Wednesday, December 19, 2012

പ്രക്ഷോഭങ്ങള്‍ക്ക് കരുത്തു പകരുന്ന സ്മരണ

സിപിഐ എമ്മിന്റെ ഉന്നതനേതാക്കളായിരുന്ന സഖാക്കള്‍ സുശീല ഗോപാലന്റെയും എ കണാരന്റെയും ചരമവാര്‍ഷികദിനമാണ് ഇന്ന്. രണ്ടുപേരും തൊഴിലാളിവര്‍ഗപ്രസ്ഥാനത്തിന്റെ നേതൃനിരയിലെ കരുത്തുറ്റ സാന്നിധ്യങ്ങളായിരുന്നു.

സുശീല ഗോപാലന്‍ അന്തരിച്ചിട്ട് പതിനൊന്നു വര്‍ഷം പിന്നിടുകയാണ്. എട്ടുവര്‍ഷം മുമ്പാണ് എ കണാരന്‍ നമ്മെ വിട്ടുപിരിഞ്ഞത്. പുന്നപ്ര-വയലാറിന്റെ സമരപാരമ്പര്യം ഉള്‍ക്കൊണ്ട് കമ്യൂണിസ്റ്റ് പാര്‍ടിയിലേക്ക് വന്ന സുശീല 18-ാം വയസ്സില്‍ പാര്‍ടി അംഗമായി. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കവെയാണ് രോഗം ബാധിച്ച് മരണമടഞ്ഞത്. 1952ല്‍ എ കെ ജിയെ വിവാഹംചെയ്തു. അദ്ദേഹത്തോടൊപ്പം രാജ്യത്താകെ സഞ്ചരിച്ച് ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ അടുത്തറിയുകയും പാവപ്പെട്ടവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുകയുംചെയ്തു.

തൊഴിലാളി- മഹിളാരംഗങ്ങളിലാണ് സുശീല സജീവശ്രദ്ധ ചെലുത്തിയത്. കയര്‍മേഖലയിലെ പ്രശ്നങ്ങള്‍ പഠിച്ച് അവ പരിഹരിക്കുന്നതിനായി അവിശ്രമം പൊരുതി. 1971ല്‍ കയര്‍ വര്‍ക്കേഴ്സ് സെന്റര്‍ രൂപീകരിച്ചതുമുതല്‍ അതിന്റെ പ്രസിഡന്റായിരുന്നു. മരണംവരെ ആ പദവിയില്‍ തുടര്‍ന്നു. ദീര്‍ഘകാലം ലോക്സഭാംഗമായ സുശീല നാടിന്റെ പ്രശ്നങ്ങള്‍ പഠിച്ച് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. സംസ്ഥാന വ്യവസായമന്ത്രിയെന്ന നിലയില്‍ തൊഴിലാളികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചു. ആഗോളവല്‍ക്കരണത്തിന്റെ കെടുതികളില്‍ ശ്വാസംമുട്ടിയ കേരളത്തിന്റെ പരമ്പരാഗത വ്യവസായമേഖലയെ കൈപിടിച്ചുയര്‍ത്താനും തൊഴിലാളികള്‍ക്ക് സാധാരണ മനുഷ്യരായി ജീവിക്കാനുള്ള അവസരം ഉറപ്പാക്കാനും ഭരണാധികാരിയായും തൊഴിലാളിനേതാവായും സുശീല നല്‍കിയ സംഭാവന അമൂല്യമാണ്. മഹിളാ അസോസിയേഷന്റെ പ്രവര്‍ത്തക എന്ന നിലയില്‍ ഇന്ത്യയിലുടനീളം സഞ്ചരിച്ച് വനിതകളുടെ പ്രശ്നപരിഹാരത്തിനായി പ്രവര്‍ത്തിച്ചു. അധ്വാനിക്കുന്ന കര്‍ഷകത്തൊഴിലാളികള്‍ക്കുവേണ്ടി വിശ്രമമില്ലാതെ പോരാടിയ പ്രിയങ്കരനായ നേതാവാണ് എ കണാരന്‍ .

പാര്‍ടി സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായിരിക്കെയാണ് അദ്ദേഹം അന്തരിച്ചത്. അധഃസ്ഥിത ജനവിഭാഗങ്ങള്‍ക്കായി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു സഖാവിന്റേത്. സഖാക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും അദ്ദേഹം കണാരേട്ടനായിരുന്നു. പാര്‍ലമെന്റേറിയന്‍ എന്ന നിലയിലും എ കണാരന്റെ പ്രവര്‍ത്തനം ശ്ലാഘനീയമാണ്. നിയമസഭയില്‍ അഴിമതിക്കും കൊള്ളരുതായ്മകള്‍ക്കുമെതിരെ അദ്ദേഹം ശക്തമായ നിലപാടെടുത്തു. ഔപചാരികതകളില്ലാതെ എല്ലാവരോടും സൗഹൃദത്തോടെ പെരുമാറുന്ന അദ്ദേഹം അനീതിക്കെതിരെ അന്യമായ കാര്‍ക്കശ്യവും പുലര്‍ത്തിയിരുന്നു. ഉജ്വലമായ നിരവധി സമരാനുഭവങ്ങളുണ്ട് ആ ജീവിതത്തില്‍. അടിമതുല്യമായ ചുറ്റുപാടുകളില്‍ ഉഴറിയ കര്‍ഷകത്തൊഴിലാളികളുടെ ജീവിതത്തില്‍ സാരമായ മാറ്റങ്ങളുണ്ടാക്കിയ നിരവധി പ്രക്ഷോഭ പരമ്പരകളാണ് സഖാവ് നയിച്ചത്. പൊതുപ്രവര്‍ത്തനത്തിനിടയില്‍ കടുത്ത ആക്രമണങ്ങളെ നേരിടേണ്ടിവന്നു. കൊലപാതകശ്രമത്തില്‍നിന്ന് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. സമരപോരാട്ടങ്ങളുടെ ഭാഗമായി ദീര്‍ഘകാലം ജയിലില്‍ കിടന്നു. എവിടെയും തളരാതെ, തീപാറുന്ന വാക്കുകളുമായി സമരമുഖങ്ങളില്‍ ആവേശം വിതച്ച സഖാവിന്റെ വേര്‍പാട് കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന് അപരിഹാര്യമായ നഷ്ടമാണ്. ജന്മിത്തത്തിനും നാടുവാഴിത്തത്തിന്റെ ദുഷ്പ്രവണതകള്‍ക്കുമെതിരെ ശക്തമായ പോരാട്ടം നടത്തി. ആദിവാസി ജനവിഭാഗങ്ങളെ സംഘടിപ്പിക്കുന്നതില്‍ അദ്ദേഹം കാണിച്ച അര്‍പ്പണബോധം പുത്തന്‍ തലമുറയ്ക്ക് പാഠമാണ്. അടിച്ചമര്‍ത്തപ്പെടുന്ന കര്‍ഷകത്തൊഴിലാളിക്ക് നിവര്‍ന്നുനിന്ന് അവകാശം നേടിയെടുക്കാനുള്ള ഊര്‍ജവും ആവേശവും പകര്‍ന്ന എ കണാരന്‍ അടിസ്ഥാന ജനവിഭാഗത്തിന്റെ വികാരം തന്നെയായിരുന്നു. രണ്ടു സഖാക്കളുടെയും സ്മരണ പുതുക്കുന്ന ഈ ഘട്ടത്തില്‍, അവര്‍ ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയത്തിന്റെ പ്രസക്തി എന്നത്തേതിനേക്കാളും വര്‍ധിച്ചതായി കാണാം. ലോകത്താകെ, അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ പ്രക്ഷോഭത്തിന്റെ പാതയിലാണ്. വികസിത മുതലാളിത്ത രാഷ്ട്രങ്ങളില്‍പ്പോലും നവലിബറല്‍ നയങ്ങള്‍ക്കെതിരായി അതിശക്തമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരുന്നു. മുതലാളിത്തം ബദലില്ലാത്ത വ്യവസ്ഥയാണെന്ന വലതുപക്ഷ പ്രചാരകരുടെ അവകാശവാദങ്ങള്‍ പൊളിഞ്ഞുവീഴുന്ന തരത്തിലാണ് ഈ പ്രക്ഷോഭങ്ങള്‍ ശക്തിപ്രാപിക്കുന്നത്.

ഈ ലോകാനുഭവം ഉള്‍ക്കൊണ്ട്, ജനവിരുദ്ധമായ നയങ്ങളില്‍നിന്ന് പിന്മാറുന്നതിനല്ല, അവ കൂടുതല്‍ ശക്തമായി നടപ്പാക്കാനുള്ള വിവേകശൂന്യതയുടെ പാതയിലാണ് കോണ്‍ഗ്രസ് നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍. പൊതുമേഖലയെ തകര്‍ത്തും സബ്സിഡികള്‍ ഇല്ലാതാക്കിയും ധനമൂലധനശക്തികളുടെ കടന്നുവരവിന് പശ്ചാത്തലമൊരുക്കുന്നു. അതിന് ഏതറ്റംവരെയും പോകും എന്നതിന്റെ തെളിവാണ് ചില്ലറ വ്യാപാരമേഖലയില്‍ വിദേശ നിക്ഷേപം കൊണ്ടുവരുന്നതിനുള്ള നിയമം പാസാക്കാന്‍ യുപിഎ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍. പൊതുമുതല്‍ സ്വകാര്യവല്‍ക്കരിക്കുക എന്ന ആഗോളവല്‍ക്കരണ നയമാണ് നടപ്പാക്കുന്നത്. അഴിമതി രാജ്യത്തിന്റെ സമ്പദ്ഘടനയെത്തന്നെ പ്രതിസന്ധിയിലാക്കുന്ന തരത്തില്‍ വളര്‍ന്നു. വിലക്കയറ്റവും തൊഴിലില്ലായ്മയുംമൂലം പൊറുതിമുട്ടുന്ന ജനങ്ങള്‍ക്കുമേല്‍ കൂടുതല്‍ കടുത്ത ഭാരം ;അടിച്ചേല്‍പ്പിക്കുമെന്ന് വീണ്ടും പറയുകയാണ് പ്രധാനമന്ത്രിയും ധനമന്ത്രിയും.

കേന്ദ്രനയങ്ങള്‍ അതേപടി പിന്തുടരുന്ന സംസ്ഥാന യുഡിഎഫ് സര്‍ക്കാര്‍ വിലക്കയറ്റം അതിന്റെ പാരമ്യത്തിലെത്തിച്ചു. സബ്സിഡികള്‍ ബാങ്ക് വഴി വിതരണംചെയ്യുമെന്ന പ്രഖ്യാപനം ഫലത്തില്‍ സബ്സിഡിതന്നെ ഇല്ലാതാക്കുകയാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധന, സബ്സിഡി ഉള്‍പ്പെടെ ഇല്ലാതാക്കുന്ന കേന്ദ്ര നയം, ഊഹക്കച്ചവടവും അവധി വ്യാപാരവും അനുവദിക്കുന്നതും പൂഴ്ത്തിവയ്പുക്കാര്‍ക്കും കരിഞ്ചന്തക്കാര്‍ക്കും ഒത്താശ ചെയ്തുകൊടുക്കുന്നതുമായ നയസമീപനങ്ങള്‍ തുടങ്ങിയവയാണ് ഇത്തരം പ്രതിസന്ധി സൃഷ്ടിക്കുന്നത്. അരിയുടെ വില 38 മുതല്‍ 50 രൂപവരെയായി ഉയര്‍ന്നിരിക്കുന്നു. പൊതുവിതരണ സമ്പ്രദായത്തെ തകര്‍ത്തുകളഞ്ഞു. റേഷന്‍ സബ്സിഡി പാടെ അവസാനിപ്പിക്കുകയാണ്. എല്‍ഡിഎഫ് ഭരണകാലത്ത് മാതൃകാപരമായ ഇടപെടലാണ് പൊതുവിതരണ മേഖലയില്‍ നടത്തിയിരുന്നത്. ഇന്ന്, സര്‍ക്കാര്‍തന്നെ ജനങ്ങളോട് യുദ്ധംചെയ്യുന്നു. നീതീകരണമില്ലാത്ത വൈദ്യുതി-ബസ് ചാര്‍ജ് വര്‍ധനയും പാലിനും വെള്ളത്തിനുമടക്കം വിലകൂട്ടിയതും ചില ഉദാഹരണങ്ങള്‍മാത്രം.

ജീവന്‍രക്ഷാ ഔഷധങ്ങള്‍ക്കുപോലും ഭീമമായ വിലക്കയറ്റം. കേരളത്തിന്റെ വിശ്വവിഖ്യാതമായ സാമൂഹ്യസുരക്ഷാപദ്ധതികള്‍ തകിടം മറിക്കപ്പെട്ടിരിക്കുന്നു. കേരള വികസനത്തിന്റെ അടിസ്ഥാന ശിലയായ ഭൂപരിഷ്കരണ നടപടികളെപ്പോലും ഇല്ലാതാക്കാനാണ് യുഡിഎഫ് ഭരണം ശ്രമിക്കുന്നത്. മാഫിയകളും പെണ്‍വാണിഭസംഘങ്ങളും നാട് ഭരിക്കുന്നു. അധികാരത്തിന്റെ സര്‍വ സൗകര്യങ്ങളും സങ്കുചിത നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നു. പൊലീസിനെ പ്രതിപക്ഷത്തെ ആക്രമിക്കാനുള്ള ആയുധമാക്കിയിരിക്കുന്നു. ഈ ദുഃസ്ഥിതി മാറ്റിയെടുക്കാന്‍ ജനങ്ങളെ അണിനിരത്തിയുള്ള പ്രക്ഷോഭമേ മാര്‍ഗമുള്ളൂ. ജനങ്ങള്‍ക്കുമേല്‍ താങ്ങാനാവാത്ത ജീവിതഭാരം അടിച്ചേല്‍പ്പിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയത്തിനെതിരായി വമ്പിച്ച പ്രക്ഷോഭങ്ങള്‍ സിപിഐ എം ഉയര്‍ത്തുന്ന ഘട്ടമാണിത്. കിടപ്പാടമില്ലാത്തവര്‍ക്ക് അത് ലഭിക്കുന്നതിനുള്ള പോരാട്ടത്തിന്റെ കൊടിയും പാര്‍ടി ഉയര്‍ത്തിപ്പിടിക്കുന്നു. ഇത്തരം പ്രക്ഷോഭ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന്, ജനങ്ങള്‍ക്കുവേണ്ടി ജീവിതമുഴിഞ്ഞുവച്ച സഖാക്കള്‍ സുശീലാ ഗോപാലന്റെയും എ കണാരന്റെയും ഓര്‍മകള്‍ നമുക്ക് കരുത്തുപകരും.

*
പിണറായി വിജയന്‍ ദേശാഭിമാനി

No comments: