Tuesday, February 26, 2013

മഗ്ദലനമറിയത്തിന്റെ സോദരിമാര്‍

നമ്മുടെ സാമൂഹിക വീക്ഷണത്തില്‍ സ്ത്രീയുടെ സ്ഥാനം എവിടെയാണ്. ചൂഴ്ന്നു നോക്കുമ്പോള്‍ അത്രയൊന്നും മെച്ചപ്പെട്ടിട്ടില്ലെന്നു കാണാം. 33% സംവരണം ലഭിച്ചാലും ഇല്ലെങ്കിലും അടുത്ത കാലത്തൊന്നും പുരുഷന്റെ മുഷ്‌ക്കില്‍ നിന്നും സ്ത്രീക്കു മോചനം ലഭിക്കുമെന്നും കരുതാനാവില്ല. ആധുനികതയുടെ കളിത്തൊട്ടിലായ യൂറോപ്യന്‍ രാജ്യങ്ങളിലും, ഏറ്റവും കൂടുതല്‍ ആധുനികവല്‍ക്കരിക്കപ്പെട്ട സഭകളിലൊന്നായ കത്തോലിക്കാ സഭയിലും ഇന്നും വീക്ഷണങ്ങള്‍ രൂപം കൊള്ളുന്നത് വൃഷ്ണസഞ്ചിയുടെ രാഷ്ട്രീയത്തിലൂടെയാകുമ്പോള്‍ പ്രത്യേകിച്ചും. കത്തോലിക്കാ രാജ്യമായ അയര്‍ലന്റില്‍ അടുത്തിടെയുണ്ടായ ചില സംഭവവികാസങ്ങള്‍ ഇതിനുദാഹരണമാണ്. അതിലാദ്യം ഇന്ത്യന്‍ വംശജയായ കല്‍പ്പന ഹാലപ്പനാവര്‍ എന്ന യുവതിയ്ക്ക് മതനിയമങ്ങള്‍ വിലക്കിയതിനാല്‍ ഗര്‍ഭഛിദ്രം നിഷേധിച്ച ഐറിഷ് ഹോസ്പിറ്റലധികാരികളും, തുടര്‍ന്ന് ആ ഹതഭാഗ്യയുടെ മരണവുമാണ്. ഏറ്റവും ഒടുവില്‍ പുറത്തു വന്നിരിക്കുന്നത് ഐറിഷ് ഗവണ്‍മെന്റ് കത്തോലിക്കാ സഭ നടത്തിയിരുന്ന അലക്കുകേന്ദ്രങ്ങളിലേക്ക് അടിമകളായി തള്ളിയ പതിനായിരത്തോളം വരുന്ന സ്ത്രീകളുടെ കദനകഥയാണ്.

അയര്‍ലന്റില്‍ കത്തോലിക്കസഭ നടത്തിവന്നിരുന്ന തുണിയലക്കു കേന്ദ്രങ്ങളാണ് മഗ്ദലെന്‍ലോണ്‍ഡ്രീസ്. കുടുംബബന്ധങ്ങള്‍ ശിഥിലമായതും, അവിവാഹിത അമ്മമാരാകുകയും ചെയ്ത പെണ്‍കുട്ടികളെ ഒരു ശിക്ഷയെന്നോണം അയര്‍ലന്റിലെ കത്തോലിക്കാ ഭരണകൂടം ഈ അലക്കുകേന്ദ്രങ്ങളിലേക്കയച്ചിരുന്നു. 1980കള്‍ വരെ തുടര്‍ന്ന ഒരു ശിക്ഷാവിധിയായിരുന്നു ഇത്. അതായത് ആധുനികതയും കടന്ന് ആധുനികോത്തരപരിസരത്തിലേക്ക് പടിഞ്ഞാറന്‍ ലോകം കാല്‍കുത്തിയിട്ടും തുടര്‍ന്നു വന്നിരുന്ന ഒരു മധ്യകാല ശിക്ഷാവിധി.

ഈ അലക്കുകേന്ദ്രങ്ങള്‍ക്ക് മഗ്ദലെന്‍ എന്നു പേരിട്ടതും വെറുതെയല്ല. ബൈബിളിന്റെ കത്തോലിക്കാ പരിപ്രേക്ഷ്യമനുസരിച്ച് വഴിപിഴച്ചവളായിരുന്നല്ലോ മഗ്ദലനമറിയം. കര്‍ത്താവ് മഗ്ദലനയ്ക്കു മാനസാന്തരം വരുത്തിയെങ്കിലും സഭ അവരോട് പൂര്‍ണ്ണമായും ക്ഷമിച്ചു കാണില്ല. അതുകൊണ്ടാണല്ലോ വഴി പിഴച്ച പെണ്ണാടുകളെ നല്ലനടപ്പു പഠിപ്പിക്കുവാന്‍ വേണ്ടി ഉപയോഗിച്ച പീഡനകേന്ദ്രങ്ങള്‍ക്ക് മഗ്ദലനയുടെ പേരിട്ടത്.

പതിറ്റാണ്ടുകളായി 10,000 വരുന്ന പതിത യൗവനങ്ങളെ മഗ്ദലെന്‍ അലക്കുകേന്ദ്രത്തിലേക്കയയച്ച ഐറിഷ് ഗവര്‍മെന്റുകള്‍ അവരുടെ പുനരധിവാസത്തിനായി ഒന്നും ചെയ്തില്ല. നല്ല ശമരിയാക്കാരന്റെ വേഷമണിഞ്ഞിരിക്കുന്ന സഭയാണെങ്കില്‍ അലക്കുകേന്ദ്രത്തില്‍ ഈ സ്ത്രീകള്‍ ചെയ്ത ജോലിയ്ക്ക് നയാപൈസാ വേതനം നല്‍കിയിരുന്നില്ല. ജയിലുകളില്‍ പോലും തടവുകാര്‍ക്ക് എടുക്കുന്ന ജോലിയ്ക്കു കൂലി കിട്ടുന്ന കാലത്താണ് ഇത്തരം ഒരു കൊടിയ ചൂഷണം കന്യാമറിയത്തിന്റെ പിന്‍മുറക്കാര്‍ അനുഭവിച്ചതെന്നോര്‍ക്കണം. ഒപ്പം ജയിലിനേക്കാള്‍ കഠിനമായിരുന്നു ഈ മതപീഡനകേന്ദ്രങ്ങളില്‍ അവരനുഭവിച്ചിരുന്ന ശിക്ഷകള്‍.

മനുഷ്യാവകാശ സംഘടനകള്‍ മുമ്പേ ഈ പതിതകളുടെ പ്രശ്‌നം ലോക ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നുവെങ്കിലും ഇടതു -വലതു ഭേദമില്ലാതെ കാലാകാലങ്ങളില്‍ നിലവില്‍ വന്ന ഐറിഷ് ഗവണ്‍മെന്റുകള്‍ ഈ ആധുനികോത്തര അടിമകളുടെ കാര്യത്തില്‍ നിശ്ശബ്ദത പുലര്‍ത്തുകയായിരുന്നു. കാരണം സഭയെ തൊടാന്‍, സഭാധികാരികളെ വെറുപ്പിക്കാനുള്ള ധൈര്യം ഒരു രാഷ്ട്രീയക്കാരനുമുണ്ടായിരുന്നില്ല. ഒടുവില്‍ പോയ വാരമാണ് നിലവിലുള്ള ഐറിഷ് ഗവണ്‍മെന്റ് അതിനുള്ള ധൈര്യം കാണിച്ചത്. 10,000 വരുന്ന ഈ അടിമവേലക്കാരോട് ക്ഷമ ചോദിക്കുവാനും, ഇന്നും ജീവിച്ചിരിക്കുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുവാനും സര്‍ക്കാര്‍ തയ്യാറായി.

ഇങ്ങനൊയൊക്കയാണെങ്കിലും സഭയുടെ ഭാഗത്തുനിന്നും ഒരു കുമ്പസാരമുണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ ഇംഗ്ലണ്ടിന്റെ ഭാഗമായ വടക്കന്‍ അയര്‍ലന്റിലെ ഈ സഭാ അടിമകള്‍ക്ക് ഐറിഷ് ഗവണ്‍മെന്റ് പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ ലഭിക്കുകയുമില്ല. മറിച്ച് സ്ഥാനമൊഴിഞ്ഞ പോപ്പായ ബെനഡിക്ട് പതിനാറാമെന്റെ നേതൃത്വത്തില്‍ കുടൂതല്‍ സ്ത്രീവിരുദ്ധ സമീപനങ്ങള്‍ കത്തോലിക്കാ സഭാ സ്വീകരിച്ചുവരുന്നതാണ് നാം കാണുന്നത്.

സ്ത്രീകള്‍ക്ക് പൗരോഹിത്യം നിഷേധിക്കുന്ന നീക്കം അത്തരത്തിലൊന്നാണ്. എല്ലാതരം ഗര്‍ഭഛിദ്രത്തിനെതിരെയും, ഗര്‍ഭ നിരോധന ഉറകള്‍ക്കെതിരെയും പോപ്പെടുത്ത തീരുമാനങ്ങള്‍ മറ്റു ചില ഉദാഹരണങ്ങള്‍ മാത്രം. ബൈബിളിന്റെ പല പുരോഗമന വായനകള്‍ വന്നിട്ടുണ്ടെങ്കിലും സഭ ഇത്തരം സ്ത്രീവിരുദ്ധ സമീപനങ്ങള്‍ തുടരുന്നകാലത്തോളവും, മറ്റു മതങ്ങളും ഇതേ പാത സ്വീകരിച്ചിരിക്കുന്ന കാലത്തോളവും സ്ത്രീ വിമോചനം ഒരു സ്വപ്‌നം മാത്രമായി തുടരാനാണിട.

*
മുഹമ്മദ് ഫക്രുദ്ദീന്‍ അലി ജനയുഗം

No comments: