Wednesday, April 10, 2013

കുടിവെള്ളത്തിനായി പോരാട്ടം

ഒടുവില്‍ നമ്മുടെ കുടിവെള്ളവും വന്‍കിട കമ്പനികളുടെ വില്‍പ്പനച്ചരക്കാക്കാന്‍ ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ നിയമം കൊണ്ടുവന്നിരിക്കുന്നു. കൊച്ചിന്‍ എയര്‍പോര്‍ട്ട് കമ്പനിയുടെ മാതൃകയില്‍ സ്വകാര്യ പങ്കാളിത്തം കൂടുതലുള്ള കേരള ഡ്രിങ്കിങ് വാട്ടര്‍ കോര്‍പറേഷന്‍ രൂപീകരിക്കാനാണ് തീരുമാനം. മൂന്നു കോടി രൂപയിലേറെ മുടക്കാന്‍ താല്‍പ്പര്യമുള്ള മുതലാളിമാര്‍ക്ക് കമ്പനിയില്‍ ഓഹരിയെടുക്കാം. 59 ശതമാനത്തിലേറെ ഓഹരികള്‍ സ്വകാര്യ മേഖലയിലാകുമ്പോള്‍ ഇത് പൂര്‍ണമായും ഒരു സ്വകാര്യ കമ്പനിയായി മാറുന്നു.

കേരളത്തിലെ മുഴുവന്‍ കുടിവെള്ളവും ഊറ്റിയെടുത്ത് തങ്ങള്‍ക്ക് തോന്നുന്ന വിലയ്ക്ക് വിറ്റഴിച്ച് കോടികള്‍ കൊയ്യാന്‍ ലാഭകൊതിയന്മാരായ വന്‍കിട കമ്പനികള്‍ തക്കംപാര്‍ത്തിരിക്കുകയാണ്. ഒരു നേരത്തെ ആഹാരത്തിനു ഗതിയില്ലാത്ത പട്ടിണിപ്പാവങ്ങള്‍ക്ക് പുഴയില്‍നിന്നോ കുളത്തില്‍നിന്നോ ഒരു കവിള്‍വെള്ളം കോരി കുടിക്കാനുള്ള സ്വാതന്ത്ര്യംകൂടിയാണ് നഷ്ടപ്പെടുന്നത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരും കേരളത്തിലെ യുഡിഎഫ് സര്‍ക്കാരും ചേര്‍ന്ന് ജനങ്ങളുടെ കുടിവെള്ളം സ്വകാര്യ കമ്പനികളുടെ കൈകളില്‍ ഏല്‍പ്പിക്കുന്ന ഈ കാഴ്ച അത്യധികം ഭയാനകമാണ്.

ജലവിഭവ വകുപ്പിന്റെ കീഴിലുള്ള കേരളാ വാട്ടര്‍ അതോറിറ്റിക്കാണ് കേരളത്തില്‍ കുടിവെള്ള വിതരണത്തിന്റെ ചുമതലയുണ്ടായിരുന്നത്. കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന നഗരങ്ങളിലും ഗ്രാമങ്ങളിലും പൈപ്പ്ലൈന്‍ സ്ഥാപിച്ച് കുടിവെള്ളം എത്തിക്കുകയാണ് വാട്ടര്‍ അതോറിറ്റിയുടെ ചുമതല. അതിനുവേണ്ടി വെള്ളമെടുക്കുന്ന സ്രോതസ്സുകള്‍ സര്‍ക്കാരില്‍ നിക്ഷിപ്തമായിരുന്നു. ഇപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ വാട്ടര്‍ അതോറിറ്റിയുടെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി കുടിവെള്ളവിതരണം സ്വകാര്യമേഖലയെ ഏല്‍പ്പിക്കാന്‍ നീക്കംനടത്തുന്നു. തലവേദന സുഖപ്പെടുത്താന്‍ തല അറുത്തുകളയുന്ന നയമാണിത്.

വാട്ടര്‍ അതോറിറ്റിയും കെഎസ്ഇബിയും കെഎസ്ആര്‍ടിസിയും കെടുകാര്യസ്ഥതയിലേക്ക് നീങ്ങുന്നത് യുഡിഎഫ് സര്‍ക്കാരുകളുടെ കാലത്താണ്. എല്‍ഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ ഈ സ്ഥാപനങ്ങളെ ജനകീയമാക്കാന്‍ ഏറെ പരിശ്രമിക്കാറുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിന് കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കുടിവെള്ളം, ഭക്ഷണം, വിദ്യാഭ്യാസം, ജോലി, കൂലി, സൈ്വരജീവിതം എന്നിവയെല്ലാം ജനങ്ങളുടെ മൗലികാവകാശമാണ്. ഇവ ഉറപ്പ് വരുത്തേണ്ടത് സര്‍ക്കാരിന്റെ ചുമതലയും. എന്നാല്‍, ഈ ചുമതല നിറവേറ്റാതെ ജനങ്ങളെ സ്വകാര്യമുതലാളിമാരുടെ കാല്‍ക്കീഴിലേക്കെത്തിക്കുകയാണ് സര്‍ക്കാര്‍. കേരളത്തില്‍ ചെറുകിട ജലസ്രോതസ്സുകള്‍ സംരക്ഷിച്ചും ഭൂഗര്‍ഭജലം സംരക്ഷിച്ചും തദ്ദേശസ്ഥാപനങ്ങളിലൂടെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നല്ല പരിശ്രമം നടത്തിയിരുന്നു. എന്നാല്‍, അത്തരം പ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന സമീപനമല്ല കേന്ദ്രസര്‍ക്കാരിന്റേത്.

ലോകബാങ്ക് സഹായത്തോടെയും മറ്റ് വിദേശ ഇടപെടലുകളുടെ ഭാഗമായും ജപ്പാന്‍ കുടിവെള്ള പദ്ധതികള്‍പോലുള്ള കൂറ്റന്‍ പദ്ധതികള്‍ ആരംഭിച്ച് ജീവജലം മുഴുവന്‍ ഊറ്റി നശിപ്പിക്കുന്ന പദ്ധതികള്‍ക്കു മാത്രമാണ് സര്‍ക്കാര്‍ മുന്‍ഗണനയും സഹായവും നല്‍കുന്നത്. ഇത്തരം പദ്ധതികളില്‍നിന്ന് നാട്ടിന്‍പുറത്തെ ലക്ഷക്കണക്കിന് വരുന്ന ദരിദ്രര്‍ക്ക് സൗജന്യമായി കുടിവെള്ളമെത്തിക്കാന്‍ കഴിയില്ല. കുടിവെള്ള കമ്പനികൂടി നിലവില്‍ വരുമ്പോള്‍, വാട്ടര്‍ അതോറിറ്റി വഴി കുടിവെള്ളം വിതരണംചെയ്തിരുന്ന പൊതുടാപ്പുകള്‍ എടുത്തുമാറ്റാനും പകരം കമ്പനിയുടെ ഉടമസ്ഥതയില്‍ ഓരോ വീടിനും കണക്ഷന്‍ നല്‍കുന്നതിനുമാണ് ആലോചിക്കുന്നത്. കുടിവെള്ളത്തിന് സബ്സിഡി നല്‍കി ഗുണഭോക്താവിനുവേണ്ടി പഞ്ചായത്ത് പണം അടയ്ക്കുന്ന ഏര്‍പ്പാട് ഇനി ഉണ്ടാകില്ല. പകരം ഓരോ ഗുണഭോക്താവും ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവിനനുസരിച്ച് പണം അടയ്ക്കണം; വില നിശ്ചയിക്കുന്നത് സ്വകാര്യ കമ്പനിയും.

പെട്രോള്‍, ഡീസല്‍, പഞ്ചസാര വിലനിയന്ത്രണം എടുത്തുകളഞ്ഞപ്പോള്‍ സ്വകാര്യകമ്പനികള്‍ ഇവയ്ക്ക് ദിവസേന വില വര്‍ധിപ്പിക്കുന്നതുപോലെ കുടിവെള്ളത്തിനും തോന്നുംപടി ഇവര്‍ വില വര്‍ധിപ്പിക്കും. ഫലത്തില്‍ ദാഹമകറ്റാന്‍ പാവപ്പെട്ടവര്‍ താങ്ങാനാവാത്ത വില നല്‍കേണ്ടതായി വരും. കേരളത്തിന്റെ സമ്പന്നമായ കുടിവെള്ള സ്രോതസ്സുകള്‍ നോക്കി കോര്‍പറേറ്റുകള്‍ വെള്ളമിറക്കാന്‍ തുടങ്ങിയിട്ട് കുറെക്കാലമായി. 2003ല്‍ യുഡിഎഫ് ഭരിക്കുമ്പോള്‍ സംഘടിപ്പിച്ച ജിം എന്ന വ്യവസായ മാമാങ്കത്തിന്റെ ഭാഗമായി പെരിയാറും മലമ്പുഴയും വില്‍പ്പനയ്ക്കു വച്ചു. അതിശക്തമായ ജനകീയ പ്രക്ഷോഭത്തെതുടര്‍ന്നാണ് അത് മാറ്റിവച്ചത്. പിന്നീട് കിണറുകള്‍ക്കും കുളങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി ലൈസന്‍സ് സമ്പ്രദായം കൊണ്ടുവരാന്‍ ശ്രമിച്ചു. ഇപ്പോള്‍ രൂപീകരിച്ച സ്വകാര്യകമ്പനിക്ക് ഭൂഗര്‍ഭജലം സംരക്ഷിക്കാനുള്ള അധികാരംകൂടി നല്‍കിയതിനാല്‍ കിണറുകളും കുളങ്ങളും പുഴകളും കമ്പനിയുടെ നിയന്ത്രണത്തിലാകുമെന്നതില്‍ സംശയമില്ല. സ്വന്തം കിണറില്‍നിന്ന് വെള്ളമെടുത്താല്‍ പോലും കമ്പനിക്ക് നികുതി കൊടുക്കേണ്ടുന്ന അവസ്ഥയിലേക്കാണ് നാട് നീങ്ങുന്നത്.

സോണിയ ഗാന്ധിയുടെ വിശ്വസ്തന്‍ അജിത് ജോഗി ഛത്തീസ്ഗഢ് മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് രാജ്യത്തെ നദികളുടെ വില്‍പ്പന ആരംഭിച്ചത്. അന്ന് ശിവനാഥ് നദി 35 കിലോമീറ്റര്‍ ദൂരം വന്‍കിട വ്യവസായിക്ക് വിറ്റു. അത്രയും സ്ഥലത്ത് താമസിക്കുന്ന ഗ്രാമീണര്‍ നദിയില്‍നിന്ന് കുടിവെള്ളം ശേഖരിക്കുന്നതിനോ, കുളിക്കുന്നതിനോ, മീന്‍ പിടിക്കുന്നതിനോ അനുവാദമില്ലാത്തവരായി. നദിയിലിറങ്ങിയാല്‍ വ്യവസായിയുടെ ഗുണ്ടാപ്പട അവരെ വെടിവച്ചു വീഴ്ത്തുന്ന സ്ഥിതിപോലുമുണ്ടായി. വമ്പിച്ച ചെറുത്തുനില്‍പ്പിന്റെ ഭാഗമായാണ് ജനങ്ങള്‍ നദിയിലിറങ്ങാനുള്ള അവകാശം പുനഃസ്ഥാപിച്ചത്. ലോകത്തിലെ കുത്തക ഭീമന്മാര്‍ എണ്ണയൂറ്റിത്തീരാറായപ്പോള്‍ ശുദ്ധജലത്തിലാണ് കണ്ണുവച്ചിരിക്കുന്നത്. അര്‍ജന്റീന, ബൊളീവിയ തുടങ്ങിയ രാജ്യങ്ങളില്‍ ശുദ്ധജലക്കൊള്ളക്കെതിരെ വമ്പിച്ച സമരം നടന്നു. ബൊളീവിയയിലെ കൊച്ചാബാംബ പ്രദേശത്ത് കുടിവെള്ളമൂറ്റിവില്‍ക്കാന്‍ വന്ന കമ്പനിക്കെതിരെ സമരം നടത്തുന്നതിനിടയില്‍ ഗ്രാമീണന്‍ രക്തസാക്ഷിയായി. ഇപ്പോള്‍ ഇത്തരം കമ്പനികള്‍ യുപിഎ സര്‍ക്കാരിന്റെ ഒത്താശയോടെ ഇന്ത്യയിലേക്കു കടന്നുകയറുന്നു. എല്ലാം സ്വകാര്യവല്‍ക്കരിക്കാന്‍ മുന്‍കൈയെടുക്കുന്ന ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ ഈ മഹാപാതകവും ചെയ്യാന്‍ മടികാണിക്കുന്നില്ല.

1971ല്‍ ഇറാനില്‍ നടന്ന അന്താരാഷ്ട്ര ശുദ്ധജല തണ്ണീര്‍ത്തട കണ്‍വന്‍ഷന്റെ തീരുമാനങ്ങളെയും ഇന്ത്യയില്‍ വിവിധ ഘട്ടങ്ങളിലായി പാസാക്കിയ ശുദ്ധജല സംരക്ഷണ നിയമങ്ങളെയും കാറ്റില്‍ പറത്തിയാണ് യുഡിഎഫിന്റെ പുതിയ തീരുമാനം വരുന്നത്. കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്ന നീര്‍ത്തട സംരക്ഷണ നിയമങ്ങളും അട്ടിമറിക്കപ്പെടുകയാണ്. ഒന്നാം പരിഗണന കുടിവെള്ളത്തിനെന്ന മുന്‍ഗണനയും നഷ്ടമാകും. കോര്‍പറേറ്റുകള്‍ ഊറ്റിയെടുക്കുന്ന വെള്ളം ധനാഢ്യരുടെ സുഖലോലുപതയ്ക്കും ജലകേളികള്‍ക്കുമായി കടത്തിക്കൊണ്ടുപോകുമ്പോള്‍ വെള്ളം കിട്ടാതെ പിഞ്ചു കുഞ്ഞുങ്ങളടക്കം മരിക്കേണ്ട സ്ഥിതിയുണ്ടാകും. ജലസ്രോതസ്സുകള്‍ അനിയന്ത്രിതമായി ചൂഷണംചെയ്യുന്നത് കാര്‍ഷിക മേഖലയെയും ദോഷകരമായി ബാധിക്കും. അതീവ ഗുരുതരമായ പ്രതിസന്ധിയിലേക്കാണ് കേരളം നീങ്ങുന്നത്.

കടുത്ത വൈദ്യുതിച്ചാര്‍ജ് വര്‍ധന, വൈദ്യുതിക്ഷാമം, വിദ്യാഭ്യാസച്ചെലവ് വര്‍ധന, യാത്രക്കൂലി വര്‍ധന, ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം എന്നിവയോടൊപ്പം കുടിവെള്ളത്തിനുള്ള വിലയും വര്‍ധിച്ചാല്‍ ജനജീവിതം പൂര്‍ണമായും തകരും. ഘടകകക്ഷികള്‍ തമ്മിലുള്ള വഴക്ക് തീര്‍ക്കുന്നതിനും മന്ത്രിസഭയിലെ ക്രിമിനലുകളെയും സ്ത്രീപീഡനക്കാരെയും സംരക്ഷിച്ചുനിര്‍ത്തുന്ന തിരക്കിനിടയിലും ജനങ്ങളുടെ സമ്പത്ത് കൊള്ളചെയ്യുന്ന പ്രവര്‍ത്തനംകൂടി തകൃതിയായി യുഡിഎഫ് സര്‍ക്കാര്‍ നടത്തുന്നുണ്ട്. ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയരണം. ഈ വേനല്‍ക്കാലത്ത് കുടിവെള്ളക്ഷാമമുള്ള പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാനുള്ള ഒരു നീക്കവും സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നില്ല എന്നത് പ്രതിഷേധാര്‍ഹമാണ്. കുടിവെള്ളം സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം തടയുക, ശുദ്ധജലക്ഷാമമുള്ള പ്രദേശങ്ങളില്‍ അടിയന്തരമായി കുടിവെള്ളമെത്തിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ കേരളത്തിലെ വില്ലേജ് ഓഫീസുകള്‍ക്കു മുന്നില്‍ ബുധനാഴ്ച പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തുകയാണ്. സമരം വമ്പിച്ച വിജയമാക്കാന്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിക്കുന്നു.

*
കെ കെ ശൈലജ ദേശാഭിമാനി 10 ഏപ്രില്‍ 2013

No comments: