Monday, June 18, 2012

നെന്മേലിയുടെ കമ്പി

കേരളത്തിലെ കമ്യൂണിസ്റ്റ് പത്രലേഖകരുടെ ഒന്നാം തലമുറയില്‍പ്പെട്ട ജി എം നെന്മേലി മരിച്ചിട്ട് 18 കൊല്ലം കഴിഞ്ഞു. 1993 ഡിസംബറിലായിരുന്നു വിയോഗം. 29 കൊല്ലത്തിനിടയില്‍, 14 പത്രങ്ങള്‍ക്കുവേണ്ടി അദ്ദേഹം വാര്‍ത്തകള്‍ എഴുതി. 1936ല്‍ എറണാകുളത്തെ "ദീപ"ത്തില്‍ തുടങ്ങി 1965ല്‍ മദ്രാസിലെ "സോവിയറ്റ് നാടി"ല്‍ അവസാനിച്ച കര്‍മകാണ്ഡം. ഗോമതി, കേരളം, മാതൃഭൂമി, ദേശാഭിമാനി, പ്രഭാതം (കൊല്ലം), ഇന്ത്യന്‍ എക്സ്പ്രസ്, ഇന്ത്യന്‍ തിങ്കര്‍, പൗരപ്രഭ, റിപ്പബ്ലിക്ക്, നവലോകം, നവജീവന്‍, നവയുഗം, ജനയുഗം ഇവയാണ് മറ്റു പത്രങ്ങള്‍. പത്രപ്രവര്‍ത്തക യൂണിയന്റെ ആദ്യകാല നേതാക്കളില്‍ ഒരാളുമാണ്. കാലത്തിന്റെ നാഴികക്കല്ലുകളായി മാറിയ സംഭവങ്ങളും സമരങ്ങളും ഏറെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നാടിനെ പിടിച്ചുലച്ച ഏഴ് സ്കൂപ്പുകളും ആ പേനയിലൂടെ പുറത്തുവന്നു.

ലേഖകന്റെ പേരുവച്ചു വാര്‍ത്ത പ്രസിദ്ധീകരിക്കുക അഥവാ "ബൈലൈന്‍" നല്‍കുക എന്ന ബഹുമതിക്ക് അര്‍ഹനായ ആദ്യ മലയാളി പത്രലേഖകരില്‍ നെന്മേലിയുമുണ്ട്. "നെന്മേലിയുടെ കമ്പി" എന്നായിരുന്നു ആ പ്രയോഗം. സ്വാതന്ത്ര്യസമര ഭടനും കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകനുമെന്ന നിലയില്‍ അനുഭവിച്ച ജയില്‍വാസവും ഒളിവുജീവിതവുംകൊണ്ട് ഉലഞ്ഞുപോയ കുടുംബജീവിതമായിരുന്നു നെന്മേലി ഗോപാലമേനോന്റേത്. പത്രപ്രവര്‍ത്തനത്തില്‍ പ്രശസ്തിയുടെ ഉച്ചിയില്‍ വച്ച് ചതിക്കിരയായി രംഗം വിടേണ്ടി വന്നയാളാണ് അദ്ദേഹം.

കൊച്ചി കോവിലകം കച്ചേരി ഗുമസ്തന്‍ തൃപ്പൂണിത്തുറ കണ്ണന്‍കുളങ്ങര വടക്കെക്കൊളത്തൂര്‍ രാമന്‍ മേനോന്റെയും പൂണിത്തുറയിലെ നെന്മേലി വീട്ടില്‍ മീനാക്ഷിയമ്മയുടെയും മകനായി 1916ല്‍ ജനിച്ചു. എ കെ ജിയുടെ നേതൃത്വത്തില്‍ നടന്ന ഗുരുവായൂര്‍ സത്യഗ്രഹ വാഹനപ്രചാരണ ജാഥയാണ് അദ്ദേഹത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകനാക്കിയത്. സ്കൂള്‍ ഫൈനല്‍ പാസായശേഷം "മാതൃഭൂമി"യുടെ പ്രാദേശിക ലേഖകനായി. ആദ്യത്തെ പ്രധാന വാര്‍ത്ത "ഗാന്ധിജിയുടെ വൈക്കം സന്ദര്‍ശനം" എന്ന തലക്കെട്ടിലുള്ളതായിരുന്നു. അടുത്ത കൊല്ലം നെന്മേലി എറണാകുളം ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിയും അവിടത്തെ "മാതൃഭൂമി" ലേഖകനുമായി. ചൊവ്വര പരമേശ്വരനാണ് ബ്യൂറോ ചീഫ്. ക്വിറ്റ് ഇന്ത്യ സമരത്തോടനുബന്ധിച്ച് ചൊവ്വരയെ അറസ്റ്റ് ചെയ്തു. പിറകെ നെന്മേലിയേയും പിടികൂടി വിയ്യൂര്‍ ജയിലിലടച്ചു. ഒരു കൊല്ലം നീണ്ടു തടവ്. സി അച്യുതമേനോന്റെ കൂടെയാണ് പാര്‍പ്പിച്ചത്. ജയില്‍ വിടുമ്പോഴേയ്ക്കും നെന്മേലി കമ്യൂണിസ്റ്റ് ആശയക്കാരനായി മാറിയിരുന്നു. പിന്നെ "മാതൃഭൂമി"യിലേക്കു പോയില്ല; കമ്യൂണിസ്റ്റ് പാര്‍ടിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി. ആഴ്ചപ്പത്രമായി തുടങ്ങിയ "ദേശാഭിമാനി"യുമായും നെന്മേലി സഹകരിച്ചു.

ഓങ്ങല്ലൂരില്‍ നടന്ന നമ്പൂതിരി യോഗക്ഷേമസഭാ വാര്‍ഷികത്തില്‍ ഇ എം എസ് ചെയ്ത പ്രസംഗം ("നമ്പൂതിരിയെ മനുഷ്യനാക്കാന്‍") റിപ്പോര്‍ട്ട് ചെയ്തത് നെന്മേലിയാണ്. 1946ല്‍ ദേശാഭിമാനി ദിനപത്രമായി. തുടക്കം തൊട്ടേ സഞ്ചാരലേഖകനായി നെന്മേലി. ലേഖകന്റെ ആസ്ഥാനം എറണാകുളം പട്ടണത്തിലെ വാരിയം റോഡിലുള്ള കമ്യൂണിസ്റ്റ് പാര്‍ടി ഓഫീസാണ്. 50 രൂപയാണ് ശമ്പളം. അടിയന്തര വാര്‍ത്തകള്‍ കോഴിക്കോട്ടെ ദേശാഭിമാനി ഓഫീസിലേക്കു കമ്പിയടിക്കും. "നെന്മേലിയുടെ കമ്പി" എന്നു ചേര്‍ത്താണ് അവ പ്രസിദ്ധീകരിക്കാറ്. (നിഖില്‍ ചക്രവര്‍ത്തി, എ എസ് ആര്‍ ചാരി മുതലായ ലേഖകര്‍ക്കും ദേശാഭിമാനി ഈ ബഹുമതി നല്‍കിയിരുന്നു). ആന്ധ്രയിലെ ഗുണ്ടൂരില്‍ നടന്ന, അഖിലേന്ത്യാ വിദ്യാര്‍ഥി ഫെഡറേഷന്റെ ഒന്‍പതാം സമ്മേളനത്തെക്കുറിച്ചുള്ളതാണെന്നു തോന്നുന്നു, ദേശാഭിമാനിയില്‍ നെന്മേലിയുടെതായി വന്ന ആദ്യത്തെ പ്രധാന റിപ്പോര്‍ട്ട്. ദിനപത്രമായതിന്റെ നാലാംനാള്‍ 1946 ജനുവരി 22ന്റെ ലക്കത്തില്‍ അത് ഇങ്ങനെ കാണാം: ""അഖിലേന്ത്യാ വിദ്യാര്‍ഥി സമ്മേളനത്തില്‍ വിദ്യാര്‍ഥികളുടെ മൗലികാവകാശങ്ങള്‍ രണ്ടായിരം പ്രതിനിധികള്‍ കൂടിയാലോചിക്കുന്നു"" എന്നാണ് മൂന്ന് കോളം തലക്കെട്ട്. താഴെ ബ്രാക്കറ്റില്‍ "ജി എം നെന്മേലി, പ്രത്യേക ലേഖകന്‍" എന്നുമുണ്ട്. വാര്‍ത്തയില്‍നിന്ന്: ""ഗുണ്ടൂര്‍, ജനുവരി 20 - അഖിലേന്ത്യാ വിദ്യാര്‍ഥി ഫെഡറേഷന്റെ ഒമ്പതാമത്തെ സമ്മേളനം വെള്ളിയാഴ്ച വൈകുന്നേരം ഗുണ്ടൂര്‍ രാമേശ്വര നഗരിയില്‍ വെച്ച് ആരംഭിച്ചു. കല്‍ക്കത്ത സര്‍വകലാശാലയിലെ പ്രഫസറായ കെ പി ചതോപാധ്യായയാണ് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത്. പ്രധാന പ്രമേയം വിദ്യാര്‍ഥികളുടെ മൗലികാവകാശങ്ങളെ സംബന്ധിച്ചുള്ള ഒരു പ്രഖ്യാപനമായിരുന്നു. വിദ്യാര്‍ഥികളില്‍ ദേശീയബോധവും ജനാധിപത്യസ്വഭാവവും വളര്‍ത്തത്തക്ക വിധത്തില്‍ ഇന്നത്തെ പാഠ്യവിഷയങ്ങളേയും പാഠ്യക്രമത്തേയും അങ്ങനെത്തന്നെ മാറ്റണമെന്നും ഭാവി ഭാരതത്തിന്റെ സാമൂഹ്യഘടനയും സാമ്പത്തിക വ്യവസ്ഥയും സൃഷ്ടിക്കാന്‍ വിദ്യാര്‍ഥികള്‍ക്കു സാധിക്കുമാറാകുംവിധം അവര്‍ക്ക് വിജ്ഞാനം നല്‍കണമെന്നും പ്രഖ്യാപനം ആവശ്യപ്പെടുന്നു. തിരുവിതാംകൂര്‍ സര്‍വകലാശാലയെ ഒരു കേരള സര്‍വകലാശാലയായി മാറ്റണമെന്ന ഒരു ഭേദഗതി, അതിനു കേരളത്തില്‍നിന്നു വന്നിട്ടുള്ള പ്രതിനിധികളുടെ നേതാവായ എ കെ തമ്പി അവതരിപ്പിച്ചു. സമ്മേളനം അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തില്‍ ഉടനെ ഇന്ത്യക്ക് പൂര്‍ണസ്വാതന്ത്ര്യം ആവശ്യപ്പെട്ടിട്ടുണ്ട്. സമ്മേളനം ഞായറാഴ്ച കൂടിയുണ്ട്"". തിരുവിതാംകൂറില്‍ ദിവാന്‍ സര്‍ സി പി രാമസ്വാമി അയ്യര്‍ കുപ്രസിദ്ധ "അമേരിക്കന്‍ മോഡല്‍" ഭരണപരിഷ്കാരം പ്രഖ്യാപിച്ചതിന്റെ നാലാംനാളാണ് ദേശാഭിമാനി ദിനപത്രം പിറന്നുവീണത്. ഒമ്പതു മാസം കഴിഞ്ഞപ്പോഴാണ് പുന്നപ്ര-വയലാര്‍ സമരം. പത്രം നേരിട്ട ആദ്യ "യുദ്ധം". എറണാകുളം കേന്ദ്രീകരിച്ചും ചേര്‍ത്തലയില്‍ ഒളിച്ചുകടന്നും നെന്മേലി ശേഖരിച്ചയച്ച, ബൈലൈന്‍ നല്‍കപ്പെട്ട, വാര്‍ത്തകളൊന്നും കണ്ടുകിട്ടിയിട്ടില്ല. (കേരള പ്രസ് അക്കാദമി 2002-ല്‍ പ്രസിദ്ധീകരിച്ച "നെന്മേലിയുടെ കമ്പി" എന്ന പുസ്തകത്തിനുവേണ്ടി അദ്ദേഹത്തിന്റെ മകന്‍, പരേതനായ കെ കെ മോഹനന്‍ വിപുലമായ അന്വേഷണമാണ് നടത്തിയത്. ഞാനും പങ്കാളിയായിരുന്നു അതില്‍). മരിക്കുന്നതിന് ഏതാനും മാസങ്ങള്‍ക്കുമുമ്പാണ് ജി എം നെന്മേലിയെ ഈ ലേഖകന്‍ അവസാനമായി കണ്ടത്; മോഹനന്റെ പൂണിത്തുറയിലെ വീട്ടില്‍വച്ച്. മണിക്കൂറുകളോളം സംസാരിച്ചു. (അതിനു രണ്ടുകൊല്ലം മുമ്പുവരെ എന്റെ ചുമതലയില്‍ പ്രസിദ്ധീകരിച്ചിരുന്ന "ഉപരോധം" മാസികയില്‍ അദ്ദേഹം പതിവായി എഴുതിയിരുന്നു). മൂന്നു പതിറ്റാണ്ടോളം നീണ്ട പത്രപ്രവര്‍ത്തനാനുഭവങ്ങളാണ് അദ്ദേഹം തുറന്നുവച്ചത്. (ആ അഭിമുഖം മുന്‍നിര്‍ത്തി ഞാന്‍ എഴുതിയ ലേഖനം 19-12-1993-ന്റെ ദേശാഭിമാനി വാരാന്തപ്പതിപ്പിലാണ് വന്നത്).

ഇന്നത്തെ പത്രപ്രവര്‍ത്തകരുടേതുമായി ഒത്തുനോക്കുമ്പോള്‍ മാത്രമല്ല, എക്കാലത്തും അനുപമമാണ് നെന്മേലിയുടെ സ്ഥാനം. വ്യക്തിജീവിതവും തൊഴിലും രണ്ടല്ലായിരുന്നു അദ്ദേഹത്തിന്. പത്ര-പാര്‍ടി പ്രവര്‍ത്തനങ്ങള്‍ക്കായി കുടുംബസൗഖ്യംവരെ അവഗണിച്ച ത്യാഗിയാണ്. കൊടുങ്ങല്ലൂര്‍ കാട്ടില്‍ക്കളപ്പുരപ്പറമ്പില്‍ ലീലയാണ് ഭാര്യ: സരള. മക്കള്‍: ലതിക, മോഹനന്‍, ജയന്‍. സാഹസിക കൃത്യങ്ങള്‍ക്ക് വെമ്പിയിരുന്ന പത്രപ്രവര്‍ത്തകനാണ് നെന്മേലി. സ്വജീവന്‍ പണയപ്പെടുത്തിയും വാര്‍ത്ത കണ്ടെത്താനിറങ്ങിയിരുന്നു അദ്ദേഹം. അതിനായി ഏതു വേഷം കെട്ടാനും ഏതു വഴിയിലൂടെ പോകാനും മടിയില്ലായിരുന്നു. ഭീകരനായ സര്‍ സിപിയുടെ കിങ്കരന്മാരെ പറ്റിച്ച സംഭവങ്ങള്‍ വിവരിച്ചപ്പോള്‍ ഒരു ബാലനെപ്പോലെ ആഹ്ലാദഭരിതനായിരുന്നു അദ്ദേഹം. പുന്നപ്ര-വയലാര്‍ സമരകാലത്തും തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ നാഗര്‍കോവില്‍ സമ്മേളനഘട്ടത്തിലുമാണ് ആ സാഹസികനെ വായനക്കാര്‍ ശരിക്കുമറിഞ്ഞത്. പുന്നപ്ര-വയലാര്‍ സമരകാലം. മട്ടാഞ്ചേരിയിലെ രാമചന്ദ്രന്‍ എന്ന വിദ്യാര്‍ഥി നിത്യവും അവിടെപ്പോയി ശേഖരിച്ചെത്തിക്കുന്ന വിവരങ്ങളില്‍നിന്നുള്ള വാര്‍ത്തകളാണ് നെന്മേലി ദേശാഭിമാനിക്ക് അയച്ചിരുന്നത്.

സമരഭൂമി നേരിട്ടു കാണണമെന്ന ആഗ്രഹം അടക്കാനാവാതായപ്പോള്‍ ഒരു ദിവസം ഇറങ്ങിപ്പുറപ്പെട്ടു. നിരോധനവും പൊലീസ് തേര്‍വാഴ്ചയുമാണ് എവിടെയും. തനിരൂപത്തില്‍ പോകാനാവില്ല. തൊപ്പിവച്ച ഒരു നാടന്‍ മുസ്ലിമിന്റെ വേഷമിട്ടു. എറണാകുളത്തുനിന്നു ബോട്ടില്‍ കയറി സന്ധ്യക്ക് ചേര്‍ത്തലയിലിറങ്ങി. നാട്ടുകാരുടെ സംസാരത്തില്‍നിന്നും മറ്റും തനിക്കുവേണ്ട വിവരങ്ങള്‍ ശേഖരിച്ച് രാത്രി തന്നെ മടങ്ങി. പിറ്റേന്നു രാവിലെ വാര്‍ത്ത ദേശാഭിമാനിക്ക് അയച്ചു: "സമരഭൂമിയില്‍ പൊലീസ് മര്‍ദനവും ബലാത്സംഗവും തുടരുന്നു" - സമരത്തെക്കുറിച്ച് പത്രങ്ങളില്‍ വന്ന ആദ്യ ദൃക്സാക്ഷി വിവരണം അതായിരിക്കുമോ? 1947 ഏപ്രിലില്‍ നാഗര്‍കോവിലില്‍ നടന്ന സ്റ്റേറ്റ് കോണ്‍ഗ്രസ് സമ്മേളനം റിപ്പോര്‍ട്ട് ചെയ്തതും ആള്‍മാറാട്ടം നടത്തിയാണ്. "ദേശാഭിമാനി"ക്ക് തിരുവിതാംകൂറില്‍ നിരോധനമുണ്ട്. എറണാകുളത്തെ "ദീപം" പത്രത്തിന്റെ പ്രതിനിധിയായി "എന്‍ ജി മേനോന്‍" എന്ന പേരില്‍ അധികാരപത്രം സംഘടിപ്പിച്ചു. മീശ വടിച്ചു, ഹെയര്‍ സ്റ്റൈല്‍ മാറ്റി, ഖദര്‍ ജുബ്ബയും ഒഴിവാക്കി. നേര്‍വഴി വിട്ട്, ചെങ്കോട്ട-മധുര- തിരുനെല്‍വേലി വഴി നാഗര്‍കോവിലില്‍ എത്തി. സമ്മേളന വാര്‍ത്തകള്‍ "സ്വ.ലേ. കമ്പി"യും "പ്ര.ലേ. കമ്പി"യുമായിട്ടാണ് ദേശാഭിമാനിയില്‍ വന്നത്. അന്ന് അവിടന്നുതന്നെ ഒരു സ്കൂപ്പും തരപ്പെട്ടു. രണ്ടുമാസം മുമ്പ് അവിടെ ഒരു ക്ഷേത്രത്തിലെ രഥോത്സവത്തിനിടയ്ക്ക് രഥത്തില്‍ ദേശീയ പതാക നാട്ടിയതിന് പൊലീസ് വെടിവയ്പ്പ് നടത്തിയിരുന്നു. "വെടിവച്ചു കൊല്ലൂ" എന്ന് ദിവാന്‍ സി പി മൂന്നുവട്ടം ട്രങ്ക് ഫോണിലൂടെ പൊലീസ് മേധാവിക്കു കല്‍പ്പന നല്‍കിയെന്ന രഹസ്യമാണ് നെന്മേലി ചികഞ്ഞെടുത്തത് (ദേശാഭിമാനി, 9-4-1947). സി പിയുടെ "അമേരിക്കന്‍ മോഡലി"ന് അനുകൂലമായി ഈ സ്റ്റേറ്റ് കോണ്‍ഗ്രസ് സമ്മേളനത്തെക്കൊണ്ട് ഒരു പ്രമേയം പാസാക്കിക്കാന്‍ പട്ടം താണുപിള്ളയും കൂട്ടരും നടത്തുന്ന നീക്കങ്ങളെ തുറന്നുകാട്ടുന്ന ലഘുലേഖ അവിടെ വിതരണം ചെയ്യാന്‍, കോഴിക്കോട്ടുള്ള കമ്യൂണിസ്റ്റ് പാര്‍ടിനേതൃത്വം ഒരു സഖാവിനെ ചുമതലപ്പെടുത്തിയിരുന്നു. അദ്ദേഹവും നെന്മേലിയും ഒരുമിച്ചു യാത്ര ചെയ്യരുതെന്നും പാര്‍ടി നിര്‍ദേശിച്ചിരുന്നു. പുന്നപ്ര-വയലാര്‍ സമരവുമായി ബന്ധപ്പെട്ട് സമ്മേളനത്തില്‍നിന്ന് നെന്മേലി അയച്ച ഒരു വാര്‍ത്ത (ദേശാഭിമാനി, 12-4-1947)യില്‍ നിന്ന്: "അമ്പലപ്പുഴ - ചേര്‍ത്തല റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണം - പ്രതിനിധികളുടെ ആവശ്യം" എന്നാണ് രണ്ടുകോളം തലക്കെട്ട്. തിരുവിതാംകൂറിലെ പത്രങ്ങള്‍ തിന്നുന്ന ചോറിനു കൂറുകാണിക്കുന്നവയാണ്. ""ലോകത്തില്‍വെച്ചു ഏറ്റവും നല്ല ഭരണപരിഷ്കാരപദ്ധതി"" എന്നാണ് കൗമുദി ഒരു മുഖപ്രസംഗത്തില്‍ പുതിയ ഭരണപരിഷ്കാര പ്രഖ്യാപനത്തെക്കുറിച്ചെഴുതിയിട്ടുള്ളത്....

സമ്മേളന നടപടികളുടെ ഓരോ വാക്കും കുറിച്ചെടുത്തു ട്രങ്ക് ഫോണ്‍ വഴി "ഭക്തിവിലാസ"ത്തില്‍ അറിവു കൊടുക്കുന്നതിനു പന്ത്രണ്ടോളം പൊലീസ് റിപ്പോര്‍ട്ടര്‍മാര്‍ സന്നിഹിതരായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ടി പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഹാസ്യ ചിത്രത്തെക്കുറിച്ച് ജാഗ്രതയായ അന്വേഷണം പൊലീസുകാര്‍ നടത്തിവരുന്നുണ്ട്; പക്ഷേ അവര്‍ക്ക് ഒരു പിടിയും കിട്ടുന്നില്ല...." "ഗവര്‍മെണ്ടിന്റെ തൊഴിലാളി നയത്തെക്കുറിച്ച് വിമര്‍ശിക്കുന്ന പ്രമേയത്തില്‍ ട്രേഡ് യൂണിയനുകളെ നിയമവിധേയമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. അമ്പലപ്പുഴ-ചേര്‍ത്തല സംഭവങ്ങള്‍ക്ക് കമ്യൂണിസ്റ്റുകാരെ കുറ്റപ്പെടുത്തുന്ന ഒരു ഭാഗവും പ്രമേയത്തിലുണ്ടായിരുന്നു... മി. വേട്ടൂര്‍ നാരായണന്‍ വൈദ്യന്‍ പ്രമേയത്തെ എതിര്‍ത്തു. യഥാര്‍ഥ വിവരങ്ങള്‍ മുഴുവന്‍ അറിയാതെ തൊഴിലാളികളുടെ സമരത്തെ പഴിക്കുന്നതില്‍ യാതൊരര്‍ഥവുമില്ലെന്ന് അദ്ദേഹം വാദിച്ചു. അമ്പലപ്പുഴ-ചേര്‍ത്തല സംഭവങ്ങളില്‍ അന്വേഷണം നടത്തിയതിനു ശേഷം എന്തുകൊണ്ട് സ്റ്റേറ്റ് കോണ്‍ഗ്രസ് അതിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. സദസ്യര്‍ അദ്ദേഹത്തിന്റെ പ്രസംഗത്തിനിടയില്‍ ഹര്‍ഷാരവം മുഴക്കി. "ഒടുവില്‍ അന്വേഷണക്കമ്മിറ്റിയുടെ ചെയര്‍മാന്‍ മി: ടി എം വര്‍ഗീസുതന്നെ മറുപടി പറയാന്‍ എണീറ്റു. ""ഇന്നലെ മാത്രമാണ് റിപ്പോര്‍ട്ടു എഴുതിത്തീര്‍ന്നത്. പ്രവര്‍ത്തകസമിതിക്ക് ഇപ്പോള്‍ ഒന്നുംതന്നെ പറയാന്‍ നിവൃത്തിയില്ല. അതു കാലേ തയ്യാറാക്കേണ്ടതായിരുന്നു. അതു ചെയ്യാത്തതു തെറ്റാണെന്നു സമ്മതിക്കാം. ഞങ്ങള്‍ വളരെ വീടുകളില്‍പോയി, വളരെ ആളുകളില്‍നിന്നും തെളിവെടുത്തു. ചിലരുടെ തെളിവുകള്‍ അറുപതോളം പേജു വരുന്നുണ്ട്.

പൊലീസു മര്‍ദനത്തെ പേടിച്ചു മര്യാദക്കാരായ പലരും തെളിവു തരാന്‍ കൂട്ടാക്കാതിരിക്കയാണ് ചെയ്തത്. പൊലീസിന്നെതിരായി പറഞ്ഞാല്‍ കേസില്‍ കുടുങ്ങുമോ എന്നുള്ളതായിരുന്നു മറ്റു ചിലരുടെ സംശയം. എത്രപേര്‍ മരിച്ചുവെന്നു കൃത്യമായി പറയുക സാധ്യമല്ല. പൊലീസും പട്ടാളവും നടത്തിയ അഴിമതിയെക്കുറിച്ചു മുഴുവന്‍ വിവരവും ഞങ്ങള്‍ക്കു ശേഖരിക്കുവാന്‍ കഴിഞ്ഞില്ല. എത്രപേര്‍ മരിച്ചു എന്നുള്ളതല്ല പ്രശ്നം, ഒരാള്‍ മാത്രമേ മരിച്ചിട്ടുള്ളുവെങ്കിലും ഈ ഗൗരവമേറിയ കൊലപാതകം നടത്തിയവരെ ശിക്ഷിക്കണമെന്നുള്ളതിനു യാതൊരു സംശയവുമില്ല. തീര്‍ച്ചയായും ഞങ്ങള്‍ റിപ്പോര്‍ട്ട് പ്രവര്‍ത്തകസമിതി മുമ്പാകെ സമര്‍പ്പിക്കുന്നതാണ്". അയിത്ത നീതിക്കെതിരെ കൊച്ചി രാജ്യത്തെ ചേന്ദമംഗലം പാലിയത്തു നടന്ന ജനമുന്നേറ്റവും അധികാരികളുടെ മര്‍ദനവും ലോകത്തെ അറിയിച്ചവരില്‍ പ്രമുഖനാണ് നെന്മേലി (1948 മാര്‍ച്ച് ആറു മുതല്‍ 16 വരെ അദ്ദേഹം ദേശാഭിമാനിയില്‍ എഴുതിയ വാര്‍ത്തകളെ മുന്‍നിര്‍ത്തി ഞാന്‍ തയാറാക്കിയ പ്രബന്ധം 1997 ജനുവരിയിലെ "കേരളപഠനങ്ങളി"ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്).

കല്‍ക്കട്ട തീസിസ് കാലത്ത് ദേശാഭിമാനി നിരോധിക്കപ്പെട്ടപ്പോള്‍ തൃശൂരില്‍ ആരംഭിച്ച "റിപ്പബ്ലിക്" പത്രത്തില്‍ ചേര്‍ന്നു നെന്മേലി. അദ്ദേഹത്തിന്റെ വീട്ടിലെ ഉരല്‍പ്പുര അക്കാലത്ത് പാര്‍ടി നേതാക്കളുടെ ഒളിത്താവളമായിരുന്നു. ഇ എം എസ്, എ കെ ജി, സി അച്യുതമേനോന്‍, കെ സി ജോര്‍ജ്, എം എന്‍, ടി വി തോമസ്, ടി കെ രാമകൃഷ്ണന്‍ തുടങ്ങിയവര്‍ അവിടെയെത്തിയിട്ടുണ്ട്. 1950 ജനുവരി 22ന് ഉരല്‍പ്പുര റെയ്ഡ് ചെയ്ത് പൊലീസ് നെന്മേലിയെ അറസ്റ്റ് ചെയ്തു. കോടതി ഒരു വര്‍ഷം വെറും തടവിന് ശിക്ഷിച്ചു. എങ്കിലും നല്ല നടപ്പിന് ജാമ്യത്തില്‍ വിട്ടു. ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണത്തിനുശേഷം നില്‍ക്കക്കള്ളിയില്ലാതായപ്പോള്‍ നെന്മേലി മദ്രാസിലേക്കു കടന്നു. അവിടെ രാഗിണി ഫിലിംസില്‍ അക്കൗണ്ടന്റായി ഒളിവുജീവിതം നയിച്ചു. കൊച്ചിയില്‍നിന്നു ചെന്ന പൊലീസ് അവിടന്ന് നെന്മേലിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോയി; തിരു-കൊച്ചിയില്‍ കമ്യൂണിസ്റ്റ് പാര്‍ടി നിരോധിക്കപ്പെട്ടതിനെ തുടര്‍ന്ന് നെന്മേലി എറണാകുളം രാജേന്ദ്ര മൈതാനിയില്‍ പ്രസംഗിച്ചു എന്നാണ് കേസ്. കള്ളക്കേസാണെന്നു തെളിയിക്കാനായതിനാല്‍ കോടതി വെറുതെ വിട്ടു. പുനഃപ്രസിദ്ധീകരണം തുടങ്ങിയ "ദേശാഭിമാനി"യുടെയും (കുറച്ചുകാലം) "നവലോക"ത്തിന്റെയും തിരുവനന്തപുരം ലേഖകനായി നെന്മേലി. അദ്ദേഹത്തിന്റെ നിയമസഭാ വാര്‍ത്തകള്‍ക്കും മറ്റും വന്‍ പ്രാധാന്യമാണ് "നവലോകം" നല്‍കിയിരുന്നത്. അകാലത്തില്‍ നിലച്ചുപോയി ആ പത്രം.

കൊല്ലത്തു തുടങ്ങിയ "ജനയുഗ"ത്തിന്റെയും "നവജീവ"ന്റെയും ലേഖകനായി നെന്മേലി. പുതിയ കേരളത്തിന്റെ ഭരണരംഗത്ത് കൊടുങ്കാറ്റടിച്ച ആ നാളുകളില്‍, കോളിളക്കമുണ്ടാക്കിയ ഒട്ടേറെ വാര്‍ത്തകളെഴുതി അദ്ദേഹം. തിരുവനന്തപുരത്ത് ജനയുഗത്തിന്റെ സിറ്റി എഡിറ്റര്‍ എന്ന പ്രശസ്ത പദവിയിലിരിക്കുമ്പോഴാണ് നെന്മേലിക്ക് ചതിയില്‍പ്പെട്ട് ആ സ്ഥാനം ഒഴിഞ്ഞുപോകേണ്ടിവന്നത്. കൊല്ലത്ത് ജനയുഗം ഓഫീസില്‍ അസിസ്റ്റന്റ് എഡിറ്റര്‍ എന്ന സ്ഥാനമാണ് പിന്നെ നല്‍കപ്പെട്ടതെങ്കിലും അത് അപമാനമായേ കരുതുന്നുള്ളൂ എന്ന് അദ്ദേഹത്തിന്റെ 1962-ലെ ഡയറിക്കുറിപ്പുകള്‍ തെളിയിക്കുന്നു. സിറ്റി എഡിറ്റര്‍ സ്ഥാനം മോഹിച്ച് മറ്റൊരാള്‍ നടത്തിയ ചതിയാണ് ഇവിടെ തെളിയുന്നത്. പാര്‍ടി പിളരും മുന്‍പേ നെന്മേലി ജനയുഗം വിട്ടു എന്നു കരുതാം. തുടര്‍ന്ന് മദ്രാസിലെ സോവിയറ്റ് പ്രതിനിധി കാര്യാലയത്തില്‍ മലയാളം വിഭാഗത്തില്‍ ചേര്‍ന്നു. അവിടെയും തുടരാന്‍ കഴിഞ്ഞില്ല; മൂന്ന് കൊല്ലമായപ്പോള്‍ യാത്ര പറഞ്ഞു. എന്നിട്ടും വിശ്രമിച്ചില്ല നെന്മേലി. കൊടുങ്ങല്ലൂര്‍ വിദ്വത്പീഠം, ഇസ്കസ്, സ്വാതന്ത്ര്യസമര സേനാനികളുടെ സംഘടന, കൊടുങ്ങല്ലൂര്‍ പുരാവസ്തു - ചരിത്രഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയവയില്‍ സജീവമായിരുന്നു. കരള്‍രോഗംമൂലമാണ് അദ്ദേഹം 1993-ല്‍ ജീവിതത്തോടു വിട പറഞ്ഞത്.

*
ചെറായി രാമദാസ് ദേശാഭിമാനി വാരിക 17 ജൂണ്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കേരളത്തിലെ കമ്യൂണിസ്റ്റ് പത്രലേഖകരുടെ ഒന്നാം തലമുറയില്‍പ്പെട്ട ജി എം നെന്മേലി മരിച്ചിട്ട് 18 കൊല്ലം കഴിഞ്ഞു. 1993 ഡിസംബറിലായിരുന്നു വിയോഗം. 29 കൊല്ലത്തിനിടയില്‍, 14 പത്രങ്ങള്‍ക്കുവേണ്ടി അദ്ദേഹം വാര്‍ത്തകള്‍ എഴുതി. 1936ല്‍ എറണാകുളത്തെ "ദീപ"ത്തില്‍ തുടങ്ങി 1965ല്‍ മദ്രാസിലെ "സോവിയറ്റ് നാടി"ല്‍ അവസാനിച്ച കര്‍മകാണ്ഡം. ഗോമതി, കേരളം, മാതൃഭൂമി, ദേശാഭിമാനി, പ്രഭാതം (കൊല്ലം), ഇന്ത്യന്‍ എക്സ്പ്രസ്, ഇന്ത്യന്‍ തിങ്കര്‍, പൗരപ്രഭ, റിപ്പബ്ലിക്ക്, നവലോകം, നവജീവന്‍, നവയുഗം, ജനയുഗം ഇവയാണ് മറ്റു പത്രങ്ങള്‍. പത്രപ്രവര്‍ത്തക യൂണിയന്റെ ആദ്യകാല നേതാക്കളില്‍ ഒരാളുമാണ്. കാലത്തിന്റെ നാഴികക്കല്ലുകളായി മാറിയ സംഭവങ്ങളും സമരങ്ങളും ഏറെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നാടിനെ പിടിച്ചുലച്ച ഏഴ് സ്കൂപ്പുകളും ആ പേനയിലൂടെ പുറത്തുവന്നു.