Monday, June 11, 2012

ഒരു ചലച്ചിത്ര മേളയുടെ ഓര്‍മകള്‍

കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ അറുപത്തിയാറാമത് പതിപ്പ് മേയ് 28ന് അവസാനിച്ചു. സിനിമയുടെ ഭാവപരവും രൂപപരവുമായ വികാസത്തിന് ഇടം നല്‍കിയ ഫെസ്റ്റിവലാണിത്. സത്യജിത്ത് റേയുടെയും ആന്ദ്രേ വാധ്ജയുടെയും അകിരോ കുറോസോവയുടെയും മറ്റും ചലച്ചിത്ര പ്രതിഭയെ ലോകത്തിനുമുമ്പില്‍ അവതരിപ്പിച്ച മേള. ഈ വര്‍ഷം പ്രതീക്ഷിച്ചതുപോലെ മൈക്കല്‍ ഹാനെക്കിന്റെ അമൂറിനാണ് ഗോള്‍ഡന്‍ പാം പുരസ്കാരം ലഭിച്ചത്. അതില്‍ സന്തോഷം തോന്നി. ഹാനെക്കിനെ ഇഷ്ടപ്പെടുന്നതു കൊണ്ടോ ആ ഫിലിമിന്റെ പ്രമേയം കൊണ്ടോ മാത്രമല്ല ആഹ്ലാദം തോന്നിയത്. ഹാനെക്ക് ഓസ്ട്രിയക്കാരനാണെങ്കിലും അമൂറിലെ നായികാ നായകന്മാരായി അഭിനയിച്ചത് രണ്ട് ഫ്രഞ്ച് അഭിനേതാക്കളായ എമ്മാനുവല്‍ റിവയും ഴാന്‍ ലൂയി ത്രേന്‍ത്തിഞ്ഞ്യാനുമാണ്. അവരെ അറുപതുകളുടെയും എഴുപതുകളുടെയും ചലച്ചിത്രാനുഭവങ്ങളില്‍നിന്ന് മാറ്റിനിര്‍ത്താന്‍ കഴിയുകയില്ല. എന്റെ യൗവനകാലത്തിന്റെ വൈന്‍ ലഹരിയായിരുന്നു അവര്‍. ഇപ്പോള്‍ എമ്മാനുവല്‍ റിവയ്ക്ക് എണ്‍പത്തിയഞ്ച് വയസായി. ഴാന്‍ ലൂയി ത്രേന്‍ത്തിഞ്ഞ്യാന് എണ്‍പത്തിയൊന്നും. അവര്‍ എന്നെ പഴയകാലത്തേയ്ക്കും അതിന്റെ ഗൃഹാതുരത്വത്തിലേയ്ക്കും കൂട്ടിക്കൊണ്ടുപോകുന്നു.

ഗൃഹാതുരത്വവും സെന്‍റിമെന്റലിസവും ഇപ്പോള്‍ ആരും ഇഷ്ടപ്പെടുന്നില്ല. പുരസ്കാരം പ്രഖ്യാപിച്ചതിനുശേഷം അമൂറിനെ (സ്നേഹം)ക്കുറിച്ചുള്ള ചലച്ചിത്രപ്രേമികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുമ്പോള്‍ ഹാനെക്ക് പറഞ്ഞത്, "നോ സെന്റിമെന്റലിസം പ്ലീസ്" എന്നാണ്. മൈക്കല്‍ ഹാനെക്ക് ഉള്‍പ്പെടെയുള്ള സകലരും ഇപ്പോള്‍ പറയുന്നത് കലയിലും സാഹിത്യത്തിലും ഗൃഹാതുരത്വം വേണ്ടെന്നാണ്. പക്ഷേ എനിക്ക് വേണം. എനിക്ക് എഴുത്ത് താരാട്ടുപാടി ഉണര്‍ത്തുന്ന ഓര്‍മകളാണ്. എമ്മാനുല്‍ റിവയും ഴാന്‍ ലൂയി ത്രേന്‍ത്തിഞ്ഞ്യാനും എന്നില്‍ ഒരുപാട് ഓര്‍മകള്‍ ഉണര്‍ത്തുന്നു. അവര്‍ എന്റെ ചലച്ചിത്ര ഗൃഹാതുരത്വത്തിലെ പട്ടുനൂലുകളാണ്. ഡല്‍ഹിയില്‍ ജീവിച്ചിരുന്ന കാലത്ത് ധാരാളം വിദേശ സിനിമകള്‍ കണ്ടിരുന്നല്ലോ. അതിനുള്ള സൗകര്യങ്ങള്‍ അവിടെ ഉണ്ടായിരുന്നു. അമേരിക്കയുടെയും ജപ്പാന്റെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും എംബസികളില്‍ പതിവായി പുതിയ പടങ്ങള്‍ കാണിക്കുമായിരുന്നു. അതിനുപുറമെ പൂര്‍വ യൂറോപ്പിലെ പോളണ്ടും ചെക്കോസ്ലോവാക്യയും പോലുള്ള ചെറിയ നാടുകളുടെ എംബസികളിലും ഒന്നാന്തരം സിനിമകള്‍ പ്രദര്‍ശിപ്പിക്കാറുണ്ടായിരുന്നു. പക്ഷേ അവാം ഗാര്‍ദ് സിനിമകള്‍ കാണുവാന്‍ ഫ്രഞ്ച് എംബസിയില്‍ തന്നെ പോകണമായിരുന്നു. അതിമാനുഷനായ അമിതാഭ് ബച്ചന്റെ "കൂലി" പോലുള്ള പടങ്ങളില്‍ കുടുങ്ങിപ്പോകുമായിരുന്ന എന്റെ ചലച്ചിത്ര ഭാവുകത്വത്തെ നവീകരിക്കാന്‍ സഹായിച്ചത്

സത്യജിത്ത് റേയുടെയും അടൂരിന്റെയും സിനിമകളും ഡല്‍ഹിയില്‍വച്ചു കണ്ട വിദേശ ചലച്ചിത്രങ്ങളുമായിരുന്നു. ഓഫീസില്‍ ഒരു വലിയ ഫിലിം ലൈബ്രറിയുണ്ടായിരുന്നു. പുതിയ ഫിലിമുകള്‍ മാസംതോറും ഡിപ്ലോമാറ്റിക് ബേഗുകളില്‍ കടല്‍ കടന്നുവരും. ത്ര്യൂഫോയുടെയും ഗോദാറിന്റെയും റെനേയുടെയും റോബ് ഗ്രിയയുടെയും മറ്റും പുതിയ പടങ്ങള്‍ വരുമ്പോള്‍ ആവേശമായിരിക്കും. ഔറംഗ്സീബ് റോഡിലെ ഓഫീസ് ഓഡിറ്റോറിയത്തില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കായി ഈ പടങ്ങള്‍ പ്രദര്‍ശിപ്പിക്കും. (പലരും അവിടെ വന്നത് നവതരംഗ സിനിമകള്‍ കാണുവാനായിരുന്നില്ല. ഇത്തിരി വീശാനായിരുന്നു).

ആ കാലത്ത് കേരളത്തില്‍ നിന്നുള്ള ചലച്ചിത്രകാരന്മാരില്‍ പലരും ഡല്‍ഹിയില്‍ വരുമ്പോള്‍ ഞങ്ങളുടെ ഓഫീസിലും വരുമായിരുന്നു. അടൂര്‍ ഗോപാലകൃഷ്ണനെ ഞാന്‍ ആദ്യമായി കണ്ട് പരിചയപ്പെട്ടത് അവിടെ വച്ചാണ്. അരവിന്ദനും ജോണ്‍ എബ്രഹാമും പതിവായി വരാറുണ്ടായിരുന്നു. രാമു കാര്യാട്ടും വന്നു. എനിക്ക് ഡല്‍ഹിയിലെ ഓഫീസ് നവതരംഗ സിനിമകള്‍ കാണുവാനുള്ള അവസരങ്ങള്‍ മാത്രമല്ല തന്നത്; മലയാളത്തിലെ പ്രതിഭാധനരായ ചലച്ചിത്ര സംവിധായകരെ കാണുവാനും പരിചയപ്പെടുവാനുമുള്ള സന്ദര്‍ഭങ്ങളും അവിടെ നിന്നു ലഭിച്ചു. അങ്ങനെയാണ് എന്റെ എളിയ ചലച്ചിത്ര സംസ്കാരം രൂപപ്പെട്ടുവന്നത്. എഴുപതുകളില്‍ സ്വന്തം രചനകളില്‍ ഒരു പുതിയ ഭാഷ വികസിപ്പിച്ചെടുക്കുവാന്‍ ഞാന്‍ ശ്രമിച്ചിരുന്നുവല്ലോ. അതിനു പെയിന്റിങ്ങുകള്‍ മാത്രമല്ല, നവതരംഗ സിനിമകളും ഒരുപാട് സഹായിച്ചിരുന്നു. പ്രത്യേകിച്ച് റോബ് ഗ്രിയയുടെയും അലന്‍ റെനേയുടെയും പടങ്ങള്‍. കലയിലും സാഹിത്യത്തിനും സിനിമയിലുമെല്ലാം കാല്‍പ്പനികത മാനവികതയിലൂന്നിയ വലിയ ആശയങ്ങളുടെ ഒന്നിച്ചു സഞ്ചരിച്ച കാലമായിരുന്നു അത്. ചെ ഗുവേരയും ഹിരോഷിമ മൈ ലവ് പോലുള്ള ചലച്ചിത്രങ്ങളും ഉദാഹരണം. മാവോവിന്റെ ലിറ്റില്‍ റെഡ് ബുക്ക് ബ്രായ്ക്കുള്ളില്‍ കൊണ്ടുനടന്ന പെണ്‍കുട്ടികള്‍ അന്ന് ഡല്‍ഹിയിലെ സര്‍വകലാശാല ക്യാമ്പസുകളിലുണ്ടായിരുന്നു. ഇഴപിരിച്ചാലും പിരിച്ചാലും തീരാത്ത അസ്തിത്വവാദത്തിന്റെ പ്രണേതാവായ സാര്‍ത്രിന്റെ ഭാഷയ്ക്കുപോലും കാല്‍പ്പനിക സ്പര്‍ശമുണ്ടായിരുന്നു. സാര്‍ത്ര്, സിമോന്‍ ദ് ബൂവ്വാറിനു എഴുതിയ കത്തുകളില്‍ അത് കാണാം. പില്‍ക്കാലം കോഹേബിറ്റേഷന്‍ എന്നറിയപ്പെട്ട വിവാഹം ചെയ്യാതെ ഒന്നിച്ചു താമസിക്കുന്ന രീതി അവരാണ് തുടങ്ങിവച്ചത്. വ്യവസ്ഥാപിതപരതയുടെ നെഞ്ചില്‍ കുത്തിത്താഴ്ത്തിയ കത്തിയായിരുന്നു അത്. പ്രണയത്തിന്റെ സ്ഥാനത്ത് അവര്‍ രതിയെ പ്രതിഷ്ഠിച്ചെങ്കിലും അവരറിയാതെ അവരുടെ ഭാഷയില്‍ കാല്‍പ്പനികത ഒരു കള്ളത്തിയെപോലെ കയറി ഒളിച്ചിരുന്നു. ഷെനേയാണെങ്കിലോ? മിറക്ക്ള്‍ ഓഫ് ദ് റോസില്‍ പെണ്‍കാല്‍പ്പനികതയില്ലെങ്കിലും ആണ്‍കാല്‍പ്പനികത ഇഷ്ടംപോലെ ഉണ്ടായിരുന്നു. ദീര്‍ഘകാലം എന്നെ അസ്വസ്ഥനാക്കിയ ഒരു സിനിമയാണ് ഹിരോഷിമ മൈ ലവ്. അലന്‍ റെനേ, ഒരു വലിയ ചരിത്ര ദുരന്തത്തിന് പുതിയൊരു ചലച്ചിത്രഭാഷ്യം നല്‍കുകയാണ് ചെയ്തത്. 1945 ആഗസ്തിലാണ് ഹിരോഷിമയില്‍ അണുബോംബ് വീണത്. പതിമൂന്നു വര്‍ഷങ്ങള്‍ക്കുശേഷം 1958 സെപ്തംബറിലാണ് അലന്‍ റെനേയുടെ ഹിരോഷിമ മൈ ലവ് തിയേറ്ററില്‍ എത്തുന്നത്. എന്താണാവോ പ്രതികരിക്കാന്‍ ഇത്ര വൈകിയത്. കേരളത്തില്‍ ജീവിക്കാത്തതുകൊണ്ടായിരിക്കാം. ആവര്‍ത്തിച്ചു കണ്ടതിനാല്‍ ഹിരോഷിമ മൈ ലവിലെ ഓരോ ഫ്രെയിമുകളും അക്കാലത്ത് മനഃപാഠമായിരുന്നു.

സിനിമാനടികളെ ആരാധിക്കുന്ന സ്വഭാവം ഇല്ലാത്ത ഞാന്‍ അറിയാതെ എമ്മാനുവല്‍ റിവയെ ആരാധിച്ചു പോകുകയുണ്ടായി. സിനിമാ നടന്മാരെ ആരാധിക്കുന്ന സ്വഭാവവും ഇല്ലായിരുന്നു. പക്ഷേ കോസ്റ്റ ഗവ്രാസിന്റെ ഭഭദ"" കണ്ടതിനുശേഷം ഴാന്‍ ലൂയി ത്രേന്‍ത്തിഞ്ഞ്യാനെ ആരാധിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ഉറക്കം കെടുത്തുന്ന ചലച്ചിത്രമായിരുന്നു ഭഭദ"". എന്റെ യൗവനകാലത്തെ ചലച്ചിത്രാനുഭവങ്ങളിലെ രണ്ടു നിറസാന്നിധ്യങ്ങളായിരുന്നു എമ്മാനുവല്‍ റിവയും ഴാന്‍ ലൂയി ത്രേന്‍ത്തിഞ്ഞ്യാനും. മൈക്കല്‍ ഹാനെക്കിന്റെ അമൂര്‍ കാണുവാന്‍ ഇനിയും കുറേ കാത്തിരിക്കേണ്ടിവരും. എങ്കിലും ചില ദൃശ്യങ്ങള്‍ ഒരു ഫ്രഞ്ച് ടി വി ചാനലില്‍ കാണുവാനിടയായി. പാരീസിലെ ഒരു അപ്പാര്‍ട്ടുമെന്റില്‍ തനിയെ ജീവിക്കുന്ന ഒരു വൃദ്ധദമ്പതികളുടെ കരളലിയിക്കുന്ന കഥയാണത്. വാര്‍ധക്യത്തിന്റെ ഒറ്റപ്പെടലും നിസ്സഹായതയും അതില്‍ നിറഞ്ഞുനില്‍ക്കുന്നു. പണ്ട് സിനിമയെ സ്നേഹിക്കുന്ന ലോകത്തിലെ എണ്ണമറ്റ ആണ്‍ഹൃദയങ്ങളെ ആര്‍ദ്രമാക്കിയ എമ്മാനുവല്‍ റിവ ഇപ്പോള്‍ എണ്‍പത്തിയഞ്ച് തികഞ്ഞ വൃദ്ധയാണ്. ഞാനും എഴുപതിലേക്കു കടക്കുകയാണ്. കാലം കടന്നുപോയത് അറിഞ്ഞില്ല...

ലോകം ആദരിക്കുന്ന വയോധികനായ മൈക്കല്‍ ഹാനെക്ക് സംവിധാനം ചെയ്ത ചലച്ചിത്രം. എക്കാലത്തെയും വലിയ രണ്ട് അഭിനേതാക്കള്‍ അഭിനയിച്ച സിനിമ. ആധുനിക കാലത്തിന്റെ ആധിയായ വാര്‍ധക്യം പ്രമേയമാക്കിയ ചലച്ചിത്രം. അതാണല്ലോ അമൂര്‍. പക്ഷേ ഡല്‍ഹിയിലെ മാധ്യമങ്ങള്‍ക്ക് അതിനെക്കുറിച്ച് ഒന്നും പറയാനില്ലായിരുന്നു. ഞാന്‍ നാലു പതിറ്റാണ്ടുകളിലേറെയായി വായിക്കുന്ന ഇംഗ്ലീഷ് പത്രം കാന്‍ ഫെസ്റ്റിവലിനെ കുറിച്ചുള്ള വാര്‍ത്തകളും ചിത്രങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. പക്ഷേ അവര്‍ ചര്‍ച്ച ചെയ്തത് ഐശ്വര്യ റായ് കാന്‍ ഫെസ്റ്റിവലില്‍ പോകുമ്പോള്‍ ധരിച്ച റോബര്‍ട്ടോ കാവല്ലി ഡിസൈന്‍ ചെയ്ത പച്ചയും നീലയും ഇടലകര്‍ന്ന ഗൗണിനെക്കുറിച്ചും അവര്‍ കാലിലിട്ട ഗിസപ്പ് സനോറ്റി രൂപകല്‍പ്പന ചെയ്ത ചെരുപ്പിനെക്കുറിച്ചുമായിരുന്നു. വിശ്വപ്രശസ്തരായ ഇറ്റാലിയന്‍ ഡിസൈനര്‍മാര്‍ അണിയിച്ചൊരുക്കിയ ഐശ്വര്യറായ് പ്രസവാനന്തരം കൂടുതല്‍ സുന്ദരിയായി മാറിയിരിക്കുന്നു എന്നും പത്രം എഴുതി. ആര്‍ക്കുവേണം മൈക്കല്‍ ഹാനെക്കിന്റെ സിനിമ? നമുക്കു വേണ്ടത് പ്രസവിച്ച് തെളിഞ്ഞ ഐശ്വര്യാ റായിയുടെ സ്ത്രൈണക്കാഴ്ചകളാണ്.

*
എം മുകുന്ദന്‍ ദേശാഭിമാനി വാരിക 09 ജൂണ്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ അറുപത്തിയാറാമത് പതിപ്പ് മേയ് 28ന് അവസാനിച്ചു. സിനിമയുടെ ഭാവപരവും രൂപപരവുമായ വികാസത്തിന് ഇടം നല്‍കിയ ഫെസ്റ്റിവലാണിത്. സത്യജിത്ത് റേയുടെയും ആന്ദ്രേ വാധ്ജയുടെയും അകിരോ കുറോസോവയുടെയും മറ്റും ചലച്ചിത്ര പ്രതിഭയെ ലോകത്തിനുമുമ്പില്‍ അവതരിപ്പിച്ച മേള. ഈ വര്‍ഷം പ്രതീക്ഷിച്ചതുപോലെ മൈക്കല്‍ ഹാനെക്കിന്റെ അമൂറിനാണ് ഗോള്‍ഡന്‍ പാം പുരസ്കാരം ലഭിച്ചത്. അതില്‍ സന്തോഷം തോന്നി. ഹാനെക്കിനെ ഇഷ്ടപ്പെടുന്നതു കൊണ്ടോ ആ ഫിലിമിന്റെ പ്രമേയം കൊണ്ടോ മാത്രമല്ല ആഹ്ലാദം തോന്നിയത്. ഹാനെക്ക് ഓസ്ട്രിയക്കാരനാണെങ്കിലും അമൂറിലെ നായികാ നായകന്മാരായി അഭിനയിച്ചത് രണ്ട് ഫ്രഞ്ച് അഭിനേതാക്കളായ എമ്മാനുവല്‍ റിവയും ഴാന്‍ ലൂയി ത്രേന്‍ത്തിഞ്ഞ്യാനുമാണ്. അവരെ അറുപതുകളുടെയും എഴുപതുകളുടെയും ചലച്ചിത്രാനുഭവങ്ങളില്‍നിന്ന് മാറ്റിനിര്‍ത്താന്‍ കഴിയുകയില്ല. എന്റെ യൗവനകാലത്തിന്റെ വൈന്‍ ലഹരിയായിരുന്നു അവര്‍. ഇപ്പോള്‍ എമ്മാനുവല്‍ റിവയ്ക്ക് എണ്‍പത്തിയഞ്ച് വയസായി. ഴാന്‍ ലൂയി ത്രേന്‍ത്തിഞ്ഞ്യാന് എണ്‍പത്തിയൊന്നും. അവര്‍ എന്നെ പഴയകാലത്തേയ്ക്കും അതിന്റെ ഗൃഹാതുരത്വത്തിലേയ്ക്കും കൂട്ടിക്കൊണ്ടുപോകുന്നു.