Saturday, May 5, 2012

പഠനം ഒരു ചൂരലും മാഷുമല്ല...

വിദ്യാഭ്യാസത്തെ സംബന്ധിച്ച നൂതനകാഴ്ചപ്പാടുകളുമായി ബാലസംഘം വേനല്‍ത്തുമ്പികള്‍ ചിറകടിച്ചുപറന്നിറങ്ങുന്നു. "വേനലവധിക്കാലം ഉത്സവകാലം" എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഇത്തവണ വേനല്‍ത്തുമ്പികളെത്തുന്നത്. എല്ലാ വില്ലേജുകളിലും കുട്ടികളുടെ കലാകായികമത്സരങ്ങളുള്‍പ്പെടെയുള്ള ബാലോത്സവങ്ങള്‍ ഒരുക്കുന്നു. ഈ ബാലോത്സവവേദികളിലേക്കാണ് തുമ്പികള്‍ പറന്നിറങ്ങുന്നത്. തുമ്പികള്‍ പരിപാടി അവതരിപ്പിച്ച് പറന്നുപോകും; ബാലോത്സവം തുടരും. ഹരി മുന്നൂകോട് രചിച്ച "പഠനമൊരു ചൂരലും മാഷുമല്ല" എന്ന ഗാനം നൃത്തശില്‍പ്പമായി രംഗാവിഷ്കാരം നേടുന്നു. "മണിയടിക്കുമ്പോള്‍ ഒടുങ്ങുകില്ല, ക്ലാസ് മുറിയില്‍ തളച്ചിട്ട വാക്കുമല്ല". പഠനം സംബന്ധിച്ച പരമ്പരാഗത ധാരണകളെ തള്ളിക്കളയുന്ന രംഗശില്‍പ്പം "പഠനം മനഃപാഠമല്ലെന്ന്" പ്രഖ്യാപിക്കുന്നു. "ഒന്നാമതെത്തുവാനുള്ളതല്ലെന്നും, ഒന്നിച്ച് നില്‍ക്കുവാനുള്ളതാ"ണെന്നും ഓര്‍മപ്പെടുത്തുന്നു. ബാലസംഘത്തിന്റെ വിദ്യാഭ്യാസ കാഴ്ചപ്പാടുകള്‍ മുന്നോട്ടുവയ്ക്കുന്ന നിരവധി പരിപാടികള്‍ ഇത്തവണ തുമ്പികള്‍ അവതരിപ്പിക്കുന്നുണ്ട്.

ആകാശമിഠായി

വിവിധമതങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്കും ഒരു മതത്തിലും വിശ്വസിക്കാത്തവര്‍ക്കും ഒരുമിച്ചു ജീവിക്കാന്‍ ഇന്ത്യയിലവകാശമുണ്ട്. നമ്മുടെ മതനിരപേക്ഷഭരണഘടനയുടെ സത്ത കുട്ടികളെ പരിചയപ്പെടുത്താനാണ് "മതമില്ലാത്ത ജീവന്‍" എന്ന പാഠഭാഗം രചിക്കപ്പെട്ടത്. ഷാഹുല്‍ഹമീദിന്റെയും ലക്ഷ്മീദേവിയുടെയും മകനാണ് ജീവന്‍. ജീവനെ സ്കൂളില്‍ ചേര്‍ക്കാന്‍ കൊണ്ടുവന്നപ്പോള്‍ അവന് മതമില്ലെന്നാണ് പ്രവേശനഫോറത്തില്‍ ചേര്‍ത്തത്. ഈ പാഠഭാഗം അച്ചടിച്ചുവന്നപ്പോള്‍ ജനാധിപത്യകേരളത്തിലുണ്ടായ പുകിലിന് കൈയും കണക്കുമില്ല. എന്നാല്‍, ഒരുകാലത്ത് മലയാളസാഹിത്യത്തിലെ സ്ഥിരം വിഷയമായിരുന്നു, മതത്തിന്റെയും ജാതിയുടെയും അതിര്‍വരമ്പുകള്‍ ലംഘിച്ചുള്ള പ്രണയം. അതൊന്നും ഒരു കുഴപ്പവും ഇവിടെയുണ്ടാക്കിയില്ല. വൈക്കം മുഹമ്മദ് ബഷീറിന്റെ "പ്രേമലേഖനം" എന്ന കഥ അക്കൂട്ടത്തിലൊന്നാണ്. കേശവന്‍നായരുടെയും സാറാമ്മയുടെയും പ്രണയകഥ. കുട്ടികളുണ്ടായാല്‍ അവരെ മതമില്ലാതെ വളര്‍ത്താനാണ് അവര്‍ തീരുമാനിച്ചത്. മതത്തിന്റെ ചുവയില്ലാത്ത ഒരു പേരും അവര്‍ കണ്ടുപിടിച്ചു. "ആകാശമിഠായി". കഥയില്‍ നിന്നിറങ്ങിവന്ന ആകാശമിഠായി, സ്കൂളില്‍ ചേരാന്‍ ചെന്നപ്പോള്‍ കേരളത്തില്‍ മതങ്ങളും സമുദായസംഘടനകളും നടത്തുന്ന സ്കൂളിലൊന്നും പ്രവേശനം ലഭിച്ചില്ല. ഒടുവില്‍ "പൊതുവിദ്യാലയ"ത്തിലാണ് "ആകാശമിഠായി" ചേര്‍ന്നത്. പാഠപുസ്തകങ്ങളില്‍ അച്ചടിക്കുന്ന പാഠങ്ങള്‍ മതമേലധ്യക്ഷന്മാരെ കാണിച്ചുവേണം എന്ന ഗതികേടിലേക്ക് വിരല്‍ചൂണ്ടുന്ന "ആകാശമിഠായി" കെ എസ് വാസുദേവന്റെ രചനയാണ്.

ശാസ്ത്രവും ശാസ്ത്രീയതയും

റോക്കറ്റ് വിക്ഷേപണത്തിനുമുമ്പ് രാഹുകാലം നോക്കുകയും ഗണപതിഹോമം നടത്തുകയുംചെയ്യുന്ന അസംബന്ധത്തെ തുറന്നുകാട്ടുന്ന ആക്ഷേപഹാസ്യമാണ് എം ആര്‍ അനൂപ് എന്ന ബാലസംഘം കൂട്ടുകാരന്‍ രചിച്ച "ശാസ്ത്രം ജയിച്ചു; മനുഷ്യനോ?" എന്ന കൊച്ചുനാടകം. തിരുവനന്തപുരം ശിവപ്രസാദ് സ്മാരക ബാലനാടകവേദിയിലെ കൂട്ടുകാര്‍ രചിച്ച "കുബേര്‍ക്കുടം" ഐശ്വര്യവും സമൃദ്ധിയും തേടി "തങ്കേലസ്സും" "ധനലക്ഷ്മിയന്ത്ര"വും വാങ്ങി ചതിക്കപ്പെടുന്ന മലയാളിയുടെ ദുരന്തത്തെയാണ് ചിത്രീകരിക്കുന്നത്. ശ്രീനാരായണഗുരുവിന്റെയും വി ടി ഭട്ടതിരിപ്പാടിന്റെയും വാഗ്ഭടാനന്ദന്റെയും ചട്ടമ്പിസ്വാമികളുടെയും വക്കം മൗലവിയുടെയും പിന്മുറക്കാര്‍ യുക്തിബോധവും ശാസ്ത്രീയവീക്ഷണവും നഷ്ടപ്പെട്ട് അന്ധവിശ്വാസത്തിലേക്കും അനാചാരങ്ങളിലേക്കും തിരിഞ്ഞുനടക്കുകയാണോ? ശാസ്ത്രം മുന്നേറുമ്പോള്‍ "ശാസ്ത്രീയത" നഷ്ടമാകുന്നതിലേക്കാണ് കുട്ടികളുടെ രചനകള്‍ വിരല്‍ചൂണ്ടുന്നത്.
 
കുട്ടികളുടെ ഉടമസ്ഥരോ രക്ഷിതാക്കളോ?


സ്വന്തം അഭീഷ്ടം സാധിക്കാനുള്ള ഉരുപ്പടികളായി കുട്ടികളെ കാണുന്നുവരുണ്ട്. അവര്‍ യഥാര്‍ഥത്തില്‍ കുട്ടികളുടെ രക്ഷിതാക്കളോ അതോ ഉടമസ്ഥരോ? രക്ഷിതാക്കളെ തൃപ്തിപ്പെടുത്താന്‍ കഴിയാത്തതില്‍ സങ്കടപ്പെടുന്ന ദേവൂട്ടിക്ക് കുഞ്ഞുണ്ണിക്കവിതകള്‍ ഇഷ്ടമാണ്. പൂക്കളെയും പൂമ്പാറ്റകളെയും കിളികളെയും ഇഷ്ടമാണ്. അവള്‍ കഥയെഴുതും കവിത രചിക്കും. പക്ഷേ, അവള്‍ "സ്മാര്‍ട്ടല്ല" എന്നാണ് രക്ഷിതാക്കളുടെ അഭിപ്രായം. തന്റെ രക്ഷിതാക്കളെ തൃപ്തിപ്പെടുത്താന്‍ ദേവൂട്ടി മറ്റൊരു ദേവൂട്ടിയാവാന്‍ ശ്രമിക്കുന്നു. ജീന്‍സും ഷോര്‍ട്ട് ടോപ്പും ധരിച്ച, ആട്ടിന്‍കുട്ടിയെ വിറ്റ് കംപ്യൂട്ടര്‍ വാങ്ങിത്തരണമെന്നാവശ്യപ്പെടുന്ന, അമ്മയോടും കുഞ്ഞേട്ടനോടും പരുഷമായി പെരുമാറുന്ന മറ്റൊരു "സ്മാര്‍ട്ട് ദേവൂട്ടി"! ഒടുവില്‍ അവള്‍ തന്റെ ആദ്യരൂപവും ഭാവവും വീണ്ടെടുക്കുന്നു. കുട്ടികളുടെ വ്യക്തിത്വത്തെയും താല്‍പ്പര്യങ്ങളെയും മാനിക്കാത്ത "സ്നേഹസമ്പന്നരായ" രക്ഷിതാക്കള്‍ക്ക് തുമ്പികള്‍ നല്‍കുന്ന താക്കീതാണ് - "പാഠം ഒന്ന് ദേവൂട്ടി" - രചന: സുനില്‍ കുന്നരു.

ചരിത്രത്തില്‍നിന്ന്

ചരിത്രത്തെ അതിന്റെ ചൂടും ചൂരും ചോരാതെ എങ്ങനെ കുട്ടികളിലെത്തിക്കാം. ഈ അന്വേഷണത്തിന്റെ ഫലമാണ് എല്ലാ വര്‍ഷവും വേനല്‍ത്തുമ്പികള്‍ അവതരിപ്പിക്കാറുള്ള "ഡോക്യു-ഡ്രാമകള്‍". സ്വാതന്ത്ര്യസമരത്തില്‍ നാടാകെ ഇളകിമറിയുമ്പോള്‍, സമകാലീന സംഭവവികാസങ്ങളോട് ചുണയോടെ പ്രതികരിച്ച ചന്ദ്രശേഖര്‍ ആസാദ് എന്ന കുട്ടിയുടെ കഥ അവതരിപ്പിക്കുന്ന ലഘുനാടകമാണ് "ചന്ദ്രശേഖര്‍ ആസാദ്, ഒരു ചരിത്രപാഠം". പ്രൊഫ. പി ഗംഗാധരന്‍ രചിച്ച ഈ നാടകം 15 കൊല്ലം മുമ്പ് തുമ്പികള്‍ അവതരിപ്പിച്ചതാണ്. അതിന്റെ പ്രസക്തമായ പുനരവതരണമാണ് ഇത്തവണ രംഗത്തെത്തുന്നത്. തടവറയ്ക്കുള്ളില്‍ തളംകെട്ടിനിന്ന ചോരയില്‍ വിരല്‍ മുക്കി ജയില്‍ഭിത്തിയില്‍ ചുറ്റികയും അരിവാളും വരച്ച മണ്ടോടി കണ്ണന്റെയും കല്ലാച്ചേരി കുമാരന്‍ എന്ന ബാലസംഘം പ്രവര്‍ത്തകന്റെയും മറ്റ് രക്തസാക്ഷികളുടെയും കഥ പറയുന്നു "ഒഞ്ചിയം- ഒരു രണഗാഥ". രചന ശ്രീജിത് പോയില്‍ക്കാവ്.

കൊശത്തിമുത്തിയും പീലിക്കാക്കയും

ഒരു മുത്തശ്ശിക്കഥയുടെ കാവ്യാത്മകമായ ആവിഷ്കാരമാണ് കൊശത്തിമുത്തി. പെണ്‍ജന്മത്തെ ഭാരമായും ശാപമായും കണക്കാക്കുന്ന സമൂഹത്തിനുമുന്നില്‍ പെണ്‍കുട്ടികളുടെ നന്മകളെ ഉയര്‍ത്തിപ്പിടിക്കുന്ന, പെണ്‍കുഞ്ഞ് പൊന്‍കുഞ്ഞാണെന്ന് സ്ഥാപിക്കുന്ന വിധത്തിലാണ് ഈ നാടോടിക്കഥ ഡി പാണിയിലൂടെ നാടകരൂപം കൈക്കൊള്ളുന്നത്. മറ്റുള്ളവരുടെ കാഴ്ചവസ്തുവാകാന്‍ തന്റേതല്ലാത്ത പീലിയും വച്ചുകെട്ടി അടിമത്തം ചോദിച്ചുവാങ്ങിയ കാക്കയുടെയും കുറുക്കന്റെയും അവരുടെ പൊങ്ങച്ചത്തെ കച്ചവടമാക്കിയ കച്ചവടക്കാരുടെയും കഥപറയുന്ന ആലുംതറ ജി കൃഷ്ണപിള്ളയുടെ രചനയാണ് "പീലിക്കാക്ക".

പരിസ്ഥിതിപാഠങ്ങള്‍

മായ നട്ടുവളര്‍ത്തിയ മരം മായയേക്കാള്‍ വലുതായി. അവള്‍ ആ മരത്തെ സുഹൃത്തായി കരുതി. കിളികളും ശലഭങ്ങളും വിരുന്നുകാരായി. മായയുടെ കൂട്ടുകാരായി. പക്ഷേ, കിളികളെയും തുമ്പികളെയും സ്നേഹിച്ച മായയുടെ പഠനം മോശമാവുന്നതായാണ് മായയുടെ അച്ഛന്‍ കരുതിയത്.കുഞ്ഞുമരം അറ്റുവീഴുന്നു. ബാലസംഘത്തിന്റെ "ഒരുകുട്ടി ഒരുമരം" പരിപാടിയും കേരളസര്‍ക്കാരിന്റെ "എന്റെ മരം" പദ്ധതിയും കഴിഞ്ഞപ്പോള്‍ മരത്തെ സ്നേഹിക്കുന്ന ഒരു തലമുറ വളര്‍ന്നുവരുന്നുണ്ട്. അവരുള്‍ക്കൊണ്ട പാഠം മുതിര്‍ന്നവര്‍ ഉള്‍ക്കൊണ്ടിട്ടില്ല. "മരം കരയുന്നു" എന്ന ലഘുനാടകത്തിലൂടെ മുതിര്‍ന്നവരുടെ ഈ പരിമിതി ചൂണ്ടിക്കാട്ടുകയാണ് ഗോപി കുറ്റിക്കോല്‍. മാലിന്യങ്ങള്‍ സ്വന്തം മതിലിനുവെളിയിലേക്ക് വലിച്ചെറിഞ്ഞ് മിടുക്കരാവുന്നവര്‍ അറിയുന്നില്ല, ദുര്‍ഗന്ധവും ഈച്ചകളും കൊതുകുകളും പകര്‍ച്ചപ്പനികളും മതില്‍ക്കെട്ടുകള്‍ മറികടന്ന് തിരിച്ചുവരുമെന്ന്. ശരാശരി കേരളീയന്റെ സാമൂഹ്യശുചിത്വബോധമില്ലായ്മയെ കൂക്കിവിളിക്കുന്ന മൂര്‍ച്ചയേറിയ പരിഹാസമായാണ് "ഹായ്, നാറ്റം"! എന്ന പ്രഹസനത്തിലൂടെ എ ആര്‍ ചിദംബരം തൊടുത്തുവിടുന്നത്.

തുയിലുണരുന്ന വെട്ടം

ലോകം ആര്‍ത്തിച്ചന്തയാകുമ്പോള്‍, നാം അതിന്റെ ഇരകളാകുമ്പോള്‍, തുയിലുണര്‍ന്നുവരുന്ന വെട്ടമായി വേനല്‍ത്തുമ്പികള്‍ നാടുചുറ്റുകയാണ്. എം വി മോഹനന്റെ "തുയിലുണര്‍ന്നു വരുന്ന വെട്ടം" എന്ന കവിതയാണ് അവതരണ ശില്‍പ്പമായി ഇത്തവണ തുമ്പികള്‍ അവതരിപ്പിക്കുന്നത്. സര്‍ക്കാരിന്റെ അധികാരഗര്‍വിന്റെ ഫലമായി പാത്രത്തിലെ വെള്ളത്തില്‍ വീണുമരിച്ച ശിശുക്ഷേമസമിതിയിലെ "അന്യ" എന്ന അനാഥബാലികയ്ക്കാണ് വേനല്‍ത്തുമ്പികള്‍- 2012 സമര്‍പ്പിച്ചിരിക്കുന്നത്. അധികാരത്തിനുവേണ്ടിയുള്ള ആര്‍ത്തി ചുറ്റും ഇരുട്ടുപരത്തുമ്പോള്‍, മാനംനിറയെ പൂത്തുലയുന്ന വെട്ടമായി വേനല്‍ത്തുമ്പികള്‍ കേരളത്തിന്റെ മുക്കിലും മൂലയിലും പറന്നെത്തുന്നു.

*
ടി കെ നാരായണദാസ് ദേശാഭിമാനി 05 മേയ് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

വിദ്യാഭ്യാസത്തെ സംബന്ധിച്ച നൂതനകാഴ്ചപ്പാടുകളുമായി ബാലസംഘം വേനല്‍ത്തുമ്പികള്‍ ചിറകടിച്ചുപറന്നിറങ്ങുന്നു. "വേനലവധിക്കാലം ഉത്സവകാലം" എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഇത്തവണ വേനല്‍ത്തുമ്പികളെത്തുന്നത്. എല്ലാ വില്ലേജുകളിലും കുട്ടികളുടെ കലാകായികമത്സരങ്ങളുള്‍പ്പെടെയുള്ള ബാലോത്സവങ്ങള്‍ ഒരുക്കുന്നു. ഈ ബാലോത്സവവേദികളിലേക്കാണ് തുമ്പികള്‍ പറന്നിറങ്ങുന്നത്. തുമ്പികള്‍ പരിപാടി അവതരിപ്പിച്ച് പറന്നുപോകും; ബാലോത്സവം തുടരും. ഹരി മുന്നൂകോട് രചിച്ച "പഠനമൊരു ചൂരലും മാഷുമല്ല" എന്ന ഗാനം നൃത്തശില്‍പ്പമായി രംഗാവിഷ്കാരം നേടുന്നു. "മണിയടിക്കുമ്പോള്‍ ഒടുങ്ങുകില്ല, ക്ലാസ് മുറിയില്‍ തളച്ചിട്ട വാക്കുമല്ല". പഠനം സംബന്ധിച്ച പരമ്പരാഗത ധാരണകളെ തള്ളിക്കളയുന്ന രംഗശില്‍പ്പം "പഠനം മനഃപാഠമല്ലെന്ന്" പ്രഖ്യാപിക്കുന്നു. "ഒന്നാമതെത്തുവാനുള്ളതല്ലെന്നും, ഒന്നിച്ച് നില്‍ക്കുവാനുള്ളതാ"ണെന്നും ഓര്‍മപ്പെടുത്തുന്നു. ബാലസംഘത്തിന്റെ വിദ്യാഭ്യാസ കാഴ്ചപ്പാടുകള്‍ മുന്നോട്ടുവയ്ക്കുന്ന നിരവധി പരിപാടികള്‍ ഇത്തവണ തുമ്പികള്‍ അവതരിപ്പിക്കുന്നുണ്ട്.