Friday, November 30, 2012

ഗര്‍ഭച്ഛിദ്രത്തിന്റെ നിയമവഴികളിലൂടെ

ഗര്‍ഭച്ഛിദ്രത്തിനു അനുവദിക്കാത്തതിനെത്തുടര്‍ന്ന് അയര്‍ലന്‍ഡില്‍ സവിതാ ലപ്പാനവര്‍ മരിക്കാനിടയായത് ഗര്‍ഭച്ഛിദ്ര നിയമത്തെപ്പറ്റി ലോകത്താകെ ചര്‍ച്ചകള്‍ക്ക് ശക്തിപകരുകയാണ്. ഗര്‍ഭഛിദ്രം അനുവദിക്കാനും വിലക്കാനും വ്യത്യസ്ത മാനദണ്ഡങ്ങളാണ് വിവിവധ രാജ്യങ്ങളില്‍ നിലനില്‍ക്കുന്നത്. നിരുപാധികം ഗര്‍ഭഛിദ്രം അനുവദിക്കുന്ന രാജ്യങ്ങള്‍ മുതല്‍ ഒരുതരത്തിലും അത് അനുവദിക്കാത്ത രാജ്യങ്ങളും ലോകത്തുണ്ട്. അപാകതകളുണ്ടെങ്കിലും താരതമ്യേന യുക്തിസഹമായ നിയമം ഇന്ത്യയിലും നിലവിലുണ്ട്. ഗര്‍ഭച്ഛിദ്രത്തിന്റെ നിയമവശങ്ങളെപ്പറ്റി...
 
ഗര്‍ഭച്ഛിദ്രത്തിന് ഇന്ത്യയിലും നിയന്ത്രണങ്ങളുണ്ട്. ഗര്‍ഭം ധരിക്കാനും പ്രസവിക്കാനും സ്ത്രീക്ക് പൂര്‍ണ അവകാശമുണ്ടെങ്കിലും ഗര്‍ഭച്ഛിദ്രത്തിന് അനിയന്ത്രിതമായ അവകാശം സ്ത്രീക്കില്ല. 1971ല്‍ പാര്‍ലമെന്റ് പാസാക്കിയ നിയമം (Medical Termination of Pregnancy Act) ഇതനുസരിച്ച് രൂപപ്പെടുത്തിയതാണ്. രജിസ്ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍ക്ക് ചില പ്രത്യേക സാഹചര്യങ്ങളില്‍ ഗര്‍ഭച്ഛിദ്രം നടത്താമെന്ന് നിയമം പറയുന്നു. സാഹചര്യങ്ങള്‍ നിയമത്തില്‍ വിവരിക്കുന്നുണ്ട്.

പന്ത്രണ്ട് ആഴ്ചയില്‍ കുറവാണ് ഗര്‍ഭകാലമെങ്കില്‍ ഇത്തരം സാഹചര്യങ്ങളില്‍ ഒരു ഡോക്ടര്‍ക്ക് ഗര്‍ഭച്ഛിദ്രം നടത്താം. എന്നാല്‍ 12 മുതല്‍ 20 ആഴ്ചവരെയായ ഗര്‍ഭമാണെങ്കില്‍ രണ്ടു ഡോക്ടര്‍മാര്‍ ഒരേ അഭിപ്രായം പറഞ്ഞിട്ടുണ്ടെങ്കില്‍ മാത്രമേ ഗര്‍ഭച്ഛിദ്രം നിയമപരമാകൂ. നിയമപരമല്ലാത്ത ഗര്‍ഭച്ഛിദ്രം നടത്തിയാല്‍ ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

ഗര്‍ഭച്ഛിദ്രം അനുവദനീയമായ സാഹചര്യങ്ങള്‍ നിയമത്തില്‍ പറയുന്നതിങ്ങനെ:

ഗര്‍ഭം തുടര്‍ന്നാല്‍ അത് സ്ത്രീയുടെ ജീവന് അപകടമുണ്ടാകുമെന്ന് ഉത്തമവിശ്വാസം ഉണ്ടെങ്കില്‍ ഗര്‍ഭച്ഛിദ്രമാകാം. ഗര്‍ഭിണിയുടെ മാനസിക-ശാരീരിക ആരോഗ്യത്തെ അത് ഗുരുതരമായി ബാധിക്കുമെന്നുണ്ടെങ്കിലും ഗര്‍ഭച്ഛിദ്രം നടത്താം.

ജനിക്കുന്ന കുഞ്ഞിന് ശാരീരികമോ മാനസികമോ ആയ വൈകല്യം ഉണ്ടാകുമെന്ന് ഉറപ്പുണ്ടെങ്കിലും ഗര്‍ഭച്ഛിദ്രം നിയമപരമാണ്.

ബലാത്സംഗത്തിലൂടെ ഗര്‍ഭധാരണം ഉണ്ടായാല്‍ അത് ഒഴിവാക്കുന്നതിന് ഗര്‍ഭച്ഛിദ്രം അനുവദിക്കുന്നുണ്ട്. സന്താനിയന്ത്രണ സംവിധാനം ഉപയോഗിച്ചതിന്റെ തകരാറുമൂലമുള്ള ഗര്‍ഭവും അലസിപ്പിക്കാം.

പതിനെട്ടു വയസ്സ് പൂര്‍ത്തിയാകാത്തവര്‍ക്ക് ഗര്‍ഭഛിദ്രം നടത്തണമെങ്കില്‍ രക്ഷിതാവിന്റെ രേഖാമൂലമുള്ള സമ്മതം വേണം. 18 വയസ്സില്‍ കൂടുതലുണ്ടെങ്കിലും മാനസികവൈകല്യമുള്ള സ്ത്രീയാണെങ്കിലും രക്ഷിതാവിന്റെ അനുമതി ആവശ്യമാണ്. എല്ലായ്പ്പോഴും ഗര്‍ഭച്ഛിദ്രത്തിന് സ്ത്രീയുടെ അനുമതി രേഖാമൂലംതന്നെ വേണം. ഭര്‍ത്താവിന്റെ അനുമതി ആവശ്യമില്ല.

ഗര്‍ഭച്ഛിദ്രം സര്‍ക്കാര്‍ ആശുപത്രിയിലോ സര്‍ക്കാര്‍ ഇതിനായി അനുമതി നല്‍കിയ ആശുപത്രിയിലോ മാത്രമേ നടത്താവൂ എന്നും നിയമം വ്യവസ്ഥചെയ്യുന്നു.

ഈ വ്യവസ്ഥകളില്‍ത്തന്നെ തര്‍ക്കം ഉണ്ടാകാറുണ്ട്. 13 വയസ്സുള്ളപ്പോള്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിക്ക് ഗുജറാത്തിലെ മജിസ്ട്രേട്ട് കോടതി ഗര്‍ഭച്ഛിദ്രത്തിന് അനുമതി നിഷേധിച്ച സംഭവമുണ്ടായി. ക്രിമിനല്‍ക്കേസ് കോടതിയില്‍ നിലനില്‍ക്കുന്നതിനാലാണ് രക്ഷിതാക്കള്‍ കോടതിയുടെ അനുമതി തേടിയത്. എന്നാല്‍ ജനിക്കാന്‍ പോകുന്ന കുട്ടിക്ക് ആരോഗ്യപ്രശ്നം ഉണ്ടെന്ന് തെളിയിക്കാനായില്ലെന്ന കാരണം പറഞ്ഞാണ് കോടതി ആവശ്യം തള്ളിയത്്. ഈ ഉത്തരവ് റദ്ദാക്കിക്കിട്ടാന്‍ കുട്ടിയുടെ അച്ഛനമ്മമാര്‍ക്ക് ഹൈക്കോടതിയെ സമീപിക്കേണ്ടിവന്നു. 2010 ലായിരുന്നു ഇത്. കുട്ടിക്കും കുടുംബത്തിനും ഒട്ടേറെ മാനസികവും ശാരീരികവും സാമ്പത്തികവുമായ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ഇടയുള്ള ഗര്‍ഭം ഇല്ലാതാക്കാന്‍ ഹൈക്കോടതി അനുവദിച്ചു.

ഹൃദയത്തകരാറുണ്ടെന്നു കരുതുന്ന കുഞ്ഞിനെ ഗര്‍ഭച്ഛിദ്രത്തിലൂടെ ഇല്ലാതാക്കാന്‍ അനുമതി തേടിയ മുംബൈയിലെ നികിതയുടെയും ഭര്‍ത്താവ് ഹരേഷ് മേത്തയുടെയും ഹര്‍ജി മുംബൈ ഹൈക്കോടതി തള്ളിയതും ഇന്ത്യയിലെ ഗര്‍ഭച്ഛിദ്ര നിയമത്തെപ്പറ്റി ഏറെ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നു. 24 ആഴ്ചയായതിനാല്‍ ഗര്‍ഭച്ഛിദ്രം അനുവദിക്കാനാകില്ലെന്നായിരുന്നു കോടതി നിലപാട്. നിയമം 20 ആഴ്ചവരെയേ അനുവദിക്കുന്നുള്ളൂ. 2008 ആഗസ്ത് നാലിനാണ് നികിതയുടെ ആവശ്യം കോടതി തള്ളിയത്. എന്നാല്‍ 10 ദിവസത്തിനുശേഷം സ്വാഭാവികമായ ഗര്‍ഭച്ഛിദ്രമുണ്ടായി. നികിതയ്ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായതുമില്ല. ഗര്‍ഭച്ഛിദ്രത്തിന്റെ കാര്യത്തില്‍ സ്ത്രീക്ക് സ്വയം തീരുമാനിക്കാന്‍ കൂടുതല്‍ അവകാശം നല്‍കേണ്ടതല്ലേ എന്ന ചോദ്യം ഉയര്‍ത്തുന്നതായിരുന്നു ഈ സംഭവം.

മാനസികാരോഗ്യം കുറവുള്ള സ്ത്രീയുടെ ഗര്‍ഭധാരണാവകാശവും ഇന്ത്യയില്‍ നിയമത്തര്‍ക്കത്തിന് ഇടയാക്കിയിട്ടുണ്ട്. 2009ല്‍ സുപ്രീംകോടതി തീര്‍പ്പാക്കിയ സുചിത ശ്രീവാസ്തവ കേസ്  (Suchitha Srivastava  v. Chandigarh Administration) ഇത്തരത്തിലൊന്നാണ്. ബലാത്സംഗത്തിനിരയായി സര്‍ക്കാര്‍വക അനാഥാലയത്തില്‍ കഴിഞ്ഞ യുവതിയായിരുന്നു സുചിത ശ്രീവാസ്തവ. അവള്‍ ഗര്‍ഭിണിയായിരുന്നു. കുട്ടിയെ പ്രസവിക്കണമെന്ന് അവള്‍ ആഗ്രഹിച്ചു. പക്ഷേ അനാഥാലയ അധികൃതര്‍ ഗര്‍ഭച്ഛിദ്രം വേണമെന്നു ശഠിച്ചു. തര്‍ക്കം കോടതിയിലെത്തി. ഹരിയാന ഹൈക്കോടതി സര്‍ക്കാര്‍വാദം അംഗീകരിച്ച് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി. സുചിതയ്ക്ക് ബുദ്ധിമാന്ദ്യമുണ്ടാകും, കുട്ടിയെ വളര്‍ത്താന്‍ വിഷമിക്കും, കുട്ടിയെ വളര്‍ത്തുന്നത് സര്‍ക്കാരിന് സാമ്പത്തികബാധ്യതയാകും എന്നതടക്കം ഒരുപിടി വാദങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി വിധി. ചില സന്നദ്ധസംഘടനകളുടെ സഹായത്തോടെ സുചേത സുപ്രീംകോടതിയിലെത്തി. ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ അടങ്ങുന്ന മൂന്നംഗ ബെഞ്ചിന്റെ വിധി സുചിതയ്ക്ക് അനുകൂലമായിരുന്നു. മാനസികാരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്ന വ്യക്തികളുടെ പ്രത്യുല്‍പ്പാദനാവകാശം സംബന്ധിച്ച സുപ്രധാന വിധിയായാണ് ഇതു കരുതുന്നത്.

ഇന്ത്യന്‍ ഗര്‍ഭച്ഛിദ്ര നിയമത്തില്‍ പറയുന്നത് മാനസികരോഗമുള്ള സ്ത്രീക്ക് അവരുടെ രക്ഷിതാവിന്റെ അനുമതിയോടെ ഗര്‍ഭച്ഛിദ്രം നടത്താം എന്നാണ്. ഇരയാകുന്ന സ്ത്രീയുടെ അനുമതി നിര്‍ബന്ധമല്ല. ഈ വ്യവസ്ഥപ്രകാരമാണ് അനാഥാലയ അധികൃതര്‍ നീങ്ങിയത്.

2002 വരെ നിയമത്തില്‍ പറഞ്ഞിരുന്നത് ഒരു സ്ത്രീ ചിത്തഭ്രമമുള്ള വ്യക്തി (lunatic)യാണെങ്കില്‍ രക്ഷിതാക്കളുടെ അനുമതിയോടെ ഗര്‍ഭച്ഛിദ്രം നടത്താം എന്നാണ്. എന്നാല്‍ 2002ല്‍ "ചിത്തഭ്രമമുള്ള വ്യക്തി" എന്നതിനുപകരം "മാനസികരോഗമുള്ള (mentally ill) വ്യക്തി" എന്നാക്കിയിരുന്നു.

മാനസികരോഗം എന്ന നിര്‍വചനത്തിലും മാറ്റംവരുത്തി. അതനുസരിച്ച് "ബുദ്ധിമാന്ദ്യമല്ലാത്ത മറ്റെന്തെങ്കിലും ബുദ്ധിവൈകല്യം കാരണം ചികിത്സ ആവശ്യമുള്ളയാളെ"യാണ് മാനസികരോഗിയായി കരുതേണ്ടത്. ഈ നിര്‍വചനപ്രകാരം സുചിത മാനസികരോഗിയാകില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. വളരെ നേരിയതോതിലുള്ള ബുദ്ധിമാന്ദ്യം മാത്രമാണ് സുചിതയ്ക്കുള്ളത്. ഇത്തരത്തില്‍ ചെറിയതോതിലും മിതമായും ബുദ്ധിവൈകല്യമുള്ളവരെ സാധാരണ ജീവിതം നയിക്കാന്‍ അനുവദിക്കണം. അവരെ അതിന് സഹായിക്കണം. അത്തരക്കാര്‍ കൈക്കൊള്ളുന്ന തീരുമാനങ്ങളെ നിയമം മാനിക്കണം- കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ ഇപ്പോഴും ഈ വ്യവസ്ഥകളില്‍ അവ്യക്തത ഏറെയുണ്ടെന്നും അതുകൊണ്ട് നിയമം കൂടുതല്‍ സമഗ്രമാക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.

പല രാജ്യം; പലവിധം

ലോകരാജ്യങ്ങളില്‍ 97 ശതമാനത്തിലും ഗര്‍ഭച്ഛിദ്രം ഇന്ന് അനുവദനീയമാണ്. അനുമതിക്കുള്ള വ്യവസ്ഥകള്‍ വ്യത്യസ്തമാണെന്നുമാത്രം. ഒരുതരത്തിലുമുള്ള ഗര്‍ഭച്ഛിദ്രം അനുവദിക്കാത്ത ആറ് ലോകരാജ്യങ്ങള്‍ മാത്രമേ ഉള്ളൂ. ഇവയെല്ലാംതന്നെ കത്തോലിക്ക മതത്തിന് സ്വാധീനംകൂടിയ രാജ്യങ്ങളാണ്. മതവിശ്വാസവുമായി ബന്ധപ്പെടുത്തി ഇവിടെ നിലനില്‍ക്കുന്ന വിലക്ക് പുരോഗമന സര്‍ക്കാരുകള്‍ക്കുപോലും ഇതുവരെ എടുത്തുമാറ്റാന്‍ കഴിഞ്ഞിട്ടില്ല.

ഡൊമിനിക്കന്‍ റിപ്പബ്ലിക്, എല്‍സാല്‍വദോര്‍, നിക്കരാഗ്വ, ചിലി, മാള്‍ട്ട, വത്തിക്കാന്‍ എന്നിവിടങ്ങളിലാണ് പൂര്‍ണനിരോധം നിലനില്‍ക്കുന്നത്.

സവിതാ ഹലപ്പാനവരുടെ മരണത്തിലൂടെ വിവാദത്തിലായ അയര്‍ലന്‍ഡില്‍ ഗര്‍ഭിണിയുടെ ജീവന്‍ അപകടത്തിലാണെന്ന് ഉറപ്പായാല്‍ ഗര്‍ഭച്ഛിദ്രം അനുവദിക്കാമെന്ന വ്യവസ്ഥയുണ്ട്. പക്ഷേ ഇത് മിക്കപ്പോഴും നടക്കാറില്ല. സവിതയുടെ കാര്യത്തില്‍ അതാണ് സംഭവിച്ചത്. അയര്‍ലന്‍ഡില്‍ ഗര്‍ഭച്ഛിദ്രം എന്നും വിവാദ വിഷയമാണ്. പലവട്ടം ഹിതപരിശോധനതന്നെ ഈ പ്രശ്നം മുന്‍നിര്‍ത്തി അവിടെ നടന്നു.

അയര്‍ലന്‍ഡിനെപ്പോലെ കര്‍ശന വ്യവസ്ഥകളോടെ മാത്രം ഗര്‍ഭച്ഛിദ്രം അനുവദിക്കുന്ന രാജ്യങ്ങള്‍ വേറെയുമുണ്ട്. ഇറാഖ്, ലബനന്‍, ഖത്തര്‍, യുഎഇ, യെമന്‍, ഈജിപ്ത്, ലിബിയ, അഫ്ഗാനിസ്ഥാന്‍,ബംഗ്ലാദേശ്, ശ്രീലങ്ക, ഇന്തോനേഷ്യ, മ്യാന്‍മര്‍, ഗ്വാട്ടിമാല, ഹോണ്ടുറാസ്, വെനസ്വേല, അര്‍ജന്റീന, പരാഗ്വേ തുടങ്ങിയ രാജ്യങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍ ഈ രാജ്യങ്ങളിലെല്ലാം നിയമവിരുദ്ധമായ രീതിയില്‍ ഗര്‍ഭച്ഛിദ്രം നടക്കുന്നതായും പഠനങ്ങള്‍ പറയുന്നു.

അപേക്ഷിക്കുന്നവര്‍ക്കെല്ലാം ഗര്‍ഭച്ഛിദ്രം അനുവദിക്കുന്ന രാജ്യങ്ങളുമുണ്ട്. അമേരിക്ക, ബ്രിട്ടന്‍, കനഡ, ഫ്രാന്‍സ്, ജര്‍മനി, തുടങ്ങിയ വികസിത മുതലാളിത്ത രാജ്യങ്ങളും ചൈന, വിയത്നാം, വടക്കന്‍ കൊറിയ, ക്യൂബ എന്നീ സോഷ്യലിസ്റ്റ് രാജ്യങ്ങളും ഈ പട്ടികയിലുണ്ട്. മംഗോളിയ, കംബോഡിയ, സിംഗപ്പുര്‍, ദക്ഷിണാഫ്രിക്ക, റഷ്യ, ബള്‍ഗേറിയ, ഹംഗറി, ബഹ്റൈന്‍, തുര്‍ക്കി, നെതര്‍ലന്‍ഡ്സ്, ഓസ്ട്രിയ, സ്വിറ്റ്സര്‍ലന്‍ഡ്, സ്വീഡന്‍, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളും ഉദാരമായ ഗര്‍ഭച്ഛിദ്ര വ്യവസ്ഥകളുള്ള രാജ്യങ്ങളാണ്. സോവിയറ്റ് യൂണിയനില്‍ ഉള്‍പ്പെട്ടിരുന്ന ബഹുഭൂരിപക്ഷം രാജ്യങ്ങളിലും സോവിയറ്റ് സഖ്യത്തിലായിരുന്ന പോളണ്ട് ഒഴികെയുള്ള കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും ഈ രീതി നിലനില്‍ക്കുന്നു. ഓസ്ട്രേലിയയില്‍ പല സംസ്ഥാനങ്ങളില്‍ പല നിയമങ്ങളാണ്. എങ്കിലും ഭൂരിപക്ഷം പ്രദേശത്തും ഗര്‍ഭച്ഛിദ്രത്തിന് നിയമതടസ്സമില്ല.

ഗര്‍ഭച്ഛിദ്രം അനുവദിക്കുമ്പോള്‍തന്നെ ഗര്‍ഭത്തിലെ കുഞ്ഞ് പെണ്ണാണെങ്കില്‍ ഗര്‍ഭം അലസിപ്പിക്കുന്ന രീതി തടയാന്‍ നിയമങ്ങള്‍ പല രാജ്യങ്ങളിലുമുണ്ട്. ഇന്ത്യയിലും അത്തരം നിയമം  (Pre-conception and Pre-natal Diagnostic Techniques (Prohibition of Sex Selection) Act) നിലവിലുണ്ട്.

അര്‍ബുദ ചികിത്സ തടഞ്ഞും ഗര്‍ഭച്ഛിദ്ര നിയമം

ഗര്‍ഭച്ഛിദ്രത്തിന് അനുവദിക്കണമെന്ന ആവശ്യം നിഷേധിക്കപ്പെട്ട് ഇന്ത്യക്കാരി സവിതാ ഹലപ്പാനവര്‍ അയര്‍ലന്‍ഡില്‍ മരിക്കുന്നതിന് രണ്ടുമാസം മുമ്പ് കരീബിയന്‍ രാജ്യമായ ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ ഗര്‍ഭച്ഛിദ്രനിയമം കവര്‍ന്നത് പതിനാറുകാരിയുടെ ജീവന്‍.  രക്താര്‍ബുദം ബാധിച്ച പതിനാറുകാരിയാണ് 2012 ആഗസ്തില്‍. ചികിത്സ കിട്ടാതെ മരിച്ചത്. ചികിത്സ നല്‍കാന്‍ തടസ്സമായത്് ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ ഗര്‍ഭച്ഛിദ്ര നിയമവും.

ഒരു തരത്തിലുമുള്ള ഗര്‍ഭച്ഛിദ്രം അനുവദിക്കാത്ത രാജ്യമാണ് ഡൊമിനിക്കന്‍ റിപ്പബ്ലിക്. പെണ്‍കുട്ടിക്ക് രക്താര്‍ബുദം കണ്ടെത്തുമ്പോള്‍ അവള്‍ ഗര്‍ഭിണിയായിരുന്നു. ഉടന്‍ കീമോതെറാപ്പി തുടങ്ങണമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. എന്നാല്‍ ആശുപത്രി അധികൃതര്‍ വിസമ്മതിച്ചു. കീമോതെറാപ്പി ചെയ്താല്‍ ഗര്‍ഭസ്ഥശിശു മരിക്കുമെന്നും അത് രാജ്യത്തെ ഗര്‍ഭച്ഛിദ്ര നിയമത്തിന്റെ ലംഘനമാകും എന്നുമായിരുന്നു വാദം. കുട്ടിയുടെ അമ്മ റോസ ഹെര്‍ണാണ്ടസ് ആശുപത്രി അധികൃതര്‍ക്കും സര്‍ക്കാരിനും ഒട്ടേറെ അപേക്ഷ നല്‍കിയെങ്കിലും പരിഗണിക്കപ്പെട്ടില്ല. ഒടുവില്‍ കനത്ത സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ കീമോതെറാപ്പിക്ക് അനുമതി കിട്ടുമ്പോഴേക്ക് വളരെ വൈകി. കുട്ടിയുടെ നില വഷളായി; മരിച്ചു.

ഈ സംഭവം ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലും ഗര്‍ഭച്ഛിദ്രനിയമം മാറ്റണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങള്‍ക്കു വഴിവച്ചിട്ടുണ്ട്.

*
 അഡ്വ. കെ ആര്‍ ദീപ (advocatekrdeepa@gmail.com) Courtesy: Deshabhimani

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഗര്‍ഭച്ഛിദ്രത്തിനു അനുവദിക്കാത്തതിനെത്തുടര്‍ന്ന് അയര്‍ലന്‍ഡില്‍ സവിതാ ലപ്പാനവര്‍ മരിക്കാനിടയായത് ഗര്‍ഭച്ഛിദ്ര നിയമത്തെപ്പറ്റി ലോകത്താകെ ചര്‍ച്ചകള്‍ക്ക് ശക്തിപകരുകയാണ്. ഗര്‍ഭഛിദ്രം അനുവദിക്കാനും വിലക്കാനും വ്യത്യസ്ത മാനദണ്ഡങ്ങളാണ് വിവിവധ രാജ്യങ്ങളില്‍ നിലനില്‍ക്കുന്നത്. നിരുപാധികം ഗര്‍ഭഛിദ്രം അനുവദിക്കുന്ന രാജ്യങ്ങള്‍ മുതല്‍ ഒരുതരത്തിലും അത് അനുവദിക്കാത്ത രാജ്യങ്ങളും ലോകത്തുണ്ട്. അപാകതകളുണ്ടെങ്കിലും താരതമ്യേന യുക്തിസഹമായ നിയമം ഇന്ത്യയിലും നിലവിലുണ്ട്. ഗര്‍ഭച്ഛിദ്രത്തിന്റെ നിയമവശങ്ങളെപ്പറ്റി...