Sunday, May 12, 2013

മത്സ്യമേഖലയിലെ അവഗണന

1978 ഡിസംബര്‍ 9ന് കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ രൂപീകൃതമായശേഷമുളള കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ ചരിത്രം മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ ചരിത്രം കൂടിയാണ്. ജാതിമത ശക്തികളുടെ സ്വാധീനത്തില്‍ കഴിഞ്ഞുവന്ന മത്സ്യത്തൊഴിലാളികളെ വര്‍ഗാടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്നതിന് ഫെഡറേഷന് വലിയൊരളവുവരെ കഴിഞ്ഞിട്ടുണ്ട്. കേരളത്തില്‍ ഇന്ന് മത്സ്യത്തൊഴിലാളികള്‍ അനുഭവിക്കുന്ന ഒട്ടുമിക്ക ആനുകൂല്യങ്ങളും മത്സ്യത്തൊഴിലാളി ഫെഡറേഷന്റെകൂടി നേതൃത്വത്തില്‍ നടത്തിയ പ്രക്ഷോഭസമരങ്ങളുടെ ഭാഗമായിട്ടാണ്. 1982 ല്‍ യുഡിഎഫ് സര്‍ക്കാരിന് മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയ ആവശ്യങ്ങളാണ് തുടര്‍ന്നുവന്ന സര്‍ക്കാരുകള്‍ അംഗീകരിച്ചത്.

മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ രൂപീകൃതമായ സന്ദര്‍ഭത്തില്‍ മത്സ്യത്തൊഴിലാളി മേഖലയിലെ സജീവമായ പ്രശ്നം മണ്‍സൂണ്‍കാലട്രോളിങ് ആയിരുന്നു. പരമ്പരാഗത മത്സ്യത്തൊഴിലാളികളും ട്രോളിങ് ബോട്ടില്‍ പണിയെടുക്കുന്ന തൊഴിലാളികളും തമ്മില്‍ പണിയിടം സംബന്ധിച്ച തര്‍ക്കം, സൈ്വര്യമായി മത്സ്യത്തൊഴിലാളികള്‍ക്ക് പണിയെടുക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാക്കി. ഈ സവിശേഷ സാഹചര്യത്തില്‍ ഫലപ്രദമായി ഇടപെടുക എന്ന ദൗത്യമാണ് ഫെഡറേഷന്‍ ഏറ്റെടുത്തത്. പരമ്പരാഗത യാനങ്ങളിലും യന്ത്രവല്‍കൃതയാനങ്ങളിലും പണിയെടുക്കുന്നവര്‍ തൊഴിലാളികളാണെന്ന ബോധം അവരില്‍ വളര്‍ത്തുന്നതിനുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനം ഫെഡറേഷന്‍ ഫലപ്രദമായി നടത്തി. ഇരുവിഭാഗം യാനങ്ങളും മത്സ്യബന്ധനം നടത്തേണ്ട മേഖലകള്‍ കൃത്യമായി നിഷ്കര്‍ഷിക്കണമെന്നു കാണിച്ച് ഫെഡറേഷന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് നിവേദനം നല്‍കി. അതിന്റെ ഫലമായാണ് കേരള കടല്‍ മത്സ്യബന്ധന നിയന്ത്രണനിയമം സര്‍ക്കാര്‍ പാസാക്കിയത്. അതിന് ശേഷവും ചില അസ്വാരസ്യങ്ങള്‍ തീരദേശങ്ങളുണ്ടായിരുന്നെങ്കിലും ഫെഡറേഷന്റെകൂടി ശ്രമഫലമായി മത്സ്യമേഖലയിലെ എല്ലാ സംഘടനകളുടെയും സംയുക്തവേദി രൂപീകരിച്ചു. കേരള ഫിഷറീസ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ രൂപീകരണത്തിനുശേഷം തര്‍ക്കങ്ങള്‍ ആ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തു പരിഹരിക്കുന്ന സ്ഥിതി ഉണ്ടായി.

മത്സ്യത്തൊഴിലാളി ദ്രോഹ നിയമങ്ങളും ഉത്തരവുകളും തുടരെ പുറപ്പെടുവിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. തീരദേശ നിയന്ത്രണ പദ്ധതി പ്രകാരം മത്സ്യത്തൊഴിലാളികള്‍ക്ക് തീരദേശത്ത് വീട് നിര്‍മിക്കാനുള്ള തടസ്സം ഇന്നും പൂര്‍ണമായി മാറിയിട്ടില്ല. എന്നാല്‍, തീരദേശത്ത് വന്‍വ്യവസായ ശാലകളും റിസോര്‍ട്ടുകളും വിനോദ സഞ്ചാര പ്രവര്‍ത്തനങ്ങളും ഒരു തടസ്സവുമില്ലാതെ സര്‍ക്കാര്‍ അനുമതിയോടെ നടത്തുന്നു. പരിസ്ഥിതി സംരക്ഷണത്തിന് മത്സ്യത്തൊഴിലാളികള്‍ എതിരല്ല. പരിസ്ഥിതിയുടെ പേരില്‍ മത്സ്യത്തൊഴിലാളികളെ ദ്രോഹിക്കുന്നതിനെയാണ് എതിര്‍ക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നും തായ്ലന്റില്‍നിന്നും ആസിയന്‍ രാജ്യങ്ങളില്‍നിന്നും മത്സ്യവും മത്സ്യഉല്‍പ്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നത് ഇവിടെ സമാന്തര മത്സ്യക്കമ്പോളം സൃഷ്ടിക്കുകയും തദ്ദേശീയരായ മത്സ്യത്തൊഴിലാളികളുടെയും മത്സ്യക്കച്ചവടക്കാരുടെയും തൊഴില്‍ ഇല്ലാതാക്കുകയുമാണ്. വിദേശകപ്പലുകള്‍ക്ക് യഥേഷ്ടം നമ്മുടെ കടലുകളില്‍ മത്സ്യബന്ധനം നടത്തുന്നതിനും പ്രാദേശിക മത്സ്യബന്ധന യാനങ്ങളെ ഒഴിവാക്കുന്നതിനും വേണ്ടി കൊണ്ടുവന്ന കടല്‍ മത്സ്യബന്ധന നിയന്ത്രണ പരിപാലന ബില്‍ മത്സ്യത്തൊഴിലാളി സംഘടനകളുടെയും മറ്റും എതിര്‍പ്പിന്റെ ഫലമായി അവതരിപ്പിച്ചില്ലെങ്കില്‍പ്പോലും അതിലെ വ്യവസ്ഥകള്‍ എക്സിക്യൂട്ടീവ് ഉത്തരവിലൂടെ പുറത്തിറങ്ങുകയാണ്. ഈ അടുത്തകാലത്ത് മത്സ്യത്തൊഴിലാളി മേഖലയില്‍ ഉയര്‍ന്നു വന്ന ആശങ്ക അവരുടെ സുരക്ഷയുമായി ബന്ധപ്പെട്ടതാണ്.

2012 ഫെബ്രുവരി 15ന് അറേബ്യന്‍ കടലില്‍ മത്സ്യബന്ധനത്തിന് അവകാശപ്പെട്ട സ്ഥലത്ത് മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരുന്ന രണ്ട് തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ വെടിവച്ചുകൊന്നു. ഒരു പ്രകോപനവും ഇല്ലാതെ, നിരായുധരായ മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന ഇറ്റാലിയന്‍ നാവികരെ സംരക്ഷിക്കാനാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇപ്പോഴും ശ്രമിക്കുന്നത്. ഈ സംഭവം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിലാണ് മറ്റൊരു കപ്പല്‍ ഒരു ബോട്ടില്‍ ഇടിച്ച് അഞ്ച് മത്സ്യത്തൊഴിലാളികള്‍ മരണപ്പെട്ടത്. ഈ രണ്ട് സംഭവങ്ങളും തീരദേശമേഖലയെ വലിയ ആശങ്കയിലാക്കി. മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കേണ്ട കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും അത് നിര്‍വഹിക്കാത്തതിന്റെ ഫലമാണീ ദുരന്തം. മത്സ്യത്തൊഴിലാളി മേഖലയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന നേട്ടങ്ങളെല്ലാം തകര്‍ക്കുകയാണ് ഇപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍. അഞ്ചുവര്‍ഷം കൊണ്ട് മത്സ്യത്തൊഴിലാളികള്‍ക്കായി അഞ്ച് നിയമങ്ങളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്നത്. 3100 കോടി രൂപയുടെ പദ്ധതികളാണ് അന്ന് നടപ്പാക്കിയത്. മത്സ്യത്തൊഴിലാളികള്‍ക്ക് ഏറെ പ്രയോജനപ്പെട്ട മത്സ്യത്തൊഴിലാളി കടാശ്വാസ കമീഷന്‍ പ്രവര്‍ത്തനം ഇന്ന് നിലച്ച മട്ടാണ്. കടാശ്വാസപ്രവര്‍ത്തനത്തിനായി എല്‍ഡിഎഫ് സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയ തുകപോലും യുഡിഎഫ് സര്‍ക്കാര്‍ നല്‍കുന്നില്ല. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട മത്സ്യഫെഡ് ഭരണ സമിതിയെ അകാരണമായി പിരിച്ചുവിട്ടു. മത്സ്യഫെഡ് മുഖേന നല്‍കിയിരുന്ന പല ആനുകൂല്യങ്ങളും മരവിപ്പിച്ചു. മത്സ്യത്തൊഴിലാളി ക്ഷേമ നിധി ബോര്‍ഡ് ഒന്നര വര്‍ഷക്കാലത്തിന് ശേഷമാണ് സംഘടിപ്പിച്ചത്. പുതിയതായി ഒരു പദ്ധതിപോലും നടപ്പാക്കിയിട്ടില്ല. മത്സ്യോല്‍പ്പന്ന കയറ്റുമതിക്കാരില്‍നിന്ന് സെസ്സ് പിരിച്ചെടുക്കാതെ അവരുമായി ഒത്തുകളിക്കുന്നു.

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രാഥമിക മത്സ്യത്തൊഴിലാളി സഹകരണസംഘം ഭരണസമിതികളെ പിരിച്ചുവിടുന്ന ജോലിയാണ് ഫിഷറീസ് വകുപ്പിനുള്ളത്. എല്ലാ കാര്യങ്ങളിലും തികഞ്ഞ രാഷ്ട്രീയ വിവേചനമാണ് കാണിക്കുന്നത്. മത്സ്യഫെഡിലെയും ഫിഷറീസ് വകുപ്പിലെയും ഉദ്യോഗസ്ഥരെ ഭരണാനുകൂല യൂണിയനുകളിലാക്കാന്‍ പ്രേരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മത്സ്യമേഖലയിലെ ദ്രോഹനടപടികള്‍ക്കെതിരായ ശക്തമായ പ്രക്ഷോഭത്തെക്കുറിച്ച് മേയ് 12നും 13നും ചേരുന്ന മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ സമ്മേളനം വിശദമായി ചര്‍ച്ച ചെയ്യും. സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കും നിയമങ്ങള്‍ക്കും പദ്ധതികള്‍ക്കും എതിരായ ശക്തമായ പ്രക്ഷോഭ പ്രചാരണ പരിപാടികളെക്കുറിച്ച് സമ്മേളനം തീരുമാനമെടുക്കും.
*
അഡ്വ. വി വി ശശീന്ദ്രന്‍ (കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)


ദേശാഭിമാനി 13 മേയ് 2013

No comments: