Monday, January 14, 2013

പണിമുടക്ക് നല്‍കുന്ന പാഠം

സംസ്ഥാന ജീവനക്കാരും അധ്യാപകരും കഴിഞ്ഞ ആറുദിവസമായി നടത്തിവന്ന അനിശ്ചിതകാല പണിമുടക്ക് ഞായറാഴ്ച അര്‍ധരാത്രി നടന്ന ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പായി. ജീവനക്കാര്‍ ഉന്നയിച്ച പങ്കാളിത്തപെന്‍ഷന്‍ അടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ പിടിവാശി അവസാനിപ്പിച്ച് ചര്‍ച്ചയ്ക്ക് തയ്യാറായതോടെയാണ് പണിമുടക്ക് അവസാനിപ്പിക്കാനുള്ള വഴി തുറന്നത്. ജീവനക്കാരെ മൊത്തം ബാധിക്കുന്ന വിഷയങ്ങള്‍ അടിസ്ഥാനപ്പെടുത്തി സമരം ആരംഭിച്ചപ്പോള്‍ സമരാനുകൂലികളെന്നും സമരവിരോധികളെന്നും വേര്‍തിരിച്ച് ജീവനക്കാരെ ഭിന്നിപ്പിക്കുകയും ചര്‍ച്ചയേ ഇല്ലെന്ന് ഹുങ്കോടെ വാശിപിടിക്കുകയുംചെയ്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒടുവില്‍ താഴേക്ക് ഇറങ്ങിവരികയും സംഘടനാനേതാക്കളുമായി തുറന്ന ചര്‍ച്ചയ്ക്ക് നിര്‍ബന്ധിതനാവുകയുംചെയ്തു. പങ്കാളിത്തപെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കിലും മിനിമം പെന്‍ഷനടക്കമുള്ള പ്രസക്തമായ കാര്യങ്ങളില്‍ ജീവനക്കാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറായതിനെത്തുടര്‍ന്നാണ് സമരം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ സമരസമിതി തയ്യാറായത്.

ഇതനുസരിച്ച് മിനിമം പെന്‍ഷന്‍ ഉറപ്പാക്കും. ഇപിഎഫ് റിട്ടേണില്‍ കുറയാത്ത തുക പെന്‍ഷനായി ലഭിക്കും. പങ്കാളിത്ത പെന്‍ഷന്‍ സംബന്ധിച്ച പ്രശ്നങ്ങള്‍ പഠിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കും. പെന്‍ഷന്‍ ട്രഷറിയില്‍ നിക്ഷേപിക്കണമെന്ന് പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ഡവലപ്മെന്റ് അതോറിറ്റി (പിഎഫ്ആര്‍ഡിഎ)യോട് ആവശ്യപ്പെടും. സമരത്തിന്റെ ഭാഗമായി ശിക്ഷാനടപടികള്‍ ഉണ്ടാവില്ല. ഈ കാര്യങ്ങളില്‍ ധാരണയായതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. തീര്‍ച്ചയായും ഈയൊരു നിലപാടിലേക്ക് സര്‍ക്കാരിനെ കൊണ്ടുവരാന്‍ കഴിഞ്ഞത് ജീവനക്കാരുടെയും അധ്യാപകരുടെയും സംഘശക്തിയുടെ കരുത്തുതന്നെയാണ് തെളിയിക്കുന്നത്. എന്നാല്‍, പങ്കാളിത്തപെന്‍ഷന്‍ അപ്പാടെ പിന്‍വലിക്കണമെന്ന ആവശ്യമുന്നയിച്ചുള്ള സമരം തുടരുമെന്നും സമരസമിതി പ്രഖ്യാപിച്ചിട്ടുണ്ട്. ഡയസ്നോണും പിരിച്ചുവിടലും അടക്കമുള്ള എല്ലാ ഭീഷണികളും കരിനിയമങ്ങളും അതിജീവിച്ച് സമരമുഖത്ത് ഉറച്ചുനിന്ന മുഴുവന്‍ ജീവനക്കാരെയും അധ്യാപകരെയും ഞങ്ങള്‍ അഭിവാദ്യംചെയ്യുന്നു.

ശമ്പളവും പെന്‍ഷനും സര്‍ക്കാരിന് താങ്ങാനാവാത്ത ഭാരമായി മാറുന്നുവെന്ന് വസ്തുതാപരമല്ലാത്ത കണക്കുകള്‍ ഉദ്ധരിച്ചാണ് സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ പങ്കാളിത്ത പെന്‍ഷനാക്കി മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. റവന്യൂ വരുമാനത്തിന്റെ 80.61 ശതമാനം ശമ്പളവും പെന്‍ഷനുമായി നല്‍കേണ്ടിവരുന്നുവെന്ന സര്‍ക്കാര്‍ വാദം, യുഡിഎഫ് സര്‍ക്കാര്‍തന്നെ നിയോഗിച്ച ഡോ. ബി എ പ്രകാശ് ചെയര്‍മാനായുള്ള പൊതുചെലവ് അവലോകന കമ്മിറ്റിയുടെ കണ്ടെത്തലുകള്‍ ചൂണ്ടിക്കാട്ടി സമരസമിതി തെറ്റാണെന്ന് സ്ഥാപിച്ചിട്ടുണ്ട്. ശമ്പളവും പെന്‍ഷനുമായി റവന്യൂ വരുമാനത്തിന്റെ 43 ശതമാനമേയുള്ളൂവെന്നാണ് ബി എ പ്രകാശ് കമ്മിറ്റിയുടെ കണ്ടെത്തല്‍. അതായത് പൊതുചെലവ് താങ്ങാനാവാത്തതാകുന്നതുകൊണ്ടല്ല, മറിച്ച് സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ-ജനവിരുദ്ധ സമീപനമാണ് പങ്കാളിത്ത പെന്‍ഷനെന്ന അപകടകരമായ സംവിധാനത്തിലേക്ക് പോകാന്‍ പ്രേരണയാകുന്നത് എന്ന് വ്യക്തം. ജനങ്ങളുടെ പണവും സമ്പാദ്യവും കോര്‍പറേറ്റ് ശക്തികള്‍ക്ക് കൊള്ളയടിക്കാന്‍ അവസരമൊരുക്കുന്ന സര്‍ക്കാരിന്റെ പൊതുനിലപാടാണ് ഇതിന് പ്രേരിപ്പിക്കുന്നതെന്നും കാണാന്‍ കഴിയും.

ആഗോളവല്‍ക്കരണത്തിന്റെ എല്ലാ യുക്തികളിലും അഭിരമിക്കുന്ന കേന്ദ്രസര്‍ക്കാരും അതിന്റെ കാലടികള്‍ പിന്തുടരുന്ന സംസ്ഥാന സര്‍ക്കാരും ജനജീവിതം പന്താടുമ്പോള്‍ വരുന്ന സ്വാഭാവികമായ ദുര്‍ഗതിയാണിത്. "പ്രോഫിറ്റ് ഓവര്‍ പീപ്പിള്‍: നിയോലിബറലിസം ആന്‍ഡ് ഗ്ലോബല്‍ ഓര്‍ഡര്‍" (ജനങ്ങള്‍ക്കുമേല്‍ ലാഭം: നവഉദാരവല്‍ക്കരണവും ആഗോളക്രമവും) എന്ന നോം ചോംസ്കിയുടെ വിഖ്യാതകൃതി ആഗോളവല്‍ക്കരണത്തിന്റെ രീതിശാസ്ത്രം കൃത്യമായി വിശകലനംചെയ്യുന്ന പുസ്തകമാണ്. പേര് സൂചിപ്പിക്കുന്നതുപോലെ കോര്‍പറേറ്റ് ശക്തികള്‍ക്ക് എങ്ങനെയും ലാഭം കൊയ്യാന്‍ സഹായകമായ രാഷ്ട്രീയ-സാമ്പത്തിക നയങ്ങളാണ് ആഗോളവല്‍ക്കരണത്തിന്റെ മുഖമുദ്രയെന്ന് ചോംസ്കി നിരീക്ഷിക്കുന്നുണ്ട്. അത് പതുക്കെപ്പതുക്കെ പൊതുമണ്ഡലത്തെ ഇല്ലാതാക്കുമെന്നും അദ്ദേഹം വിശദീകരിക്കുന്നു. ഊഹക്കച്ചവടമടക്കം പ്രോത്സാഹിപ്പിക്കുന്നത് ഇതിന്റെ ഭാഗമാണ്. അതുകൊണ്ടാണ് പെന്‍ഷന്‍ ബാധ്യതയില്‍നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുകയും പങ്കാളിത്തപെന്‍ഷനിലെ ജീവനക്കാരുടെയും സര്‍ക്കാരിന്റെയും വിഹിതം ഓഹരിക്കമ്പോളത്തില്‍ നിക്ഷേപിക്കുകയും ചെയ്യാനൊരുങ്ങുന്നത്. ഇത് അഞ്ചോ ആറോ ലക്ഷം വരുന്ന ജീവനക്കാരുടെമാത്രം പ്രശ്നമായി ചുരുക്കി കാണേണ്ടതല്ല. ഇപ്പോള്‍ സര്‍വീസിലുള്ളവരെയാരെയും ബാധിക്കുന്ന പ്രശ്നമല്ലെന്ന സാങ്കേതികത്വം പറഞ്ഞ് അംഗീകരിക്കാന്‍ കഴിയുന്നതുമല്ല. അത് വെറും തര്‍ക്കശാസ്ത്രത്തിന്റെ യുക്തിമാത്രമാണ്.

ജീവനക്കാരും തൊഴിലാളികളുമൊക്കെ അവകാശങ്ങള്‍ നേടിയെടുത്തതിനു പിന്നില്‍ എണ്ണമറ്റ പോരാട്ടങ്ങളുടെ ചരിത്രമുണ്ട്. ഒത്തിരി ചോരയുടെയും കണ്ണീരിന്റെയും നവുകളുമുണ്ട്. അതൊക്കെ തിരിച്ചുപിടിച്ച് ജനങ്ങളെ വീണ്ടും മേലാളവര്‍ഗത്തിന്റെ കളിപ്പാവകളാക്കാനുള്ള ശ്രമമാണ് അധികാരികള്‍ നടത്തുന്നത്. ഈ പശ്ചാത്തലത്തില്‍ നിന്നുവേണം ജീവനക്കാരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നീക്കത്തെ കാണേണ്ടത്. അതുകൊണ്ട് ജീവനക്കാരുടെ ജീവിതസായാഹ്നം കോര്‍പറേറ്റ് ശക്തികളുടെ ലാഭച്ചൂതാട്ടങ്ങള്‍ക്ക് തീറെഴുതാനുള്ള നീക്കത്തിനെതിരായ പോരാട്ടം തുടരുമെന്ന സമരസമിതിയുടെ നിലപാട് ആവേശകരമാണ്. പങ്കാളിത്ത പെന്‍ഷനെതിരായ സമരം മുന്നോട്ടുകൊണ്ടുപോകുമെന്ന ഡിവൈഎഫ്ഐയുടെ പ്രഖ്യാപനവും ശുഭസൂചനകള്‍ നല്‍കുന്നു. ജനവിരുദ്ധനയങ്ങള്‍ക്കെതിരായ എല്ലാ സമരമുഖങ്ങളും കൂട്ടിയോജിപ്പിച്ചുവേണം ഈ പോരാട്ടം തുടരാന്‍. അതുകൊണ്ട് ജനജീവിതം കടുത്ത ചൂഷണത്തിന് വിധേയമാക്കുന്ന കോര്‍പറേറ്റ് ശക്തികള്‍ക്കെതിരെയും അതിന് എല്ലാവിധ ഒത്താശകളും നല്‍കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയും പോരാട്ടം നടത്തുന്ന എല്ലാ മേഖലകളില്‍നിന്നുള്ളവരും ഈ സമരത്തിന്റെ പതാകവാഹകരായി മാറേണ്ടതുണ്ട്.

*
ദേശാഭിമാനി മുഖപ്രസംഗം 15 ജനുവരി 2013

No comments: