാണ് ഉണ്ടാക്കിയത്. 2001-2006 ലെ യുഡിഎഫ് ഭരണത്തില്‍ കര്‍ഷക ആത്മഹത്യ പതിവായി. 2006ലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നടപടികള്‍ കര്‍ഷക ആത്മഹത്യയ്ക്ക് വിരാമമിട്ടു. കൃഷിക്കാരുടെ കടങ്ങള്‍ എഴുതിത്തള്ളിയും ആത്മഹത്യചെയ്തവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കിയും കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ തറവില വര്‍ധിപ്പിച്ചും മാതൃകാപരമായി ആ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചു. യുഡിഎഫ് സര്‍ക്കാര്‍ വന്ന് ചുരുക്കം ദിവസങ്ങള്‍ക്കുള്ളില്‍ കര്‍ഷക ആത്മഹത്യ തിരിച്ചെത്തി. ഇന്നത് പ്രധാനവാര്‍ത്തപോലുമല്ലാതായി. പ്രതിസന്ധിയുടെ ആഴം മനസിലാക്കി യാഥാര്‍ഥ്യബോധമുള്ള നയങ്ങള്‍ നടപ്പാക്കുന്നതിന് യുഡിഎഫ് സര്‍ക്കാര്‍ തയ്യാറല്ല. ദുരന്തമേഖലകളിലെ ചെറുകിട കൃഷിക്കാരുടെ എല്ലാ തരത്തിലുമുള്ള കടങ്ങളും എഴുതിത്തള്ളേണ്ടതുണ്ട്. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ലാഭാധിഷ്ഠിതമായ തറവില നിശ്ചയിക്കണം. കുറഞ്ഞ നിരക്കില്‍ വായ്പ ഉറപ്പാക്കണം. കാര്‍ഷിക കടാശ്വാസ കമീഷന്‍ ശുപാര്‍ശ ചെയ്ത കടങ്ങള്‍ എഴുതിത്തള്ളാന്‍ തുക അനുവദിക്കണം. ആയിരക്കണക്കിന് കൈവശകൃഷിക്കാര്‍ക്ക് പട്ടയം ലഭിച്ചിട്ടില്ല. മിച്ചഭൂമിയായി പ്രഖ്യാപിക്കപ്പെട്ട ആയിരക്കണക്കിന് ഏക്കര്‍ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് കൈവശക്കാര്‍ക്ക് പതിച്ചുനല്‍കുന്നില്ല.

കര്‍ഷകരുടെ പേരില്‍ ആണയിടുന്ന കക്ഷികള്‍പോലും കര്‍ഷകരെ തിരിഞ്ഞുനോക്കുന്നില്ല. കൃഷിക്ക് നല്‍കിവന്ന പിന്തുണ പിന്‍വലിച്ച് ചെറുകിട കര്‍ഷകരെ കൃഷിയില്‍നിന്ന് അക്ഷരാര്‍ഥത്തില്‍ ആട്ടിയോടിക്കുകയാണ്. നാടനും മറുനാടനുമായ വന്‍കിട കോര്‍പറേറ്റുകള്‍ക്ക് ഇന്ത്യന്‍ കാര്‍ഷികരംഗം കൈയടക്കുന്നതിന് വഴിയൊരുക്കിയിരിക്കുന്നു. കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ഈ നയസമീപനങ്ങളാണ് ഇന്ന് കര്‍ഷകരെക്കൊണ്ട് ദുരിതം തീറ്റിക്കുന്നത്. അതിനെതിരായ സമരം നാടിന്റെ നിലനില്‍പ്പിനായുള്ള പോരാട്ടംകൂടിയാണ്. ഗ്രാമീണ ഇന്ത്യയിലെ ദരിദ്രകൃഷിക്കാരനെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നത് നവലിബറല്‍ നയങ്ങളാണ്; അതില്‍ മുറുകെപ്പിടിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളാണ് എന്നത് തിരിച്ചറിഞ്ഞ് കര്‍ഷകരുടെ സമരത്തെ എല്ലാവിഭാഗം ജനങ്ങളും പിന്തുണയ്ക്കേണ്ടതുണ്ട്. കാര്‍ഷികത്തകര്‍ച്ചയെ അതിജീവിക്കാനും ഭരണകൂട നയങ്ങളെ പ്രതിരോധിക്കാനുമുള്ള പ്രക്ഷോഭത്തിന്റെ പതാകയാണ് കേരള കര്‍ഷകസംഘം ഇയര്‍ത്തിപ്പിടിക്കുന്നത്. ആ കൊടിക്കുപിന്നില്‍ അണിനിരക്കാനുള്ള ഉത്തരവാദിത്തം നാടിനെ സ്നേഹിക്കുന്ന എല്ലാവരുടേതുമാണ്. കര്‍ഷകരുടെ പഞ്ചദിന സമരം കേരളത്തിന്റെയാകെ പ്രതിഷേധസമരമായി മാറേണ്ടതുണ്ട്.

*
ദേശാഭിമാനി മുഖപ്രസംഗം 24 ഏപ്രില്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കേരളത്തിലെ കര്‍ഷകര്‍ സഹനസമരത്തിലാണ്. കേരള കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ അഞ്ചുദിവസം തുടര്‍ച്ചയായുള്ള കര്‍ഷകസമരം ആരംഭിച്ചിരിക്കുന്നു. ജീവിക്കാനുള്ള അവകാശം സംരക്ഷിക്കാന്‍ സമരത്തിന്റേതല്ലാത്ത മറ്റു വഴികളൊന്നും അവര്‍ക്കു മുന്നിലില്ല. ഇനിയൊരു കര്‍ഷകന്‍ കടംകയറി ആത്മഹത്യയില്‍ അഭയം തേടാതിരിക്കാനും ത്യാഗനിര്‍ഭരമായ പോരാട്ടത്തിലൂടെ യാഥാര്‍ഥ്യമായ ഭൂപരിഷ്കരണ നിയമം അട്ടിമറിക്കപ്പെടാതിരിക്കാനും കൃഷിചെയ്ത് ജീവിക്കാനുള്ള സാഹചര്യമൊരുക്കാനുമുള്ള സമരമാണത്. സാമ്പത്തിക ഉദാരവല്‍ക്കരണ നയങ്ങള്‍ കര്‍ഷക ആത്മഹത്യയുടെ എണ്ണം അടിക്കടി ഉയര്‍ത്തുന്നു. ജനസംഖ്യയുടെ 60 ശതമാനത്തോളം കാര്‍ഷിക മേഖലയെ ആശ്രയിക്കുന്നവരാണ്. അവരുടെ ജീവിതത്തകര്‍ച്ച രാജ്യത്തിന്റെതന്നെ തകര്‍ച്ചയാണ്. 1995നും 2012നും ഇടയില്‍ രണ്ടുലക്ഷത്തിഎഴുപതിനായിരത്തോളം കൃഷിക്കാരാണ് ഇന്ത്യയില്‍ ആത്മഹത്യചെയ്തത്.