Saturday, May 4, 2013

സ്വാര്‍ഥമോഹികളുടെ വിളയാട്ടം

രണ്ടുവര്‍ഷംമുമ്പ് യുഡിഎഫ് നേരിയ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്നതിനെത്തുടര്‍ന്ന് അത്യാര്‍ത്തി മൂത്ത ഘടകകക്ഷികള്‍ ഭരണത്തില്‍ പിടിമുറുക്കാനും സംസ്ഥാനം കൊള്ളയടിക്കാനുമുള്ള ശ്രമത്തിനാണ് തുടക്കംകുറിച്ചത്. കലിക്കറ്റ് സര്‍വകലാശാല തുടക്കംമുതല്‍ മുസ്ലിം ലീഗിന് അവകാശപ്പെട്ടതാണെന്നാണ് അവരുടെ ധാരണ. സ്കൂള്‍ അധ്യാകനെ കലിക്കറ്റ് സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി നിയമിക്കാന്‍ തീരുമാനമെടുത്തത് നാട്ടില്‍ പാട്ടായതാണ്. വൈസ് ചാന്‍സലറെ നിയമിക്കാനുള്ള കമ്മിറ്റിയില്‍ സെനറ്റ് പ്രതിനിധി അഡ്വ. ആഷിക് ശക്തിയുക്തം എതിര്‍ത്തതോടെ ആ നീക്കം ഉപേക്ഷിക്കേണ്ടിവന്നു. പിന്നീട് കണ്ടെത്തിയ വൈസ് ചാന്‍സലറാണ് ഡോ. എം അബ്ദുള്‍ സലാം. അദ്ദേഹം മുസ്ലിം ലീഗ് അധ്യക്ഷനായ പാണക്കാട് തങ്ങളെ വസതിയില്‍ ചെന്നുകണ്ട് അനുഗ്രഹം വാങ്ങിയശേഷംമാത്രമാണ് അധികാരമേറ്റെടുത്തത്. സലാമിന്റെ വൈസ് ചാന്‍സലര്‍പദവി സര്‍വകലാശാലയ്ക്ക് ശാപമായി മാറി. അദ്ദേഹം ലീഗ് നേതൃത്വത്തിന്റെ നിര്‍ദേശങ്ങള്‍ വള്ളിപുള്ളി മാറ്റംവരുത്താതെ അംഗീകരിച്ചും അനുസരിച്ചും ഭരണം നടത്തുകയാണ് ചെയ്തത്. സര്‍വകലാശാലയുടെ തുടക്കത്തില്‍ പ്രശസ്തനായ ഡോ. എം എം ഗനിയായിരുന്നു വൈസ് ചാന്‍സലര്‍. സി എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസമന്ത്രിയായിരുന്ന കാലത്തായിരുന്നു നിയമനം.

ഇ എം എസ് മന്ത്രിസഭയുടെ കാലത്ത് വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഉന്നത മാനദണ്ഡം പുലര്‍ത്തിയ പാരമ്പര്യമാണുള്ളത്. ഇ എം എസ് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ഒരു സംഭവമുണ്ടായി. കേരള വൈസ് ചാന്‍സലര്‍ ഡോ. ജോണ്‍ മത്തായി മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ ഓഫീസില്‍ ചെന്നുകാണാന്‍ അനുമതി ചോദിച്ചു. ഇ എം എസിന്റെ മറുപടി വൈസ് ചാന്‍സലര്‍ക്ക് അപ്രതീക്ഷിതമായിരുന്നു. താന്‍ വൈസ് ചാന്‍സലറെ അദ്ദേഹത്തിന്റെ വസതിയില്‍ പോയി കാണാമെന്നാണ് മറുപടി നല്‍കിയത്. വൈസ് ചാന്‍സലര്‍പദവി ഉന്നതമാണെന്ന കാഴ്ചപ്പാടാണ് ഇ എം എസിനുണ്ടായിരുന്നത്. എന്നാല്‍, ഡോ. സലാം അത്തരം കീഴ്വഴക്കങ്ങളെല്ലാം കാറ്റില്‍പറത്തി ഒരു രാഷ്ട്രീയപാര്‍ടിയുടെ ദാസ്യവേലചെയ്യാന്‍ തയ്യാറാവുകയാണുണ്ടായത്. സര്‍വകലാശാലയിലെ ഭരണവിലാസം യൂണിയനുകളുടെ താളത്തിനൊത്ത് തുള്ളുന്ന നിലയുണ്ടായി. മറ്റു യൂണിയനുകളിലെ പ്രവര്‍ത്തകര്‍ക്കെതിരെ ദ്രോഹനടപടികള്‍ തുടരുകയുംചെയ്തു. വിദ്യാര്‍ഥി സംഘടനകളോടും പ്രതികാരബുദ്ധിയോടെ പെരുമാറി. നിയമനങ്ങളില്‍ അംഗീകൃതമായ രീതിയും മാനദണ്ഡവും ഉപേക്ഷിച്ചു. സര്‍വകലാശാല കലാപഭൂമിയാക്കി മാറ്റി. സര്‍വകലാശാലയുടെ ഭൂമി മുസ്ലിം ലീഗിന്റെ ആവശ്യാര്‍ഥം ചില സ്വകാര്യവ്യക്തികള്‍ക്കും ട്രസ്റ്റുകള്‍ക്കും തീറെഴുതാനും തീരുമാനിച്ചു. ഏറ്റവുമൊടുവില്‍ വന്ന വാര്‍ത്ത അതേ വൈസ് ചാന്‍സലറുടെ രാജിക്കുവേണ്ടി ലീഗ് നേതൃത്വം ചരടുവലി ആരംഭിച്ചു എന്നാണ്.

ഡോ. സലാം ഡല്‍ഹിയാത്ര ഉദ്ദേശിച്ച് വിമാനത്താവളത്തിലേക്ക് തിരക്കുപിടിച്ച് പോകുമ്പോള്‍ ആസൂത്രിതമായി വഴിയില്‍ തടസ്സം സൃഷ്ടിക്കാന്‍ എംഎസ്എഫ് നേതാക്കള്‍ ശ്രമിച്ചു. അദ്ദേഹത്തെ വഴിയില്‍ തടഞ്ഞുവച്ചു. പൊലീസ് വന്ന് എംഎസ്എഫ് പ്രവര്‍ത്തകരെ നീക്കംചെയ്തശേഷം മാത്രമേ യാത്ര തുടരാന്‍ കഴിഞ്ഞുള്ളൂ. വൈസ് ചാന്‍സലറെ രാജിവയ്പിക്കാനുള്ള തുടക്കമായിരുന്നു ഇതെന്നുവേണം കരുതാന്‍. സിന്‍ഡിക്കറ്റില്‍ മുന്‍ പിഎസ്സി അംഗവുമായി കൊമ്പുകോര്‍ക്കാനും വൈസ് ചാന്‍സലര്‍ തയ്യാറായി. സര്‍വകലാശാല ഭൂമി മാത്രമല്ല, വന്‍ മരങ്ങള്‍ വെട്ടിനശിപ്പിക്കുന്ന പണിയും നടന്നു. സര്‍വകലാശാലയെ തകര്‍ച്ചയിലേക്ക് നയിക്കാനാണ് യുഡിഎഫ് ഭരണം ശ്രമിച്ചത്. സ്വാര്‍ഥമോഹവും അധികാര വടംവലിയുമാണ് ഇതിനു പിന്നില്‍. യുഡിഎഫ് ഭരണമേറ്റെടുത്ത നാള്‍മുതല്‍ എല്ലാ മേഖലയിലും ഇതുതന്നെയാണ് അനുഭവം. ഒരുതുള്ളി വെള്ളത്തില്‍ ലോകം മുഴുവന്‍ പ്രതിഫലിച്ചുകാണാമെന്നു പറയുംപോലെ കലിക്കറ്റ് സര്‍വകലാശാലയുടെ കഴിഞ്ഞ ഒന്നരവര്‍ഷത്തെ ഭരണത്തില്‍ കേരളത്തിലാകെയുള്ള യുഡിഎഫ് ദുര്‍ഭരണത്തിന്റെ വിഴുപ്പുകളും ജനവിരുദ്ധനയങ്ങളും പ്രതിഫലിച്ചുകാണാം.

*
ദേശാഭിമാനി മുഖപ്രസംഗം

No comments: