Tuesday, April 9, 2013

രാഷ്ട്രീയ പരമാധികാരം തകര്‍ക്കപ്പെടുന്നു

ഇന്ത്യന്‍ വിദേശനയത്തിന്റെ സ്വതന്ത്രമായ സ്വഭാവത്തെ രണ്ടാം യുപിഎ സര്‍ക്കാര്‍ ക്രമേണ നിഷ്പ്രയാസം തകര്‍ത്തുകൊണ്ടിരിക്കുകയാണ്. എല്ലാ രാജ്യങ്ങളുമായിട്ടുള്ള, പ്രത്യേകിച്ച് അയല്‍രാജ്യങ്ങളുമായിട്ടുള്ള ബന്ധങ്ങള്‍ നിലനിര്‍ത്തുകയും വളര്‍ത്തിക്കൊണ്ടുവരികയും ചെയ്യുന്നതിനുപുറമെ ഒരു രാജ്യത്തിന്റെ വിദേശനയം അതിന്റെ ആഗോളവീക്ഷണത്തെ പ്രതിഫലിപ്പിക്കുകയും ചെയ്യണം. ചേരിചേരാ പ്രസ്ഥാനത്തിന്റെ മുഖ്യശില്‍പികളില്‍ ഒന്നായ ഇന്ത്യ, തങ്ങളുടെ ദേശീയ സ്വഭാവവും ഭാഗധേയവും ജനാധിപത്യപരമായി തീരുമാനിക്കുന്നതിനുള്ള ഓരോ രാജ്യത്തിന്റെയും അവിടത്തെ ജനങ്ങളുടെയും അവകാശം സംരക്ഷിക്കുന്നതിനുവേണ്ടി എല്ലാക്കാലത്തും ശക്തിയുക്തം നിലകൊണ്ടിട്ടുണ്ട്. ഏതൊരു പമാധികാര രാഷ്ട്രത്തിന്റെയും ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നതിനുള്ള മറ്റേതൊരു ശക്തിയുടെയും ഏതൊരു നീക്കത്തേയും എതിര്‍ക്കുക എന്ന ആഗോള സ്വഭാവം ഇന്ത്യയ്ക്ക് ഉണ്ടാക്കിക്കൊടുത്തത് ഇതാണ്.

ഡബ്ല്യുടിഒ അല്ലെങ്കില്‍ കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളിലുള്ള ആഗോള ചര്‍ച്ചകളില്‍ ഇന്ത്യയുടെ സമീപനം എന്തായിരിക്കണം എന്ന് നിര്‍വചിച്ചതും ഇതാണ്. ഇന്ത്യ അതിന്റെ പരമാധികാരം അത്രതന്നെ വീറോടെ ഉയര്‍ത്തിപ്പിടിക്കുന്നുവെന്നാണ് ഇതിനര്‍ത്ഥം. ഖേദകരമെന്നു പറയട്ടെ, നമ്മുടെ വിദേശനയത്തിന്റെ ഈ മുഖമുദ്ര ക്രമേണ പരിവര്‍ത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഇറാന്‍, സിറിയ തുടങ്ങിയ വിഷയങ്ങളിലുള്ള നമ്മുടെ അന്തര്‍ദേശീയ നിലപാട്, അഥവാ പാലസ്തീന്‍ സമരത്തിനുള്ള പിന്‍തുണയുടെ മാറ്റ് കുറച്ചുകൊണ്ടുവരുന്നത്, അമേരിക്കന്‍ ലൈന്‍ പിന്‍തുടരുന്ന വിധത്തിലുള്ളതായി കൂടുതല്‍ വേഗത്തില്‍ മാറിക്കൊണ്ടിരിക്കുകയാണ്; അതുവഴി നമ്മുടെ വിദേശനയത്തെ, അമേരിക്കന്‍ ആഗോള തന്ത്ര താല്‍പര്യങ്ങള്‍ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, നവലിബറലിസത്തേയും അതിന്റെ സാമ്പത്തിക പരിഷ്കരണ സഞ്ചാരപഥത്തേയും നാണമില്ലാതെ പരിരംഭണം ചെയ്യുന്നതിന്റെ പശ്ചാത്തലത്തില്‍ അത്തരമൊരു മാറ്റം അനിവാര്യമാണുതാനും.

നമ്മുടെ ആഭ്യന്തര സാമ്പത്തിക വളര്‍ച്ചാനിരക്കിനെ ത്വരിതഗതിയിലാക്കുവാന്‍ വിദേശമൂലധനത്തിന്റെ വലിയതോതിലുള്ള ഒഴുക്കിനെ ആകര്‍ഷിക്കേണ്ടതുണ്ട് എന്ന ധാരണയോടെ, അന്താരാഷ്ട്ര മൂലധനത്തെ പ്രീണിപ്പിക്കുന്നതിലാണ് അത്തരമൊരു മാര്‍ഗ്ഗം പ്രധാനമായും അവലംബമാക്കിയിരിക്കുന്നത്. അത്തരമൊരു തന്ത്രം, രണ്ടുതരത്തിലുള്ള ഇന്ത്യക്കാരെ സൃഷ്ടിക്കുന്നുവെന്നും അവര്‍ തമ്മിലുള്ള വിടവ് വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുകയാണ് എന്നും ഉള്ളത് മറ്റൊരു കാര്യമാണ്. വിദേശനയത്തിന്റെ കാര്യത്തിലാകട്ടെ, ആഗോള സാമ്പത്തിക ഭീമശക്തികളെ അലോസരപ്പെടുത്തിയെങ്കിലോ എന്ന ഭയപ്പാടുകാരണം നമ്മുടെ പരമാധികാരത്തെത്തന്നെ അട്ടിമറിക്കത്തക്കവിധത്തിലുള്ള കൂടുതല്‍ കൂടുതല്‍ വര്‍ദ്ധിച്ചുവരുന്ന വിട്ടുവീഴ്ചകളിലേക്കാണ് ഇത് നയിക്കുന്നത്. 2012 ഫെബ്രുവരി 15ന് രണ്ട് കേരള മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്നകേസിലെ പ്രധാന പ്രതികളായ രണ്ട് ഇറ്റാലിയന്‍ നാവികരെ, അവരുടെ കേസിന്റെ വിചാരണ ഇന്ത്യയില്‍ തുടരുന്നതിനുവേണ്ടി, ഇന്ത്യയിലേക്ക് മടക്കിയയക്കാന്‍ ഇറ്റാലിയന്‍ ഗവണ്‍മെന്റ് വിസമ്മതിച്ചതാണ്, അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം. ഇറ്റലിയിലെ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുന്നതിനുവേണ്ടി ഈ രണ്ട് നാവികര്‍ക്ക് ഇറ്റലിയിലേക്ക് പോകാന്‍ സുപ്രീംകോടതി അനുവാദം നല്‍കിയതാണ്. വിചാരണ തുടരുന്നതിനായി അവര്‍ ഇന്ത്യന്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് തിരിച്ചുവരേണ്ടതായിരുന്നു. പക്ഷേ ഇന്ത്യയിലെ ഇറ്റാലിയന്‍ അംബാസിഡര്‍ നമ്മുടെ സുപ്രീംകോടതിക്ക് നല്‍കിയ പാവനമായ ഉറപ്പുകളെല്ലാം ഇറ്റാലിയന്‍ ഗവണ്‍മെന്റ് ഇപ്പോള്‍ ലംഘിച്ചിരിക്കുകയാണ്. ""ഇറ്റാലിയന്‍ ഗവണ്‍മെന്റിന്റെ നടപടികള്‍ നമുക്ക് സ്വീകാര്യമല്ലെന്നും"" ""ഇറ്റലി അവരുടെ വാക്ക് പാലിക്കുന്നില്ലെങ്കില്‍ പരസ്പരബന്ധങ്ങളെ സംബന്ധിച്ചിടത്തോളം പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും"" പാര്‍ലമെന്റില്‍ പ്രസ്താവന നടത്തുന്നതിന് പ്രധാനമന്ത്രി നിര്‍ബന്ധിതനായിത്തീര്‍ന്നു. (ഈ കുറിപ്പ് എഴുതിക്കഴിഞ്ഞതിനുശേഷമാണ്, ഇന്ത്യന്‍ ജുഡീഷ്യറിയുടെ പരമാധികാരത്തെത്തന്നെ ചോദ്യംചെയ്യുന്ന വിധത്തിലുള്ള ഇന്ത്യാ ഗവണ്‍മെന്റിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ഇറ്റാലിയന്‍ നാവികരെ ഇറ്റാലിയന്‍ ഗവണ്‍മെന്റ് മടക്കിഅയച്ചത് - ചി.പ)

ഇന്ത്യയിലെ വിചാരണത്തടവുകാര്‍ക്ക് തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുന്നതിന് നിയമം, അനുവാദം നല്‍കുന്നില്ല. ഇന്ത്യന്‍ കടലതിര്‍ത്തിയില്‍വെച്ച് കൊലനടത്തിയെന്ന കുറ്റം ആരോപിക്കപ്പെടുകയും ഇന്ത്യന്‍ നിയമം അനുസരിച്ച് വിചാരണ നേരിടുകയും ചെയ്യുന്ന ഇറ്റാലിയന്‍ നാവികര്‍ക്ക് പിന്നെ എങ്ങനെയാണ് മറിച്ചൊരു പരിഗണന ലഭിച്ചത്? എന്നുതന്നെയല്ല, നാട്ടില്‍ചെന്ന്, കുടുംബാംഗങ്ങളോടൊപ്പം ക്രിസ്തുമസ് ആഘോഷിക്കുന്നതിനായി ഇറ്റലിയിലേക്ക് പോകാന്‍ ഈ നാവികര്‍ക്ക് ഇതിനുമുമ്പ് ഒരുതവണ അനുവാദം നല്‍കപ്പെട്ടതുമാണ്. ഡല്‍ഹിയിലെ തീഹാര്‍ ജയിലിലുള്ള തടവുകാര്‍ക്ക് വരുന്ന ഹോളി ആഘോഷിക്കുന്നതിന് അവരുടെ കുടുംബാംഗങ്ങളുടെ അടുത്തേക്ക് പോകാന്‍ അനുവദിക്കുമോ? ജി-7 രാജ്യങ്ങളെ പ്രീണിപ്പിക്കുന്നതിനുവേണ്ടി വിവിധ നിയമങ്ങളാണ് അനുവര്‍ത്തിക്കപ്പെടുന്നത് എന്ന് വ്യക്തമാണ്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ഏറെമുമ്പ് 1984ല്‍ ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയില്‍നിന്ന് വിഷവാതകം ഒലിച്ചിറങ്ങിയ സംഭവം നടന്ന് 4 ദിവസത്തിനുശേഷം അമേരിക്കയില്‍നിന്ന് ഇന്ത്യയിലെത്തിയ കമ്പനിയുടെ ചെയര്‍മാന്‍ വാറന്‍ ആന്റേഴ്സണെ അറസ്റ്റ്ചെയ്യുകയുണ്ടായി. പക്ഷേ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിമാനത്തില്‍ അയാള്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞു. പിന്നീട് 1995ല്‍ പശ്ചിമബംഗാളിലെ പുരുലിയ ജില്ലയില്‍ ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും വമ്പിച്ച ഒരു ശേഖരംതന്നെ, വിമാനത്തില്‍നിന്ന് താഴേക്കിടുകയുണ്ടായി. ആയുധങ്ങള്‍ വര്‍ഷിക്കുന്നതിന് ഉപയോഗിച്ച വിമാനം മുംബൈ വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍, ഈ കേസിലെ പ്രധാനപ്രതിയായ കിം ഡേവിയെ (ഡെന്‍മാര്‍ക്കുകാരനായ ഇയാളുടെ യഥാര്‍ഥ പേര്‍ നീല്‍സ് ഹോക്ക് എന്നാണ്) രക്ഷപ്പെടാന്‍ അനുവദിക്കുകയാണുണ്ടായത്. അന്ന് പാര്‍ലമെന്റ് അംഗമായിരുന്ന പപ്പു യാദവ് ആണ് അയാള്‍ക്ക് രക്ഷപ്പെടുന്നതിനുള്ള വഴിയൊരുക്കി കൊടുത്തത്. (ബീഹാറിലെ പൂര്‍ണിയയില്‍നിന്നുള്ള സിപിഐ എം എംഎല്‍എയായിരുന്ന അജിത് സര്‍ക്കാരിനെ വധിച്ച കേസിലെ പ്രധാന പ്രതിയായ പപ്പു യാദവ് ഇന്ന് വിചാരണ നേരിടുകയാണ്; ജയിലിലാണ്). പശ്ചിമബംഗാളിലെ സിപിഐ (എം)ന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റിനെതിരായി പ്രവര്‍ത്തിക്കുന്ന ശക്തികളെ സഹായിക്കുന്നതിനുവേണ്ടിയായിരുന്നു ഈ ആയുധങ്ങളെന്നും അക്രമാസക്തമായ അരാജകത്വം സൃഷ്ടിച്ച് അതിന്റെ മറവില്‍ പശ്ചിമബംഗാളില്‍ പ്രസിഡന്റ് ഭരണം ഏര്‍പ്പെടുത്തിക്കുകയായിരുന്നു ഉദ്ദേശമെന്നും കിം ഡേവിയുടെ സഹായിയായ പീറ്റര്‍ ബ്ലീക്ക് പുരുലിയ ജയിലില്‍ കിടക്കുമ്പോള്‍ പ്രസ്താവിച്ചത്, പ്രസിദ്ധമാണല്ലോ. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ ഗവണ്‍മെന്‍റ് കേന്ദ്രത്തില്‍ ഭരിക്കുമ്പോള്‍, ആ സര്‍ക്കാരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പങ്കാളിയായിരിക്കുമ്പോള്‍, 2004 ജനുവരി 30ന് ബ്ലീക്കിന് പ്രസിഡന്റ് മാപ്പ് നല്‍കി വിട്ടയച്ച കാര്യം ഓര്‍ക്കുക. മുംബൈയിലെ 26/11ന്റെ ഭീകരാക്രമണത്തിന്റെ സൂത്രധാരനായിരുന്ന ഡേവിഡ് ഹെഡ്ലിയും (അയാള്‍ ഭീകരാക്രമണത്തിനുമുമ്പ് ലക്ഷ്യസ്ഥാനങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കുകയുണ്ടായി) അതുപോലെതന്നെ ഇന്ത്യന്‍ നിയമത്തിനുകീഴില്‍ വിചാരണയ്ക്ക് വിധേയനാവാതെ രക്ഷപ്പെടുകയുണ്ടായി.

2008ലെ മുംബൈയിലെ ആക്രമണങ്ങളില്‍ അയാള്‍ ഒരു സുപ്രധാന പങ്ക് വഹിച്ചിരുന്നുവെന്ന കാര്യം നിര്‍ണായകമായി തെളിയിക്കപ്പെട്ടിരുന്നതിനാല്‍ അയാള്‍ ഇന്ത്യന്‍ കോടതിയില്‍ വിചാരണ നേരിടണമെന്ന് ഇന്ത്യ തുടക്കത്തില്‍ നിര്‍ബന്ധിക്കുകയുണ്ടായി. അത്തരം സംഭവങ്ങളില്‍ ഏറ്റവും പ്രസിദ്ധമായത് ഒട്ടോവിയോ ക്വട്ട്റോച്ചിയുടേതാണ്. 1500 കോടി ഡോളര്‍ ബോഫോഴ്സ് ഇടപാടില്‍ 1986ല്‍ തുറന്നുകാട്ടപ്പെട്ടതിനെതുടര്‍ന്ന് അറസ്റ്റില്‍നിന്ന് രക്ഷപ്പെടുന്നതിനുവേണ്ടി 1993ല്‍ ക്വട്ട്റോച്ചി ഇന്ത്യ വിട്ടു. അയാളുടെ ലണ്ടന്‍ ബാങ്കിലെ അക്കൗണ്ടുകള്‍ മരവിപ്പിച്ചുവെങ്കിലും ദുരൂഹമായ രീതിയില്‍ അത് നീക്കംചെയ്യപ്പെട്ടു. ക്വട്ട്റോച്ചിക്കെതിരെയുള്ള ക്രിമിനല്‍കേസ് അവസാനിപ്പിക്കുന്നതിന് 2011ല്‍ ഡെല്‍ഹി കോടതി സിബിഐക്ക് അനുവാദം നല്‍കുകയും ചെയ്തു. ഇന്ത്യയുടെ പരമാധികാരം പ്രത്യേകിച്ചും ഒരുപോറലുമേല്‍ക്കാതെ ഇന്ത്യന്‍ നിയമങ്ങള്‍ ലംഘിക്കുന്ന വിദേശ പൗരന്മാരെ സംബന്ധിച്ചിടത്തോളം) ഇങ്ങനെ അട്ടിമറിക്കപ്പെടുന്നത്,

നമ്മുടെ പരമാധികാരത്തിന്റെ പവിത്രത ഉറപ്പുവരുത്തുന്നതിന് ഇന്ത്യന്‍ ഭരണകൂടത്തിനുള്ള കഴിവില്ലായ്മയെയാണ് പ്രതിഫലിപ്പിക്കുന്നത്. വിദേശനിക്ഷേപം ആകര്‍ഷിക്കുന്നതിനുള്ള വ്യഗ്രതകാരണം അന്താരാഷ്ട്ര ധനമൂലധനത്തിന്റെ തീട്ടൂരങ്ങള്‍ക്ക് ഫലത്തില്‍ കീഴ്പ്പെടുന്നത്, രാഷ്ട്രീയ പരമാധികാരവും നിയമവാഴ്ചയും ദൃഢമായി ഉയര്‍ത്തിപ്പിടിക്കുന്നതില്‍ അധികമധികം ചാഞ്ചാട്ടം നടത്തിക്കൊണ്ടിരിക്കുന്ന ഒരവസ്ഥയിലേക്കാണ് ഇന്ത്യയെ കൊണ്ടുചെന്നെത്തിക്കുന്നത്. നമ്മുടെ പരമാധികാരത്തിന്റെ ചെലവില്‍ വിദേശമൂലധനത്തെ ഇങ്ങനെ പ്രീണിപ്പിക്കുന്നത്, ഇന്ത്യന്‍ രാഷ്ട്രത്തിന്റെ അന്തഃസത്തയേയും സ്വഭാവത്തേയുംതന്നെയാണ് അട്ടിമറിക്കുന്നത്. നവലിബറല്‍ പരിഷ്കാരങ്ങളുടെപേരില്‍ സാമ്പത്തികപരമാധികാരം അടിയറവെയ്ക്കുന്നത് അവിടംകൊണ്ട് അവസാനിക്കുകയില്ല. നമ്മുടെ രാഷ്ട്രീയ പരമാധികാരംതന്നെ അട്ടിമറിയ്ക്കപ്പെടുന്നതിലേക്കാണ് അത് അനിവാര്യമായും നയിക്കുക.

*
സീതാറാം യെച്ചൂരി ചിന്ത 05 ഏപ്രില്‍ 2013

No comments: