Saturday, April 13, 2013

കോണ്‍ഗ്രസ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയോ?

സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ എന്ന കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സി വെറും കോണ്‍ഗ്രസ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയായി തരംതാണിട്ട് കാലം കുറെയായി. ഇത് കോണ്‍ഗ്രസിനോ സിബിഐക്കോ അഭിമാനിക്കാന്‍ വക നല്‍കുന്ന മാറ്റമല്ല. പുത്തന്‍ കോണ്‍ഗ്രസിന് മാനാപമാനം തിരിച്ചറിയാനുള്ള ശേഷി നഷ്ടപ്പെട്ടതില്‍ പരാതി പറഞ്ഞിട്ടോ പരിഭവിച്ചിട്ടോ കാര്യമില്ല. കോണ്‍ഗ്രസിന്റെ രാഷ്ട്രീയലക്ഷ്യം സാധിക്കാനാണ് സിബിഐയെ ദുരുപയോഗംചെയ്യുന്നത്. പാര്‍ലമെന്റില്‍ ഭൂരിപക്ഷം സൃഷ്ടിക്കാന്‍പോലും പലതവണ സിബിഐയെ ഉപയോഗിച്ച് ചില രാഷ്ട്രീയ പാര്‍ടി നേതാക്കളെ ഭീഷണിപ്പെടുത്തി കാര്യം നേടിയ അനുഭവം ആരും മറന്നുകാണില്ല.

സിപിഐ എമ്മിന്റെ കേരളത്തിലെ സംസ്ഥാന സെക്രട്ടറിയെപ്പോലും അപകീര്‍ത്തിപ്പെടുത്തി അപമാനിക്കാന്‍ സിബിഐയെ ഉപയോഗിക്കുന്ന കാര്യം രഹസ്യമല്ല. അത് ഫലം ചെയ്യുമോ ഇല്ലയോ എന്ന് കാലം തെളിയിക്കുമെന്നതുകൊണ്ട് ഇപ്പോള്‍ പരാമര്‍ശിക്കുന്നില്ല. കടല്‍ക്കൊലക്കേസ് സിബിഐക്ക് കൈമാറാന്‍ നീക്കം നടക്കുന്നു എന്ന പത്രവാര്‍ത്തയാണ് ഇതു പറയാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്. ഇറ്റലിയിലെ നാവികഭടന്മാരാണ് കടല്‍ക്കൊലക്കേസില്‍ പ്രതികള്‍. കേരളത്തിലെ പാവപ്പെട്ട രണ്ട് മത്സ്യത്തൊഴിലാളികളെ ഇന്ത്യയുടെ സമുദ്രാതിര്‍ത്തിക്കകത്തുവച്ച് അതിക്രൂരമായി വെടിവച്ചു കൊന്ന സംഭവം വ്യാപകമായ ജനരോഷത്തിനിടയാക്കിയതാണ്. ബഹുജന സമ്മര്‍ദം ശക്തമായി ഉയര്‍ന്നുവന്നതുമൂലം കുറ്റവാളികളായ നാവികരെ അറസ്റ്റ് ചെയ്ത് നിയമാനുസരണം തടങ്കലില്‍ വച്ചു. മത്സ്യത്തൊഴിലാളികള്‍ ഭരണസ്വാധീനമുള്ളവരോ സമ്പന്നവിഭാഗത്തെ പ്രീതിപ്പെടുത്താന്‍ കഴിയുന്നവരോ അല്ല. എങ്കിലും അവര്‍ക്കുവേണ്ടി സംസാരിക്കാന്‍ ജനങ്ങള്‍ സന്നദ്ധരായി. രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്നവര്‍ സാധാരണ നിലയില്‍ വധശിക്ഷ ലഭിക്കാന്‍ അര്‍ഹതയുള്ള കുറ്റംചെയ്തവരാണ്. വധശിക്ഷ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് തോന്നുന്നവര്‍ക്ക് സാധാരണ നിലയില്‍ ജാമ്യം അനുവദിക്കാറില്ല. എന്നാല്‍, രണ്ട് കൊലപ്പുള്ളികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ശക്തമായ ശുപാര്‍ശമൂലം ജാമ്യം അനുവദിച്ചു. ക്രിസ്മസ് ആഘോഷിക്കാനാണ് ജാമ്യം അനുവദിച്ചത്.

കേന്ദ്രസര്‍ക്കാരിനുവേണ്ടി കോടതിയില്‍ ഹാജരായവര്‍ മത്സ്യത്തൊഴിലാളികള്‍ക്കു വേണ്ടിയല്ല ഇറ്റാലിയന്‍ നാവികര്‍ക്കുവേണ്ടിയാണ് സംസാരിച്ചത്. ഇറ്റലിയില്‍ വോട്ടവകാശം വിനിയോഗിക്കാന്‍ രണ്ടാമതും അവര്‍ക്ക് ജാമ്യം അനുവദിച്ചു. ഇറ്റലിയിലെ നയതന്ത്ര പ്രതിനിധിയുടെ ഉറപ്പിന്മേലാണ് ജാമ്യം നല്‍കിയത്. ഇറ്റാലിയന്‍ നാവികര്‍ തിരിച്ചുവന്ന് കോടതിയില്‍ ഹാജരാകില്ലെന്ന് തറപ്പിച്ചു പറഞ്ഞു. നമ്മുടെ രാജ്യത്തെ കോടതിയെ വഞ്ചിക്കാന്‍ ഇറ്റാലിയന്‍ നാവികര്‍ക്കോ ഭരണാധികാരികള്‍ക്കോ തെല്ലും പ്രയാസമുണ്ടായില്ല. ജനങ്ങളുടെ സമ്മര്‍ദം വീണ്ടും ശക്തമായപ്പോള്‍ നാവികരെ കോടതിമുമ്പാകെ ഹാജരാക്കി. കൊലപാതകികളായ നാവികര്‍ക്ക് വധശിക്ഷ ലഭിക്കില്ലെന്നുള്ള ഉറപ്പിന്മേലാണുപോലും അവരെ വീണ്ടും കോടതിയില്‍ ഹാജരാക്കിയത്. ഇവിടെ ഉയര്‍ന്നുവരുന്ന ഗൗരവമായ ഒരു പ്രശ്നമുണ്ട്.

രണ്ട് ഇന്ത്യന്‍ നാവികരെ അകാരണമായി വെടിവച്ചുകൊന്ന കേസില്‍ വധശിക്ഷ ഒഴിവാക്കുമെന്ന് ഉറപ്പുനല്‍കാന്‍ ഇവിടെ ആര്‍ക്കാണധികാരം. വധശിക്ഷ അര്‍ഹിക്കുന്ന കുറ്റമാണ് ചെയ്തതെന്ന് വ്യക്തമാക്കിയതാണ്. ഒടുവില്‍ ഈ കേസ് അന്വേഷിക്കാന്‍ നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയെ (എന്‍ഐഎ) ചുമതലപ്പെടുത്തി. എന്‍ഐഎ ഭീകരവാദ കേസുകളും മറ്റ് ഗൗരവമായ കേസുകളും അന്വേഷിക്കാന്‍ ചുമതലയുള്ള ഏജന്‍സിയാണ്. മുംബൈ സ്ഫോടനക്കേസ് എന്‍ഐഎയെ ഏല്‍പ്പിച്ചതാണ്. ആരും എതിര്‍ത്തിട്ടില്ല. മത്സ്യത്തൊഴിലാളികളെ കൊന്ന കേസും എന്‍ഐഎയെ ഏല്‍പ്പിച്ചു. ഇപ്പോള്‍ എന്‍ഐഎയില്‍നിന്ന് ഈ കേസ് അന്വേഷിക്കാന്‍ സിബിഐയെ ചുമതലപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു കഴിഞ്ഞെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി കാണുന്നത്.

എന്‍ഐഎയെ ഏല്‍പ്പിച്ച കേസ് സിബിഐക്ക് കൈമാറേണ്ടതായ ഒരാവശ്യവുമില്ല. എന്‍ഐഎ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആവശ്യം അതേപടി അംഗീകരിക്കാന്‍ തയ്യാറാവുമോ എന്ന സംശയമാണ് ഈ സര്‍ക്കാരിനുള്ളതെന്നു തോന്നുന്നു. കോണ്‍ഗ്രസ് നേതൃത്വം പറയുന്നതെന്തും ശിരസ്സാവഹിച്ച് പ്രവര്‍ത്തിക്കുന്ന കുപ്രസിദ്ധിനേടിയ അന്വേഷണ ഏജന്‍സിയാണ് സിബിഐ. ഇറ്റാലിയന്‍ നാവികരെ വധശിക്ഷ ലഭിക്കാത്തവിധം കുറ്റം ലഘൂകരിച്ചോ, അല്ലാത്തപക്ഷം കുറ്റവിമുക്തരാക്കിയോ കേന്ദ്രസര്‍ക്കാരിന്റെ ഹിതമനുസരിച്ച് പ്രവര്‍ത്തിക്കുന്ന വെറും ചട്ടുകമാണ് സിബിഐ എന്ന് തെളിയിച്ചതാണ്. ഉദാഹരണം വേണ്ടത്രയുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഇപ്പോഴെടുത്ത തീരുമാനം കുറ്റവാളികളായ ഇറ്റാലിയന്‍ നാവികരെ കുറ്റവിമുക്തരാക്കാനുള്ള കുറുക്കുവഴിയാണെന്ന് വ്യക്തം. ഇതനുവദിച്ചുകൊടുക്കാന്‍ പാടില്ല. ഇന്ത്യന്‍ ജുഡീഷ്യറിയെപോലും മറികടക്കുന്നതും അപമാനിക്കുന്നതുമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കാന്‍ പോകുന്ന തീരുമാനം. അരുത്, അരുത് എന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്. സിബിഐ വെറും ചട്ടുകമായി മാറുന്നത് ഗുണംചെയ്യുന്നതല്ല.

*
ദേശാഭിമാനി മുഖപ്രസംഗം 13 ഏപ്രില്‍ 2013

No comments: