Saturday, April 28, 2012

നിയമവ്യവസ്ഥയെ ദുര്‍ബലമാക്കുമ്പോള്‍

ഇന്ത്യന്‍ നിയമവ്യവസ്ഥയ്ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ജനാധിപത്യ സമൂഹത്തിന്റെ ഭാഗമായി അത് വികസിക്കുകയും സുശക്തമാവുകയുംചെയ്തു. നിയമത്തിന് കണ്ണില്ല എന്നാണ് പ്രമാണം. എല്ലാവര്‍ക്കും തുല്യനീതിയെന്നതാണതിന്റെ തത്വം. നിയമത്തിനുമുന്നില്‍ എല്ലാവരും സമന്മാരാണ്. നിയമവാഴ്ചയ്ക്ക് ഏവരും വിധേയമാകണമെന്നാണ് അത് വിവക്ഷിക്കുന്നത്. ഒരു നൂറ്റാണ്ടുമുമ്പ് നിയമവ്യവസ്ഥ ഈ സമത്വ സങ്കല്‍പ്പത്തെ അംഗീകരിച്ചിരുന്നില്ല. ചാതുര്‍വര്‍ണ്യത്തിലെ മൂപ്പിളമ നോക്കിയായിരുന്നു ശിക്ഷാവിധികളും. കീഴ്ജാതിക്കാര്‍ക്ക് കഠിനശിക്ഷകളും ഉയര്‍ന്ന ശ്രേണിയില്‍പ്പെട്ടവര്‍ക്ക് ഉദാരമായ ഇളവുകളും ജാതിയില്‍ ശ്രേഷ്ഠരായവര്‍ക്ക് നിയമവ്യവസ്ഥയെ മാനിക്കേണ്ടതില്ല എന്നതുമായിരുന്നു പ്രാചീന നിയമ സംവിധാനത്തിന്റെ വര്‍ഗപരമായ ഉള്ളടക്കം. അതിനെ നിരാകരിച്ചാണ് തുല്യ പരിരക്ഷയും ശിക്ഷാവിധിയില്‍ തുല്യതയും നിഷ്കര്‍ഷിക്കുന്ന നിയമവ്യവസ്ഥ രൂപപ്പെട്ടത്. ദൗര്‍ബല്യങ്ങള്‍ പലതുണ്ടെങ്കിലും ഇന്ത്യന്‍ നിയമസംവിധാനം അതിന്റെ ബാഹ്യഘടനയിലെങ്കിലും സമത്വത്തെ ഉദ്ഘോഷിക്കുന്നു.

എന്നാല്‍, അതിന്റെ ചൈതന്യം തകര്‍ത്ത് അസ്തിവാരംവരെ തോണ്ടുന്ന അപഭ്രംശങ്ങളാണ് മത്സ്യത്തൊഴിലാളികളെ കൊലപ്പെടുത്തിയ കേസില്‍നിന്ന് ഇറ്റാലിയന്‍ നാവികരെ രക്ഷിക്കാന്‍ അരങ്ങേറിയത്. കേരളത്തിന്റെ കടല്‍ത്തീരത്ത് മത്സ്യബന്ധനത്തിനു പോയ ബോട്ടിലെ രണ്ട് തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. അവരെ വെടിവച്ചുകൊല്ലാനിടയായ സാഹചര്യമെന്തെന്ന് നാളിതുവരെ കണ്ടെത്താന്‍ കേരള പൊലീസിന് സാധിച്ചിട്ടില്ല. എന്‍റിക്കാ ലെക്സിയെന്ന കപ്പല്‍ ഇന്ത്യന്‍തീരത്ത് എത്തിക്കുന്നതിലും രണ്ട് ഇറ്റാലിയന്‍ നാവികരെ ജയിലിലടയ്ക്കുന്നതിനും നമ്മുടെ നിയമവ്യവസ്ഥയുടെ പരിധിയില്‍ കൊണ്ടുവരുന്നതിനും സാധിച്ചുവെന്നത് നേട്ടമാണ്. അതുതന്നെ നടന്നത് പിറവം തെരഞ്ഞെടുപ്പ് നേരിടാന്‍ ജനങ്ങളുടെ മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ അത്രയെങ്കിലും ചെയ്യാതെ തരമില്ലാത്തതിനാലാണ്. പിറവം കഴിഞ്ഞപ്പോള്‍ യുഡിഎഫിനും മന്ത്രിസഭയ്ക്കും ഉണ്ടായ നിറവ്യത്യാസം കേരളീയര്‍ ഇപ്പോള്‍ ശരിക്കും അറിയുന്നുണ്ട്.

ഇറ്റാലിയന്‍ നാവികര്‍ പ്രതികളായ കേസിലെ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഇന്ത്യന്‍ ഭരണഘടനയുടെ 32-ാം വകുപ്പ് പ്രകാരം ഒരു റിട്ട് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നു. ഏപ്രില്‍ 23നാണ് ഇത്തരമൊരു ഹര്‍ജി വന്നതെങ്കിലും ഇതിനെ ശരിവയ്ക്കുന്നവിധം ദിവസങ്ങള്‍ക്കുമുമ്പേ സുപ്രീം കോടതിയില്‍ കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരേന്‍ പി റാവല്‍ നിലപാട് സ്വീകരിക്കുകയുണ്ടായി. കപ്പല്‍ വിട്ടുകൊടുക്കുന്നതിനായി സമര്‍പ്പിക്കപ്പെട്ട കേസിലാണ് കപ്പല്‍ മാത്രമല്ല, കുറ്റവാളികളായ നാവികരെക്കൂടി വിട്ടുകൊടുക്കാന്‍ തങ്ങള്‍ അനുകൂലമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്. ഇന്ത്യാക്കാരായ രണ്ട് പൗരന്മാരുടെ ജീവനാണ് പൊലിഞ്ഞതെന്ന് സുപ്രീംകോടതി ഓര്‍മിപ്പിച്ചിട്ടും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ നിലപാട് ആവര്‍ത്തിച്ചു. ഇതേ കേസില്‍ കേരളത്തിനുവേണ്ടി ഹാജരായി ശരിയായ നിലപാട് സ്വീകരിച്ചുവന്ന അഭിഭാഷകനെ മാറ്റി പകരം നിയോഗിക്കപ്പെട്ട കെ എം മാണിയുടെ സ്വന്തം അഭിഭാഷകനാകട്ടെ ഒന്നും മറുത്തുപറഞ്ഞുമില്ല. കേന്ദ്രത്തിന്റെയും കേരളത്തിന്റെയും അഭിഭാഷകര്‍ ഇക്കാര്യത്തില്‍ ഒരേ നിലപാടിലായിരുന്നു. റാവലിനെ കേസിന്റെ ചുമതലയില്‍നിന്ന് നീക്കിയെന്ന് പ്രചരിപ്പിക്കുന്നുണ്ടെങ്കിലും കൂറുമാറി വാദം നടത്തിയ റാവലിനെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍സ്ഥാനത്തുനിന്ന് നീക്കംചെയ്യുക എന്നതാണ് ന്യായമായും ചെയ്യേണ്ടിയിരുന്നത്. മൗനിയായി മാറിയ കേരളത്തിന്റെ അഭിഭാഷകനെത്തന്നെ അന്നേദിവസം അയക്കാനിടയായവിധം ഇടപെടല്‍ നടത്തിയ കെ എം മാണിക്കെതിരെ നടപടി എടുക്കുമോ എന്നതിനാണ് മുഖ്യമന്ത്രി ഉത്തരം നല്‍കേണ്ടത്.

ജയിലില്‍ സന്ദര്‍ശനത്തിനെത്തിയ ബന്ധുക്കളോടൊപ്പം ഉല്ലാസവാന്മാരായി കഴിയുന്ന കൊലയാളികളുടെ ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ വരികയുണ്ടായി. ജയില്‍വാസം സുഖവാസമാക്കാന്‍ ഇടയാകുംവിധം കൊലയാളികള്‍ക്ക് ലഭിക്കുന്ന മുന്തിയ പരിചരണം കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഈ കേസിന്റെ ഭാവി സംബന്ധിച്ച് ആശങ്കകള്‍ ഉയരുന്നത് ഈ സാഹചര്യത്തിലാണ്.
എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒരു ഹര്‍ജി അതത് സംസ്ഥാനത്തെ ഹൈക്കോടതിയിലാണ് സാധാരണഗതിയില്‍ സമര്‍പ്പിക്കുക. ഭരണഘടനയുടെ 226-ാം വകുപ്പുപ്രകാരം കേരള ഹൈക്കോടതി മറ്റുപല കേസിലും അത് കൈകാര്യംചെയ്ത അനുഭവങ്ങളുണ്ട്. ഹൈക്കോടതി അനുകൂല നിലപാട് സ്വീകരിക്കുന്നില്ലെങ്കില്‍ മേല്‍ക്കോടതിയായ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാനുമാകും. ഇവിടെ ഇത്തരമൊരു ഹര്‍ജി കേരള ഹൈക്കോടതിയെ മറികടന്ന് നേരിട്ട് സുപ്രീം കോടതിയില്‍ എത്തുന്നു. ആ ഹര്‍ജിയിലെ ആവശ്യങ്ങളോട് ഒത്തുചേരുന്ന വാദങ്ങള്‍ കേന്ദ്രസര്‍ക്കാര്‍തന്നെ ദിവസങ്ങള്‍ക്കുമുമ്പ് കോടതിയില്‍ പറയുന്നു. കേന്ദ്ര-കേരള നിയമവകുപ്പുകള്‍ ഒത്തുകളിക്കുന്നു. മുഖ്യമന്ത്രിയുള്‍പ്പെടെ പലരുടെയും പ്രസ്താവനകള്‍ വരുന്നുണ്ടെങ്കിലും ഇതൊന്നും കോടതിയിലെത്തുന്നില്ല എന്നതാണ് സത്യം. എഫ്ഐആര്‍ സുപ്രീംകോടതി റദ്ദാക്കിയാല്‍ ഇറ്റാലിയന്‍ നാവികര്‍ ഉടന്‍ ജയില്‍മോചിതരാകും. വിചാരണ കൂടാതെ നാവികരെ രക്ഷിച്ചെടുക്കാന്‍ ഇറ്റലി നടത്തുന്ന ശ്രമങ്ങള്‍ ഇപ്പോള്‍ ഈ വഴിക്കാണ്.

വെടിവയ്പ് നടന്നത് എവിടെ എന്നതാണ് മുഖ്യചോദ്യം. അതിന് തെളിവെടുപ്പ് ആവശ്യമില്ലേ? വിചാരണ വേണ്ടേ? ഇറ്റാലിയന്‍ കപ്പലിന്റെ സ്ഥാനം, ഇന്ത്യന്‍ മത്സ്യബോട്ടിന്റെ സ്ഥാനം, വെടിവയ്പിന്റെ ദിശ ഇതെല്ലാം പ്രധാനമാണ്. സാക്ഷിമൊഴികളും കപ്പലിന്റെ സഞ്ചാരമാര്‍ഗങ്ങള്‍ സംബന്ധിച്ച സാങ്കേതികമായ തെളിവുകളും പരിശോധിച്ച് വിചാരണക്കോടതിക്കുമാത്രം തീരുമാനിക്കാവുന്ന ഒരു സംഗതിയാണിത്. ഇന്ത്യന്‍ കടലതിര്‍ത്തിക്കുള്ളില്‍ നടന്ന കൊലപാതകമെന്ന് തെളിയിക്കാനായാല്‍മാത്രമേ ഇന്ത്യന്‍ നിയമപ്രകാരം കുറ്റക്കാരനായി കണ്ടെത്താനാകൂ. അതിന്റെ തെളിവുകള്‍ ശേഖരിക്കുന്നതില്‍ കേരള പൊലീസ് എത്ര ജാഗ്രത കാട്ടുന്നുവെന്നതാണ് കേസിലെ കാതലായ കാര്യം. ഇപ്പോള്‍ കസ്റ്റഡിയിലായ നാവികരുടെ കൈവശത്തിലും ഉപയോഗത്തിലുമിരുന്ന തോക്കുകള്‍ ഉപയോഗിച്ചുള്ള വെടിയേറ്റെന്നുകൂടി തെളിയിക്കാനായാലേ അന്വേഷണ ഏജന്‍സിയുടെ ചുമതല പൂര്‍ത്തിയാകുകയുള്ളൂ. അതിനുസൃതമായ തെളിവുകള്‍ എത്രത്തോളം സമാഹരിക്കപ്പെട്ടുവെന്നതൊന്നും പൊതുജനങ്ങളുടെ അറിവിലില്ല. ഇത്തരത്തില്‍ ഗൗരവമായ തെളിവ് ശേഖരണവും സമര്‍പ്പണവും ആവശ്യമായ ഒരു കേസിലാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് സന്ദേശം നല്‍കുന്നതുപോലെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പെരുമാറിയത്. അതിന്റെ ആഘാതം കുറച്ചൊന്നുമല്ല.
കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ക്ക് ലഭിക്കേണ്ട നഷ്ടപരിഹാരത്തിന്റെ സിവില്‍ കേസ് ഒത്തുതീര്‍പ്പായതുകൊണ്ട് കൊലക്കേസ് ഇല്ലാതാവുന്നില്ല. കൊലപ്പെടുത്തിയ കേസില്‍ സര്‍ക്കാരാണ് വാദി. സമൂഹത്തിനെതിരായ കുറ്റകൃത്യമാണത്. അത് ഒത്തുതീര്‍പ്പാക്കാനാകില്ല. വിചാരണ നടന്നേ മതിയാകൂ. ഇറ്റലിക്ക് ഇന്ത്യന്‍ ഭരണകൂടത്തിലുള്ള സ്വാധീനം ബൊഫോഴ്സ് കേസുമുതല്‍ എത്രയോ തവണ തെളിഞ്ഞതാണ്. ഈ കേസിലും അതാവര്‍ത്തിച്ചിരിക്കുന്നു. കൊല്ലപ്പെട്ടവര്‍ കടലിന്റെ മക്കളാണ്. ഇന്ത്യയുടെ പൗരന്മാരാണ്. അവര്‍ക്ക് നമ്മുടെ മണ്ണില്‍ നീതികിട്ടണം. കൊലയാളികളെ നമ്മുടെ നിയമവ്യവസ്ഥയ്ക്കനുസൃതമായി വിചാരണ നടത്തിയേ മതിയാകൂ. കുറുക്കുവഴി തേടി ഇറ്റലിയുടെ ദൗത്യം പുരോഗമിക്കുമ്പോള്‍ ഒറ്റുകാര്‍ നമ്മുടെ നാട്ടിലുണ്ടാകുന്നത് സ്വാഭാവികം. എന്നാല്‍, ഇന്ത്യന്‍ നിയമവ്യവസ്ഥയെ അട്ടിമറിക്കാന്‍ അനുവദിക്കരുത്.

*
അഡ്വ. കെ അനില്‍കുമാര്‍ ദേശാഭിമാനി 27 ഏപ്രില്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഇന്ത്യന്‍ നിയമവ്യവസ്ഥയ്ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ജനാധിപത്യ സമൂഹത്തിന്റെ ഭാഗമായി അത് വികസിക്കുകയും സുശക്തമാവുകയുംചെയ്തു. നിയമത്തിന് കണ്ണില്ല എന്നാണ് പ്രമാണം. എല്ലാവര്‍ക്കും തുല്യനീതിയെന്നതാണതിന്റെ തത്വം. നിയമത്തിനുമുന്നില്‍ എല്ലാവരും സമന്മാരാണ്. നിയമവാഴ്ചയ്ക്ക് ഏവരും വിധേയമാകണമെന്നാണ് അത് വിവക്ഷിക്കുന്നത്. ഒരു നൂറ്റാണ്ടുമുമ്പ് നിയമവ്യവസ്ഥ ഈ സമത്വ സങ്കല്‍പ്പത്തെ അംഗീകരിച്ചിരുന്നില്ല. ചാതുര്‍വര്‍ണ്യത്തിലെ മൂപ്പിളമ നോക്കിയായിരുന്നു ശിക്ഷാവിധികളും. കീഴ്ജാതിക്കാര്‍ക്ക് കഠിനശിക്ഷകളും ഉയര്‍ന്ന ശ്രേണിയില്‍പ്പെട്ടവര്‍ക്ക് ഉദാരമായ ഇളവുകളും ജാതിയില്‍ ശ്രേഷ്ഠരായവര്‍ക്ക് നിയമവ്യവസ്ഥയെ മാനിക്കേണ്ടതില്ല എന്നതുമായിരുന്നു പ്രാചീന നിയമ സംവിധാനത്തിന്റെ വര്‍ഗപരമായ ഉള്ളടക്കം. അതിനെ നിരാകരിച്ചാണ് തുല്യ പരിരക്ഷയും ശിക്ഷാവിധിയില്‍ തുല്യതയും നിഷ്കര്‍ഷിക്കുന്ന നിയമവ്യവസ്ഥ രൂപപ്പെട്ടത്. ദൗര്‍ബല്യങ്ങള്‍ പലതുണ്ടെങ്കിലും ഇന്ത്യന്‍ നിയമസംവിധാനം അതിന്റെ ബാഹ്യഘടനയിലെങ്കിലും സമത്വത്തെ ഉദ്ഘോഷിക്കുന്നു.