Friday, December 7, 2012

ചിരി അവസാനിക്കുന്നില്ല

പത്താം ക്ലാസ് മുതല്‍ കുട്ടികൃഷ്ണമാരാരുടെ ആരാധകനായിട്ടാണ് ഞാന്‍ വളര്‍ന്നത്. അക്കൊല്ലം ഞങ്ങള്‍ക്ക് പഠിക്കാനുണ്ടായിരുന്ന മാരാരുടെ ഭരണ്ട് അഭിവാദനങ്ങള്‍ എന്ന ലേഖനം വായിച്ചതോടെ ഞാന്‍ ആളാകെ മാറിപ്പോയി. ഭാരതപര്യടനം എന്ന പുസ്തകത്തിലെ ഒരധ്യായമാണത്. കുരുക്ഷേത്രയുദ്ധം ആരംഭിക്കുന്നതിനു തൊട്ടുമുമ്പ് ധര്‍മ്മപുത്രരും ശരശയ്യയില്‍ മരണം കാത്തുകിടക്കുന്ന സമയത്ത് കര്‍ണനും ഭീഷ്മരെ ചെന്നു കണ്ട് അഭിവാദ്യം ചെയ്യുന്ന രംഗങ്ങള്‍ താരതമ്യപ്പെടുത്തുന്ന പഠനമാണത്. ധര്‍മ്മപുത്രരുടേതിന് രൂപപ്പൊലിമ കൂടുമെങ്കിലും കര്‍ണന്റേതിനാണ് ഭാവപ്പൊലിമ എന്ന് മാരാര് സമര്‍ഥിക്കുന്നു. എനിക്ക് ആ ഭാഷാശൈലി വളരെ ഇഷ്ടമായി. തുളഞ്ഞുകയറുന്ന ആ രീതിയുടെ അടിയില്‍ക്കിടക്കുന്നത് യുക്തിയാണ്. മഹായുദ്ധത്തിന്റെ വിവരണവും മഹാരഥന്മാരുടെ വര്‍ണനയും തലയ്ക്കു പിടിച്ചു. ഞാനുണ്ടോ അതിനു മുമ്പ് ഇങ്ങനെ വല്ലതും വായിച്ചിട്ട്!

പിന്നെ, എന്റെ വായനയുടെയും ആലോചനയുടെയും തര്‍ക്കത്തിന്റെയും എല്ലാം പോക്ക് മാരാരുടെ വഴിക്കായിരുന്നു. അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ മിക്കതും വായിച്ചെത്തിച്ചു. ഗുരുവായൂരപ്പന്‍ കോളേജിലെ പ്രീ ഡിഗ്രി- ഡിഗ്രി കാലത്ത് എന്റെ പ്രണയം അപഹരിച്ചത് മാരാര്‍കൃതികളാണ്- ഭാരതപര്യടനം, രാജാങ്കണം, സാഹിത്യവിദ്യ, സാഹിത്യസല്ലാപം, മേഘസന്ദേശ പരിഭാഷ.... മറ്റും മറ്റും. ആ പക്ഷപാതം എന്റെ സാഹിത്യസങ്കല്‍പത്തിന്റെ അടിപ്പടവായിരുന്നു. സ്വാഭാവികമായും പുരോഗമന സാഹിത്യപ്രസ്ഥാനത്തോട് വലിയ എതിരുമായിട്ടാണ് ഞാന്‍ മുതിര്‍ന്നത്- മാരാര്‍ക്ക് വേണ്ടാത്തതൊന്നും എനിയ്ക്കും വേണ്ട! എസ് ഗുപ്തന്‍നായര്‍ എന്ന വിമര്‍ശകനോട് ഇമ്പം തോന്നിയിരുന്നു. സല്ലാപത്തിന്റെ സുഖം തരുന്ന ആ ശൈലിയാണ് പ്രധാന കാരണം. പിന്നെ, അദ്ദേഹത്തിന് മാരാരോട് ആനുകൂല്യമുണ്ട്. ഗുപ്തന്‍നായരുടെ ഇസങ്ങള്‍ക്കപ്പുറം എന്നൊരു ലേഖനസമാഹാരം ഞങ്ങള്‍ക്ക് ബി എയ്ക്ക് പഠിക്കാനുണ്ടായിരുന്നു. ഞങ്ങളത് രസിച്ചു പഠിച്ചു. അതിനിടയിലെപ്പോഴോ ആണ് അതിലെ വാദഗതികളെ എതിര്‍ത്തുകൊണ്ട് പി ഗോവിന്ദപ്പിള്ള എന്നൊരാള്‍ ഇസങ്ങള്‍ക്കിപ്പുറം എന്നു പേരായി ഒരു പുസ്തകം പുറത്തിറക്കിയിട്ടുണ്ട് എന്നു കേട്ടത്. ഞാനതൊന്നും ശ്രദ്ധിക്കാന്‍ പോയില്ല. എന്താവശ്യത്തിന്! ഗോവിന്ദപ്പിള്ള എന്ന് ഞാന്‍ കേട്ടിട്ടുണ്ട്. കമ്യൂണിസ്റ്റാണ്. ദേശാഭിമാനിക്കാരന്‍. സ്വാഭാവികമായും വലിയ പുരോഗമനക്കാരന്‍. ഗുപ്തന്‍നായരുടെ ലേഖനങ്ങളില്‍ അദ്ദേഹത്തോട് കാണിക്കുന്ന പരിഗണന ശ്രദ്ധയില്‍ വന്നപ്പോഴാണ് ഞാന്‍ അന്വേഷിച്ചത്. ഗോവിന്ദപ്പിള്ള മഹാപണ്ഡിതനാണ് എന്നു കേട്ടു. പാര്‍ടിക്കാരും ഇഷ്ടക്കാരുമൊക്കെ അദ്ദേഹത്തെ പീജി എന്നാണുപോല്‍ വിളിക്കാറ്. അവിടെയും ഇവിടെയും കണ്ട അദ്ദേഹത്തിന്റെ ലേഖനങ്ങളില്‍ ചിലതൊക്കെ പിന്നെ വായിച്ചുനോക്കി. എന്നെ ആകര്‍ഷിച്ചത് പ്രതിപാദനത്തിലെ സാരള്യമാണ്. ലളിതമായ ഭാഷയില്‍ കാര്യം പറയുന്നത് എനിയ്ക്ക് ബോധിച്ചു. അതും ഞാനാരോടും പറയാന്‍ പോയില്ല. അദ്ദേഹം എന്റെ എതിരാളിയാണല്ലോ! കോഴിക്കോട് ടൗണ്‍ ഹാളിലും മറ്റുമായി പ്രസംഗവേദികളില്‍ ആ മനുഷ്യനെ കണ്ടു. പ്രസംഗമൊന്നും എനിക്ക് പിടിച്ചില്ല. പുരോഗമനക്കാരെ മാരാര്‍ഭക്തനായ ഞാന്‍ ശ്രദ്ധിക്കാന്‍ പാടുണ്ടോ? എനിക്ക് അദ്ദേഹത്തെ ചെന്നു കാണണമെന്നോ പരിചയപ്പെടണമെന്നോ ഒന്നും തോന്നിയില്ല. പുരോഗമനക്കാരൊക്കെ അവരുടെ പാട്ടിന് പോട്ടെ!

മൂപ്പരെ നല്ലേരം അടുത്തുകണ്ട രംഗം ബഹു തമാശയാണ്: ഞാന്‍ കോഴിക്കോട് മീഞ്ചന്ത ഗവണ്‍മെന്റ് കോളേജില്‍ അധ്യാപകനായി ചേര്‍ന്ന കാലം. 1978. കോഴിക്കോട് ടൗണ്‍ ഹാളില്‍ അന്ന് പുരോഗമനക്കാരുടെ എന്തോ യോഗമുണ്ടെന്ന് കേട്ടിരുന്നു. ഞാനങ്ങോട്ടൊന്നും തിരിഞ്ഞുനോക്കിയില്ല. അന്നു വൈകുന്നേരം മാനാഞ്ചിറയുടെ മുമ്പിലൂടെ നടന്നുവരുമ്പോള്‍ കണ്ട രംഗം എന്നെ പിടിച്ചുനിര്‍ത്തി. നിരത്തിലെ ഉന്തുവണ്ടിക്കാരനോട് വാങ്ങിയ കൈതച്ചക്കയുടെ ചീന്ത് കടിച്ചീമ്പിക്കൊണ്ട് ഗോവിന്ദപ്പിള്ള യുവസുഹൃത്തുക്കളോട് വര്‍ത്തമാനം പറഞ്ഞു നില്‍ക്കുന്നു. തോളത്ത് അലക്ഷ്യമായി തൂങ്ങുന്ന തുണിസഞ്ചി. മുണ്ട് മാടിക്കെട്ടിയിരിക്കുന്നു. പ്രശസ്തനും പണ്ഡിതനും രാഷ്ട്രീയനേതാവും ആയ ഒരെഴുത്തുകാരന്‍ കൊച്ചുകുട്ടികളെപ്പോലെ നിരത്തുവക്കത്തുനിന്ന് കൈതച്ചക്ക തിന്നുന്നു! ആ കൗതുകത്തിന്റെ വശീകരണം തീര്‍ന്നുകിട്ടാഞ്ഞതിനാല്‍ ഞാന്‍ വീണ്ടും അങ്ങോട്ടുതന്നെ നോക്കി. അപ്പോള്‍ അദ്ദേഹം ചിരിച്ചുകൊണ്ട് വാത്സല്യത്തോടെ ചോദിച്ചു: ""എന്താ കാരശ്ശേരീ, കൈതച്ചക്ക വേണോ?"" ഞാന്‍ ബേജാറായി. ആ വലിയ മനുഷ്യനെ അങ്ങോട്ടറിയാം എന്നല്ലാതെ എന്നെ ഇങ്ങോട്ടറിയാം എന്ന് തീരെ ധരിച്ചിരുന്നില്ല. എത്രയോ കാലമായി പരിചയമുള്ള ഒരാളോടെന്നപോലെ, സ്വന്തക്കാരനോടെന്നപോലെയാണ് ചോദ്യം. ഞാന്‍ ഇളിഞ്ഞു. ഒരു നിമിഷം കഴിഞ്ഞാണ് ഞാന്‍ സമീപത്തേയ്ക്കു ചെന്നത്. എന്നിട്ട് രണ്ടും കല്‍പ്പിച്ച്, എത്രയോ അടുപ്പമുണ്ട് എന്ന ഭാവത്തില്‍ ചോദിച്ചു: ""പീജി എപ്പോഴെത്തി?""

ഓര്‍മയില്‍ തങ്ങിനില്‍ക്കുന്ന വേറൊരു രംഗം: അന്ന് ഞാന്‍ കലിക്കറ്റ് സര്‍വകലാശാലയില്‍ മലയാളവിഭാഗത്തില്‍ അധ്യാപകന്‍. അത്തവണത്തെ അക്കാദമിക് സ്റ്റാഫ് കോളേജിലെ മലയാളം അധ്യാപകര്‍ക്കുള്ള റിഫ്രഷര്‍ കോഴ്സിന്റെ കോ-ഓര്‍ഡിനേറ്റര്‍ ഞാനാണ്. പീജിയെ ക്ലാസെടുക്കാന്‍ വിളിച്ചു. സന്തോഷമായി ഏറ്റു. കാര്യം: ആയിടെ കാസര്‍കോട്ട് എന്തോ പരിപാടിയുണ്ട്. മടങ്ങുമ്പോള്‍ തേഞ്ഞിപ്പലം വഴി വരാം. പ്രശ്നമില്ല. രണ്ടു ദിവസം മുമ്പേ യാത്രയുടെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വേണ്ടി വിളിച്ചപ്പോള്‍ പറഞ്ഞു: ""ഒന്നും നിങ്ങള് നോക്കണ്ട. ഞാന്‍ സമയത്ത് അവിടെ എത്തിക്കൊള്ളാം."" കോഴ്സിന്റെ ക്ലാസ്സുകള്‍ ഒമ്പതരയ്ക്ക് തുടങ്ങും. ഞാന്‍ ക്യാമ്പസിലെ ക്വാര്‍ട്ടേഴ്സില്‍ താമസമാണ്. കോ-ഓര്‍ഡിനേറ്ററായ ഞാന്‍ ഒമ്പതിനേ എത്തും. അന്നു രാവിലെ എത്തുമ്പോള്‍ ക്ലാസ് നടക്കുന്ന മുറിയുടെ പുറത്ത് പീജിയെപ്പോലെ ഒരാള്‍ സൂട്ട്കേസ് കുത്തനെ വെച്ച് അതിന്മേല്‍ ഇരിക്കുന്നത് ദൂരത്തുനിന്നേ കണ്ടു. അടുത്തു ചെന്നുനോക്കുമ്പോള്‍ പി ജി തന്നെ! ഞാന്‍ ബേജാറായി. ""പി ജി, എന്തായിത്? ഒന്നു വിളിക്കായിരുന്നില്ലേ?"" ""ഓ, കാരശ്ശേരി ശകലം നേരത്തെ വരുമെന്ന് എനിക്കറിയാം. പിന്നെ ക്വാര്‍ട്ടേഴ്സിലേക്ക് ഫോണ്‍ ചെയ്ത് ബുദ്ധിമുട്ടിക്കുന്നതെന്തിനാ?"" പല്ലു തേച്ചിട്ടില്ല. മുഖം കഴുകിയിട്ടില്ല. കുളിച്ചിട്ടില്ല. വേഷം മാറിയിട്ടില്ല. പ്രാതല്‍ കഴിച്ചിട്ടില്ല. എത്ര നേരമായി ഈ ഇരിപ്പ് തുടങ്ങിയിട്ട്? എനിക്ക് സങ്കടവും ദേഷ്യവും മാനക്കേടും എല്ലാംകൂടി വന്നു. ഞങ്ങളുടെ അതിഥിയായി പി ജിയെപ്പോലൊരാള്‍ ക്യാമ്പസില്‍ വന്നിട്ട്... പി ജി ആ പ്രശസ്തമായ ചിരി ചിരിച്ചു: ""എല്ലാം നമുക്ക് പതിനഞ്ച് മിനുട്ടുകൊണ്ട് കഴിക്കാം."" ഉടനെത്തന്നെ അദ്ദേഹത്തെ ഒരു ഓട്ടോറിക്ഷയില്‍ വലിച്ചുകയറ്റി ഗസ്റ്റ് ഹൗസിലേക്ക് വിട്ടു. ആ പോക്കിലാണ് ആ വലിയ മനുഷ്യന്റെ ലാളിത്യവും വിനയവും ഞാന്‍ ശരിക്കും അനുഭവിച്ചത്.

വേറൊരു കഥ: എട്ടു പത്തു കൊല്ലം മുമ്പാണ്. പി ജി ചിന്തയ്ക്കുവേണ്ടി എന്റെ ഒരു ലേഖനസമാഹാരം ചോദിച്ചു. ഞാന്‍ വഴങ്ങിയില്ല. അക്കാലത്ത് കമ്യൂണിസ്റ്റുകാരല്ലാത്തവരുടെ പുസ്തകങ്ങള്‍ അധികമൊന്നും ആ സ്ഥാപനത്തിലൂടെ പുറത്തു വന്നിട്ടില്ല. എന്റെ മാറ്ററും കൊണ്ട് പി ജി കഷ്ടപ്പെടും എന്നു തോന്നി. നിര്‍ബന്ധം കൂടിയപ്പോള്‍ ഞാന്‍ ലേഖനങ്ങള്‍ തെരഞ്ഞെടുത്തും പരിഷ്ക്കരിച്ചും ഏറെ പണിയെടുത്ത് സമാഹാരം ഒരുക്കി. ഡിടിപി വന്ന കാലമാണ്. കമ്പോസിങ്, അച്ചുപിഴ പരിശോധന, പേജ് ലേഔട്ട് മുതലായവയെല്ലാം കഴിച്ച് ബട്ടര്‍ പേപ്പറാണ് അയച്ചുകൊടുത്തത്. ഉടനെ നന്ദി പറഞ്ഞുകൊണ്ട് മറുപടി വന്നു. പക്ഷേ, പുസ്തകം വരുന്നില്ല. മാസങ്ങള്‍ പലതു കഴിഞ്ഞു. ഒരു കൊല്ലം കഴിഞ്ഞ് ഞാന്‍ വിളിച്ചു. ഉടനെ വരും എന്ന് മറുപടി. പിന്നെയും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ എനിക്ക് മനസ്സിലായി, പുസ്തകം വരില്ല. പി ജി അതുംകൊണ്ട് കഷ്ടത്തിലായല്ലോ എന്ന് വ്യസനം തോന്നി. വീണ്ടും വിളിച്ചപ്പോള്‍ എനിക്ക് കുറച്ചുകൂടി സമയം തരണം എന്നു മറുപടി. കുറച്ചുമാസം കൂടി കഴിഞ്ഞപ്പോള്‍ ഞാന്‍ വളരെ വിനയത്തില്‍ ഒരു കത്തെഴുതി. ആ മാറ്ററ് മടക്കി അയച്ചോളൂ. ഞാന്‍ വേറെ കൊടുത്തുകൊള്ളാം. ആ ആഴ്ചതന്നെ സാധനം മടക്കിക്കിട്ടി. ചില സാഹചര്യങ്ങള്‍ കാരണം അതു പുറത്തിറക്കാന്‍ കഴിയാതെ വന്നതിലുള്ള ഖേദം പ്രകടിപ്പിക്കുന്ന ചെറിയൊരു കുറിപ്പ് കൂടെയുണ്ടായിരുന്നു. ആ കുറിപ്പില്‍ പരാമര്‍ശിക്കാത്ത മറ്റൊരു സാധനവും കവറില്‍ കണ്ടു- നൂറു രൂപയുടെ അഞ്ചു നോട്ടുകള്‍! എന്റെ ഡിടിപി ചെലവിലേയ്ക്ക് പി ജി സ്വന്തം പോക്കറ്റില്‍നിന്ന് അയച്ചതാണത് എന്ന് വ്യക്തമായിരുന്നു. അത് പരാമര്‍ശിക്കുവാന്‍കൂടി ആ മാന്യത അനുവദിച്ചില്ല! എന്റെ കണ്ണ് നഞ്ഞു. ഞാന്‍ ഉടനെ ആ രൂപ എം ഒ ആയി മടക്കി അയച്ചു. ഒപ്പം അയച്ച കത്തില്‍ സമാഹാരത്തിന് വേറെയും ആവശ്യക്കാരുണ്ട് എന്നും ഡിടിപി ചെലവുകള്‍ അവരില്‍നിന്ന് ഈടാക്കിക്കൊള്ളമെന്നും അദ്ദേഹത്തെ ആശ്വസിപ്പിച്ചിരുന്നു. ആ സമാഹാരമാണ് തൃശൂര്‍ കറന്റ് ബുക്സ് അടിച്ച പാഠാന്തരം. അതിന്റെ മുഖവുരയില്‍ പി ജിക്ക് നന്ദി പറഞ്ഞത് എന്തിനാണെന്ന് പലരും ചോദിച്ചു. ചിരിച്ചൊഴിഞ്ഞതല്ലാതെ, ഞാന്‍ ഈ കിസ്സയൊന്നും വിസ്തരിക്കാന്‍ പോയില്ല.

ഈ കഥയ്ക്ക് പിന്നെ ഒരനുബന്ധം ഉണ്ടായി. കുറച്ചുകഴിഞ്ഞ് വി കെ ജോസഫും കൂട്ടരും വന്ന് ചിന്തയ്ക്കു വേണ്ടി ഒരു ലേഖനസമാഹാരം ചോദിച്ചു. ഞാന്‍ പഴയ കഥയൊന്നും പാടിയില്ല. എങ്കിലും ""അതു വേണ്ട ജോസഫേ"" എന്ന് ശഠിച്ചു പറഞ്ഞു. പുസ്തകം വരികയില്ലെന്നും കൂട്ടത്തില്‍ കാച്ചി. മാറ്ററ് കിട്ടിയാല്‍ ഉടനെ പുസ്തകം വരുമെന്ന് ജോസഫ് ഏറ്റു. അപ്പോള്‍ ഞാന്‍ ഒരു നിബന്ധന വച്ചു. പി ജിയുടെ അവതാരികയോടുകൂടിയേ അടിക്കാവൂ. ""അതു നോക്കാം, മാറ്ററ് തരൂ""ഏറെ വൈകാതെ മാറ്റര്‍ അയച്ചുകൊടുത്തു. കൂട്ടത്തില്‍ പി ജിയെ ഫോണില്‍ വിളിച്ചു പറഞ്ഞു- "ചിന്ത അടിക്കാമെന്നു പറയുന്ന സമാഹാരത്തിന് അവതാരിക എഴുതിത്തരണം." ""കാരശ്ശേരിക്കെന്തിനാ അവതാരിക?"" എന്ന് പി ജി ഒഴിയാന്‍ നോക്കിയെങ്കിലും ഞാന്‍ വിട്ടില്ല. ഒടുക്കം അദ്ദേഹം ഏറ്റു. ഉടനെയൊന്നും അവതാരിക കിട്ടുകയുണ്ടായില്ല. തിരക്കുകള്‍. പ്രായം. രോഗം. ചിന്തക്കാര്‍ തിടുക്കം കൂട്ടി. ഞാന്‍ പറഞ്ഞു: ""പി ജി അവതാരിക എഴുതിക്കഴിഞ്ഞിട്ട് നമുക്ക് അച്ചടിക്കാം.""പുസ്തകത്തിന്റെ പണിയെല്ലാം കഴിഞ്ഞ് അവതാരിക കാത്ത് ഇരിക്കുകയാണെന്ന് പ്രസാധകര്‍ ഒന്നുരണ്ടു വട്ടം ഓര്‍മിപ്പിച്ചു. അങ്ങനെയാണ് ഞാന്‍ ആദ്യം അദ്ദേഹത്തിന്റെ വീട്ടില്‍ പോകുന്നത്. ഒപ്പം അജയപുരം ജ്യോതിഷ്കുമാറും ഉണ്ടായിരുന്നു.

ഉടനെ എഴുതാം എന്ന് എന്നെ ആശ്വസിപ്പിച്ചു. മകള്‍ പാര്‍വതിയെ ഞാന്‍ പ്രത്യേകം ശട്ടം കെട്ടിയിരുന്നു. അച്ഛനെ ഇടയ്ക്ക് അതൊന്ന് ഓര്‍മിപ്പിക്കണം. തിരിക്കുകള്‍ക്കിടയിലും പീജി അതെഴുതണം എന്നെനിക്ക് എന്തിനെന്നറിയാത്ത ഒരു വാശി തോന്നി. ഒടുക്കം ചിന്തക്കാര്‍ കൂടി മിനക്കെട്ടിട്ടാണ് എഴുതിക്കിട്ടിയത്. അങ്ങനെയാണ് നായ്ക്കള്‍ക്കു പ്രവേശനമില്ല എന്നു പേരായ ലേഖനസമാഹാരം പി ജിയുടെ അവതാരികയുമായി പുറപ്പെട്ടത്. ഞാന്‍ അദ്ദേഹത്തെ നിശിതമായി വിമര്‍ശിച്ചു പ്രസംഗിച്ച കഥയും രസമാണ്. കോട്ടയത്ത് പാലായിലെ ഓശാനാ മൗണ്ട്. ജോസഫ് പുലിക്കുന്നേലിന്റെ കളരി. അവിടെ സ്കറിയാ സക്കറിയ സംഘടിപ്പിക്കുന്ന മൂന്നു ദിവസത്തെ ക്യാമ്പ്. ഞാന്‍ നവോത്ഥാന ചര്‍ച്ചയില്‍ അധ്യക്ഷനാണ്. മൂന്നു മണിക്കൂര്‍ സമയം. പി ഗോവിന്ദപ്പിള്ളയുടെ പ്രബന്ധം മാത്രമേയുള്ളൂ. നവോത്ഥാനം എന്നത് യൂറോപ്പിനെ മാത്രം കേന്ദ്രീകരിച്ച് ചര്‍ച്ചചെയ്യേണ്ടതല്ല എന്ന് വിസ്തരിച്ചുകൊണ്ടാണ് പി ജി തുടങ്ങിയത്. ഒരു മണിക്കൂര്‍ കേരളീയ നവോത്ഥാനത്തെപ്പറ്റി പ്രൗഢഗംഭീരമായി സംസാരിച്ചു. ചട്ടമ്പിസ്വാമികള്‍, ശ്രീനാരായണഗുരു, വാഗ്ഭടാനന്ദന്‍, സഹോദരന്‍ അയ്യപ്പന്‍ തുടങ്ങി എല്ലാ വന്‍ രൂപങ്ങളും ആ അവതരണത്തില്‍ വന്നുനിറഞ്ഞു. കാര്യമായ ചര്‍ച്ചയൊന്നും നടന്നില്ല. സമയമുണ്ട്. എനിക്കാണെങ്കില്‍ കലി അടങ്ങുന്നുമില്ല. ഞാന്‍ എണീറ്റ് പറഞ്ഞു: ""അധ്യക്ഷന്‍ പ്രബന്ധകാരനെ വിമര്‍ശിച്ചു സംസാരിക്കുന്നത് മര്യാദയാണോ എന്നറിഞ്ഞുകൂടാ. ഞാന്‍ ഏതായാലും ആ മര്യാദകേട് ചെയ്യാന്‍ പോവുകയാണ്. പി ജി ഇവിടെ നവോത്ഥാനചര്‍ച്ചകള്‍ യൂറോ കേന്ദ്രിതമാവുന്നതിന്റെ അപകടത്തെപ്പറ്റി പറഞ്ഞു. ഞാന്‍ അതിനോട് പൂര്‍ണമായി യോജിക്കുന്നു. ആ തകരാറ് അദ്ദേഹത്തിന്റെ പ്രബന്ധാവതരണത്തിലും സംഭവിച്ചു എന്നാണ് എനിക്കു പറയാനുള്ളത്. കേരളത്തില്‍ നവോത്ഥാനം ജാതിസമുദായങ്ങളില്‍ മാത്രമേ നടന്നിട്ടുള്ളോ?

ക്രിസ്ത്യാനികള്‍ക്കും മുസ്ലിങ്ങള്‍ക്കും ഇടയില്‍ നടന്ന നവോത്ഥാന ശ്രമങ്ങളെ കേരളീയ നവോത്ഥാനത്തില്‍ നിന്ന് ഒഴിച്ചുനിര്‍ത്തുന്നത് അനീതിയല്ലേ? ഉദാഹരണമായി സനാഉള്ളാ മക്തി തങ്ങള്‍, ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി, ശൈഖ് ഹമദാനി തങ്ങള്‍, വക്കം മൗലവി മുതലായവര്‍ കേരളത്തിലെ മുസ്ലിങ്ങള്‍ക്കിടയില്‍ നടത്തിയ പരിശ്രമങ്ങള്‍....."" ഞാന്‍ ഇരുപതു മിനിറ്റു നേരം കത്തിക്കയറി. ചെറിയ സദസ്സാണ്. അധികവും വിദ്യാര്‍ഥികള്‍. പിന്നെ കുറേ ഗവേഷകര്‍. കുറച്ച് അധ്യാപകരുമുണ്ട്. സദസ് ലേശമൊന്നമ്പരന്നു. പിജി എന്തു പറയും? ഞാന്‍ ഇരുന്ന ഉടനെ പി ജി എഴുന്നേറ്റു: ""കാരശ്ശേരി ഇവിടെപ്പറഞ്ഞത് നൂറു ശതമാനം ശരിയാണ്. ഇപ്പറഞ്ഞ പേരുകളില്‍ മിക്കതും ഞാന്‍ കേട്ടിട്ടില്ല. അതിനുത്തരവാദി കാരശ്ശേരി തന്നെയാണ്. അദ്ദേഹം ഇതിനെപ്പറ്റിയൊന്നും ലേഖനമോ പുസ്തകമോ എഴുതിയിട്ടില്ല. നമ്മളാരും ഇതൊന്നും അറിയുന്നില്ല. അതുകൊണ്ട് എന്റെ പ്രബന്ധത്തിന്റെ പരിമിതിയുടെ കുറ്റം അദ്ദേഹം ഏല്‍ക്കണം."" സദസ് ആഹ്ലാദപൂര്‍വം കൈയടിച്ചു. അദ്ദേഹം ഒരു കാര്യവുംകൂടി പറഞ്ഞു; ""കാരശ്ശേരി ഇതിനെപ്പറ്റി ഉടനെ ഒരു പുസ്തകമെഴുതണം. അത് അച്ചടിക്കുന്ന കാര്യം ഞാന്‍ ഏറ്റു."" സദസ് വീണ്ടും കൈയടിച്ചു. എന്റെ കൈയുംപിടിച്ചാണ് പി ജി തീന്‍മേശയിലേക്കു നടന്നത്. അന്ന് ഞങ്ങള്‍ ഒന്നിച്ച് ഊണു കഴിച്ചു. ആ നേരം മുഴുവന്‍ ഈ പുസ്തകം എങ്ങനെ എഴുതണം എന്ന് വിസ്തരിച്ചുകൊണ്ടേയിരുന്നു. പിന്നെ, കണ്ടപ്പോഴൊക്കെ ആദ്യം ചോദിച്ചത് ഈ പുസ്തകത്തെപ്പറ്റിയായിരുന്നു. കഷ്ടം! ഞാനത് ഇതേവരെ എഴുതിയില്ല.

പത്തുപന്ത്രണ്ട് കൊല്ലം മുമ്പത്തെ ആ ഭാഷാപോഷിണി വിവാദം എല്ലാവര്‍ക്കും ഓര്‍മകാണും. ജോണി ലൂക്കോസുമായുള്ള അഭിമുഖത്തില്‍ പി ഗോവിന്ദപ്പിള്ള ഇ എം എസിനെ വിമര്‍ശിച്ചു! എല്ലാ കേരളീയരെയും പോലെ, ഞാനും അത് വായിച്ച് അമ്പരന്നു. പിറ്റേന്നു രാവിലെ ഫോണില്‍ വിളിച്ചു. എ കെ ജി സെന്ററില്‍ പോയി എന്ന മറുപടി കേട്ട് ഞാന്‍ പിന്നെയും അമ്പരന്നു! രാത്രി വിളിച്ചപ്പോള്‍ ആളെ കിട്ടി. ആ മറുപടി കേട്ട് ഞാന്‍ മൂന്നാമതും അമ്പരന്നു: ""അതൊക്കെ ഞാന്‍ പറഞ്ഞതുതന്നെയാ കാരശ്ശേരീ. അവര്‍ എന്തെങ്കിലും വളച്ചൊടിക്കുകയോ, കൂട്ടിച്ചേര്‍ക്കുകയോ ചെയ്തിട്ടില്ല."" ആ നിലപാടിന് കൊടുക്കേണ്ട വില ആ മനുഷ്യന്‍ കൊടുത്തു. പാര്‍ടിയുടെ ശിക്ഷാവിധികള്‍ ഏറ്റുവാങ്ങി എ കെ ജി സെന്ററില്‍ കഴിഞ്ഞു. അതിനെപ്പറ്റിയൊന്നും ഒരു പരാതിയും ഉണ്ടായില്ല. പി ഗോവിന്ദപ്പിള്ളയ്ക്ക് എന്താണ് വേണ്ടിയിരുന്നത്? അധികാരം, സ്ഥാനം, മാനം, പണം, പ്രശസ്തി- ഒന്നിലും അദ്ദേഹത്തിന് ഒരിമ്പവും കമ്പവും ഉള്ളതായി തോന്നിയിട്ടില്ല.

യൗവനകാലത്ത് സന്യസിക്കാന്‍ പോയതായി കേട്ടിട്ടുണ്ട്. എന്നും ആ പണ്ഡിതന്റെ ഉള്ളില്‍ ഒരു സന്യാസി കുടിപാര്‍ക്കുന്നുണ്ടായിരുന്നു. ആകപ്പാടെ വേണ്ടിയിരുന്നത് ഇത്രമാത്രം- എ കെ ജി സെന്ററില്‍ ഒരു മുറി, പിന്നെ ധാരാളം പുസ്തകങ്ങള്‍, പിന്നെയും ധാരാളം പുസ്തകങ്ങള്‍...... മരിച്ചുപോയ നമ്മുടെ ചിന്ത രവി ഗോവിന്ദപ്പിള്ളയ്ക്ക് കൊടുത്ത വിശേഷണത്തെപ്പറ്റി ഒരിക്കല്‍ കെ സി നാരായണന്‍ പറയുകയുണ്ടായി: "പുസ്തകലമ്പടന്‍." മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ നടന്ന ഇ എം എസ് സെമിനാറിലെ ആ രംഗം ഓര്‍ത്തെടുക്കാന്‍ രസമുള്ളതാണ്. ടി കെ ഹംസയുടെ മുറിയില്‍നിന്ന് അദ്ദേഹത്തോടൊപ്പം ഞാന്‍ പുറത്തേക്കു വരുമ്പോള്‍ വരാന്തയിലൂടെ പി ജി വരുന്നു. എന്നെ കെട്ടിപ്പിടിച്ച് ചിരിച്ചെങ്കിലും ലോഹ്യം പറഞ്ഞത് ഹംസയോടാണ്: ""ഹംസാ, നമ്മള്‍ക്കീ കാരശ്ശേരിയെ കമ്യൂണിസ്റ്റാക്കിയാലോ?"" ഞങ്ങള്‍ പൊട്ടിച്ചിരിച്ചു. ഹംസയുടെ മറുപടി: ""മൂപ്പര് ഇപ്പത്തന്നെ കമ്യൂണിസ്റ്റല്ലേ?"" പെട്ടെന്ന്, അടുത്ത മുറിയില്‍നിന്ന് പിണറായി വിജയന്‍ വരാന്തയിലേയ്ക്കു പ്രവേശിച്ചത് അന്തരീക്ഷത്തിന് ഗൗരവം പകര്‍ന്നു. പീജിയുടെ സര്‍വാശ്ലേഷിയായ വിടര്‍ന്ന ചിരി പക്ഷേ, അപ്പോഴും അവസാനിച്ചിരുന്നില്ല.

*
എം എന്‍ കാരശ്ശേരി ദേശാഭിമാനി വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പത്താം ക്ലാസ് മുതല്‍ കുട്ടികൃഷ്ണമാരാരുടെ ആരാധകനായിട്ടാണ് ഞാന്‍ വളര്‍ന്നത്. അക്കൊല്ലം ഞങ്ങള്‍ക്ക് പഠിക്കാനുണ്ടായിരുന്ന മാരാരുടെ ഭരണ്ട് അഭിവാദനങ്ങള്‍ എന്ന ലേഖനം വായിച്ചതോടെ ഞാന്‍ ആളാകെ മാറിപ്പോയി. ഭാരതപര്യടനം എന്ന പുസ്തകത്തിലെ ഒരധ്യായമാണത്. കുരുക്ഷേത്രയുദ്ധം ആരംഭിക്കുന്നതിനു തൊട്ടുമുമ്പ് ധര്‍മ്മപുത്രരും ശരശയ്യയില്‍ മരണം കാത്തുകിടക്കുന്ന സമയത്ത് കര്‍ണനും ഭീഷ്മരെ ചെന്നു കണ്ട് അഭിവാദ്യം ചെയ്യുന്ന രംഗങ്ങള്‍ താരതമ്യപ്പെടുത്തുന്ന പഠനമാണത്. ധര്‍മ്മപുത്രരുടേതിന് രൂപപ്പൊലിമ കൂടുമെങ്കിലും കര്‍ണന്റേതിനാണ് ഭാവപ്പൊലിമ എന്ന് മാരാര് സമര്‍ഥിക്കുന്നു. എനിക്ക് ആ ഭാഷാശൈലി വളരെ ഇഷ്ടമായി. തുളഞ്ഞുകയറുന്ന ആ രീതിയുടെ അടിയില്‍ക്കിടക്കുന്നത് യുക്തിയാണ്. മഹായുദ്ധത്തിന്റെ വിവരണവും മഹാരഥന്മാരുടെ വര്‍ണനയും തലയ്ക്കു പിടിച്ചു. ഞാനുണ്ടോ അതിനു മുമ്പ് ഇങ്ങനെ വല്ലതും വായിച്ചിട്ട്!