Thursday, May 30, 2013

ഗണേശിനെ തിരിച്ചുവിളിക്കുമ്പോള്‍

കെ ബി ഗണേശ്കുമാറിനെ വീണ്ടും മന്ത്രിയാക്കാന്‍ നടത്തുന്ന നീക്കം രണ്ടുതരത്തില്‍ അധാര്‍മികമാണ്. ഇതെന്തുകൊണ്ടാണെന്ന് വിശദീകരിക്കണമെങ്കില്‍ ഗണേശ്കുമാര്‍ രാജിവച്ചതെന്തിനാണെന്ന കാര്യം ഓര്‍ക്കേണ്ടതുണ്ട്. ഭര്‍ത്താവിന്റെ പരസ്ത്രീബന്ധമാണ് ഏറ്റവും പ്രധാന ആരോപണമായി ഡോ. യാമിനി ഉന്നയിച്ചത്. അന്നുണ്ടായ എല്ലാ കോലാഹലങ്ങളും അതുമായി ബന്ധപ്പെട്ടായിരുന്നു. ഒന്നരപതിറ്റാണ്ടായി താന്‍ അനുഭവിക്കുന്ന കൊടിയ പീഡനങ്ങളുടെ മൂര്‍ധന്യാവസ്ഥയായിട്ടാണ് യാമിനി, പരസ്ത്രീബന്ധത്തെയും അതുണ്ടാക്കിയ ചില അപമാനങ്ങളെയും കണ്ടത്. ഗണേശ്കുമാര്‍ മറ്റൊരു സ്ത്രീയുമായി ഔദ്യോഗികവസതിയിലെത്തിയെന്നും അതറിഞ്ഞ അവരുടെ ഭര്‍ത്താവ് വീട്ടില്‍ കയറിവന്ന് പ്രശ്നമുണ്ടാക്കിയെന്നും അയാളുടെ കാല്‍ക്കല്‍ അക്ഷരാര്‍ഥത്തില്‍ വീണ് ഗണേശ്കുമാര്‍ മാപ്പുപറഞ്ഞെന്നും അതീവ അപമാനിതയായ താനിതേക്കുറിച്ച് സംസാരിച്ചപ്പോള്‍ ഗണേശ്കുമാര്‍ മര്‍ദിച്ച് കൈ ഒടിച്ചെന്നും ഇനി ഇതിങ്ങനെ മുന്നോട്ടുപോകില്ലെന്നുമായിരുന്നു യാമിനിയുടെ നിലപാട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി, അച്ഛനെപ്പോലെ കരുതുന്ന മുഖ്യമന്ത്രിക്ക് പരാതി നല്‍കിയപ്പോള്‍, അത് കൈയില്‍ വാങ്ങാതെ "ആശ്വസിപ്പിച്ച്" പറഞ്ഞയച്ചപ്പോള്‍ യാമിനി അദ്ദേഹത്തെ വിശ്വസിച്ചു. പക്ഷേ, നിയമോപദേശത്തെ തുടര്‍ന്നാകാം ഗണേശ്കുമാര്‍ ഭാര്യ തല്ലിയെന്നുംപറഞ്ഞ് മ്യൂസിയം പൊലീസ്സ്റ്റേഷനില്‍ പരാതി നല്‍കി. മുഖ്യമന്ത്രിയുടെ വഞ്ചന മനസിലാക്കിയ യാമിനിയും പൊലീസിന് പരാതി നല്‍കി. ഗണേശ്കുമാര്‍ മന്ത്രിസ്ഥാനം രാജിവച്ചു. മാത്രമല്ല, യാമിനിയോട് പരസ്യമായി മാപ്പുപറഞ്ഞു. അത്തരത്തില്‍ മാപ്പുപറഞ്ഞേ പറ്റൂവെന്ന് യാമിനി ശഠിച്ചതാണ്. മാത്രമല്ല, അതീവസമ്പന്നനായ ഗണേശ്കുമാറിന്റെ സമ്പത്തില്‍നിന്ന് തനിക്കും മക്കള്‍ക്കും നിയമപരമായി അവകാശപ്പെട്ട വിഹിതവും ഡോ. യാമിനി ന്യായമായ രീതിയില്‍ വാങ്ങിയെടുത്തു. ഇതിനൊക്കെശേഷം രണ്ടുപേരും വിവാഹമോചനത്തിന് ആവശ്യമായ നടപടികള്‍ നീക്കി.

ഇത്രയും സംഭവങ്ങളില്‍നിന്ന് വ്യക്തമാകുന്ന കാര്യം കെ ബി ഗണേശ്കുമാര്‍ ഡോ. യാമിനിയോട് ചെയ്തതെല്ലാം ഇന്ത്യന്‍ നിയമവ്യവസ്ഥപ്രകാരം കുറ്റകൃത്യങ്ങളാണെന്നാണ്. ഇന്ത്യയിലെ വീട്ടകങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന ബഹുഭൂരിപക്ഷം സ്ത്രീകളെയുംപോലെ, ഗാര്‍ഹികപീഡകനായ ഭര്‍ത്താവിനെ ജയിലഴികള്‍ക്കകത്താക്കണമെന്ന വാശി ഡോ. യാമിനിക്കും ഉണ്ടായില്ല. പലപ്പോഴും ജീവനാംശം വാങ്ങിയെടുക്കാനുള്ള സാഹചര്യമോ ത്രാണിയോ ഇല്ലാതെ സ്ത്രീകള്‍ നിസ്സഹായരാകുമ്പോള്‍ ഡോ. യാമിനി ശക്തമായ നിലപാടെടുത്ത് ജീവനാംശം നേടിയെടുത്തു. എന്നാല്‍, ഇതിന്റെ അര്‍ഥം ഗണേശ് കുറ്റവിമുക്തനായി എന്നല്ല. മാപ്പപേക്ഷിച്ച ഗണേശ് തന്റെ കുറ്റങ്ങള്‍ സമ്മതിക്കുകയാണ് ചെയ്തിരിക്കുന്നത്. എന്തൊക്കെയാണ് ഗണേശ് ചെയ്ത കുറ്റങ്ങള്‍? (പരസ്യപ്പെടുത്തിയ കാര്യങ്ങളില്‍) ഏറ്റവും മുഖ്യമായത്, ഔദ്യോഗികവസതിയായ "അജന്ത"യില്‍ മറ്റൊരു സ്ത്രീയെ കൊണ്ടുവന്നു എന്നതാണ്. ഒരു മന്ത്രി, പൊതുജനങ്ങളുടെ നികുതിപ്പണമുപയോഗിച്ചുണ്ടാക്കിയ ഔദ്യോഗികവസതിയെ അവിഹിതകാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുകയാണ് ചെയ്തത്. മന്ത്രിസ്ഥാനം നഷ്ടപ്പെടുന്നതിനിടയാക്കിയ ഈ സംഭവം രാഷ്ട്രീയവും ധാര്‍മികവുമായ കുറ്റകൃത്യമായി കണക്കാക്കേണ്ടതാണ്. രണ്ട് മുതിര്‍ന്ന വ്യക്തികള്‍ തമ്മിലുള്ള ഏതുതരം ബന്ധവും അംഗീകരിക്കുന്നതാണ് ഇന്ത്യന്‍ നിയമവ്യവസ്ഥ. എന്നാല്‍, ആ ബന്ധത്തിന്റെ സ്വഭാവം മറ്റാരുടെയും മനുഷ്യാവകാശത്തിന്റെ ലംഘനമായിക്കൂടാ. എന്നുമാത്രമല്ല, കേന്ദ്രസര്‍ക്കാര്‍ ഏപ്രിലില്‍ അംഗീകരിച്ച സ്ത്രീനിയമ ഭേദഗതിയില്‍ അധികാരം ഉപയോഗിച്ചുള്ള പ്രലോഭനത്തെയും കുറ്റകൃത്യമായാണ് കണക്കാക്കുന്നത്. അങ്ങനെയാകുമ്പോള്‍ ഒരുപക്ഷേ, "അജന്ത"യില്‍ കൊണ്ടുവരപ്പെട്ട സ്ത്രീ ഇന്നല്ലെങ്കില്‍, നാളെ ഗണേശ്കുമാറിനെതിരെ പരാതി നല്‍കിക്കൂടായ്കയുമില്ല. എന്തായാലും ഔദ്യോഗികവസതി ദുരുപയോഗംചെയ്ത വ്യക്തിയെ ആഴ്ചകള്‍ക്കകം "ശുദ്ധികലശം" ചെയ്യിച്ച് മടക്കിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നത് പൊതുജനത്തെ കൊഞ്ഞനംകുത്തലാണ്.

ഗണേശ്കുമാറിന് മന്ത്രിപദവിക്കുമാത്രമല്ല, എംഎല്‍എ ആയിരിക്കാന്‍പോലും അര്‍ഹതയില്ലെന്നതാണ് വാസ്തവം. കളങ്കിതമായ വ്യക്തിത്വമായി കേരളീയസമൂഹത്തിനുമുന്നില്‍ ഗണേശ്കുമാര്‍ തെളിയിക്കപ്പെട്ടുകഴിഞ്ഞു. പരസ്ത്രീബന്ധങ്ങളും വ്യഭിചാരവും ബാലപീഡനങ്ങളും കേരളീയ രാഷ്ട്രീയചരിത്രത്തില്‍ പല ഘട്ടങ്ങളിലും വിവാദങ്ങള്‍ക്ക് ഇടനല്‍കിയിട്ടുണ്ട്. സ്ത്രീപീഡകരായ പലരെയും നിര്‍ഭാഗ്യവശാല്‍ നാം വീണ്ടും വീണ്ടും വോട്ടുനല്‍കി വിജയിപ്പിക്കുന്നുമുണ്ട്. ഇങ്ങനെയുള്ളവര്‍ക്ക് സീറ്റ് നല്‍കാതിരിക്കുന്നതിനുള്ള ധാര്‍മിക നിലപാട് പല രാഷ്ട്രീയ കക്ഷികളും സ്വീകരിക്കുന്നില്ല എന്നതാണ് ദയനീയം. പക്ഷേ, രാഷ്ട്രീയനേതാവായ ഭര്‍ത്താവിന്റെ അശ്ലീലവ്യക്തിത്വത്തിനെതിരെ ഇതുവരെ കേരളത്തില്‍ ഒരു ഭാര്യയും പരാതി പറഞ്ഞിട്ടില്ല. പലപ്പോഴും ഭാര്യമാര്‍ പല കാരണങ്ങളാലാകാം മൗനം പാലിച്ചാണ് കാണുന്നത്. നാട്ടുകാര്‍ രാഷ്ട്രീയനേതാക്കന്മാരുടെ വഴിവിട്ട ജീവിതത്തെക്കുറിച്ചറിയുന്നത് മാധ്യമങ്ങളിലൂടെ ആകുമ്പോഴും ഭാര്യക്ക് അക്കാര്യങ്ങള്‍ എത്രയോ നേരത്തെ അറിയാമായിരുന്നിരിക്കും. മക്കളുടെ ഭാവിയോര്‍ത്തും മറ്റുമാണല്ലോ എല്ലാ സ്ത്രീകളും ഇതെല്ലാം സഹിക്കുന്നതും പൊറുക്കുന്നതും.

എന്നാല്‍, ഡോ. യാമിനിക്ക് 16 വര്‍ഷത്തിനുശേഷം തന്റെ പ്രശ്നങ്ങള്‍ പുറത്തുപറയാതിരിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. എല്ലാ പീഡനകഥകളും ഡോ. യാമിനി പൊതുസമൂഹത്തിനുമുന്നില്‍ അവതരിപ്പിക്കാന്‍ നിര്‍ബന്ധിതയായി. ഡോ. യാമിനിയുടെ വാക്കുകള്‍ വ്യക്തമാക്കുന്നുണ്ട് അവര്‍ വര്‍ഷങ്ങളായി ഗാര്‍ഹികപീഡനത്തിന്റെ ഇരയാണെന്ന്. ഗാര്‍ഹികപീഡനവിരുദ്ധ നിയമത്തിന്റെ വകുപ്പുകള്‍പ്രകാരം ഏഴുവര്‍ഷംവരെ തടവുലഭിക്കാവുന്ന കുറ്റകൃത്യങ്ങള്‍തന്നെയാണ് ഗണേശ്കുമാര്‍ ചെയ്തത്. ഈ ആരോപണങ്ങള്‍ ഗണേശ് നിഷേധിച്ചിട്ടുമില്ല. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് സജീവമായ ചര്‍ച്ച നടക്കുന്ന ഈ കാലഘട്ടത്തില്‍ പീഡകനായ ഒരു വ്യക്തിയെ അധികാരത്തില്‍നിന്ന് മാറ്റിനിര്‍ത്തുകയെന്നത് ഏറ്റവും അനിവാര്യമായ കാര്യമാണ്. സ്ത്രീകളുടെ അഭിമാനകരമായ ജീവിതം ഉറപ്പാക്കാന്‍ ഉത്തരവാദപ്പെട്ട സര്‍ക്കാരില്‍ ഇങ്ങനെയൊരാള്‍ക്ക് എങ്ങനെ ഇടംകൊടുക്കും? സ്ത്രീകളുടെ സുരക്ഷിതത്വത്തിനായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നിയമസഭയില്‍ നടന്നപ്പോള്‍ പലരുടെയും സ്ത്രീവിരുദ്ധ മുഖങ്ങള്‍ മറനീക്കി പുറത്തുവന്നതാണ്. സ്ത്രീപീഡകന്മാര്‍ സ്ത്രീനിയമം തയ്യാറാക്കുന്നതുതന്നെ എത്രമാത്രം അപഹാസ്യമാണ്!

സ്ത്രീകള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യനീതി ലഭ്യമാക്കാന്‍ ഏതൊരു സര്‍ക്കാരും പ്രതിജ്ഞാബദ്ധമാകണം. അതിന് കോടിക്കണക്കിന് രൂപ വകകൊള്ളിച്ചതുകൊണ്ടുമാത്രമായില്ല. തികച്ചും സ്ത്രീപക്ഷമായ നടപടികളും നിലപാടുകളും ഉണ്ടാകണം. കുടുംബത്തിനകത്തും പുറത്തും സ്ത്രീകളെ തുല്യപൗരന്മാരായി കാണാന്‍ കഴിയുന്നവരാകണം രാഷ്ട്രീയനേതാക്കള്‍. അങ്ങനെയല്ലെന്ന് പൊതുസമൂഹത്തിന് ബോധ്യമുള്ളവര്‍ക്ക് വീണ്ടും പദവികള്‍ വച്ചുനീട്ടുന്നത് ജനാധിപത്യത്തെതന്നെ അട്ടിമറിക്കലാകും.

*
ആര്‍ പാര്‍വതീദേവി ദേശാഭിമാനി

No comments: