Wednesday, May 23, 2012

ലോക്പാല്‍: കോണ്‍ഗ്രസ്സിന്റെ കുടില തന്ത്രത്തിന്റെ രക്തസാക്ഷി

ലോക്പാല്‍ നിയമത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് അതിന്റെ തനിനിറം വീണ്ടും കാണിച്ചിരിക്കുന്നു. അഴിമതി മുക്തമായ ഭരണം വാഗ്ദാനം ചെയ്യുന്ന ലോക്പാല്‍ - ലോകായുക്ത ബില്‍ ലക്ഷ്യം കാണാതിരിക്കാന്‍ ഇക്കുറിയും അവര്‍ തന്ത്രം മെനഞ്ഞു. രാജ്യസഭയുടെ നടപ്പ് സമ്മേളനം അവസാനിക്കാന്‍ ഒരു ദിവസം മാത്രം അവശേഷിക്കെ ഭേദഗതി ചെയ്ത ബില്‍ അവതരിപ്പിച്ച് സെലക്ട് കമ്മറ്റിക്കുവിട്ടതിലൂടെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കുടിലതന്ത്രം വിജയം കാണുകയായിരുന്നു. ബില്‍ അവതരിപ്പിച്ചുവെന്നു വരുത്തിത്തീര്‍ത്ത കോണ്‍ഗ്രസിനെ നയിച്ചത് അത് പാസാകരുതെന്ന ദുഷ്ടബുദ്ധിയായിരുന്നു. അത് ആര്‍ക്കും മനസിലാകില്ലെന്ന ഒട്ടകപക്ഷിബുദ്ധിയാണ് കോണ്‍ഗ്രസിനെ ഇത്തരം വിഡ്ഢിവേഷങ്ങള്‍ കെട്ടിക്കുന്നത്.

അഴിമതി തടയാനുള്ള ലോക്പാല്‍ നിയമത്തിന് സത്യത്തില്‍ കോണ്‍ഗ്രസ് എതിരാണ്. അഴിമതിക്ക് 'പനപോലെ' വളരാന്‍ വെള്ളവും വളവും നല്‍കുന്ന നയങ്ങളാണ് കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിക്കുന്നത്. അഴിമതിയുടെ മാതാവും പിതാവും ഗുരുവും ദൈവവുമായ മുതലാളിത്തത്തിന്റെ വര്‍ഗ താല്‍പര്യമാണ് കോണ്‍ഗ്രസിന്റെ പ്രാണവായു. അത്തരമൊരു പാര്‍ട്ടിക്കു അഴിമതിക്കെതിരായ നിയമം പാസാക്കണമെന്നോ നടപ്പിലാക്കണമെന്നോ താല്‍പ്പര്യമുണ്ടാകില്ല. അതേസമയം അഴിമതി വാഴ്ചകൊണ്ട് പൊറുതിമുട്ടിയ ജനങ്ങളുടെ മുമ്പില്‍ അവര്‍ക്കു പിടിച്ചുനില്‍ക്കുകയും വേണം. ലോക്പാല്‍ നിയമത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ കോണ്‍ഗ്രസിന്റെ കാപട്യം നിറഞ്ഞ ഈ കൗശലം ആര്‍ക്കും മനസ്സിലാകും. നാല്‍പത്തി രണ്ടുകൊല്ലമായി ലോക്പാല്‍ നിയമത്തെക്കുറിച്ച് കോണ്‍ഗ്രസ് വര്‍ത്തമാനം തുടങ്ങിയിട്ട്. പക്ഷേ ആ വര്‍ത്തമാനങ്ങളെല്ലാം കോഴിക്കുമുലവരും പോലെയാണ് ഇക്കാലമത്രയും കലാശിച്ചത്.

രാജ്യസഭയുടെ കഴിഞ്ഞ ശീതകാല സമ്മേളനത്തിലും ലോക്പാല്‍ നിയമം സംബന്ധിച്ച കോണ്‍ഗ്രസിന്റെ പൊറാട്ടു നാടകം രാജ്യം കണ്ടതാണ്. അന്നും സഭ പിരിയുന്നതിന്റെ പതിമൂന്നാം മണിക്കൂറില്‍ സര്‍ക്കാര്‍ ഇതുപോലെ ബില്‍ അവതരിപ്പിച്ചു. അര്‍ധരാത്രി വരെ ചര്‍ച്ച പൊടിപൊടിച്ചു നടത്താന്‍ കോണ്‍ഗ്രസിന്റെ സ്റ്റേജ് മാനേജര്‍മാരും അവരുടെ ചൊല്‍പ്പടിക്കു വഴങ്ങുന്ന പിന്താങ്ങി പ്രതിപക്ഷക്കാരും ഉത്സാഹിച്ചു. അവസാന നിമിഷം അവരിലൊരാള്‍ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയിലേതുപോലെ നടന്നുവന്ന് പാര്‍ലമെന്ററികാര്യ മന്ത്രി വി നാരായണ സ്വാമിയുടെ കൈയില്‍ നിന്ന് കടലാസുകള്‍ പിടിച്ചുവാങ്ങി പിച്ചിച്ചീന്തി. തുടര്‍ന്നുണ്ടായ തയ്യാര്‍ ചെയ്യപ്പെട്ട ബഹളങ്ങള്‍ക്കൊടുവില്‍ ബില്‍ സഭയില്‍ പാസാക്കാനാകാതെ ശീതകാല സമ്മേളനത്തിനു തിരശീല വീണു. ഇപ്പോള്‍ നടന്നതും അതേ നാടകത്തിന്റെ അടുത്ത രംഗമാണെന്നു കോണ്‍ഗ്രസ് നേതൃത്വത്തിനു നല്ല തിട്ടമുണ്ടാകും.

ശീതകാല സമ്മേളനത്തില്‍ പാസാക്കാന്‍ കഴിയാതെ പോയ ബില്ലിന്മേല്‍ 'അഭിപ്രായ സമന്വയ' മുണ്ടാക്കാന്‍ ഇടവേളയില്‍ സര്‍ക്കാര്‍ ചില നാടകങ്ങള്‍ അരങ്ങേറിയതാണ്. അതിന്റെ ഭാഗമായാണ് സര്‍വകക്ഷി സമ്മേളനവും സഭയിലെ കക്ഷി നേതാക്കളുമായി അനൗപചാരിക കൂടിയാലോചനകളും നടന്നത്. ആ സാങ്കല്‍പിക സമന്വയത്തിന്റെ ബലത്തിലാണ് ഇത്തവണ മന്ത്രി നാരായണസ്വാമി വീണ്ടും ബില്‍ അവതരിപ്പിക്കുന്നതെന്ന പ്രതീതിയാണ് സൃഷ്ടിക്കപ്പെട്ടത്. പക്ഷേ ആ പ്രതീതിയുടെ നാടകീയതയ്ക്കു മാറ്റുകൂട്ടിക്കൊണ്ട് അവതരണത്തിനു തൊട്ടുപിന്നാലെ 'പിന്താങ്ങി പ്രതിപക്ഷ' നിരയില്‍പെട്ട എസ് പി യിലെ മുതിര്‍ന്ന അംഗമായ നരേഷ് അഗര്‍വാള്‍ എഴുന്നേറ്റു. ബില്‍ വീണ്ടും ഒരു പാര്‍ലമെന്ററി സമിതിയുടെ പരിഗണനയ്ക്കു വിടണമെന്നാണ് അദ്ദേഹത്തിനു നിര്‍ദേശിക്കാനുണ്ടായിരുന്നത്. ചൂടുപിടിച്ച ചര്‍ച്ചകളുണ്ടായി. ഒടുവില്‍ ശബ്ദവോട്ടോടെ ബില്‍ സെലക്ട് കമ്മറ്റിക്കു വിടാന്‍ തീരുമാനമായി. ഈ സമയമത്രയും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് കണ്ണടച്ചു പാല്‍ കുടിക്കുന്ന പൂച്ചയെ ഓര്‍മ്മിപ്പിച്ചുകൊണ്ട് സഭയില്‍ ഇരിപ്പുണ്ടായിരുന്നു.

ലോക്പാല്‍ നിയമം പാസാക്കുന്നതിന് ഏറ്റവും ചുരുങ്ങിയത് മൂന്നുമാസം കൂടി തടസം സൃഷ്ടിക്കാന്‍ കഴിഞ്ഞുവെന്നതില്‍ ഭരണക്കാര്‍ക്ക് സന്തോഷമുണ്ടാകും. മന്‍മോഹന്‍സിംഗ് മന്ത്രിസഭയിലെ 34 മന്ത്രിമാരില്‍ 14 പേര്‍ക്കെതിരെ അഴിമതിക്കുറ്റങ്ങള്‍ക്കു തെളിവുണ്ടെന്ന് വിമര്‍ശനമുയരുമ്പോള്‍ കോണ്‍ഗ്രസിന്റെ സന്തോഷം അവരെ സംബന്ധിച്ച് സ്വാഭാവികമാണ്. എന്നാല്‍ അഴിമതിയുടെ ഭയാനകമായ വളര്‍ച്ചകണ്ട് രോഷം പൂണ്ട ഒരു ജനതയുടെ സാമാന്യബോധത്തേയും ക്ഷമാശക്തിയേയുമാണ് തങ്ങള്‍ പരീക്ഷിക്കുന്നതെന്ന കാര്യം കോണ്‍ഗ്രസ് മറക്കാതിരിക്കട്ടെ.

അഴിമതിക്കെതിരായ ഒറ്റമൂലിയാണ് ലോക്പാല്‍ നിയമമെന്ന് ഇടതുപക്ഷം കരുതുന്നില്ല. ഇങ്ങനെ ഒരു നിയമം പാസാക്കുന്നതിലൂടെ അഴിമതിക്കാരെല്ലാം ജയിലിലടയ്ക്കപ്പെടുമെന്നും വിശ്വസിക്കാനാകില്ല. എത്രയോ നിയമങ്ങള്‍ ഏട്ടിലെ പശുക്കളായി മാറുന്ന നമ്മുടെ നാട്ടില്‍ ലോക്പാല്‍ നിയമം നാടകീയമായ അത്ഭുതങ്ങള്‍ സൃഷ്ടിക്കില്ലെന്നും ചിന്തിക്കുന്ന ജനങ്ങള്‍ക്കറിയാം. എന്നാല്‍ ഭരണത്തിന്റെ അത്യുന്നതതലങ്ങള്‍ മുതല്‍ താഴെതലം വരെ പടര്‍ന്നു വ്യാപിച്ച അഴിമതിക്കെതിരെ പ്രതിരോധമുയര്‍ത്തുന്നതില്‍ ഈ നിയമം ഒരു പരിധിയോളമെങ്കിലും സഹായകമാകുമെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നു. നിയമത്തിന്റെ പരിധിയില്‍ പ്രധാനമന്ത്രി വരണമോ എന്നതിനെച്ചൊല്ലിയും സി ബി ഐയുടെ നിയന്ത്രണത്തെക്കുറിച്ചുമെല്ലാം നടന്ന ചര്‍ച്ചകള്‍ ഈ വിശ്വാസവുമായി കെട്ടുപിണഞ്ഞതാണ്. അതോടൊപ്പം പ്രധാനമാണ് നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യത. ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റി ബില്ലിനെക്കുറിച്ച് ഇടതുപക്ഷം മുന്‍വയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഇത്തരുണത്തില്‍ പ്രസക്തമാണ്.

അഴിമതിക്കെതിരായ നിലപാടിലും നിയമനിര്‍മാണത്തിലും കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഇച്ഛയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. എന്തുചെയ്തും പണം ഉണ്ടാക്കണമെന്നും അവിടെ രാജ്യത്തിന്റേയോ പാര്‍ട്ടിയുടേയോ മാനാഭിമാനങ്ങളും പാരമ്പര്യങ്ങളും പ്രശ്‌നമല്ലെന്നുമുള്ള ചിന്താഗതിയാണ് ഇന്നത്തെ കോണ്‍ഗ്രസിന്റെ മുഖമുദ്ര. ലോകം മുഴുവന്‍ കമ്പോളവ്യവസ്ഥയുടെ കൂടെപ്പിറപ്പാണ് അഴിമതിയെന്ന സത്യം ജനങ്ങള്‍ തിരിച്ചറിയുമ്പോള്‍ ആ വ്യവസ്ഥയുടെ നടത്തിപ്പുകാരാകാന്‍ കോണ്‍ഗ്രസ് തിടുക്കം കൊള്ളുന്നത് അതുകൊണ്ടാണ്.
അതുകൊണ്ടുതന്നെയാണ് കുറവുകളേറെയുണ്ടെങ്കിലും ലോക്പാല്‍ നിയമത്തെ അവര്‍ ഭയപ്പെടുന്നത്.

*
ജനയുഗം മുഖപ്രസംഗം 23 മേയ് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ലോക്പാല്‍ നിയമത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് അതിന്റെ തനിനിറം വീണ്ടും കാണിച്ചിരിക്കുന്നു. അഴിമതി മുക്തമായ ഭരണം വാഗ്ദാനം ചെയ്യുന്ന ലോക്പാല്‍ - ലോകായുക്ത ബില്‍ ലക്ഷ്യം കാണാതിരിക്കാന്‍ ഇക്കുറിയും അവര്‍ തന്ത്രം മെനഞ്ഞു. രാജ്യസഭയുടെ നടപ്പ് സമ്മേളനം അവസാനിക്കാന്‍ ഒരു ദിവസം മാത്രം അവശേഷിക്കെ ഭേദഗതി ചെയ്ത ബില്‍ അവതരിപ്പിച്ച് സെലക്ട് കമ്മറ്റിക്കുവിട്ടതിലൂടെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കുടിലതന്ത്രം വിജയം കാണുകയായിരുന്നു. ബില്‍ അവതരിപ്പിച്ചുവെന്നു വരുത്തിത്തീര്‍ത്ത കോണ്‍ഗ്രസിനെ നയിച്ചത് അത് പാസാകരുതെന്ന ദുഷ്ടബുദ്ധിയായിരുന്നു. അത് ആര്‍ക്കും മനസിലാകില്ലെന്ന ഒട്ടകപക്ഷിബുദ്ധിയാണ് കോണ്‍ഗ്രസിനെ ഇത്തരം വിഡ്ഢിവേഷങ്ങള്‍ കെട്ടിക്കുന്നത്.