Saturday, February 16, 2013

അന്തസ്സുണ്ടെങ്കില്‍ ഇറങ്ങിപ്പോകണം

പൊലീസിനെയും ഭരണകൂടത്തിന്റെ മറ്റു സന്നാഹങ്ങളെയും ഉപയോഗപ്പെടുത്തി രാഷ്ട്രീയ എതിരാളികളെ തച്ചുതകര്‍ക്കാന്‍ കോണ്‍ഗ്രസ് തയ്യാറായതിന്റെ എക്കാലത്തും ചൂണ്ടിക്കാട്ടാവുന്ന ഉദാഹരണമാണ് അടിയന്തരാവസ്ഥ. കാരണംപറയാതെ ആരെയും പിടിച്ചുകൊണ്ടുപോയി അനിശ്ചിതമായി തടവിലിടാനും പീഡിപ്പിക്കാനുമുള്ള അധികാരമാണ് അന്ന് പൊലീസിന് ലഭിച്ചത്. അതുപയോഗിച്ചാണ്, കക്കയം ക്യാമ്പില്‍ രാജനെ ഉരുട്ടിക്കൊന്നത്. പ്രാദേശിക തലത്തിലെ കോണ്‍ഗ്രസുകാരന്‍ ചൂണ്ടിക്കാട്ടുന്ന ഏതൊരാളെയും പിടിക്കാനും അടിക്കാനും പൂട്ടാനും തയ്യാറായ അന്നത്തെ പൊലീസാണ്, കേരളം കണ്ട ഏറ്റവും വൃത്തികെട്ട പൊലീസ് എന്ന ധാരണ തിരുത്തിക്കുറിച്ചത് ഈയടുത്ത നാളുകളിലാണ്. ഭരണമുന്നണിയിലെ ജാതിസമവാക്യങ്ങള്‍ തീര്‍ത്ത സങ്കീര്‍ണതകളും വര്‍ഗീയ പ്രീണനത്തിന്റെയും സമ്മര്‍ദങ്ങളുടെയും കുരുക്കും മുറുകിയപ്പോഴാണ് ഉമ്മന്‍ചാണ്ടിക്ക് ആഭ്യന്തരവകുപ്പ് ഉപേക്ഷിക്കേണ്ടിവന്നത്. അന്നത് ഏറ്റുവാങ്ങാന്‍ നിയോഗിക്കപ്പെട്ടത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്ന കോണ്‍ഗ്രസ് നേതാവാണ്. അടിയന്തരാവസ്ഥയെ ലജ്ജിപ്പിക്കുംവിധം പൊലീസിനെ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് ആ മന്ത്രി പരീക്ഷണങ്ങള്‍ നടത്തിയത്. ഏതാനും കേസുകള്‍ മറയാക്കി, പൊലീസിനെ കെട്ടഴിച്ചുവിട്ട് കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനത്തെ തകര്‍ക്കാം എന്ന ദുര്‍മോഹത്തെയാണ് ആ മന്ത്രി വാരിപ്പുണര്‍ന്നത്. ഫസല്‍, ഷുക്കൂര്‍, ടി പി ചന്ദ്രശേഖരന്‍- ഈ മൂന്ന് മരണങ്ങള്‍ ആയുധമാക്കി കഴിഞ്ഞ ഏതാനും മാസങ്ങളില്‍ അരങ്ങേറിയ ആസൂത്രിത നാടകങ്ങള്‍ ഉമ്മന്‍ചാണ്ടി- തിരുവഞ്ചൂര്‍ സഖ്യത്തിന്റെ രാഷ്ട്രീയ ദുരാചാര പരമ്പരതന്നെയായി.

നിയമം നിയമത്തിന്റെ വഴിക്കുപോകുമെന്നും പൊലീസ് പൊലീസിന്റെ പണിചെയ്യുമെന്നും മുഖംനോക്കാതെ നീതിനടപ്പാക്കുമെന്നുമുള്ള തുടര്‍പ്രഖ്യാപനങ്ങളുടെ മറവില്‍, തിരുവഞ്ചൂരിന്റെ പൊലീസ് എന്തൊക്കെ ചെയ്തുകൂട്ടി എന്നതിന്റെ നേരിയ സൂചനയാണ് വ്യാഴാഴ്ച തളിപ്പറമ്പ് മുന്‍സിഫ് കോടതിയില്‍ കണ്ടത്. മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ അബ്ദുള്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട കേസില്‍ സിപിഐ എമ്മിന്റെ ജില്ലാ സെക്രട്ടറിയെയും ജനപ്രതിനിധികൂടിയായ സംസ്ഥാന കമ്മിറ്റി അംഗത്തെയും കുടുക്കാനും തുറുങ്കിലടയ്ക്കാനും കാരണമാക്കിയത്, പൊലീസ് കെട്ടിച്ചമച്ച വ്യാജ മൊഴിയാണ് എന്ന് അവിടെ തെളിഞ്ഞു. പി ജയരാജന്‍, ടി വി രാജേഷ് എന്നീ നേതാക്കള്‍, മുസ്ലിംലീഗ് ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടവരാണ്. അതേ ദിവസം ഒരു ലീഗുകാരന്‍ കൊല്ലപ്പെട്ടു. സംഘര്‍ഷത്തിനിടെ ഉണ്ടായ ആ ദൗര്‍ഭാഗ്യകരമായ സംഭവത്തെ, അപസര്‍പ്പകകഥകളെ വെല്ലുംവിധം ആസൂത്രിത കൊലപാതകമായി പെരുപ്പിച്ചെടുക്കാനാണ് സര്‍ക്കാര്‍ തയ്യാറായത്.

മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് സൃഷ്ടിച്ചെടുത്ത കഥയ്ക്ക് പ്രചാരം നല്‍കാന്‍ മാധ്യമങ്ങളും നിയമത്തിനുമുന്നിലെത്തിക്കാന്‍ ആഭ്യന്തരമന്ത്രിയും ഭംഗിയായി അഭിനയിച്ചു. അതിന്റെ അവസാന ഘട്ടമെന്ന നിലയിലാണ്, നേതാക്കളെ ഗൂഢാലോചനക്കേസില്‍ കുടുക്കി ജയിലിലടച്ചത്. അതിന് പൊലീസ് ഉണ്ടാക്കിയ നുണക്കഥ, ആശുപത്രി മുറിയില്‍വച്ച് ഒരു സിപിഐ എം പ്രവര്‍ത്തകന്‍ ടെലിഫോണില്‍ ആരോടോ സംസാരിച്ചുവെന്നും ആ സംസാരം ഷുക്കൂറിനെ വിടരുത് എന്ന ആജ്ഞയായിരുന്നെന്നും അത് നേതാക്കള്‍ കേട്ടിട്ടുണ്ട് എന്നുമായിരുന്നു. കുറ്റകൃത്യത്തെക്കുറിച്ച് അറിഞ്ഞിട്ടും പൊലീസിനെ അറിയിക്കാത്ത കുറ്റത്തിന് അറസ്റ്റും തടവറയും.

ഫോണ്‍ സംഭാഷണം ഉണ്ടായോ, ഉണ്ടായെങ്കില്‍ അത് നേതാക്കള്‍ കേട്ടോ എന്നൊക്കെ പരിശോധിക്കുന്നതിന് മുമ്പ് ഉറപ്പിക്കാവുന്ന മറ്റൊന്ന് ഇതില്‍ അടങ്ങിയിട്ടുണ്ട്. അങ്ങനെയൊരു ഫോണ്‍ സംഭാഷണം കേട്ടതായി രണ്ടുമാസം കഴിഞ്ഞ് പൊലീസിന് "മൊഴി" നല്‍കിയ സാക്ഷികള്‍, എന്തുകൊണ്ട് ഉചിതമായ സമയത്ത് പൊലീസിനെ അറിയിച്ച് കുറ്റകൃത്യം തടഞ്ഞില്ല എന്ന ചോദ്യമാണത്. ജയരാജനും രാജേഷും കേട്ടോ എന്ന് തെളിഞ്ഞിട്ടില്ല; പക്ഷേ, ഈ സാക്ഷികള്‍ വ്യക്തമായി "കേട്ടതാണ്". അങ്ങനെയെങ്കില്‍, ആദ്യം പ്രതിചേര്‍ക്കേണ്ടത് സാക്ഷികളെത്തന്നെയല്ലേ എന്ന ചോദ്യമാണുയര്‍ന്നത്. കള്ളക്കേസും കള്ളസാക്ഷികളെയും സൃഷ്ടിക്കുമ്പോള്‍, ഇത്തരമൊരു ചോദ്യം ഉയരുമെന്ന ധാരണ ആഭ്യന്തരമന്ത്രിയുടെ അല്‍പ്പബുദ്ധിയില്‍ ഉണര്‍ന്നില്ല. സ്വാഭാവികമായും ആ പ്രശ്നം കോടതിയിലെത്തി. സാക്ഷിമൊഴി നല്‍കി രാഷ്ട്രീയത്തട്ടിപ്പിന് കരുവായ രണ്ടുപേര്‍ പ്രതിപ്പട്ടികയിലെത്തുമെന്നായി. അങ്ങനെ വന്നപ്പോള്‍ അവര്‍ക്ക് സത്യം പറയേണ്ടിവന്നു. തങ്ങള്‍ ആശുപത്രിയില്‍ പോവുകയോ, ജയരാജനെയും രാജേഷിനെയും കാണുകയോ ചെയ്തിട്ടില്ല എന്നാണ് അവര്‍ ഇപ്പോള്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. ഞങ്ങളുടെ ചില സഹജീവികള്‍ ഇതിനെ "സാക്ഷികളുടെ കൂറുമാറ്റമായി" വ്യാഖ്യാനിച്ചുകണ്ടു. പൊലീസ് കള്ളസാക്ഷികളാക്കിയവര്‍ സത്യം വിളിച്ചുപറയാന്‍ നിര്‍ബന്ധിതരായ സാഹചര്യത്തെ അങ്ങനെ ലളിതവല്‍ക്കരിക്കാനാവില്ല.
ഇവിടെ പൊളിഞ്ഞുവീണത്, സിപിഐ എം എന്ന രാഷ്ട്രീയ പ്രസ്ഥാനത്തെ പൊലീസിനെ ഉപയോഗിച്ച് തകര്‍ക്കാനുള്ള ഭരണാധികാരികളുടെ ഗൂഢാലോചനയാണ്. അതിന് അവര്‍ നീതിപീഠത്തെ ദുരുപയോഗിക്കാന്‍ തയ്യാറായി എന്ന ഞെട്ടിക്കുന്ന സത്യമാണ്. കോടതിയെ തെറ്റിദ്ധരിപ്പിച്ച് പി ജയരാജനെയും രാജേഷിനെയും തുറുങ്കിലടച്ചതിലൂടെ ആ രണ്ടു നേതാക്കള്‍ക്കുമാത്രമല്ല വിഷമതകളുണ്ടായത്. ജയരാജനെ അന്യായമായി അറസ്റ്റ് ചെയ്തപ്പോള്‍, ആ ജനനേതാവിനെയും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തെയും നീതിന്യായ വ്യവസ്ഥയെയും ജനാധിപത്യ മൂല്യങ്ങളെയും അംഗീകരിക്കുന്ന സകലരിലും കടുത്ത രോഷമാണുണ്ടായത്. ആ രോഷം ജനങ്ങള്‍ പരസ്യമായി പ്രകടിപ്പിക്കുന്ന അവസ്ഥ വന്നു. നാടാകെ പ്രതിഷേധ പ്രകടനങ്ങളുണ്ടായി. ആ പ്രകടനങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമംനടന്നു. നൂറുകണക്കിനാളുകള്‍ക്ക് മര്‍ദനമേറ്റു. ആയിരക്കണക്കിന് കള്ളക്കേസുണ്ടായി. സര്‍ക്കാരിന്റെ അധമപ്രവര്‍ത്തനം നാട്ടിലാകെ അസ്വസ്ഥത വിതച്ച ആ അനുഭവം എളുപ്പം വിസ്മൃതമാകുന്നതല്ല. അതിനെല്ലാറ്റിനും കാരണമായി ഉയര്‍ത്തിക്കാട്ടിയ സാക്ഷിമൊഴികളാണ് ഇപ്പോള്‍ പൊട്ടിച്ചിതറി നാമാവശേഷമായത്. കേസ് കേസിന്റെ വഴിക്കുതന്നെ പോകട്ടെ. പക്ഷേ, ഈ നാണംകെട്ട കള്ളക്കളിക്ക് നേതൃത്വം നല്‍കിയവരെയും കരുവായി കളത്തിലിറങ്ങി കളിച്ചവരെയും വെറുതെ വിട്ടുകൂടാ. കള്ളക്കേസിനായി കഥചമച്ചവര്‍ എത്ര ഉന്നതരായാലും കണക്കുപറയിപ്പിക്കേണ്ടതുണ്ട്. കള്ളക്കഥ പ്രചരിപ്പിച്ച് അത്യാചാരത്തിന് ചൂട്ടുപിടിച്ച മാധ്യമങ്ങളെ ജനസമക്ഷം നഗ്നരാക്കി നിര്‍ത്തേണ്ടതുണ്ട്. ജനാധിപത്യത്തിന്റെയും നീതിന്യായ വ്യവസ്ഥയുടെയും വിശ്വാസ്യതയാണ് ഈ അധമവൃത്തിയിലൂടെ ഇവര്‍ ചോദ്യംചെയ്തത്. ഇത് ആവര്‍ത്തിക്കാന്‍ ഇവരെ വിടാതിരിക്കലാണ് ജനാധിപത്യം. സാധാരണ മാനസികാവസ്ഥയുള്ളവരാണെങ്കില്‍, ഇങ്ങനെ തൊലിയുരിക്കപ്പെട്ട നിമിഷത്തില്‍ ഇറങ്ങിപ്പോകേണ്ടതാണ്. ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കിയ ഭരണ-പൊലീസ് തലത്തിലെ ഉന്നതര്‍ അന്തസ്സുണ്ടെങ്കില്‍ അത് ചെയ്യണം. അങ്ങനെയൊരന്തസ്സ് അവര്‍ക്കില്ലാത്ത സ്ഥിതിക്ക്, അവരെ അതിലേക്ക് നയിക്കാനുള്ള കടമ ജനങ്ങള്‍ ഏറ്റെടുക്കേണ്ടിവരും.

*
ദേശാഭിമാനി മുഖപ്രസംഗം 16 ഫെബ്രുവരി 2013

No comments: