Tuesday, December 11, 2012

ഫേസ്ബുക്കിനെ ആര്‍ക്കാണ് പേടി?

ശിവസേനാ മേധാവി ബാല്‍ താക്കറെയുടെ നിര്യാണം ആകസ്മികമൊന്നും ആയിരുന്നില്ല. പൂര്‍ണായുസ്സ് എത്തി എന്ന് പറയാവുന്ന വിധത്തിലുള്ള സ്വാഭാവിക മരണം. അത് തീര്‍ച്ചയായും അനുയായികള്‍ക്ക് ദു:ഖകരം ആകും എന്നുള്ളതില്‍ സംശയമില്ല. പക്ഷെ പലപ്പോഴും സംഭവിക്കുന്നതുപോലെ 'ഞങ്ങളുടെ ദു:ഖം, എല്ലാവരുടെയും ദു:ഖം' എന്ന് തീരുമാനിച്ച ശിവസൈനികര്‍ അതിന്റെ പേരില്‍ മുംബൈ നഗരത്തിലും ചുറ്റുപാടും ബന്ദ്  ആചരിച്ചു. എന്നുവച്ചാല്‍, ആചരിപ്പിച്ചു എന്നര്‍ഥം. അതില്‍ പലര്‍ക്കും അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നിരിക്കാമെങ്കിലും പ്രായോഗികബുദ്ധി കാരണം അതൊക്കെ ഉള്ളിലൊതുക്കിക്കാണണം.

ചിലരൊക്കെ വ്യത്യസ്ത അഭിപ്രായങ്ങള്‍ നെറ്റില്‍ എഴുതുകയും ചെയ്തു. അക്കൂട്ടത്തില്‍ ഷഹീദ് ദാദ എന്ന ഒരു പെണ്‍കുട്ടി ഫേസ്ബുക്കിലൂടെ ബന്ദിനെ തള്ളിപ്പറഞ്ഞു. ഇതുപോലുള്ള ബന്ദുകള്‍ അനാവശ്യം ആണെന്നായിരുന്നു അവരുടെ കമന്റ്. റിനി ശ്രീനിവാസന്‍ എന്ന മറ്റൊരു പെണ്‍കുട്ടി അതില്‍ 'ലൈക്' എന്ന് അടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ശിവസൈനികര്‍ക്ക് ഇതൊന്നും ഇഷ്ടപ്പെട്ടില്ല. ഷഹീദ സ്വന്തം പേര് വച്ച് എഴുതിയതുകൊണ്ട് അവള്‍ തിരിച്ചറിയപ്പെട്ടു എന്നതും ശിവസേനാകേന്ദ്രത്തിലായിരുന്നു അവളുടെ വാസം എന്നതും ആയിരിക്കാം അവള്‍ക്കു വിനയായത്. അവര്‍ കൂട്ടം ചേര്‍ന്ന് ഷഹീദിന്റെ അമ്മാവന്‍ നടത്തുന്ന ക്ലിനിക്  അടിച്ചുതകര്‍ത്തു. കമെന്റു പറയാനുള്ള അവകാശത്തെക്കാള്‍ വലുതാണല്ലോ പ്രതിഷേധം പ്രകടിപ്പിക്കാനുള്ള അവകാശം. അതുകൊണ്ട് പോലീസ് കാഴ്ചക്കാരായി നോക്കി നിന്നതേയുള്ളൂ. സൈനികര്‍ ഈ കുട്ടികളെ പിടികൂടി പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുപോയി; കേസെടുപ്പിച്ചു. മതവൈരം വളര്‍ത്തുന്നു എന്നു പറഞ്ഞു ഇന്ത്യന്‍ പീനല്‍ കോഡ് 295 എ വകുപ്പ് അനുസരിച്ചാണ് ആദ്യം കേസ് ചാര്‍ജ് ചെയ്തത്. പിന്നീടത് ജനങ്ങള്‍ തമ്മില്‍ വിദ്വേഷം വളര്‍ത്തുന്നതിനെതിരെയുള്ള 505(2) ആക്കി മാറ്റി. അതിനേക്കാള്‍ കടുപ്പം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമത്തിലെ സെക്ഷന്‍ 66 എ പ്രയോഗിച്ചതാണ്. അതനുസരിച്ച് ആര്‍ക്കെങ്കിലും മനോവിഷമമോ അസൗകര്യമോ ഉണ്ടാക്കുന്ന  സന്ദേശം ഇലക്‌ട്രോണിക് മാധ്യമത്തിലൂടെ അയയ്ക്കുന്നത് കുറ്റകരമാണ്. ശിക്ഷയോ? മൂന്നുവര്‍ഷം വരെ തടവും പിഴയും!

ഇവരുടെ അറസ്റ്റ് ഉണ്ടാക്കിയ പ്രതികൂല പബ്ലിസിറ്റിയും വ്യാപകമായ എതിര്‍പ്പും പോലീസിനെ വെട്ടിലാക്കി. പോരെങ്കില്‍ പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ സുപ്രിം കോടതി മുന്‍  ജസ്റ്റീസ്  മാര്‍ക്കണ്ഡേയ കട്ജു സംസ്ഥാന സര്‍ക്കാരിന് കടുത്ത ഭാഷയില്‍ കത്തെഴുതുകയും ചെയ്തു. അത്രയുമായപ്പോള്‍ ഷഹീദയുടെ അമ്മാവന്റെ ക്ലിനിക് ആക്രമിച്ച സൈനികര്‍ക്കെതിരെ കേസെടുക്കാനും പത്തു പേരെ അറസ്റ്റു ചെയ്യാനും പോലീസ് നിര്‍ബന്ധിതരായി. അവരില്‍ ചാര്‍ത്തിയ കുറ്റങ്ങള്‍?  ഐ പി സി 143 (നിയമവിരുദ്ധമായ സംഘം ചേരല്‍, ശിക്ഷ ആറു മാസം വരെ തടവും പിഴയും), ഐ പി സി 147 (ലഹള, ശിക്ഷ രണ്ടു വര്‍ഷം വരെ തടവും പിഴയും), ഐ പി സി 336 (മറ്റുള്ളവരുടെ ജീവനോ സുരക്ഷയ്‌ക്കോ ഭീഷണി ഉയര്‍ത്തുന്ന പ്രവര്‍ത്തനം,  ശിക്ഷ മൂന്നു മാസം തടവും പിഴയും), ഐ പി സി 427 (നിസ്സാരമായ നാശം വരുത്തുന്ന അതിക്രമം, ശിക്ഷ രണ്ടു വര്‍ഷം വരെ തടവ്), ഐ പി സി 451 (കുറ്റം ചെയ്യാനായി വീട്ടില്‍ അതിക്രമിച്ചുകയറുക, ശിക്ഷ രണ്ടുവര്‍ഷം വരെ തടവും പിഴയും). അതായത്, ലഹളയുണ്ടാക്കുന്നതിനെക്കാളും നിയമവിരുദ്ധമായ സംഘം ചേര്‍ന്ന് ജീവന് ഭീഷണി ഉയര്‍ത്തുന്ന തരത്തിലുള്ള അക്രമത്തിനെക്കാളും ഭവന ഭേദനം നടത്തുന്നതിനെക്കാളും ഒക്കെ ഭീകരമായ കുറ്റമാണത്രേ മറ്റുള്ളവര്‍ക്ക് മനോവിഷമം ഉണ്ടാക്കുന്ന തരത്തിലുള്ള ഇ - മെയില്‍ അയക്കുന്നതും ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്യുന്നതും!

അതിനേക്കാള്‍ രസകരമായ വസ്തുത, ഇതേ കാര്യം ഈ കുട്ടികള്‍ പത്രത്തില്‍ എഴുതിയിരുന്നെങ്കില്‍ ഒരു കേസും ചാര്‍ജ് ചെയ്യാനാവുമായിരുന്നില്ല എന്നതാണ്. (അത് ഏതെങ്കിലും പത്രം പ്രസിദ്ധീകരിക്കുമായിരുന്നോ എന്നതാണ് വേറൊരു കാര്യം. അതാണല്ലോ ഈ മാധ്യമങ്ങള്‍ തമ്മിലുള്ള വ്യത്യാസവും!) മാനനഷ്ടത്തിന് കേസെടുത്താല്‍ ആ പരാമര്‍ശം അപകീര്‍ത്തികരമാണെന്നു തെളിയിച്ചാല്‍ മാത്രമേ ശിക്ഷിക്കാനാവൂ. മനോവിഷമം ഉണ്ടാക്കി എന്നോ, അസൗകര്യം ഉണ്ടാക്കി എന്നോ പറഞ്ഞാല്‍ കേസ് നിലനില്‍ക്കില്ല. അതാണ് ഐ ടി ആക്ടിന്റെ വീര്യം! ഈ നിയമം പാര്‍ലമെന്റില്‍ കൊണ്ടുവന്നപ്പോള്‍ തന്നെ ഈ വകുപ്പ് ദുരുപയോഗം ചെയ്യാനുള്ള സാധ്യതയെപ്പറ്റി പലരും മുന്നറിയിപ്പ് നല്‍കിയിരുന്നു. ആ ആശങ്കകള്‍ യാഥാര്‍ഥ്യം ആകുന്നതാണ് പിന്നീട് കാണുന്നത്. ഭരണക്കാര്‍ക്കോ അവര്‍ക്ക് വേണ്ടപ്പെട്ടവര്‍ക്കോ 'മനോവിഷമമോ അസൗകര്യമോ' ഉണ്ടാക്കുന്ന വാര്‍ത്തകളുടെ പേരില്‍ പല കേസുകളും ഇതിനകം ചാര്‍ജ് ചെയ്യപ്പെട്ടിട്ടുണ്ട്. ആ കേസുകള്‍ കോടതിയില്‍ നിലനില്‍ക്കുമോ ഇല്ലയോ എന്നത് മറ്റൊരു കാര്യം. എന്തായാലും കേസും കൂട്ടവുമായി അവര്‍ കുറെനാള്‍ വലയും എന്നത് ഉറപ്പ്. ഒരു പക്ഷെ, അത് തന്നെയായിരിക്കും ലക്ഷ്യവും. ചുരുക്കത്തില്‍ അധികാരസ്ഥാനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കുന്ന പോസ്റ്റുകള്‍ ഇടുന്നവരെ ഒതുക്കുക എന്നതാണ് ഈ നിയമം അനുഷ്ഠിക്കുന്ന ധര്‍മം എന്ന് വ്യക്തമായിക്കഴിഞ്ഞു.

വാസ്തവത്തില്‍, ഫേസ് ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കുകളുടെ പ്രാധാന്യം സെന്‍സര്‍ഷിപ്പ് ഇല്ലാതെ സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിന് അത് വഴിതുറക്കുന്നു എന്നതാണ്. സെന്‍സര്‍ഷിപ്പ് സര്‍ക്കാരിന്റെ  തന്നെ ആകണമെന്നില്ല. മീഡിയ പ്രഭുക്കളുടെയോ അവരെ നിയന്ത്രിക്കുന്ന വ്യാപാരസ്ഥാപനങ്ങളുടെയോ പരോക്ഷമായ സെന്‍സര്‍ഷിപ്പും ആകാം. അവര്‍ക്ക് അസൗകര്യമുണ്ടാക്കുന്ന വാര്‍ത്തകളും അഭിപ്രായങ്ങളും പലപ്പോഴും വെളിച്ചം കാണാറില്ലല്ലോ. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ഇലക്‌ട്രോണിക് മാധ്യമങ്ങളാണ് പലപ്പോഴും ജനജിഹ്വകള്‍ ആയി മാറിയിട്ടുള്ളത്.

ലോകമെങ്ങും അധികാരകേന്ദ്രങ്ങള്‍ക്ക് 'അസൗകര്യവും മനോവിഷമവും' ഉണ്ടാക്കുന്നതില്‍ ഈ പുതിയ മാധ്യമം വിജയിച്ചിട്ടുണ്ട്. അതാണതിന്റെ സവിശേഷതയും. അതുകൊണ്ടുതന്നെ അവയെ കൂച്ചുവിലങ്ങില്‍ തളയ്ക്കാനുള്ള ശ്രമവും പലയിടത്തും ഉണ്ടായിട്ടുണ്ട്. പക്ഷേ ജനാധിപത്യത്തിലും അഭിപ്രായസ്വാതന്ത്ര്യത്തിലും അഭിമാനിക്കുന്ന ഇന്ത്യയില്‍ അത്തരത്തിലുള്ള ശ്രമം ലജ്ജാകരമാണ് എന്ന് പറയാതെ തരമില്ല.

അതിനര്‍ഥം ആര്‍ക്കും എന്ത് തോന്ന്യാസവും എഴുതാനുള്ള വേദിയാണ് ഇലക്‌ട്രോണിക് മാധ്യമം എന്നല്ല. അടിസ്ഥാനരഹിതമായി അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുന്നത് തീര്‍ച്ചയായും കുറ്റകരം ആണ്. അത് നിരുല്‍സാഹപ്പെടുത്തണം. ബോധപൂര്‍വം അത്തരം കുറ്റങ്ങള്‍ ചെയ്യുന്നവര്‍ ശിക്ഷിക്കപ്പെടുകയും വേണം. പക്ഷെ, അതിനുവേണ്ടി പ്രിന്റ് മീഡിയത്തില്‍ ഉള്ളതിനേക്കാള്‍ കര്‍ശനമായ, കടുത്ത, കാര്‍ക്കോടക നിയമമൊന്നും ആവശ്യമില്ല. അതിന്റെ പേരില്‍ ഇപ്പോള്‍ നടപ്പാക്കിയിട്ടുള്ള ഐ ടി നിയമം തീര്‍ച്ചയായും ദുരുദ്ദേശ്യപരം ആണ്. ആ നീതീകരണം പറഞ്ഞ് ഐ ടി മാധ്യമത്തിന്റെ ചിറക് അരിയാനുള്ള ശ്രമം ആണ് ഇപ്പോള്‍ നടക്കുന്നത്. അത് പുന:പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട് എന്ന വസ്തുത ഒരിക്കല്‍ കൂടി അടിവരയിട്ടു ഉറപ്പിക്കുന്നതായി ഈ സംഭവം. അതിനായി പൊതുജനാഭിപ്രായം ഉയര്‍ത്താന്‍ ഈ സംഭവം ഉതകിയെങ്കില്‍ അത്രയും നന്ന്.

*
ആര്‍ വി ജി മേനോന്‍ ജനയുഗം ദിനപത്രം

No comments: