Sunday, December 30, 2012

ഇനി ഞാന്‍ കുടിക്കില്ല

മദ്യവും പുകവലിയുമില്ലാതെ പുതിയ വര്‍ഷം ആരംഭിക്കുമെന്ന് ഇത്തവണയും ആര്‍ക്കും സത്യം ചെയ്യാം. പോയവര്‍ഷങ്ങളില്‍ തെറ്റിക്കാന്‍വേണ്ടി ചെയ്ത സത്യങ്ങളുടെ ചവറ്റുകൂനയില്‍ ആരുമറിയാതെ ഇതും കിടന്നോളും

എന്നാല്‍, ഒരു കാലഘട്ടത്തിന്റെ യൗവനം കവിതയുടെ ലഹരിയില്‍ നിറച്ച ബാലചന്ദ്രന്‍ ചുള്ളിക്കാട്. കവിതയ്ക്കൊപ്പമോ അതിലധികമോ കവിയുടെ ലഹരിപൂണ്ട ജീവിതം ആഘോഷിച്ച ആരാധകവൃന്ദത്തിലേറെപ്പേര്‍ക്കും അറിയാത്തൊരു സത്യമുണ്ട്... ബാലചന്ദ്രന്‍ ചുള്ളിക്കാട് മദ്യപാനവും പുകവലിയും നിര്‍ത്തിയിട്ട് വര്‍ഷം പതിനഞ്ചായി

നഷ്ടങ്ങളുടെ അശാന്തിയില്‍നിന്ന് ഭാവതീവ്രതയുടെ അവിരാമമായ സ്രോതസ്സ് കണ്ടെത്തുന്ന മലയാളിയുടെ പ്രിയകവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ജീവിതത്തില്‍നിന്ന് മദ്യം പടിയിറങ്ങിപ്പോയ കഥ കവി പറയുമ്പോള്‍.

തലേന്നുരാത്രിയില്‍-
ക്കുടിച്ച മദ്യത്തിന്‍
വിഷഭാരം വിങ്ങും
ശിരസ്സില്‍ ശീതള
ജലത്തിന്‍ കാരുണ്യം
നഞ്ഞിറങ്ങുമ്പോള്‍
ഷവറിന് താഴെ
പിറന്ന രൂപത്തില്‍
ജലത്തിലാദ്യമായ്-
ക്കുരുത്ത ജീവന്റെ
തുടര്‍ച്ചയായി ഞാന്‍
പിറന്ന രൂപത്തില്‍ (സ്നാനം)

കുടിയില്‍ നഷ്ടം നാല്- നഷ്ടങ്ങളെ ബാലചന്ദ്രന്‍ ചുള്ളിക്കാട് അക്കമിട്ട് പറഞ്ഞത് ഇങ്ങനെ.

1. ധനഷ്ടം
2. മാനഷ്ടം
3. ആരോഗ്യനഷ്ടം
4. സമയനഷ്ടം

വിദ്യാര്‍ഥിയായിരിക്കെ ഒരു സാഹസം എന്നനിലയിലാണ് മദ്യപാനം ആരംഭിച്ചത്. പക്ഷേ, പിന്നെയത് അവസാനിപ്പിക്കാന്‍ കഴിയാത്തവിധം ജീവിതത്തിന്റെ ഭാഗമായി മാറിയപ്പോള്‍ അക്കമിട്ട് പറഞ്ഞ നഷ്ടങ്ങള്‍ നാലും പലപ്പോഴായി അനുഭവിച്ചു. പലവട്ടം മദ്യവും പുകവലിയും നിര്‍ത്തിനോക്കിയിട്ടും ആസക്തിയുടെ പ്രലോഭനത്തില്‍നിന്ന് വിട്ടുനില്‍ക്കാനാകാതെ വീണ്ടും മദ്യത്തിലേക്കും പുകവലിയിലേക്കും മടങ്ങിയെത്തി. ഒരുദിവസം രാവിലെ എഴുന്നേറ്റാല്‍ ആദ്യചിന്ത എപ്പോള്‍ മദ്യപാനം തുടങ്ങണമെന്നായിരുന്ന കാലം. അതിനുള്ള പണം എങ്ങനെ? സുഹൃത്തുക്കളെ എങ്ങനെ സംഘടിപ്പിക്കും.. അതിനൊരിടം... എന്നിങ്ങനെ ഉല്‍ക്കണ്ഠയായിരുന്നു. മദ്യപിക്കാനുള്ള ചിന്തയില്‍ നഷ്ടപ്പെട്ട സമയമെത്രയായിരുന്നു. പക്ഷേ, 15 വര്‍ഷങ്ങള്‍ക്കുമുമ്പ് ഉറപ്പിച്ചെടുത്ത തീരുമാനത്തിന്റെ പിന്‍ബലത്തില്‍ പിന്നെ ഇതുവരെയും മദ്യപിച്ചിട്ടില്ല.

എനിക്കുറപ്പാണ് ഇനി ഒരിക്കലും ഞാന്‍ മദ്യപിക്കില്ല, പുകവലിക്കില്ല. മൂന്നുമാസം നീണ്ട ഒരു അമേരിക്കന്‍ പര്യടനമാണ് കാര്യങ്ങള്‍ മാറ്റിമറിച്ചത്. വിവിധ പരിപാടികളുമായി അമേരിക്കയില്‍ കഴിഞ്ഞ ദിനരാത്രങ്ങള്‍ ബോധത്തിനും അബോധത്തിനുമിടയിലെ അല്‍പ്പബോധത്തിലൂടെ കടന്നുപോയി. ഭീകരമദ്യപാനമായിരുന്നു അത്. അങ്ങനെ മടക്കയാത്രയ്ക്ക് അമേരിക്കയിലെ ജോണ്‍ എഫ് കെന്നഡി എയര്‍പോര്‍ട്ടിലെത്തി. ഇന്ത്യയിലേക്കുള്ള വിമാനയാത്രയ്ക്കിടയില്‍ തീരുമാനിച്ചു. ഇനി മദ്യപിക്കില്ല. ആകാശത്തിലെടുത്ത ദൃഢമായ ആ തീരുമാനത്തില്‍നിന്ന് പിന്നെ പിന്തിരിഞ്ഞില്ല. ഇന്ത്യയില്‍ അന്ന് കാല്‍തൊട്ട് ഇന്നുവരെ ഞാന്‍ മദ്യപിച്ചിട്ടില്ല.

പട്ടി നക്കിയപ്പോള്‍

മാല്യങ്കര കോളേജില്‍ പഠിക്കുന്ന കാലത്താണ് മദ്യപാനം തുടങ്ങിയത്. ക്ലാസില്‍നിന്ന് നോക്കിയാല്‍ കള്ളുഷാപ്പ് കാണാം. കള്ളില്‍നിന്ന് തുടങ്ങി പിന്നെ എപ്പൊഴോ ചാരായത്തിലേക്കും വിദേശമദ്യത്തിലേക്കുമെല്ലാം എത്തുകയായിരുന്നു. സഹപാഠികളില്‍ പലരും ചെത്തുകാരുടെ മക്കളായിരുന്നതുകൊണ്ട് അങ്ങനെയും കള്ള് കിട്ടാന്‍ അവസരമുണ്ടായിരുന്നു. ഒരു ദിവസം മദ്യപിച്ച് ബോധമില്ലാതെ കാമ്പസില്‍ വീണു. വീണിടത്ത് കിടന്നുതന്നെ ഛര്‍ദിച്ചു. ഛര്‍ദില്‍ കണ്ട് ഒരു പട്ടി അടുത്തുകൂടി. ഛര്‍ദില്‍ നക്കി തിന്നശേഷം അതിന്റെ അവശിഷ്ടങ്ങള്‍ എന്റെ മുഖത്തുനിന്നും പട്ടി നക്കിയെടുത്തു. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ കൂട്ടുകാര്‍ പറഞ്ഞാണ് ഞാന്‍ ഈ വിവരമെല്ലാം അറിഞ്ഞത്. മദ്യപാനത്തിനിടയില്‍ ഇതിനപ്പുറം വൃത്തികെട്ട മറ്റൊരനുഭവമില്ല. അല്ലെങ്കില്‍തന്നെ മദ്യപിച്ച് ബോധം പോയാല്‍ പിന്നെ മാനംപോകുന്നത് അറിയുന്നതെങ്ങനെ. പഠിക്കുന്ന കാലത്ത് കലാകാരന്മാരാണ് ഞങ്ങളെ ഏറെ ആകര്‍ഷിച്ചിട്ടുള്ളത്. മിക്കവാറും കലാകാരന്മാരും മദ്യപാനികളുമായിരുന്നു. ജോണ്‍ എബ്രഹാം, കടമ്മനിട്ട, കാക്കനാടന്‍, ഭരതന്‍, അരവിന്ദന്‍, പത്മരാജന്‍ എന്നിങ്ങനെ എത്രപേര്‍.

മദ്യവും കവിതയും

മദ്യപിച്ചിട്ട് ഞാന്‍ ഒരു വരി കവിതപോലും എഴുതിയിട്ടില്ല. കവിത എഴുതണമെന്ന് തോന്നുമ്പോള്‍മാത്രമാണ് എഴുതുന്നത്. അല്ലെങ്കില്‍തന്നെ മദ്യപിച്ചിട്ട് കവിത എഴുതാന്‍പോയിട്ട് പുസ്തകം വായിക്കാന്‍പോലും പറ്റില്ല. എന്തിന് പത്രംപോലും വായിക്കാനാകില്ല. മദ്യവും കവിതയും തമ്മില്‍ ഒരു ബന്ധവുമില്ല. മദ്യമില്ലാത്ത സമയത്തുമാത്രമാണ് എന്റെ എഴുത്തും വായനയും അന്ന് നടന്നിരുന്നത്. സാമാന്യം ഭേദപ്പെട്ട ഓര്‍മശക്തിയുള്ളയാളാണ് ഞാന്‍. ഓര്‍മശക്തിയെ മദ്യപാനവും പുകവലിയും ബാധിച്ചുതുടങ്ങിയെന്ന് എനിക്ക് മനസ്സിലായി. എഴുത്തുകാരനെന്നനിലയില്‍ ഓര്‍മശക്തി ആവശ്യമായിരുന്നു. മദ്യപാനത്തെ വേര്‍പ്പെടുത്തുന്നതിന് അതും എനിക്കൊരു കാരണമായിരുന്നു.

വലിച്ചുതള്ളിയ സിഗററ്റ്

ശരിക്കും ചെയിന്‍ സ്മോക്കര്‍. ഒരു ദിവസം 50-60 സിഗററ്റെങ്കിലും വേണം. ചാര്‍മിനാര്‍. അത് നിര്‍ബന്ധമില്ല. കിട്ടിയില്ലെങ്കില്‍ കിട്ടുന്നതെന്തും. പക്ഷേ, ബീഡി ദിനേശ് തന്നെയായിരുന്നു. അതും വേണം ദിവസവും നാലുകെട്ട്. ഇടതടവില്ലാതെയുള്ള വലിക്കും മദ്യത്തിനൊപ്പം വിരാമമിട്ടു. പുകവലിയും ഇനിയൊരിക്കലുമില്ല. ഒറ്റപ്പെടലിലേക്കും അതിന്റെ ദുരന്തങ്ങളിലേക്കുമാണ് മദ്യവും പുകവലിയും എത്തിക്കുന്നത് അല്ലെങ്കില്‍ രവീന്ദ്രന്‍ പുല്ലന്തറയ്ക്ക് ആത്മഹത്യചെയ്യാന്‍ എന്ത് കാരണമാണുണ്ടായിരുന്നത്.


അപൂര്‍വ്വം ചില കവികള്‍
പ്രൈമറി സ്ക്കൂള്‍ അധ്യാപകരെ
പോലെയാണ്. ഗ്രാമത്തിന്
വെളിയില്‍ അവര്‍ അറിയപ്പെടില്ല (പലതരം കവികള്‍)

രവീന്ദ്രന്റെ മരണം

സര്‍ഗാത്മകതയുള്ള കവിയായിരുന്നു എന്റെ സഹപ്രവര്‍ത്തകനായ രവീന്ദ്രന്‍ പുല്ലന്തറ. പക്ഷേ, കടുത്ത മദ്യപാനി. ഔദ്യോഗികജീവിതത്തില്‍ ട്രഷറി ഓഫീസര്‍വരെയായി. മദ്യപാനം കാരണം പലപ്പോഴും സസ്പെന്‍ഷനിലായി. തികച്ചും സ്വസ്ഥമായി പോകുമായിരുന്ന കുടുംബത്തില്‍ രവീന്ദ്രന്‍ മദ്യപാനംകൊണ്ടുമാത്രം ഒറ്റപ്പെട്ടു. കവിതയും മരിച്ചു. ഒരു ദിവസം രവീന്ദ്രന്‍ വീട്ടില്‍ തൂങ്ങിമരിച്ചു. മദ്യപാനം നല്‍കിയ ഒറ്റപ്പെടലില്‍നിന്ന് സ്വയം കണ്ടെത്തിയ മോചനം. അങ്ങനെ എത്രയോ മദ്യപാനികള്‍ ആത്മഹത്യചെയ്തിരിക്കുന്നു. മദ്യം അവരെ ഒറ്റപ്പെടുത്തുന്നു, അവര്‍ സ്വയം മോചനം നേടുന്നു.

ആഘോഷം

അടുത്ത ഒരു സുഹൃത്ത് മരിച്ചു. മരണവീട്ടില്‍ എത്തി മൃതദേഹത്തിനുമുന്നില്‍ നഷ്ടബോധത്തിന്റെ വേദനയില്‍ നില്‍ക്കുന്നതിനിടെയാണ് ഒരാളുടെ കൈവിരല്‍ തോളില്‍ തൊട്ടത്. തിരിഞ്ഞുനോക്കുമ്പോള്‍ അയാള്‍ ആംഗ്യത്തിലും അടക്കത്തിലുമായി പറഞ്ഞു. സെറ്റപ്പൊക്കെ കിഴക്കേവീട്ടിലാ... അങ്ങോട്ട് ചെല്ലൂട്ടോ...

മരണമായാലും ജനമായാലും മദ്യം ആഘോഷത്തിന്റെ ഭാഗമാകുന്നു. മദ്യപിക്കാന്‍ എന്നെ ഇന്നാരും നിര്‍ബന്ധിക്കുകയില്ല. വേണ്ടെന്ന് ഉറപ്പിച്ചുപറഞ്ഞാല്‍ പിന്നെ നിര്‍ബന്ധിക്കുന്നതെങ്ങനെ.

സുഹൃത്തുക്കള്‍ അതും മുതിര്‍ന്ന സുഹൃത്തുക്കളാണ് മദ്യപാനത്തിലേക്ക് പലരെയും നയിക്കുന്നത്. എനിക്കും അതുതന്നെയാണ് അനുഭവം. യഥേഷ്ടം കിട്ടുന്നതുകൊണ്ടാണ് കുടിക്കുന്നതെന്ന വാദത്തില്‍ എന്തുകഴമ്പാണുള്ളത്. എങ്കില്‍ വിഷം കിട്ടുന്നില്ലേ. എന്നിട്ടെന്തേ എല്ലാവരും വിഷം വാങ്ങി കഴിക്കാത്തത്. കയറുണ്ടാക്കുന്ന ആലപ്പുഴക്കാരെല്ലാം എന്താ കയറില്‍ കെട്ടിത്തൂങ്ങി മരിക്കാത്തത്? വിലകയറ്റിയോ നിയന്ത്രണം കൊണ്ടുവന്നോ മദ്യപാനം ഇല്ലാതാക്കാനാകില്ല. സ്കൂള്‍വിദ്യാഭ്യാസകാലംമുതല്‍ ബോധവല്‍ക്കരണം വേണം.

മദ്യപിക്കാത്ത ഭര്‍ത്താവ്, അച്ഛന്‍

വിജയലക്ഷ്മിയെ സംബന്ധിച്ചാണെങ്കില്‍ എന്റെ മദ്യപാനം ഒരിക്കലും ഒരു പ്രശ്നമായിരുന്നില്ല. കാരണം മദ്യപിച്ച് ബോധമില്ലാതെയാണ് കടമ്മനിട്ടയുമൊരുമിച്ച് വിജയലക്ഷ്മിയെ ആദ്യം കാണുന്നതുതന്നെ. പക്ഷേ, ഞാന്‍ മദ്യപാനവും പുകവലിയും നിര്‍ത്തിയെന്നു പറഞ്ഞപ്പോള്‍ ആരും വിശ്വസിച്ചില്ല. അവരത് പ്രതീക്ഷിച്ചില്ല.

മകന്‍ അപ്പു സ്കൂള്‍മുതലേ പുകവലിവിരുദ്ധപ്രചാരണങ്ങളിലുണ്ട്. ആരെയെങ്കിലും ഉപദേശിച്ച് നന്നാക്കാന്‍ കഴിയുമെന്ന് കരുതുന്നില്ല. അതുകൊണ്ട് ഒരുകാര്യവുമില്ല. കുടിക്കില്ല, വലിക്കില്ല എന്ന് സ്വയം തീരുമാനിക്കുകയാണ് പ്രധാനം. കുടിക്കരുതെന്ന് പറഞ്ഞിട്ടുള്ളത് നടന്‍ മുരളിയോടുമാത്രമാണ്.

മുരളിയോട് പറഞ്ഞത്

കഴിക്കരുതെന്ന് ഞാന്‍ പലവട്ടം മുരളിയോട് പറഞ്ഞിട്ടുണ്ട്. കാലുപിടിച്ച് പറഞ്ഞിട്ടുണ്ട്. ബെല്ലും ബ്രേക്കുമില്ലാത്ത തരത്തിലായിരുന്നു മുരളിയുടെ കുടി. കുടി കാരണം മുരളിക്ക് ജോലിചെയ്യാന്‍ കഴിയാത്ത അവസ്ഥയുണ്ടായി. അഭിനയിക്കാന്‍ പോകാന്‍ കഴിയാതായി. ഒരിക്കല്‍ ദേശാഭിമാനിയുടെ വാരാന്തപ്പതിപ്പിനായി മുരളിയുമായി ഒരു അഭിമുഖത്തിന് ഞാന്‍ പോയിരുന്നു. മുന്‍കൂട്ടി അറിയിച്ചാണ് ചെന്നത്. പക്ഷേ, മദ്യപിച്ച മുരളി സംസാരിക്കാനാകുന്ന അവസ്ഥയിലായിരുന്നില്ല. അന്ന് മടങ്ങി. വീണ്ടും ഒരിക്കല്‍ പോയി. അപ്പോഴും അതുതന്നെയായിരുന്നു അവസ്ഥ. അന്ന് പിണങ്ങിയാണ് ഞാനവിടെനിന്ന് പോന്നത്. മുരളിയുടെ കഴിവിനെ ഉപയോഗിക്കുന്നതിന് അവസാനഘട്ടത്തില്‍ മദ്യം തടസ്സമായിരുന്നു. മുരളി അകാലത്തിലാണ് മരിച്ചത്.

ധനവും മാനവും ആരോഗ്യവും സമയവും നഷ്ടപ്പെടുമെന്ന് സ്വയം തിരിച്ചറിഞ്ഞ് മദ്യത്തെ ഒഴിവാക്കുകയാകും നല്ലത്. ചികിത്സകൊണ്ടോ ഉപദേശംകൊണ്ടോ അല്ല സ്വയം തീരുമാനിച്ച് വേണമെങ്കില്‍ മദ്യവും പുകവലിയും ഉപേക്ഷിക്കാം. അല്ലെങ്കില്‍ ആരോഗ്യം നശിച്ച് മരിക്കാം. ഒറ്റപ്പെട്ട് ആത്മഹത്യചെയ്യാം.


*
സജീവ് പാഴൂര്‍ ദേശാഭിമാനി

No comments: