Saturday, May 19, 2012

കേന്ദ്രമന്ത്രിയുടെ രാഷ്ട്രീയ അല്‍പ്പത്തം

കോണ്‍ഗ്രസ് നേതാവ് എന്ന നിലയിലോ വ്യക്തി എന്ന നിലയിലോ മുല്ലപ്പള്ളി രാമചന്ദ്രന്റെ കഴിവും കഴിവുകേടും വിവരവും വിവരക്കേടും പരിശോധിക്കാന്‍ ഞങ്ങള്‍ ആളല്ല. പക്ഷേ, കേന്ദ്ര ആഭ്യന്തര സഹമന്ത്രി എന്ന ഉത്തരവാദിത്തമുള്ള പദവിയില്‍ ഇരുന്ന് ഒരാള്‍ കാണിക്കുന്ന അവിവേകവും തെമ്മാടിത്തവും ചോദ്യംചെയ്യപ്പെട്ടേ തീരൂ. ടി പി ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് തുടക്കംമുതല്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കാണിക്കുന്ന അമിതാവേശവും എടുത്തുചാട്ടവും സിപിഐ എമ്മിനെ എങ്ങനെയെങ്കിലും അതില്‍ ഉള്‍പ്പെടുത്താനുള്ളതാണ്. കൊലപാതകം നടന്ന് നിമിഷങ്ങള്‍ക്കകം സിപിഐ എമ്മിനെ കുറ്റപ്പെടുത്തി മുല്ലപ്പള്ളി രംഗത്തിറങ്ങി. ഇപ്പോള്‍ അദ്ദേഹം പറയുന്നത്, ചന്ദ്രശേഖരന്‍ വധക്കേസില്‍ ഇതുവരെ പിടികൂടിയത് പരല്‍മീനുകളെമാത്രമാണെന്നും ഗൂഢാലോചന ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ വമ്പന്‍ സ്രാവുകള്‍ ഉടന്‍ പിടിയിലാകുമെന്നുമാണ്. അതുകടന്ന്, ""ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും നേതൃത്വം കൊടുക്കുന്ന സര്‍ക്കാര്‍ അതിനുള്ള നടപടികളുമായി മുന്നോട്ടുപോകണം. അന്വേഷണം ശരിയായ ദിശയിലല്ല പോകുന്നതെങ്കില്‍ കേന്ദ്രഏജന്‍സിക്ക് ഏറ്റെടുക്കേണ്ടിവരുമെന്നും മുല്ലപ്പള്ളി പറഞ്ഞു""- എന്ന് ഒരു പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഊതിയാല്‍ തെറിക്കുന്ന ഭൂരിപക്ഷംകൊണ്ട് പടുത്തുയര്‍ത്തിയ നക്കാപ്പിച്ച ഭരണത്തിന്റെ ഹുങ്കില്‍ പൊലീസിനെ വിഡ്ഢിവേഷംകെട്ടിച്ച് സിപിഐ എമ്മിനെ ഒതുക്കിക്കളയാമെന്ന് കരുതുകയാണ് യുഡിഎഫ് നേതൃത്വം.

അന്വേഷണസംഘത്തിലെ അതിവിശ്വസ്തരും വിധേയരുമായ ചിലരെ കൈയിലെടുത്ത് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നേരിട്ട് സിപിഐ എം വേട്ടയ്ക്കിറങ്ങിയിരിക്കുന്നു. പൊലീസിന്റെ സഹായിയും വഴികാട്ടിയുമായി കെപിസിസി പ്രസിഡന്റ് പരസ്യമായി രംഗത്തിറങ്ങുന്നു. എന്നിട്ടും തങ്ങള്‍ തെളിച്ച വഴിയേ പൊലീസ് എത്താനിടയില്ലേ എന്ന ശങ്കയാണ് കോണ്‍ഗ്രസിന്. അതുകൊണ്ടാണ് കേന്ദ്ര ആഭ്യന്തരസഹമന്ത്രി ഭീഷണിപ്പെടുത്തുന്നത്. നിങ്ങള്‍ സിപിഐ എമ്മുകാരെ പ്രതിചേര്‍ത്തില്ലെങ്കില്‍ സിബിഐയെ കൊണ്ടുവന്ന് അത് ചെയ്യിക്കും എന്നാണ് ആ ഭീഷണി. ഭരണനേതൃത്വത്തിന്റെ കള്ളക്കളി നിസ്സംശയം തെളിയിക്കപ്പെടുന്ന ഒന്നാണ് എന്ന് മനസിലാക്കിയാണ്, കോണ്‍ഗ്രസുകാരന്‍ തന്നെയായ സംസ്ഥാന ആഭ്യന്തരമന്ത്രിക്ക് കേന്ദ്രമന്ത്രിയെ പരസ്യമായി തിരുത്തേണ്ടിവന്നത്. സിബിഐക്ക് വിടേണ്ടതില്ല എന്നും പരല്‍മീനുകളേ പിടിയിലായുള്ളൂ എന്നത് മുല്ലപ്പള്ളിയുടെ വ്യക്തിപരമായ അഭിപ്രായമാണ് എന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിശദീകരിച്ചിട്ടുണ്ട്.

ടി പി ചന്ദ്രശേഖരന്റെ കൊലപാതകം നിഷ്ഠുരമാണെന്നും അതില്‍ സിപിഐ എമ്മിന് പങ്കാളിത്തമില്ല എന്നും പാര്‍ടി ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. അത് മുഖവിലയ്ക്കെടുക്കാതെ രണ്ടാഴ്ചയോളമായി നിരന്തരം സിപിഐ എമ്മിനെതിരെ സംഘടിതമായ ആക്രമണം നടത്തുകയാണ്. പാര്‍ടി ഓഫീസില്‍നിന്ന് ഓഫീസ് സെക്രട്ടറിയെ മറ്റൊരുകേസിന്റെ പേരില്‍ കൂട്ടിക്കൊണ്ടുപോയി വടകരയിലെത്തിച്ച് ഭേദ്യംചെയ്ത് നേതാക്കളുടെ പേരുപറയിപ്പിക്കാന്‍ നടന്ന ശ്രമം പുറത്തുവന്നിട്ടുണ്ട്. അനാവശ്യമായി കസ്റ്റഡിയിലെടുത്ത അദ്ദേഹത്തെ പിന്നീട് വിട്ടയച്ചു. ഒരുദിവസമാകെ, സിപിഐ എം ഓഫീസ് സെക്രട്ടറി പിടിയിലായ വാര്‍ത്ത ആഘോഷിച്ചത് മാര്‍ക്സിസ്റ്റ് വിരോധികള്‍ക്ക് ലാഭം. കോണ്‍ഗ്രസിനുവേണ്ടി പൊലീസ് കഥ ചമയ്ക്കുകയും മൊഴികള്‍ സൃഷ്ടിക്കുകയും ഇഷ്ടമാധ്യമങ്ങള്‍ക്ക് അത് ചോര്‍ത്തിക്കൊടുക്കുകയുമാണ്. സിപിഐ എമ്മിലേക്കെത്തിക്കാനുള്ള കണ്ണികള്‍ കൃത്രിമമായി സൃഷ്ടിച്ച് വിളക്കിച്ചേര്‍ത്ത് പുറത്തുകൊടുക്കുന്ന പ്രക്രിയ പൊലീസ് അനുസ്യൂതം തുടരുന്നു. അതേസമയം, തങ്ങളില്‍ അര്‍പ്പിതമായ ക്രമസമാധാനച്ചുമതല അവര്‍ നിറവേറ്റുന്നുമില്ല.

ഒരു കൊലപാതകം നടന്ന സ്ഥലത്ത് തുടര്‍അക്രമങ്ങളുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുക എന്നത് പൊലീസിന്റെ ഏറ്റവും ചുരുങ്ങിയ കടമയാണ്. ഒഞ്ചിയം, ഓര്‍ക്കാട്ടേരി പ്രദേശങ്ങളില്‍ നോക്കുകുത്തികളായി നില്‍ക്കുകയാണ് കാക്കിപ്പട. ചന്ദ്രശേഖരന്റെ പേരുപറഞ്ഞ് അവിടെ ആര്‍എംപിക്കാര്‍ അഴിഞ്ഞാടുകയാണ്, കൊള്ളയും കൊള്ളിവയ്പും നടത്തുകയാണ്, സിപിഐ എം പ്രവര്‍ത്തകരെയും അനുഭാവികളെയും ആട്ടിപ്പായിക്കുകയാണ്. അത്തരം ഏതെങ്കിലും സംഭവത്തില്‍ ഒരാളെപ്പോലും പൊലീസ് അറസ്റ്റ്ചെയ്തതായി അറിവില്ല. എന്തേ ഒഞ്ചിയവും ഓര്‍ക്കാട്ടേരിയുമൊന്നും കേരളത്തിലല്ലേ? അവിടെ പൊലീസിന് അധികാരമില്ലേ? എന്തുകൊണ്ട് പൊലീസ് അനങ്ങുന്നില്ല എന്ന ചോദ്യത്തിനുള്ള ഉത്തരവും എത്തിനില്‍ക്കുന്നത് മുല്ലപ്പള്ളിയിലാണ്. എടച്ചേരി, വടകര, ചോമ്പാല്‍ പൊലീസ് സ്റ്റേഷനുകളുടെ ഭരണം ഏറ്റെടുത്ത് മാര്‍ക്സിസ്റ്റ് മേധത്തിന് നേതൃത്വം നല്‍കുകയാണ് കേന്ദ്രമന്ത്രിയെന്നു പറയുന്ന മാന്യന്‍.

ചന്ദ്രശേഖരന്‍ സിപിഐ എം ഏരിയാ കമ്മിറ്റി അംഗമായിരുന്നു. സിപിഐ എമ്മിന് കേരളത്തില്‍ ഇരുനൂറ് ഏരിയാ കമ്മിറ്റികളുണ്ട്. അവയിലെല്ലാം 15-19 അംഗങ്ങള്‍ വീതമുണ്ട്. യുഡിഎഫിനും മാധ്യമങ്ങള്‍ക്കും അക്കൂട്ടത്തിലൊരാള്‍ മാത്രമായിരുന്നു സിപിഐ എമ്മിനകത്തുണ്ടായിരുന്ന ചന്ദ്രശേഖരന്‍. പുറത്തുപോയപ്പോഴാണ് അദ്ദേഹത്തെ അവര്‍ മഹത്വവല്‍ക്കരിച്ചത്. സിപിഐ എമ്മിലെ നൂറുകണക്കിനാളുകള്‍ തെരുവിലും പാര്‍പ്പിടങ്ങളിലും തൊഴിലിടങ്ങളിലും മൃഗീയത തോല്‍ക്കുംവിധം ക്രൂരമായി കൊലചെയ്യപ്പെട്ടപ്പോള്‍ ഇല്ലാത്ത വികാരാവേശം മാധ്യമങ്ങള്‍ക്കും യുഡിഎഫിനും ഉണ്ടായത്, ആ കൊലപാതകത്തിന്റെ ഉത്തരവാദിത്തം സിപിഐ എമ്മില്‍ കെട്ടിവയ്ക്കാന്‍ എളുപ്പമുണ്ട് എന്നതിനാലാണ്. അശ്ലീലത്തിന് സമാനമായ എളുപ്പവഴിയിലൂടെയാണ് അറപ്പില്ലാതെ മാര്‍ക്സിസ്റ്റ് വിരോധികള്‍ സഞ്ചരിക്കുന്നത്. അവര്‍ ഒരു മഹാസഖ്യം തീര്‍ത്ത്, സിപിഐ എമ്മിനെ തകര്‍ത്തുകളയാമെന്ന് വ്യാമോഹിക്കുകയാണ്. സോഷ്യലിസ്റ്റിതര രാജ്യങ്ങളിലെ ഏറ്റവും വലിയ കമ്യൂണിസ്റ്റ് പാര്‍ടിയായ സിപിഐ എമ്മിന്റെ ഏറ്റവും കരുത്തുറ്റ ഘടകമാണ് കേരളത്തിലേത്. കേരളത്തിലെ പാര്‍ടി തകര്‍ന്നുകാണണമെന്നാഗ്രഹമുള്ള ഒട്ടേറെ ശക്തികളുണ്ട്. ഒരു കൊലപാതകത്തിന്റെ പേരുപറഞ്ഞ് അത്തരക്കാരുടെ അജന്‍ഡ സാക്ഷാല്‍ക്കരിച്ചുകളയാം എന്ന് മോഹിക്കുന്ന അല്‍പ്പബുദ്ധികളുടെ നേതാവായാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തുവന്നിട്ടുള്ളത്.

സ്വതന്ത്രമായ അന്വേഷണം അസാധ്യമാക്കി പൊലീസിന്റെ പണി ഭരണ-രാഷ്ട്രീയ നേതൃത്വം ഏറ്റെടുക്കുന്നത് ജനാധിപത്യബോധമുള്ളവര്‍ക്ക് കണ്ടുനില്‍ക്കാനാവില്ല. ചന്ദ്രശേഖരന്‍ വധക്കേസിന്റെ മറവില്‍ സിപിഐ എം വേട്ടയ്ക്ക് ഇറങ്ങിത്തിരിക്കുന്നവര്‍ നിരാശയുടെ പടുകുഴിയില്‍തന്നെ വീഴും; പശ്ചാത്താപ വിവശരാകേണ്ടിവരും. നിരപരാധികളെ പിടിച്ചുകൊണ്ടുപോയി തല്ലിയും പിഴിഞ്ഞും ഏതാനും പേരുകള്‍ ഒപ്പിച്ചെടുത്ത് മാര്‍ക്സിസ്റ്റുവിരുദ്ധ ആറാട്ടുനടത്താമെന്ന് കരുതുന്നത് മിതമായ വാക്കുകളില്‍ ശുദ്ധ അബദ്ധമാണെന്നുമാത്രം പറഞ്ഞുവയ്ക്കട്ടെ. പതിനായിരക്കണക്കിന് ധീരന്മാര്‍ ചോരയും വിയര്‍പ്പും നല്‍കി വളര്‍ത്തിയ; ജനലക്ഷങ്ങള്‍ നെഞ്ചേറ്റുന്ന പ്രസ്ഥാനത്തെ നിരന്തരം നിര്‍മിതകഥകള്‍ പ്രചരിപ്പിച്ചും പൊലീസിനെയും സിബിഐയെയും കാണിച്ചും ക്ഷീണിപ്പിക്കാനുള്ള വൃഥാപ്രയത്നത്തില്‍നിന്ന് പിന്മാറാനുള്ള വിവേകം വലതുപക്ഷ രാഷ്ട്രീയ ശക്തികള്‍ക്കും അവയുടെ മെഗാഫോണുകളായ ഞങ്ങളുടെ സഹജീവികള്‍ക്കും ഉണ്ടാകട്ടെ എന്നാശിക്കുന്നു.

*
ദേശാഭിമാനി മുഖപ്രസംഗം 19 മേയ് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...