Friday, April 19, 2013

വരള്‍ച്ചയും സര്‍ക്കാര്‍ നിസ്സംഗതയും

ശാസ്ത്രീയമായ ആസൂത്രണത്തിന്റെയും ഫലപ്രദമായ മാനേജ്മെന്റിന്റെയും അഭാവംമൂലം കേരളം ഗുരുതരമായ ജലപ്രതിസന്ധിയിലായിക്കഴിഞ്ഞു. ജീവിതത്തിന്റെ സമസ്തമേഖലയെയും പ്രതികൂലമായി ബാധിക്കുന്ന ഈ പ്രതിസന്ധിയുടെ ആപല്‍സൂചന വളരെ നേരത്തെയുണ്ടായിട്ടും മതിയായ മുന്നൊരുക്കം നടത്തി ദുരന്തത്തെ നേരിടാനുള്ള ഒരു നീക്കവും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നത് നിര്‍ഭാഗ്യകരമാണ്. മഴക്കുറവിനെ സംബന്ധിച്ച് മുന്നറിയിപ്പുകളുണ്ടായിട്ടും മുന്‍കരുതല്‍ നടപടിയൊന്നും സ്വീകരിച്ചില്ല. വര്‍ഷം രണ്ടു മണ്‍സൂണുകളിലായി ശരാശരി 3000 മില്ലീമീറ്റര്‍ മഴ ലഭിക്കുന്ന സംസ്ഥനമാണ് കേരളം. ഇത് ദേശീയ ശരാശരിയുടെ മൂന്നിരട്ടിയാണ്. ലോകത്തില്‍തന്നെ ഏറ്റവും കൂടുതല്‍ നനവുള്ള നാടാണ് കേരളം. പ്രതിവര്‍ഷം ലഭിക്കുന്ന മഴയുടെ 70 ശതമാനവും ജൂണില്‍ ആരംഭിച്ച് സെപ്തംബറില്‍ അവസാനിക്കുന്ന തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍നിന്നാണ്. ഇപ്രാവശ്യം 24 ശതമാനം മഴക്കുറവാണ് ഈ കാലയളവില്‍ ഉണ്ടായത്. ഇതിന്റെ ഭാഗമായി നമ്മുടെ ഡാമുകളുടെ ശേഷിയുടെ പകുതിപോലും വെള്ളം സംഭരിക്കാനായില്ല.

മഴയുടെ ലഭ്യതക്കുറവിനൊപ്പം കേരളത്തെ ആശങ്കപ്പെടുത്തുന്നതാണ് കാലവര്‍ഷത്തിനുശേഷം അനുഭവപ്പെട്ട തീവ്രമായ ചൂട്. മുമ്പൊരിക്കലും അനുഭവപ്പെടാത്ത കനത്ത വെയിലാണ് ഉണ്ടായത്. കാലവര്‍ഷത്തിനുശേഷം അനുഭവപ്പെട്ട കന്നിവെറി മീനമാസത്തിലെ ചൂടിനെ വെല്ലുന്നതായാണ് അനുഭവപ്പെട്ടത്. ഇതിന്റെ ഫലമായി കാലവര്‍ഷത്തിലൂടെ ലഭ്യമായ നനവും ഈര്‍പ്പവും നഷ്ടപ്പെട്ടു. ഭൂഗര്‍ഭജലത്തെയും പ്രതികൂലമായി ബാധിച്ചു. ഈ ജലപ്രതിസന്ധിയെ അതിജീവിക്കാന്‍ നാം പ്രതീക്ഷയര്‍പ്പിച്ചത് വടക്ക് കിഴക്കന്‍ കാലവര്‍ഷത്തെ അഥവാ തുലാവര്‍ഷത്തെയാണ്. എന്നാല്‍, ഇപ്രാവശ്യം തുലാവര്‍ഷം ആരംഭിച്ചത് വളരെ വൈകിയാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 34 ശതമാനം മഴക്കുറവാണ് തുലാവര്‍ഷത്തില്‍ അനുഭവപ്പെട്ടത്. തുലാവര്‍ഷത്തിനുശേഷം കേരളത്തില്‍ അനുഭവപ്പെടുന്ന ചൂട് നാടിന്റെ ആവാസവ്യവസ്ഥയെ ആകെ തകര്‍ക്കുന്നതായിരുന്നു. പാലക്കാട് ജില്ലയില്‍ റെക്കോഡ് ചൂടാണ് രേഖപ്പെടുത്തിയത്.

കേരളത്തിലെ നദികളാകെ വറ്റിവരണ്ടു. ഗ്രാമങ്ങളും നഗരങ്ങളും വരള്‍ച്ചയുടെ പിടിയിലായി. നെല്‍പ്പാടങ്ങള്‍ ഉള്‍പ്പെടെയുളള കാര്‍ഷികമേഖല വരള്‍ച്ചമൂലം പ്രതിസന്ധിയിലായി. ഗുരുതരമായ ഈ പ്രതിസന്ധിയെ നേരിടുന്നതില്‍ ദീര്‍ഘവീക്ഷണത്തോടും അവധാനതയോടും ഭരണകര്‍ത്താക്കള്‍ക്ക് ഇടപെടാന്‍ കഴിഞ്ഞില്ല എന്നതാണ് കേരളത്തെ ഞെട്ടിക്കുന്നത്. ജൂണില്‍ ആരംഭിച്ച തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ കുറവും തുടര്‍ന്ന് അപ്രതീക്ഷിത വരള്‍ച്ചയും ഉണ്ടായപ്പോള്‍ത്തന്നെ സര്‍ക്കാര്‍ ജാഗ്രതയോടെ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമായിരുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ഉണ്ടാകുന്ന ദുരന്തത്തിന്റെ ആഴം ശാസ്ത്രീയപഠനത്തിലൂടെ വിലയിരുത്തി ഫലപ്രദമായ മുന്‍കരുതല്‍ നടപടി സ്വീകരിക്കാന്‍ ബാധ്യതയുള്ള സര്‍ക്കാര്‍ അഞ്ചാംമന്ത്രി പ്രശ്നം, പി ജെ കുര്യന്‍ വിഷയം, പി സി ജോര്‍ജ് വിവാദം, ഗണേശന്‍- യാമിനി തര്‍ക്കം&ൃെൂൗീ;തുടങ്ങിയവയില്‍ കുടുങ്ങി നിസ്സംഗതയോടെ നോക്കിനിന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും ഈ പ്രശ്നങ്ങള്‍ക്കായി ചെലവഴിച്ചതിന്റെ നാലിലൊന്നു സമയം കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ കണ്ടെത്തിയിരുന്നെങ്കില്‍ സ്ഥിതി വ്യത്യസ്തമാകുമായിരുന്നു. മഴക്കുറവിന്റെയും വരള്‍ച്ചയുടെയും ആപല്‍ സൂചന ജൂലൈ, ആഗസ്ത് മാസങ്ങളില്‍ കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കിയതാണ്. ഇടവപ്പാതിയിലുണ്ടായ മഴക്കുറവിന്റെ പശ്ചാത്തലത്തില്‍ നിരവധി ജാഗ്രതാ മുന്നറിയിപ്പുകളും പഠനറിപ്പോര്‍ട്ടുകളും സര്‍ക്കാരിന് ലഭിച്ചതാണ്. പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും പെരുമഴയായി പെയ്തൊഴിയുന്നതല്ലാതെ ഫലപ്രദമായ ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. വ്യക്തമായ കാഴ്ചപ്പാടും ആസൂത്രണവും സര്‍ക്കാരിനില്ലാതെ പോയി. മുല്ലപ്പെരിയാര്‍ സമരം കൊടുമ്പിരിക്കൊണ്ടപ്പോള്‍ യുക്തിയും അവധാനതയുമില്ലാതെ ഇടുക്കിയിലെ വെള്ളം തുറന്നുവിട്ട് ഭീതിയകറ്റാന്‍ സര്‍ക്കാര്‍ നടത്തിയ നടപടി ആസൂത്രണമില്ലായ്മയുടെ പ്രകടമായ ഉദാഹരണമാണ്.

ജലഭൗര്‍ലഭ്യംമൂലം വൈദ്യുതിമേഖല നേരിടുന്ന പ്രതിസന്ധി മുന്നില്‍കണ്ട് ഘട്ടംഘട്ടമായി വൈദ്യുതി ഉപയോഗം നിയന്ത്രിക്കുന്നതിനും പാഴ്ചെലവ് ഒഴിവാക്കുന്നതിനും ആസൂത്രിതമായും ചിട്ടയായും നടപടി സ്വീകരിക്കുന്നതിനു പകരം സര്‍ച്ചാര്‍ജ് ഏര്‍പ്പെടുത്തിയും വൈദ്യുതിനിരക്ക് കൂട്ടിയും ലോഡ് ഷെഡിങ് വര്‍ധിപ്പിച്ചും പ്രതിസന്ധി പരിഹരിക്കാന്‍ നടത്തുന്ന സര്‍ക്കാര്‍ ശ്രമം കതിരിന്മേല്‍ വളംവയ്ക്കുന്നതിനു തുല്യമാണ്. ജലപ്രതിസന്ധിയുടെ ആഴം മനസ്സിലാക്കി ആശ്വാസ നടപടി സ്വീകരിക്കേണ്ട പ്രധാന ഏജന്‍സിയായ ജല അതോറിറ്റിയും ജലവിഭവവകുപ്പും നോക്കുകുത്തിയായി. ജലക്ഷാമത്തെക്കുറിച്ചുള്ള ക്യാമ്പയിനുകള്‍ സംഘടിപ്പിച്ചും ശക്തമായ നടപടിയിലൂടെ വെള്ളത്തിന്റെ ദുരുപയോഗം തടഞ്ഞും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും ജാഗ്രതാപൂര്‍വം പ്രവര്‍ത്തിക്കേണ്ട ജലവിഭവവകുപ്പ് സുഖസുഷുപ്തിയിലായിരുന്നു.

തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷത്തിലെ മഴക്കുറവ് അനുഭവപ്പെട്ടപ്പോള്‍തന്നെ തമിഴ്നാട് ജാഗ്രതയോടെ ഉണര്‍ന്നുപ്രവര്‍ത്തിച്ചു. അതിന്റെ ഭാഗമായാണ് പറമ്പിക്കുളം- ആളിയാര്‍ കരാറിന്റെ ഭാഗമായി കേരളത്തിനു ലഭിക്കേണ്ട വെള്ളം കോണ്ടൂര്‍ കനാല്‍വഴി തിരുമൂര്‍ത്തി ഡാം ഉള്‍പ്പെടെയുളള തമിഴ്നാടിന്റെ ജലസംഭരണികളില്‍ നിറച്ച് ഇപ്പോഴും കൃഷിക്കാവശ്യമായ ജലമെത്തിക്കുന്നത്. കരാര്‍ പ്രകാരം ലഭിക്കേണ്ട വെളളം കേരളത്തിന് ലഭിക്കാത്തതിന്റെ ഫലമായി പാലക്കാട്- ചിറ്റൂര്‍ മേഖലയില്‍ ആയിരക്കണക്കിനു ഹെക്ടര്‍ നെല്‍ക്കൃഷി കരിഞ്ഞുണങ്ങി വന്‍ കൃഷിനാശം സംഭവിച്ചു.

തമിഴ്നാടിന്റെ നിയമവിരുദ്ധമായ നടപടിക്കെതിരെ സുപ്രീംകോടതിയില്‍ പോകുമെന്ന് അഞ്ചുമാസംമുമ്പ് പ്രഖ്യാപിച്ചതാണ്. എന്നാല്‍, ഹര്‍ജി ഫയല്‍ചെയ്തത് കഴിഞ്ഞ ദിവസംമാത്രം. ഇതാണോ അതിവേഗ നടപടി? കേരള സര്‍ക്കാരിന്റെ കാര്യക്ഷമതയില്ലായ്മയുടെയും പിടിപ്പുകേടിന്റെയും ആസൂത്രണമില്ലായ്മയുടെയും പ്രത്യക്ഷ ഉദാഹരണമാണ് വരള്‍ച്ചാ പ്രശ്നം കൈകാര്യം ചെയ്തതിലുളള വീഴ്ച. രൂക്ഷമായ വരള്‍ച്ചയെക്കുറിച്ചും കുടിവെളളക്ഷാമത്തെക്കുറിച്ചും 2012 ജൂലൈ- ആഗസ്ത് മാസങ്ങളില്‍ത്തന്നെ മുന്നറിയിപ്പുണ്ടായിട്ടും സര്‍ക്കാര്‍ ആദ്യമായി ചര്‍ച്ച ചെയ്യുന്നത് 2013 ജനുവരി അവസാനമാണ്. എല്ലാ ജില്ലയിലും ഓരോ മന്ത്രിമാര്‍ക്ക് ചുമതലയും നല്‍കി. എന്നാല്‍, ജില്ലാ കലക്ടറേറ്റുകളില്‍ ഔപചാരികമായ ഒരു യോഗം നടന്നതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. തന്റെ മന്ത്രിസഭയിലെ അംഗങ്ങളെ ചുമതല ഏല്‍പ്പിച്ചതില്‍ ഒരു ഫലവുമില്ലെന്ന തിരിച്ചറിവാണോ മുഖ്യമന്ത്രി നേരിട്ട് ജില്ലകളിലേക്ക് വരുന്നതിനു കാരണം?

യാഥാര്‍ഥ്യബോധത്തോടെ പ്രശ്നങ്ങളെ സമീപിച്ച് യുക്തമായ നടപടിയിലൂടെ ജനങ്ങള്‍ക്ക് പ്രതിസന്ധികളിലും ദുരന്തങ്ങളിലും ആശ്വാസംപകരേണ്ട സര്‍ക്കാര്‍ സംവിധാനം പ്രഖ്യാപനങ്ങളില്‍മാത്രം ഒതുങ്ങിയാല്‍ സൂര്യാഘാതത്തില്‍ വെന്തുരുകുന്ന കേരള ജനത ആരില്‍ ആശ്രയം കണ്ടെത്തും? ജലഭൗര്‍ലഭ്യം പരിഹരിക്കാന്‍ മനുഷ്യസാധ്യമായതെല്ലാം ചെയ്യുമെന്നു പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രിതന്നെ ആറന്മുള വിമാനത്താവളം എന്തു വിലകൊടുത്തും നടപ്പാക്കുമെന്ന് പ്രഖ്യാപിക്കുന്നു. പ്രകൃതിയോട് കാട്ടുന്ന അനാദരവിന്റെ പ്രത്യാഘാതമാണ് നാം ഇന്ന് അനുഭവിക്കുന്നത്. അവശേഷിക്കുന്ന കുന്നുകളും മലകളും നെല്‍വയലുകളും ജലസ്രോതസ്സുകളും വനസമ്പത്തും സംരക്ഷിച്ച് പ്രകൃതിയുടെ സംതുലിതാവസ്ഥ കാത്തുസൂക്ഷിച്ചില്ലെങ്കില്‍ അതിഭീകര ദുരന്തമായിരിക്കും കേരളത്തെ വരവേല്‍ക്കുക. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാനാണ് രാഷ്ട്രീയ സമവായം ഉരുത്തിരിയേണ്ടത്. വികലമായ വികസനത്തിന്റെ പേരില്‍ വന്‍കിട വാണിജ്യ- വ്യാപാരസമുച്ചയങ്ങളും വ്യാവസായിക സംരംഭങ്ങളും ഉണ്ടാക്കി കേരളത്തെ ഊഷരഭൂമിയാക്കി മാറ്റുന്നതിനുള്ള രാഷ്ട്രീയനയങ്ങള്‍ ജനതാല്‍പ്പര്യം സംരക്ഷിക്കാനല്ല മറിച്ച്, വാണിജ്യതാല്‍പ്പര്യം സംരക്ഷിക്കാനേ ഉപകരിക്കൂ.

*
എന്‍ കെ പ്രേമചന്ദ്രന്‍ (മുന്‍ ജലവിഭവമന്ത്രിയാണ് ലേഖകന്‍) ദേശാഭിമാനി

No comments: