Sunday, September 2, 2012

ജനവിരുദ്ധനയങ്ങളിലേക്ക് ജനശ്രദ്ധ തിരിയുമ്പോള്‍

കേരളത്തില്‍ വിവാദങ്ങളുടെ പെരുമഴയ്ക്ക് കുറവൊന്നുമില്ല. യുഡിഎഫ് സര്‍ക്കാര്‍തന്നെയാണ് വിവാദങ്ങളുടെ പ്രായോജകര്‍. ജനകീയപ്രശ്നങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിച്ച് ജനവിരുദ്ധനയങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ് ഈ വിവാദങ്ങള്‍ക്ക് മറവിലെ ദുഷ്ടലാക്ക്. വിശ്വപ്രശംസനേടിയ കേരള മോഡല്‍ വികസനം നോക്കുകുത്തിയാവുകയോ ചവറ്റുകുട്ടയിലെറിയപ്പെടുകയോ ചെയ്യുകയാണ്. പ്രതീക്ഷയ്ക്ക് ഒട്ടും വകയില്ലാത്ത തരത്തിലേക്ക് നീങ്ങുകയാണ് കാര്യങ്ങള്‍.

2012 ആഗസ്ത് 16- സര്‍ക്കാര്‍ജോലിയിലേക്ക് കണ്ണുംനട്ട് പിഎസ്സി റാങ്ക്ലിസ്റ്റില്‍പ്പെട്ട പതിനായിരക്കണക്കിന് വരുന്ന യുവജനങ്ങള്‍ക്ക് മാത്രമല്ല നിലവില്‍ ജോലിചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും കറുത്തദിനമാണ്. സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍സമ്പ്രദായം ഇല്ലാതാക്കി പങ്കാളിത്തപെന്‍ഷന്‍ കൊണ്ടുവരാനുള്ള തീരുമാനം പ്രഖ്യാപിക്കപ്പെട്ടത് അന്നാണ്. 2012 മുതല്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് മാത്രമേ ഇത് ബാധകമാകൂ എന്നാണ് മുഖ്യമന്ത്രിയുടെ ആണയിടല്‍. എന്നാല്‍, യാഥാര്‍ഥ്യം മറ്റൊന്നാണ്. പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള പിഎഫ്ആര്‍ഡിഎ ബില്‍ നിയമമാകുന്നതോടെ ഇത് നിലവിലുള്ള ജീവനക്കാര്‍ക്കും ബാധകമാകും. പുതിയ പെന്‍ഷന്‍പദ്ധതി സേവനദാതാക്കളായ സര്‍ക്കാര്‍ മേഖലയുടെ ആകര്‍ഷണീയത മുഴുവനും തല്ലിക്കെടുത്തും. നിയമാനുസൃത പെന്‍ഷന്‍ സമ്പ്രദായംതന്നെയാണ് സര്‍ക്കാര്‍ജോലിയുടെ എല്ലാകാലത്തെയും വലിയ മേന്മയായി കണ്ടിരുന്നത്. എന്നാല്‍, പുതിയ പെന്‍ഷന്‍പദ്ധതി മികവുള്ളവരെ മുഴുവന്‍ പുതിയമേച്ചില്‍പ്പുറം തേടാന്‍ പ്രേരിപ്പിക്കും.

അധ്യാപക- സര്‍വീസ് മേഖലകളുടെ നിലവാരം ആകെ തകരും. നിലവിലുള്ള പെന്‍ഷന്‍ സമ്പ്രദായപ്രകാരം വിരമിക്കുന്ന ജീവനക്കാര്‍ക്ക് അവസാനം വാങ്ങിയ ശമ്പളത്തിന്റെ പകുതിയാണ് പെന്‍ഷനായി ലഭിക്കുക. എന്നാല്‍ നിര്‍ദിഷ്ട പങ്കാളിത്ത പെന്‍ഷന്‍ അത്തരത്തിലുള്ള ഒരു ഉറപ്പും നല്‍കുന്നില്ല. അടിസ്ഥാന ശമ്പളത്തിന്റെ പത്തുശതമാനം ജീവനക്കാരും അത്രയും തുക സര്‍ക്കാരും പെന്‍ഷന്‍ ഫണ്ടിലേക്ക് നിക്ഷേപിക്കും. തുടര്‍ന്ന് ഈ തുക ഓഹരി കമ്പോളത്തില്‍ നിക്ഷേപിച്ച് അതിന്റെ ലാഭമെടുത്ത് പെന്‍ഷന്‍ നല്‍കാനാണ് പദ്ധതി. പെന്‍ഷന്‍ഫണ്ട് കൂടി ഫലത്തില്‍ ഊഹക്കച്ചവടത്തിലേക്ക് കടത്തിവിടുന്നുവെന്നാണ് അര്‍ഥം; അതുവഴി സ്വദേശ- വിദേശ കുത്തകകള്‍ക്കെല്ലാം ഇഷ്ടംപോലെ ഈ പണമെടുത്ത് പെരുമാറാം. കുത്തകകള്‍ക്ക് പണംകൊണ്ട് വീര്‍ക്കാമെന്നല്ലാതെ ഇതില്‍ വേറെ കാര്യമില്ല. ഓഹരിക്കമ്പോളത്തിന്റെ കയറ്റിറക്കങ്ങള്‍ പ്രകാരമുള്ള ദാക്ഷിണ്യങ്ങള്‍ക്ക് കൈനീട്ടി നില്‍ക്കേണ്ടിവരും പാവം പെന്‍ഷന്‍കാരന്‍! നിയമാനുസൃത പെന്‍ഷന്‍ സമ്പ്രദായത്തിലെ കുടുംബപെന്‍ഷന്‍, പങ്കാളിത്ത സമ്പ്രദായത്തില്‍ പൂര്‍ണമായും അസ്തമിക്കും. ഓഹരിക്കമ്പോളത്തിന്റെ തകര്‍ച്ച ഈ സമ്പ്രദായം നടപ്പാക്കിയ രാജ്യങ്ങളിലേതുപോലെ, പെന്‍ഷന്‍തന്നെ നഷ്ടമാകുന്ന ദുരന്തത്തിലെത്തിക്കും. വിരമിച്ചവരുടെ വരുമാനം ഒറ്റ ദിവസംകൊണ്ട് നിശ്ചലമാവും; കുടുംബങ്ങളുടെ ഭാവി അനിശ്ചിതത്വത്തിലാവും. പങ്കാളിത്ത പെന്‍ഷന്‍കൊണ്ട് സര്‍ക്കാരിന് നേട്ടമൊന്നുമില്ലെന്ന് പറയുന്ന മുഖ്യമന്ത്രി, പിന്നെ എന്തിന് ഇക്കാര്യത്തില്‍ അനാവശ്യധൃതിയെന്ന ചോദ്യത്തിന് ഇപ്പോഴും നിഗൂഢമായ മൗനം ദീക്ഷിക്കുകയാണ്. ഈ മൗനത്തിന്റെ കാണാപ്പുറം കണ്ടെത്താനും ചോദ്യം ചെയ്യാനും കേരളത്തിലെ യുവനജങ്ങള്‍ക്ക് ബാധ്യതയുണ്ട്.

പെന്‍ഷന്‍സമ്പ്രദായത്തെ ലാഭനഷ്ടക്കണക്കിന്റെ ഗ്രാഫ് വരച്ച് നോക്കിക്കാണുന്നത് ജനാധിപത്യ-ക്ഷേമരാഷ്ട്ര സങ്കല്‍പ്പങ്ങള്‍ക്ക് ഭൂഷണമല്ല. ജനതയുടെ ആയുര്‍ദൈര്‍ഘ്യം വര്‍ധിച്ചതിന്റെ പേരില്‍ യുവതലമുറ അവരുടെ ജീവിതാഭിലാഷങ്ങള്‍ ബലിനല്‍കണമെന്ന് പറയുന്നത് സുതാര്യതയില്‍ ഊറ്റംകൊള്ളുന്ന ഒരു സര്‍ക്കാരിന്റെ തൊടുന്യായമായേ ജനങ്ങള്‍ കാണൂ. പെന്‍ഷന്‍ നല്‍കുന്നതോടെ പ്രായമായവരുടെ സാമൂഹ്യസുരക്ഷിതത്വം സാധ്യമാകുന്നതോടൊപ്പം അത് സമൂഹത്തിന്റെ ആകെ വാങ്ങല്‍ശേഷിയെ ത്വരിതപ്പെടുത്തുകയും വികസനത്തിന് വലിയ മുതല്‍മുടക്കാവുകയുംചെയ്യും. പെന്‍ഷന്‍ ഇല്ലാതാകുന്നതോടെ സാമൂഹ്യവികസനംതന്നെ അവതാളത്തിലാവും. വാങ്ങല്‍ശേഷി ഇടിയുന്നതോടെ റവന്യൂ വരുമാനം കുത്തനെ കുറയും. അത് റവന്യൂകമ്മി വര്‍ധിക്കുന്നതിന് ഇടയാക്കും. പങ്കാളിത്ത പെന്‍ഷന്‍പദ്ധതി അക്ഷരാര്‍ഥത്തില്‍ നിലവിലുള്ള ജീവനക്കാരെയും പുതുതായി സര്‍വീസില്‍ വരുന്നവരെയും ഭിന്നിപ്പിച്ച് നിര്‍ത്താനുള്ള ഒരു പദ്ധതിമാത്രമായി വഴിമാറും.

പങ്കാളിത്ത പെന്‍ഷനോടൊപ്പം പെന്‍ഷന്‍പ്രായം അറുപതാക്കാനുള്ള തീരുമാനത്തിന്റെ സൂചനകളും പുറത്തുവന്നുകഴിഞ്ഞു. അതിനെ സാധൂകരിക്കുന്ന തരത്തില്‍ മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും പ്രസ്താവനകളും കേരളം കേട്ടുകഴിഞ്ഞു. തസ്തികകള്‍ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം മറ്റൊരുവഴിക്കും നടക്കുന്നു. കേരളത്തിന്റെ രൂക്ഷമായ തൊഴിലില്ലായ്മ പരിഗണിക്കാതെയുള്ള ഏതൊരു തീരുമാനവും ഗുരുതരമായ സാമൂഹ്യ പ്രത്യാഘാതം ക്ഷണിച്ചുവരുത്തും. 2011-ല്‍ വിവിധ തസ്തികകളിലേക്ക് പിഎസ്സിക്ക് ലഭിച്ച അപേക്ഷകളുടെ എണ്ണം 31,08,683 ആണ്. കേരളത്തിലെ അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മയും സര്‍ക്കാര്‍ തൊഴിലന്വേഷകരുടെ എണ്ണവും മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യാനാകാത്തവിധം ഭീമമാണ്. പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കല്‍ സര്‍ക്കാരിന്റെ നയമല്ലെന്ന് നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കിയയാളാണ് നമ്മുടെ മുഖ്യമന്ത്രി. എന്നാല്‍, പെന്‍ഷന്‍പ്രായം 56 ആക്കി ഉയര്‍ത്തിയപ്പോള്‍ അതിന് ന്യായം പറഞ്ഞത്, ജീവനക്കാരുടെ ബുദ്ധിമുട്ടുകള്‍ ദൂരീകരിക്കാനാണെന്നാണ്. ഒടുവില്‍, പെന്‍ഷന്‍പ്രായം 60 ആക്കുകതന്നെയാണ് യുഡിഎഫ് സര്‍ക്കാരിന്റെ നയമെന്ന് തെളിഞ്ഞിരിക്കുന്നു.

യുവജനങ്ങളുടെ വികാരമുള്‍ക്കൊണ്ട് പാക്കേജ് കൊണ്ടുവരുമെന്നും ഇക്കാര്യത്തില്‍ പ്രായോഗികമായ എന്തു നിര്‍ദേശവും സ്വീകരിക്കുമെന്നും നിയമസഭയിലെ ശ്രദ്ധക്ഷണിക്കലിന് (മാര്‍ച്ച് 22) മറുപടിയായി മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. എന്നാല്‍, എന്ത് പാക്കേജാണ് യുവജനങ്ങള്‍ക്കു വേണ്ടി സര്‍ക്കാരിന്റെ പരിഗണനയിലുള്ളതെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല. കൊട്ടിഘോഷിക്കപ്പെടുന്ന സംസ്ഥാനസംരംഭക മിഷന്‍ ഇപ്പോള്‍ വെറും വാഗ്ദാന മിഷന്‍മാത്രമാണ്. 2011 നവംബര്‍ ഒന്നിന് സംസ്ഥാന സ്വയംസംരംഭകകമീഷന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ വിശദമാക്കുക എന്ന ചോദ്യത്തിന് മറുപടിയായി ധനമന്ത്രി പറഞ്ഞ മറുപടി ഇങ്ങനെ (നക്ഷത്ര ചിഹ്നമിടാത്ത ചോദ്യം നമ്പര്‍ 6767): ഇന്ത്യയിലെ തൊഴിലില്ലാത്തവരില്‍ 10 ശതമാനം കേരളത്തിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. തൊഴിലില്ലാത്ത അഭ്യസ്തവിദ്യരാണ് ഇതില്‍ ഏറ്റവും കൂടുതല്‍. ഇവരുടെ തൊഴിലില്ലായ്മയ്ക്ക് പരിഹാരം ഉണ്ടാക്കുകയാണ് ഈ മിഷന്റെ പ്രവര്‍ത്തനലക്ഷ്യം. ഒരു ലക്ഷം പ്രത്യക്ഷ തൊഴിലവസരങ്ങളും, അഞ്ചുലക്ഷം പരോക്ഷ തൊഴിലവസരങ്ങളും ഉറപ്പാക്കും. എന്നാല്‍, വസ്തുത എന്താണെന്നതിന് മന്ത്രിയുടെ തന്നെ 2012 ജൂണ്‍ 18ന്റെ (നക്ഷത്ര ചിഹ്നമിടാത്ത ചോദ്യം നമ്പര്‍ 1717) മറുപടി,22 സംരംഭങ്ങള്‍ക്ക് തത്വത്തില്‍ അനുമതി നല്‍കിക്കഴിഞ്ഞിരിക്കുന്നു എന്നാണ്. മിഷന്‍ വെറും പ്രചാരണമിഷന് മാത്രമായിരുന്നുവെന്നതിന് വേറൊരു തെളിവ് ഇനി വേണ്ട. കാര്‍ഷിക വ്യാവസായിക സംരംഭം വേണ്ടത്ര വികസിച്ചിട്ടില്ലാത്ത കേരളത്തില്‍ പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കുന്നതോടെ സര്‍ക്കാര്‍ജോലി എന്ന പ്രതീക്ഷതന്നെ അസ്ഥാനത്താകും. ഏകദേശം 1400 പിഎസ്സി റാങ്ക്ലിസ്റ്റില്‍ നിയമനം കാത്തുകഴിയുന്ന പതിനായിരക്കണക്കിന് യുവജനങ്ങളുടെ സര്‍ക്കാര്‍ജോലി എന്ന സ്വപ്നം കരിഞ്ഞുണങ്ങും. രാജ്യത്തെ സംഘടിതമേഖലയിലെ തൊഴിലവസരങ്ങളില്‍ വന്ന ഇടിവ്, റെയില്‍വേ- ബാങ്കിങ് മേഖലകളിലെ തസ്തിക വെട്ടിക്കുറയ്ക്കലും ഔട്ട് സോഴ്സിങ്ങും തുടങ്ങി, മറ്റു വഴികളില്ലാതെ ഉദ്യോഗാര്‍ഥികള്‍ നെട്ടോട്ടമോടുമ്പോഴാണ് കേരള സര്‍ക്കാരിന്റെയും ഇടിത്തീയാകുന്ന തീരുമാനങ്ങള്‍! നെല്ലിയാമ്പതി വിവാദത്തിന്റെ പേരില്‍ ഊറ്റംകൊള്ളുന്ന യുഡിഎഫ് യുവ എംഎല്‍എമാര്‍ ഇക്കാര്യങ്ങളിലെല്ലാം കുറ്റകരമായ മൗനം പാലിക്കുകയാണ്.

യുവജനങ്ങളുടെ പ്രതീക്ഷയും സ്വപ്നങ്ങളും തകര്‍ക്കുന്ന സര്‍ക്കാര്‍നയങ്ങളെ അവര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് മാത്രമല്ല വിവാദങ്ങള്‍ സൃഷ്ടിച്ച് സര്‍ക്കാരിന്റെ നവലിബറല്‍ അജന്‍ഡകളെ സമര്‍ഥമായി ഒളിപ്പിക്കുകയുമാണ്. സാമാന്യബുദ്ധിയുള്ളവര്‍ക്ക് ഇത് എളുപ്പം തിരിച്ചറിയാനാവും. വൈദ്യുതിചാര്‍ജ്, തോട്ടംഭൂമി ടൂറിസം ആവശ്യത്തിന് ഉപയോഗിക്കല്‍, നെല്‍വയല്‍- നീര്‍ത്തട സംരക്ഷണ നിയമങ്ങളുടെ അട്ടിമറി, ഭൂപരിഷ്കരണനിയമം ഭൂമാഫിയകള്‍ക്കുവേണ്ടി ഭേദഗതി ചെയ്യല്‍, തൊഴിലില്ലായ്മ വേതന നിഷേധം, വിദ്യാഭ്യാസ മേഖലയിലെ പ്രീണന കച്ചവട നിലപാടുകള്‍, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് മനുഷ്യാവകാശകമീഷന്‍ പ്രഖ്യാപിച്ച ദുരിതാശ്വാസത്തില്‍ നിന്ന് മഹാഭൂരിപക്ഷം വരുന്നവരെ ഒഴിവാക്കല്‍- ഈ ജനകീയ പ്രശ്നങ്ങളോടെല്ലാം എന്ത് നിലപാടെടുത്തു നമ്മുടെ യുവതുര്‍ക്കികള്‍ എന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും. എന്തായാലും, അധികകാലം ഈ മുഖംമൂടികള്‍ക്ക് ആയുസ്സില്ലെന്ന് ജനങ്ങള്‍തന്നെ കാട്ടിക്കൊടുക്കും!

വാക്കും പ്രവൃത്തിയും ഇങ്ങനെ അജഗജാന്തരം വേറിട്ടുനില്‍ക്കുന്ന മറ്റൊരു ഭരണകൂടത്തെ കേരളം കണ്ടിട്ടുണ്ടാകില്ല. ജനസമ്പര്‍ക്കമെന്ന കണ്ണില്‍പ്പൊടിയിടലിലൂടെ സര്‍ക്കാര്‍ ജനവിരുദ്ധ നയങ്ങള്‍ ചാക്കില്‍കെട്ടി ഇറക്കുകയാണ്. കൂടാതെ ജനശ്രദ്ധ തിരിക്കാന്‍ കള്ളക്കേസുകളും ഹീനമായ വ്യക്തിഹത്യാശ്രമങ്ങളും. നേതാക്കളെ ജയിലിലടച്ച് പ്രവര്‍ത്തകരെ നിര്‍വീര്യമാക്കാമെന്ന കുടിലതന്ത്രമാണ് പയറ്റുന്നത്. വാദികളും പ്രതികളുമായി വിവാദങ്ങളുടെ സ്പോണ്‍സേര്‍ഡ് നാടകങ്ങള്‍ വേറൊരുഭാഗത്ത്. അതിലെ നായക- ഉപനായക വേഷങ്ങളായി യുവ എംഎല്‍എമാരുടെ വേറെ പ്രകടനങ്ങള്‍. എല്ലാം എല്ലാകാലത്തേക്കുമായി കണ്ടുനില്‍ക്കാന്‍ ഈ കേരളത്തിനു കഴിയില്ല. ഇവിടത്തെ പ്രബുദ്ധരായ യുവജനം പോരാട്ടവീറില്‍ ആളിക്കത്തുക തന്നെചെയ്യും.

*
ടി വി രാജേഷ് ദേശാഭിമാനി 01 സെപ്തംബര്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കേരളത്തില്‍ വിവാദങ്ങളുടെ പെരുമഴയ്ക്ക് കുറവൊന്നുമില്ല. യുഡിഎഫ് സര്‍ക്കാര്‍തന്നെയാണ് വിവാദങ്ങളുടെ പ്രായോജകര്‍. ജനകീയപ്രശ്നങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിച്ച് ജനവിരുദ്ധനയങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ് ഈ വിവാദങ്ങള്‍ക്ക് മറവിലെ ദുഷ്ടലാക്ക്. വിശ്വപ്രശംസനേടിയ കേരള മോഡല്‍ വികസനം നോക്കുകുത്തിയാവുകയോ ചവറ്റുകുട്ടയിലെറിയപ്പെടുകയോ ചെയ്യുകയാണ്. പ്രതീക്ഷയ്ക്ക് ഒട്ടും വകയില്ലാത്ത തരത്തിലേക്ക് നീങ്ങുകയാണ് കാര്യങ്ങള്‍.