Tuesday, December 11, 2012

മോഡി ചൂഷണം ചെയ്യുന്നത് ജനങ്ങളുടെ അറിവില്ലായ്മ

വംശഹത്യ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംബന്ധിച്ച് നിരവധി ചര്‍ച്ചകള്‍ നടക്കുമ്പോഴും സുസ്ഥിര വികസന പന്ഥാവില്‍ ഗുജറാത്ത് ഏറെ പിന്നില്‍. തെറ്റായ വികസന മാജിക്കുകള്‍കാട്ടി ജനങ്ങളുടെ അറിവില്ലായ്മയെ ചൂഷണം ചെയ്യാനാണ്  മോഡിയും അദ്ദേഹത്തിന്റെ ഗോഡ്ഫാദര്‍മാരായ  ബി ജെ പി  കേന്ദ്ര നേതൃത്വവും ശ്രമിക്കുന്നത്. ഗുജറാത്തിലെ വികസനത്തെക്കുറിച്ച് പഠിച്ച പത്തംഗ കമ്മറ്റിയുടെ റിപ്പോര്‍ട്ട് യഥാര്‍ഥ വികസനത്തിന്റെ പരിഛേദം വ്യക്തമാക്കുന്നു. മൊത്തം ആഭ്യന്തര ഉല്‍പ്പാദനം കുത്തനെ കൂടിയെന്നാണ് ഇവരുടെ വാദം. എന്നാല്‍ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് സര്‍ക്കാര്‍ ഭൂമി ദാനം നല്‍കി ഊതിപ്പെരുപ്പിച്ച  ബലൂണ്‍ മാത്രമാണ് ഗുജറാത്തിലെ ജി ഡി പി.

 ഇപ്പറഞ്ഞ ജി ഡി പിയുടെ  ചെറിയൊരുഭാഗം പോലും  സുസ്ഥിരവികസനത്തിന്റെ ആധാരശിലകളായ വിഭ്യാഭ്യാസ, തൊഴില്‍ മേഖകളില്‍ ഉപയോഗിച്ചില്ല. തൊഴിലാളികളുടെ വേതനത്തിന്റെ കാര്യത്തിലും ഗുജറാത്തിലെ  സ്ഥിതി ഏറെ ദയനീയം. നഗരപ്രദേശത്ത് കൂലിപ്പണിക്കാര്‍ക്ക് ലഭിക്കുന്നത് 300 രൂപയും ഗ്രാമങ്ങളില്‍ ഇരുന്നൂറ് രൂപയില്‍ താഴെയും. സാമൂഹിക സുരക്ഷ, ഭക്ഷ്യ സാധനങ്ങളുടെ ലഭ്യതയും വിലയും, വിദ്യാഭ്യാസം, ആരോഗ്യം, ക്രമസമാധാനം  തുടങ്ങിയ കാര്യങ്ങള്‍ സാധാരണക്കാരന് ഇന്നും വിലക്കപ്പെട്ട കനി.

ഗുജറാത്ത് വികസനത്തിന്റെ പൊള്ളത്തരം ഏറെ ദൃശ്യമാകുന്നത് തൊഴില്‍ മേഖലയിലും. 1993- 94 മുതല്‍ 2004- 05 കാലഘട്ടം വരെ തൊഴില്‍നിരക്കില്‍ 2.69 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായി. എന്നാല്‍  2004-05 മുതല്‍ 2009-10 എത്തിയപ്പോള്‍ പൂജ്യം ശതമാനമായി കുറഞ്ഞു.

സേവന മേഖലയില്‍  തൊഴില്‍ നിരക്ക് വര്‍ധിച്ചെങ്കിലും ഇതിന്റെ പ്രയോജനം ഏറെ ലഭിക്കുന്നത് മോഡിയെ താങ്ങുന്ന വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക്.  ശമ്പളത്തിന്റെ കാര്യത്തില്‍  2000 മുതല്‍ 1.5 ശതമാനം മാത്രമാണ് വര്‍ധനയാണ് ഉണ്ടായത്.  ഇതേ കാലയളവില്‍ മറ്റ് സംസ്ഥാനങ്ങളില്‍ 3.7 ശമതാനം വര്‍ധന  രേഖപ്പെടുത്തി. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍പോലും  കരാര്‍ തൊഴിലാളികളെ കൂടുതലായി നിയോഗിച്ചു. ഇത് സാമൂഹ്യ സൂചികയില്‍ ഗുജറാത്തിനെ ഏറെ പിന്നോട്ടടിച്ചു. 2001 മുതല്‍ 2008 വരെയുള്ള കണക്കുകള്‍ പ്രകാരം കരാര്‍ തൊഴിലാളികളുടെ എണ്ണത്തില്‍ 19 ശതമാനം മുതല്‍ 34 ശതമാനം വരെ വര്‍ധനയുണ്ടായി.  മറ്റേത് സംസ്ഥാനത്തേയും കടത്തിവെട്ടുന്ന കണക്ക്.

നിര്‍മ്മാണ മേഖലയിലെ സ്ഥിതിയും മറ്റൊന്നല്ല. മഹാരാഷ്ട്ര, ഹരിയാന, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ ശമ്പളനിരക്കാണ് ഗുജറാത്തിലുള്ളത്.  നിര്‍മ്മാണ മേഖലയില്‍ നിക്ഷേപം വര്‍ധിക്കുന്നതിനും ലാഭം കൂടുന്നതിനും അനുസരിച്ച് തൊഴിലാളികളുടെ  ജീവിത നിലവാരം ഉയരണം.  ഗുജറാത്തിലെ സ്ഥിതി നേര്‍വിപരീതവും.  ആദിവാസികള്‍ അവരുടെ പരമ്പരാഗത കൃഷി ഉപേക്ഷിക്കുന്നു. ഇതിന്റെ ഭാഗമായി ആദിവാസികളുടെയിടയില്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരുടെ എണ്ണവും ക്രമാതീതമായി വര്‍ധിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ കണക്കുപ്രകാരം ആദിവാസികളില്‍ 23 ശതമാനംപേര്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവര്‍. മതത്തിന്റെ കെണിയില്‍പ്പെടുത്തി ചാവേറുകളാക്കാനാണ് മോഡിയുടെ ശ്രമം അതില്‍ ഒരുപരിധിവരെ അദ്ദേഹം വിജയിച്ചു.
കൃഷിയെ ആശ്രയിക്കുന്ന മുസ്ലീങ്ങളുടെ എണ്ണത്തില്‍  കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഗണ്യമായ കുറവുണ്ടായി. മുസ്ലീം ജനവിഭാഗത്തെ ദരിദ്രനാരായണന്‍മാരാക്കി തന്റെ വരുതിക്ക് നിറുത്തുകയെന്നതാണ് മോഡിയും കൂട്ടരും ലക്ഷ്യമിടുന്നത്.

ആളോഹരി വരുമാനത്തില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഗുജറാത്ത് ഏറെ പുറകിലും.  2009- 10 വര്‍ഷത്തില്‍ ഗുജറാത്തിലെ ആളോഹരി വാര്‍ഷിക വരുമാനം 1388 രൂപ. ഹരിയാനയില്‍ 1598 രൂപയും മഹാരാഷ്ട്രയില്‍ 1549 രൂപയുമാണ്. ഗ്രാമങ്ങളിലെ ദാരിദ്ര്യത്തിന്റെ തോതും മോഡിയുടെ പൊള്ളത്തരം വെളിവാക്കുന്നു. 2009-10 വര്‍ഷത്തെ കണക്കുകള്‍ പ്രകാരം തമിഴ്‌നാട്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളേക്കാള്‍ ദരിദ്രരുടെ എണ്ണം കൂടുതലുള്ളത് ഗുജറാത്തില്‍.  നഗരങ്ങളിലെ ദാരിദ്ര്യത്തിന്റെ തോത് 1993-2005 കാലഘട്ടത്തിലും 2005- 10 കാലഘട്ടത്തിലും ഉണ്ടായിരുന്നതിനാല്‍ ഏറെ വഷളായി.

സാക്ഷരത നിരക്കലും  ഗുജറാത്ത് ഏറെ പിന്നിലാണ്. ആറിനും പതിനാലിനും ഇടയില്‍ പ്രായമുള്ളവരുടെ  സാക്ഷരതാ നിരക്കില്‍ ഗുജറാത്ത് ഏഴാം സ്ഥാനത്ത്.  രാജ്യത്തെ പ്രധാനപ്പെട്ട 15 സംസ്ഥാനങ്ങളെ എടുക്കുമ്പോഴാണ് ഗുജറാത്ത് ഇത്രമാത്രം  പിന്നിലെത്തുന്നത്. ആറ് വര്‍ഷം മുമ്പുള്ള  സ്ഥിതിവിവര പട്ടികയില്‍  ഗുജറാത്ത് ആറാം സ്ഥാനത്തായിരുന്നു. വിദ്യാഭ്യാസം നേടിയവരുടെ കണക്കെടുക്കുമ്പോള്‍ വീണ്ടും പിന്തള്ളപ്പെടുന്നു.

ശിശുമരണ നിരക്കും മോഡിയുടെ പെള്ളയായ വികസനാണ് വെളിപ്പെടുന്നത്.   ശിശുമരണ നിരക്കിലെ ലിംഗവ്യത്യാസം ഇപ്പോഴും രൂക്ഷമായി തുടരുന്നു. അതില്‍തന്നെ എസ്.ടി, എസ്.സി എന്നിവ ഉള്‍പ്പെടെയുള്ള സമൂഹത്തില്‍ ശിശുമരണ നിരക്ക് കാര്യമായ വര്‍ദ്ധനയാണ് ഓരോ വര്‍ഷവും രേഖപ്പെടുത്തുന്നത്. പോഷകാഹാരങ്ങള്‍ ലഭ്യമാക്കുന്നതിലും മോഡി സര്‍ക്കാര്‍ അമ്പേ പരാജയം. ഇതൊക്കെയാണ് ഗുജറാത്തിലെ വികസനത്തിന്റെ നേര്‍ക്കാഴ്ച്ചകള്‍.

*
ആര്‍ ബി ശ്രീകുമാര്‍  (ലേഖകന്‍ മുന്‍ ഗുജറാത്ത് ഡി ജി പി), ജനയുഗം ദിനപത്രം

No comments: