Tuesday, April 24, 2012

സെമസ്റ്റര്‍ പ്രശ്നം സമ്പ്രദായത്തിലോ നടത്തിപ്പിലോ?

കേരളത്തിലെ സര്‍വകലാശാലകളില്‍ നടപ്പാക്കിവരുന്ന ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സമ്പ്രദായത്തെക്കുറിച്ച് പഠിക്കുന്നതിന് പ്രൊഫ. ഹൃദയകുമാരി ചെയര്‍മാനായ കമ്മിറ്റിയെ ഉന്നത വിദ്യാഭ്യാസകൗണ്‍സില്‍ നിയമിച്ചിരിക്കുന്നു. 2008ല്‍ കണ്ണൂര്‍ സര്‍വകലാശാലയിലും 2009ല്‍ കോഴിക്കോട്, മഹാത്മാഗാന്ധി സര്‍വകലാശാലകളിലും 2010ല്‍ കേരള സര്‍വകലാശാലയിലും ആരംഭിച്ച പാഠ്യപദ്ധതി ക്രമമാണ് ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സമ്പ്രദായം. കണ്ണൂര്‍ സര്‍വകലാശാലയില്‍നിന്ന് ഒരു ബാച്ച് വിദ്യാര്‍ഥികള്‍ ഈ സമ്പ്രദായത്തിലൂടെ പുറത്തിറങ്ങിക്കഴിഞ്ഞു. കോഴിക്കോട്, മഹാത്മാഗാന്ധി സര്‍വകലാശാലകളില്‍ ആദ്യ ബാച്ച് കോഴ്സ് കഴിയാനിരിക്കുന്നതേയുള്ളൂ.

പ്രവര്‍ത്തനാധിഷ്ഠിതവും പ്രക്രിയാബന്ധിതവുമായ പഠനപ്രക്രിയയിലൂടെ ഒന്നുമുതല്‍ 12 ക്ലാസുവരെ കടന്നുവന്ന വിദ്യാര്‍ഥികളുടെ തുടര്‍പഠനപ്രക്രിയ എന്ന നിലയിലാണ് സര്‍വകലാശാലകളില്‍ പുതിയ പഠനരീതി ആരംഭിച്ചത്. ക്ലാസ് മുറികളിലെ യാന്ത്രികമായ പഠനത്തിന് വിരാമമിട്ട് അന്വേഷണാത്മക പഠന പ്രക്രിയ പരിചയപ്പെട്ട്, നിരന്തരമൂല്യനിര്‍ണയ പ്രക്രിയയിലൂടെയും അവയുടെ തുടര്‍ച്ചയായി പൊതുപരീക്ഷയിലൂടെയും കടന്നുവന്നവരായിരുന്നു ഹയര്‍സെക്കന്‍ഡറിതലം പിന്നിട്ട വിദ്യാര്‍ഥികള്‍.2007ലെ ഹയര്‍സെക്കന്‍ഡറി പരീക്ഷയോടെ ഇത്തരം വിദ്യാര്‍ഥികള്‍ സര്‍വകലാശാലാ പഠനത്തിന് യോഗ്യത നേടി.

സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ പ്രൊഫ. അനന്തമൂര്‍ത്തി ചെയര്‍മാനായ കമ്മിറ്റി തയ്യാറാക്കിയ കരടുരേഖയുടെ അടിസ്ഥാനത്തില്‍ നടന്ന ചര്‍ച്ചകളുടെയും ശില്‍പ്പശാലകളുടെയും മാര്‍ഗനിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് കേരളത്തിലെ സര്‍വകലാശാലകള്‍ പുതിയ സമ്പ്രദായത്തിലേക്ക് മാറിയത്. അതത് സര്‍വകലാശാലകളിലെ ഓരോ വിഷയത്തിന്റെയും ബോര്‍ഡ് ഓഫ് സ്റ്റഡീസും ബന്ധപ്പെട്ട ഫാക്കല്‍റ്റിയും അക്കാദമിക് കൗണ്‍സിലും അംഗീകരിച്ചശേഷമാണ് പുതിയരീതി നടപ്പാക്കിയത്.

മൂന്നുവര്‍ഷ കോഴ്സുകളായി നടന്ന ബിരുദപഠനം ആറ് സെമസ്റ്ററായി മാറി എന്നതാണ് പ്രധാന മാറ്റം. മാര്‍ക്ക് സമ്പ്രദായത്തില്‍നിന്ന് ഗ്രേഡിങ് സമ്പ്രദായത്തിലേക്ക് മാറിയത് മറ്റൊന്ന്. 20 ശതമാനം മാര്‍ക്ക് നിരന്തരമൂല്യനിര്‍ണയത്തിന്റെ ഭാഗമായി കോളേജുകളില്‍വച്ചുതന്നെ ആര്‍ജിക്കാന്‍ കഴിയുന്ന രീതിയും വിദ്യാര്‍ഥിക്ക് താല്‍പ്പര്യമുള്ള കൂടുതല്‍ വിഷയങ്ങള്‍ പഠിക്കാന്‍ ഉതകുന്ന ഓപ്പണ്‍ കോഴ്സുകള്‍ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും പുതിയ സമ്പ്രദായത്തില്‍ ഉള്‍പ്പെടുത്തി.

അറിവ് നേടുന്നതിനും വിജ്ഞാനം ഉല്‍പ്പാദിപ്പിക്കുന്നതിനുമുള്ള അവസരങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കണം. അസൈന്‍മെന്റുകള്‍, സെമിനാറുകള്‍, പ്രശ്നപരിഹാര സെഷനുകള്‍, പ്രോജക്ടുകള്‍, ഫീല്‍ഡ് പഠനങ്ങള്‍ എന്നിവ പഠനഭാഗമാകണം. സംവാദാത്മകമായ ബോധനരീതിയിലൂടെ ചിന്തിക്കാനും പുതിയ വിജ്ഞാനം ഉല്‍പ്പാദിപ്പിക്കാനും വിദ്യാര്‍ഥികള്‍ക്ക് പ്രേരണ നല്‍കണം. പടിപടിയായി സമ്പൂര്‍ണ ആന്തരികമൂല്യനിര്‍ണയം നടപ്പാക്കണം. അതിന് ഉചിതവും സുതാര്യവും സുരക്ഷിതവുമായ സംവിധാനം ഉണ്ടാകണം. പാഠ്യഭാഗങ്ങള്‍ ചെറിയ ഖണ്ഡങ്ങളായി വിഭജിച്ച് കൂടുതല്‍ ആഴത്തിലുള്ള പഠനത്തിന് അവസരം നല്‍കണം. അവരവരുടെ ഇഷ്ടത്തിനൊത്ത വിഷയങ്ങള്‍ തെരഞ്ഞെടുക്കാനുള്ള സൗകര്യം ഉണ്ടാകണം. വിവരസാങ്കേതികവിദ്യയുടെ സാധ്യതകള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്തണം എന്നിവയാണ് പുതിയ പാഠ്യപദ്ധതി വിഭാവനംചെയ്തത്.

സെമസ്റ്റര്‍ സമ്പ്രദായത്തോടെ പരീക്ഷകളുടെ എണ്ണം വര്‍ധിച്ചപ്പോള്‍, കോഴിക്കോട് സര്‍വകലാശാലയില്‍ പരീക്ഷാഫലപ്രഖ്യാപനം താളം തെറ്റി. മറ്റു സര്‍വകലാശാലകളുടെയും ഫലപ്രഖ്യാപനം ഇഴഞ്ഞ രീതിയില്‍ത്തന്നെയാണ്. പുതിയരീതി നടപ്പില്‍ വരുത്തുന്നത് അസാധ്യമാണെന്ന തോന്നല്‍ സര്‍വകലാശാലാ ഭരണ വിഭാഗത്തിന് ഉണ്ടാവുകയും അവ പിന്‍വലിക്കാനുള്ള ആലോചനകളുമായി മുന്നോട്ടുപോവുകയും ആ രീതിയില്‍ പുതിയ ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിലും സര്‍ക്കാര്‍ തലങ്ങളിലും ആലോചനകള്‍ വരികയും ചെയ്തിരിക്കുന്നു.

പുതിയ രീതിയിലേക്ക് മാറിയതോടെ നേരത്തെ വിദ്യാര്‍ഥികളും അധ്യാപകരും കണ്ടെത്തിയിരുന്ന ഒഴിവുസമയങ്ങള്‍ കുറയുകയും അത് അവരുടെ ഇതര പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായി വരികയും ചെയ്തു. ഇതോടെ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് സമയം കണ്ടെത്താന്‍ സാധിക്കുന്നില്ലെന്നു പരാതി ഉയര്‍ന്നു. അക്കാദമിക് നിലവാരം ഉയരുന്നതിനൊത്ത് ഉയരാന്‍ സാധിക്കാതിരുന്ന ഒരു വിഭാഗം അധ്യാപകരിലും അതൃപ്തി ഉളവായി. പുതിയ രീതി അനുസരിച്ച് മൂല്യനിര്‍ണയസമയത്ത് ശങ്കയോടെ മാര്‍ക്ക് (ഗ്രേഡ്) നല്‍കിയപ്പോള്‍ വിദ്യാര്‍ഥികളുടെ സ്കോറിലുണ്ടായ ഇടിവ് പൊതുവെ ആശങ്കയ്ക്കിടയാക്കി. മാറ്റം ഉള്‍ക്കൊള്ളാന്‍ മടിക്കുന്ന സമൂഹത്തിന്റെ ആശങ്കകളും പുതിയ രീതിക്ക് എതിരായി.

വിജ്ഞാന വിസ്ഫോടനത്തിന്റെ കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. സമൂഹം ആര്‍ജിച്ച അറിവുകള്‍ മുഴുവന്‍ സ്വായത്തമാക്കണമെന്ന് ഇന്ന് ആഗ്രഹിക്കാനാകില്ല. വിവരങ്ങള്‍ ശേഖരിക്കാനും പരിശോധിക്കാനുമുള്ള സൗകര്യം വിരല്‍ത്തുമ്പില്‍ ലഭ്യമാണെന്നിരിക്കെ അറിവ് കാണാപ്പാഠമാക്കേണ്ടതില്ല. സര്‍വവിജ്ഞാനകോശങ്ങളായ വിദ്യാര്‍ഥികളെയല്ല ഇന്നത്തെ സമൂഹത്തിനാവശ്യം. ലഭ്യമായ അറിവുകള്‍ അപഗ്രഥിച്ച് സന്ദര്‍ഭാനുസരണം തീരുമാനമെടുക്കാനും പ്രയോഗിക്കാനുമുള്ള തലച്ചോറുകളെയാണ് ഇന്നത്തെ സമൂഹം വിദ്യാര്‍ഥികളില്‍ തിരയുന്നത്. അതിനുസരിച്ചുള്ള വിദ്യാഭ്യാസരീതിയാണ് വേണ്ടത്.

സര്‍വകലാശാലാ ഭരണവിഭാഗത്തിന്റെ കഴിവുകേടുകള്‍ക്ക് അനുസരിച്ച് കുരുതികൊടുക്കാനുള്ളവരല്ല വിദ്യാര്‍ഥികള്‍. ആധുനിക സാങ്കേതികവിദ്യകളുടെ ഉപയോഗത്തിലൂടെ കാലഘട്ടത്തിനുസരിച്ച് മുമ്പോട്ടു പോകാന്‍ അവര്‍ തയ്യാറാകണം. കഴിഞ്ഞ അഞ്ചു വര്‍ഷം ഏറെ മാറ്റങ്ങളുണ്ടായിട്ടും, ഏറെ ജോലിഭാരങ്ങളുണ്ടായിട്ടും, സമയബന്ധിതമായി കുറ്റമറ്റരീതിയില്‍ പരീക്ഷാ നടത്തിപ്പിന് കേരള ഹയര്‍സെക്കന്‍ഡറി പരീക്ഷാബോര്‍ഡിനു കഴിഞ്ഞു. സാങ്കേതികവിദ്യകളുടെ ഉപയോഗവും ഉയര്‍ന്ന കാഴ്ചപ്പാടുകളും സേവന സന്നദ്ധതയുള്ള ഒരു കൂട്ടത്തിന്റെ സ്ഥിരോത്സാഹവുമാണ് ഈ നേട്ടങ്ങള്‍ക്ക് പ്രാപ്തരാക്കിയത്. മറ്റു പല പരീക്ഷാ ബോര്‍ഡുകള്‍ക്കും സമയബന്ധിതമായി പരീക്ഷ നടത്തി ഫലപ്രഖ്യാപനത്തിന് സാധിക്കുമ്പോള്‍, കോഴിക്കോട് സര്‍വകലാശാലയ്ക്ക് സമയബന്ധിതമായി പരീക്ഷ നടത്തി ഫലപ്രഖ്യാപനത്തിനു സാധിക്കാത്തതിനുള്ള കാരണം വേറെ ആരായേണ്ടതാണ്.

സെമസ്റ്റര്‍ സമ്പ്രദായവും ഗ്രേഡിങ് രീതികളും നിരന്തരമൂല്യനിര്‍ണയവും ഇന്ന് വിദ്യാഭ്യാസ സമൂഹം അംഗീകരിച്ചതാണ്. യുജിസി നിര്‍ദേശങ്ങളിലും ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ദേശീയനയത്തിലും ഈ രീതി പിന്താങ്ങപ്പെട്ടതാണ്. തുടര്‍ച്ചയായ ക്ലസ്റ്റര്‍ മീറ്റിങ്ങുകളിലൂടെയും പരിശീലന പരിപാടികളിലൂടെയും അവലോകന യോഗങ്ങളിലൂടെയും അധ്യാപകര്‍ക്ക് പുതിയ സമ്പ്രദായവുമായി ഇഴുകിച്ചേരാനുള്ള അവസരം സൃഷ്ടിച്ചിരുന്നു. ചോദ്യക്കടലാസുകളുടെ സെറ്റിങ്ങിനും മൂല്യനിര്‍ണയപ്രക്രിയകള്‍ക്കും ഉള്ള ശില്‍പ്പശാലകള്‍ നടത്തിയിരുന്നു. പരീക്ഷാവിഭാഗവും പുതിയ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തക്കവിധം സജ്ജമാക്കിയിരുന്നു.

എന്നാല്‍, സര്‍വകലാശാലാ തലത്തില്‍ മാറ്റം വരുത്തിയപ്പോള്‍ അതിനുവേണ്ട പശ്ചാത്തല സൗകര്യമൊരുക്കുന്നതില്‍ വേണ്ടത്ര ശ്രദ്ധിച്ചിരുന്നോ എന്ന കാര്യത്തില്‍ സംശയമുണ്ട്. സിലബസ് രൂപീകരണത്തിനുവേണ്ടി ബോര്‍ഡ് ഓഫ് സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ ശില്‍പ്പശാലകള്‍ നടത്തുകയും അവയ്ക്കുവേണ്ട ഫണ്ട് ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നല്‍കുകയും ചെയ്തിരുന്നു. സംസ്ഥാനതലത്തില്‍ പല ശില്‍പ്പശാലകളും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ നേരിട്ട് നല്‍കുകയും ചെയ്തിരുന്നു. എന്നിരുന്നാലും എല്ലാ അധ്യാപകരെയും ബോധവല്‍ക്കരിക്കുന്നതിനും അവരെ വേണ്ടപോലെ സജ്ജരാക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കാത്തതിന്റെ പരിമിതികള്‍ ഈ രംഗത്ത് സംജാതമായിട്ടുണ്ട്.

സെമസ്റ്ററൈസേഷന്‍ വന്നപ്പോള്‍ വരുത്തേണ്ട അവധിക്കാലങ്ങളിലെ മാറ്റങ്ങളെക്കുറിച്ചും പരീക്ഷ നടത്തേണ്ട സമയങ്ങളെക്കുറിച്ചും തീരുമാനമെടുത്ത് നടപ്പില്‍ വരുത്താന്‍ നമുക്ക് സാധിച്ചിട്ടില്ല. ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതില്‍ പരാജയപ്പെടുക മാത്രമല്ല, പുതിയ സംവിധാനവുമായി യോജിച്ചു പോവേണ്ട പ്രവര്‍ത്തനങ്ങള്‍ നടപ്പില്‍ വരുത്തുന്നതില്‍ സര്‍വകലാശാലകള്‍ പരാജയപ്പെടുകയും ചെയ്തു.

റ്റുഡന്‍സ് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍, കലോത്സവങ്ങള്‍, സ്പോര്‍ട്സ് തുടങ്ങി വാര്‍ഷികമായി നടത്തിയിരുന്ന പ്രവര്‍ത്തനങ്ങള്‍ പുതിയ സാഹചര്യത്തിനുസരിച്ച് ആസൂത്രണം ചെയ്യുന്നതിലും നാം പരാജയപ്പെട്ടു. പ്രധാന വിഷയങ്ങളോടൊപ്പം അനുബന്ധ വിഷയങ്ങളായി താല്‍പ്പര്യമുള്ള വിഷയങ്ങള്‍ തെരഞ്ഞെടുത്തു പഠിക്കുന്നതിനാണ് ഓപ്പണ്‍ കോഴ്സുകള്‍ കൊണ്ടുവന്നത്. ഓരോ അധ്യാപകനും നല്‍കാന്‍ കഴിയുന്ന ഇത്തരത്തിലുള്ള ഇതര കോഴ്സുകള്‍ കണ്ടെത്തി സര്‍വകലാശാലാ തലത്തില്‍ അയച്ച് സിലബസ് ഉണ്ടാക്കി അവ നല്‍കുന്നതില്‍ വേണ്ടത്ര വിജയിച്ചിട്ടില്ല. നിലവിലുള്ള കോഴ്സുകള്‍ വേണ്ടപോലെ നടത്തുന്നതിലും അതിന് അധ്യാപകരെ സജ്ജരാക്കുന്നതിലും നാം പരാജയപ്പെട്ടു.

പരാജയങ്ങളില്‍നിന്നും വീഴ്ചകളില്‍നിന്നും പാഠം ഉള്‍ക്കൊണ്ട്, കാലഘട്ടത്തിന്റെ ചുവരെഴുത്ത് വായിച്ച് മുന്നോട്ടുപോയേ പറ്റൂ. ഇല്ലെങ്കില്‍ നശിപ്പിക്കപ്പെടുന്നത് വളര്‍ന്നുവരുന്ന തലമുറയായിരിക്കും. അതിന് കാലം നമുക്ക് മാപ്പ് നല്‍കില്ല.

*
പ്രൊഫ. ബി കെ വിജയന്‍ ‍(കേരള ഹയര്‍സെക്കന്‍ഡറി പരീക്ഷാ ബോര്‍ഡ് മുന്‍ പരീക്ഷാ സെക്രട്ടറിയാണ് ലേഖകന്‍)

ദേശാഭിമാനി 24 ഏപ്രില്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കേരളത്തിലെ സര്‍വകലാശാലകളില്‍ നടപ്പാക്കിവരുന്ന ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സമ്പ്രദായത്തെക്കുറിച്ച് പഠിക്കുന്നതിന് പ്രൊഫ. ഹൃദയകുമാരി ചെയര്‍മാനായ കമ്മിറ്റിയെ ഉന്നത വിദ്യാഭ്യാസകൗണ്‍സില്‍ നിയമിച്ചിരിക്കുന്നു. 2008ല്‍ കണ്ണൂര്‍ സര്‍വകലാശാലയിലും 2009ല്‍ കോഴിക്കോട്, മഹാത്മാഗാന്ധി സര്‍വകലാശാലകളിലും 2010ല്‍ കേരള സര്‍വകലാശാലയിലും ആരംഭിച്ച പാഠ്യപദ്ധതി ക്രമമാണ് ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സമ്പ്രദായം. കണ്ണൂര്‍ സര്‍വകലാശാലയില്‍നിന്ന് ഒരു ബാച്ച് വിദ്യാര്‍ഥികള്‍ ഈ സമ്പ്രദായത്തിലൂടെ പുറത്തിറങ്ങിക്കഴിഞ്ഞു. കോഴിക്കോട്, മഹാത്മാഗാന്ധി സര്‍വകലാശാലകളില്‍ ആദ്യ ബാച്ച് കോഴ്സ് കഴിയാനിരിക്കുന്നതേയുള്ളൂ.