Wednesday, February 27, 2013

കേരളം വികസനത്തിന്റെ എതിര്‍ദിശയിലേക്ക്

യുഡിഎഫ് സര്‍ക്കാര്‍ ജനങ്ങളോട് വിശദീകരിക്കേണ്ട നിരവധി കാര്യങ്ങള്‍ കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് സംബന്ധിച്ച കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട് മുന്നോട്ടുവയ്ക്കുന്നുണ്ട്. 2011ലെ കേരള ധനകാര്യ ഉത്തരവാദിത്ത ഭേദഗതി നിയമം ഉയര്‍ത്തിയ ലക്ഷ്യങ്ങള്‍ക്ക് നേര്‍വിപരീത ദിശയിലേക്ക് കേരളത്തിന്റെ സമ്പദ്ഘടന സഞ്ചരിക്കുന്നുവെന്ന് സിഎജി റിപ്പോര്‍ട്ടിന്റെ സൂക്ഷ്മവായന ആരെയും ബോധ്യപ്പെടുത്തും. അതിനുമപ്പുറം, വന്‍ വികസനത്തിലേക്ക് കേരളത്തെ നയിക്കാനുള്ള പ്രാരംഭ നടപടികളിലേക്ക് കടന്നുവെന്ന അവകാശവാദത്തിന്റെ പൊള്ളത്തരം ആരെയും ബോധ്യപ്പെടുത്തുക കൂടിചെയ്യും.

വികസനം എന്നത് സാധ്യമാവണമെങ്കില്‍ മൂലധനച്ചെലവ് കാര്യമായി ഉയരണം. എന്നാല്‍, സിഎജി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത് ജനറല്‍ കാറ്റഗറി സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ രംഗത്തെ കേരളത്തിന്റെ പ്രവര്‍ത്തനം 2011-12ല്‍ നാമമാത്രമായിരുന്നു എന്നാണ്. സാങ്കേതികമായി പറഞ്ഞാല്‍ വര്‍ധന വന്നിട്ടുണ്ട് മൂലധനച്ചെലവില്‍. എന്നാല്‍, ഇതര സംസ്ഥാനങ്ങളുടേതിനെ അപേക്ഷിച്ച് ഇത് തുലോം തുച്ഛമാണ്. വികസനവായ്ത്താരിയും ഈ ദയനീയ പ്രകടനവും എങ്ങനെ ഒത്തുപോവും?

ദേശീയ ദുരിതാശ്വാസഫണ്ടില്‍നിന്ന് ലഭിച്ച 109 കോടി രൂപ സ്റ്റേറ്റ് ദുരിത പ്രതികരണ നിധിയിലേക്ക് (എസ്ഡിആര്‍എഫ്) മാറ്റാന്‍ സംസ്ഥാനം ബാധ്യസ്ഥമായിരുന്നു. എന്നാല്‍, ആ തുക എസ്ഡിആര്‍എഫിലേക്ക് മാറ്റിയതായി കാണാനില്ല. ഈ തുക കേന്ദ്ര സെക്യൂരിറ്റികളിലോ ട്രഷറിയിലോ ബാങ്കുകളിലോ പലിശ നേടിത്തരുന്ന ഫണ്ടായി നിക്ഷേപിച്ചതായും കാണാനില്ല. എവിടെപ്പോയി ഈ തുക? കണ്‍സോളിഡേറ്റഡ് സിങ്കിങ് ഫണ്ട് എന്നൊന്നുണ്ട്. 2011-12ല്‍ ഇതിലേക്ക് സംസ്ഥാനം നിക്ഷേപിക്കേണ്ടിയിരുന്നത് 380.30 കോടി രൂപയാണ്. എന്നാല്‍, പത്തു കോടി രൂപ മാത്രം നിക്ഷേപിച്ചതായേ കാണാനുള്ളു. എവിടെപ്പോയി ബാക്കി 370.30 കോടി രൂപ? ഗ്യാരന്റി റിസംപ്ഷന്‍ ഫണ്ടിലേക്ക് സമാഹരിക്കപ്പെട്ട തുക 474.53 കോടി രൂപയാണ്. ഈ തുക ഫണ്ടില്‍ ക്രെഡിറ്റ് ചെയ്തതായി കാണാനില്ല. എവിടെപ്പോയി ഈ തുക? 2011-12ല്‍ സംസ്ഥാന സര്‍ക്കാര്‍ 8,880 കോടി രൂപയുടെ കമ്പോളകടമെടുപ്പു നടത്തി. പോയവര്‍ഷത്തെ അപേക്ഷിച്ച് 3380 കോടിയുടെ വര്‍ധന. എന്നാല്‍, ഈ തുകയുടെ സിംഹഭാഗവും പ്രത്യുല്‍പ്പാദനപരമോ പലിശയടക്കം തുക തിരിച്ചടയ്ക്കാന്‍ സഹായിക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ക്കോ അല്ല, മറിച്ച് നിത്യനിദാനച്ചെലവുകള്‍ക്കാണ് ഉപയോഗിച്ചത് എന്നത് ഉല്‍ക്കണ്ഠപ്പെടുത്തുന്ന കാര്യമാണ്. എടുത്ത കടം തിരിച്ചടയ്ക്കാനുള്ള ഒരു വഴിയും തുറക്കാത്തവിധം ഈ പണം ഉപയോഗിച്ചുവെന്ന് സിഎജി കണ്ടെത്തി. മൂലധനചെലവ് വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ അതുപോലും ഒരു വ്യവസായമെങ്കിലും തുടങ്ങാന്‍ ഉപയോഗിച്ചതായി കാണുന്നില്ല. കോര്‍പറേഷന്‍, സര്‍ക്കാര്‍ കമ്പനി, ജോയിന്റ് സ്റ്റോക്ക് കമ്പനി നിക്ഷേപങ്ങളില്‍നിന്നുള്ള വരവ് 1.3 ശതമാനമായിരിക്കെ കടത്തിന്റെ പലിശയിനത്തിലടയ്ക്കേണ്ട തുക 7.9 ശതമാനമായിരിക്കുന്നു. കടംവാങ്ങല്‍ അസാധാരണമല്ലെങ്കിലും വികസനേതരചെലവുകള്‍മൂലം അടിസ്ഥാനഘടനാവികസനത്തിന് അതുപയോഗിക്കാതിരുന്നത് വിസ്മയകരമാണെന്ന് സിഎജി കണ്ടെത്തിയിട്ടുണ്ട്.

റവന്യൂ കമ്മി 2.5 ശതമാനംകണ്ടും ധനകമ്മി 3.9 ശതമാനംകണ്ടുംവര്‍ധിച്ചു. കമ്മി വര്‍ധന സാമ്പത്തികരംഗത്ത് അസന്തുലിതാവസ്ഥ സൃഷ്ടിച്ചു. വായ്പപോലും നിത്യനിദാനച്ചെലവുകള്‍ക്കായി ഉപയോഗിച്ചാണ് കമ്മി ധനഉത്തരവാദിത്ത നിയമത്തിന്റെ ലക്ഷ്യങ്ങള്‍ക്ക് വിപരീതമായി ഇങ്ങനെ വര്‍ധിപ്പിക്കുന്നത്. ധനബാധ്യതകള്‍ മൊത്ത വരുമാനത്തിന്റെ വലിയഭാഗം അപഹരിക്കുന്ന നിലയായതും ധനഉത്തരവാദിത്തനിയമത്തിന്റെ ഉള്ളടക്കത്തെ അട്ടിമറിക്കുന്നു. ഏഴു വര്‍ഷംകൊണ്ട് കടത്തിന്റെ 49 ശതമാനം അടച്ചുതീര്‍ക്കാനുള്ള സംസ്ഥാനത്തിന്റെ ഉത്തരവാദിത്തം വിസ്മരിക്കപ്പെട്ടു. ധന ആസ്തി-ബാധ്യതാനുപാതം അട്ടിമറിക്കപ്പെട്ടു. കേന്ദ്രത്തില്‍നിന്നു കിട്ടിയ 2474 കോടി സംസ്ഥാന നടപ്പാക്കല്‍ ഏജന്‍സികള്‍ എങ്ങനെ വിനിയോഗിച്ചുവെന്നത് നിരീക്ഷിക്കപ്പെട്ടില്ല. തുകയുടെ സമയബന്ധിത ഉപയോഗമോ പദ്ധതികള്‍ പൂര്‍ത്തിയാക്കിയതിന്റെ അടിസ്ഥാനത്തിലുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കലോ ഉണ്ടായില്ല. ഈ അവസ്ഥ കൂടുതല്‍ ഫണ്ട് ലഭിക്കുന്നതിനുപോലും ഭാവിയില്‍ തടസ്സം സൃഷ്ടിക്കും. ബജറ്റിനെ മറികടന്നുള്ള അധികച്ചെലവുകള്‍, ബജറ്റ് വിഹിതം ഉപയോഗിക്കാതെ ലാപ്സാക്കല്‍, ഫണ്ടുകളുടെ വകമാറ്റല്‍, കൃത്രിമമായി റവന്യൂകമ്മി കുറച്ചുകാട്ടല്‍ തുടങ്ങിയവയൊക്കെ സിഎജി റിപ്പോര്‍ട്ടിലൂടെ പുറത്തുവരുന്നു. എംഎല്‍എമാരുടെ സ്പെഷ്യല്‍ ഡവലപ്മെന്റ് ഫണ്ടിനുള്ള 142 കോടി രൂപയുടെ ചെലവ് റവന്യൂസെക്ഷന്‍ അക്കൗണ്ടില്‍ കാട്ടാതെ മറച്ചുവെന്നതു റവന്യൂകമ്മി കൃത്രിമമായി കുറച്ചുകാട്ടാനായിരുന്നുവെന്നത് സിഎജി കണ്ടുപിടിച്ചിട്ടുണ്ട്.

സര്‍വശിക്ഷാ അഭിയാന്‍, അതിജീവിക, സമഗ്ര തണ്ണീര്‍ത്തടപദ്ധതി തുടങ്ങിയവയ്ക്കുള്ള കേന്ദ്രഫണ്ട് പോയവര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞത് സംസ്ഥാനത്തിന്റെ പിടിപ്പുകേടുകൊണ്ടാണെന്ന് വരികള്‍ക്കിടയിലൂടെ സിഎജി സൂചിപ്പിച്ചിട്ടുണ്ട്. സംസ്ഥാന പദ്ധതികള്‍ക്കുള്ള കേന്ദ്രസഹായത്തുകയില്‍ വന്ന കുറവ് ഗ്രാന്റ് ഇന്‍ എയ്ഡിലുണ്ടായ നേരിയ വര്‍ധനയുടെ ഫലംപോലും ഇല്ലാതാക്കിയതായി സിഎജി കണ്ടെത്തിയിട്ടുണ്ട്. ചുരുക്കത്തില്‍, ഒരു വശത്ത് വികസനത്തെക്കുറിച്ച് "എമര്‍ജിങ് കേരള"പോലുള്ള മാമാങ്കങ്ങള്‍ നടത്തി മേനി നടിക്കലും മറുവശത്ത് കേരളത്തെ സാമ്പത്തിക പ്രതിസന്ധിയുടെ കയത്തിലാഴ്ത്തലുമാണ് യുഡിഎഫ് സര്‍ക്കാര്‍ ചെയ്യുന്നത് എന്നതിന്റെ സാക്ഷ്യപത്രമാവുന്നുണ്ട് 2011-2012 വര്‍ഷത്തെ സംസ്ഥാന ധനകാര്യം അവലോകനം ചെയ്യുന്ന സിഎജി റിപ്പോര്‍ട്ട്.

*
ദേശാഭിമാനി മുഖപ്രസംഗം

No comments: