Friday, April 26, 2013

സോവിയറ്റ് മുസ്ലിങ്ങളും സാമ്രാജ്യത്വ മാധ്യമങ്ങളുടെ കള്ളക്കഥകളും

സാമ്രാജ്യത്വത്തിനെതിരെ കൂട്ടായ്മകളുണ്ടാവുമ്പോഴൊക്കെ അത് തകര്‍ക്കുവാന്‍ തല്‍പരകക്ഷികള്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. കമ്യൂണിസ്റ്റുകള്‍ക്കും മതവിശ്വാസികള്‍ക്കുമിടയില്‍ ആരോപിക്കപ്പെടുന്ന ശത്രുത ഇത്തരം ശ്രമങ്ങളുടെ ഭാഗം മാത്രമാണ്. ഇസ്ലാമിനും കമ്യൂണിസത്തിനും തമ്മില്‍ ഒന്നിച്ചു നില്‍ക്കാന്‍ കഴിയില്ലെന്ന് മുസ്ലിം സാമ്രാജ്യത്വ വാദികളും അവരെ പ്രത്യക്ഷമായും പരോക്ഷമായും സഹായിച്ചുകൊണ്ടിരിക്കുന്ന മുസ്ലിം രാജഭരണകൂടങ്ങളും ഇസ്ലാമിസ്റ്റുകളും നിരന്തരം പ്രചരിപ്പിക്കുന്നത് സാമ്രാജ്യത്വത്തെ സഹായിക്കാനും സാമ്രാജ്യത്വ വിരുദ്ധ കൂട്ടായ്മകളെ തകര്‍ക്കാനും ലക്ഷ്യമിട്ടുകൊണ്ടാണ്. ഇവരെന്നും സാമ്രാജ്യത്വത്തിന്റെ കുഴലൂത്തുകാരാണ്. ഇവരാണ് മുസ്ലിം മേഖലകളിലെ സാധാരണക്കാര്‍ക്കിടയില്‍ കമ്യൂണിസ്റ്റുകാര്‍ ഇസ്ലാമിനെതിരാണെന്നും കമ്യൂണിസ്റ്റ് രാജ്യങ്ങളില്‍ ഇസ്ലാം അപകടത്തിലാണെന്നുമുള്ള പ്രചാരണമഴിച്ചുവിടുന്നത്.

അറബ് ലോകത്ത് കമ്യൂണിസ്റ്റ് രാജ്യമായിരുന്ന റഷ്യ കാലുകുത്തുന്നതിനെതിരെ തുടങ്ങി വച്ചതാണ് ഈ പ്രചാരണങ്ങള്‍. മുതലാളിത്ത രാജ്യങ്ങളില്‍ മുസ്ലിങ്ങള്‍ അനുഭവിച്ച യാതനകളോ ഇസ്ലാമിനെതിരെ സാമ്രാജ്യത്വ ശക്തികള്‍ നടത്തുന്ന കുതന്ത്രങ്ങളോ ഇവര്‍ക്ക് വിഷയീഭവിക്കുന്നുമില്ല. അധ്വാനിക്കുന്നവര്‍ക്ക് വേണ്ടി രംഗത്തുവന്ന പ്രസ്ഥാനമാണ് കമ്യൂണിസം. മതങ്ങളും അടിസ്ഥാന പരമായി ഇതേ ലക്ഷ്യം മുന്നോട്ടുവയ്ക്കുന്നു. ആശയങ്ങളില്‍ വൈരുധ്യമുണ്ടെങ്കിലും സാമ്രാജ്യത്വവും മുതലാളിത്തവും പാവങ്ങളെ പീഡിപ്പിക്കുന്നുവെന്ന് കമ്യൂണിസത്തെപ്പോലെ മതങ്ങളും വിശ്വസിക്കുന്നു. യേശുവും മുഹമ്മദ് നബിയും പ്രവാചകന്മാരും ഈ ലക്ഷ്യത്തിന് വേണ്ടിയാണ് ജീവന്‍ സമര്‍പ്പിച്ചത്. എന്നാല്‍ മതങ്ങളെ പില്‍ക്കാലത്ത് മുതലാളിത്തം ആവാഹിക്കുകയും പുരോഹിതരെ കൂട്ടുപിടിച്ച് മതങ്ങളെ അധീനപ്പെടുത്തുകയും ചെയ്തു. അങ്ങനെ അധ്വാനിക്കുന്നവരെ പീഡിപ്പിക്കുവാന്‍ മതങ്ങളും മുതലാളിത്തത്തോടൊപ്പം നിന്നുകൊടുത്തു. അത്തരം സന്ദര്‍ഭങ്ങളിലാണ് കമ്യൂണിസം മതത്തിന്റെ ശത്രുവാകുന്നത്. അല്ലാത്ത സന്ദര്‍ഭങ്ങളില്‍ കമ്യൂണിസ്റ്റുകാരും മുസ്ലിങ്ങളും തമ്മില്‍ സഹകരണമാണ് പുലര്‍ത്തിയതെന്ന് അറബ് ലോകത്തും റഷ്യയിലും മറ്റ് മുസ്ലിം ദേശങ്ങളിലുമുണ്ടായ കമ്യൂണിസ്റ്റ് നയങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാവും. സാമ്രാജ്യത്വ ചരിത്രകാരന്മാര്‍ നടത്തിയ കൊണ്ടുപിടിച്ച ശ്രമങ്ങളാണ് കമ്യൂണിസ്റ്റുകാരേയും മുസ്ലിങ്ങളെയും പലേടത്തും തമ്മിലകറ്റിയത്. ശത്രുതയും സഹകരണവും മതങ്ങള്‍ തമ്മിലും ഉണ്ടായിട്ടുണ്ട്. എന്തിന്, ഒരേ മതത്തില്‍പ്പെട്ട വിവിധ വിഭാഗങ്ങള്‍ തമ്മിലും ഉണ്ടായിട്ടുണ്ട്. ക്രിസ്തു മതക്കാരും മുസ്ലിങ്ങളും തമ്മില്‍ വര്‍ഷങ്ങളോളം യുദ്ധമുണ്ടായി. അതിനാല്‍ ക്രിസ്ത്യാനികളും മുസ്ലിങ്ങളും തമ്മില്‍ എന്നും ശത്രുക്കളായി തന്നെ തുടരണമെന്ന് ആരും പറയില്ല. ഒരു കാലത്ത് ക്രിസ്ത്യാനികളുടെ പീഡനത്തിനിരയായ യഹൂദന്മാരെ മുസ്ലിം രാജാക്കന്മാരാണ് സഹായിച്ചിരുന്നത്. എന്നാല്‍ ഇസ്രയേല്‍ രാജ്യത്തിന്റെ പേരില്‍ ഈ രണ്ടു മതക്കാര്‍ തമ്മില്‍ ശത്രുക്കളായിരിക്കുന്നു. ഇവര്‍ ഇനി ഒരു കാലത്തും യോജിക്കരുതെന്നുണ്ടോ? ഇതുപോലെ വിവിധ മതങ്ങള്‍ തമ്മില്‍ വൈരുധ്യാത്മകമായ അന്തരങ്ങളുണ്ട്. ഇസ്ലാം ഒരു ദൈവത്തില്‍ മാത്രം വിശ്വസിക്കുകയും ബഹുദൈവത്വം മഹാ പാപമായി ഗണിക്കുകയും ചെയ്യുന്നു. ഹിന്ദുമതമാവട്ടെ ബഹു ദൈവ വിശ്വാസത്തിലൂടെ മോക്ഷം കാംക്ഷിക്കുന്ന മതമാണ്. യേശു ദൈവ പുത്രനാണെന്ന് ക്രിസ്ത്യാനികള്‍. ദൈവത്തിന് പുത്രകളത്രാദികള്‍ ഇല്ലേയില്ലായെന്ന് മുസ്ലിങ്ങള്‍. എല്ലാവരും തമ്മില്‍ യോജിപ്പുകളും വിയോജിപ്പുകളും കാണാം. പരസ്പരമുള്ള ആശയവൈരുധ്യങ്ങള്‍ അംഗീകരിച്ചുകൊണ്ടുതന്നെ തിന്മക്കെതിരെ എല്ലാവര്‍ക്കും ഐക്യപ്പെടാം. എന്നാല്‍ കമ്യൂണിസ്റ്റുകളും മത വിശ്വാസികളും തമ്മില്‍ ഒരിക്കലും യോജിക്കരുതെന്ന നിര്‍ബന്ധ ബുദ്ധിയോടെയാണ് പലരും പ്രവര്‍ത്തിക്കുന്നത്. സാമ്രാജ്യത്വ ശക്തികളുടെ ഈ ഗൂഢാലോചന മനസ്സിലാക്കാന്‍ മതവിശ്വാസികള്‍ക്ക് കഴിയാതെ പോയി.

അറബ് ലോകത്ത് ഇസ്രയേല്‍ രാജ്യം സ്ഥാപിക്കപ്പെട്ടതും, അറബ് ലോകത്തെ വെട്ടിമുറിച്ച് എണ്ണസമ്പത്ത് കൈയടക്കിയതും അറബികളെയും ഇറാനെയും തമ്മില്‍ത്തല്ലിച്ച് ചോരകുടിച്ചതും ഒന്നും ഇവര്‍ക്ക് പ്രശ്നമല്ല. മറിച്ച്; മുസ്ലിങ്ങളേ, സൂക്ഷിച്ചോ! കമ്യൂണിസ്റ്റുകള്‍ വരുന്നേ എന്ന് പേടിപ്പിച്ച് അറബികളുടെ കണ്ണും കരളും മാന്തിപ്പറിക്കുന്ന സാമ്രാജ്യത്വ വൈതാളികതക്ക് നേരെ മുസ്ലിം നേതൃത്വങ്ങള്‍ കണ്ണടയ്ക്കുന്നു. അറബി ശൈഖുമാരെ കൂട്ടുപിടിച്ച് കമ്യൂണിസത്തിനെതിരെ വലിയ പ്രചാരണങ്ങളഴിച്ചുവിട്ടത് ഇസ്ലാമിനെയല്ല, സാമ്രാജ്യത്വത്തെ രക്ഷിക്കാനായിരുന്നു എന്ന് മുസ്ലിം ലോകം മനസ്സിലാക്കാനും തുനിഞ്ഞില്ല. സാമ്രാജ്യത്വ മുതലാളിത്ത മാധ്യമങ്ങള്‍ റഷ്യയിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തെ വാതോരാതെ വിമര്‍ശിക്കുകയും അവിടെ മുസ്ലിങ്ങള്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന് നിരന്തരം പ്രചാരണമഴിച്ചുവിടുകയും ചെയ്തപ്പോള്‍ അതൊക്കെ അപ്പടി കോപ്പിയടിച്ച് പ്രചരിപ്പിക്കുകയാണ് മുസ്ലിം രാജ്യങ്ങളും നേതൃത്വങ്ങളും പൊതുവേ ചെയ്തത്. റഷ്യയില്‍ കമ്യൂണിസം വരുംമുമ്പ് സാര്‍ ഭരണാധികാരികളുടെ ദംശനമേറ്റു തളര്‍ന്ന മുസ്ലിങ്ങള്‍ അവിടെ കമ്യൂണിസ്റ്റ് വിപ്ലവത്തില്‍ അണിചേര്‍ന്നതും ലെനിന്‍ ഭരണ കൂടവും കമ്യൂണിസ്റ്റ് ചേരിയും അറബ് ലോകത്തിന്റെയും മുസ്ലിം സമൂഹങ്ങളുടേയും രക്ഷയ്ക്ക് വേണ്ടി നിലകൊണ്ടതും സാമ്രാജ്യത്വ ശക്തികളും അവരോടൊട്ടി നില്ക്കുന്ന അറബ് മുസ്ലിം ഭരണകൂടങ്ങളും ബോധപൂര്‍വം മറച്ചുവയ്ക്കുകയായിരുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലും മുസ്ലിങ്ങള്‍ക്കെതിരായ നീക്കങ്ങളുണ്ടായി. പലതും ഭരണകൂട ഭീകരതകളുടെ ഭാഗമായിരുന്നു. ഇതില്‍ ഏറ്റവും വലുത് അറബ് ലോകത്ത് ഇസ്രയേലിനെ പ്രതിഷ്ഠിച്ചു എന്നതാണ്. ഈ വസ്തുത മറച്ചുവച്ച് ലോകത്ത് ഇസ്ലാമിന്റെ ഏറ്റവും വലിയ ശത്രു കമ്യൂണിസമാണെന്ന് വരുത്താനാണ് സാമ്രാജ്യത്വം കൊണ്ടു പിടിച്ച് ശ്രമിച്ചത്. അറബി ശൈഖുമാരെ പ്രത്യേകിച്ചും സൗദി അറേബ്യന്‍ ഭരണകൂടത്തെ കൂട്ടുപിടിച്ച് അറബി ഭാഷയില്‍ കമ്യൂണിസത്തിനെതിരെ നിരന്തരമായ പ്രചാരണങ്ങളഴിച്ചുവിട്ടുകൊണ്ട് മുസ്ലിംസമൂഹങ്ങളെ കൂടെ നിറുത്താനുള്ള അമേരിക്കന്‍ ശ്രമം കുറേയൊക്കെ വിജയിക്കുകയും ചെയ്തു. അതേ സമയം മുതലാളിത്തത്തിന്റെ മത സമീപനത്തെക്കുറിച്ച് ഇവരൊന്നും മിണ്ടിയതുമില്ല. അറബ് ലോകത്തെ കമ്യൂണിസ്റ്റ് അനുകൂല മീഡിയകളില്‍നിന്നാണ് ഇസ്രയേല്‍ ഭീകരതയെക്കുറിച്ച് അറബി ലോകം അറിയുന്നതുതന്നെ. എന്നിട്ടും മുസ്ലിം രാജ്യങ്ങളിലെ പണ്ഡിതന്മാരില്‍ ഒരു വിഭാഗം കമ്യൂണിസത്തിനെതിരായ പ്രചാരണം ഏറ്റുപിടിച്ചു. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന മാര്‍ക്സിന്റെ അരവാക്യം കടമെടുത്തുകൊണ്ടാണ് ഈ പ്രചാരണം ശക്തിപ്പെടുത്തിയത്. വാസ്തവത്തില്‍ മാര്‍ക്സും എംഗല്‍സും മതത്തെക്കുറിച്ച് വളരെക്കുറച്ച് പരാമര്‍ശങ്ങളേ നടത്തിയിട്ടുള്ളു. അതാവട്ടെ ക്രിസ്തീയ പൗരോഹിത്യത്തെ മുന്നില്‍ കണ്ടുകൊണ്ടാണുതാനും. ഇത്രയുമാണ് മാര്‍ക്സ് പറഞ്ഞത്: ""മതം ലോകത്തിന്റെ പൊതു സിദ്ധാന്തമാണ്. വിശ്വ വിജ്ഞാന സംക്ഷിപ്ത രൂപമാണ്. ജനകീയ രൂപത്തിലുള്ള ന്യായവാദമാണ്. ലോകത്തിന്റെ ആത്മീയ ബിന്ദുവാണ്. അഭിനിവേശമാണ്. സാംസ്കാരികമായ അംഗീകാരമാണ്. പാവനമായ അഭിനന്ദന വചനമാണ്. സാന്ത്വനത്തിന്റെയും ന്യായീകരണത്തിന്റെയും ആഗോള അടിത്തറയാണ്. അത് മാനവസത്തയുടെ അസാധാരണമായ ലക്ഷ്യപ്രാപ്തിയാണ്. കാരണം മാനവസത്ത ശരിയായ എന്തെങ്കിലും ലക്ഷ്യപ്രാപ്തി നേടിയിട്ടില്ല. അതിനാല്‍ മതത്തിനെതിരെയുള്ള പോരാട്ടം പരോക്ഷമായി മതം ആത്മീയപരമാക്കിയ ലോകത്തിനെതിരെയുള്ള ഒരു പോരാട്ടമാവും. ""മതപരമായ കഷ്ടപ്പാട് അതേ സമയം യഥാര്‍ഥ കഷ്ടപ്പാടിന്റെ പ്രകടനമാണ്. യഥാര്‍ഥ കഷ്ടപ്പാടിന്നെതിരെയുള്ള എതിര്‍പ്പുകൂടിയാണത്. മതം അടിച്ചമര്‍ത്തപ്പെട്ടവന്റെ വിലാപമാണ്. ഹൃദയമില്ലാത്ത ലോകത്തിന്റെ ഹൃദയമാണ്. ആത്മാവില്ലാത്ത അവസ്ഥയുടെ ആത്മാവെന്നപോലെ. അത് ജനങ്ങളുടെ മയക്കുമരുന്നാണ്. ആകാശത്തെ വിമര്‍ശിക്കല്‍ ഭൂമിയെ വിമര്‍ശിക്കലായിത്തീരുന്നു.

മതത്തെ വിമര്‍ശിക്കുന്നത് നിയമത്തെ വിമര്‍ശിക്കലാകുന്നു. ദൈവശാസ്ത്രത്തെ വിമര്‍ശിക്കുന്നത് രാഷ്ട്രീയത്തെ വിമര്‍ശിക്കുന്നതിന് തുല്യവുമാകുന്നു"" സാമ്രാജ്യത്വ വാദികളും മത പുരോഹിതന്മാരും കൊട്ടിഘോഷിക്കുന്നതു പോലെയുള്ള ഒരു പരാമര്‍ശവും മാര്‍ക്സ് നടത്തിയിട്ടില്ല. കാരണം മാര്‍ക്സിന്റെ ലക്ഷ്യം മതത്തിനെതിരായ പോരാട്ടമേ അല്ല; മറിച്ച് മുതലാളിത്തത്തിനെതിരായ പോരാട്ടമാണ്. മുതലാളിത്തത്തെ പൗരോഹിത്യം സഹായിക്കാനൊരുങ്ങിയപ്പോള്‍ അവര്‍ക്കെതിരെയും അദ്ദേഹം ശബ്ദമുയര്‍ത്തി. അല്ലാതെ യഥാര്‍ഥ വിശ്വാസികള്‍ക്ക് ഒരിക്കലും മുതലാളിത്തത്തെ അംഗീകരിക്കാന്‍ കഴിയില്ല. കാരണം പാവങ്ങളോടും മര്‍ദിതരോടും ഒരു പ്രതിബദ്ധതയും കേപിറ്റലിസത്തിനില്ല. പൗരോഹിത്യത്തെ കൂട്ടുപിടിച്ച് മുതലാളിത്തം മതത്തെ ഹൈജാക്ക് ചെയ്യുകയാണ് ചെയ്തത്. ഏറ്റവും വലിയ ഇസ്ലാമിക രാജ്യമാണെന്നവകാശപ്പെടുന്നവര്‍പോലും കള്ളന്റെ കൈയില്‍ പൂമാല ഏല്‍പിച്ചതുപോലെ തങ്ങളുടെ സംരക്ഷണം അമേരിക്കയടക്കമുള്ള മുതലാളിത്ത രാജ്യങ്ങളെ ഏല്‍പിച്ചിരിക്കയാണ്. പലസ്തീനിലും മുസ്ലിം ലോകത്തിന്റെ നാലുപാടും മുതലാളിത്തത്തിന്റെ കൈകളാല്‍ ജനം മരിച്ചു വീഴുമ്പോഴും സാമ്രാജ്യത്വവുമായി കൂട്ടുചേര്‍ന്ന് സുഖിക്കുകയാണ് ശൈഖുമാര്‍.

റഷ്യയിലെ സ്ഥിതി

റഷ്യയില്‍ സാര്‍ ഭരണകൂടത്തിന്റെ സ്വേഛാധിപത്യത്തിന് അറുതി വരുത്തിയാണ് കമ്യൂണിസ്റ്റ് ഭരണം വന്നത്. സാര്‍ ഭരണാധികാരികള്‍ റഷ്യയിലെ ആറിലൊരു ഭാഗം വരുന്ന മുസ്ലിങ്ങളെ വല്ലാതെ പീഡിപ്പിച്ചിരുന്നു. പള്ളികള്‍ തകര്‍ക്കുക, മുസ്ലിം പ്രദേശങ്ങളില്‍ റഷ്യന്‍ ക്രിസ്ത്യാനികളെ കുടിയിരുത്തുക. പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് വിലക്കുക, മുസ്ലിം സാന്ദ്രതയുള്ള പ്രദേശങ്ങളില്‍നിന്ന് അവരെ മാറ്റിപ്പാര്‍പ്പിക്കുക, പരസ്യമായ മതാനുഷ്ഠാനങ്ങള്‍ വിലക്കുക തുടങ്ങിയ ക്രൂരമായ നടപടികളാണ് മുസ്ലിം ജനത്തിനെതിരെ സാര്‍ ചക്രവര്‍ത്തിമാര്‍ കൈക്കൊണ്ടത്. ഹസ്രത്ത് ഉസ്മാന്‍ ഖലീഫയുടെ നിര്‍ദേശ പ്രകാരം പകര്‍ത്തിയ ഖുര്‍ആന്‍ ജനങ്ങള്‍ സന്ദര്‍ശിക്കുന്നത് തടയാനായി തലസ്ഥാന നഗരിയിലേക്ക് കൊണ്ടുപോയി. പലയിടത്തും മുസ്ലിം സ്മാരകങ്ങള്‍ തകര്‍ത്തു. എന്നാല്‍ ഇതെല്ലാം കമ്യൂണിസ്റ്റുകളുടെ മേല്‍ വച്ചുകെട്ടി ചരിത്രത്തെ തമസ്കരിക്കുകയാണ് മുതലാളിത്തത്തിന്റെ പേനത്തൊഴിലാളികള്‍ ചെയ്തത്. മുസ്ലിം മുതലാളിത്ത ഭരണകൂടങ്ങളും അതേറ്റുപിടിച്ചു. വിപ്ലവത്തെത്തുടര്‍ന്ന് റഷ്യയില്‍ ഭരണത്തിലേറിയ ബോള്‍ഷെവിക്കുകള്‍ മുസ്ലിങ്ങളോട് അനുവര്‍ത്തിച്ച നയമെന്തായിരുന്നുവെന്ന് ലെനിന്റെ സമീപനങ്ങളില്‍നിന്ന് മനസ്സിലാക്കാവുന്നതാണ്. സാര്‍ ഭരണാധികാരികള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ റഷ്യന്‍ മുസ്ലിങ്ങള്‍ കമ്യൂണിസ്റ്റ് പക്ഷത്താണ് നിലയുറപ്പിച്ചത്. കഴിഞ്ഞ നൂറുവര്‍ഷത്തെ തങ്ങളുടെ പാരതന്ത്ര്യത്തില്‍ നിന്ന് മോചനം ലഭിക്കാനുള്ള ഉത്ക്കടമായ ആഗ്രഹത്തോടെയാണ് അവര്‍ ബോള്‍ഷെവിക് വിപ്ലവത്തെ എതിരേറ്റത്. മുസ്ലിം ഗ്രൂപ്പുകളും സംഘടനകളും വിപ്ലവകാരികളോടൊപ്പം ചേര്‍ന്നു. 1917 ഏപ്രില്‍ 26ന് റഷ്യന്‍ മുസ്ലിം സെന്‍ട്രല്‍ ബ്യൂറോ അവരുടെ തുര്‍കിസ്താന്‍ ശബ്ദം (തുര്‍കിസ്താന്‍സ്കൈ ഗോലോസ്) പത്രത്തിലൂടെ റഷ്യന്‍ വിപ്ലവത്തില്‍ സജീവമായി അണിചേരാന്‍ മുസ്ലിം സ്ത്രീകളോടഭ്യര്‍ഥിച്ചു. സ്ത്രീകളുടെ പ്രകടനങ്ങളില്‍ പര്‍ദ ധരിച്ച മുസ്ലിം സ്ത്രീകളെ ധാരാളമായി കാണാമായിരുന്നുവെന്ന് മേല്‍ പത്രം തന്നെ എഴുതിയിട്ടുണ്ട്. സോഷ്യലിസ്റ്റ് പാര്‍ടിയില്‍ അംഗത്വമെടുക്കുന്നതിന് മതം കൈയൊഴിക്കേണ്ടതില്ലാ എന്ന് ലെനിന്‍ 1909ല്‍ തന്നെ പ്രസ്താവിച്ചിരുന്നു. കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തില്‍ 1917 മെയ് ഒന്ന് മുതല്‍ പതിനൊന്ന് വരെ നടന്ന മുസ്ലിങ്ങളുടെ അഖില റഷ്യന്‍ കോണ്‍ഫറന്‍സില്‍ ആയിരത്തോളം മുസ്ലിങ്ങള്‍ പങ്കെടുത്തിരുന്നു. ഇവരില്‍ ഇരുനൂര്‍ പേര്‍ സ്ത്രീകളായിരുന്നു എന്നതും ശ്രദ്ധേയമാണ്. റഷ്യന്‍ റിപ്പബ്ലിക്കിന് കീഴില്‍ മുസ്ലിം പ്രദേശങ്ങളില്‍ മത വിശ്വാസം അനുഷ്ഠിക്കാന്‍ സര്‍ക്കാര്‍ നല്കുന്ന സ്വാതന്ത്ര്യത്തെ സമ്മേളനം ശ്ലാഘിക്കുക കൂടി ചെയ്തു. ഇസ്ലാമിക മൂല്യങ്ങളും ബോള്‍ഷെവിക് നിയമങ്ങളും തമ്മില്‍ അകലമില്ലെന്ന് മുസ്ലിം ബുദ്ധിജീവികള്‍ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു.

റഷ്യയിലും പൗരസ്ത്യ ദേശത്തുമുള്ള മുസ്ലിം തൊഴിലാളികള്‍ക്ക് എന്ന പേരില്‍ 1917ല്‍ സോവിയറ്റ് സര്‍ക്കാര്‍ ഒരു പ്രത്യേക പ്രഖ്യാപനം നടത്തി. പ്രഖ്യാപനത്തില്‍ നിന്ന്: നിങ്ങളുടെ വിശ്വാസങ്ങളും നിങ്ങളുടെ അനുഷ്ഠാനങ്ങളും നിങ്ങളുടെ സംസ്കാരിക സ്ഥാപനങ്ങളും സ്വതന്ത്രമായിരിക്കും. റഷ്യയിലെ മറ്റെല്ലാ ജനങ്ങളുടേതുംപോലെ നിങ്ങളുടെ അവകാശങ്ങളും വിപ്ലവ സര്‍ക്കാറിന്റെ ശക്തി പ്രഭാവത്തില്‍ സുരക്ഷിതമായിരിക്കും. മുസ്ലിങ്ങളിലെ ചില ഗോത്ര വിഭാഗങ്ങളുമായി പല സ്ഥലത്തും സംഘര്‍ഷമുണ്ടായപ്പോള്‍ മുസ്ലിം സ്വാധീനം മുന്‍ നിറുത്തി ഇസ്ലാമിക നിയമ പ്രകാരമുള്ള നിയമം കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അനുവദിക്കുകയായിരുന്നു. മധ്യേഷ്യ, ട്രാന്‍സോക്സിയാന, കൊക്കാസസ്, റഷ്യ എന്നീ പ്രദേശങ്ങള്‍ക്കായി 1942ല്‍ സ്റ്റാലിന്‍ നാല് മുസ്ലിം മത ബോര്‍ഡുകള്‍ (ദീനി ഇദാറ) സ്ഥാപിച്ചു. മന്ത്രി സഭയുമായി (council of Ministers) ബന്ധപ്പെട്ട് ഒരു മത കാര്യ വകുപ്പും സ്റ്റാലിന്‍ ഏര്‍പ്പെടുത്തിയിരുന്നു. ഓരോ റിപ്പബ്ലിക്കിലും മതകാര്യ വകുപ്പിന്റെ ശാഖ എന്ന നിലയ്ക്ക് ഖാസിയ്യത്തുകളുണ്ടായിരുന്നു (qaziyyat)

താഷ്ക്കന്റിലെ ഗ്രാന്റ് മുഫ്തി സിയാഉദ്ദീന്‍ ബാബാഖാന്‍ രചിച്ച ഇസ്ലാം ആന്‍ഡ് മുസ്ലിംസ് ഇന്‍ ദി ലാന്‍ഡ് ഓഫ് സോവിയറ്റ്സ് എന്ന പുസ്തകം സാര്‍ ചക്രവര്‍ത്തിമാരുടെ സ്വേഛാധിപത്യത്തില്‍നിന്നും മതപീഡനങ്ങളില്‍നിന്നും സോവിയറ്റ് മുസ്ലിങ്ങള്‍ എങ്ങനെയാണ് രക്ഷപ്പെട്ടതെന്ന് വിവരിക്കുന്നുണ്ട്. സാര്‍ ഭരണകൂടം റഷ്യയിലെ ഓര്‍ത്തഡോക്സ് ക്രിസ്ത്യാനികള്‍ക്ക് മാത്രമാണ് സ്വാതന്ത്ര്യം നല്‍കിയത്. ഇസ്ലാമിനെ അവര്‍ തികഞ്ഞ ശത്രുതയോടെ വീക്ഷിച്ചു. സാമൂഹികമായും സാമ്പത്തികമായും മുസ്ലികള്‍ ഇക്കാലത്ത് തകര്‍ന്ന് കഴിഞ്ഞിരുന്നു. ബോള്‍ഷെവിക് വിപ്ലവത്തെ മുസ്ലിങ്ങള്‍ ഇരു കൈകളും നീട്ടി സ്വീകരിച്ചു. ഉഫയിലെ മുസ്ലിം മതകാര്യ ബോര്‍ഡ് ഒരു ഫത്വ തന്നെ പുറപ്പെടുവിച്ചു: റഷ്യയില്‍ ഇതാ വിപ്ലവം വന്നിരിക്കുന്നു. ഇസ്ലാം മതത്തെ നശിപ്പിക്കുന്ന ക്രൂരമായ എകാധിപത്യം ഇതാ അവസാനിക്കാന്‍ പോവുകയാണ്. തുര്‍കിസ്ഥാനിലെ മഹ്കമേ ശരിയ്യ മുഫ്തി സഹീറുദ്ദീന്‍ അല്ലാം 1925ല്‍ സമാനമായ മറ്റൊരു ഫത്വ പുറപ്പെടുവിച്ചതോടെ മുസ്ലിങ്ങള്‍ വിപ്ലവത്തില്‍ സജീവമായി. ഒക്ടോബര്‍ വിപ്ലവത്തിന്റെ തൊട്ടടുത്ത മാസം തന്നെ (1917 നവംബര്‍ 20) മുസ്ലിങ്ങള്‍ക്ക് വേണ്ടി ലെനിന്‍ ഒരു പ്രഖ്യാപനം നടത്തി. മുന്‍കാലത്തെ ഭരണത്തില്‍ (സാര്‍ ഭരണം) നിങ്ങളുടെ പള്ളികളും പ്രാര്‍ഥനാലയങ്ങളും തകര്‍ക്കപ്പെട്ടിരുന്നു. നിങ്ങളുടെ വിശ്വാസങ്ങളും ആചാരങ്ങളും ഞെരിച്ചമര്‍ത്തപ്പെട്ടിരുന്നു. ഇനി മുതല്‍ നിങ്ങളും വിശ്വാസങ്ങളും, ദേശീയവും സാംസ്കാരികവുമായ ആചാരങ്ങളും സ്വതന്ത്രമാണെന്ന് ഇതാ പ്രഖ്യാപിക്കുന്നു. അവക്ക് ഒരു തടസ്സവും ഇനിയുണ്ടാവില്ല. നിങ്ങളുടെ ദേശീയ ജീവിതം സ്വതന്ത്രമായും തടസ്സമില്ലാതെയും അനുവര്‍ത്തിച്ച് കൊള്ളൂ. നിങ്ങള്‍ക്ക് അതിനുള്ള അവകാശമുണ്ട്. മുസ്ലിം പ്രദേശങ്ങളില്‍ വെള്ളിയാഴ്ച ഒഴിവ് ദിവസമായി പ്രഖ്യാപിക്കുകയും ചെയ്തു.

1918 ജനുവരി 23ന് സോവിയറ്റ് സര്‍ക്കാര്‍ ആദ്യത്തെ മത നിയമം പ്രഖ്യാപിച്ചു. സ്റ്റേറ്റില്‍ നിന്ന് ചര്‍ച്ചും ചര്‍ച്ചില്‍ നിന്ന് സ്കൂളും വേര്‍തിരിക്കുന്നത് സംബന്ധിച്ച നിയമം എന്നായിരുന്നു ഇതിനു പേര്‍. മുസ്ലിങ്ങളടക്കമുള്ളവരുടെ വിശ്വാസ സ്വാതന്ത്ര്യം ഈ നിയമത്തില്‍ പ്രത്യേകം എടുത്തുപറയുകയും ചെയ്തു. ഇത് സംബന്ധിച്ച പ്രഖ്യാപനത്തില്‍ അന്നത്തെ പീപ്പിള്‍സ് കമ്മീഷാര്‍ ആയിരുന്ന സ്റ്റാലില്‍ ഒപ്പ് വയ്ക്കുക കൂടി ചെയ്തിരുന്നു. മറ്റു മതങ്ങള്‍ക്കൊപ്പമുള്ള ഇസ്ലാമിന്റെ സമത്വം ഉറപ്പാക്കുന്നതിന് 1918 ജനുവരിയില്‍ മുസ്ലിം വകുപ്പിനായുള്ള കമ്മീഷേറിയറ്റ് (Commissariat for Muslim Affairs) ആരംഭിച്ചു. സാര്‍ ഭരണകാലത്ത് ഇസ്ലാമിനുണ്ടായിരുന്ന രണ്ടാം സ്ഥാനം അവസാനിപ്പിച്ച് ഇസ്ലാമിന് മറ്റ് മതങ്ങളെപ്പോലെ തുല്യസ്ഥാനം നല്കാന്‍ ബോള്‍ഷെവിക് ഭരണകൂടം തീരുമാനിച്ചു. സമര്‍ഖന്ദില്‍ സൂക്ഷിച്ചിരുന്ന ഹസ്രത്ത് ഉസ്മാന്റെ കാലത്തെഴുതിയ ഖുര്‍ആന്‍ പ്രതി മുസ്ലിങ്ങള്‍ സന്ദര്‍ശിക്കുന്നത് തടയാന്‍ വേണ്ടി സാര്‍ ഭരണാധികാരികള്‍ 1869ല്‍ സെന്റ് പീറ്റേഴ്സ് ബര്‍ഗിലേക്ക് മാറ്റിയിരുന്നു. മുസ്ലിങ്ങളുടെ അഭ്യര്‍ഥന മാനിച്ച് സോവിയറ്റ് ഭരണകൂടം ഗ്രന്ഥം സമര്‍ഖന്ദിലേക്ക് തന്നെ തിരിച്ചുകൊണ്ടുവന്നു. സാര്‍ ചക്രവര്‍ത്തിമാര്‍ അടച്ചു പൂട്ടിയ പല പള്ളികളും ലെനിന്റെ നിര്‍ദേശ പ്രകാരം മുസ്ലിങ്ങള്‍ക്ക് തുറന്നുകൊടുത്തു. കാസാനിലെ സുയുംബികേ മിനാരം, ഉഫയിലെ കാരവന്‍ സറായി പള്ളി എന്നിവ ഇങ്ങനെ തുറന്നുകൊടുത്തവയില്‍ പെടും.

ക്രിസ്തു മതത്തിന് പ്രത്യേകം ഉണ്ടായിരുന്ന ആനുകൂല്യങ്ങളെല്ലാം നിറുത്തല്‍ ചെയ്യുകയും എല്ലാ മതക്കാരെയും തുല്യരായി കണക്കാക്കുകയും ചെയ്തു. കുട്ടികള്‍ക്ക് മുസ്ലിം പേരുകളിടുന്നത് വിലക്കിയിരുന്ന സാര്‍ നിയമം ബോള്‍ ഷെവിക് ഭരണ കൂടം ഇല്ലാതാക്കി. ബോള്‍ഷെവിക്സ് ആന്‍ഡ് ഇസ്ലാം എന്ന തലക്കെട്ടില്‍ 2003 ഡിസംബര്‍ ലക്കത്തിലെ സോഷ്യലിസ്റ്റ് റിവ്യൂവില്‍ ഡാവെ ക്രൗഷ് എഴുതി: കോളണിവല്ക്കരിക്കപ്പെട്ട മുസ്ലിങ്ങളൊക്കെ തൊഴിലാളികള്‍ തന്നെയാണ്. കൊളോണിയല്‍ വര്‍ഗം അവരെ അടിച്ചമര്‍ത്തിയിരിക്കയാണ്. എല്ലാ വര്‍ഗക്കാര്‍ക്കും തങ്ങള്‍ തൊഴിലാളികളെന്ന് സ്വയം വിളിക്കാന്‍ അവകാശമുണ്ട്. അതിനാല്‍ മുസ്ലിം രാജ്യങ്ങളിലെ ദേശീയ വിമോചന പ്രസ്ഥാനങ്ങള്‍ക്ക് നിയമപരമായിതന്നെ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ സ്വഭാവമുണ്ട്. ബോള്‍ഷെവിക് വിപ്ലവത്തില്‍ ലെനിന്റെ അടുത്ത സുഹൃത്തായ മിര്‍സാ സുല്‍താന്‍ ഗാലിയേവ് വിപ്ലവത്തിലേക്ക് മുസ്ലിങ്ങളെ സജ്ജരാക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. അദ്ദേഹം മുസ്ലിം മിലിട്ടറി കോളേജിന്റെ തലവന്‍ കൂടിയായിരുന്നു. ഹംസ ഹകീം സോദ, അബ്ദുല്ലാ ഖാദിരി, ഹനഫി മുസഫ്ഫര്‍ തുടങ്ങിയവര്‍ നേതൃത്വം കൊടുത്തിരുന്ന ജദീദേ പ്രസ്ഥാനം ഇസ്ലാമും സോഷ്യലിസവും ഒരേ ആശയം തന്നെയാണ് ലക്ഷ്യമാക്കുന്നത് എന്ന് പ്രഖ്യാപിക്കുകയും ബോള്‍ ഷെവിക് വിപ്ലവത്തിന് പിന്തുണ നല്കുകയും ചെയ്തു.

റഷ്യന്‍ എഴുത്തുകാരനായ ലാദ്മീര്‍ ബൊബ്രോവ്നികോ എഴുതുന്നു: റഷ്യന്‍ അധികാരികളും ഇസ്ലാമും തമ്മില്‍ വിഭിന്ന പക്ഷത്താണെന്ന പ്രചാരണം എത്രമാത്രം തെറ്റാണ്. ഇരുപതുകളില്‍ നിരവധി ബോള്‍ഷെവിക്കുകള്‍ മുസ്ലിം ബുദ്ധിജീവികളുമായി ബന്ധപ്പെട്ടിരുന്നു. ദാഗിസ്ഥാനിലും കബര്‍ദയിലും സോവിയറ്റ് അധീശത്വം സ്ഥാപിച്ചത് തന്നെ മുസ്ലിം ജദീദ് പ്രസ്ഥാനത്തിന്റെ സഹായത്തോടെയാണ്.1920ല്‍ നടന്ന ദാഗിസ്ഥാന്‍ പീപ്പിള്‍സ് കോണ്‍ഗ്രസില്‍ സ്റ്റാലിന്‍ നേരിട്ട് പങ്കെടുക്കുകയും ശരീഅത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ അംഗീകരിക്കുകയും ചെയ്തു. നാട്ടുവ്യവസ്ഥ എന്ന നിലക്ക് അത് ആചരിക്കുന്നതിന് സാര്‍ ചക്രവര്‍ത്തിമാര്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്കുകള്‍ പിന്‍വലിച്ചതായി പ്രഖ്യാപിച്ചു. ശരീഅത്തിന്റെ മൂല്യങ്ങളും കമ്യൂണിസവും പാവങ്ങളെ സഹായിക്കുന്ന കാര്യത്തിലും സാമൂഹിക നീതി നടപ്പാക്കുന്നതിലും സമാനമായ ആശയങ്ങളാണ് സ്വീകരിക്കുന്നതെന്നും ദാഗിസ്ഥാന്‍ കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. കമ്യൂണിസത്തെ ശക്തിപ്പെടുത്താന്‍ സമ്മേളനത്തില്‍ വച്ച് ശരീഅ പദ്ധതിക്ക് രൂപം നല്കി. 1926ല്‍ മധ്യേഷ്യയിലെ മുസ്ലിം പ്രവിശ്യകള്‍ ചേര്‍ന്ന് മറ്റൊരു കോണ്‍ഗ്രസ് സംഘടിപ്പിക്കുകയും മുസ്ലിം ലോകത്തിന്റെ രക്ഷയ്ക്ക് വേണ്ടി സോവിയറ്റ് യൂണിയന്‍ നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. സോവിയറ്റ് റഷ്യ സ്ഥാപിച്ചപ്പോള്‍ അതിനെ ആദ്യം അംഗീകരിച്ചത് മുസ്ലിം രാജ്യമായ അഫ്ഗാനിസ്ഥാന്‍ ആയിരുന്നു. ഇതുപോലെ സൗദി അറേബ്യ നിലവില്‍ വന്നപ്പോള്‍ സോവിയറ്റ് റഷ്യയാണ് ആ രാജ്യത്തെ ആദ്യം അംഗീകരിച്ചത് എന്നതും ശ്രദ്ധേയമാണ്. കരീം ഹകീമോവിനെ റഷ്യ സൗദി അറേബ്യയിലേക്ക് സ്ഥാനപതിയായി അയക്കുകയും ചെയ്തു. ഉംറ തീര്‍ഥാടനം നിര്‍വഹിച്ച ശേഷമാണ് കരീം സ്ഥാനപതി കാര്യാലയത്തിലെത്തുന്നത്. 1926ല്‍ മക്കയില്‍ ലോക മുസ്ലിം സമ്മേളനം സംഘടിപ്പിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചതും കരീം ഹകീമോവാണ്. ഈ കോണ്‍ഗ്രസിനെ തുടര്‍ന്നാണ് മുസ്ലിം ലോക സംഘടനയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോണ്‍ഫറന്‍സ് (ഒഐസി) പിറന്നത്.

1941 ജൂലൈ 18ന് റഷ്യയിലെ സെന്‍ട്രല്‍ സ്പിരിച്ച്വല്‍ ബോര്‍ഡിന്റെ ചെയര്‍മാന്‍ മുഫ്തി റസൂലേവ് രണ്ടാം ലോക യുദ്ധ വേളയില്‍ റഷ്യയുടെ വിജയത്തിനായി പള്ളികളില്‍ പ്രാര്‍ഥന നടത്താന്‍ ലോകത്തെ എല്ലാ മുസ്ലിം ജനവിഭാഗങ്ങളോടും ആഹ്വാനം ചെയ്തു. ജര്‍മനിയും റോമും അമേരിക്കന്‍ പക്ഷക്കാരും റഷ്യക്കെതിരെ നിരന്തരം മത വിരോധം പ്രചരിപ്പിച്ച സന്ദര്‍ഭത്തിലായിരുന്നു ഇത്. ഒരുവേള, ചില അറേബ്യന്‍ രാജ്യങ്ങളും സാമ്രാജ്യത്വത്തെ സഹായിക്കാന്‍ ഈ പ്രചാരണം ഏറ്റെടുത്തിരുന്നു. ഇതിനെതിരെ കൂടിയായിരുന്നു മുഫ്തി റസൂലേവ് പ്രസ്താവന പുറപ്പെടുവിച്ചത്. 1941 ഒക്ടോബറില്‍ മധ്യേഷ്യന്‍ മുസ്ലിം നേതാവായ എഷോന്‍ ബാബാഖാനെ ജയിലില്‍ നിന്ന് മോചിപ്പിക്കുകയും അദ്ദേഹത്തിന് സ്റ്റാലിനോടൊപ്പം വിരുന്നുനല്കുകയും ചെയ്തു. മുസ്ലിം പ്രവിശ്യകളിലെ ആത്മീയ ഭരണത്തിന് നേതൃത്വം നല്കിയത് ബാബാ ഖാനായിരുന്നു. സോവിയറ്റ് നേതാവ് ലിയനിദ് ബ്രഷ്നേവ് 26-ാം പാര്‍ടി കോണ്‍ഗ്രസില്‍ ചെയ്ത പ്രസംഗത്തില്‍ കിഴക്കന്‍ രാജ്യങ്ങളിലെ ഇസ്ലാമിക മുന്നേറ്റങ്ങളെ മാതൃകയാക്കി വിമോചന സമരങ്ങളില്‍ ഇസ്ലാമിനെ കൂടി ഉപയോഗപ്പെടുത്തണമെന്ന് പ്രസ്താവിച്ചു. വിപ്ലവത്തിന്റെ അലയൊലി ബോള്‍ ഷെവിക് വിപ്ലവത്തിന്റെ അലയൊലി മുസ്ലിം രാജ്യങ്ങളെ നന്നായി സ്വാധീനിച്ചു.

റഷ്യയും ചൈനയും കഴിഞ്ഞാല്‍ കമ്യൂണിസ്റ്റ് പാര്‍ടിക്ക് ഏറ്റവും കൂടുതല്‍ സ്വാധീനമുണ്ടായിരുന്നത് ഏറ്റവും കൂടുതല്‍ മുസ്ലിങ്ങളുള്ള ഇന്തോനേഷ്യയിലാണ്. ഇന്തോനേഷ്യന്‍ കമ്യൂണിസ്റ്റ് നേതാവായ ഹസന്‍ റാഇദ്, പാവങ്ങളുടെ ഉന്നതിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിനേയും കമ്യൂണിസത്തേയും രണ്ടായി കാണേണ്ടതില്ലെന്ന് പ്രസ്താവിച്ചു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രചാരണത്തിന് വേണ്ടി ഖുര്‍ആന്‍ വചനങ്ങളും പ്രവാചക ജീവിതവും അദ്ദേഹം യഥേഷ്ടം ഉപയോഗിച്ചു. വര്‍ഗരഹിതമായ സമൂഹത്തിലേക്കുള്ള ഒരു ഘട്ടമാണ് സോഷ്യലിസം. ഇതുതന്നെയാണ് തൗഹീദി സമൂഹം. തൗഹീദി സമൂഹം തന്നെയാണ് കമ്യൂണിസ്റ്റ് സമൂഹം. ഇസ്ലാമിനെപ്പാലെത്തന്നെ സത്യത്തിനും നീതിക്കും വേണ്ടിയാണ് കമ്യൂണിസവും നിലകൊള്ളുന്നത്. അതേ സമയം കേപിറ്റലിസമാവട്ടെ, ഇസ്ലാമിന്റെയും കമ്യൂണിസത്തിന്റെയും ശത്രുവാണ്. മുസ്ലിം നേതാവ് ഹാജി മുഹമ്മദ് മിഷ്ബാഷ് പടിഞ്ഞാറന്‍ കൊളോണിയലിസത്തിനെതിരെ ഇസ്ലാമും കമ്യൂണിസവും ഒന്നിച്ച് നീങ്ങണമെന്ന് ശക്തിയായി ആവശ്യപ്പെട്ടു. ഇസ്ലാമിനെ ഇല്ലാതാക്കണമെന്ന് ഏതെങ്കിലും കമ്യൂണിസ്റ്റുകാരന്‍ ആവശ്യപ്പെട്ടാല്‍ അവന്‍ യഥാര്‍ഥ കമ്യൂണിസ്റ്റല്ല. അത് പോലെ കമ്യൂണിസത്തെ എതിര്‍ക്കുന്ന മുസ്ലിം യഥാര്‍ഥ മുസ്ലിമുമല്ല. വിശ്വാസികളെ ദൈവത്തില്‍ നിന്നകറ്റാനുള്ള ചെകുത്താന്റെ ആയുധമാണ് മുതലാളിത്തം. ഭക്ഷണവും ലാഭവും ഏത് വഴിയിലും നേടാമെന്ന് പറയുന്നവര്‍ വഴി പിഴച്ചവരാണ്. ജാവയിലും സുമാത്രയിലും മുസ്ലിം പണ്ഡിതന്മാരായ ഉലമാക്കളാണ് കമ്യൂണിസ്റ്റ് വിപ്ലവം നയിച്ചത്. അവര്‍ പ്രഖ്യാപിച്ചു: ഈ വിപ്ലവം മുതലാളിത്തത്തിനും സാമ്രാജ്യത്വത്തിനും എതിരെയാണ്. മുതലാളിത്തം അത്യാഗ്രഹം വര്‍ധിപ്പിക്കുന്നു. ദൈവത്തില്‍ നിന്നും മനുഷ്യനെ ദൂരത്തേക്ക് കൊണ്ടുപോവുന്നു. സാമ്രാജ്യത്വമാവട്ടെ, മുസ്ലിം ലോകത്തെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഈജിപ്തില്‍ മുസ്ലിം ചിന്തകനും പരിഷ്കര്‍ത്താവുമായ റഷീദ് റിസാ ബോള്‍ഷെവിസത്തിന് അനുകൂലമായി പ്രസ്താവന പുറപ്പെടുവിച്ചു:

സോഷ്യലിസത്തിന്റെ മറ്റൊരു പേരാണ് ബോള്‍ഷെവിസം. ജനങ്ങളെ അടിമത്തത്തില്‍നിന്ന് മോചിപ്പിക്കാനുള്ള അതിന്റെ ശ്രമങ്ങള്‍ വിജയിക്കാന്‍ വേണ്ടി മുസ്ലിങ്ങള്‍ ആഗ്രഹിക്കണം.&ൃറൂൗീ; ഇന്ത്യയില്‍നിന്ന് അല്ലാമാ ഇഖ്ബാല്‍, ഹസ്രത് മൊഹാനി തുടങ്ങിയവര്‍ കമ്യൂണിസ്റ്റ് വിപ്ലവത്തെ വാഴ്ത്തിക്കൊണ്ട് കവിതകള്‍ രചിച്ചു. കാള്‍ മാര്‍ക്സ് കീ ആവാസ് എന്ന പേരില്‍ എഴുതിയ കവിതയില്‍ റഷ്യയില്‍ വന്ന മാറ്റങ്ങളെ ഇഖ്ബാല്‍ അഭിനന്ദിച്ചു. മുസ്ലിങ്ങളുടെയും മുസ്ലിം രാജ്യങ്ങളുടെയും ഏറ്റവും വലിയ ശത്രു മുതലാളിത്തവും യൂറോപ്പുമാണെന്ന് അദ്ദേഹം എഴുതി. മധ്യ പൗരസ്ത്യ ദേശങ്ങളില്‍ യൂറോപ്പ് നടത്തുന്ന താണ്ഡവങ്ങളെ ശക്തമായി തന്നെ അപലപിച്ചു. സാമ്രാജ്യങ്ങള്‍ പണിയുന്നത് പാവപ്പെട്ടവന്റെ എല്ലു കൊണ്ടും മാംസം കൊണ്ടുമാണ്. ദര്‍ബേ കലീം എന്ന സമാഹാരത്തിലെ ഇശ്തിറാകിയ്യത്ത് എന്ന കവിതയിലൂടെ റഷ്യയിലെ മാറ്റങ്ങളെ ഇഖ്ബാല്‍ പ്രകീര്‍ത്തിച്ചു. യൂറോപ്യന്‍ സാമ്പത്തിക ചൂഷണത്തെ ആത്മാര്‍ഥമായി പുറത്തു കൊണ്ടുവരികയാണ് മാര്‍ക്സ് ചെയ്തത്. റോമന്‍ കാത്തോലിക് ചര്‍ച്ചിന്റെ ചൂഷണത്തില്‍ നിന്നാണ് മാര്‍ക്സിന് മതത്തോട് വിരോധം തോന്നിയത്. ഈ വിരോധം അധികകാലം നീണ്ടുനില്ക്കില്ല.

ബോള്‍ഷെവിസവും ദൈവവും ചേര്‍ന്നാല്‍ അത് ഇസ്ലാം മതമായി എന്ന് കൂടി ഇഖ്ബാല്‍ ചിന്തിച്ചു. ബോള്‍ഷെവിക് റൂസ് (ബോള്‍ഷെവിക് റഷ്യ) എന്ന പേരിലും അദ്ദേഹം കവിത രചിച്ചു. ശക്തമായ രീതിയിലാണ് ഇഖ്ബാല്‍ തൊഴിലാളി വിപ്ലവത്തെ പ്രോത്സാഹിപ്പിക്കുന്നത്: ഉയരൂ, ഉണരൂ, ആഗോള ദരിദ്ര സമൂഹമേ, പണക്കാരന്റെ കൊത്തളങ്ങള്‍ തകര്‍ക്കുവിന്‍ കൃഷിയിടങ്ങളിലെ ഗോതമ്പു കുലകള്‍ കത്തിച്ചു കളയൂ കാരണം അതില്‍നിന്ന് കര്‍ഷകന് ഒരു തരിപോലും അന്നം ലഭിക്കില്ല&ൃറൂൗീ; മുസ്ലിം ചിന്തകനും കോണ്‍ഗ്രസ് ഖിലാഫത് നേതാവുമായിരുന്ന മൗലാനാ ഹസ്രത് മൊഹാനി റഷ്യയിലെ കമ്യൂണിസ്റ്റ് വിപ്ലവത്തെ വാഴ്ത്തുകയും സ്വാതന്ത്ര്യത്തിന് വേണ്ടി ഇന്ത്യയും കമ്യൂണിസ്റ്റ് മാര്‍ഗം സ്വീകരിക്കണമെന്ന് പ്രസ്താവിക്കുകയും ചെയ്തു: ഗാന്ധീ കീ തരഹ് ക്യോം ഖാതേ ഹെ ഛര്‍ഖാ ലെനിന്‍ കീ തരഹ് ക്യോം ദുന്‍യാ കോ ഹലാ കരേം(എന്തുകൊണ്ട് ഗാന്ധിജിയെപ്പോലെ ചര്‍ക്കയില്‍ നൂല്‍ നൂറ്റും കൊണ്ടിരിക്കുന്നു? എന്തുകൊണ്ട് ലെനിനെപ്പോലെ ലോകത്തെ വിറപ്പിച്ച് കൂടാ?).

1926ല്‍ കാണ്‍പൂരില്‍ നടന്ന ആദ്യത്തെ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടി സമ്മേളനത്തില്‍ ആധ്യക്ഷം വഹിച്ചതും മൗലാനാ ഹസ്രത് തന്നെയായിരുന്നു. കമ്യൂണിസം ഇസ്ലാം മതത്തിനെതിരാണെന്ന് പ്രചരിപ്പിക്കുന്നവരോട് തന്റെ ആധ്യക്ഷ പ്രസംഗത്തില്‍ മൗലാനാ പറഞ്ഞു: &ഹറൂൗീ;ചില മുസ്ലിം നേതാക്കള്‍ കാര്യ കാരണമൊന്നുമില്ലാതെ ഇസ്ലാം കമ്യൂണിസത്തിനെതിരാണെന്ന് മുദ്ര കുത്തുന്നു. പക്ഷേ, വസ്തുത നേരെ വിപരീതമാണ്. ഇസ്ലാം രൂക്ഷമായി മുതലാളിത്തത്തെ എതിര്‍ക്കുന്നു. ഒരു മനുഷ്യനെങ്കിലും പട്ടിണി കിടക്കുന്നുണ്ടെങ്കില്‍ ഒരു പണക്കാരനും ആഡംബരം ആസ്വദിക്കാന്‍ അവകാശമില്ല എന്നതാണ് സക്കാത്ത് നിര്‍ബന്ധമാക്കിയതിന്റെ അടിസ്ഥാന ലക്ഷ്യം. നിര്‍ബന്ധ പ്രാര്‍ഥന കഴിഞ്ഞാല്‍ ഏറ്റവും പ്രാധാന്യം നല്കിയിരിക്കുന്നത് സക്കാത്തിനാണ്. സക്കാത്ത് കൊടുക്കാത്തവര്‍ക്കെതിരെ യുദ്ധം നയിക്കാനാണ് ആദ്യത്തെ ഖലീഫ കല്പിച്ചത്.ഏറ്റവും നല്ലതും അവസാനത്തേതുമായ രാഷ്ട്രീയം കമ്യൂണിസം തന്നെയാണ്. ഒരു പുതിയ കര്‍മ മാര്‍ഗം സ്വീകരിക്കാന്‍ നമ്മളാഗ്രഹിക്കുന്നുവെങ്കില്‍ എന്തുകൊണ്ട് എറ്റവും നല്ല മാര്‍ഗം സ്വീകരിച്ചു കൂടാ? മൗലാനാ ഹസ്രതിന്റെ കവിതയില്‍ നിന്ന്: ഹിദായത് കാ സമാന്‍ തുശന്‍ദ് താ അഹ്ലേ സോവിയറ്റ് നേ ദിഖാ ഹെ സബ് കോ റാഹേ ഖരിയത് ബേ ഖൗഫ് ദീന്‍ ഹോകര്‍ (ലോകം മാര്‍ഗ ദര്‍ശനത്തിന് വേണ്ടി ദാഹിക്കുകയായിരുന്നു. മതത്തെ ഭയക്കാതെ സ്വാതന്ത്ര്യത്തിലേക്കുള്ള പാത സോവിയറ്റ് കാണിച്ചുകൊടുത്തു. ) ദര്‍വേശീ വൊ ഇന്‍ക്വിലാബ് മസ്ലക് ഹേ മെരാ സൂഫീ മുഅ്മിന്‍ ഹൊ ഇശ്തിറാഖീ മുസ്ലിം(ഞാനൊരു ദര്‍വേശിയാണ്. വിപ്ലവകാരിയുമാണ്. ഞാനൊരു മുഅ്മിന്‍ സൂഫിയാണ്. കമ്യൂണിസ്റ്റ് മുസല്‍മാനുമാണ്. )

ബ്രിട്ടീഷുകാരുടെ ബദ്ധ ശത്രുവും അഫ്ഗാന്‍ രാജാവിന്റെ ഉപദേശകനുമായിരുന്ന മുഹമ്മദ് ബറകത്തുല്ല ബോള്‍ഷെവിസവും ഇസ്ലാമിക രാഷ്ട്രീയവും എന്ന പേരില്‍ പേര്‍ഷ്യന്‍ ഭാഷയില്‍ ഒരു ലഘുലേഖ പ്രസിദ്ധീകരിച്ച് മധ്യേഷ്യയിലൊക്കെ വിതരണം ചെയ്തത് ബ്രിട്ടീഷുകാര്‍ കണ്ടെടുത്തു. 1973ല്‍ കേരളത്തില്‍ നിന്ന് റഷ്യയിലെത്തിയ സി എച്ച് മുഹമ്മദ് കോയ സാഹിബിനും റഷ്യയില്‍ മതാനുഷ്ഠാനങ്ങള്‍ അനുവദിച്ചിട്ടുണ്ടെന്ന് സമ്മതിക്കേണ്ടി വന്നു. മുസ്ലിം രാജ്യങ്ങളിലേത് പോലെയില്ലെങ്കിലും അവിടെ മത സ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ടെന്നും മതാചാരങ്ങള്‍ നിര്‍വഹിക്കുന്നതിന് ഒരു തടസ്സവുമില്ലെന്നും അദ്ദേഹം എഴുതി. അവിടത്തെ വിവിധ പള്ളികളില്‍ നമസ്കരിച്ചതും ഇമാമുമാര്‍ തന്നെ സ്വീകരിച്ചതും വിശദമായി തന്നെ അദ്ദേഹം എഴുതിയിരിക്കുന്നു.

*
ഹുസൈന്‍ രണ്ടത്താണി ദേശാഭിമാനി വാരിക

No comments: