Thursday, April 11, 2013

നെഹ്റുവിനെ നിരാകരിക്കുന്ന മന്‍മോഹന്‍ സിങ്

പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ് ഏതാനും ദിവസം മുമ്പ് ഇന്ത്യന്‍ വ്യവസായികളുടെ കോണ്‍ഫെഡറേഷെന്‍റ വാര്‍ഷിക സമ്മേളനത്തില്‍ ചെയ്ത പ്രസംഗത്തില്‍ പുതുമയൊന്നുമില്ല. എന്നാല്‍ ഏതാണ്ട് 60 വര്‍ഷം മുമ്പ് ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു പ്രഖ്യാപിച്ച നയത്തിന്റെ പൂര്‍ണമായ നിരാകരണമായിരുന്നു ഡോ. സിങ്ങിെന്‍റ പ്രസംഗം. നെഹ്റു പറഞ്ഞിരുന്നത് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ നിര്‍ണായക നിയന്ത്രണം പൊതുമേഖലയ്ക്ക് ആയിരിക്കും എന്നായിരുന്നു. ഡോ. മന്‍മോഹന്‍ സിങ് കോണ്‍ഗ്രസുകാരനാണെങ്കിലും, അത് നിഷേധിച്ച് സമ്പദ്വ്യവസ്ഥയുടെ നിര്‍ണായക നേതൃസ്ഥാനത്ത് സ്വകാര്യമേഖലയെ കുടിയിരുത്തുന്നു. ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ ഗവണ്‍മെന്‍റ് എന്ന ജനാധിപത്യപരമായ നിര്‍വചനത്തിനുപകരം ഗവണ്‍മെന്‍റ് കോര്‍പറേറ്റ് മുതലാളിമാര്‍ക്കുവേണ്ടി അവരാല്‍ നയിക്കപ്പെടുന്ന അവരുടെ ഗവണ്‍മെന്‍റ് ആയിരിക്കുമെന്ന് ഡോ. മന്‍മോഹന്‍ സിങ് പ്രഖ്യാപിക്കുന്നു. വാസ്തവത്തില്‍ ഇത് സമ്മിശ്ര സമ്പദ്വ്യവസ്ഥയുടെ സ്ഥാനത്ത് കുത്തക മുതലാളിത്ത വ്യവസ്ഥയെ അവരോധിക്കലാണ്.

ജനങ്ങളുടെ ഇംഗിതങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും പകരം മുതലാളിമാരുടേത് മാത്രമാണ് പരിഗണിക്കപ്പെടുക. ഇത് വാസ്തവത്തില്‍ 12-ാം പഞ്ചവല്‍സര പദ്ധതി രേഖയില്‍ പറഞ്ഞതിനെയും കടത്തിവെട്ടുന്നു. ആ പദ്ധതിയുടെ അടങ്കലിന്റെ പകുതി സ്വകാര്യമേഖലയാണ് കൈകാര്യം ചെയ്യുക എന്നാണ് പദ്ധതിരേഖയില്‍ പറഞ്ഞിരിക്കുന്നത്. അതനുസരിച്ച് പൊതുമേഖലയ്ക്ക് ഉണ്ടായിരുന്ന മേല്‍ക്കൈ അവസാനിപ്പിച്ച് പൊതു - സ്വകാര്യമേഖലകള്‍ക്ക് പഞ്ചവല്‍സര പദ്ധതിയുടെ രംഗത്ത് തുല്യപ്രാധാന്യം നല്‍കുന്നു. എന്നാല്‍ അതിനെ തള്ളിക്കളഞ്ഞ് സമ്പദ്വ്യവസ്ഥയുടെ കടിഞ്ഞാണ്‍ സ്വകാര്യമുതലാളിമാര്‍ക്ക് കൈമാറുമെന്നാണ് ഡോ. സിങ് പറഞ്ഞതിന്റെ പൊരുള്‍. കഴിഞ്ഞകാലാനുഭവംവെച്ചു നോക്കുമ്പോള്‍ അദ്ദേഹം അങ്ങനെ പറഞ്ഞില്ലെങ്കിലേ അല്‍ഭുതപ്പെടാനുള്ളൂ. പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക്, മണ്ണെണ്ണയ്ക്കടക്കം, നല്‍കിവരുന്ന സബ്സിഡികള്‍ നിര്‍ത്തലാക്കും എന്ന് അദ്ദേഹം പ്രഖ്യാപിക്കുന്നു. മണ്ണെണ്ണയുടേത് നിര്‍ത്തലാക്കുന്നതിന് കുറച്ചുകൂടി സമയമെടുത്തേക്കാം. പക്ഷേ, ഡീസലിേന്‍റതടക്കമുള്ള സബ്സിഡികള്‍ സമീപഭാവിയില്‍ നിര്‍ത്തലാക്കും. പൊതുവിതരണവുമായും സാമൂഹ്യക്ഷേമവുമായും ബന്ധപ്പെട്ട് നല്‍കിവരുന്ന സബ്സിഡികള്‍ നേരിട്ട് ഗുണഭോക്താക്കള്‍ക്ക് നല്‍കി അവയിലുള്ള ചോര്‍ച്ച അവസാനിപ്പിക്കുമെന്നും അദ്ദേഹം പറയുന്നു. ആ സബ്സിഡികള്‍ ഗണ്യമായി വെട്ടിച്ചുരുക്കുമെന്നാണ് സൂചന. നികുതിപ്പണം നിയമവിരുദ്ധമായി ചോര്‍ത്തിയെടുക്കലാണ് അഴിമതി. അത് ഉടനെ അവസാനിപ്പിക്കുമെന്ന് ഡോ. സിങ് പറയുന്നില്ല. കാരണം, അതിന്റെ ഗുണഭോക്താക്കളില്‍ പ്രധാനികള്‍ നാടന്‍ - മറുനാടന്‍ കുത്തകകളാണ്.

അതുപോലെ ബജറ്റില്‍ സബ്സിഡി എന്ന പേരിലല്ലാതെ വന്‍കിടക്കാര്‍ക്ക് ഓരോ വര്‍ഷവും ലക്ഷക്കണക്കിനു കോടി രൂപയുടെ ഇളവുകളും ആനുകൂല്യങ്ങളും സൗജന്യങ്ങളും പ്രഖ്യാപിക്കുന്നു. യുപിഎ സര്‍ക്കാര്‍ നിലവില്‍ വന്നശേഷം ഇതേവരെ മുതലാളിമാര്‍ക്ക് അവര്‍ നല്‍കിയ "സബ്സിഡി" കണക്കാക്കിയാല്‍ മിനിട്ടുതോറും 70 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളും സൗജന്യങ്ങളുമാണ് അവര്‍ക്ക് ലഭിച്ചത്. ഇതു തുടരുമെന്നാണ് ഡോ. സിങ് സിഐഐക്ക് നല്‍കിയ ഉറപ്പ്. ഇത്തരത്തില്‍ ഇവര്‍ക്ക് വലിയ ഇളവുകള്‍ നല്‍കുന്നതോടൊപ്പം സമ്പന്നരുടെമേലുള്ള നികുതിത്തോത് വര്‍ധിപ്പിക്കുന്നുമില്ല. അവര്‍ക്കുള്ള ഇളവുകള്‍ ഉദാരമായി തുടരുന്നു. അതിന്റെ ഫലം തന്നാണ്ട് കമ്മി വര്‍ധിക്കലാണ്. അതിനു പരിധി കല്‍പിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പി ചിദംബരവും മുമ്പ് പ്രണബ് മുഖര്‍ജിയുമൊക്കെ വാചാലമായി സംസാരിക്കാറുണ്ടെങ്കിലും, അവര്‍ അതിനു മുതിരാറില്ല. മുതിര്‍ന്നപ്പോഴൊക്കെ സമ്പന്നരുടെ എതിര്‍പ്പിനെ തുടര്‍ന്ന് അത് പിന്‍വലിച്ചു. രാജ്യത്തിന്റെ കമ്മി വര്‍ധിക്കുകയാണ് പരിണത ഫലം. ആ കമ്മി കുറയ്ക്കാന്‍ ഡോ. മന്‍മോഹന്‍സിങ്ങും സഹപ്രവര്‍ത്തകരും കാണുന്ന എളുപ്പവഴി പാവങ്ങള്‍ക്കും സാധാരണക്കാര്‍ക്കും ബാധകമായ സബ്സിഡി കുറയ്ക്കുകയോ നിര്‍ത്തലാക്കുകയോ ആണ്.

ആഭ്യന്തരമായ വിഭവസമാഹരണമല്ല വികസനത്തിനുള്ള അടിത്തറയായി ഡോ. സിങ്ങും കൂട്ടരും കാണുന്നത്. വിദേശ മൂലധനത്തെയാണ്. ജനങ്ങളുടെ കയ്യിലുള്ള സമ്പാദ്യത്തെ പോലും വിദേശ ബാങ്കുകള്‍ക്കും മറ്റും സമാഹരിക്കാന്‍ വഴിതുറന്നു കൊടുക്കുകയാണ് പുതിയ തലമുറ ബാങ്കുകള്‍ ആരംഭിക്കുന്നതിനു അനുവദിക്കുക വഴി. രാജ്യത്തിന്റെ സമ്പത്ത് സമാഹരിച്ച് ആഭ്യന്തരമായി ഉല്‍പാദന ഉപഭോഗങ്ങള്‍ നടത്തി സമ്പദ്വ്യവസ്ഥയെ വികസിപ്പിക്കുന്നതിനുപകരം, വിദേശി - സ്വദേശി കുത്തകകളെ നാട്ടിലെ പ്രകൃതി വിഭവങ്ങളെയും നാട്ടാരെയും ചൂഷണം ചെയ്യുന്നതിനു അനുവദിക്കുകയാണ് യുപിഎ സര്‍ക്കാരിന്റെ നയം. അതാണ് മുതലാളിമാരെ ഏറ്റവും സുഖിപ്പിക്കുന്ന രീതിയില്‍ പ്രധാനമന്ത്രി ഡോ. സിങ് വിശദീകരിച്ചത്.

*
മുഖപ്രസംഗം ചിന്ത 12 ഏപ്രില്‍ 2013

No comments: