Wednesday, April 10, 2013

ഇന്ത്യയുടെ ഭാവിക്ക് ബദല്‍ അനിവാര്യം

തൊഴിലെടുത്ത് ജീവിക്കുന്ന കോടാനുകോടി തൊഴിലാളികള്‍ക്കും തൊഴില്‍രഹിതരായ യുവാക്കള്‍ക്കും ആശ്രയിക്കാവുന്ന തികഞ്ഞ ലക്ഷ്യബോധമുള്ള സെന്റര്‍ ഓഫ് ഇന്ത്യന്‍ ട്രേഡ് യൂണിയന്റെ (സിഐടിയു) പതിനാലാം ദേശീയ സമ്മേളനം സാമ്പത്തികവും സാമൂഹികവുമായ ബദലിനുവേണ്ടിയുള്ള ആഹ്വാനത്തോടെ വിജയകരമായി സമാപിച്ചിരിക്കുന്നു. സമാപനദിവസം സമ്മേളന നഗരിയില്‍ തടിച്ചുകൂടിയ ജനലക്ഷങ്ങള്‍ സംഘടനയ്ക്ക് നവോന്മേഷവും കരുത്തും ആവേശവും നല്‍കുന്നതായി. ഏപ്രില്‍ 4 മുതല്‍ 8 വരെ കണ്ണൂരിന്റെ ഹൃദയഭാഗത്ത് നടന്ന സമ്മേളനം പലതുകൊണ്ടും ശ്രദ്ധേയമായി. വിപുലമായ തൊഴിലാളിവര്‍ഗ ഐക്യവും യോജിച്ച പ്രചാരണസമരപ്രവര്‍ത്തനവുമാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്ന് സമ്മേളനം തിരിച്ചറിഞ്ഞു.

ഒമ്പതോളം തൊഴിലാളി സംഘടനകള്‍ സംയുക്തമായി നടത്തിയ 48 മണിക്കൂര്‍ പണിമുടക്ക് സമരത്തിന്റെ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് സമ്മേളനം നടന്നത്. വിവിധ ട്രേഡ് യൂണിയന്‍ നേതാക്കള്‍ ഐക്യത്തിന്റെ കാഹളമൂതി സമ്മേളനത്തില്‍ പങ്കെടുക്കുകയും ചെയ്തു. അഖിലലോകതൊഴിലാളി ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ജോര്‍ജ് മാവ്റിക്കോസിന്റെ സാന്നിധ്യം സമ്മേളനത്തിന് മുതല്‍ക്കൂട്ടായി. രാഷ്ട്രത്തിന്റെ ഭാവി ഭദ്രമാക്കുന്നതില്‍ തൊഴിലാളിവര്‍ഗത്തിന് നേതൃപരമായ പങ്ക് വഹിക്കാനുണ്ടെന്ന വസ്തുത ആര്‍ക്കും ഒരുനിമിഷംപോലും വിസ്മരിക്കാന്‍ കഴിയുന്നതല്ല. ഈ പ്രാധാന്യം ഉള്‍ക്കൊണ്ടുതന്നെയാണ് പല തീരുമാനങ്ങളും സമ്മേളനം കൈക്കൊണ്ടത്. സോവിയറ്റ് യൂണിയനിലും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലുമുണ്ടായ തകര്‍ച്ചയെത്തുടര്‍ന്ന് സോഷ്യലിസം അസ്തമിച്ചെന്നും മുതലാളിത്തവ്യവസ്ഥ ശാശ്വതമാണെന്നും പെരുമ്പറ മുഴക്കിയ കാലം നമ്മുടെ മനസ്സില്‍നിന്ന് മാഞ്ഞുപോകുന്നതല്ല. എന്നാല്‍, മുതലാളിത്തപാത പാപ്പരാണെന്ന് കൃത്യമായും വ്യക്തമായും ലോകം കണ്ടുകഴിഞ്ഞു. ബദല്‍ സോഷ്യലിസംമാത്രമാണെന്ന് ലോകജനതയെ ബോധ്യപ്പെടുത്താവുന്ന അന്തരീക്ഷമാണ് സംജാതമായിരിക്കുന്നത്. വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ സമരം ഒരു സൂചനയായിരുന്നു. നിങ്ങള്‍ ഒരു ശതമാനം, ഞങ്ങള്‍ തൊണ്ണൂറ്റൊമ്പത് ശതമാനം എന്ന മുദ്രാവാക്യം വാഷിങ്ടണ്‍ തെരുവീഥികളില്‍ മുഴങ്ങിയതാണ്.

ഇന്ത്യയുടെ അനുഭവവും മറിച്ചല്ല. നവഉദാരവല്‍ക്കരണ നയം നടപ്പാക്കിയതോടെ ബഹുഭൂരിപക്ഷം വരുന്ന ജനത അതിന്റെ കെടുതി അനുഭവിക്കാന്‍ നിര്‍ബന്ധിതരായി. പുത്തന്‍ നയം പാപ്പരാണെന്ന് തെളിഞ്ഞിട്ടും അതുപേക്ഷിക്കാന്‍ ഭരണാധികാരി വര്‍ഗം തയ്യാറല്ലെന്നും വ്യക്തമായി. ഈ സാഹചര്യത്തിലാണ് ബദലിന്റെ ആവശ്യകത അനിവാര്യമായി മാറിയത്. ബദലിനുവേണ്ടിയുള്ള പോരാട്ടമാണ് പ്രധാനം എന്ന് സമ്മേളനം തീരുമാനിച്ചത് സ്വാഗതാര്‍ഹമാണ്. അതോടൊപ്പം ജനങ്ങള്‍ അനുഭവിക്കുന്ന നാനാവിധ പ്രശ്നങ്ങളും സമ്മേളനം ചര്‍ച്ചചെയ്തിട്ടുണ്ട്. അവകാശങ്ങള്‍ നേടുന്നതിന് ശക്തമായ വര്‍ഗസമരമല്ലാതെ മറ്റ് പോംവഴിയൊന്നുമില്ല. സമ്മേളനത്തിന്റെ തീരുമാനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതിനും ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനും ആവശ്യമായ പരിപാടികള്‍ക്ക് സമ്മേളനം രൂപം നല്‍കിയതായി സിഐടിയു പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും വെളിപ്പെടുത്തുകയുണ്ടായി. തൊഴിലാളിവര്‍ഗത്തിന്റെ വിപുലമായ ഐക്യത്തിനും സമരത്തിനുമാണ് ദേശീയ സമ്മേളനം ഊന്നല്‍ നല്‍കിയിട്ടുള്ളത്. സിഐടിയുവിന്റെ സ്വാധീനവും ശക്തിയും പ്രാധാന്യവും വിളിച്ചറിയിക്കുന്ന സമ്മേളനമാണ് കണ്ണൂരില്‍ നടന്നത്. രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്നതില്‍ തൊഴിലാളി കര്‍ഷക ഐക്യത്തിന് മഹത്തായ പങ്കു വഹിക്കാനുണ്ടെന്ന് തൊഴിലാളിവര്‍ഗം തിരിച്ചറിയേണ്ടതുണ്ട്. തുടര്‍ന്ന് നടക്കാനിരിക്കുന്ന പ്രചാരണ പ്രക്ഷോഭ പ്രവര്‍ത്തനങ്ങള്‍ക്ക് വിജയം ആശംസിക്കുന്നു.

*
ദേശാഭിമാനി മുഖപ്രസംഗം 10 ഏപ്രില്‍ 2013

No comments: