Tuesday, September 25, 2012

അഭിനയകലയുടെ പെരുന്തച്ചന്‍

അരങ്ങില്‍ അരനൂറ്റാണ്ട് ചെറിയ ദൂരമല്ല. ഒരു മഹാനടനുമാത്രം സഞ്ചരിക്കാന്‍ കഴിയുന്ന ദൂരം. അഭിനയം വെള്ളിത്തിരയില്‍ മാത്രമാകുമ്പോഴാണ് നടന്‍ താരമാകുന്നത്. എന്നാല്‍, താരമാകാതെ ചലച്ചിത്രനടനായി അംഗീകരിക്കപ്പെടാന്‍ ഇഷ്ടപ്പെട്ട മഹാനടനാണ് തിലകന്‍. ആത്മവിശ്വാസവും ആത്മാര്‍പ്പണവും പൂര്‍ണതയും നിറഞ്ഞ നടനുമാത്രം കൈയെത്തിപ്പിടിക്കാവുന്ന അഭിനയമികവില്‍ താരങ്ങളെ അനായാസം മറികടന്ന അഭിനയപ്രതിഭ. നാടക അരങ്ങില്‍ മൂന്നു പതിറ്റാണ്ട്. അതു കഴിഞ്ഞ് വെള്ളിത്തിര. ഇടയ്ക്ക് മിനിസ്ക്രീനും. എവിടെയും കൈയൊപ്പ് ചാര്‍ത്തിയ കഥാപാത്രങ്ങള്‍. നാടകത്തിലൂടെയാണ് തിലകനിലെ നടന്‍ രൂപപ്പെടുന്നത്. കാലത്തിന്റെയും അഭിരുചികളുടെയും മാറ്റമനുസരിച്ച് അഭിനയം പാകപ്പെടുത്തി തിലകനിലെ നടന്‍ വളര്‍ന്നു. വെള്ളിത്തിരയിലെത്തി മലയാളിയുടെ അഹങ്കാരമായി മാറി.

അധ്യാപികയായ മറിയക്കുട്ടിയാണ് ആറാം വയസ്സില്‍ തിലകനിലെ അഭിനേതാവിനെ കണ്ടെടുത്തത്. വിദ്യാലയ നാടകങ്ങളിലൂടെ നടന്‍ തേച്ചുമിനുക്കപ്പെട്ടു. ശബ്ദസൗന്ദര്യമായിരുന്നു തിലകനെ വ്യത്യസ്തനാക്കിയത്. 1955ല്‍ ജോസ്പ്രകാശിന്റെ നാഷനല്‍ തിയറ്ററിലൂടെയായിരുന്നു നാടകത്തില്‍ സജീവമായത്. ഇരുപത്തഞ്ചോളം നാടകം സംവിധാനംചെയ്തു. പി ജെ ആന്റണിയുടെ പെരിയാര്‍ ആയിരുന്നു ആദ്യ സിനിമ. ഐഎഎസിന് ഏറെ തയ്യാറെടുത്തിട്ടും ഇന്റര്‍വ്യൂ ബോര്‍ഡിന്റെ ബാലിശമായ ചോദ്യങ്ങള്‍ ഭ്രാന്തനാക്കുന്ന ഡേവിഡ് എന്ന യുവാവിന്റെ വേഷം തിലകന്‍ അവിസ്മരണീയമാക്കി. കെ ജി ജോര്‍ജിന്റെ ഉള്‍ക്കടലില്‍ നായകന്‍ രാഹുലിന്റെ അച്ഛനായും കോലങ്ങളില്‍ പാല്‍ക്കാരി പെണ്ണിനെ വേള്‍ക്കാന്‍ കൊതിച്ച കള്ള് വര്‍ക്കിയായും യവനികയില്‍ നാടക ട്രൂപ്പ് മാനേജരായും അസാധാരണ അഭിനയമാണ് കാഴ്ചവച്ചത്.

യവനികയിലെ വേഷത്തിന് മികച്ച സഹനടനുള്ള സംസ്ഥാന അവാര്‍ഡ് ആദ്യമായി തിലകനെ തേടിയെത്തി. പഞ്ചാഗ്നിയിലെ രാമേട്ടന്‍, ഋതുഭേദത്തിലെ കാരണവര്‍, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളിലെ എന്‍ജിന്‍ ഡ്രൈവര്‍, കിരീടത്തിലെ പൊലീസുകാരന്‍, മണിച്ചിത്രത്താഴിലെ താന്ത്രികന്‍, പരിണയത്തിലെ സ്മാര്‍ത്തന്‍, സന്താനഗോപാലത്തിലെ കൃഷ്ണക്കുറുപ്പ്, കൗരവറിലെ അലിയാര്‍... തിലകന്‍ എന്ന അഭിനയപ്രതിഭയെ മലയാളമറിഞ്ഞ നിരവധി കഥാപാത്രങ്ങള്‍. ഇടയ്ക്ക് മിനിസ്ക്രീനിലുമെത്തി. മാധ്യമം ഏതെന്നു നോക്കാതെ അഭിനയിച്ചു. തിരക്കഥാകൃത്തുക്കള്‍ക്കും സംവിധായകര്‍ക്കും ഒരേ സമയം വെല്ലുവിളിയും പ്രചോദനവുമായി. പ്രേക്ഷകര്‍ അഭിനയ ചക്രവര്‍ത്തിപ്പട്ടത്തില്‍ തിലകനെ അവരോധിച്ച നിരവധി കഥാപാത്രങ്ങളുണ്ട്. പെരുന്തച്ചനിലെ "പെരുന്തച്ചന്റെ" തിളച്ചുമറിയുന്ന മുഖം മുതല്‍ അന്‍വര്‍ റഷീദിന്റെ ഉസ്താദ് ഹോട്ടലിലെ കരീംക്ക വരെ. തിലകനിലെ നടന് വെല്ലുവിളി തീര്‍ത്തവേഷമാണ് ഋതുഭേദത്തിലെ കാരണവര്‍. കേസുകള്‍ ജയിക്കാനും സ്വത്തുക്കള്‍ സ്വന്തമാക്കാനും ഏതറ്റവും വരെ പോകാന്‍ മടിക്കാത്ത കഥാപാത്രം. കഥാപാത്രത്തെ വല്ലാതെ വെറുത്തുപോകുന്ന ചിത്രം. അവിടെയാണ് തിലകന്‍ എന്ന നടന്‍ വിജയിക്കുന്നത്. അഭിനയിക്കാനുള്ള കരുത്തില്ലെങ്കില്‍ പരാജയപ്പെടുന്ന പ്രതിനായക വേഷങ്ങളില്‍ അദ്ദേഹം അറിഞ്ഞഭിനയിക്കുന്നതാണ് മലയാള സിനിമ കണ്ടത്. പത്മരാജന്റെ നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, മൂന്നാംപക്കം എന്നീ രണ്ടു സിനിമകളിലും തിലകനിലെ നടന്‍ അതിശക്തമായ സാന്നിധ്യമാകുന്നത് കഥാപാത്ര സന്നിവേശത്തിലൂടെയാണ്. നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളില്‍ മദ്യപനായ എന്‍ജിന്‍ ഡ്രൈവറുടെ വേഷമായിരുന്നു. ആര്‍ക്കും വെറുപ്പുണ്ടാക്കുന്ന കഥാപാത്രം. മൂന്നാംപക്കത്തില്‍ വികാരങ്ങളുടെ വേലിയേറ്റങ്ങളെല്ലാം കാണാം. അരുമയായ പേരക്കുട്ടിയെ കടല്‍ വിഴുങ്ങിയ വേര്‍പാടില്‍ തീരത്ത് കണ്ണുംനട്ട് കാത്തിരിക്കുന്ന നൊമ്പരം ആരുടെയും മനസ്സിലേക്ക് അരിച്ചിറക്കാന്‍ തിലകനായി. തിലകന്‍ അഭിനയിച്ച് കഥാപാത്രമായി മാറിപ്പോയ വേഷമായിരുന്നു പെരുന്തച്ചന്‍. തന്മയീഭാവത്തിന്റെ ഉള്ളുരുക്കുന്ന അനുഭവം. ദേശീയ അവാര്‍ഡ് തലനാരിഴയ്ക്ക് കൈവിട്ടത് മലയാളത്തിന് വേദനയായി.

നഖക്ഷതങ്ങളിലെ ക്രൂരനും പിശുക്കനുമായ അമ്മാവന്‍, സദയത്തിലെ ഡോക്ടര്‍ നമ്പ്യാര്‍ എന്നിവ എം ടിയുടെ കഥാപാത്രങ്ങളില്‍ തിലകന്‍ മനോഹരമാക്കിയ വേഷങ്ങളാണ്. തിലകന്റെ അഭിനയജീവിതത്തിലെ അനശ്വര വേഷങ്ങളായിരുന്നു സ്ഫടികത്തിലെ ചാക്കോ മാഷും കിരീടത്തിലെ പൊലീസുകാരനും. ഗുണ്ടയാകുന്ന മകനെ ഓര്‍ത്തുള്ള അച്ഛന്റെ വേദന പടര്‍ത്തിയായിരുന്നു സേതുവിന്റെ അച്ഛന്‍ അരങ്ങില്‍ ജീവിച്ചത്. സ്ഫടികത്തില്‍ കാര്‍ക്കശ്യക്കാരനായ പിതാവ് വല്ലാതെ അസ്വസ്ഥമാക്കി. തമിഴ്- തെലുങ്ക് സിനിമകളിലും തിലകന്‍ വേഷമിട്ടു. കെ സുഭാഷിന്റെ "ക്ഷത്രിയന്‍" എന്ന തമിഴ് സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട വില്ലന്‍ വേഷമായിരുന്നു.

ഹാസ്യവേഷങ്ങളിലും തിലകന്‍ നിറഞ്ഞാടി. കിലുക്കത്തില്‍ തിലകനും മോഹന്‍ലാലും രേവതിയും ഇന്നസെന്റും ചേര്‍ന്നൊരുക്കിയ രംഗങ്ങള്‍ മലയാളികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയതാണ്. നാടോടിക്കാറ്റ്, ചക്കിക്കൊത്ത ചങ്കരന്‍, മൂക്കില്ലാ രാജ്യത്ത്, പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ എന്നീ ചിത്രങ്ങളിലും തിലകന്‍ ചിരിപ്പിച്ചു. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രശംസ നേടിയ മുതിര്‍ന്ന താരജോടിയാണ് തിലകനും കവിയൂര്‍ പൊന്നമ്മയും. തിലകന് ദേശീയ അവാര്‍ഡ് ലഭിക്കാത്തത് മലയാളിക്ക് എന്നും നഷ്ടബോധമുണ്ടാക്കുന്ന ഓര്‍മയാണ്. പെരുന്തച്ചനിലെ അഭിനയത്തിന് തിലകന് അവാര്‍ഡ് ലഭിക്കുമെന്ന് ഏവരും പ്രതീക്ഷിച്ചതാണ്. എന്നാല്‍ ഉത്തരേന്ത്യന്‍ ലോബിയുടെ ചരടുവലിയില്‍ അഗ്നിപഥ് എന്ന ചിത്രത്തിലൂടെ അമിതാഭ് ബച്ചനാണ് അവാര്‍ഡിനായി തെരഞ്ഞെടുക്കപ്പെട്ടത്. "കലാമൂല്യമുള്ള ചലച്ചിത്രങ്ങളില്‍ ഒട്ടേറെ അഭിനയിച്ചിട്ടും ഭരത് അവാര്‍ഡ് നേടാന്‍ കഴിയാത്ത മഹാനടന്‍"- സിനിമാ ചരിത്രത്തില്‍ തിലകനെ ഇങ്ങനെയാകും അടയാളപ്പെടുത്തുക.

തിലകന്‍ എന്ന സിംഹം ഉറങ്ങുന്നില്ല

പന്ത്രണ്ടുവര്‍ഷം മുമ്പ് നടന്നതാണിത്. കെപിഎസിയുടെ കനകജൂബിലിവര്‍ഷം. ദേശാഭിമാനി പ്രത്യേക പതിപ്പ് ഇറക്കാന്‍ തീരുമാനിച്ചു. ഞാനായിരുന്നു എഡിറ്റര്‍. കായംകുളത്തെ കെപിഎസി ഓഫീസിലേക്കും കൊച്ചി ദേശാഭിമാനി ഓഫീസിലേക്കും തിരിച്ചും യാത്രകള്‍. കെപിഎസിയുടെ ചരിത്രകഥകളും കലാകാരന്മാരെയും തേടിപ്പിടിക്കണം. ഓരോ യാത്രയിലും നിരവധി വിവരങ്ങള്‍ കിട്ടിക്കൊണ്ടിരുന്നു. ആ മഹാപ്രസ്ഥാനത്തിന്റെ ചരിത്രം തേടുന്നതിനിടയിലാണ്, 1966ലെ കെപിഎസിയുടെ ഒരു നാടകനോട്ടീസ് എന്റെ ശ്രദ്ധയില്‍പ്പെടുന്നത്. അശ്വമേധം, ശരശയ്യ നാടകങ്ങളില്‍ ഡോ. തോമസിന്റെ വേഷത്തില്‍ തിലകന്‍! നമ്മുടെ അനുഗൃഹീതനടന്‍ തിലകന്‍ കെപിഎസിയില്‍ ഉണ്ടായിരുന്നുവെന്ന വിവരം വായിച്ചറിഞ്ഞ ഞാന്‍ ഉടന്‍ തിലകന്റെ ഫോണ്‍നമ്പര്‍ തെരഞ്ഞു. തിരുവനന്തപുരം ആയുര്‍വേദ കോളേജിനു താഴെയുള്ള റോഡിലെ ഫ്ളാറ്റിലാണ് താമസം. വിളിച്ചു. യെസ്.... തിലകന്‍ വിവരം അറിയിച്ചപ്പോള്‍ ചിരിയുടെ മുഴക്കം.

അശ്വമേധത്തിലും ശരശയ്യയിലും ഡോക്ടര്‍ തോമസിന്റെ വേഷം ചെയ്തിരുന്നത് കെ പി ഉമ്മറായിരുന്നു. ഉമ്മര്‍ സിനിമയിലേക്കു പോയപ്പോള്‍ ആ വേഷംചെയ്യാന്‍ ഒരാള്‍ വേണം. നറുക്ക് എനിക്കുവീണു. അങ്ങനെ ഡോക്ടര്‍ തോമസായി കെപിഎസിയുടെ നാടകങ്ങളില്‍ അമ്പതോളം വേദികളില്‍ ഞാന്‍ അഭിനയിച്ചു. കെപിഎസി കനകജൂബിലി പതിപ്പിലേക്ക് ഞാന്‍ ലേഖനം ചോദിച്ചപ്പോള്‍ തിലകന്‍ പറഞ്ഞു: ""തരാം... പക്ഷേ കരാര്‍ വേണം. ഞാന്‍ എഴുതുന്ന ആശയം വെട്ടിമാറ്റരുത്. തലക്കെട്ട് സിംഹം ഉറങ്ങുന്ന കാട് എന്നാണ്. അതും മാറ്റരുത്. തയ്യാറാണോ?"" ഞാന്‍ മനസ്സില്‍ പറഞ്ഞു: ""പത്രാധിപന്മാരുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്തലാണത്."" എങ്കിലും കരാര്‍ സമ്മതിച്ചു. ഒരാഴ്ച സമയം വേണമെന്ന് തിലകന്‍. ഇതിനിടയില്‍ പല നാടകീയരംഗങ്ങളും നടന്നു. രാത്രി ഉറക്കമൊഴിച്ചായിരുന്നു തിലകന്റെ എഴുത്ത്. വെട്ടിയും തിരുത്തിയുമുള്ള എഴുത്ത്. മണിക്കൂറുകള്‍ ഇരുന്നുള്ള എഴുത്തുമൂലം രണ്ടുകാലിലും നീരുവന്നു. ശ്വാസംമുട്ടല്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇതറിയാതെ ഞാന്‍ വിളിച്ചു. ഐസിയുവിലാണ്. കാലില്‍ നീര്. കുഴപ്പമില്ലെന്ന് മറുപടി. ലേഖനം മനസ്സില്‍ തയ്യാറായിക്കഴിഞ്ഞു. രണ്ടുദിവസം വിശ്രമം. എഴുത്ത് ആരംഭിക്കും. ഫാക്സ്നമ്പര്‍ തരിക. നമ്പര്‍ കൊടുത്തു, ഞാന്‍ കാത്തിരുന്നു. മൂന്നാംപക്കം ഫാക്സില്‍ ലേഖനം എത്തി. പിറകെ ഫോണ്‍കോള്‍. വായിക്കാന്‍ പ്രയാസമുണ്ടോ... പിന്നെ ഞാന്‍ നേരത്തെ പറഞ്ഞ കാര്യം... വെട്ടരുത്. വെട്ടില്ല എന്ന മറുപടി കേട്ടതുകൊണ്ടാകാം എന്റെ കാതില്‍ മുഴക്കമുള്ള ആ ചിരി വീണ്ടും. തിലകന്റെ സംസാരംപോലെ നാടകീയമായിരുന്നു ആ ലേഖനത്തിന്റെ തുടക്കവും. ""ഇന്‍ക്വിലാബ് സിന്ദാബാദ്! തൊഴിലാളിഐക്യം സിന്ദാബാദ്!... ട്രാവന്‍കൂര്‍ റബര്‍ ആന്‍ഡ് ടീ കമ്പനിയുടെ പൊതുനിരത്തിലൂടെ ഒരു ജാഥ പോവുകയാണ്. ആ വലിയ എസ്റ്റേറ്റിലെ ഏതാണ്ട് ബഹുഭൂരിപക്ഷം തൊഴിലാളികളും അരിവാള്‍ ചുറ്റിക ചിഹ്നം പതിച്ച കൂറ്റന്‍ ചുവന്ന കൊടിക്കു പിന്നില്‍ കൊച്ചുകൊച്ചു ചെങ്കൊടികളുമേന്തി, മുദ്രാവാക്യങ്ങളേറ്റുവിളിച്ച് ആ ജാഥയിലുണ്ട്.

പ്രപഞ്ചത്തെ മുഴുവന്‍ ഉലച്ചുകൊണ്ട് ആര്‍ത്തിരമ്പി വീശുന്ന കൊടുങ്കാറ്റുപോലെ വരുന്ന ആ ജാഥ കണ്ട് എതിരെവന്ന ഞാന്‍ സൈക്കിളില്‍നിന്നിറങ്ങി ഒതുങ്ങിനിന്നു ശ്രദ്ധിച്ചു"" ആരൊക്കെയാണ് ആ ജാഥയില്‍? തിലകന്‍ കാണുന്നു- ""പണ്ട് അമ്മ പുറത്തുപോകുമ്പോള്‍ വിശന്നുകരഞ്ഞാല്‍ എനിക്ക് മുലപ്പാല്‍ തന്നിരുന്ന പാലക്കാട്ടുകാരി ചെറൂട്ടിയമ്മയെയും തമാശയ്ക്കുവേണ്ടി സഹപാഠിയായ മൊയ്തുവിന്റെ പെന്‍സില്‍ എടുത്തുമാറ്റിയതിന് അച്ഛന്‍ അടിച്ചപ്പോള്‍ അവിടെനിന്നു രക്ഷിച്ച് തോളില്‍ ചുമന്നുകൊണ്ടുപോയ ഗോവിന്ദന്‍ കങ്കാണിയെയും ആനക്കുളം ലോവര്‍ ഡിവിഷനിലെ എന്റെ തൊഴിലാളിസുഹൃത്തുക്കളായ വേലാണ്ടിയെയും രാമനെയും അവരുടെ അച്ഛന്‍ കൊമ്പന്‍ കങ്കാണിയെയും ഉണ്ണിശേരി നാണുവിനെയും വള്ളമല ചാക്കോയെയും ഭാര്യ അന്നയെയും... അങ്ങനെ നിത്യവും കണ്ടുമുട്ടുകയും ഇടപഴകുകയും ചെയ്ത പലരെയും ഞാന്‍ ആ ജാഥയില്‍ കണ്ടു; ചുവന്നകൊടികളുമായി."" മുണ്ടക്കയത്ത് രാജേന്ദ്രമൈതാനിയിലേക്കുള്ള ജാഥയാണത്. രാജേന്ദ്രമൈതാനിയിലെത്തുംമുമ്പേ മുപ്പത്തിയഞ്ചാം മൈലില്‍വച്ച് ആക്രമിച്ചെന്ന വാര്‍ത്ത കേട്ടപ്പോള്‍ തിലകന്‍ സംഭവസ്ഥലത്തേക്കു കുതിച്ചു. ആ രംഗം തിലകന്‍ എഴുതുന്നു: ""കെ കെ റോഡില്‍ അവിടവിടെ വീണുകിടക്കുന്ന ചോരക്കറയും കരിങ്കല്‍ചീളുകളും കൊടികെട്ടാന്‍ ഉപയോഗിച്ച തേയിലക്കമ്പുകളും ചന്നംപിന്നം കീറിയ ചെങ്കൊടികളും ഞാന്‍ കണ്ടു. മുപ്പത്തഞ്ചാം മൈലില്‍ കെ കെ റോഡരികിലായി താമസിച്ചിരുന്ന കോണ്‍ഗ്രസുകാരനായ ഒരു വലിയ എസ്റ്റേറ്റ് മുതലാളി, തന്റെ ബംഗ്ലാവില്‍ കാലേകൂട്ടി കരുതിനിര്‍ത്തിയിരുന്ന ഗുണ്ടകളെക്കൊണ്ട് ആ പാവപ്പെട്ട തൊഴിലാളികളെ, സ്ത്രീ-പുരുഷ ഭേദമെന്യെ തല്ലിച്ചതച്ചു. നൂറുകണക്കിന് തൊഴിലാളികള്‍ പരിക്കുകളോടെ ആശുപത്രിയിലായി. അക്കൂട്ടത്തില്‍ എത്രയോ തവണ എനിക്ക് മുലപ്പാല്‍ തന്നിട്ടുള്ള ചെറൂട്ടിയമ്മയെ കണ്ടു."" ആ അസ്വസ്ഥതയില്‍നിന്നാണ് "ആശയംകൊണ്ട്, നാടകത്തിലൂടെ ഇതിനൊക്കെ പ്രതികാരം വീട്ടാന്‍" തിലകന്‍ തീരുമാനിക്കുന്നത്. "നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി" എന്ന നാടകം ആദ്യമായി കണ്ടപ്പോള്‍ ഉണ്ടായ അന്തര്‍സംഘര്‍ഷം തിലകന്‍ എഴുതി: ""അന്ന് അമ്പതുകളുടെ തുടക്കത്തില്‍ കെപിഎസിയുടെ പ്രഥമ നാടകം കണ്ടപ്പോള്‍ ഈ കൊടി എനിക്കൊന്നു പൊക്കിപ്പിടിക്കണം എന്ന് പരമുപിള്ള പറഞ്ഞപ്പോള്‍ ഗംഭീരമായ മുദ്രാവാക്യം വിളിയോടെ നാടകം പൂര്‍ണമായപ്പോള്‍ വര്‍ഗശത്രുവിനെ നേരിടാന്‍ സടകുടഞ്ഞെഴുന്നേറ്റ സിംഹങ്ങള്‍, നാംതന്നെ വളര്‍ത്തിയെടുത്ത അന്ധകാരനിബിഡമായ വനങ്ങളില്‍ ഗാഢനിദ്രയിലല്ലേ. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടിയെ വളര്‍ത്തിയെടുത്ത ഐതിഹാസികമായ നാടകം അവതരിപ്പിച്ച കെപിഎസിയിലൂടെത്തന്നെ നമുക്ക് അവരെ ഉണര്‍ത്തേണ്ടേ? എന്നിലെ അഭിനേതാവിനെ മെനഞ്ഞെടുത്ത ശില്‍പ്പശാലയാണ് കെപിഎസിയെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ടു പറയുകയാണ്, ഇടതും വലതും മറന്ന് നമുക്കൊരുമിക്കാം. തെറ്റുകള്‍ തിരുത്താം. നാം കെട്ടിപ്പടുത്ത ഈ നാട് സിംഹം ഉറങ്ങുന്ന കാട് ആകാതിരിക്കട്ടെ. ലാല്‍സലാം"".

കമ്യൂണിസ്റ്റ് പാര്‍ടികളുടെ ഐക്യമോ ലയനമോ ആകാം തിലകന്‍ പ്രതീക്ഷിക്കുന്നത്. തിലകന്റെ ഈ ലേഖനം പ്രസിദ്ധീകരിച്ച "യവനിക" പ്രകാശിപ്പിക്കുമ്പോള്‍ അദ്ദേഹം ഇടപ്പള്ളി അമൃത ആശുപത്രിയിലായിരുന്നു. അവിടെനിന്ന് വിളിച്ചു: ""ഞാന്‍ മകന്‍ ഷോബിയെ വിടാം. ഒരു കോപ്പി കൊടുത്തുവിടുക. എനിക്ക് ആദ്യം അറിയേണ്ടത് വായനക്കാരുടെ പ്രതികരണമാണ്. അറിയിക്കുമല്ലോ"". ഞാന്‍ പറഞ്ഞു: ""വാക്ക് പാലിച്ചിട്ടുണ്ട്. ഒരക്ഷരംപോലും എഡിറ്റ്ചെയ്യാതെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു എഡിറ്ററുടെ സ്വാതന്ത്ര്യത്തെയാണ് ഒരു മഹാനടന്‍ ഇല്ലാതാക്കിയതെന്നുകൂടി പറയട്ടെ...."" അപ്പുറത്ത് ഫോണില്‍ പതിവു മുഴക്കം. ""നിങ്ങളുടെ സ്വാതന്ത്ര്യം കവര്‍ന്നെടുത്തതല്ല; ഒരു പഴയ കമ്യൂണിസ്റ്റുകാരന്റെ ഒരു ചെറിയ മോഹം പ്രകടിപ്പിച്ചുവെന്നു മാത്രം. അത് വേദനിപ്പിച്ചെങ്കില്‍ ക്ഷമിക്കുക"". ഇല്ല, ഒരു മഹാനടന്റെ മോഹങ്ങള്‍ക്ക് തടയിടാന്‍ ഞാന്‍ ആരാണ്? മറുപടി പറയുംമുമ്പേ തിലകന്‍ എന്ന ധിക്കാരി ഫോണ്‍ കട്ട്ചെയ്്തു. അതില്‍ വിഷമമല്ല തോന്നിയത്. അല്ലെങ്കിലും ആ ധിക്കാരി നമുക്കെന്നും അഭിമാനമല്ലേ?
(രവി കുറ്റിക്കാട്)

കൊല്ലത്തെ മാര്‍ക് ആന്റണി

കെ സുരേന്ദ്രനാഥതിലകന്‍ അതായിരുന്നു അന്നത്തെ പേര്. ആ പേരുകാരന്‍ മാര്‍ക് ആന്റണിയായി. കൊല്ലം ശ്രീനാരായണ കോളേജില്‍ 1955-56ലെ പഠനകാലത്ത് ആ കലാലയ കലാഹൃദയത്തില്‍ വിരിഞ്ഞ അഭിനയത്തിന്റെ വാടാമലരായി സുരേന്ദ്രനാഥതിലകന്‍ മാറുകയും കൂട്ടുകാരുടെയും നാട്ടുകാരുടെയും തിലകനായി അറിയപ്പെടുകയുംചെയ്തു. ഒരുപക്ഷേ, കൊല്ലം എസ്എന്‍ കോളേജ് ഇല്ലായിരുന്നെങ്കില്‍ ഞാനെന്നൊരു നടന്‍ ഉണ്ടാകുമായിരുന്നില്ലെന്ന് ഒരിക്കല്‍ തിലകന്‍ പറഞ്ഞു. ഡോക്ടറാകാനായിരുന്നു ആഗ്രഹം. പത്താംക്ലാസ് കഴിഞ്ഞപ്പോള്‍ ആഗ്രഹമറിയിച്ച് കോളേജില്‍ പോകാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു. അതൊന്നും വേണ്ട വലിയ ചെലവാകും എന്നായിരുന്നു മുണ്ടക്കയത്ത് ട്രാവന്‍കൂര്‍ റബര്‍ ആന്‍ഡ് ടീ കമ്പനിയില്‍ കണ്ടക്ടറായിരുന്ന അച്ഛന്റെ പ്രതികരണം. നാല് പെണ്‍മക്കളെ കെട്ടിച്ചയക്കാന്‍ നേരിടേണ്ടിവരുന്ന ഭാരിച്ച ചെലവ് മുമ്പില്‍കണ്ടാകണം അച്ഛന്‍ അങ്ങനെ പറഞ്ഞത്. കോളേജില്‍ പഠിക്കുന്നതിനുപകരം എസ്റ്റേറ്റില്‍ ഒരു ജോലി തരപ്പെടുത്താമെന്നും അറിയിച്ചു. പക്ഷേ, പഠിച്ച് എനിക്കൊരു ഡോക്ടറാകണമെന്ന ശാഠ്യത്തിലായി മകന്‍. അങ്ങനെ ഇന്റര്‍മീഡിയറ്റിന് പഠിക്കാന്‍ കോട്ടയം സിഎംഎസിലും ചങ്ങനാശേരി എസ്ബിയിലും എന്‍എസ്എസിലും പന്തളം എന്‍എസ്എസിലും തിരുവനന്തപുരം മഹാത്മാഗാന്ധിയിലും കൊല്ലം ശ്രീനാരായണ കോളേജിലും അപേക്ഷ നല്‍കി. എല്ലാ കോളേജില്‍നിന്നും അറിയിപ്പ്വന്നു. പക്ഷേ, ശ്രീനാരായണഗുരുവിന്റെ പേരിലുള്ള കോളേജില്‍ പഠിച്ചാല്‍ മതിയെന്ന് അച്ഛന്‍ പറഞ്ഞതുപ്രകാരം എസ്എന്‍ കോളേജില്‍ ചേര്‍ന്നു. അന്ന് കോളേജിനുസമീപത്തെ എസ്എംപി പാലസില്‍ ജൂലിയസ് സീസര്‍ എന്ന സിനിമ വന്നു. മൂന്നുദിവസം ആ പടം പോയിക്കണ്ടു. അതിനുശേഷം ഏകാംഗ അഭിനയത്തിലൂടെ മാര്‍ക് ആന്റണിയെ അവതരിപ്പിച്ച് തിലകന്‍ കോളേജില്‍ കൈയടി വാങ്ങി.

"യു ആര്‍ എ ഫന്റാസ്റ്റിക് ആക്ടര്‍" ഒരധ്യാപകന്‍ നല്‍കിയ ആദരവ്. കോളേജ് ഡേയ്ക്ക് വേദിയില്‍ മാര്‍ക് ആന്റണിയെ അവതരിപ്പിക്കുംമുമ്പ് ഹോസ്റ്റലിലെ ചടങ്ങുമായി ബന്ധപ്പെടുത്തി ഹോസ്റ്റല്‍ അന്തേവാസികള്‍ ഒരു നാടകം അവതരിപ്പിച്ചു. ടി എന്‍ ഗോപിനാഥന്‍നായരുടെ "രണ്ടും രണ്ടും അഞ്ച്" എന്നതായിരുന്നു നാടകം. അതിലെ പ്രധാന കഥാപാത്രമായ ഡോക്ടറുടെ വേഷം തിലകന്‍ ചെയ്തു. അന്നത്തെ പരിപാടിയുടെ ഉദ്ഘാടകനായിരുന്ന ചലച്ചിത്രനടന്‍ സത്യന്‍ തിലകന്റെ അഭിനയത്തെ പ്രശംസിച്ച് സംസാരിച്ചു. അന്ന് മേക്കപ്പഴിച്ച് പുറത്തിറങ്ങിയപ്പോള്‍ ഒരാള്‍ വന്ന് തിലകന് കൈകൊടുത്തിട്ടുപറഞ്ഞു "അഭിനയം വളരെ നന്നായി, നന്ദി". അപ്പോള്‍ മറ്റൊരാള്‍ അടുത്തെത്തി ചെവിയില്‍ പറഞ്ഞു "ആളെ മനസിലായില്ലേ വി സാംബശിവന്‍". അന്ന് സ്റ്റുഡന്റ്സ് ഫെഡറേഷന്റെ നേതാവും കോളേജ് യൂണിയന്‍ ആര്‍ട്സ് ക്ലബ് സെക്രട്ടറിയുമായിരുന്നു സാംബശിവന്‍. കൊച്ചുസീത ഉള്‍പ്പെടെയുള്ള കഥകള്‍ പറഞ്ഞ് നാടിനെ ഇളക്കിമറിച്ച കാഥികനായി അന്നേ മാറിയ ആളാണ് തന്നെ അഭിനന്ദിച്ചതെന്ന് തിരിച്ചറിഞ്ഞപ്പോള്‍ തിലകന് ഏറെ അഭിമാനമായി. തിലകനെ ആര്‍ട്സ് ക്ലബ്ബില്‍ മെമ്പറാകാന്‍ സാംബശിവന്‍ ക്ഷണിച്ചു. ഇവിടെനിന്നാണ് പുരോഗമനപ്രസ്ഥാനങ്ങളുമായും കലാപ്രസ്ഥാനങ്ങളുമായുള്ള ജൈത്രയാത്ര തുടങ്ങിയത്്.

1955 ഡിസംബറില്‍ ഡല്‍ഹി ടാല്‍ക്കട്ടോറ ഗാര്‍ഡനില്‍വച്ച് രണ്ടാമത് ഇന്റര്‍ യൂണിവേഴ്സിറ്റി യൂത്ത്ഫെസ്റ്റിവലില്‍ ട്രാവന്‍കൂര്‍ യൂണിവേഴ്സിറ്റിയെ പ്രതിനിധാനംചെയ്ത്് നാടകം, സംഘനൃത്തം എന്നിവ അവതരിപ്പിക്കുന്നതിന് കലാകാരന്മാരെ തെരഞ്ഞെടുക്കാനുള്ള അറിയിപ്പുവന്നു. കൊല്ലം എസ്എന്‍ കോളേജില്‍നിന്ന് തിലകനും സാംബശിവനും പെരുമ്പുഴ ഗോപാലകൃഷ്ണനും വക്കം ബാബുവും മുസ്തഫ കമാലും തിരുവനന്തപുരത്തെത്തി യോഗ്യതാ മത്സരത്തില്‍ പങ്കെടുത്തു. രണ്ടാഴ്ചയ്ക്കുശേഷം ഫലം വന്നു. നാടകത്തില്‍ അഭിനയിക്കാന്‍ തിലകനെ തെരഞ്ഞെടുത്തു. പക്ഷേ ഡല്‍ഹിക്കുപോകാന്‍ പണമില്ല. അന്നത്തെ സുവോളജി പ്രൊഫസറും അഭിനേതാവുമായിരുന്ന ശിവപ്രസാദ് സാര്‍ നൂറുരൂപ സംഘടിപ്പിച്ചുകൊടുത്തു. അങ്ങനെ ഡല്‍ഹി ടാല്‍ക്കട്ടോറാ ഗാര്‍ഡനില്‍ ഇന്ത്യയിലെ 26 യൂണിവേഴ്സിറ്റികളെ പ്രതിനിധാനംചെയ്ത് കലാപരിപാടികള്‍ അവതരിപ്പിക്കപ്പെട്ടു. അതില്‍ തിരുവിതാംകൂറിനെ പ്രതിനിധാനംചെയ്ത് മലയാളനാടകവും തിരുവാതിരകളിയുമാണ് അവതരിപ്പിച്ചത്. മലയാളനാടകം കണ്ട അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേജിലെത്തി തിലകനുള്‍പ്പെടെയുള്ളവര്‍ക്ക് ഹസ്തദാനം നല്‍കി. പിന്നീട് കോളേജില്‍ തിരിച്ചെത്തിയപ്പോള്‍ ആര്‍ട്സ്ക്ലബ്ബിന്റെ നേതൃത്വത്തില്‍ തിലകന് വമ്പിച്ച സ്വീകരണവും നല്‍കി. ഇതിനിടെ കോളേജ് ഹോസ്റ്റലിലെ മോശപ്പെട്ട ഭക്ഷണം കഴിക്കില്ലെന്നുപറഞ്ഞ് വിദ്യാര്‍ഥികള്‍ ഒരുദിവസം പ്രശ്നം സൃഷ്ടിച്ചു. ചോറില്‍ പഴുതാര ചത്തുകിടന്നതു കണ്ടാണ് ഭക്ഷണം ബഹിഷ്കരിച്ച് വിദ്യാര്‍ഥികള്‍ സമരം നടത്തിയത്. പകരം ഭക്ഷണം നല്‍കിയതുമില്ല. എന്നാല്‍, കോളേജ് മാനേജ്മെന്റിന്റെ മേധാവികളായ മൂന്ന് അന്തേവാസികള്‍ക്ക് പുറത്തുനിന്ന് ഭക്ഷണം ഹോസ്റ്റല്‍ അധികൃതര്‍ എത്തിച്ചത് കൂട്ടക്കുഴപ്പത്തിനിടയാക്കി. രാത്രി ഹോസ്റ്റലിലെ ഫീസുകള്‍ ഊരിമാറ്റി. ചില അടിപിടിയുമുണ്ടായി. ഇതിലൊന്നും തിലകന് നേരിട്ട് പങ്കില്ലായിരുന്നു. പക്ഷേ, തിലകനെ അടക്കം രണ്ടുപേരെ ഹോസ്റ്റലില്‍നിന്ന് പുറത്താക്കി. മാപ്പെഴുതിക്കൊടുത്തില്ലെങ്കില്‍ കോളേജില്‍നിന്ന് പുറത്താക്കുമെന്ന് നോട്ടീസ് നല്‍കി. തെറ്റുചെയ്യാത്തതുകൊണ്ട് മാപ്പെഴുതിക്കൊടുക്കില്ലെന്ന് ശഠിച്ചു.

പ്രൊഫസര്‍ ശിവപ്രസാദ് നിര്‍ബന്ധിച്ച പ്രകാരം അവസാനം മാപ്പെഴുതിക്കൊടുക്കാന്‍ തിലകന്‍ തയ്യാറായി. പക്ഷേ, അത് കണക്കിലെടുക്കാതെ തിലകനെ കോളേജില്‍നിന്ന് പുറത്താക്കി. അങ്ങനെ ഡോക്ടറാകാനുള്ള പഠനമോഹം അവസാനിപ്പിച്ച് പൂര്‍ണ സമയ അഭിനയജീവിതത്തിലേക്ക് തിലകന്റെ ജീവിതം പറിച്ചുനടപ്പെടുകയായിരുന്നു. നാട്ടിലെത്തിയ തിലകന്‍ കൂട്ടുകാരുമായി ചേര്‍ന്ന് മുണ്ടക്കയം നാടകസമിതി രൂപീകരിച്ചു. അതിനുമുമ്പേ കമ്യൂണിസ്റ്റുപാര്‍ടിയുടെ സമ്മേളനങ്ങളിലെ ഗായകനായി. പാര്‍ടി സമ്മേളനങ്ങള്‍ക്ക് അന്ന് പ്രസിദ്ധീകരിച്ച നോട്ടീസുകളില്‍ എന്‍ബി ഇട്ട് മുണ്ടക്കയം തിലകന്റെ പാട്ടുണ്ടാകും എന്ന് ചേര്‍ത്തിട്ടുണ്ടായിരുന്നു. ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളുടെ തീച്ചൂളയിലൂടെയുള്ള വളര്‍ച്ചയാണ് തിലകനെ ഒരു മഹാനടനായി പാകപ്പെടുത്തിയത്.
(ആര്‍ എസ് ബാബു)

മടങ്ങിവരവ് അതിഗംഭീരം; മടക്കം മാപ്പിരക്കാതെ

സിനിമാലോകത്തെ അനാരോഗ്യപ്രവണതകളെ തുറന്നെതിര്‍ത്തതിന്റെ പേരില്‍ നിഷേധിയായി മുദ്രകുത്തപ്പെട്ട തിലകന്റെ മടക്കം ആരോടും മാപ്പിരക്കാതെ, ആരുടെയും മാപ്പപേക്ഷയ്ക്ക് കാത്തുനില്‍ക്കാതെ. മറുപക്ഷത്ത് തിലകനെന്ന മഹാപ്രതിഭയ്ക്ക് വിലക്കുകല്‍പ്പിച്ചവര്‍ മലയാളസിനിമയോട് ചെയ്തത് മാപ്പര്‍ഹിക്കാത്ത പാതകം. അപ്രിയ വിഷയങ്ങളുടെ പേരില്‍ നിരന്തരം കലഹിച്ച തിലകന്റെ ജീവിതം നിലയ്ക്കാത്ത പോരാട്ടമായിരുന്നു. അതുകൊണ്ടുതന്നെ മറ്റാര്‍ക്കും സാധിക്കാത്തവിധം, ആ തിരിച്ചുവരവ് അതിഗംഭീരമായി.

താരാധിപത്യം ചോദ്യംചെയ്ത് രംഗത്തുവന്ന തിലകനെ വാണിജ്യ സിനിമാലോകം ഒറ്റക്കെട്ടായി എതിര്‍ത്ത കാഴ്ചയാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കണ്ടത്. തിലകന്‍ ഉന്നയിച്ച കാര്യങ്ങളിലെ ഗുണദോഷങ്ങളിലേക്ക് കടക്കാതെ ശക്തര്‍ക്കൊപ്പം നിലകൊള്ളുക എന്ന നയമാണ് സിനിമാലോകം കൈക്കൊണ്ടത്. തിലകനാകട്ടെ ആരൊക്കെ ഒപ്പമുണ്ടെന്നത് നോക്കാതെ എതിര്‍പ്പിന്റെ മുന കൂര്‍പ്പിച്ചുകൊണ്ടിരുന്നു. ഏറ്റവുമൊടുവില്‍ കഴിഞ്ഞ ജൂണില്‍ ചേര്‍ന്ന "അമ്മ" ജനറല്‍ബോഡി തിലകന്‍ അപേക്ഷ നല്‍കിയാല്‍ തിരിച്ചെടുക്കുന്ന കാര്യം പരിഗണിക്കാമെന്ന് അറിയിച്ചു. ആ ഔദാര്യം തിലകന്‍ തള്ളി.

അമ്മ തെറ്റുതിരുത്തി തന്നെ തിരികെവിളിക്കട്ടെയെന്ന് ആവര്‍ത്തിച്ചു. സിനിമാസംഘടനകള്‍ക്ക് അനഭിമതനായ സംവിധായകന്‍ വിനയന്റെ യക്ഷിയും ഞാനും എന്ന ചിത്രത്തില്‍ എല്ലാ വിലക്കും മറികടന്ന് അഭിനയിച്ചതോടെയാണ് തിലകനെതിരെ ആക്രമണം ശക്തമായത്. അതിനുമുമ്പും മുഖ്യധാര സിനിമാസംഘടനാ പ്രവര്‍ത്തകര്‍ക്ക് അദ്ദേഹത്തോട് അത്ര യോജിപ്പില്ലായിരുന്നു. 1994ല്‍ രൂപീകരിച്ച അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിപ്പോലും തിലകനെ ഒരിക്കലും പരിഗണിച്ചിട്ടില്ല. വിനയന്‍ചിത്രത്തില്‍ വേഷമിട്ട തിലകനെതിരെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയാണ് ആദ്യം അച്ചടക്കത്തിന്റെ വാളുവീശിയത്. തിലകന്‍ അഭിനയിക്കുന്ന ചിത്രങ്ങളില്‍ സഹകരിക്കില്ലെന്നായിരുന്നു പരസ്യപ്രഖ്യാപനം. ജോഷിയുടെ "ക്രിസ്ത്യന്‍ ബ്രദേഴ്സി"ല്‍നിന്ന് ഒഴിവാക്കപ്പെട്ടതോടെ തനിക്കെതിരായ ആസൂത്രിതനീക്കത്തില്‍ താരങ്ങളില്‍ ചിലരുടെ പങ്ക് തിലകന്‍ തിരിച്ചറിഞ്ഞു. നിശിതമായ പ്രതികരണവുമായി രംഗത്തുവന്നു. സോഹന്‍റോയിയുടെ "ഡാം999"ല്‍നിന്ന് തിലകനെ ഒഴിവാക്കി എതിരാളികള്‍ "ശക്തി" പ്രകടിപ്പിച്ചു. അതോടെ അമ്മയ്ക്കും താരങ്ങള്‍ക്കുമെതിരെ തിലകന്‍ അതിരൂക്ഷമായ കടന്നാക്രമണം നടത്തി.

2010 ഏപ്രിലില്‍ അമ്മയില്‍നിന്ന് തിലകനെ പുറത്താക്കി. സിനിമയില്‍നിന്ന് വിട്ടുനില്‍ക്കേണ്ടിവന്ന കാലത്ത് നാടകത്തിലേക്ക് മടങ്ങിപ്പോകാന്‍ തിലകന്‍ തയ്യാറായി. എന്നാല്‍, സിനിമയിലേക്കുള്ള തിലകന്റെ മടങ്ങിവരവിന് രഞ്ജിത് എന്ന സംവിധായകന്‍ മുന്‍കൈയെടുത്തത് പ്രേക്ഷകലോകത്തെ ആഹ്ലാദിപ്പിച്ചു. ഇന്ത്യന്‍ റുപ്പിയിലെ അച്യുതമേനോന്‍ നായകവേഷത്തേക്കാള്‍ തിളക്കമുള്ളതായി. ഉസ്താദ് ഹോട്ടലിലൂടെ വീണ്ടും ഹൃദയങ്ങള്‍ കീഴടക്കിയപ്പോള്‍ പ്രേക്ഷകര്‍ എന്നും ഇഷ്ടപ്പെട്ട അഭിനയത്തികവിന്റെ പെരുന്തച്ചനുനേരെ വിലക്കിന്റെ വാളുവീശിയവര്‍ അപഹാസ്യരായി. രഞ്ജിത്തിന്റെ സ്പിരിറ്റിലും തിലകന്‍ കസറി. രോഗപീഡകള്‍ക്കും സിനിമയില്‍നിന്ന് തന്നെ തുരത്താന്‍ നടക്കുന്നവരുടെ കുത്സിതശ്രമങ്ങള്‍ക്കും കീഴടങ്ങാന്‍ മനസ്സില്ലെന്ന പ്രഖ്യാപനമായി ആ വേഷങ്ങള്‍.
(എം എസ് അശോകന്‍)

വിട്ടുവീഴ്ചയില്ലാത്ത അഭിനയപ്രതിഭ

""എവിടെ ആ വിജയമ്മ... ഡയലോഗ് തെറ്റിച്ചിട്ട് അവള് എവിടെയാ ഒളിച്ചത്...?""- നാടകം കഴിയുമ്പോള്‍ അലറിവിളിച്ചുകൊണ്ട് രോഷാകുലനായ തിലകന്‍ പിന്നണിയിലേക്ക് പാഞ്ഞെത്തുമ്പോഴേക്കും വിജയകുമാരി എവിടെയെങ്കിലും ഒളിച്ചിരിക്കും. തിലകന്‍ കളംവിട്ടിട്ടേ പിന്നെ പുറത്തുവരൂ. പക്ഷേ, ഇന്നും വേദിയില്‍ കയറുന്നതിനുമുമ്പ് തിലകന്റെ ശകാരം കാതില്‍ മുഴങ്ങും. പിന്നെ സംഭാഷണങ്ങള്‍ ഒന്നുകൂടി ഉറപ്പിച്ചിട്ടേ സ്റ്റേജില്‍ കയറൂ. കാളിദാസകലാകേന്ദ്രത്തില്‍ തിലകനൊപ്പം അഭിനയിച്ച നാലു നാടകങ്ങളും തികച്ചും പരിശീലനക്കളരികള്‍ തന്നെയായിരുന്നെന്ന് പ്രശസ്ത നടി വിജയകുമാരി ഓര്‍ക്കുന്നു.

സൗഹൃദവും സ്നേഹവും ഒക്കെയാണെങ്കിലും അഭിനയത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തിലകന്‍ തയ്യാറായിരുന്നില്ല. എത്ര വലിയ അഭിനേതാവായാലും അരങ്ങില്‍ തെറ്റിച്ചാല്‍ തിലകന്‍ ഉച്ചത്തില്‍തന്നെ വഴക്കുപറയും. അതുകൊണ്ട് ഒപ്പം അഭിനയിക്കുന്നവര്‍ തിലകനോടുള്ള ഭയത്തോടും നാടകത്തോടുള്ള മുഴുവന്‍ ആദരവോടും കൂടിത്തന്നെയായിരുന്നു വേദിയില്‍ കയറിയിരുന്നത്. സംഭാഷണം തെറ്റിച്ചതിനു പലതവണ വഴക്കുകേള്‍ക്കേണ്ടിവന്നിട്ടുണ്ടെങ്കിലും ആ അഭിനയപ്രതിഭയുടെ കലയോടുള്ള പ്രതിബദ്ധതയും ആദരവോടെ മാത്രമേ കണ്ടിട്ടുള്ളൂ. നാടകത്തിലും സിനിമയിലും ഒരുപോലെ മിന്നിയ ആ മഹാനടന്‍ രോഗശയ്യയില്‍നിന്നു വീണ്ടും തിരികെയെത്തുമെന്ന് ഉറച്ചുവിശ്വസിച്ചിരുന്ന വിജയകുമാരിയുടെ പ്രാര്‍ഥനകള്‍ വിഫലമാക്കി ഒത്തിരി അഭിനയമുഹൂര്‍ത്തങ്ങള്‍ ബാക്കിവച്ച് തിലകന്‍ വിടവാങ്ങി. കാളിദാസകലാകേന്ദ്രത്തിന്റെ മുത്തുച്ചിപ്പി, കടന്നല്‍കൂട്, യുദ്ധഭൂമി, കുറ്റവും ശിക്ഷയും എന്നീ നാടകങ്ങളിലാണ് തിലകന്‍ അഭിനയിച്ചത്. ഒപ്പം അഭിനയിക്കുന്നവരെ പരമാവധി പ്രോത്സാഹിപ്പിച്ചിരുന്നു. മാധവേട്ടനോട് (ഒ മാധവന്‍) ഏറെ സ്നേഹവും ബഹുമാനവും സൂക്ഷിച്ചിരുന്നു തിലകന്‍.

മാധവേട്ടന്‍ എന്തുപറഞ്ഞാലും മറുത്തൊന്നും പറഞ്ഞിരുന്നില്ല. തിലകന്‍ മികച്ച നടനാണെന്നും വലിയ ഭാവിയുണ്ടെന്നും മാധവേട്ടന്‍ കൂടെക്കൂടെ പറയുമായിരുന്നു. കാളിദാസകലാകേന്ദ്രം വിട്ടശേഷം പല ഗ്രൂപ്പുകളിലായി വിവിധ നാടകങ്ങളില്‍ അഭിനയിച്ചശേഷമാണ് സിനിമയില്‍ സജീവമായത്. കുറ്റവും ശിക്ഷയും എന്ന നാടകത്തില്‍ തിലകന്റെ ഭാര്യയായി അഭിനയിച്ച കൃഷ്ണവേണിയെ (കലാമണ്ഡലം ക്ഷേമാവതിയുടെ സഹോദരി) വഴക്കുപറഞ്ഞു കരയിക്കുന്ന ഒരു രംഗമുണ്ട്. സുന്ദരിയായ കൃഷ്ണവേണിചേച്ചിയോട് നാടകത്തില്‍ ഇത്ര ക്രൂരമായി പെരുമാറുന്ന തിലകനോട് അന്നു വീട്ടിലെ കുട്ടികള്‍ക്കെല്ലാം വലിയ വെറുപ്പായിരുന്നു. നാടകത്തിലെ കഥാപാത്രത്തെ അത്രമാത്രം ഭംഗിയായി തിലകന്‍ അവതരിപ്പിക്കുന്നതുകൊണ്ടാണ് ആ കഥാപാത്രത്തോട് വെറുപ്പുതോന്നുന്നതെന്ന് മാധവേട്ടന്‍ പറഞ്ഞുകൊടുത്തപ്പോഴാണ് കുട്ടികളുടെ വെറുപ്പുമാറിയത്. പിന്നെ തിലകനെ വലിയ ഇഷ്ടവും ബഹുമാനവുമായി. സിനിമയിലെത്തി വലിയ പേരും പ്രശസ്തിയും ഒക്കെയായിട്ടും കാളിദാസകലാകേന്ദ്രത്തെ തിലകന്‍ ഒരിക്കലും മറന്നില്ല.
(കെ ബി ജോയി)

താരതമ്യമില്ലാത്ത മഹാനടന്‍ : പിണറായി

മലയാളത്തിന്റെ താരതമ്യമില്ലാത്ത മഹാനടനായിരുന്നു തിലകനെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സമൂഹത്തിലെ അനീതികള്‍ക്കെതിരെ പ്രതികരിക്കുക എന്ന സാമൂഹ്യ ഉത്തരവാദിത്തം കലാകാരനെന്ന നിലയില്‍ കാത്തുസൂക്ഷിച്ച വ്യക്തിയായിരുന്നു തിലകന്‍. 1955-"56ല്‍ കൊല്ലം എസ്എന്‍ കോളേജില്‍ വിദ്യാര്‍ഥിയായി എത്തിയതുമുതല്‍ അഭിനയത്തിലെ അപൂര്‍വസിദ്ധി പ്രകടിപ്പിച്ച അദ്ദേഹം അന്നുമുതല്‍ ജീവിതാവസാനംവരെ പുരോഗമനാശയങ്ങളോടൊപ്പം സഞ്ചരിച്ചു.

താനൊരു കമ്യൂണിസ്റ്റ് സഹയാത്രികനാണെന്ന് പറയുന്നതില്‍ അഭിമാനംകൊണ്ട കലാകാരനായിരുന്നു തിലകന്‍. 1950കളിലും 1960കളിലും കമ്യൂണിസ്റ്റ് പാര്‍ടി സമ്മേളന വേദികളില്‍ ഗായകനായും അദ്ദേഹം എത്തിയിരുന്നു. ഓരോ കഥാപാത്രത്തിലേക്കും പരകായപ്രവേശം നടത്തി കഥാപാത്രങ്ങളെ ജീവസ്സുറ്റതാക്കി. മൂന്നുപതിറ്റാണ്ടിലേറെ സിനിമാരംഗത്തും അതിനു മുമ്പുമുതല്‍ നാടകരംഗത്തും വ്യക്തിത്വം സ്ഥാപിച്ച തിലകന്‍ മലയാള ചലച്ചിത്ര-നാടക അഭിനയലോകത്തെ ഭാവചക്രവര്‍ത്തിയായിരുന്നു. ശബ്ദത്തിന്റെ സിദ്ധിവിശേഷം ഇത്രയധികം പ്രകടിപ്പിച്ച മറ്റൊരു അഭിനേതാവില്ല. സ്വാഭാവിക അഭിനയം, അതിശയോക്തിയില്ലാത്ത അഭിനയം, ജീവിതവുമായി ബന്ധപ്പെട്ട അഭിനയം അതായിരുന്നു തിലകന്‍. അതുകൊണ്ടുതന്നെ, അഭിനയകലയ്ക്ക് എന്നും മാതൃകയാണ് അദ്ദേഹമെന്നും പിണറായി അനുസ്മരിച്ചു.

സാംസ്കാരിക കേരളത്തിന് നഷ്ടം: വി എസ്

തിലകന്റെ നിര്യാണം മലയാളസിനിമയ്ക്കുമാത്രമല്ല സാംസ്കാരിക കേരളത്തിനും പുരോഗമന പ്രസ്ഥാനങ്ങള്‍ക്കാകെയും നികത്താനാകാത്ത നഷ്ടമാണെന്ന് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. നാടകനടന്‍ എന്നനിലയിലും സിനിമാനടന്‍ എന്നനിലയിലും മറ്റാര്‍ക്കും കീഴടക്കാനാകാത്ത ഔന്നത്യമാണ് തിലകന്‍ കൈവരിച്ചത്. സിനിമാ വ്യവസായരംഗത്തെ മോശം പ്രവണതകള്‍ക്കെതിരെ ഒറ്റയാള്‍പ്പോരാട്ടം നടത്തി പരാജയപ്പെടാതെ നിന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉറ്റബന്ധുവായിരുന്നു തിലകന്‍. കലയിലും ജീവിതത്തിലും ആരുടെ മുമ്പിലും നട്ടെല്ല് വളയ്ക്കാത്ത ധീരനായ പോരാളിയായിരുന്നു. അനശ്വര കഥാപാത്രങ്ങളിലൂടെ അദ്ദേഹം ജീവിക്കും. ദീര്‍ഘകാലത്തെ സുഹൃദ്ബന്ധമാണ് ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നത്- വി എസ് അനുസ്മരിച്ചു.

അഭിനയകലയുടെ ആചാര്യന്‍: കോടിയേരി

അഭിനയകലയുടെ പെരുന്തച്ചനായിരുന്നു തിലകനെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു. തൊഴിലാളികളില്‍നിന്ന് പകര്‍ന്നുകിട്ടിയ സമരബോധവും വര്‍ഗബോധവും തിലകന്‍ എന്നും ഹൃദയത്തില്‍ സൂക്ഷിച്ചു. സമൂഹത്തിലെ നെറികേടുകള്‍ കണ്ടാല്‍ മുഖംനോക്കാതെ പ്രതികരിക്കുന്ന അദ്ദേഹത്തിന്റെ രീതി അത്തരത്തിലുള്ള ജീവിതപ്പാതകളില്‍നിന്ന് സ്വാംശീകരിച്ചതാണ്. കമ്യൂണിസ്റ്റ് സഹയാത്രികന്‍ എന്ന് പരിചയപ്പെടുത്തുന്നതില്‍ അദ്ദേഹം എന്നും അഭിമാനിച്ചിരുന്നു. അമ്പതുകളില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ സമ്മേളനവേദികളില്‍ ഗായകനായും അദ്ദേഹം നിറഞ്ഞുനിന്നു. തുടര്‍ന്ന് നാടകാഭിനയരംഗത്ത് ഉജ്വലമായ അഭിനയമുഹൂര്‍ത്തങ്ങള്‍ തിലകന്‍ അവിസ്മരണീയമാക്കി. സിനിമാ അഭിനയജീവിതത്തിലെ മൂന്ന് പതിറ്റാണ്ടുകാലംകൊണ്ട് പകരംവയ്ക്കാനാവാത്ത നടന്‍ എന്ന അടയാളപ്പെടുത്തല്‍ അദ്ദേഹത്തില്‍ വന്നുചേര്‍ന്നു. മലയാള സിനിമാവേദിയില്‍ അദ്ദേഹം ഉയര്‍ത്തിയ സംവാദങ്ങളും അഭിനേതാവിന്റെ ആവിഷ്കാരസ്വാതന്ത്ര്യത്തിനായി അദ്ദേഹം ഉയര്‍ത്തിയ ശബ്ദങ്ങളും ഏവര്‍ക്കുമറിയാം. അത്തരം സന്ദര്‍ഭങ്ങളില്‍ ഉശിരനായ പോരാളിയായിരുന്നു തിലകന്‍. അദ്ദേഹത്തിന്റെ അഭിനയപാടവം പുതുതലമുറയ്ക്ക് മാതൃകയാണെന്നും കോടിയേരി അനുസ്മരിച്ചു.

പ്രതിഭാശാലിയായ ധിക്കാരി: ബേബി

തിലകന്‍ ചേട്ടന്‍ അഭിനയരംഗത്തെ പ്രതിഭാശാലിയായ ധിക്കാരിയായിരുന്നുവെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി അനുസ്മരിച്ചു. കെപിഎസി നാടകങ്ങളും ഒ എന്‍ വി- ദേവരാജന്‍ ടീമിന്റെ ഗാനങ്ങളുമാണ് യുവാവായിരുന്നപ്പോള്‍ അദ്ദേഹത്തെ കലാലോകത്തേക്ക് ആകര്‍ഷിച്ചത്. അതുകൊണ്ടുകൂടിയാകാം നാടക- ചലച്ചിത്ര രംഗങ്ങളില്‍ ഔന്നത്യങ്ങള്‍ കീഴടക്കിയപ്പോഴും സാമൂഹ്യമാറ്റത്തിനായുള്ള പ്രയത്നങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും പ്രാധാന്യം അദ്ദേഹം ഹൃദയത്തോടടക്കിപ്പിടിച്ചത്. ഏറ്റവും പ്രിയപ്പെട്ടവരോടുപോലും നിലപാടുകളുടെ പേരില്‍ കലഹിക്കാന്‍ മടിക്കാത്ത മനസ്സായിരുന്നു അദ്ദേഹത്തിന്റേത്. വിയോജിക്കുമ്പോഴും വ്യക്തിബന്ധം കാത്തുസൂക്ഷിക്കാനും അദ്ദേഹത്തിന് അറിയാമായിരുന്നു. ഒറ്റപ്പാലത്ത് ലെനിന്‍ രാജേന്ദ്രനും ആലപ്പുഴയില്‍ മുരളിയും ലോക്സഭാ സ്ഥാനാര്‍ഥികളായി മത്സരിച്ചപ്പോള്‍ ആവേശപൂര്‍വം പിന്തുണയുമായി രംഗത്തിറങ്ങി. അഭിനയലോകത്തെ ഈ ബഹുമുഖപ്രതിഭയുടെ നഷ്ടം നികത്താനാകാത്തതാണ്- ബേബി അനുശോചനസന്ദേശത്തില്‍ പറഞ്ഞു.

അഭിനയത്തിന്റെ മര്‍മം കണ്ടറിഞ്ഞ മഹാനടന്‍

അഭിനയത്തിന്റെ മര്‍മം കണ്ടറിഞ്ഞ മഹാനടനെയാണ് തിലകന്റെ നിര്യാണത്തിലൂടെ നഷ്ടപ്പെട്ടതെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍ എംഎല്‍എ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. മൂന്നു പതിറ്റാണ്ടോളം മലയാള ചലച്ചിത്രവേദിയിലെ നിറസാന്നിധ്യമായിരുന്ന തിലകന് ജനഹൃദയങ്ങളില്‍ ഉന്നത സ്ഥാനം നേടാനായി. സിനിമയിലും നാടകത്തിലും ശക്തമായ നിരവധി കഥാപാത്രങ്ങളെ സമ്മാനിച്ചാണ് അദ്ദേഹം അരങ്ങൊഴിയുന്നത്. അദ്ദേഹത്തിന്റെ വേര്‍പാട് പുരോഗമന പ്രസ്ഥാനങ്ങള്‍ക്കും കനത്ത നഷ്ടമാണ്- ഇ പി പറഞ്ഞു.

*
ദേശാഭിമാനി 25 സെപ്തംബര്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

അരങ്ങില്‍ അരനൂറ്റാണ്ട് ചെറിയ ദൂരമല്ല. ഒരു മഹാനടനുമാത്രം സഞ്ചരിക്കാന്‍ കഴിയുന്ന ദൂരം. അഭിനയം വെള്ളിത്തിരയില്‍ മാത്രമാകുമ്പോഴാണ് നടന്‍ താരമാകുന്നത്. എന്നാല്‍, താരമാകാതെ ചലച്ചിത്രനടനായി അംഗീകരിക്കപ്പെടാന്‍ ഇഷ്ടപ്പെട്ട മഹാനടനാണ് തിലകന്‍. ആത്മവിശ്വാസവും ആത്മാര്‍പ്പണവും പൂര്‍ണതയും നിറഞ്ഞ നടനുമാത്രം കൈയെത്തിപ്പിടിക്കാവുന്ന അഭിനയമികവില്‍ താരങ്ങളെ അനായാസം മറികടന്ന അഭിനയപ്രതിഭ. നാടക അരങ്ങില്‍ മൂന്നു പതിറ്റാണ്ട്. അതു കഴിഞ്ഞ് വെള്ളിത്തിര. ഇടയ്ക്ക് മിനിസ്ക്രീനും. എവിടെയും കൈയൊപ്പ് ചാര്‍ത്തിയ കഥാപാത്രങ്ങള്‍. നാടകത്തിലൂടെയാണ് തിലകനിലെ നടന്‍ രൂപപ്പെടുന്നത്. കാലത്തിന്റെയും അഭിരുചികളുടെയും മാറ്റമനുസരിച്ച് അഭിനയം പാകപ്പെടുത്തി തിലകനിലെ നടന്‍ വളര്‍ന്നു. വെള്ളിത്തിരയിലെത്തി മലയാളിയുടെ അഹങ്കാരമായി മാറി.